അത്യാഗ്രഹം—അതു നമ്മെ എങ്ങനെ ബാധിക്കുന്നു?
അത്യാഗ്രഹം കോടിക്കണക്കിനാളുകളുടെ ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് അത്യാഗ്രഹികളെ മനുഷ്യത്വമില്ലാത്തവരാക്കിത്തീർക്കുന്നു, അവരുടെ ഇരകൾക്കു വേദനയും ദുഃഖവും കൈവരുത്തുന്നു. നിങ്ങളുടെ ജീവിതത്തിലും അത്യാഗ്രഹത്തിന്റെ ഫലങ്ങൾ അനുഭവപ്പെടുന്നുണ്ടായിരിക്കാം. കടകളിൽ നടക്കുന്ന സാധാരണ കവർച്ചകൾപോലും നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ വില വർധിപ്പിക്കുന്നു. നിങ്ങളുടെ വേതനം കുറവും നിത്യോപയോഗ സാധനങ്ങളുടെ വില താങ്ങാവുന്നതിനപ്പുറവുമാണെങ്കിൽ സാധ്യതയനുസരിച്ചു നിങ്ങൾ മറ്റാരുടെയെങ്കിലും അത്യാഗ്രഹത്തിന്റെ ഇരയാണ്.
പട്ടിണി കിടക്കുന്നവരും മരിച്ചുകൊണ്ടിരിക്കുന്നവരും
അത്യാഗ്രഹംപൂണ്ട ദേശീയ സ്വാർഥതാത്പര്യങ്ങൾ, ദരിദ്രരെ ഫലപ്രദമായി സഹായിക്കാനുള്ള ഗവൺമെൻറുകളുടെ ശ്രമങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നു. 1952-ൽ ശാസ്ത്രജ്ഞനും പോഷകാഹാര വിദഗ്ധനുമായിരുന്ന സർ ജോൺ ബോയ്ഡ് ഇപ്രകാരം പറഞ്ഞു: “ഒരു ലോകമഹായുദ്ധത്തിനായി ആളുകളെയും വിഭവങ്ങളെയും കൂട്ടിച്ചേർക്കാൻ ഗവൺമെൻറുകൾ സന്നദ്ധരാണ്. എന്നാൽ, ലോകത്തിൽനിന്നു പട്ടിണിയും ദാരിദ്ര്യവും ഉന്മൂലനം ചെയ്യുന്നതിന് ഒത്തുചേരാൻ വൻശക്തികൾ സന്നദ്ധരല്ല.”—ആൻ ബുച്ചനാൻ രചിച്ച ഭക്ഷണദാരിദ്ര്യം & അധികാരം (ഇംഗ്ലീഷ്).
ചില്ലറ സഹായങ്ങൾ പ്രദാനം ചെയ്തിട്ടുണ്ടെന്നതു ശരിതന്നെ. എന്നാൽ, ലോകജനസംഖ്യയുടെ അവഗണിക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ, അതായത് ദരിദ്രരുടെ, ജീവിതം യഥാർഥത്തിൽ എങ്ങനെയുള്ളതാണ്? അടുത്തകാലത്തെ ഒരു റിപ്പോർട്ട് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: ചില പ്രദേശങ്ങളിൽ വർധിച്ച ഭക്ഷ്യോത്പാദനമുണ്ടെങ്കിലും “പട്ടിണിയും വികലപോഷണവും ലോകത്തിലെ ഭൂരിഭാഗം ദരിദ്രരെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു . . . ലോകത്തിലെ ജനങ്ങളിൽ അഞ്ചിൽ ഒരു ഭാഗം [100 കോടിയിലധികം] ദിവസവും പട്ടിണിയിലാണ്.” റിപ്പോർട്ട് തുടരുന്നു: ‘ഇതിനുപുറമേ, ഗുരുതരമായ വൈകല്യങ്ങളിലേക്കു നയിച്ചേക്കാവുന്ന [ആഹാരക്രമ] അപര്യാപ്തത—അപര്യാപ്തമായ പോഷണം—നിമിത്തം 200 കോടി ആളുകൾ ദുരിതമനുഭവിക്കുന്നു.” (മരണത്തിലേക്കുള്ള വികസനം—പുനർവിചിന്തന മൂന്നാം ലോകവികസനം) ഈ സ്ഥിതിവിവരക്കണക്കുകൾ പ്രധാനവാർത്തകളാകേണ്ടതാണ്!
അടിമകളാക്കപ്പെട്ടവർ
അധോലോക നായകന്മാർ, തങ്ങളുടെ ഇരകളെയും പൊതുജനങ്ങളെ മൊത്തത്തിലും ചൂഷണം ചെയ്തുകൊണ്ട് സമ്പന്നരാകുന്നു. മയക്കുമരുന്നുകൾ, അക്രമം, വ്യഭിചാരം, സാമ്പത്തിക ചൂഷണം എന്നിവ കോടിക്കണക്കിനാളുകളെ അടിമകളാക്കിയിരിക്കുന്നു. കൂടാതെ, അടിമകളാക്കപ്പെട്ടവർ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഗോർഡോൻ തോമസ് ഇപ്രകാരം പറയുന്നു: “അടിമത്തവിരുദ്ധ സൊസൈറ്റി പറയുന്നപ്രകാരം, ലോകത്തിൽ ഏതാണ്ട് 20 കോടി അടിമകളുള്ളതായി കണക്കാക്കിയിരിക്കുന്നു. അവരിൽ 10 കോടിയോളം കുട്ടികളാണ്.” അതിന്റെ അടിസ്ഥാന കാരണം എന്താണ്? റിപ്പോർട്ടു വിവരിക്കുന്നു: “അടിമകളാക്കി വെക്കാനുള്ള പ്രവണത മനുഷ്യപ്രകൃതത്തിന്റെ ഒരു ഇരുണ്ട വശമാണ് . . . കാമം, അത്യാഗ്രഹം, അധികാരമോഹം എന്നിവയുടെ ഉത്പന്നമാണ് [അടിമത്തം].”
പ്രബലന്മാർ ബലഹീനരെയും ദുർബലരെയും കൊള്ളയടിക്കുന്നു, ഒട്ടേറെ ആളുകളെ കൊല്ലുന്നു. “വെള്ളക്കാർ ആദ്യമായി ബ്രസീലിൽ കാലുകുത്തിയപ്പോൾ അവിടെ താമസിച്ചിരുന്ന 20 ലക്ഷം ഇന്ത്യക്കാരിൽ, ഒരുപക്ഷേ ഇപ്പോഴുള്ളത് വെറും രണ്ടു ലക്ഷമാണ്.” (ദ നേക്കഡ് സാവേജ്) എന്തുകൊണ്ടാണത്? അടിസ്ഥാന കാരണം അത്യാഗ്രഹംതന്നെ.
സമ്പന്നർക്കും ദരിദ്രർക്കും ഇടയിലെ വർധിച്ചുവരുന്ന വിടവ്
“മാനവസമൂഹത്തിലെ പകുതിയിലേറെ ആളുകൾ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ ആഗോളമായി രൂപംകൊള്ളുന്ന പ്രമാണിവർഗം . . . സമ്പത്തും അധികാരവും വാരിക്കൂട്ടുകയാണ്” എന്ന് ഐക്യരാഷ്ട്ര വികസനപദ്ധതിയിലെ ഒരു അഡ്മിനിസ്ട്രേറ്ററായ ഗുസ്റ്റാവ് സ്പെത്ത് പറഞ്ഞതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. സമ്പന്നർക്കും ദരിദ്രർക്കും ഇടയിലുള്ള അപകടകരമായ വിടവ് അദ്ദേഹത്തിന്റെ ഈ വാക്കുകളിലൂടെ കൂടുതൽ വ്യക്തമാകുന്നു: “ഭൂമിയിലെ പകുതിയിലേറെ ആളുകൾ—300 കോടിയിലധികം—പ്രതിദിനം 2 ഡോളറിൽ താഴെ മാത്രം വരുമാനമുള്ളവരാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു: “രണ്ടു തട്ടുകളുള്ള ഈ ലോകത്തിലെ ദരിദ്രജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥ പ്രതീക്ഷാരാഹിത്യം, കോപം, നിരാശ എന്നിവയുടെ വിളനിലമാണ്.”
ദരിദ്രരുടെയും പട്ടിണിപ്പാവങ്ങളുടെയും ദുരവസ്ഥയോടു പല സമ്പന്നന്മാരും മനസ്സലിവോ സഹതാപമോ കാണിക്കുന്നില്ലെന്ന വസ്തുത ഈ പ്രതീക്ഷാരാഹിത്യത്തെ വർധിപ്പിക്കുന്നു.
അത്യാഗ്രഹത്തിന്റെ ഇരകൾ എല്ലായിടത്തുമുണ്ട്. ഉദാഹരണത്തിന്, ബോസ്നിയ, റുവാണ്ട, ലൈബീരിയ എന്നിവിടങ്ങളിൽ അധികാര പടവെട്ടലിൻമധ്യേ കുടുങ്ങിപ്പോയ അഭയാർഥികളുടെ കണ്ണുകളിലെ അങ്കലാപ്പു ശ്രദ്ധിക്കൂ. സമൃദ്ധമായ ലോകത്തിൻമധ്യേ വസിക്കുന്ന ആ പട്ടിണിപ്പാവങ്ങളുടെ മുഖത്തെ നിസ്സഹായഭാവം ശ്രദ്ധിക്കൂ. ഇതിന്റെയെല്ലാം പുറകിൽ എന്താണ്? ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള അത്യാഗ്രഹം!
ഇത്തരത്തിലുള്ള ഒരു പ്രതികൂല പരിതഃസ്ഥിതിയിൽ അത്യാഗ്രഹംപൂണ്ട ഇരപിടിയന്മാരാൽ ചുറ്റപ്പെട്ടിരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ അതിജീവിക്കാനാകും? അടുത്ത രണ്ടു ലേഖനങ്ങൾ ഈ ചോദ്യം പരിചിന്തിക്കും.