വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾ—നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന വിധം
കടുവകൾ, ആമകൾ, കാണ്ടാമൃഗം, ചിത്രശലഭങ്ങൾ—എന്തിന്, വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങളുടെ പട്ടിക അവസാനമില്ലാത്തതായി കാണപ്പെടുന്നു! അപരാധത്തിന്റെ വലിയൊരു പങ്ക് മനുഷ്യൻ വഹിക്കണം എന്നതു സംശയലേശമന്യേ നിങ്ങൾ സമ്മതിക്കും. എന്നാൽ ഇത് നിങ്ങളെ എപ്രകാരം ബാധിക്കും?
ലോകത്തിന്റെ സാമ്പത്തിക ദുസ്ഥിതി കണക്കിലെടുക്കുമ്പോൾ തങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ആളുകൾ, പരിരക്ഷണ പദ്ധതികളെ—അവ എത്രതന്നെ ശ്രേഷ്ഠമായിക്കൊള്ളട്ടെ—പിന്തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതു ന്യായയുക്തമാണോ? “ദശലക്ഷക്കണക്കിന് ആളുകൾ രാഷ്ട്രീയ പ്രക്ഷോഭം, ഗോത്രപരമായ യുദ്ധങ്ങൾ, ക്ഷാമം, പകർച്ചവ്യാധികൾ എന്നിവ നേരിടുന്ന സഹാറയ്ക്കു തെക്കുവശത്തുള്ള ഒട്ടുമിക്ക ആഫ്രിക്കൻ പ്രദേശങ്ങളിലും ഹരിതപ്രസ്ഥാനങ്ങൾ പിന്തുണയ്ക്കുന്നതു തീർച്ചയായും എളുപ്പമല്ല,” ടൈം അഭിപ്രായപ്പെടുന്നു. മറ്റെവിടെയായാലും സ്ഥിതി ഇതുതന്നെ.
വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടണമെങ്കിൽ സമൂല മാറ്റങ്ങൾ ആവശ്യമാണ്. ദി അറ്റ്ലസ് ഓഫ് എൻഡേഞ്ചേർഡ് സ്പീഷീസ് പറയുന്നതനുസരിച്ച്, ഈ മാറ്റങ്ങൾ “അത്രയ്ക്കു വ്യാപ്തമായതിനാൽ അവ ഗവൺമെൻറുകൾക്കുമാത്രമേ നടപ്പിൽ വരുത്താൻ സാധിക്കുകയുള്ളൂ.” എന്നിട്ട് അത് ഇങ്ങനെ ശുപാർശ ചെയ്യുന്നു: “ഗവൺമെൻറുകളെ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ, 2000-ാം ആണ്ടോടെ പരിസ്ഥിതിയോട് അനുഭാവമുള്ള രാഷ്ട്രീയക്കാർ മാത്രമേ തെരഞ്ഞെടുക്കപ്പെടുന്നുള്ളുവെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.”
ഇതു വാസ്തവികമായ ഒരു ഭാവിപ്രത്യാശയാണോ? ചരിത്രത്തിന്റെ തെളിവനുസരിച്ചു വിധിക്കുകയാണെങ്കിൽ “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു” എന്നു നാം നിഗമനം ചെയ്യേണ്ടിയിരിക്കുന്നു—വന്യജീവന്റെമേലും അപ്രകാരംതന്നെ. (സഭാപ്രസംഗി 8:9, NW) തീർച്ചയായും, ഒട്ടേറെ പരിരക്ഷകർ, ഭൂമിയിലെ സസ്യ, ജന്തുജാലങ്ങൾ പാരിസ്ഥിതിക സൂചകങ്ങളായി വർത്തിക്കുന്നുവെന്നു വിശ്വസിക്കുന്നു. ഇവ അപകടത്തിലായിരിക്കുമ്പോൾ നമ്മൾ മനുഷ്യരും അപകടത്തിൽതന്നെ. എന്നാൽ ഭൂമിയിലെ ജീവജാലങ്ങളെല്ലാം വംശനാശഭീഷണിയിലായിരിക്കുന്നതു മാനവചരിത്രത്തിൽ ഇതാദ്യമല്ല.
ചരിത്രപുസ്തകങ്ങളിൽ ഏറ്റവും പഴക്കംചെന്നത് ഈ വാക്കുകൾ രേഖപ്പെടുത്തിവെച്ചിരിക്കുന്നു: “ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.” (ഉല്പത്തി 6:17) എന്നിരുന്നാലും, മനുഷ്യരെല്ലാവരുമോ മറ്റു ജീവജാലങ്ങളെല്ലാമോ നശിച്ചുപോയില്ല, അതിജീവനത്തിനുവേണ്ട ഒരു ഏർപ്പാടു ദൈവം ചെയ്തു.
അതിജീവനത്തിന് ഒരു പെട്ടകം
ഇന്നു വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങളുടെ പ്രശ്നത്തിനു പറ്റിയ ഏറ്റവും നല്ല പരിഹാരത്തിൽ അവയുടെ ആവാസങ്ങൾ കാത്തുസൂക്ഷിക്കുന്നത് ഉൾപ്പെടുന്നുവെന്നു ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. രസാവഹമായി, ന്യൂ സയൻറിസ്റ്റ് ഇതിനെക്കുറിച്ചു റിപ്പോർട്ടു ചെയ്യുകയും പരിരക്ഷകർ “നോഹയുടെ പെട്ടകം എന്ന രൂപകം” ഉപയോഗിക്കുന്നതിനെ പരാമർശിക്കുകയും ചെയ്യുന്നു. മനുഷ്യരും മൃഗങ്ങളും നോഹയുടെ നാളിലെ പ്രളയത്തെ അതിജീവിച്ചതു നോഹയുടെ പെട്ടകത്തിലൂടെയായിരുന്നു.
ദൈവം നോഹയ്ക്കു പെട്ടകത്തിന്റെ രൂപകൽപ്പന നൽകി, പ്രളയജലത്തിനുമീതെ പൊങ്ങിക്കിടക്കത്തക്കവിധമുള്ള ഒരു കൂറ്റൻ തടിപ്പെട്ടകം. ഇത് നോഹയുടെയും അവന്റെ ഭാര്യയുടെയും അവരുടെ മൂന്നു പുത്രന്മാരുടെയും പുത്രന്മാരുടെ ഭാര്യമാരുടെയും, കൂടാതെ വന്യവും വീട്ടിൽ വളർത്തുന്നവയുമായ വിവിധ തരത്തിലുള്ള മൃഗങ്ങളുടെയും ജീവൻ കാത്തുസൂക്ഷിച്ചു.—തീർച്ചയായും, “ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും”തന്നെ. (ഉല്പത്തി 7:15) ഇന്നു സ്ഥിതി ചെയ്യുന്ന ജീവജാലങ്ങളുടെ ബാഹുല്യം, പെട്ടകം അതിന്റെ ഉദ്ദേശ്യം എത്ര നന്നായി നിർവഹിച്ചു എന്നു തെളിയിക്കുന്നു.
എന്നിരുന്നാലും, അതിജീവനം മാനുഷിക പരിശ്രമങ്ങളെ മാത്രം ആശ്രയിച്ചായിരുന്നില്ലെന്നതു ശ്രദ്ധിക്കുക. തങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിവുള്ള ദൈവത്തെ നോഹയും കുടുംബവും അനുസരിക്കേണ്ടതുണ്ടായിരുന്നു. പ്രളയത്തിനുമുമ്പുണ്ടായിരുന്ന ലോകത്തിന്റെ വിശേഷതയായിരുന്ന കോലാഹലങ്ങൾക്കും അക്രമങ്ങൾക്കും അത്യാഗ്രഹത്തിനും അറുതി വരുത്തിയതു ദൈവമായിരുന്നു.—2 പത്രൊസ് 3:5, 6.
പുതിയ ലോകത്തിലെ മൃഗങ്ങൾ
തന്റെ നിയമങ്ങൾ അനുസരിക്കുന്നത്, പ്രാകൃതരും വിശന്നു വലഞ്ഞ ഇരപിടിയന്മാരെയുംപോലെ മൃഗതുല്യരായിരിക്കുന്നതിൽനിന്നു മനുഷ്യരെ സൗമ്യരും ശാന്തരുമാക്കിമാറ്റുമെന്നു യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. (യെശയ്യാവു 11:6-9; 65:25) ഇപ്പോൾ പോലും ഇതിന്റെ തെളിവുകൾ അലയടിക്കുന്നു. നിങ്ങളുടെ അടുത്തുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ നടക്കുന്ന യോഗങ്ങളിൽ സംബന്ധിച്ചു നിങ്ങൾതന്നെ അതു കാണുക. മനുഷ്യർക്കിടയിൽ ഇത്തരം സമൂലമാറ്റങ്ങൾ വരുത്താൻ യഹോവയ്ക്കു കഴിയുമെങ്കിൽ, ഇന്നുകാണുന്ന മൃഗങ്ങളുടെ സ്വഭാവവിശേഷതകൾ മാറ്റേണ്ടതുണ്ടെങ്കിൽതന്നെയും, മൃഗലോകം സമാധാനത്തിലും സുരക്ഷിതത്വത്തിലും ഒന്നിച്ചുപാർക്കുന്നതിനുവേണ്ട ഏർപ്പാടുചെയ്യാൻ അവനു കഴിയില്ലേ? വാസ്തവത്തിൽ അവൻ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “അന്നാളിൽ ഞാൻ അവർക്കുവേണ്ടി വയലിലെ കാട്ടുമൃഗത്തോടും ആകാശത്തിലെ പക്ഷിയോടും നിലത്തിലെ ഇഴജാതിയോടുമുള്ള ബന്ധത്തിൽ ഒരു ഉടമ്പടി ചെയ്യും. . . . ഞാൻ അവരെ സുരക്ഷിതമായി കിടക്കുമാറാക്കും.”—ഹോശേയ 2:18, NW.
അപ്പോസ്തലനായ പത്രോസ് “ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള” ഭാവിയിലെ ഒരു “ദിവസ”ത്തെക്കുറിച്ചു പറയുന്നു. (2 പത്രൊസ് 3:7) ദൈവത്തിന്റെ നിയന്ത്രിത ഇടപെടൽ ഭക്തികെട്ട മനുഷ്യരെ മാത്രമേ നശിപ്പിക്കുകയുള്ളൂ. ദൈവം, “ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവരെ നശിപ്പി”ക്കും.—വെളിപാട് 11:18, NW.
ജീവികൾ ഇനിമേൽ ഭീഷണിയിൻകീഴിലായിരിക്കാത്ത ഒരു ലോകത്തിൽ ജീവിക്കുന്നത് എത്ര ആനന്ദകരമായിരിക്കുമെന്നു സങ്കൽപ്പിക്കുക. അപ്പോൾ നമുക്കു ചുറ്റുമുള്ള വന്യജീവികളിൽനിന്ന് എത്രമാത്രം കാര്യങ്ങൾ പഠിക്കാനുണ്ടായിരിക്കും! അതേ, കടുവകൾ, സിംഹങ്ങൾ, ആനകൾ എന്നിവ നമുക്കു ചുറ്റും ശല്യം നേരിടാതെ വിഹരിക്കും. സമുദ്രജീവികൾ പെറ്റുപെരുകും, ഇഴജന്തുക്കളും പ്രാണികളും മാക്കത്തത്തകൾ ഉൾപ്പെടെ വിവിധയിനം പക്ഷികളും—എല്ലാം ഉചിതമായ സന്തുലനത്തിൽ. മിശിഹൈക രാജ്യത്തിൻ കീഴിൽ അനുസരണമുള്ള മനുഷ്യവർഗം പൂർണതയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടും, പൂർണതയുള്ള ഒരു ആവാസവ്യൂഹം എല്ലായിടത്തും ഉണ്ടായിരിക്കും.