പദാന്ധത നിമിത്തമുള്ള നിരാശ തരണംചെയ്യൽ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“നിങ്ങളുടെ ടെലഫോൺ നമ്പർ എന്താണ്?” ജൂലി ചോദിക്കുന്നു. മറുതലയ്ക്കലുള്ളയാൾ മറുപടി നൽകുന്നു. എന്നാൽ ജൂലി കുറിച്ചെടുക്കുന്ന സംഖ്യകൾക്ക് നൽകിയ നമ്പറുമായി യാതൊരു സാമ്യവുമില്ല.
‘ഞാൻ വരച്ച പടം എന്റെ അധ്യാപകൻ കീറിക്കളഞ്ഞു,’ വനെസ്സ വിലപിക്കുന്നു. അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: ‘അവർ പറഞ്ഞ കാര്യം എനിക്ക് ഓർമിക്കാനേ കഴിഞ്ഞില്ല.’
ആറിലധികം ദശകങ്ങൾക്കുമുമ്പു താൻ ഹൃദിസ്ഥമാക്കിയ ലളിത പദങ്ങൾ വായിക്കാൻ ഡേവിഡ് തന്റെ 70-കളിൽ പാടുപെടുന്നു.
ജൂലിക്കും വനെസ്സയ്ക്കും ഡേവിഡിനും പഠന സംബന്ധമായ ഒരു വൈഷമ്യമുണ്ട്—നിരാശാജനകമായ ഒന്നുതന്നെ. അത് പദാന്ധത (dyslexia) ആണ്. ഈ അവസ്ഥയ്ക്കു കാരണമെന്താണ്? പദാന്ധത ഉള്ളവർക്ക് അതുളവാക്കുന്ന നിരാശ എങ്ങനെ തരണംചെയ്യാൻ കഴിയും?
എന്താണ് പദാന്ധത?
ഒരു നിഘണ്ടു പദാന്ധതയെ “വായനാപ്രാപ്തിയെ തടസ്സപ്പെടുത്തുന്ന ഒന്ന്” എന്നു നിർവചിക്കുന്നു. വായനാ സംബന്ധമായ ഒരു തകരാറായി പലപ്പോഴും വീക്ഷിക്കപ്പെടുന്നുവെങ്കിലും പദാന്ധതയിൽ വളരെയധികം ഉൾപ്പെടാവുന്നതാണ്.a
ഇംഗ്ലീഷ് പദത്തിന്റെ മൂലപദങ്ങൾ “വൈഷമ്യം” എന്നർഥമുള്ള ഗ്രീക്കിലെ ഡിസിൽനിന്നും “പദം” എന്നർഥമുള്ള ലെക്സിസിൽനിന്നുമുള്ളവയാണ്. പദാന്ധതയിൽ പദങ്ങളോ ഭാഷയോ ആയി ബന്ധപ്പെട്ട വൈഷമ്യങ്ങൾ ഉൾപ്പെടുന്നു. ആഴ്ചയിലെ ദിവസങ്ങളോ ഒരു പദത്തിലെ അക്ഷരങ്ങളോ പോലെയുള്ള സംഗതികളെ അവയുടെ ശരിയായ ക്രമത്തിൽ വയ്ക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളും അതിലുൾപ്പെടുന്നു. ബ്രിട്ടനിലെ പദാന്ധത ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എച്ച്. റ്റി. ചാസ്റ്റി പറയുന്നതനുസരിച്ചു പദാന്ധത “അപ്പപ്പോഴുള്ള ഓർമശക്തി, ഗ്രഹണപ്രാപ്തി, കൈവിരുതുകൾ എന്നിവയെ വികലമാക്കുന്ന സംയോജനപരമായ ഒരു അപ്രാപ്തിയാണ്.” പദാന്ധത ഉള്ളവർ അത് നിരാശകരമാണെന്നു കണ്ടെത്തുന്നതിൽ തെല്ലും അതിശയമില്ല!
ഡേവിഡിന്റെ ഉദാഹരണമെടുക്കുക. മുമ്പ് ഉത്സാഹത്തോടെയും ഒഴുക്കോടെയും വായിച്ചുകൊണ്ടിരുന്ന ഈ വായനക്കാരന് വായന വീണ്ടും പഠിക്കാൻ തന്റെ ഭാര്യയുടെ സഹായം ആവശ്യമായി വന്നതെങ്ങനെ? ഒരു മസ്തിഷ്കാഘാതത്തിന്റെ ഫലമായി ഭാഷയുടെ ഉപയോഗവുമായി ബന്ധപ്പെട്ട, ഡേവിഡിന്റെ തലച്ചോറിന്റെ ഭാഗത്തിനു ക്ഷതമേറ്റു, ഇത് അദ്ദേഹത്തിന്റെ വായനാ പുരോഗതിയെ വേദനാജനകമാംവിധം മന്ദഗതിയിലാക്കി. എന്നാൽ, നീണ്ട പദങ്ങളെക്കാളും അദ്ദേഹത്തിനു പ്രശ്നമുളവാക്കിയതു ഹ്രസ്വ പദങ്ങളായിരുന്നു. ഡേവിഡിന് ആർജിത പദാന്ധതയുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ സംഭാഷണ പ്രാപ്തിക്കും ബുദ്ധികൂർമതയ്ക്കും ഒരിക്കലും കോട്ടം തട്ടിയില്ല. മനുഷ്യ മസ്തിഷ്കം സ്വീകരിക്കുന്ന ശ്രവണ-ദൃശ്യ സൂചനകളെ കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ഗവേഷകർക്ക് ഇതുവരെ പൂർണമായി മനസ്സിലാക്കാൻ കഴിയാത്തവണ്ണം അത് അത്ര സങ്കീർണമാണ്.
നേരേമറിച്ച്, ജൂലിക്കും വനെസ്സയ്ക്കും വികസനാത്മക പദാന്ധതയാണ് ഉണ്ടായിരുന്നത്, അവരുടെ വളർച്ചയ്ക്കൊപ്പം അതു പ്രകടമായിത്തീർന്നു. ഏഴോ എട്ടോ വയസ്സുള്ള കുട്ടികൾ സാധാരണ ബുദ്ധി പ്രകടിപ്പിക്കുകയും എന്നാൽ വായിക്കാനോ എഴുതാനോ അക്ഷരവിന്യാസം നടത്താനോ പഠിക്കുന്നതിൽ അസ്വാഭാവികമായ വൈഷമ്യം കാണിക്കുകയും ചെയ്യുന്നുവെങ്കിൽ അവർക്കു പദാന്ധത ഉണ്ടായിരുന്നേക്കാമെന്നു പൊതുവേ ഗവേഷകർ സമ്മതിക്കുന്നു. പദാന്ധത ഉള്ള കുട്ടികൾ പലപ്പോഴും തങ്ങൾ പകർത്താൻ നോക്കുന്ന അക്ഷരം തലതിരിച്ചാണ് എഴുതുന്നത്. സ്കൂൾ അധ്യാപകർ ജൂലിയെയും വനെസ്സിനെയും മൂഢരും മന്ദഗതിക്കാരും മടിയരുമെന്ന് തെറ്റായി മുദ്രകുത്തിയപ്പോൾ അവർക്കുണ്ടായ നിരാശ ഒന്നു സങ്കൽപ്പിക്കൂ!
ബ്രിട്ടനിൽ 10-ൽ ഒരാൾക്ക് പദാന്ധതയുണ്ട്. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മറ്റുള്ളവർ മനസ്സിലാക്കാൻ പരാജയപ്പെടുന്നത് അവരുടെ നിരാശ വർധിപ്പിക്കുന്നു.—14-ാം പേജിലെ ചതുരം കാണുക.
പദാന്ധതയുടെ കാരണമെന്ത്?
കാഴ്ചക്കുറവ് കൂടെക്കൂടെ പഠന സംബന്ധമായ വൈഷമ്യങ്ങൾക്കു കാരണമാകുന്നു. കാഴ്ചക്കുറവു പരിഹരിക്കുമ്പോൾ പദാന്ധത അപ്രത്യക്ഷമാകുന്നു. പാഠഭാഗത്തിനു മുകളിൽ നിറമുള്ള ഒരു നേർത്ത പ്ലാസ്റ്റിക് കഷണം വയ്ക്കുമ്പോൾ വാക്കുകളിൽ കൂടുതൽ നന്നായി ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്നതായി വായിക്കാൻ പഠിക്കുന്നതു ദുഷ്കരമായിരിക്കുന്നവരുടെ ഒരു ചെറിയ ശതമാനം കണ്ടെത്തുന്നു. മറ്റു ചിലർക്ക് ഇത് ഒട്ടും സഹായകമാകുന്നില്ല.
ആ അവസ്ഥ തലമുറകളായി കുടുംബങ്ങളിൽ കാണപ്പെടുന്നുവെന്നു മനസ്സിലാക്കിക്കൊണ്ട് ചിലർ ജനിതകപരമായ ഒരു വിശദീകരണം നൽകുന്നു. വാസ്തവത്തിൽ, “ചെന്നിക്കുത്ത് (migraine), ആസ്തമ തുടങ്ങിയ സ്വയംനാശക പ്രതിരോധശക്തിയുള്ള രോഗങ്ങളിൽ (autoimmune diseases) ഉൾപ്പെട്ടിരിക്കുന്ന ജീനുകളും പദാന്ധതയ്ക്ക് ഉത്തരവാദികളായവയും തമ്മിലുള്ള അറിയപ്പെടുന്ന ബന്ധത്തെക്കുറിച്ചു നടത്തിയ” ഗവേഷണം സംബന്ധിച്ച് ന്യൂ സയൻറിസ്റ്റ് മാഗസിൻ അടുത്തകാലത്തു റിപ്പോർട്ടു ചെയ്തു. പദാന്ധതയുള്ളവർക്കും അവരുടെ ബന്ധുക്കൾക്കും സ്വയംനാശക പ്രതിരോധശക്തിയുള്ള രോഗങ്ങൾ ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ളതുകൊണ്ട് പദാന്ധതയുടെ ജീനുകളും ഈ രോഗജീനുകൾ വസിക്കുന്ന ജീനോമിന്റെ ഭാഗത്തു കാണപ്പെടുന്നുവെന്നു ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. എന്നാൽ, ഗവേഷകർ “പഠന വൈകല്യത്തിനുള്ള ജീൻ തിരിച്ചറിഞ്ഞിട്ടില്ല, ഒരു ക്രോമസോം മേഖല മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്ന്” സ്വഭാവ ശാസ്ത്രജ്ഞനായ റോബർട്ട് പ്ലോമിൻ സൂചിപ്പിക്കുന്നു.
ശരീരനില, സമനില, ഏകോപനപ്രാപ്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗത്തെ സെറിബെല്ലം എന്നു വിളിക്കുന്നു. നമ്മുടെ ചിന്തയിലും ഭാഷയുടെ കൈകാര്യം ചെയ്യലിലും അത് ഒരു പങ്കു വഹിക്കുന്നുണ്ടെന്നു ചില ശാസ്ത്രജ്ഞൻമാർ അവകാശപ്പെടുന്നു. രസാവഹമായി, ഇംഗ്ലണ്ടിലെ ഷിഫീൽഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ, സമനിലയും ഏകോപനപ്രാപ്തിയും ഉൾപ്പെടുന്ന ഒരു പദാന്ധതാ പരിശോധന വികസിപ്പിച്ചെടുത്തിരിക്കുന്നു. സെറിബെല്ലത്തിലെ അപാകതകൾ മസ്തിഷ്കത്തിന്റെ ആരോഗ്യമുള്ള ഭാഗങ്ങളെ കുറവു നികത്താൻ പ്രേരിപ്പിക്കുന്നുവെന്ന് അവർ ന്യായവാദം ചെയ്യുന്നു. ഒരു പാദം മറ്റേതിന്റെ മുമ്പിലായി വച്ച്, കൈകൾ വിരിച്ച് അനങ്ങാതെ നിൽക്കാൻ പറയുമ്പോൾ കുട്ടികൾക്ക് പൊതുവേ സമനില നിലനിർത്താൻ പ്രയാസമില്ല. എന്നാൽ കണ്ണുകെട്ടുമ്പോൾ പദാന്ധതയുള്ള കുട്ടികൾ വളരെയേറെ വേച്ചു നടക്കുന്നു, എന്തുകൊണ്ടെന്നാൽ സമനില നിലനിർത്താൻ അവർ കാഴ്ചശക്തിയെയാണു കൂടുതലായി ആശ്രയിക്കുന്നത്.
ഇനിയും മറ്റുചില ഗവേഷകർ, പദാന്ധതയുള്ള കുട്ടികളുടെ മസ്തിഷ്കം ശരീരഘടനാശാസ്ത്രപരമായ വ്യത്യാസങ്ങൾ കാണിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. സാധാരണഗതിയിൽ മസ്തിഷ്കത്തിന്റെ ഇടതു വശത്തിന്റെ പിൻഭാഗം വലതു വശത്തെ തത്തുല്യമായ ഭാഗത്തെക്കാളും അൽപ്പം വലുതാണ്. എന്നാൽ പദാന്ധതയുള്ളവരുടെ മസ്തിഷ്കത്തിലെ ഇടത്തും വലത്തുമുള്ള പകുതികൾ ഒരുപോലെ വളർന്നിരിക്കുന്നതായി കാണുന്നു. ഭാഷ കൈകാര്യം ചെയ്യുന്ന മസ്തിഷ്ക ഭാഗങ്ങളിലെ നാഡീകോശങ്ങളുടെ ക്രമീകരണത്തിൽ ഒരു വൈകൃതം കണ്ടെത്തിയിരിക്കുന്നതായി മറ്റുചിലർ അവകാശപ്പെടുന്നു.
എന്നാൽ പദാന്ധതയുടെ കാരണമെന്തുതന്നെയായിരുന്നാലും ഈ പ്രശ്നമുള്ളവരെ ഏറ്റവും നന്നായി എങ്ങനെ സഹായിക്കാൻ കഴിയും?
മാതാപിതാക്കളിൽനിന്നുള്ള സഹായം
പദാന്ധതയുള്ള കുട്ടിയുള്ള ചില മാതാപിതാക്കൾക്കു കുറ്റബോധം തോന്നുകയും തങ്ങളുടെ കുട്ടിയുടെ ദാരുണസ്ഥിതി നിമിത്തം അവർ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇങ്ങനെ തോന്നുന്നുവെങ്കിൽ, നമ്മിലാരും പൂർണരല്ലെന്നും നാമെല്ലാം വ്യത്യസ്തരാണെന്നും തിരിച്ചറിഞ്ഞുകൊണ്ടു നിരാശ അകറ്റിക്കളയുക. വർണാന്ധതയുള്ള ഒരു കുട്ടിക്ക് അവന്റെ വൈകല്യവുമായി ജീവിക്കാൻ സഹായം ആവശ്യമായിരിക്കുന്നതുപോലെതന്നെ പദാന്ധതയുള്ള നിങ്ങളുടെ കുട്ടിക്കും സഹായം ആവശ്യമാണെന്നു മനസ്സിലാക്കിക്കൊണ്ട് ആരംഭിക്കുക. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ ഒരു മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾക്ക് ഒരു നിശ്ചിത പങ്കു വഹിക്കാനുണ്ട്.
പദാന്ധത തടയാനോ ഭേദമാക്കാനോ ഇപ്പോൾ കഴിയുകയില്ലെങ്കിലും അതു ലഘൂകരിക്കാൻ കഴിയും. എങ്ങനെ? ആദ്യംതന്നെ പദാന്ധതയുള്ള കുട്ടി വിഷമകരമായി കണ്ടെത്തുന്നതെന്താണെന്നു കൃത്യമായി കണ്ടുപിടിക്കാൻ പദാന്ധതയെ മനസ്സിലാക്കൽ (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിന്റെ ഗ്രന്ഥകാരനായ പ്രൊഫസർ റ്റി. ആർ. മൈൽസ് മാതാപിതാക്കളെ ബുദ്ധ്യുപദേശിക്കുന്നു. അപ്പോൾ തങ്ങളുടെ കുട്ടിയുടെ പരിമിതികളെക്കുറിച്ചും എന്തു പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ചും വാസ്തവികമായ ഒരു വിലയിരുത്തൽ നടത്താൻ അവർക്കു കഴിയും. “കുട്ടിയുടെ കഴിവുപോലെ ചെയ്യാൻ അവനോട് ആവശ്യപ്പെടണം. എന്നാൽ അതിലും മെച്ചമായല്ല” എന്ന് വായനയും പദാന്ധതയുള്ള കുട്ടിയും (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം ബുദ്ധ്യുപദേശിക്കുന്നു. അനുകമ്പയുള്ളവരും പ്രോത്സാഹനം നൽകുന്നവരും ആയിരുന്നുകൊണ്ടും പ്രത്യേകാൽ, അനുയോജ്യമായ അധ്യാപനത്തിനുവേണ്ടി ക്രമീകരിച്ചുകൊണ്ടും മാതാപിതാക്കൾക്കു പദാന്ധതയുടെ ഫലങ്ങൾ ലഘൂകരിക്കാനും അതേസമയംതന്നെ പദാന്ധതയുള്ള കുട്ടിക്ക് അനുഭവപ്പെടുന്ന പിരിമുറുക്കം കുറയ്ക്കാനും കഴിയും.
അധ്യാപകരിൽനിന്നുള്ള സഹായം
പദാന്ധത പഠനസംബന്ധമായ ഒരു വൈഷമ്യമാണെന്ന് ഓർമിക്കുക. അതുകൊണ്ട് അധ്യാപകർ പദാന്ധതയുള്ള കുട്ടികളുമായി അവരുടെ ക്ലാസ്സുകളിൽ സമയം ചെലവഴിക്കുകയും അവരെ സഹായിക്കാൻ ശ്രമം ചെലുത്തുകയും വേണം. നിങ്ങൾ കുട്ടികളിൽനിന്നു പ്രതീക്ഷിക്കുന്നതിൽ യാഥാർഥ്യബോധമുള്ളവരായിരുന്നുകൊണ്ട് അവരുടെ നൈരാശ്യം കുറയ്ക്കുക. ഇതൊക്കെയായാലും, പദാന്ധതയുള്ള ഒരു കുട്ടി ഉച്ചത്തിൽ വായിക്കാൻ പ്രയാസമുള്ള ഒരു മുതിർന്നവ്യക്തിയായി വളർന്നുവന്നേക്കാം.
പരാജയമനോഭാവമുള്ളവർ ആയിത്തീരരുത്. പകരം, കുട്ടികൾ വരുത്തുന്ന ഏതു പുരോഗതിക്കും—തീർച്ചയായും അവരുടെ എല്ലാ ശ്രമത്തിനും—അവരെ പ്രശംസിക്കുക. വിവേചനാരഹിതമായ പ്രശംസയും ഒഴിവാക്കുക. അധ്യാപകർ ചില പുരോഗതികൾ ശ്രദ്ധിക്കുമ്പോൾ അവർ പദാന്ധതയുള്ള ഒരു വിദ്യാർഥിയോട് ഇങ്ങനെ പറയണമെന്ന് പ്രൊഫസർ മൈൽസ് ശുപാർശചെയ്യുന്നു: “ഉവ്വ്, നീ ചില തെറ്റുകൾ വരുത്തിയിരിക്കുന്നുവെന്നു ഞാൻ സമ്മതിക്കുന്നു. എങ്കിലും നീ നന്നായി ചെയ്തിരിക്കുന്നു എന്നാണ് ഞാൻ പറയുന്നത്; അത് കഴിഞ്ഞയാഴ്ചത്തെക്കാൾ പുരോഗമിച്ചിരിക്കുന്നു. മാത്രമല്ല, നിന്റെ വൈകല്യത്തിന്റെ വീക്ഷണത്തിൽ അത് തൃപ്തികരമായ ഒരു ഫലമാണ്.” എന്നാൽ പുരോഗതിയൊന്നും ഇല്ലാത്തപ്പോൾ അദ്ദേഹം ഇങ്ങനെ പറയാൻ ബുദ്ധ്യുപദേശിക്കുന്നു: “അതേ, ഇന്നിന്ന കാര്യങ്ങൾ നിനക്ക് ഇപ്പോഴും വിഷമകരമായിരിക്കുന്നതായി തോന്നുന്നു; നിന്നെ സഹായിക്കാനുള്ള ഏതെങ്കിലും വ്യത്യസ്ത മാർഗം കണ്ടുപിടിക്കാമോയെന്നു നമുക്കു നോക്കാം.”
പദാന്ധതയുള്ള കുട്ടിയുടെ വായനയെക്കുറിച്ച് അപലപനീയമായ അഭിപ്രായങ്ങൾ പറയാതിരിക്കാൻ സൂക്ഷിക്കുക. പുസ്തകങ്ങളും വായനയും അവന് ആസ്വാദ്യമാക്കിത്തീർക്കാൻ ഉദ്യമിക്കുക. എങ്ങനെ? വളരെ സാവധാനം വായിക്കുന്നയാൾക്കു മിക്കപ്പോഴും ശ്രദ്ധപതറുന്നതിനാൽ വായിച്ചുകൊണ്ടിരിക്കുന്ന വരിയുടെ അടിയിലായി ഒരു മാർക്കറോ ഒരുപക്ഷേ ഒരു ചെറിയ സ്കെയിലോ പിടിക്കുന്നതു സംബന്ധിച്ചു മാതാപിതാക്കൾക്കും അധ്യാപകർക്കും കുട്ടിക്കു നിർദേശം കൊടുക്കാൻ കഴിയും. വാക്കിലെ അക്ഷരങ്ങൾ തെറ്റായ ക്രമത്തിൽ വായിക്കുന്നതാണു പ്രശ്നമെങ്കിൽ “ഏതാണ് ആദ്യത്തെ അക്ഷരം?” എന്നു ദയാപൂർവം ചോദിക്കുക.
പദാന്ധതയുള്ള ഒരു കുട്ടിയോട് അവന്റെ ഉത്തരങ്ങൾ തെറ്റാണെന്നു കണക്ക് അധ്യാപകൻ കൂടെക്കൂടെ പറയുമ്പോൾ അവന് എത്ര നിരാശ തോന്നുമെന്നു സങ്കൽപ്പിക്കുക. എന്നാൽ പരാജയംമൂലമുള്ള നിരാശയ്ക്കു പകരം കണക്കു ശരിയായി ചെയ്യാൻ പറ്റിയതിലുള്ള സംതൃപ്തി ഉളവാകത്തക്കവണ്ണം അൽപ്പംകൂടെ എളുപ്പമുള്ള കണക്കുകൾ അവനു കൊടുത്താൽ അത് എത്ര നന്നായിരിക്കും.
“പദാന്ധതയുള്ളവർക്കുള്ള താക്കോൽ എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ചു പഠിക്കുന്നതാണ്” എന്ന് ഒരു വിദഗ്ധ അധ്യാപിക പറയുന്നു. കുട്ടിക്കു ശരിയായി വായിക്കാനും അക്ഷരവിന്യാസം നടത്താനും സഹായകമാകത്തക്കവിധം കാഴ്ചയും ശ്രവണവും സ്പർശനവും സമന്വയിപ്പിക്കുക. “വിദ്യാർഥി ശ്രദ്ധാപൂർവം നോക്കേണ്ടതുണ്ട്, അവധാനപൂർവം ശ്രദ്ധിക്കേണ്ടതുണ്ട്, എഴുതുമ്പോൾ തന്റെ കൈയുടെ ചലനങ്ങളും സംസാരിക്കുമ്പോൾ തന്റെ വായുടെ ചലനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്” എന്ന് പ്രൊഫസർ മൈൽസ് വിശദീകരിക്കുന്നു. ഇതു ചെയ്യുക വഴി, പദാന്ധതയുള്ള കുട്ടി ഒരു അക്ഷരത്തിന്റെ ലിഖിത രൂപത്തെ തന്റെ ശബ്ദവും അതെഴുതുന്നതിനാവശ്യമായ കൈയുടെ ചലനങ്ങളുമായി സമീകരിക്കുന്നു. കുഴപ്പിക്കുന്ന അക്ഷരങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ കുട്ടിയെ സഹായിക്കുന്നതിനുവേണ്ടി ഓരോ അക്ഷരവും അതിലെ വ്യത്യസ്ത ബിന്ദുവിൽനിന്ന് എഴുതിത്തുടങ്ങാൻ അവനെ പഠിപ്പിക്കുക. “ഏറ്റവും നല്ല ഫലങ്ങൾക്കായി, ഓരോ [പദാന്ധതയുള്ള] കുട്ടിയെയും ഒരു വിദ്യാർഥിക്ക് ഒരു അധ്യാപകൻ എന്ന അടിസ്ഥാനത്തിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം പഠിപ്പിക്കാൻ” വായനയും പദാന്ധതയുള്ള കുട്ടിയും എന്ന പ്രസിദ്ധീകരണം ശുപാർശചെയ്യുന്നു. ദുഃഖകരമെന്നു പറയട്ടെ, സാഹചര്യങ്ങൾ വിരളമായേ ഇത് അനുവദിക്കാറുള്ളൂ. എന്നിരുന്നാലും, പദാന്ധതയുള്ളവർക്കു തങ്ങളെത്തന്നെ സഹായിക്കാൻ കഴിയും.
സ്വയം സഹായം
നിങ്ങൾക്കു പദാന്ധതയുണ്ടെങ്കിൽ നിങ്ങൾ ഏറ്റവും ഉൻമേഷമുള്ളവരായിരിക്കുമ്പോൾ വായനയുടെ അധികപങ്കും നിർവഹിക്കാൻ ലക്ഷ്യമിടുക. പദാന്ധതയുള്ള വിദ്യാർഥികൾ ഒന്നര മണിക്കൂറോളം തുടർച്ചയായി വായിക്കുന്നപക്ഷം നല്ല ഫലങ്ങൾ കൈവരിക്കുന്നതായും എന്നാൽ അതിനുശേഷം അവരുടെ ജോലിയുടെ നിലവാരം കുറയുന്നതായും ഗവേഷകർ ശ്രദ്ധിച്ചിട്ടുണ്ട്. “ഓരോ ദിവസവും ക്രമമായും എന്നാൽ പരിമിതമായ അളവിലും പഠിക്കുന്നത് ഇടയ്ക്കിടെയുള്ള കഠിനപ്രയത്നത്തെക്കാൾ പ്രയോജനപ്രദമായിരിക്കാൻ സാധ്യതയുണ്ടെ”ന്ന് കോളെജിലെ പദാന്ധത (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം പറയുന്നു. നന്നായി വായിക്കാനും അക്ഷരവിന്യാസം നടത്താനും നിങ്ങൾ ദീർഘനാൾ എടുക്കുമെന്നതു ശരിതന്നെ. എന്നാൽ പരിശ്രമിച്ചുകൊണ്ടേയിരിക്കുക.
കൂടെകൊണ്ടുനടക്കാവുന്ന ഒരു ടൈപ്പ്റൈറ്ററോ അതിലും മെച്ചമായി, നിങ്ങൾ ടൈപ്പു ചെയ്യുന്ന കാര്യങ്ങളുടെ അക്ഷരവിന്യാസം പരിശോധിക്കാൻ നിങ്ങളെ സഹായിക്കുന്ന പ്രോഗ്രാമോടുകൂടിയ ഒരു വേർഡ് പ്രോസെസ്സറോ ഉപയോഗപ്പെടുത്തുക. ഇതോടൊപ്പം വിവരങ്ങൾ എങ്ങനെ സംഘടിപ്പിക്കണമെന്നും വിദഗ്ധമായി കൈകാര്യം ചെയ്യണമെന്നും പഠിക്കുക.—13-ാം പേജിലെ ചതുരം കാണുക.
പുസ്തകങ്ങളുടെ ഓഡിയോ കാസെറ്റ് റെക്കോർഡുകൾ ശ്രദ്ധിച്ചുകൊണ്ട് അവ ആസ്വദിക്കുക. വാസ്തവത്തിൽ, ഈ മാസികയും അതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരവും മുഴു ബൈബിളെന്നപോലെ കാസെറ്റിൽ ഇപ്പോൾ പല ഭാഷകളിലും ക്രമമായി പ്രത്യക്ഷമാകുന്നുണ്ട്.
ചതുരം വായിച്ചതിനുശേഷം നിങ്ങൾക്കു പദാന്ധതയുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ പ്രശ്നം മറച്ചുവയ്ക്കരുത്. അത് അംഗീകരിക്കുകയും പരിഗണനയിലെടുക്കുകയും ചെയ്യുക. ഉദാഹരണത്തിന്, നിങ്ങൾ ഒരു ജോലിക്കായുള്ള ഇന്റർവ്യൂവിനുവേണ്ടി തയ്യാറെടുക്കുകയായിരിക്കാം. സാഹചര്യം ഉളവാക്കുന്ന സമ്മർദം മൂലം വ്യക്തമായും സംക്ഷിപ്തമായും ആശയങ്ങൾ അവതരിപ്പിക്കാൻ പലയാളുകളെയും പോലെ നിങ്ങൾക്കും ബുദ്ധിമുട്ടുള്ളതായി നിങ്ങൾ കണ്ടെത്തിയേക്കാം. ചില പരിശീലന ഇന്റർവ്യൂകൾ നേരത്തെ നടത്തിനോക്കരുതോ?
പദാന്ധതയുളവാക്കുന്ന വൈഷമ്യങ്ങൾ അനായാസം ഭേദമാകുന്നില്ല. എന്നാൽ അത്ഭുതാവയവമായ മസ്തിഷ്കം ഈ പ്രശ്നത്തിന്റെ കുറവു നികത്തുന്നു. അതുകൊണ്ട് സ്ഥിരമായ അസന്തുഷ്ടിക്കു സാധ്യതയില്ല. ജൂലി, വനെസ്സ, ഡേവിഡ് ഇവരെല്ലാം തങ്ങളുടെ നിരാശ തരണംചെയ്യാൻ കഠിനമായി പ്രയത്നിച്ചിരിക്കുന്നു. നിങ്ങൾക്കും അങ്ങനെതന്നെ ചെയ്യാൻ കഴിയും. നിങ്ങൾക്കുള്ള പ്രത്യേക വൈഷമ്യം പഠനത്തിൽനിന്നും നിങ്ങളെ തടയേണ്ടതില്ലെന്നു തിരിച്ചറിയുക. ശരിയായ രീതിയിൽ വായിക്കാനും പഠിക്കാനും അക്ഷരവിന്യാസം നടത്താനുമുള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കുക. അങ്ങനെ ചെയ്യുന്നത് പദാന്ധത നിമിത്തമുള്ള നിരാശ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കും.
[അടിക്കുറിപ്പ്]
a ചില അധികൃതർ എഴുത്തുമായി ബന്ധപ്പെട്ട പഠന വൈഷമ്യങ്ങളെ വർണിക്കാൻ “ഡിസ്ഗ്രാഫിയ” എന്ന പദവും ഗണിതവുമായി ബന്ധപ്പെട്ടവയെ വർണിക്കാൻ “ഡിസ്കാൽക്കുലിയ” എന്ന പദവും ഉപയോഗിക്കുന്നു.
[13-ാം പേജിലെ ചതുരം]
ആത്മസംഘാടനത്തിനുള്ള നുറുങ്ങുകൾ
താഴെപ്പറയുന്നവ ഉപയോഗപ്പെടുത്തുക:
•വ്യക്തിപരമായ ഒരു നോട്ടീസ് ബോർഡ്
•ഒരു ആസൂത്രണ കലണ്ടർ
•പേപ്പറുകൾ വെക്കുന്നതിനുള്ള ഒരു ട്രേ
•വ്യക്തിപരമായ ഒരു ഫയൽ
•ഒരു ഡയറി
•ഒരു മേൽവിലാസ ബുക്ക്
[14-ാം പേജിലെ ചതുരം]
കുട്ടികളിലെ പദാന്ധത തിരിച്ചറിയുന്ന വിധം
ഓരോ പ്രായവിഭാഗക്കാർക്കും വേണ്ടിയുള്ള താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ മൂന്നോ നാലോ എണ്ണത്തിനു നിങ്ങൾ ഉവ്വ് എന്ന് ഉത്തരം പറയുന്നെങ്കിൽ, ബന്ധപ്പെട്ട കുട്ടികൾക്ക് ഒരു പരിധിവരെ പദാന്ധത ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്.
8-ഓ അതിൽ താഴെയോ വയസ്സുള്ള കുട്ടികൾ:
അവർ സംസാരിക്കാൻ പഠിക്കുന്നതിനു താമസമുള്ളവരായിരുന്നോ?
വായിക്കാനോ അക്ഷരവിന്യാസം നടത്താനോ അവർക്ക് ഇപ്പോഴും പ്രത്യേകതരത്തിലുള്ള വൈഷമ്യമുണ്ടോ? ഇതു നിങ്ങളെ അമ്പരപ്പിക്കുന്നുണ്ടോ?
വായിക്കുന്നതും അക്ഷരവിന്യാസം നടത്തുന്നതുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ അവർ ജാഗ്രതയുള്ളവരും ബുദ്ധിയുള്ളവരും ആണെന്ന ധാരണ നിങ്ങൾക്കുണ്ടോ?
അവർ അക്ഷരങ്ങളും സംഖ്യകളും തെറ്റായ ക്രമത്തിൽ എഴുതുന്നുവോ?
കണക്കുകൂട്ടുമ്പോൾ, അവരുടെ പ്രായത്തിലുള്ള മറ്റുള്ളവർ ഉപയോഗിക്കുന്നതിലുമധികം സമയം കട്ടകളുടെയും വിരലുകളുടെയും കടലാസിലിടുന്ന അടയാളങ്ങളുടെയും സഹായം അവർക്കു വേണ്ടിവരുന്നുവോ? ഗുണന പട്ടികകൾ ഓർമിക്കാൻ അവർക്ക് അസാധാരണമായ പ്രയാസമുണ്ടോ?
ഇടതും വലതും തിരിച്ചറിയാൻ അവർക്കു വിഷമമുണ്ടോ?
അവർ അസാധാരണമാംവിധം ചുണയില്ലാത്തവരാണോ? (പദാന്ധതയുള്ള എല്ലാ കുട്ടികളും ചുണയില്ലാത്തവരല്ല.)
8 മുതൽ 12 വരെ വയസ്സുള്ള കുട്ടികൾ:
അവർ അസാധാരണമായ അക്ഷരത്തെറ്റുകൾ വരുത്തുന്നുവോ? അവർ ചിലപ്പോൾ വാക്കുകളിൽനിന്ന് അക്ഷരങ്ങൾ വിട്ടുകളയുകയോ അവയെ ക്രമംതെറ്റിച്ച് എഴുതുകയോ ചെയ്യുന്നുവോ?
അവർ വായിക്കുമ്പോൾ പ്രത്യക്ഷത്തിൽ അശ്രദ്ധമൂലമുള്ള തെറ്റുകൾ വരുത്തുന്നുവോ?
വായനാഗ്രാഹ്യം അവരുടെ പ്രായത്തിലുള്ള കുട്ടികളിൽനിന്നു പ്രതീക്ഷിക്കുന്നതിനെക്കാൾ സാവധാനത്തിലാണെന്നു തോന്നുന്നുവോ?
സ്കൂളിൽ ബ്ലാക്ക്ബോർഡിൽനിന്നു പകർത്തിയെഴുതാൻ അവർക്കു ബുദ്ധിമുട്ടുണ്ടോ?
ഉച്ചത്തിൽ വായിക്കുമ്പോൾ, അവർ വാക്കുകളോ ഒരു വരി മൊത്തത്തിൽ തന്നെയോ വിട്ടുകളയുന്നുവോ, അതോ അവർ ഒരു വരി തന്നെ രണ്ടുതവണ വായിക്കുന്നുണ്ടോ? ഉച്ചത്തിൽ വായിക്കുന്നത് അവർക്ക് അപ്രിയമാണോ?
ഗുണന പട്ടികകൾ ഓർമിക്കാൻ അവർക്ക് ഇപ്പോഴും പ്രയാസമുണ്ടോ?
ദിശ സംബന്ധിച്ച് അവർക്ക് ഒരു തെറ്റായ ബോധമാണോ ഉള്ളത്, ഇടതും വലതും മാറിപ്പോകുന്നുവോ?
അവർക്ക് ആത്മവിശ്വാസമില്ലായ്മയും ആത്മാഭിമാനക്കുറവും ഉണ്ടോ?
[കടപ്പാട്]
—ബ്രിട്ടീഷ് പദാന്ധതാ അസോസിയേഷൻ പ്രസിദ്ധീകരിച്ച അവെയർനസ് ഇൻഫൊർമേഷൻ, ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ബ്രോഡ്കാസ്റ്റിങ് സപ്പോർട്ട് സർവീസസ്, ചാനൽ 4 ടെലിവിഷൻ ഉത്പാദിപ്പിച്ച പദാന്ധത.
[12-ാം പേജിലെ ചിത്രം]
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, വായിക്കാനുള്ള വരിയുടെ അടിയിലായി ഒരു മാർക്കർ പിടിക്കുക