സിക്കിൾ സെൽ അനീമിയ—അറിവ് ഏറ്റവും നല്ല പ്രതിരോധം
നൈജീരിയയിലെ ഉണരുക! ലേഖകൻ
സമ്മേളന മുറിയിൽ 32 ആളുകളുണ്ടായിരുന്നു, മിക്കവരും സ്ത്രീകളും കുട്ടികളും. തീരെ ക്ഷീണിച്ച, പിങ്ക് ഉടുപ്പിട്ട ആറുവയസ്സുകാരി ടോപെ നിശ്ശബ്ദയായി തന്റെ അമ്മയ്ക്കരികിൽ ഒരു മരക്കസേരയിൽ ഇരിപ്പുണ്ടായിരുന്നു. വേദന വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു നഴ്സ് പറയവേ അവൾ ശ്രദ്ധിച്ചിരുന്നു.
വേദനയെക്കുറിച്ചു ടോപെക്ക് അറിയാമായിരുന്നു—പൊടുന്നനെ വരുന്ന, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന, എന്നിട്ട് കുറയുന്ന ആ വല്ലാത്ത വേദന. പ്രായത്തെക്കാൾ കവിഞ്ഞ ഗൗരവം അവൾക്കു നേടിക്കൊടുത്തതും ഒരുപക്ഷേ ഈ വേദനയായിരിക്കാം.
“ഇവൾ എന്റെ മൂത്ത കുട്ടിയാണ്,” അവളുടെ അമ്മ പറഞ്ഞു. “ആദ്യം മുതലേ അവൾക്ക് എപ്പോഴും അസുഖമായിരുന്നു. ഞാൻ അനേകം പള്ളികളിൽ പോയി, അവരൊക്കെ അവൾക്കുവേണ്ടി പ്രാർഥിച്ചു. എന്നിട്ടും അവൾക്ക് അസുഖം പിടിപെട്ടു. ഒടുവിൽ ഞാനവളെ ആശുപത്രിയിൽ കൊണ്ടുപോയി. അവർ അവളുടെ രക്തം പരിശോധിച്ചു. അവൾക്ക് ‘സിക്കിൾ സെൽ അനീമിയ’ പിടിപെട്ടിട്ടുണ്ടെന്ന് അവർ കണ്ടെത്തി.”
അത് എന്താണ്?
നൈജീരിയയിലെ ബെനിൻ നഗരത്തിലുള്ള സിക്കിൾ സെൽ അനീമിയാ ചികിത്സാകേന്ദ്രത്തിൽവെച്ച്, സിക്കിൾ സെൽ അനീമിയ രക്തത്തിന്റെ ഒരു വൈകല്യമാണെന്നു ടോപെയുടെ അമ്മയ്ക്കു മനസ്സിലായി. അന്ധവിശ്വാസങ്ങളിൽനിന്നു വിരുദ്ധമായി, ദുർമന്ത്രവാദവുമായോ മരിച്ചവരുടെ ആത്മാക്കളുമായോ അതിനു യാതൊരു ബന്ധവുമില്ല. മാതാപിതാക്കന്മാരിൽനിന്നാണു കുട്ടികൾക്കു സിക്കിൾ സെൽ അനീമിയ ലഭിക്കുന്നത്. അതു പകർച്ചവ്യാധിയല്ല. മറ്റൊരാളിൽനിന്നു നിങ്ങൾക്ക് ഈ വൈകല്യം പിടിപെടാനുള്ള ഒരു സാധ്യതയുമില്ല. ഒന്നുകിൽ ജനനംമുതൽ നിങ്ങൾക്കതുണ്ട്, അല്ലെങ്കിൽ ഇല്ല. പ്രതിവിധിയൊന്നുമില്ലെങ്കിലും രോഗലക്ഷണങ്ങൾ ചികിത്സിച്ചുമാറ്റാമെന്നും ടോപെയുടെ അമ്മ മനസ്സിലാക്കി.a
സിക്കിൾ സെൽ അനീമിയ പൊതുവേ കാണപ്പെടുന്നത് ആഫ്രിക്കൻ വംശജരിലാണ്. സിക്കിൾ സെൽ അനീമിയാ ചികിത്സാകേന്ദ്രത്തിലെ ഡയറക്ടറായ ഡോ. ഐ. യു. ഒമൊയീകെ ഉണരുക!-യോട് പറഞ്ഞു: “കറുത്ത വർഗക്കാർ ഏറ്റവും കൂടുതൽ നൈജീരിയയിലാണുള്ളത്. അതുകൊണ്ടുതന്നെ സിക്കിൾ സെൽ അനീമിയ രോഗമുള്ള ഏറ്റവും കൂടുതൽ ആളുകളുള്ളതും അവിടെയാണ്. അത് ഈ രാജ്യത്തെ ലോകത്തിന്റെ സിക്കിൾ സെൽ തലസ്ഥാനമാക്കി മാറ്റുന്നു.” ലേഗോസിലെ ഡെയ്ലി ടൈംസ് പറയുന്നതനുസരിച്ച് ഏതാണ്ടു പത്തു ലക്ഷം നൈജീരിയക്കാർക്കു സിക്കിൾ സെൽ അനീമിയയുണ്ട്. കൂടാതെ, വർഷംതോറും 60,000 പേർ ഇതുമൂലം മരിക്കുന്നുമുണ്ടത്രെ.
രക്തത്തിലുള്ള ഒരു പ്രശ്നം
ഈ വൈകല്യം മനസ്സിലാക്കണമെങ്കിൽ രക്തം എന്താണു ചെയ്യുന്നതെന്നും അതു ശരീരത്തിലൂടെ എങ്ങനെ പ്രവഹിക്കുന്നുവെന്നും നാം അറിഞ്ഞിരിക്കണം. ഒരു ഉദാഹരണം ഇതിനു സഹായിക്കും. കുഗ്രാമങ്ങളിൽ ജീവിക്കുന്ന ആളുകളെ പോഷിപ്പിക്കാൻ ഇറക്കുമതി ചെയ്യുന്ന ഭക്ഷണപദാർഥങ്ങളെ ആശ്രയിക്കുന്ന ഒരു രാജ്യത്തെക്കുറിച്ചു വിഭാവന ചെയ്യുക. ട്രക്കുകൾ തലസ്ഥാനഗരങ്ങളിലേക്കു പോകുന്നു. അവിടെവെച്ച് അവയിൽ ഭക്ഷണസാധനങ്ങൾ കയറ്റുന്നു. പ്രധാന നിരത്തുകളിലൂടെ അവ നഗരം വിടുന്നു. പക്ഷേ, കുഗ്രാമങ്ങളിൽ എത്തുമ്പോൾ റോഡുകളുടെ വീതി കുറയുന്നു.
എല്ലാം ശരിയായി പോകുന്നപക്ഷം, ട്രക്കുകൾ അവയുടെ ലക്ഷ്യസ്ഥാനത്തെത്തുന്നു, ഭക്ഷണസാധനങ്ങൾ ഇറക്കുന്നു, എന്നിട്ട് അടുത്ത തവണ വിതരണം ചെയ്യാൻ ആവശ്യമായ ഭക്ഷണം ശേഖരിക്കാൻ വീണ്ടും നഗരത്തിലേക്കു തിരിക്കുന്നു. എന്നാൽ, ട്രക്കുകളിൽ പലതിന്റെയും പ്രവർത്തനം സ്തംഭിക്കുകയാണെങ്കിൽ ഭക്ഷണം ചീഞ്ഞുപോകുമെന്നു മാത്രമല്ല, മറ്റു ട്രക്കുകൾക്കു കടന്നുപോകാനും കഴിയുകയില്ല. അപ്പോൾ ഗ്രാമീണർക്കു ഭക്ഷിക്കാൻ ഒന്നും കാണുകയില്ല.
ഇതേ വിധത്തിൽ, അരുണരക്താണുക്കൾ ശ്വാസകോശങ്ങളിലേക്കു സഞ്ചരിക്കുന്നു. അവിടെനിന്ന് അവ ഓക്സിജൻ—ശരീരത്തിന് ആവശ്യമായ ആഹാരം—ശേഖരിക്കുന്നു. എന്നിട്ട് ശ്വാസകോശം വിട്ടു പ്രധാന ധമനികളിലൂടെ ക്ഷണത്തിൽ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും സഞ്ചരിക്കുന്നു. ഒടുവിൽ, ചെറിയ രക്തവാഹികളിലൂടെ അരുണരക്താണുക്കൾ ഒറ്റയൊറ്റയായി കടന്നുപോകാവുന്നവിധം “റോഡുകൾ” തീരെ ചെറുതായിത്തീരുന്നു. ശരീരത്തിലെ കോശങ്ങളെ പോഷിപ്പിക്കുന്ന ഓക്സിജന്റെ ആ ചുമട് അവ നിക്ഷേപിക്കുന്നത് ഇവിടെയാണ്.
ഒരു സാധാരണ അരുണരക്താണു ചെറിയൊരു നാണയം പോലെ വൃത്താകൃതിയിലുള്ളതാണ്. ഏറ്റവും ചെറിയ രക്തവാഹികളിലൂടെ അവ തികച്ചും അനായാസമായി കടന്നുപോകും. എന്നാൽ സിക്കിൾ സെൽ അനീമിയ ഉള്ളവരിൽ രക്താണുക്കൾക്കു തകരാറു സംഭവിക്കുന്നു. അവയ്ക്കു വൃത്താകൃതി നഷ്ടമാവുകയും ഒരു വാഴപ്പഴത്തിന്റെയോ ഒരു കർഷകന്റെ പണിയായുധമായ സിക്കിളിന്റെയോ (അരിവാൾ) ആകൃതിയിലായിത്തീരുകയും ചെയ്യുന്നു. അരിവാൾ പോലെ വളഞ്ഞ ഈ രക്താണുക്കൾ, മറ്റ് അരുണരക്താണുക്കൾക്കു കടന്നുപോകാൻ സാധിക്കാത്തവിധം, ഒരു ട്രക്ക് ചേറിൽ പൂണ്ടുപോകുന്നതുപോലെ ശരീരത്തിലെ ചെറിയ ധമനികളിൽ കുടുങ്ങിപ്പോകുന്നു. ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തപ്രവാഹം കുറയുമ്പോൾ ഓക്സിജൻ വിതരണം നിലയ്ക്കുന്നു. വേദനാജനകമായ രോഗമാണു ഫലം.
സാധാരണ സിക്കിൾ സെൽ രോഗത്തിന്റെ ഫലമായി അസ്ഥികളിലും സന്ധികളിലും അസഹനീയമായ വേദന ഉണ്ടാകുന്നു. രോഗമൂർച്ഛയുണ്ടാകുന്നത് മുൻകൂട്ടിപ്പറയുക അസാധ്യമാണ്; ഒന്നുകിൽ അപൂർവമായോ അല്ലെങ്കിൽ കൂടെക്കൂടെ ഓരോ മാസമോ അവ ഉണ്ടായേക്കാം. അവ ഉണ്ടാകുമ്പോൾ അത് കുട്ടിക്കും മാതാപിതാക്കൾക്കും വളരെ അസ്വസ്ഥതയുളവാക്കും. സിക്കിൾ സെൽ ചികിത്സാകേന്ദ്രത്തിൽ ജോലിചെയ്യുന്ന ഒരു നഴ്സാണ് ഈഹുടെ. “സിക്കിൾ സെൽ അനീമിയ ഉള്ള ഒരു കുട്ടിയെ കൈകാര്യം ചെയ്യുന്നത് എളുപ്പമൊന്നുമല്ല,” അവർ പറയുന്നു. “എനിക്ക് അതറിയാം. കാരണം, എന്റെ മകൾക്ക് ഈ വൈകല്യമുണ്ട്. വേദനയുണ്ടാകുന്നതു പെട്ടെന്നാണ്. അവൾ അലറിക്കരയും, അപ്പോൾ ഞാനും കരയും. രണ്ടോ മൂന്നോ ദിവസത്തിനുശേഷമോ ചിലപ്പോൾ ഒരാഴ്ചയ്ക്കുശേഷമോ ആയിരിക്കും വേദന ഇല്ലാതാകുന്നത്.”
രോഗലക്ഷണങ്ങൾ
കുട്ടിക്ക് ആറു മാസം പിന്നിടുമ്പോഴാണു പലപ്പോഴും രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നത്. ആദ്യത്തെ ലക്ഷണങ്ങളിലൊന്നാണ്, കൈയിലോ കാൽപാദത്തിലോ അല്ലെങ്കിൽ രണ്ടിടത്തുമോ ഉണ്ടാകുന്ന വേദനയുളവാക്കുന്ന നീര്. കുട്ടി കൂടെക്കൂടെ കരയുകയും അധികം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തേക്കാം. കണ്ണിന്റെ വെളുത്ത ഭാഗം മഞ്ഞ നിറമായി കാണപ്പെട്ടേക്കാം. നാക്ക്, ചുണ്ടുകൾ, കൈപ്പത്തികൾ എന്നിവ അസാധാരണമായി വിളറിയിരുന്നേക്കാം. ഇത്തരം രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന കുട്ടികളെ ആശുപത്രിയിലേക്കു കൊണ്ടുപോകണം. അവിടെ നടത്തുന്ന രക്തപരിശോധനയിൽ, കുഴപ്പം സിക്കിൾ സെൽ അനീമിയയാണോയെന്ന് അറിയാൻ സാധിച്ചേക്കും.
അരിവാൾ ആകൃതിയിലായ കോശങ്ങൾ രക്തവാഹികളിൽ തടസ്സം സൃഷ്ടിക്കുമ്പോൾ, വേദന കൂടുതലായും ബാധിക്കുന്നതു സന്ധികളെയാണ്. രോഗം മൂർച്ഛിച്ചാൽ—ചിലപ്പോൾ വിപത്കരമായ ഭവിഷ്യത്തുകൾക്ക് ഇടയാക്കിക്കൊണ്ട്—മസ്തിഷ്കം, ശ്വാസകോശങ്ങൾ, ഹൃദയം, വൃക്കകൾ, പ്ലീഹ എന്നിവയുടെ പ്രവർത്തനം താറുമാറായേക്കാം. കണങ്കാലിൽ ഉണ്ടാകുന്ന വ്രണങ്ങൾ വർഷങ്ങളോളം നിന്നെന്നുവരാം. കുട്ടികൾക്കു കോച്ചിപ്പിടുത്തങ്ങളും മസ്തിഷ്കാഘാതങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സിക്കിൾ സെൽ അനീമിയ ഉള്ളവർ വിശേഷിച്ച് സാംക്രമിക രോഗങ്ങൾക്കു വിധേയരാകാൻ സാധ്യതയുണ്ട്. കാരണം, ഈ വൈകല്യം സ്വാഭാവിക പ്രതിരോധശക്തിയെ ക്ഷയിപ്പിക്കുന്നു. പൊതുവേ, മരണത്തിനുള്ള കാരണം രോഗബാധയാണ്.
തീർച്ചയായും, സിക്കിൾ സെൽ അനീമിയ ഉള്ള എല്ലാവർക്കും ഈ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മാത്രമല്ല, കൗമാരപ്രായാന്ത്യത്തിൽ ചിലർക്ക് ഈ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുമില്ല.
ചികിത്സ
മക്കളുടെ അസുഖം മാറ്റിത്തരുമെന്നു തോന്നുന്ന ചികിത്സാവിധികളുടെ പിന്നാലെ പാഞ്ഞ് അനേകം മാതാപിതാക്കന്മാർ സമയവും പണവും പാഴാക്കിക്കളഞ്ഞിട്ടുണ്ട്. പക്ഷേ, സിക്കിൾ സെൽ അനീമിയയ്ക്കു നിലവിൽ പ്രതിവിധിയൊന്നുമില്ല; അതൊരു ആയുഷ്കാല അസുഖമാണ്. എങ്കിലും, രോഗമൂർച്ഛയുടെ ആവർത്തനം കുറയ്ക്കാൻ സാധിക്കുന്ന ലളിതമായ കാര്യങ്ങളുണ്ട്. മാത്രമല്ല, അവ സംഭവിക്കുമ്പോൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതികളുമുണ്ട്.
രോഗമൂർച്ഛയുണ്ടാകുമ്പോൾ, മാതാപിതാക്കന്മാർ തങ്ങളുടെ കുട്ടിക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകണം. വീര്യം കുറഞ്ഞ ഒരു വേദനാസംഹാരിയും അവർക്കു നൽകാൻ സാധിക്കും. കലശലായ വേദനയുണ്ടെങ്കിൽ, ഡോക്ടറുടെ പക്കൽനിന്നും മാത്രം ലഭിക്കുന്ന വീര്യം കൂടിയ ഔഷധങ്ങൾ വേണ്ടിവന്നേക്കാം. എങ്കിലും, ഖേദകരമെന്നു പറയട്ടെ, ചിലപ്പോൾ വീര്യം കൂടിയ ഔഷധങ്ങൾപോലും ആശ്വാസം കൈവരുത്തുകയില്ല. എങ്കിലും പരിഭ്രമിക്കേണ്ടതില്ല. ഒട്ടുമിക്ക കേസുകളിലും, ഏതാനും മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോശേഷം വേദന ഇല്ലാതെയാവുകയും രോഗി സൗഖ്യം പ്രാപിക്കുകയും ചെയ്തേക്കാം.
ഈ വൈകല്യം ചികിത്സിച്ചുമാറ്റാനുള്ള ഔഷധങ്ങൾ ശാസ്ത്രജ്ഞന്മാർ തേടിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, ഹൈഡ്രൊക്സിയൂറിയ എന്ന ഔഷധം, സിക്കിൾ സെൽ രോഗികളിലെ വേദനാജനകമായ രോഗമൂർച്ഛ പകുതിയായി കുറച്ചുവെന്ന് 1995-ന്റെ ആരംഭത്തിൽ ഐക്യനാടുകളിലെ നാഷണൽ ഹാർട്ട്, ലങ്, ആൻറ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. അരുണരക്താണുക്കളുടെ ആകൃതിക്കു മാറ്റം വരുന്നതും അവ രക്തവാഹികളിൽ തടസ്സം സൃഷ്ടിക്കുന്നതും തടഞ്ഞുകൊണ്ടാണ് ഈ ഔഷധം അങ്ങനെ ചെയ്യുന്നത് എന്നാണു വിചാരിക്കുന്നത്.
ഇത്തരം ഔഷധങ്ങൾ എല്ലായിടത്തും ലഭ്യമല്ല. മാത്രമല്ല, അവ എല്ലാ സാഹചര്യത്തിലും സഹായകവുമല്ല. വിപത്തുകൾ പരക്കെ അറിയപ്പെടുന്നവയാണെങ്കിലും ആഫ്രിക്കയിലും മറ്റിടങ്ങളിലുമുള്ള ഡോക്ടർമാർ അടിയന്തിര സാഹചര്യങ്ങളിൽ സിക്കിൾ രോഗികളെ ചികിത്സിക്കാൻ പതിവായി രക്തപ്പകർച്ചകൾ നടത്താറുണ്ട്.
രോഗമൂർച്ഛ തടയൽ
“രോഗമൂർച്ഛ തടയാൻ ധാരാളം വെള്ളം കുടിക്കാൻ ഞങ്ങൾ രോഗികളോട് പറയുന്നു,” സിക്കിൾ സെൽ ചികിത്സാകേന്ദ്രത്തിലെ ജനിതക ഉപദേഷ്ട്രിയായ ആലുമൊണ പറയുന്നു. “വെള്ളം, ശരീരത്തിലെ രക്തവാഹികളിലൂടെ രക്തം പ്രവഹിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു. സിക്കിൾ സെൽ അനീമിയയുള്ള മുതിർന്നയാളുകൾ ദിവസേന മൂന്നുമുതൽ നാലുവരെ ലിറ്റർ വെള്ളം കുടിക്കണം. തീർച്ചയായും, കുട്ടികൾ വെള്ളം കുറച്ചേ കുടിക്കൂ. സ്കൂളുകളിലേക്കു വാട്ടർ ബോട്ടിലുകൾ കൊണ്ടുപോകാൻ സിക്കിൾ സെൽ അനീമിയയുള്ള കുട്ടികളെ ഞങ്ങൾ പഠിപ്പിക്കുന്നു. ഈ കുട്ടികൾ കൂടെക്കൂടെ മൂത്രമൊഴിക്കുന്നതിനു പോകാനുള്ള അനുവാദം ചോദിച്ചേക്കാമെന്നത് അധ്യാപകർ മനസ്സിലാക്കണം. ഈ വൈകല്യമില്ലാത്തവരെ അപേക്ഷിച്ച് അത്തരം കുട്ടികൾ കൂടെക്കൂടെ തങ്ങളുടെ കിടക്ക നനയ്ക്കുമെന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരിക്കണം.
ഈ അസുഖം വ്യക്തിയെ അപകടസന്ധിയിൽ എത്തിച്ചേക്കാമെന്നതുകൊണ്ട് സിക്കിൾ സെൽ അനീമിയയുള്ളവർ തങ്ങളുടെ ആരോഗ്യപരിപാലനത്തിനായി നല്ലവണ്ണം ശ്രമം ചെലുത്തണം. വ്യക്തിപരമായ ശുചിത്വം കാത്തുസൂക്ഷിക്കുകയും ദീർഘസമയം കഠിനമായി അധ്വാനിക്കുന്നത് ഒഴിവാക്കുകയും നല്ല സമീകൃതാഹാരം കഴിക്കുകയും ചെയ്യുകവഴി അവർക്ക് ഇതു ചെയ്യാവുന്നതാണ്. ഭക്ഷണക്രമം പലതരത്തിലുള്ള ജീവകങ്ങളും ഫോളിക് ആസിഡും അടങ്ങിയതായിരിക്കണമെന്നു ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
മലമ്പനി സാധാരണമായുള്ള പ്രദേശങ്ങളിൽ സിക്കിൾ സെൽ അനീമിയയുള്ളവർ കൊതുകുകടി ഒഴിവാക്കുകയും അസുഖം പിടിപെടാതിരിക്കാൻവേണ്ട ഔഷധങ്ങൾ കഴിക്കുകയും ചെയ്തുകൊണ്ടു തങ്ങളെത്തന്നെ സംരക്ഷിക്കുന്നതു ബുദ്ധിയായിരിക്കും. മലമ്പനി അരുണരക്താണുക്കളെ നശിപ്പിക്കുന്നതുകൊണ്ട്, സിക്കിൾ സെൽ അനീമിയയുള്ളവരെ സംബന്ധിച്ചിടത്തോളം അതു വിശേഷിച്ചും അപകടകരമായിരിക്കും.
സിക്കിൾ സെൽ അനീമിയയുള്ളവർ ക്രമമായി വൈദ്യപരിശോധന നടത്തേണ്ടതുമാണ്. ഏതെങ്കിലും തരത്തിലുള്ള രോഗബാധയോ അസുഖമോ മുറിവുകളോ ഉണ്ടായാൽ അടിയന്തിരമായ വൈദ്യശുശ്രൂഷ തേടിയിരിക്കണം. ഇത്തരം മാർഗനിർദേശങ്ങൾ ശ്രദ്ധയോടെ പിൻപറ്റിയാൽ സിക്കിൾ സെൽ അനീമിയയുള്ള പലർക്കും സന്തുഷ്ടമായ സാധാരണ ജീവിതം നയിക്കാവുന്നതാണ്.
അതു കുട്ടികളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്ന വിധം
ഈ അസുഖം മാതാപിതാക്കളിൽനിന്നു കുട്ടികളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്ന വിധത്തെക്കുറിച്ചു മനസ്സിലാക്കണമെങ്കിൽ, രക്തജിനോടൈപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. രക്തജിനോടൈപ്പ് രക്തഗ്രൂപ്പിൽനിന്നു വ്യത്യസ്തമാണ്; ജിനോടൈപ്പ് ജീനുകളോടു ബന്ധപ്പെട്ടതാണ്. മിക്കയാളുകൾക്കും എഎ (AA) എന്ന ജിനോടൈപ്പാണുള്ളത്. മാതാപിതാക്കളിൽ ഒരാളിൽനിന്ന് എ ജീനും മറ്റേയാളിൽനിന്ന് എസ് ജീനും കൈവശപ്പെടുത്തുന്ന ഒരാളുടേത് എഎസ് രക്തജിനോടൈപ്പായിരിക്കും. എഎസ് രക്തജിനോടൈപ്പുള്ള ആളുകൾക്കു സിക്കിൾ സെൽ അനീമിയ ഉണ്ടായിരിക്കുകയില്ല. എന്നാൽ, തങ്ങളുടെ സന്താനങ്ങളിലേക്കു വൈകല്യം കടത്തിവിടാൻ അവർക്കു കഴിയും. മാതാപിതാക്കളിൽ ഒരാളിൽനിന്ന് ഒരു എസ് ജീനും മറ്റേയാളിൽനിന്ന് മറ്റൊരു എസ് ജീനും കൈവശപ്പെടുത്തുന്ന ആളുകളുടേത്, എസ്എസ് രക്തജിനോടൈപ്പായിരിക്കും. അതായത്, സിക്കിൾ സെൽ അനീമിയയുടെ ജിനോടൈപ്പായിരിക്കും അത്.
അതുകൊണ്ട്, ഒരു കുട്ടി എസ്എസ്-ടൈപ്പ് രക്തം അവകാശപ്പെടുത്തണമെങ്കിൽ, അവൻ അല്ലെങ്കിൽ അവൾ, മാതാപിതാക്കളിൽ ഇരുവരുടെയും പക്കൽനിന്നു വൈകല്യമുള്ള എസ് ജീൻ അവകാശപ്പെടുത്തണം. ഒരു കുഞ്ഞ് ജനിക്കണമെങ്കിൽ രണ്ട് ആളുകൾ ആവശ്യമായിരിക്കുന്നതുപോലെതന്നെ, സിക്കിൾ സെൽ അനീമിയ കൈമാറ്റം ചെയ്യപ്പെടണമെങ്കിലും രണ്ട് ആളുകൾ ഉണ്ടായിരിക്കണം. സാധാരണഗതിയിൽ, മാതാപിതാക്കൾ ഇരുവർക്കും എഎസ്-ടൈപ്പ് രക്തം ഉണ്ടെങ്കിലാണു വൈകല്യം കൈമാറ്റം ചെയ്യപ്പെടുന്നത്. എഎസ്-ടൈപ്പ് രക്തമുള്ള ഒരാൾ എഎസ്-ടൈപ്പ് രക്തമുള്ള മറ്റൊരാളെ വിവാഹം ചെയ്യുകയാണെങ്കിൽ ജനിക്കുന്ന കുട്ടിക്ക് എസ്എസ്-ടൈപ്പ് രക്തം ഉണ്ടാകാൻ നാലിലൊന്നു ശതമാനം സാധ്യതയുണ്ട്.
അവർക്കു നാലു മക്കളുണ്ടെങ്കിൽ ഒരാൾക്കു സിക്കിൾ സെൽ അനീമിയ ഉണ്ടാകുമെന്നും മറ്റു മൂന്നു പേർക്ക് അത് ഉണ്ടായിരിക്കുകയില്ലെന്നും ഇതിനർഥമില്ല. നാലു പേരിൽ ഒരാൾ എസ്എസ് ആയിരിക്കാൻ സാധ്യതയുള്ളപ്പോൾതന്നെ, രണ്ടുപേരോ മൂന്നുപേരോ ഒരുപക്ഷേ നാലുപേരോപോലും എസ്എസ് ആയിരിക്കാനും സാധ്യതയുണ്ട്. കുട്ടികളിലാരുംതന്നെ എസ്എസ് ആയിരിക്കാതിരിക്കാനും സാധ്യതയുണ്ട്.
വിവാഹത്തിനുമുമ്പുള്ള ജ്ഞാനപൂർവകമായ തീരുമാനങ്ങൾ
വിവാഹം ചെയ്യുന്നതിനു വളരെ നാൾ മുമ്പുതന്നെ തങ്ങളുടെ രക്തജിനോടൈപ്പുകൾ ഏതാണെന്ന് ആഫ്രിക്കൻ വംശജരായ ആളുകൾ കണ്ടുപിടിക്കുന്നതു ബുദ്ധിയാണ്. ഇത് ഒരു രക്തപരിശോധനയിലൂടെ നടത്താൻ സാധിക്കും. എഎ രക്തമുള്ള ആളുകൾ ആരെ വിവാഹം ചെയ്താലും അവരുടെ മക്കളിൽ ആർക്കുംതന്നെ സിക്കിൾ സെൽ അനീമിയ ഉണ്ടാകാനുള്ള സാധ്യതയില്ല എന്ന് ഉറപ്പാക്കാം. എഎസ് രക്തമുള്ളവർ, എഎസ് രക്തമുള്ളവരെത്തന്നെ വിവാഹം ചെയ്താൽ സിക്കിൾ സെൽ അനീമിയയുള്ള കുട്ടിയെ ജനിപ്പിക്കാനുള്ള സാധ്യത ഏറെയാണെന്ന് അവർ മനസ്സിലാക്കണം.
എഎസ്, എഎസ്-കാരെ വിവാഹം ചെയ്യുന്നതിനെ ഒട്ടേറെ ഡോക്ടർമാർ ശക്തമായി നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും സിക്കിൾ സെൽ ചികിത്സാകേന്ദ്രത്തിലെ ഉപദേഷ്ടാക്കൾ സ്വന്തം തീരുമാനമെടുക്കാൻ ആളുകളെ അനുവദിക്കുന്നു. ഡോ. ഒമോയിക് പറയുന്നു: “ആളുകളെ പേടിപ്പെടുത്തുന്നതോ അവർ ആരെ വിവാഹം ചെയ്യണമെന്ന് അല്ലെങ്കിൽ ചെയ്യരുതെന്ന് പറയുന്നതോ അല്ല ഞങ്ങളുടെ ജോലി. എഎസ് ദമ്പതികൾക്കു ജനിക്കുന്ന കുട്ടികൾക്ക് എസ്എസ് രക്തമുണ്ടാകുമെന്ന് ആർക്കും ഉറപ്പായി മുൻകൂട്ടി പറയുക സാധ്യമല്ല. കാരണം അതു യാദൃച്ഛികമാണ്. അഥവാ അവർക്ക് ഒരു എസ്എസ് കുഞ്ഞ് ജനിച്ചാൽതന്നെ അധികം പ്രശ്നങ്ങളൊന്നുമില്ലാതെ ആ കുട്ടിക്കു വൈകല്യം പേറാൻ സാധിക്കും. പക്ഷേ, ആളുകൾ തങ്ങളുടെ ജിനോടൈപ്പ് അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു. കൂടാതെ, ഒരു എസ്എസ് കുഞ്ഞ് ജനിക്കുകയാണെങ്കിൽ അത് ഒരു അത്ഭുതമായിരിക്കുകയില്ലാത്തവിധം എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചു ബോധ്യമുണ്ടായിരിക്കാൻ വേണ്ടി ഞങ്ങൾ മുൻകൂട്ടി ആളുകളെ സഹായിക്കാൻ ശ്രമിക്കുന്നു. ആ വിധത്തിൽ, അവർ, അറിവിനെ അടിസ്ഥാനപ്പെടുത്തി തീരുമാനമെടുക്കാനുള്ള സ്ഥാനത്തായിരിക്കുമെന്നു മാത്രമല്ല, ആ തീരുമാനങ്ങളുടെ ഭവിഷ്യത്തുകൾ സ്വീകരിക്കാൻ തങ്ങളെത്തന്നെ ഒരുക്കുന്നതിനും അവർക്കു കഴിയും.”
[അടിക്കുറിപ്പ്]
a സിക്കിൾ സെൽ ഹിമോഗ്ലോബിൻ സി രോഗവും സിക്കിൾ ബീറ്റ തലാസിമിയയും ഓക്സിജൻ വഹിക്കാനുള്ള രക്തത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്ന, പാരമ്പര്യമായി ലഭിക്കുന്ന ചില സിക്കിൾ സെൽ വൈകല്യങ്ങളാണ്.
[24-ാം പേജിലെ ചതുരം]
സ്നേഹത്തിന്റെ പ്രാധാന്യം
ഇപ്പോൾ 20-കളുടെ ആരംഭത്തിലായിരിക്കുന്ന ജോയിക്കു സിക്കിൾ സെൽ അനീമിയ ഉണ്ട്. അവൾ യഹോവയുടെ സാക്ഷികളിലൊരാളായതുകൊണ്ട് ഒരിക്കലും രക്തപ്പകർച്ച സ്വീകരിച്ചിട്ടില്ല. അവളുടെ അമ്മ, ഒലാ പറയുന്നു: “ജോയിയുടെ രക്തം വർധിക്കാൻ അവൾക്കു നല്ല ഭക്ഷണം ലഭിക്കുന്നുവെന്നു ഞാൻ എപ്പോഴും ഉറപ്പുവരുത്താറുണ്ട്. മാതാപിതാക്കന്മാരിൽനിന്നുള്ള സ്നേഹപുരസ്സരമായ പരിചരണത്തിന് ഏറെ ചെയ്യാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ എല്ലാ മക്കളുടെയും പോലെതന്നെ അവളുടെ ജീവനും എനിക്കു വളരെ വിലപ്പെട്ടതാണ്. തീർച്ചയായും എല്ലാ കുട്ടികൾക്കും സ്നേഹം ആവശ്യമാണ്. എന്നാൽ ഒരസുഖത്തോടു മല്ലടിക്കുന്നവർക്ക് അത് എത്രയധികം ആവശ്യമാണ്!”
[23-ാം പേജിലെ ചിത്രങ്ങൾ]
അമ്പടയാളങ്ങളാൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ടോപെക്ക് അരിവാൾ രൂപത്തിലുള്ള രക്താണുക്കളുണ്ട്
[കടപ്പാട്]
Sickle cells: Image #1164 from the American Society of Hematology Slide Bank. Used with permission