വഴക്കമുള്ളവരെങ്കിലും ദിവ്യനിലവാരങ്ങളോടു പറ്റിനിൽക്കാൻ ബാധ്യസ്ഥർ
“സഹിഷ്ണുതയുള്ളവർ ഒരിക്കലും വിഡ്ഢികളല്ല, വിഡ്ഢികളായവർ ഒരിക്കലും സഹിഷ്ണുതയുള്ളവരുമല്ല” എന്ന് ഒരു ചൈനീസ് പഴമൊഴി പറയുന്നു. ഈ പഴമൊഴിയിൽ വളരെ സത്യമുണ്ട്. കാരണം, പെരുമാറ്റം സംബന്ധിച്ച ഉചിതമായ നിലവാരങ്ങളോടു പറ്റിനിൽക്കാൻ ബാധ്യസ്ഥരായിരുന്നുകൊണ്ട് സഹിഷ്ണുത പ്രകടിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. പക്ഷേ, നാം ഏതു നിലവാരങ്ങൾ പിൻപറ്റാനാണു ബാധ്യസ്ഥരായിരിക്കേണ്ടത്? മനുഷ്യവർഗത്തിന്റെ നിർമാതാവു തന്റെ വചനമായ വിശുദ്ധ ബൈബിളിൽ നൽകിയിരിക്കുന്ന നിലവാരങ്ങൾ പിൻപറ്റുന്നതു യുക്തിയായിരിക്കുകയില്ലേ? തന്റെ നിലവാരങ്ങളോടു പറ്റിനിൽക്കുന്നതിൽ ദൈവംതന്നെ ഉത്തമ ദൃഷ്ടാന്തം വെക്കുന്നു.
സ്രഷ്ടാവ്—നമ്മുടെ അത്യുത്തമ മാതൃക
സർവശക്തനായ യഹോവയാം ദൈവം സഹിഷ്ണുതയുടെ കാര്യത്തിൽ തികച്ചും സമനിലയുള്ളവനാണ്. അവൻ അമിതമായ സഹിഷ്ണുത കാട്ടുന്നില്ല, അതേസമയം സഹിഷ്ണുത തീരെ കാട്ടാതിരിക്കുകയും ചെയ്യുന്നില്ല. തന്റെ നാമത്തെ നിന്ദിക്കുന്നവരോടും മനുഷ്യവർഗത്തെ ദുഷിപ്പിക്കുന്നവരോടും ഭൂമിയെ ദുരുപയോഗം ചെയ്യുന്നവരോടും ആയിരക്കണക്കിനു വർഷങ്ങളായി അവൻ സഹിഷ്ണുത കാട്ടിയിരിക്കുന്നു. “നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു” എന്ന് റോമർ 9:24-ൽ അപ്പോസ്തലനായ പൗലൊസ് എഴുതി. ദൈവം ഇത്ര ദീർഘകാലത്തേക്കു സഹിഷ്ണുത കാട്ടിയതെന്തുകൊണ്ടായിരുന്നു? കാരണം, അവന്റെ സഹിഷ്ണുതയ്ക്ക് ഒരു ഉദ്ദേശ്യമുണ്ട്.
‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ഇച്ഛിക്കുന്നതുകൊണ്ട്’ അവൻ മനുഷ്യവർഗത്തോടു ക്ഷമ കാട്ടുന്നു. (2 പത്രൊസ് 3:9) സ്രഷ്ടാവ് മനുഷ്യവർഗത്തിനു ബൈബിൾ നൽകിയിരിക്കുന്നു, പെരുമാറ്റം സംബന്ധിച്ച തന്റെ നിലവാരങ്ങൾ എല്ലായിടത്തും അറിയിക്കാൻ അവൻ തന്റെ ദാസന്മാരെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. സത്യക്രിസ്ത്യാനികൾ ഈ നിലവാരങ്ങളോടു പറ്റിനിൽക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ, ദൈവദാസർ എല്ലാ സാഹചര്യങ്ങളിലും കടുംപിടിത്തക്കാരായിരിക്കണമെന്ന് അതിനർഥമുണ്ടോ?
ദൃഢചിത്തരെങ്കിലും വഴക്കമുള്ളവർ
നിത്യജീവൻ അന്വേഷിക്കുന്നവരെ, ‘ഇടുക്കുവാതിലൂടെ അകത്തു കടക്കാൻ’ യേശു പ്രോത്സാഹിപ്പിച്ചു. ഇടുക്കുവാതിലിലൂടെ കടക്കുക എന്നു പറയുമ്പോൾ ഇടുങ്ങിയ ചിന്താഗതിക്കാരായിരിക്കണമെന്ന് അർഥമില്ല. മറ്റുള്ളവരുടെ കൂട്ടത്തിലായിരിക്കുമ്പോൾ അധികാരം കാട്ടാനോ ശാഠ്യത്തോടെ പെരുമാറാനോ ഉള്ള ചായ്വ് നമുക്കുണ്ടെന്നിരിക്കട്ടെ, അപ്പോൾ നാം ഈ പ്രവണതയെ നിയന്ത്രിച്ചാൽ അത് എല്ലാവരുടെയും ജീവിതം കൂടുതൽ സന്തോഷമുള്ളതാക്കിത്തീർക്കും. എന്നാൽ എങ്ങനെ?—മത്തായി 7:13; 1 പത്രൊസ് 4:15.
ഒരു ഗ്രീക്ക് വിദ്യാർഥിനിയായ തിയോഫാനോ, വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളോടൊപ്പം സമയം ചെലവിട്ടത് അവരെ മെച്ചമായി മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്നു വിശദമാക്കി. അവൾ പറഞ്ഞു: “നമ്മുടെ ചിന്താഗതി സ്വീകരിക്കാൻ അവരെ നിർബന്ധിക്കുന്നതിനുപകരം അവരുടെ ചിന്താഗതി മനസ്സിലാക്കാൻ ശ്രമിക്കുന്നതു മർമപ്രധാനമാണ്.” അതുകൊണ്ട് ഒരാളെ മെച്ചമായി അറിയുമ്പോൾ, ഭക്ഷണത്തിന്റെ കാര്യത്തിലുള്ള അയാളുടെ അഭിരുചിയും എന്തിന്, അയാളുടെ ഉച്ചാരണരീതിപോലും നാം വിചാരിച്ചത്രയും വിചിത്രമല്ലെന്നു കണ്ടെത്തിയേക്കാം. അയാളുമായി സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നതിനുപകരം അല്ലെങ്കിൽ അവസാന വാക്ക് തനിക്കുതന്നെ പറയണമെന്നു ശഠിക്കുന്നതിനുപകരം, അയാളുടെ വീക്ഷണഗതിക്കു ശ്രദ്ധകൊടുക്കുകയാണെങ്കിൽ നാം ഉപയോഗപ്രദമായ പല കാര്യങ്ങളും പഠിക്കും. തീർച്ചയായും, ജീവിതത്തിൽ നേട്ടം കൈവരിക്കുന്നതു വിശാല ചിന്താഗതിക്കാരാണ്.
വ്യക്തിപരമായ അഭിരുചി ഉൾപ്പെട്ടിരിക്കുമ്പോഴെല്ലാം നാം വഴക്കമുള്ളവരായിരിക്കണം, സ്വന്തമായ തീരുമാനമെടുക്കുന്നതിനു മറ്റുള്ളവരെ അനുവദിക്കുകയും വേണം. എന്നാൽ, പെരുമാറ്റം സ്രഷ്ടാവിനോടുള്ള അനുസരണത്തോടു ബന്ധപ്പെട്ടതാണെങ്കിൽ നാം ഉറച്ചു നിൽക്കണം. സർവശക്തനായ ദൈവം എല്ലാത്തരത്തിലുള്ള പെരുമാറ്റവും വെച്ചുപൊറുപ്പിക്കുന്നില്ല. തന്റെ ഗതകാല ദാസന്മാരോടുള്ള ഇടപെടലിൽ അവൻ ഇതു പ്രകടമാക്കി.
അതിസഹിഷ്ണുത കാട്ടുന്നവരായിരിക്കുകയെന്ന കെണി
പുരാതന ഇസ്രായേൽ ജനത്തിന്റെ മഹാപുരോഹിതനായിരുന്ന ഏലി, അതിസഹിഷ്ണുത കാട്ടുന്നവനായിരിക്കുകയെന്ന കെണിയിൽ അകപ്പെട്ട ഒരു ദൈവദാസനായിരുന്നു. ദൈവത്തിന്റെ നിയമങ്ങളെല്ലാം അനുസരിക്കാമെന്നു സമ്മതിച്ചുകൊണ്ട് ഇസ്രായേല്യർ ദൈവവുമായി ഒരു ഉടമ്പടിയിലേർപ്പെട്ടിരുന്നു. എന്നാൽ, ഏലിയുടെ രണ്ടു പുത്രന്മാർ, ഹൊഫ്നിയും ഫീനെഹാസും, അത്യാഗ്രഹികളും അധർമികളുമായിരുന്നു. കൂടാതെ, സർവശക്തനോട് അവർ കടുത്ത അനാദരവു കാട്ടിയിരുന്നു. ദൈവത്തിന്റെ ന്യായപ്രമാണത്തിൽ അപാരമായ പാണ്ഡിത്യമുണ്ടായിരുന്നെങ്കിലും ഏലി അവരെ ചെറുതായൊന്നു ശാസിക്കുക മാത്രമേ ചെയ്തുള്ളൂ. മാത്രമല്ല, ശിക്ഷണത്തിന്റെ കാര്യത്തിൽ അവൻ ദൃഢതയുള്ളവനല്ലായിരുന്നു. ദൈവം ആ ദുഷ്ടത വെച്ചുപൊറുപ്പിക്കുമെന്ന അവന്റെ ധാരണ തെറ്റായിരുന്നു. സ്രഷ്ടാവ്, ബലഹീനതയും ദുഷ്ടതയും തമ്മിൽ വ്യത്യാസം കൽപ്പിക്കുന്നു. ദൈവനിയമം മനപ്പൂർവം ലംഘിച്ചതിന് ഏലിയുടെ ദുഷ്ടരായ പുത്രന്മാർക്കു കടുത്ത ശിക്ഷ ലഭിച്ചു. അത് ഉചിതവുമായിരുന്നു.—1 ശമൂവേൽ 2:12-17, 22-25; 3:11-14; 4:17.
നമ്മുടെ കുട്ടികൾ ആവർത്തിച്ചു ചെയ്യുന്ന തെറ്റുകൾക്കു നേരെ കണ്ണടച്ചുകൊണ്ട് കുടുംബത്തിൽ അതിസഹിഷ്ണുത പ്രകടിപ്പിക്കുന്നത് എന്തൊരു ദുരന്തമായിരിക്കും! “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” അവരെ വളർത്തിക്കൊണ്ടുവരുന്നത് എത്ര മെച്ചമായിരിക്കും! നടത്ത സംബന്ധിച്ച ദിവ്യനിലവാരങ്ങളോടു നാംതന്നെ പറ്റിനിൽക്കണമെന്നും നമ്മുടെ കുട്ടികളുടെ മനസ്സിൽ അവ ഉൾനടണമെന്നും ഇത് അർഥമാക്കുന്നു.—എഫെസ്യർ 6:4.
അതുപോലെതന്നെ, ക്രിസ്തീയ സഭയ്ക്കും ദുഷ്ടത വെച്ചുപൊറുപ്പിക്കുക സാധ്യമല്ല. സഭയിലെ ഒരംഗം കടുത്ത തെറ്റു പതിവായി ചെയ്യുകയും പശ്ചാത്തപിക്കാൻ വിസമ്മതിക്കുകയും ചെയ്താൽ അയാളെ നീക്കം ചെയ്യണം. (1 കൊരിന്ത്യർ 5:9-13) എങ്കിലും, കുടുംബവൃത്തത്തിനും സഭയ്ക്കും പുറത്ത് സത്യക്രിസ്ത്യാനികൾ സമൂഹത്തെ ഒന്നടങ്കം മാറ്റാൻ ശ്രമിക്കുന്നില്ല.
യഹോവയുമായുള്ള ഒരു ശക്തമായ ബന്ധം
ഉത്കണ്ഠ നിറഞ്ഞ ഒരു അന്തരീക്ഷത്തിലാണ് അസഹിഷ്ണുത വികാസം പ്രാപിക്കുന്നത്. എങ്കിലും, ദൈവവുമായി വ്യക്തിപരമായ ഒരടുത്ത ബന്ധമുണ്ടെങ്കിൽ ഉചിതമായ സമനില പാലിക്കാൻ സഹായിക്കുന്ന, ഒരു സുരക്ഷിതത്വബോധം നാം ആസ്വദിക്കും. “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു” എന്നു നാം സദൃശവാക്യങ്ങൾ 18:10-ൽ വായിക്കുന്നു. സ്രഷ്ടാവ് തന്റെ തക്കസമയത്തു പരിഹരിക്കുകയില്ലാത്ത ഒരു ദോഷവും നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ സംഭവിക്കുകയില്ല.
ദൈവവുമായുള്ള അടുത്ത ബന്ധത്തിൽനിന്നു വളരെയധികം പ്രയോജനം അനുഭവിച്ച ഒരുവനായിരുന്നു അപ്പോസ്തലനായ പൗലൊസ്. ശൗൽ എന്നറിയപ്പെട്ടിരുന്ന ഒരു യഹൂദനായ അവൻ, യേശുക്രിസ്തുവിന്റെ അനുഗാമികളെ പീഡിപ്പിച്ചു. അവൻ രക്തപാതകക്കുറ്റമുള്ളവനായിരുന്നു. എന്നാൽ, ശൗൽത്തന്നെ ഒരു ക്രിസ്ത്യാനിയായിത്തീർന്നു. അപ്പോസ്തലനായ പൗലൊസ് എന്നനിലയിൽ അവൻ പിന്നീട് മുഴുസമയ സുവിശേഷപ്രവർത്തനത്തിൽ മുഴുകി. എല്ലാ ആളുകളോടും ‘യവനന്മാരോടും ബർബരന്മാരോടും ജ്ഞാനികളോടും ബുദ്ധിഹീനരോടും’ പ്രസംഗിക്കുന്നതിൽ പൗലൊസ് വിശാലമനസ്കത പ്രകടിപ്പിച്ചു.—റോമർ 1:14, 15; പ്രവൃത്തികൾ 8:1-3.
അവൻ മാറ്റം വരുത്തിയത് എങ്ങനെയാണ്? തിരുവെഴുത്തകളെക്കുറിച്ചു സൂക്ഷ്മപരിജ്ഞാനം സമ്പാദിച്ചുകൊണ്ടും മുഖപക്ഷമില്ലാത്തവനായ സ്രഷ്ടാവിനോടുള്ള സ്നേഹത്തിൽ വളർന്നുകൊണ്ടും. ദൈവം ഒരു വ്യക്തിയെ പാരമ്പര്യമോ വംശമോ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവന്റെയോ അവളുടെയോ പ്രവൃത്തികളെ അടിസ്ഥാനമാക്കിയാണ് വിധിക്കുന്നത് എന്നുള്ളതിൽ അവൻ മുഖപക്ഷം കാട്ടുന്നില്ലെന്ന് പൗലൊസ് മനസ്സിലാക്കി. അതേ, ദൈവത്തെ സംബന്ധിച്ചിടത്തോളം പ്രവൃത്തികൾ പ്രധാനമാണ്. “ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും” പത്രൊസ് രേഖപ്പെടുത്തി. (പ്രവൃത്തികൾ 10:34, 35) സർവശക്തനായ ദൈവം മുൻവിധിയുള്ളവനല്ല. ഇത്, തങ്ങളുടെ ഉദ്ദേശ്യങ്ങൾ സാധിക്കുന്നതിനു മനപ്പൂർവം അസഹിഷ്ണുതയെ ഉപാധിയാക്കുന്ന ചില ലോകനേതാക്കന്മാരുടേതിൽനിന്നു വിഭിന്നമാണ്.
കാലം മാറുന്നു
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ജോൺ ഗ്രേ പറയുന്നതനുസരിച്ച്, “വിരളമായിത്തീർന്ന ഒരു സദ്ഗുണ”മാണ് സഹിഷ്ണുത. എന്നാൽ ഇതിനു മാറ്റം വരും. ദിവ്യജ്ഞാനത്താൽ സന്തുലിതമായ സഹിഷ്ണുത നിലനിൽക്കും.
ദൈവത്തിന്റെ ആസന്നമായ പുതിയ ലോകത്തിൽ അസഹിഷ്ണുത ഉണ്ടായിരിക്കുകയില്ല. മുൻവിധിയും മതഭ്രാന്തുംപോലെയുള്ള അസഹിഷ്ണുതയുടെ അതിരുകടന്ന രൂപങ്ങൾ ഉണ്ടായിരിക്കുകയില്ല. ഇടുങ്ങിയ ചിന്താഗതി വീണ്ടുമൊരിക്കലും ജീവിതാസ്വാദനത്തെ എടുത്തുകളയുകയില്ല. കശ്മീർ താഴ്വരയിൽ എപ്പോഴെങ്കിലും ഉണ്ടായിരിക്കുമായിരുന്നതിനെക്കാൾ ഏറെ വിശിഷ്ടമായ പറുദീസ അപ്പോൾ ഉണ്ടായിരിക്കും.—യെശയ്യാവു 65:17, 21-25.
ആ പുതിയ ലോകത്തിൽ ജീവിക്കാൻ നിങ്ങൾ നോക്കിപ്പാർത്തിരിക്കുന്നുവോ? അത് എന്തൊരു പദവിയായിരിക്കും! എത്ര പുളകപ്രദമായിരിക്കും!
[8-ാം പേജിലെ ചിത്രം]
ദൈവവുമായി ഒരു ബന്ധമുണ്ടായിരുന്നതുകൊണ്ട് അപ്പോസ്തലനായ പൗലൊസ് ഉചിതമായ സമനില കാട്ടി