‘വിക്കന്മാരുടെ നാവു സംസാരിക്കും’
ചെക്കോസ്ലോവാക്യയിലെ (ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്ക്) യഹോവയുടെ സാക്ഷികളുടെ പ്രത്യേക സമ്മേളനദിനത്തിന്റെ ഉച്ചതിരിഞ്ഞുള്ള സെഷനായിരുന്നു അത്, ബൈബിൾ പ്രബോധനം സ്വീകരിക്കാനായി നൂറു കണക്കിനാളുകൾ അവിടെ ഒന്നിച്ചുകൂടിയിരുന്നു. ഞാൻ എന്റെ ഭാഗം പുനരവലോകനം ചെയ്തുകൊണ്ടു പ്രസംഗവേദിയുടെ പുറകിൽ നിൽക്കുകയായിരുന്നു. അതു വലിയ ഒന്നായിരുന്നില്ല. രണ്ടു യുവസാക്ഷികൾ അനുഭവങ്ങൾ പറയുമ്പോൾ എനിക്ക് ആ ഭാഗത്തിന്റെ അധ്യക്ഷനായി സേവിക്കണമായിരുന്നു, അത്രമാത്രം. അന്നു രാവിലെ എനിക്കു മനഃസംഘർഷം അനുഭവപ്പെട്ടിരുന്നു, ഇപ്പോൾ അതു വർധിച്ചുവരികയായിരുന്നു. എനിക്ക് അക്ഷരാർഥത്തിൽ തളർന്നുപോകുന്നതുപോലെ തോന്നുകയും അങ്ങേയറ്റം ഉത്കണ്ഠ അനുഭവപ്പെടുകയും സംസാരിക്കാൻ മേലാതാകുകയും ചെയ്തു.
അത്തരമൊരു സാഹചര്യത്തിൽ മിക്കവാറും എല്ലാവരുംതന്നെ പരിഭ്രമമുള്ളവരായിരിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടാവാം. എന്നാൽ ഇതു വെറും പരിഭ്രമമായിരുന്നില്ല. എന്തുകൊണ്ടാണെന്നു ഞാൻ വിശദീകരിക്കാം.
എന്റെ സംസാര വൈകല്യം
12-ാമത്തെ വയസ്സിൽ ഞാൻ വീണ് തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റു. അതിനുശേഷം എനിക്ക് ഇടയ്ക്കിടയ്ക്കു വിക്കുണ്ടാകുകയോ പദങ്ങൾ ഉച്ചരിക്കാൻ പ്രയാസം അനുഭവപ്പെടുകയോ ചെയ്തിരുന്നു, പ്രത്യേകിച്ച് പ, ക, റ്റ, ഡ, മ എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന പദങ്ങൾ. ചിലപ്പോൾ എനിക്കു സംസാരിക്കാൻപോലും കഴിഞ്ഞിരുന്നില്ല.
ഈ പ്രശ്നം അന്ന് എന്നെ വളരെയധികമൊന്നും അലട്ടിയില്ല; അത് ഒരു അസൗകര്യമായി മാത്രമേ തോന്നിയുള്ളൂ. എന്നാൽ വർഷങ്ങൾ കടന്നുപോയപ്പോൾ, ഏതു തരത്തിലുള്ള പരസ്യ ഭാഷണത്തോടുമുള്ള ഒരു യഥാർഥ ഭയം എന്നിൽ വികാസംപ്രാപിച്ചു. ഒരിക്കൽ സ്കൂളിൽവെച്ച് ഒരു റിപ്പോർട്ടു കൊടുത്തുകൊണ്ടിരിക്കുമ്പോൾ ഞാൻ തലകറങ്ങി വീണു. ചിലപ്പോൾ കടയിൽ പോകുമ്പോൾ എന്താണു വേണ്ടതെന്നു വിൽപ്പനക്കാർ ചോദിക്കുന്ന സമയത്ത് എനിക്ക് അവരോട് ഉത്തരം പറയാൻ കഴിയുമായിരുന്നില്ല. ഞാൻ അവിടെനിന്ന് സംസാരിക്കാനായി പാടുപെടുമ്പോൾ അവരുടെ അസ്വസ്ഥത വർധിക്കും: “വേഗമാകട്ടെ, എനിക്കു ദിവസം മുഴുവനും കളയാനില്ല. സാധനം വാങ്ങാൻ വന്ന മറ്റാളുകൾ കാത്തുനിൽക്കുന്നു.” അതിന്റെ ഫലമായി, ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ എനിക്കു കഴിയുമായിരുന്നില്ല.
എന്റെ സ്കൂൾ വർഷങ്ങൾ വളരെ പ്രയാസം നിറഞ്ഞവയായിരുന്നു. എനിക്കു വാചിക റിപ്പോർട്ടുകൾ നൽകേണ്ടി വരുമ്പോൾ സഹപാഠികൾ എന്റെ വിക്കിനെ കളിയാക്കുമായിരുന്നു. എങ്കിലും, ഞാൻ ഹൈസ്കൂളിൽനിന്നു പാസാകുകയും 1979-ൽ ചെക്കോസ്ലോവാക്യയിലെ പ്രാഗിലുള്ള സർവകലാശാലയിൽ പഠിക്കാൻ പോവുകയും ചെയ്തു. എനിക്കു കായികാഭ്യാസം ഇഷ്ടമായിരുന്നതുകൊണ്ട് ഒരു കായികാധ്യാപകനായിത്തീരാനുള്ള കോഴ്സുകൾ ഞാൻ സ്വീകരിച്ചു. എന്നാൽ എനിക്ക് എങ്ങനെ ലക്ഷ്യം കൈവരിക്കാൻ കഴിയും? ആശങ്കകളുണ്ടായിരുന്നിട്ടും ഞാൻ പതറാതെ മുന്നോട്ടു നീങ്ങി.
സഹായം തേടുന്നു
സംസാര വൈകല്യത്തിൽനിന്ന് എന്നെ മോചിപ്പിക്കാനുള്ള ഒരു മാർഗം ഉണ്ടായിരുന്നേ മതിയാകുമായിരുന്നുള്ളൂ. അതുകൊണ്ടു സർവകലാശാലയിലെ ബിരുദലബ്ധിക്കുശേഷം വിദഗ്ധ സഹായം നേടാൻ ഞാൻ തീരുമാ നിച്ചു. സംസാര വൈകല്യങ്ങളെ വിശേഷവിധിയായി ചികിത്സിക്കുന്ന ഒരു ക്ലിനിക്ക് ഞാൻ പ്രാഗിൽ തിരഞ്ഞു കണ്ടുപിടിച്ചു. ആദ്യത്തെ കൂടിക്കാഴ്ചയിൽ ഒരു നേഴ്സ് വിചാരശൂന്യമായി ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ന്യൂറോസിസ് അസാധാരണമായ ഒന്നാണ്!” വിക്ക് ന്യൂറോസിസ് സംബന്ധമായ ഒരു അവസ്ഥയല്ലെന്നു വിദഗ്ധർ സമ്മതിക്കുന്നുവെങ്കിലും അവർ എന്നെ ന്യൂറോസിസ് ഉള്ളയാളായി കണക്കാക്കിയതിനെക്കുറിച്ചോർത്തപ്പോൾ എനിക്കു വിഷമം തോന്നി. ഞാൻ അസാധാരണമായ ഒരു വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നതെന്നു മനസ്സിലാക്കാൻ ദീർഘനേരം എടുത്തില്ല: ഞാൻ 24 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു, മറ്റു രോഗികളെല്ലാം കുട്ടികളും.
പെട്ടെന്നുതന്നെ മനശ്ശാസ്ത്രജ്ഞനുൾപ്പെടെ മുഴു ജോലിക്കാരും എന്നെ സഹായിക്കാനെത്തി. അവർ എല്ലാ രീതികളും പരീക്ഷിച്ചുനോക്കി. ഒരിക്കൽ, അഞ്ച് ആഴ്ചത്തേക്ക് ആരോടും സംസാരിക്കരുതെന്ന് അവർ എന്നെ വിലക്കി. മറ്റൊരിക്കൽ, ഒരേ സ്വരത്തിലും വ-ള-രെ സാവധാനവും മാത്രം സംസാരിക്കാൻ അവർ എന്നെ അനുവദിച്ചു. ആ സമീപനം സഹായകരമായിരുന്നെങ്കിലും അതുമൂലം എനിക്കു പാമ്പാട്ടി എന്ന ഇരട്ടപ്പേരു ലഭിച്ചു, എന്തുകൊണ്ടെന്നാൽ എന്റെ റിപ്പോർട്ടുകളുടെ സമയത്തു പലരും ഉറങ്ങിപ്പോകുമായിരുന്നു.
യഹോവയുടെ സാക്ഷികളുമായുള്ള ബന്ധപ്പെടൽ
1984-ലെ ഒരു വേനൽക്കാല ദിവസം ഞാൻ പട്ടണത്തിലെ വാണിജ്യകേന്ദ്രത്തിലൂടെ നടക്കവേ രണ്ടു ചെറുപ്പക്കാർ എന്നെ സമീപിച്ചു. അവരുടെ ബാഹ്യാകാരമല്ല, പിന്നെയോ അവർ പറഞ്ഞ സംഗതിയാണ് എന്നെ അതിശയിപ്പിച്ചത്. മനുഷ്യവർഗത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും അറുതിവരുത്തുന്ന ഒരു ഗവൺമെൻറ്, ഒരു രാജ്യം, ദൈവത്തിനുണ്ടെന്ന് അവർ പറഞ്ഞു. അവർ അവരുടെ ഫോൺ നമ്പർ എനിക്കു നൽകി, പിന്നീടു ഞാൻ അവർക്കു ഫോൺ ചെയ്തു.
അന്ന് യഹോവയുടെ സാക്ഷികൾ ചെക്കോസ്ലോവാക്യയിൽ ഒരു നിയമപരമായ മത സംഘടനയെന്ന നിലയിൽ തിരിച്ചറിയപ്പെട്ടിട്ടില്ലായിരുന്നു. എന്നാൽ, താമസംവിനാ എന്റെ താത്പര്യം വളരുകയും അവരുടെ യോഗങ്ങളിൽ ഞാൻ പങ്കെടുത്തുതുടങ്ങുകയും ചെയ്തു. സാക്ഷികൾക്ക് അന്യോന്യമുള്ള സ്നേഹവും താത്പര്യവും എനിക്ക് അനുഭവവേദ്യമായി.
ആത്മവിശ്വാസത്തിലേക്കുള്ള പാത
എന്റെ സംസാര വൈകല്യത്തിനുള്ള സഹായം വന്നതു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ എന്നു വിളിക്കപ്പെടുന്ന, യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളിലും വാരംതോറും നടത്തപ്പെടുന്ന ഒരു സ്കൂളിന്റെ രൂപത്തിലാണ്. അതിൽ പേർചാർത്താൻ ഞാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു, ഞാൻ പേർചാർത്തി. സ്കൂളിലെ പാഠപുസ്തകങ്ങളിലൊന്നായ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ ഗൈഡ്ബുക്കിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങളെ അടിസ്ഥാനമാക്കി ഞാൻ ഒഴുക്ക്, ഉച്ചാരണം, അർഥം ഊന്നിപ്പറയൽ, ഉച്ചനീചത്വം തുടങ്ങിയ സംഭാഷണ ഗുണങ്ങളിൽ പരിശീലനം നേടി.a
എന്റെ ആദ്യത്തെ വിദ്യാർഥി പ്രസംഗം—അതൊരു ബൈബിൾ വായനയായിരുന്നു—തികഞ്ഞ പരാജയമായിരുന്നു. എനിക്കു വലിയ പരിഭ്രമമായിരുന്നു, ഞാൻ ഒരുതരത്തിലാണു വീട്ടിൽ ചെന്നെത്തിയത്. ഷവറിലെ ചൂടുവെള്ളത്തിൽ കുളിച്ചപ്പോഴുണ്ടായ ആശ്വാസത്തിനു ഞാൻ എത്ര നന്ദിയുള്ളവനായിരുന്നു!
ആദ്യത്തെ ആ പ്രസംഗത്തിനുശേഷം സ്കൂൾ മേൽവിചാരകൻ എനിക്കു ദയാപുരസ്സരം വ്യക്തിപരമായ ശ്രദ്ധ നൽകി. അദ്ദേഹം എനിക്കു ക്രിയാത്മകമായ ബുദ്ധ്യുപദേശം തന്നുവെന്നു മാത്രമല്ല, എന്നെ അനുമോദിക്കുകയും ചെയ്തു. അത് എനിക്കു ശ്രമം തുടരുന്നതിനുള്ള ധൈര്യം പകർന്നുതന്നു. അതിനുശേഷം ഉടൻതന്നെ, അതായത് 1987-ൽ, ഞാൻ ഒരു സമർപ്പിത സാക്ഷിയായിത്തീർന്നു. ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ പ്രാഗിൽനിന്നും സ്ഡാർ നാഡ് സാസാവോ എന്ന ശാന്തമായ ചെറു പട്ടണത്തിലേക്കു താമസം മാറി. ആ പ്രദേശത്തെ സാക്ഷികളുടെ ചെറിയ സംഘം എന്നെ ഊഷ്മളമായി സ്വാഗതം ചെയ്തു. അപ്പോഴും എനിക്കുണ്ടായിരുന്ന സംസാര തടസ്സം അവരും അംഗീകരിച്ചു, അത് എന്റെ ആത്മാഭിമാനം വർധിപ്പിച്ചു.
കാലക്രമത്തിൽ, ഞാൻ ഒരു ചെറിയ ബൈബിളധ്യയന കൂട്ടത്തിന് അധ്യയനം നടത്താൻ തുടങ്ങി. പിന്നെ ഞാൻ എന്റെ ആദ്യത്തെ പരസ്യ ബൈബിൾ പ്രസംഗം നടത്തി. ഒടുവിൽ, ചെക്കോസ്ലോവാക്യയിലെ ഗവൺമെന്റു മാറിയപ്പോൾ അത്തരം പ്രസംഗങ്ങൾ ഞാൻ അയൽസഭകളിലും നടത്തിത്തുടങ്ങി. അപരിചിതമായ ചുറ്റുപാടുകളിൽ എന്റെ സംസാര വൈകല്യങ്ങൾ മടങ്ങിയെത്തി. എന്നാൽ ഞാൻ ശ്രമം ഉപേക്ഷിച്ചില്ല.
പ്രത്യേക വെല്ലുവിളികളെ നേരിടൽ
ഒരു ദിവസം ഒരു ക്രിസ്തീയ മൂപ്പൻ എന്നെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തേക്കു ക്ഷണിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “പീറ്റർ എനിക്കു താങ്കളോട് ഒരു സുവാർത്ത പറയാനുണ്ട്! ഈ വരുന്ന സർക്കിട്ട് സമ്മേളനത്തിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” എനിക്കു തലകറങ്ങുന്നതുപോലെ തോന്നി, ഞാൻ അവിടെയിരുന്നുപോയി. എന്റെ സുഹൃത്തിനെ നിരാശനാക്കിക്കൊണ്ടു ഞാൻ ആ വാഗ്ദാനം നിരസിച്ചു.
ആ നിരസിക്കൽ എന്നെ അലട്ടിക്കൊണ്ടിരുന്നു. അത് എന്റെ മനസ്സിൽനിന്നും അകറ്റാൻ എനിക്കു കഴിഞ്ഞില്ല. ദൈവത്തിൽ ആശ്രയിക്കുന്നതിനെക്കുറിച്ചു ക്രിസ്തീയ യോഗങ്ങളിൽ പരാമർശം ഉണ്ടായപ്പോഴെല്ലാം ആ നിരസിക്കലിനെക്കുറിച്ചു ഞാൻ വേദനയോടെ ഓർമിച്ചു. ദൈവത്തിന്റെ നിർദേശമനുസരിച്ചു വെറും 300 പുരുഷൻമാരുമായി മുഴു മിദ്യാന്യ സൈന്യത്തെയും നേരിട്ട ഗിദെയോനെക്കുറിച്ചു യോഗങ്ങളിൽ ചിലപ്പോൾ പരാമർശമുണ്ടായിരുന്നു. (ന്യായാധിപന്മാർ 7:1-25) തന്റെ ദൈവമായ യഹോവയിൽ യഥാർഥത്തിൽ ആശ്രയം വച്ച ഒരു മനുഷ്യനായിരുന്നു അവൻ! ആ നിയമനം നിരസിച്ചപ്പോൾ ഞാൻ ഗിദെയോന്റെ മാതൃക പിൻപറ്റിയോ? പൂർണ സത്യസന്ധതയോടെ, പിൻപറ്റിയെന്ന് എനിക്കു പറയാൻ കഴിയുമായിരുന്നില്ല. എനിക്കു ലജ്ജ തോന്നി.
എങ്കിലും, എന്റെ ക്രിസ്തീയ സഹോദരൻമാർ എന്നെ സഹായിക്കുന്നതു വിട്ടുകളഞ്ഞില്ല. അവർ എനിക്കു മറ്റൊരവസരം തന്നു. ഒരു പ്രത്യേക സമ്മേളനദിന പരിപാടിയിൽ പങ്കുപറ്റാൻ ഞാൻ ക്ഷണിക്കപ്പെട്ടു. ഇത്തവണ ഞാൻ സമ്മതിച്ചു. ഈ പദവിക്കു ഞാൻ നന്ദിയുള്ളവനായിരുന്നെങ്കിലും തുറന്നു പറയട്ടെ, നിറയെ ആളുകളുള്ള ഒരു ഹാളിനെ അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ഞാൻ സ്തംഭിച്ചുപോയി. യഹോവയിലുള്ള എന്റെ ആശ്രയം വർധിപ്പിക്കുന്നതിൽ എനിക്കു യഥാർഥത്തിൽ ശ്രമം നടത്തേണ്ടിയിരുന്നു. എന്നാൽ എങ്ങനെ?
മറ്റു സാക്ഷികൾക്ക് അവനിലുണ്ടായിരുന്ന വിശ്വാസവും ആശ്രയവും അടുത്തു പരിചിന്തിച്ചുകൊണ്ടുതന്നെ. അങ്ങനെ ചെയ്യുന്നത് എന്നെ ബലപ്പെടുത്തി. ഒരു സുഹൃത്തിന്റെ പുത്രിയായ ആറു വയസ്സുകാരി വെറുങ്കായുടെ ഒരു കത്തും എനിക്ക് ഒരു നല്ല മാതൃകയായി ഉതകി. അവൾ ഇങ്ങനെയെഴുതി: “സെപ്റ്റംബറിൽ ഞാൻ സ്കൂളിൽ പോകുകയാണ്. ദേശീയഗാനത്തിന്റെ കാര്യം എന്താകുമെന്ന് എനിക്കറിയില്ല. യഹോവ ഇസ്രായേലിനുവേണ്ടി പോരാടിയതുപോലെ എനിക്കുവേണ്ടി പോരാടുമെന്നു ഞാൻ വിശ്വസിക്കുന്നു.”
ഞാൻ തുടക്കത്തിൽ സംസാരിച്ച ആ പ്രത്യേക സമ്മേളനദിനത്തിന്റെ ഉച്ചതിരിഞ്ഞുള്ള സെഷനിലേക്കു നയിച്ച സംഭവങ്ങളിൽ ചിലതു മാത്രമായിരുന്നു അവ. ഞാൻ ഉള്ളുരുകി പ്രാർഥിച്ചിരുന്നു. ആ വലിയ സദസ്സിനു മുമ്പാകെ ദൈവത്തിന്റെ വലിയ നാമം സ്തുതിക്കാനായി ഒരുങ്ങി നിൽക്കവേ എന്റെ സംസാരത്തിന്റെ ഒഴുക്കിനെക്കുറിച്ച് എനിക്കപ്പോൾ വളരെയധികം ഉത്കണ്ഠയുണ്ടായിരുന്നില്ല.
അങ്ങനെ, നൂറുകണക്കിന് ആളുകളെ അഭിമുഖീകരിച്ചുകൊണ്ട് എന്റെ മുന്നിൽ പ്രതിഷ്ഠിച്ചിരുന്ന മൈക്കിന്റെയൊപ്പം ഞാൻ നിലയുറപ്പിച്ചു. അപ്പോൾ, സന്ദേശം സന്ദേശവാഹകനെക്കാൾ പ്രധാനമാണ് എന്നു മനസ്സിലാക്കിക്കൊണ്ടു ഞാൻ ഒരു ദീർഘശ്വാസം വലിച്ചിട്ട് ആരംഭിച്ചു. പിന്നീട്, കാര്യങ്ങളെ വിലയിരുത്താൻ എനിക്കു സമയം ലഭിച്ചു. എനിക്കു പരിഭ്രമമുണ്ടായിരുന്നോ? തീർച്ചയായും, ഞാൻ ഏതാനും തവണ വിക്കുകപോലും ചെയ്തു. എങ്കിലും, ദൈവത്തിന്റെ സഹായമില്ലായിരുന്നെങ്കിൽ എനിക്കു സംസാരിക്കാനേ കഴിയുമായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു.
ഒരു ക്രിസ്തീയ സഹോദരൻ ഒരിക്കൽ എന്നോടു പറഞ്ഞ ഒരു സംഗതിയെക്കുറിച്ചു പിന്നീടു ഞാൻ ചിന്തിക്കാൻ തുടങ്ങി: “താങ്കൾക്കു വിക്കിന്റെ പ്രശ്നമുള്ളതുകൊണ്ട് ആഹ്ലാദിക്കുക.” അദ്ദേഹം ആ പ്രസ്താവന നടത്തിയപ്പോൾ ഞാൻ യഥാർഥത്തിൽ അമ്പരന്നുപോയി. അദ്ദേഹത്തിന് അങ്ങനെയൊരു കാര്യം എങ്ങനെ പറയാൻ കഴിഞ്ഞു? അദ്ദേഹം എന്താണ് അർഥമാക്കിയതെന്ന് പിന്തിരിഞ്ഞു നോക്കവേ എനിക്കിപ്പോൾ മനസ്സിലാകുന്നു. എന്നിൽ ആശ്രയിക്കുന്നതിനു പകരം ദൈവത്തിൽ ആശ്രയിക്കുന്നതിന് എന്റെ സംസാര വൈകല്യം എന്നെ സഹായിച്ചിരിക്കുന്നു.
ആ പ്രത്യേക സമ്മേളനദിനത്തിന്റെ ഉച്ചതിരിഞ്ഞുള്ള സമയം കഴിഞ്ഞിട്ട് ഏതാനും വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വലിയ സദസ്സുകളുടെ മുമ്പാകെ സംസാരിക്കുന്നതുൾപ്പെടെയുള്ള മറ്റു പദവികൾ ഈ വർഷങ്ങളിൽ എനിക്കു ലഭിച്ചിട്ടുണ്ട്. ഞാൻ സ്ഡാർ നാഡ് സാസവൗവിൽ ഒരു ക്രിസ്തീയ മൂപ്പനായും പയനിയറായും—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ അങ്ങനെയാണു വിളിക്കുന്നത്—നിയമിക്കപ്പെട്ടു. ഒന്നു സങ്കൽപ്പിക്കൂ! ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിച്ചുകൊണ്ട് അന്നു ഞാൻ ഓരോ മാസവും നൂറിലേറെ മണിക്കൂറുകൾ ചെലവഴിച്ചു, ക്രിസ്തീയ യോഗങ്ങളിൽ വാരംതോറുമുള്ള പഠിപ്പിക്കലിൽ ഞാൻ ചെലവഴിച്ച സമയം കൂട്ടാതെയാണ് ഇത്. ഓരോ ആഴ്ചയും വ്യത്യസ്ത സഭകളിൽ പ്രസംഗങ്ങൾ നടത്തിക്കൊണ്ട് ഇപ്പോൾ ഞാൻ ഒരു സർക്കിട്ട് മേൽവിചാരകനായി സേവനമനുഷ്ഠിക്കുകയാണ്.
യെശയ്യാവു എന്ന ബൈബിൾ പുസ്തകത്തിലെ ഈ പ്രത്യേക പ്രവചനം വായിക്കുമ്പോഴെല്ലാം എന്റെ ഹൃദയം വിലമതിപ്പിനാൽ നിറഞ്ഞു തുളുമ്പുന്നു: “വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.” (യെശയ്യാവു 32:4; പുറപ്പാടു 4:12) യഹോവയുടെ ബഹുമതിക്കും സ്തുതിക്കും മഹത്ത്വത്തിനുമായി “വ്യക്തമായി സംസാരി”ക്കാൻ എന്നെ സഹായിച്ചുകൊണ്ട് വാസ്തവത്തിൽ യഹോവ എന്നോടൊപ്പമുണ്ടെന്നു തെളിയിച്ചിരിക്കുന്നു. നമ്മുടെ ഏറ്റവും കരുണാമയനായ ദൈവത്തെ സ്തുതിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ സംതൃപ്തനും സന്തുഷ്ടനുമാണ്.—പീറ്റർ കുൺട്സ് പറഞ്ഞപ്രകാരം.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.