വാക്കുകൾ ആയുധങ്ങളായിത്തീരുമ്പോൾ
“വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു.”—സദൃശവാക്യങ്ങൾ 12:18.
“വിവാഹത്തിനു ശേഷം ആഴ്ചകൾക്കുള്ളിൽ അത് ആരംഭിച്ചു,” എന്ന് ഇലൻ പറയുന്നു.a “നിർദയ പരാമർശനങ്ങൾ, തരംതാഴ്ത്തുന്ന അഭിപ്രായപ്രകടനങ്ങൾ, എന്നെ അപമാനിക്കാനുള്ള ശ്രമങ്ങൾ എന്നിവതന്നെ. ഞാൻ എന്റെ ഭർത്താവിനു ചേരുന്നവളായിരുന്നില്ല. അദ്ദേഹത്തിന്റെ ക്ഷിപ്ര മനസും നാവും ഞാൻ പറഞ്ഞതിനെ എല്ലാം വളച്ചൊടിക്കുകയും അവയ്ക്കു ദുരർഥം കൽപ്പിക്കുകയും ചെയ്തിരുന്നു.”
ശാരീരിക വടുക്കളൊന്നും ശേഷിപ്പിക്കാത്തതും സഹതാപം കൈവരുത്താത്തതുമായ വഞ്ചനാപരമായ വിധത്തിലുള്ള ആക്രമണത്തിനു തന്റെ ജീവിതത്തിലുടനീളം ഇലൻ വിധേയയായിട്ടുണ്ട്. ദുഃഖകരമെന്നു പറയട്ടെ, കാലം കടന്നുപോയിട്ടും അവളുടെ സാഹചര്യം മെച്ചപ്പെട്ടിട്ടില്ല. “ഞങ്ങൾ വിവാഹിതരായിട്ട് ഇപ്പോൾ 12-ലധികം വർഷങ്ങളായി. പരുക്കൻ, അസഭ്യ സംസാരത്തിലൂടെ അദ്ദേഹം എന്നെ രൂക്ഷമായി വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്യാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല,” എന്ന് അവൾ പറയുന്നു.
നാവ് “അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു,” ആണെന്നു പറയുമ്പോൾ ബൈബിൾ അതിശയോക്തി പറയുകയല്ല. (യാക്കോബ് 3:8; സങ്കീർത്തനം 140:3 താരതമ്യം ചെയ്യുക.) വിവാഹത്തിൽ ഇതു വിശേഷിച്ചും സത്യമാണ്. ലിസ എന്നു പേരുള്ള ഒരു ഭാര്യ പറയുന്നു: “‘വടികൾക്കും കല്ലുകൾക്കും എന്റെ അസ്ഥികളെ തകർക്കാൻ കഴിയും, എന്നാൽ വാക്കുകൾക്ക് എന്നെ ഒരിക്കലും വ്രണപ്പെടുത്താൻ കഴിയുകയില്ല’ എന്നു പറഞ്ഞത് ആരായിരുന്നാലും അതു പൂർണമായും തെറ്റാണ്.”—സദൃശവാക്യങ്ങൾ 15:4.
ഭർത്താക്കൻമാരും വാക്കുകൾകൊണ്ടുള്ള ആക്രമണത്തിന്റെ ലക്ഷ്യങ്ങളായി തീരാവുന്നതാണ്. “നിങ്ങളെ ഒരു നുണയനെന്നോ, പമ്പരവിഡ്ഢിയെന്നോ, അല്ലെങ്കിൽ അതിലും മോശമായി എന്തെങ്കിലുമോ പതിവായി വിളിക്കുന്ന ഒരു സ്ത്രീയോടുകൂടെ ജീവിക്കുന്നത് എങ്ങനെയിരിക്കുമെന്നു നിങ്ങൾക്കറിയാമോ?” എന്ന് മൈക്ക് ചോദിക്കുന്നു. ട്രേസിയുമായുള്ള അദ്ദേഹത്തിന്റെ നാലു വർഷമായ വിവാഹം മോചനത്തിലേക്കു നീങ്ങുകയാണ്. “അവൾ എന്നോടു പറയുന്ന കാര്യങ്ങൾ മാന്യൻമാരുടെ സമൂഹത്തിൽ എനിക്ക് ആവർത്തിക്കാൻ കഴിയുകയില്ല. അതുകൊണ്ടാണ് എനിക്ക് അവളോടു സംസാരിക്കാൻ സാധിക്കാത്തതും ഞാൻ ഏറെ വൈകിയും ജോലിസ്ഥലത്തു തുടരുന്നതും. വീട്ടിൽ വരുന്നതിനെക്കാൾ സുരക്ഷിതമാണ് അത്.”—സദൃശവാക്യങ്ങൾ 27:15.
“കൂററാരവും [“ആക്രോശം,” NW] ദൂഷണവും . . . നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ,” എന്ന് അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചതിനു നല്ല കാരണമുണ്ട്. (എഫെസ്യർ 4:31) എന്നാൽ എന്താണ് “ദൂഷണം?” പൗലോസ് അതിനെ കേവലം ശബ്ദമുയർത്തുന്നതിനെ അർഥമാക്കുന്ന “ആക്രോശ”ത്തിൽനിന്നു (ഗ്രീക്ക്, ക്രോഗേ) വേർതിരിക്കുന്നു. “ദൂഷണം,” (ഗ്രീക്ക്, ബ്ലാസ്ഫിമിയ) കൂടുതലായും സന്ദേശത്തിന്റെ ഉള്ളടക്കത്തെ പരാമർശിക്കുന്നു. അത് സ്വേച്ഛാധിപത്യപരമായത്, ദ്രോഹകരമായത്, താരംതാഴ്ത്തുന്നത്, അല്ലെങ്കിൽ അപമാനിക്കുന്നത് ആണെങ്കിൽ—അത് ഒരു ആക്രോശമോ അടക്കംപറച്ചിലോ ആയിരുന്നാലും—അപ്പോൾ അതു ദൂഷണമാണ്.
വാക്കുകളുടെ വ്രണങ്ങൾ
സമുദ്രത്തിലെ തിരമാലകൾക്കു ശക്തമായ പാറയെ ദ്രവിപ്പിക്കാൻ കഴിയുന്നതുപോലെ തന്നെ, പരുഷ സംസാരത്തിന്റെ ഒരു ശീലത്തിന് ഒരു വിവാഹത്തെ ദുർബലമാക്കാൻ കഴിയും. “എത്ര രൂക്ഷവും ദീർഘവുമാണോ അത്ര വലുതാണ് അപകടവും. . . . പതിവായ വിമർശനം, പുച്ഛം അല്ലെങ്കിൽ വെറുപ്പ് എന്നിവ അപായ അടയാളങ്ങളാണ്, കാരണം ഒരു ഭർത്താവോ ഭാര്യയോ തന്റെ ഇണയെ സംബന്ധിച്ച് അപ്പോൾതന്നെ മോശമായൊരു നിശ്ശബ്ദ വിധികൽപ്പിച്ചിരിക്കുന്നുവെന്ന് അവ സൂചിപ്പിക്കുന്നു” എന്ന് ഡോക്ടർ ഡാനിയൽ ഗോൾമൻ എഴുതുന്നു. പ്രീതിവാത്സല്യം കുറയുന്നതോടെ ഭാര്യയും ഭർത്താവും, ഒരു പുസ്തകം പ്രസ്താവിക്കുന്നതുപോലെ, “നിയമപരമായി വിവാഹം കഴിച്ചവർ, എന്നാൽ വൈകാരികമായി അങ്ങനെ ചെയ്യാത്തവർ” ആയിത്തീരുന്നു. കാലക്രമത്തിൽ അവർ മേലാൽ വിവാഹിതരല്ലാത്തവർ ആയേക്കാം.
എന്നാൽ, പരുഷമായ സംസാരം വിവാഹത്തെ മാത്രമല്ല ബാധിച്ചേക്കാവുന്നത്. ഒരു ബൈബിൾ പഴമൊഴി പ്രസ്താവിക്കുന്നു: “ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.” (സദൃശവാക്യങ്ങൾ 15:13) വ്രണപ്പെടുത്തുന്ന വാക്കുകളുടെ ശരവർഷത്തിൽനിന്ന് ഉളവാകുന്ന സമ്മർദത്തിന് ഒരുവന്റെ ആരോഗ്യത്തിനു കാര്യമായ ക്ഷതമേൽപ്പിക്കാൻ കഴിയും. ഉദാഹരണത്തിന്, തുടർച്ചയായി അധിക്ഷേപം സഹിക്കുന്ന ഒരു സ്ത്രീക്കു ജലദോഷം, മൂത്രാശയസംബന്ധമായ പ്രശ്നങ്ങൾ, കാൻഡിഡിയാസിസ്, ഉദര-കുടൽ സംബന്ധമായ ക്രമക്കേടുകൾ എന്നിവ ബാധിക്കാനുള്ള വർധിച്ച സാധ്യതയുണ്ടെന്നു വാഷിങ്ടൺ സർവകലാശാല (യു.എസ്.എ.) നടത്തിയ ഒരു പഠനം വെളിപ്പെടുത്തി.
വാക്കുകൾക്കു മുഷ്ടികളെക്കാൾ അധികമായി വ്രണപ്പെടുത്താൻ കഴിയുമെന്നു ശാരീരിക പ്രഹരവും വാക്കുകൾകൊണ്ടുള്ള ഉപദ്രവും സഹിച്ചിട്ടുള്ള ഒട്ടനവധി സ്ത്രീകൾ അഭിപ്രായപ്പെടുന്നു. ബേവർലി പറയുന്നു: “അദ്ദേഹത്തിന്റെ പ്രഹരങ്ങളിൽനിന്നുള്ള മുറിവുകൾ ഒടുവിൽ സൗഖ്യമാകുകയും മാഞ്ഞുപോകുകയും ചെയ്യും, എന്നാൽ, എന്റെ ആകാരം, പാചക രീതി, ഞാൻ കുട്ടികളെ പരിപാലിക്കുന്ന വിധം എന്നിവയെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഭയാനകമായ കാര്യങ്ങൾ ഞാൻ ഒരിക്കലും ഒരിക്കലും മറക്കുകയില്ല.” ജൂലിയ കൂടുതലായും അതേ വിധത്തിൽതന്നെ ചിന്തിക്കുന്നു. അവൾ പറയുന്നു: “അതു ഭ്രാന്തായി തോന്നുമെന്ന് എനിക്കറിയാം, എന്നാൽ ദീർഘനേരത്തേക്കുള്ള മാനസിക പീഡനത്തെക്കാളധികം ഞാൻ ഇഷ്ടപ്പെടുന്നത്, അദ്ദേഹം എന്നെ പ്രഹരിക്കുന്നതിനെയാണ്, അതു സൗഖ്യമായിക്കൊള്ളും.”
എന്നാൽ എന്തുകൊണ്ടാണു ചിലർ തങ്ങൾ സ്നേഹിക്കുന്നവെന്ന് അവകാശപ്പെടുന്ന ഒരാളെ വാക്കുകൾകൊണ്ട് ആക്രമിക്കുകയും കഠിനമായി ശകാരിക്കുകയും ചെയ്യുന്നത്? പിൻവരുന്ന ലേഖനം ഈ ചോദ്യം കൈകാര്യം ചെയ്യുന്നു.
[അടിക്കുറിപ്പ്]
a ഈ ലേഖന പരമ്പരയിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[4-ാം പേജിലെ ആകർഷകവാക്യം]
“ദീർഘനേരത്തേക്കുള്ള മാനസിക പീഡനത്തെക്കാളധികം ഞാൻ ഇഷ്ടപ്പെടുന്നത്, അദ്ദേഹം എന്നെ പ്രഹരിക്കുന്നതിനെയാണ്, അതു സൗഖ്യമായിക്കൊള്ളും”
[4-ാം പേജിലെ ആകർഷകവാക്യം]
“നിങ്ങളെ ഒരു നുണയനെന്നോ, പമ്പരവിഡ്ഢിയെന്നോ, അല്ലെങ്കിൽ അതിലും മോശമായി എന്തെങ്കിലുമോ പതിവായി വിളിക്കുന്ന ഒരു സ്ത്രീയോടുകൂടെ ജീവിക്കുന്നത് എങ്ങനെയിരിക്കുമെന്നു നിങ്ങൾക്കറിയാമോ?”