ലോകത്തെ വീക്ഷിക്കൽ
പ്രപഞ്ചത്തെക്കുറിച്ചുള്ള പുത്തൻ വിവരങ്ങൾ
ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച് അടുത്തകാലത്തെ കണ്ടുപിടിത്തങ്ങൾ അനേകം സിദ്ധാന്തങ്ങളെക്കുറിച്ചു പുനർവിചിന്തനം നടത്താൻ ശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ആകാശത്തിലേക്ക് ആഴത്തിൽ ഉറ്റുനോക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞൻമാർ, കണക്കനുസരിച്ച് നമ്മുടെ പ്രപഞ്ചത്തിൽ 4,000 കോടിമുതൽ 5,000 കോടിവരെ ആകാശഗംഗകൾ ഉണ്ടെന്ന നിഗമനത്തിലെത്തിച്ചേർന്നിരിക്കുന്നു. 10,000 കോടി എന്ന മുമ്പത്തെ കണക്കുകളിൽനിന്നു വ്യത്യസ്തമാണ് ഇത്. ഈ അറിയിപ്പു നൽകി ഒരു ദിവസം കഴിഞ്ഞപ്പോൾ, “കാണാതായ പിണ്ഡ”ത്തിന്റെ പകുതിയെങ്കിലും, അതായത് ആകാശഗംഗകളെ ഒരുമിച്ചുനിർത്തുന്ന ഗുരുത്വാകർഷണ ശക്തി പ്രദാനം ചെയ്യുന്നതായി കണക്കാക്കപ്പെടാത്ത പിണ്ഡം തങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നതായി അമേരിക്കൻ ബഹിരാകാശശാസ്ത്ര സൊസൈറ്റിയിലെ ശാസ്ത്രജ്ഞൻമാർ റിപ്പോർട്ടു ചെയ്തു. വെളുത്ത കുള്ളൻമാർ എന്നു വിളിക്കപ്പെടുന്ന കത്തിക്കരിഞ്ഞുപോയ അനേകം നക്ഷത്രങ്ങൾക്കൊണ്ടു നിർമിതമായിരിക്കാം ഈ കാണപ്പെടാത്ത പദാർഥത്തിന്റെ അധികവും എന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. മാത്രമല്ല, വ്യാഴം ഗ്രഹത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾക്കു വെല്ലുവിളി ഉയർത്തുന്നവയാണു ഗലിലേയോ എന്ന ബഹിരാകാശ വാഹനത്തിൽനിന്നുള്ള വിവരങ്ങൾ. “വിവരങ്ങൾ ആദ്യം വരുമ്പോൾ എല്ലായ്പോഴും താഴ്മയുടെ ഒരു ബോധമുണ്ട്. ഫലങ്ങൾ സാധാരണഗതിയിൽ ഞങ്ങളുടെ സിദ്ധാന്തങ്ങളുമായി അത്ര നന്നായി യോജിക്കുന്നില്ല” എന്ന് പദ്ധതിയുടെ മുഖ്യ ശാസ്ത്രജ്ഞനായ ഡോ. ടോറെൻസ് ജോൺസൺ പറഞ്ഞു.
തട്ടിക്കൊണ്ടുപോക്കിന്റെ വർധനവ്
ഈ അടുത്ത ഒരു വർഷം, ബ്രസീലിലെ റിയോ ഡി ജെനീറോയിലെ കുറ്റവാളികൾ, വളർന്നുകൊണ്ടിരിക്കുന്ന തട്ടിക്കൊണ്ടുപോക്കു വ്യവസായത്തിൽനിന്നു മാത്രം 120 കോടി ഡോളർ സമ്പാദിച്ചു, അങ്ങനെ തട്ടിക്കൊണ്ടുപോക്കിനെ ആ നഗരത്തിലെ സംഘടിത കുറ്റകൃത്യത്തിനുള്ള വരുമാനത്തിന്റെ മുഖ്യ ഉറവിടമാക്കുന്നു എന്ന് ഷോർനൽ ഡാ റ്റാർഡി റിപ്പോർട്ടു ചെയ്യുന്നു. തട്ടിക്കൊണ്ടുപോക്ക് ആധുനികവത്കരിക്കപ്പെട്ടിട്ടുമുണ്ട്. “മിന്നൽവേഗത്തിലുള്ളവ” അഥവാ ഹ്രസ്വ-സമയത്തിലുള്ളവ, “പലപ്പോഴും മോചനദ്രവ്യം തവണകളായി അടയ്ക്കേണ്ടിവരുന്ന” ഇടത്തരക്കാരായ ആളുകളെ തട്ടിക്കൊണ്ടുപോകൽ, ധനികരായ ആളുകളെ സങ്കീർണവും നന്നായി ആസൂത്രണം ചെയ്തതുമായ വിധത്തിൽ തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ വിളിക്കപ്പെടുന്ന തട്ടിക്കൊണ്ടുപോക്കുകളുണ്ട്. മറ്റു രാജ്യങ്ങളിലും തട്ടിക്കൊണ്ടുപോക്ക് വർധിച്ചുകൊണ്ടിരിക്കുന്നു. ഫിലിപ്പീൻ വിദഗ്ധർ മറ്റു സംഗതികളോടൊപ്പം പിൻവരുന്ന കാര്യങ്ങൾ ശുപാർശചെയ്യുന്നതായി ഏഷ്യാവീക്ക് മാഗസിൻ പറയുന്നു: ഒറ്റയ്ക്കു യാത്രചെയ്യരുത്, പ്രത്യേകിച്ച് ഇരുട്ടത്ത്. നിങ്ങൾ എവിടെയായിരിക്കുമെന്ന് എല്ലായ്പോഴും ആശ്രയയോഗ്യനായ ഒരാളോടു പറയുക. നിങ്ങളുടെ കാർ നല്ല വെളിച്ചമുള്ളതും സുരക്ഷിതവുമായ പ്രദേശങ്ങളിൽ പാർക്കു ചെയ്യുക. ആരും ശ്രദ്ധിക്കാനില്ലാതെ ഒരിക്കലും കുട്ടികളെ ഒറ്റയ്ക്കു വിടരുത്.
വിറ്റാമിൻ-എ ജാഗ്രത
ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട, 22,000 ഗർഭിണികളിൽ നടത്തിയ ഒരു പഠനമനുസരിച്ച് വിറ്റാമിൻ എ വളരെയധികം കഴിക്കാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യ ഭ്രൂണത്തിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഒരു നിശ്ചിത അളവു വിറ്റാമിൻ എ അത്യന്താപേക്ഷിതമാണെങ്കിലും അമിതമായ അളവിനു ഹാനി വരുത്താൻ കഴിയുമെന്നു കണ്ടെത്തപ്പെട്ടു. ഗർഭിണികൾ ഒരു ദിവസം കഴിക്കാൻ ശുപാർശചെയ്തിരിക്കുന്നത് 4,000 അന്തർദേശീയ യൂണിറ്റുകളാണെന്ന് റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി ഡയറ്റ് & ന്യുട്രിഷൻ ലെറ്റർ പറയുന്നു, എന്നാൽ ഒരു ദിവസം 10,000 യൂണിറ്റുകളിലധികം കഴിക്കുന്ന സ്ത്രീകൾക്ക് “ജനനവൈകല്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സാധ്യത അത് അമിതമായി കഴിക്കാത്ത സ്ത്രീകളെക്കാൾ രണ്ടര ഇരട്ടിയുണ്ട്.” ശരീരം വിറ്റാമിൻ എ സംഭരിച്ചുവയ്ക്കുന്നതിനാൽ ഗർഭധാരണത്തിനുമുമ്പ് ഉയർന്ന അളവിൽ വിറ്റാമിൻ കഴിക്കുന്നതുപോലും കുഞ്ഞിന് അപകടമുളവാക്കിയേക്കാം. ശരീരത്തിൽവെച്ച് വിറ്റാമിൻ എ ആയി ഭാഗികമായി മാറ്റംസംഭവിക്കുന്ന ഒരു സസ്യോത്പന്നമായ ബീറ്റാ-കരോട്ടിൻ അപകടകാരിയല്ലാത്തതായി കണ്ടെത്തപ്പെട്ടു.
കീടങ്ങളെ ചെറുത്തുനിൽക്കുന്ന തടി
ജപ്പാനിലെ നാരയിലുള്ള ദാരുശില്പിതമായ ഒരു ബൗദ്ധക്ഷേത്രം കരണ്ടുതീനികളിൽനിന്നോ ചിതലുകളിൽനിന്നോ അണുജീവികളിൽനിന്നോ ഹാനിതട്ടാതെ 1,200 വർഷം അതിജീവിച്ചിരിക്കുന്നു എന്ന് ന്യൂ സയൻറിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. കൊറിയയിലെ സിയോൾ ദേശീയ യൂണിവേഴ്സിറ്റിയുടെ പ്രതിനിധികളും രണ്ടു ജാപ്പനീസ് ശാസ്ത്രജ്ഞന്മാരും ബൗദ്ധക്ഷേത്രത്തെ കീടങ്ങൾക്ക് ഇത്ര അരുചികരമാക്കുന്നതെന്താണെന്ന് പഠിക്കാൻ തുടങ്ങി. പുരാതന കെട്ടിടം നിർമിക്കാൻ ഉപയോഗിച്ചിരുന്ന സൈപ്രസ് വൃക്ഷ ഇനം അവർ പരിശോധിച്ചപ്പോൾ കരണ്ടുതീനികൾക്ക് വെറുപ്പുളവാക്കുന്ന ചില രാസവസ്തുക്കൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന് അവർ കണ്ടെത്തി. അതായത്, ആ രാസവസ്തുക്കൾ പൂശിയിട്ടുള്ള യാതൊന്നും അവ കരളുകയില്ല. ജപ്പാനിലെ തടിവ്യവസായം ഈ സൈപ്രസ് വൃക്ഷത്തിൽനിന്ന് ഓരോ വർഷവും 4,000 ടണ്ണോളം അറക്കപ്പൊടി ഉത്പാദിപ്പിക്കുന്നുണ്ട്. കീട നിയന്ത്രണത്തിനുപയോഗിക്കുന്ന ചില വിഷങ്ങൾക്കുപകരം ഈ അറക്കപ്പൊടിയിൽനിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
ഇരുട്ടിനുവേണ്ടിയുള്ള അഭ്യർഥന
ഫ്രാൻസിലെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ കൂടുതൽ ഇരുട്ടിനായി ശ്രമം നടത്തുകയാണ്. നഗരപ്രദേശങ്ങളിലെ ബൃഹത്തായ അളവുകളിലുള്ള അനാവശ്യ വെളിച്ചം, നക്ഷത്രനിബിഡമായ ആകാശത്തിന്റെ ഒരു വ്യക്തമായ ദൃശ്യം മിക്കവാറും അസാധ്യമാക്കിത്തീർക്കുന്നു. പ്രകാശം താഴേക്കു തിരിച്ചുവിടുന്ന റിഫ്ളക്ടറുകൾ തെരുവു ലൈറ്റുകളിൽ ഘടിപ്പിക്കാനും പരസ്യ ലൈറ്റുകളും ഓഫീസ് കെട്ടിടങ്ങളിലെ ലൈറ്റുകളും ലേസർ-ലൈറ്റ് പ്രദർശനങ്ങളും രാത്രി 11 മണിക്ക് അണയ്ക്കാൻ ആവശ്യപ്പെടാനും ബഹിരാകാശ ശാസ്ത്രജ്ഞന്മാർ നഗരത്തിലെ അധികാരികളെ പ്രോത്സാഹിപ്പിക്കുന്നതായി ലെ പ്വൻ എന്ന മാസിക പറയുന്നു. രാത്രി ആകാശ സംരക്ഷണകേന്ദ്രത്തിന്റെ പ്രസിഡന്റായ മിഷെൽ ബോണവിറ്റകോള ഇപ്രകാരം വാദിച്ചു: “ക്ഷീരപഥം കണ്ടിട്ടുള്ളതായി ഇന്ന് നൂറിൽ ഒരു കുട്ടിക്ക് പറയാൻ കഴിയില്ല. എന്നാൽ പ്രൗഢിയേറിയതും സൗജന്യവുമായ ഈ ദൃശ്യം, പ്രപഞ്ചത്തിലെ നമ്മുടെ യഥാർഥ സ്ഥാനം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.”
ലക്ഷ്യബോധമില്ലാത്ത മാതാപിതാക്കൾ
കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ “വിജയ”ത്തിനും “സ്വാതന്ത്ര്യ”ത്തിനും ഏറ്റവും മുൻഗണനയുള്ളതായി മാതാപിതാക്കളുടെ വൻ ഭൂരിപക്ഷം പറയുന്നതായും സ്വന്തം ധാർമിക മൂല്യങ്ങൾ തിരഞ്ഞെടുക്കേണ്ടത് കുട്ടികളാണെന്ന് അവർ വിചാരിക്കുന്നതായും ഫ്രഞ്ച് മാസികയായ ലെക്സ്പ്രസ്സിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ഒരു സർവേ കാണിക്കുന്നു. ഉചിതമായ ധാർമിക മൂല്യങ്ങൾ പഠിപ്പിക്കുന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു ചോദിച്ചപ്പോൾ 6-നും 12-നും ഇടയ്ക്കു പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളിൽ 70 ശതമാനം ഇല്ല എന്ന് ഉത്തരം പറഞ്ഞു. അഭിമുഖം ചെയ്യപ്പെട്ട മാതാപിതാക്കളുടെയും അധ്യാപകരുടെയും അറുപതു ശതമാനം, കുട്ടികൾ ഭാവിക്കുവേണ്ടി വേണ്ടവിധം സജ്ജരല്ലാത്തതായി വിചാരിക്കുകയും എന്നാൽ, വൈരുദ്ധ്യാത്മകമായി, അവർ സമൂഹത്തിന് ഒരു സ്വത്തായിത്തീരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതായി മാസിക അഭിപ്രായപ്പെട്ടു. “മാതാപിതാക്കൾ ഇന്ന് തങ്ങളുടെ ധർമമോ ഉത്തരവാദിത്വങ്ങളോ മേലാൽ അറിയുന്നില്ല” എന്ന ചിലരുടെ ഭയങ്ങളെ സർവേ സ്ഥിരീകരിക്കുന്നുവെന്ന് ലെക്സ്പ്രസ്സ് അഭിപ്രായപ്പെടുന്നു.
കൊഴുപ്പുകുറഞ്ഞ ഭക്ഷണം സംബന്ധിച്ച മുന്നറിയിപ്പ്
കൊഴുപ്പുകുറഞ്ഞ പല ഉത്പന്നങ്ങളിലും കൊഴുപ്പിനു പകരം ഉപയോഗിക്കുന്ന ഫില്ലറുകൾക്കു യഥാർഥ കൊഴുപ്പിലടങ്ങിയിരിക്കുന്ന നെയ്യുടെ അതേ ഘടനയില്ലെന്നും അതിന്റെ ഫലമായി ആളുകൾ അവ കൂടുതൽ കഴിക്കുകയോ സ്വാദു കുറവു നികത്താനായി ടോപ്പിങ്ങുകളും കൂടുതലായ ചേരുവകളും ചേർക്കുകയോ ചെയ്യുന്നു എന്നും ഉപഭോക്താക്കളുടെ സ്വാദു പരിശോധനകൾ വെളിപ്പെടുത്തുന്നതായി കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. പഞ്ചസാര, ഉപ്പ്, കൃത്രിമ സ്വാദുകൾ തുടങ്ങി കൊഴുപ്പിനു പകരമായി ചേർക്കുന്ന ചേരുവകൾ പലപ്പോഴും പോഷകോപയോഗമുള്ളവയല്ല എന്ന് ടൊറൊന്റൊ യൂണിവേഴ്സിറ്റിയിലെ പോഷണശാസ്ത്രത്തിന്റെയും ശരീരശാസ്ത്രത്തിന്റെയും പ്രൊഫസറായ ഡോ. ഡേവിഡ് ജെങ്കിൻസ് പറയുന്നു. ഡോ. ജെങ്കിൻസ് ഇപ്രകാരം ഉപദേശം നൽകുന്നു: “കൊഴുപ്പു കുറയ്ക്കാനുള്ള മാർഗങ്ങളിലൊന്ന് കൊഴുപ്പു കുറഞ്ഞ ആഹാരം കഴിക്കുന്നതാണെന്ന് ആളുകൾ തീരുമാനിക്കുന്നെങ്കിൽ, ആഹാരം പോഷകപരമായി ആരോഗ്യപ്രദമായിരിക്കുന്നിടത്തോളം കാലം അതു നല്ലതാണ്.” പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയും കൊഴുപ്പു കുറഞ്ഞ പരിപ്പുകളും സോയ ഉത്പന്നങ്ങളും പകരം ഉപയോഗിക്കാവുന്ന നല്ല വസ്തുക്കളാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
പ്രേമവും ചോക്കലേറ്റും
പല രാജ്യങ്ങളിലും പ്രേമത്തിന്റെ പ്രകടനമെന്നനിലയിൽ ഒരു പുരുഷൻ ഒരു സ്ത്രീക്ക് ചോക്കലേറ്റ് കൊടുക്കുന്നു. രസാവഹമായി, ചോക്കലേറ്റ് കഴിക്കുമ്പോഴുണ്ടാകുന്ന വികാര മൂർച്ഛയും പ്രേമത്തിലാകുന്നതിന്റെ തോന്നലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരിക്കാവുന്നതാണ്—തലച്ചോറിലെ ഫിനൈൽതൈലമിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർധിക്കുന്നു. കാനഡയിലുള്ള ടൊറൊന്റൊയിലെ ദ മെഡിക്കൽ പോസ്റ്റ് പറയുന്നതനുസരിച്ച് ഓസ്ട്രേലിയൻ ഗവേഷകനായ പീറ്റർ ഗോഡ്ഫ്രി “പ്രേമ തന്മാത്ര” എന്നു വിളിക്കുന്ന ആ ഹോർമോണിന്റെ ഘടന നിർണയിച്ചു. തലച്ചോറിൽ വികാരങ്ങൾ രൂപംകൊള്ളുന്ന വിധത്തെക്കുറിച്ചു കൂടുതൽ പഠിക്കാൻ കഴിയുമെന്ന് ഈ പുതിയ വിവരത്താൽ സജ്ജീകൃതരായ ശാസ്ത്രജ്ഞന്മാർ പ്രത്യാശിക്കുന്നു. മാത്രമല്ല, ഇത് “ചില ചോക്കലേറ്റ് പ്രേമികളുടെ അഭിനിവേശത്തിനു വിശദീകരണം നൽകിയേക്കാ”മെന്ന് പോസ്റ്റ് അഭിപ്രായപ്പെട്ടു.
സ്കൈയിലേക്ക് ഒരു പാലം
2.4 കിലോമീറ്റർ നീളമുള്ള ഏറ്റവും വലിയ, സമതുലിതമായ കാൻറിലിവർ പാലം അടുത്തയിടെ സ്കോട്ട്ലൻഡിൽ പ്രവർത്തനമാരംഭിച്ചുവെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഈ പാലം സ്കോട്ട്ലൻഡിലെ സ്കൈ എന്ന ദ്വീപിനെയും അതിലെ 9,000 നിവാസികളെയും സ്കോട്ട്ലൻഡിന്റെ പശ്ചിമ തീരവുമായി ബന്ധിപ്പിക്കുന്നു. പാലത്തിന്റെ ഉത്ഘാടന ചടങ്ങിൽ കുഴലൂത്ത് വാദ്യസംഘവും വിന്റേജ് കാറുകളുടെ ഘോഷയാത്രയും നിത്യയാത്രക്കാരുടെ ഘോഷയാത്രയെ നയിച്ചു—അവരെല്ലാവരും ആ ദിവസം ചുങ്കംകൂടാതെ പാലം കടക്കാൻ ക്ഷണിക്കപ്പെട്ടു. ഈ പാലം, കഴിഞ്ഞ 23 വർഷമായി ദ്വീപിലെ കാറുകളെയും യാത്രക്കാരെയും അക്കരെക്കും ഇക്കരെക്കും എത്തിച്ചുകൊണ്ടിരുന്ന കടത്തു സേവനത്തിനു പകരമാകുന്നു. മോട്ടോർയാത്രക്കാർക്ക് ഇപ്പോൾ റോമിൽനിന്ന് വടക്കുപടിഞ്ഞാറൻ സ്കൈയിലുള്ള യൂയിഗിലേക്കു കാറിൽത്തന്നെ ഇരുന്നു യാത്രചെയ്യാൻ കഴിയുമെന്ന് സ്കോട്ട്ലൻഡിലെ സെക്രട്ടറി ചൂണ്ടിക്കാണിച്ചതായി ദ ടൈംസ് പറയുന്നു.
“കമ്പ്യൂട്ടർവത്കൃത” തൊണ്ടവേദന
ശബ്ദ തിരിച്ചറിവു വ്യവസ്ഥകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു കൈകളുടെയും കൈത്തണ്ടകളുടെയും ആയാസം കുറയ്ക്കാൻ ശ്രമിക്കുന്ന കമ്പ്യൂട്ടർ ഓപ്പറേറ്റർമാർ ഏറെ ഗുരുതരമെന്നു കരുതുന്ന പ്രശ്നം, അതായത് വിട്ടുമാറാത്ത ഒച്ചയടപ്പും പൂർണമായ ശബ്ദനഷ്ടവും അഭിമുഖീകരിക്കുന്നുവെന്ന് കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ഓരോ വാക്കും വ്യതിരിക്തമായും കമ്പ്യൂട്ടറിനു മനസ്സിലാകുന്ന വിധത്തിൽ കൃത്യമായ സ്വരത്തിലും സ്ഥായിയിലും ഉച്ചരിക്കേണ്ടതുകൊണ്ട് ഈ സംവിധാനം ഉപയോഗിക്കുന്നവർ സാധാരണരീതിയിൽ ശ്വാസോച്ഛ്വാസം നടത്തുന്നില്ല. അവരുടെ സ്വനനാളികളുടെ വലിവു നഷ്ടപ്പെടുകയും ചെയ്യുന്നു. സ്വനനാളികൾ പരസ്പരം ഉരയുമ്പോൾ അവയിൽ കുരുക്കളോ വ്രണങ്ങളോ ഉണ്ടാകുകയോ അവയ്ക്കു ക്ഷീണം ബാധിക്കുകയോ ചെയ്യാം എന്ന് ടൊറൊന്റൊ യൂണിവേഴ്സിറ്റിയിലെ ഡോ. സൈമൺ മഗ്രേൽ ഗ്ലോബിനോടു പറഞ്ഞു. സ്വനനാളികളുടെ ആരോഗ്യം നിലനിർത്തുന്നതിന്, അത്തരം സംവിധാനം ഉപയോഗിക്കുന്നവർ കമ്പ്യൂട്ടറുകളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുകയും ഇടയ്ക്കിടയ്ക്ക് ഇടവേളയെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും സ്വനനാളികളെ ഉണക്കുന്ന മദ്യവും കഫീനും മരുന്നുകളും ഒഴിവാക്കുകയും ചെയ്യണമെന്നു ശബ്ദവിദഗ്ധർ ശുപാർശചെയ്യുന്നു.