യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ എന്റെ പാപം ഏറ്റുപറയണമോ?
“എനിക്കു വളരെ ലജ്ജതോന്നുന്നു, എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ മാതാപിതാക്കളെ സമീപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്കു വളരെ ലജ്ജതോന്നുന്നു.”—ലിസ.a
ഇതികർത്തവ്യതാമൂഢയായ ഒരു ചെറുപ്പക്കാരി എഴുതിയതാണ് അത്. ഏതാനും വർഷങ്ങളായി അവൾ ഒരു അവിശ്വാസിയുമായി പ്രേമത്തിലായിരുന്നു. മദ്യത്തിന്റെ സ്വാധീനത്തിൻകീഴിൽ ഒരു ദിവസം അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.
സങ്കടകരമെന്നു പറയട്ടെ, ക്രിസ്തീയ യുവജനങ്ങളുടെ ഇടയിൽ പോലും ഇടയ്ക്കിടയ്ക്ക് അത്തരം കാര്യങ്ങൾ സംഭവിക്കുന്നു. നമുക്കു പ്രായവും അനുഭവപരിചയവും കുറവായിരിക്കുമ്പോൾ തെറ്റു ചെയ്യാനുള്ള സാധ്യതയേറുന്നു. എന്നാൽ ഒരു നിസ്സാര തെറ്റു ചെയ്യുന്നതും ലൈംഗിക അധാർമികത പോലെയുള്ള ഗൗരവാവഹമായ ദുഷ്പ്രവൃത്തികളിൽ ഉൾപ്പെടുന്നതും തികച്ചും വ്യത്യസ്തമായ സംഗതികളാണ്. (1 കൊരിന്ത്യർ 6:9, 10) അതു സംഭവിക്കുമ്പോൾ ഒരു യുവാവിനു സഹായം ലഭിക്കേണ്ടതുണ്ട്. ഒരുവന്റെ തെറ്റുകൾ ഏറ്റുപറയുക എളുപ്പമല്ലെന്നുള്ളതാണ് പ്രശ്നം.
ഒരു ക്രിസ്തീയ പെൺകുട്ടി വിവാഹത്തിനുമുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സഭാമൂപ്പൻമാരോട് ഏറ്റുപറയാൻ അവൾ തീരുമാനിച്ചു, അതിന് ഒരു തീയതിയും നിശ്ചയിച്ചു. എന്നാൽ അവൾ ആ തീയതി മാറ്റിവെച്ചു. പിന്നീട് അവൾ തീയതി വീണ്ടും മാറ്റിവെച്ചു. അങ്ങനെ ഒരു വർഷം കടന്നുപോയി!
‘മറവായിരിക്കുന്നത് ഒന്നുമില്ല’
നിങ്ങൾ ഗുരുതരമായ പാപത്തിൽ അകപ്പെട്ടിരിക്കുന്നെങ്കിൽ, അതു മൂടിവെക്കുക എന്നതു തികച്ചും ജ്ഞാനരഹിതമായ ആശയമാണെന്നു തിരിച്ചറിയേണ്ടതുണ്ട്. സത്യം സാധാരണമായി ഏതെങ്കിലും മാർഗത്തിൽ പുറത്തുവരുന്നുവെന്നതാണ് ഒരു സംഗതി. കൊച്ചുകുട്ടിയായിരിക്കെ മാർക്ക് ഭിത്തിയിൽ പിടിപ്പിക്കുന്ന ഒരു കളിമൺ അലങ്കാരം പൊട്ടിച്ചു. “അതു ശ്രദ്ധാപൂർവം പശവെച്ചൊട്ടിക്കാൻ ഞാൻ ശ്രമിച്ചു, എന്നാൽ താമസിയാതെ മാതാപിതാക്കൾ ആ പൊട്ടൽ കണ്ടുപിടിച്ചു” എന്ന് അവൻ അനുസ്മരിക്കുന്നു. നിങ്ങൾ മേലാൽ ഒരു കൊച്ചുകുട്ടിയല്ലെന്നുള്ളതു സത്യമാണ്. എന്നാൽ തങ്ങളുടെ കുട്ടികളോടുള്ള ബന്ധത്തിൽ എന്തെങ്കിലും കുഴപ്പമുള്ളപ്പോൾ സാധാരണമായി മിക്ക മാതാപിതാക്കൾക്കും അതു ഗ്രഹിക്കാനാകും.
“നുണകൾകൊണ്ടു പ്രശ്നങ്ങൾ മറയ്ക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ അതു കാര്യങ്ങൾ ഏറ്റവും വഷളാകുന്നതിൽ കലാശിച്ചു”വെന്ന് 15-കാരിയായ ആൻ സമ്മതിക്കുന്നു. ഒട്ടുമിക്കപ്പോഴും കള്ളി വെളിച്ചത്താകുന്നു. നിങ്ങൾ നുണപറഞ്ഞെന്നു മാതാപിതാക്കൾ മനസ്സിലാക്കുമ്പോൾ സാധ്യതയനുസരിച്ച് അവർ അസ്വസ്ഥരാകും—ആദ്യംതന്നെ നിങ്ങൾ അവരോടു സത്യം തുറന്നുപറഞ്ഞാൽ സംഭവിച്ചേക്കാവുന്നതിനെക്കാൾ അധികം അസ്വസ്ഥരാകും.
അതിലും പ്രധാനമായി, ബൈബിൾ പറയുന്നു: “വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.” (ലൂക്കൊസ് 8:17) നാം എന്തു ചെയ്തിരിക്കുന്നുവെന്നും എന്തു ചെയ്യുന്നുവെന്നും യഹോവ അറിയുന്നുണ്ട്. ആദാമിന് അവനിൽനിന്ന് ഒന്നും മറച്ചുവെക്കാൻ കഴിയാതിരുന്നതുപോലെ നിങ്ങൾക്കും അവനിൽനിന്ന് ഒന്നും മറച്ചുവെക്കാൻ കഴിയുകയില്ല. (ഉല്പത്തി 3:8-11) കാലക്രമത്തിൽ നിങ്ങളുടെയും പാപങ്ങൾ മറ്റുള്ളവർക്കു വെളിപ്പെട്ടേക്കാം.—1 തിമൊഥെയൊസ് 5:24.
മൂടിവെക്കുന്നതു മറ്റു വിധങ്ങളിലും നിങ്ങൾക്കു ദോഷം ചെയ്തേക്കാവുന്നതാണ്. സങ്കീർത്തനക്കാരനായ ദാവീദ് എഴുതി: “ഞാൻ മിണ്ടാതിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു.” (സങ്കീർത്തനം 32:3, 4) അതേ, രഹസ്യം കാത്തുസൂക്ഷിക്കാനുള്ള തീവ്രയത്നം വൈകാരികമായി ദോഷം ചെയ്യുന്ന കടുത്ത ഭവിഷ്യത്തുകൾക്ക് ഇടയാക്കിയേക്കാവുന്നതാണ്. ഉത്കണ്ഠയും കുറ്റബോധവും അതുപോലെതന്നെ കാര്യം വെളിച്ചത്താകുമെന്നുള്ള ഭയവും നിങ്ങളുടെ മാനസീകോന്മേഷം കെടുത്തിക്കളഞ്ഞേക്കാവുന്നതാണ്. സുഹൃത്തുക്കളിൽനിന്നും കുടുംബത്തിൽനിന്നും നിങ്ങൾ അകലാൻ തുടങ്ങിയേക്കാം. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നതായിപോലും അനുഭവപ്പെട്ടേക്കാം! “യഹോവയെ ദുഃഖിപ്പിച്ചതിൽ ഞാൻ കുറ്റബോധമുള്ള ഒരു മനസ്സാക്ഷിയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു” എന്ന് യുവാവായ ആൻഡ്രൂ എഴുതി. “അതെന്നെ കാർന്നുതിന്നുകയായിരുന്നു.”
നിശബ്ദത ഭേദിക്കൽ
ഈ വൈകാരിക പ്രക്ഷോഭത്തിൽനിന്നു മുക്തിനേടാൻ എന്തെങ്കിലും മാർഗമുണ്ടോ? തീർച്ചയായുമുണ്ട്! സങ്കീർത്തനക്കാരൻ പറഞ്ഞു: “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. . . . അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീർത്തനം 32:5; 1 യോഹന്നാൻ 1:9 താരതമ്യം ചെയ്യുക.) സമാനമായി തന്റെ പാപം ഏറ്റുപറഞ്ഞതിൽ ആൻഡ്രൂ യഥാർഥ ആശ്വാസം കണ്ടെത്തി. അവൻ അനുസ്മരിക്കുന്നു: “ഞാൻ യഹോവയെ സമീപിച്ച് ക്ഷമയ്ക്കായി ആത്മാർഥമായി പ്രാർഥിച്ചു.”
നിങ്ങൾക്കും അതു ചെയ്യാൻ കഴിയും. യഹോവയോടു പ്രാർഥിക്കുക. നിങ്ങൾ ചെയ്തത് എന്താണെന്ന് അവനറിയാം, എന്നാൽ പ്രാർഥനയിൽ അത് അവനോടു താഴ്മയോടെ സമ്മതിക്കുക. സഹായത്തിന് അർഹതയില്ലാത്ത വിധം ദുഷ്ടമായി പ്രവർത്തിച്ചുവെന്നു വിചാരിച്ച് പിൻമാറിനിൽക്കാതെ ക്ഷമയ്ക്കായി യാചിക്കുക. നാം അപൂർണരായിരുന്നിട്ടും ദൈവവുമായി നമുക്കൊരു നല്ല നില ആസ്വദിക്കാൻ കഴിയേണ്ടതിന് യേശു മരിച്ചു. (1 യോഹന്നാൻ 2:1, 2) ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ശക്തിക്കായും നിങ്ങൾക്കു യാചിക്കാവുന്നതാണ്. 51-ാം സങ്കീർത്തനം വായിക്കുന്നത് ഇങ്ങനെ ദൈവത്തെ സമീപിക്കുന്നതിൽ നിങ്ങൾക്കു വിശേഷാൽ സഹായകമാണെന്നു തെളിഞ്ഞേക്കാം.
മാതാപിതാക്കളോടു പറയൽ
എന്നാൽ വെറുതെ ദൈവത്തോട് ഏറ്റുപറയുന്നതിനെക്കാൾ അധികം ആവശ്യമാണ്. മാതാപിതാക്കളോടു പറയാനും നിങ്ങൾ കടപ്പെട്ടിരിക്കുന്നു. നിങ്ങളെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്താ”ൻ ദൈവം അവരോടു കൽപ്പിച്ചിരിക്കുന്നു. (എഫെസ്യർ 6:4) നിങ്ങളുടെ പ്രശ്നങ്ങൾ അവർക്ക് അറിയാമെങ്കിൽ മാത്രമേ അവർക്കതു ചെയ്യാൻ കഴിയൂ. മാതാപിതാക്കളോട് അതു പറയുന്നത് എളുപ്പമോ സുഖകരമോ അല്ലായിരിക്കാം. എന്നാൽ അവരുടെ പ്രാരംഭ പ്രതികരണത്തിനു ശേഷം സാധ്യതയനുസരിച്ച് അവർ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കും. പ്രശ്നം വെളിപ്പെടുത്താൻ തക്കവണ്ണം നിങ്ങൾ അവരെ ആശ്രയിച്ചത് അവരെ സന്തുഷ്ടരാക്കുകപോലും ചെയ്തേക്കാം. മുടിയനായ പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ ലൈംഗിക അധാർമികതയിൽ അകപ്പെട്ട ഒരു യുവാവിനെക്കുറിച്ചുള്ളതാണ്. എന്നാൽ അവൻ ഒടുവിൽ കുറ്റം ഏറ്റുപറഞ്ഞപ്പോൾ അവന്റെ പിതാവ് അവനെ സസന്തോഷം സ്വീകരിച്ചു! (ലൂക്കൊസ് 15:11-24) നിങ്ങളുടെ മാതാപിതാക്കൾ അതുപോലെ നിങ്ങളെ സഹായിക്കുമെന്നുള്ളതിന് ഒരു സംശയവുമില്ല. എന്തൊക്കെയാണെങ്കിലും, അവർ ഇപ്പോഴും നിങ്ങളെ സ്നേഹിക്കുന്നുവല്ലോ.
മാതാപിതാക്കളെ നിങ്ങൾ വ്രണപ്പെടുത്തിയേക്കുമോയെന്നു നിങ്ങൾ ഭയപ്പെട്ടേക്കാമെന്നതു സത്യംതന്നെ. എന്നാൽ, പാപം ഏറ്റുപറയുന്നതല്ല മറിച്ച് പാപം ചെയ്തതാണ് നിങ്ങളുടെ മാതാപിതാക്കളെ വ്രണപ്പെടുത്തുന്നത്! ഏറ്റുപറയുന്നത് ആ വ്രണം ശമിപ്പിക്കുന്നതിനുള്ള ആദ്യ പടിയാണ്. നേരത്തെ പരാമർശിച്ച ആൻ തന്റെ മാതാപിതാക്കളോടു കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ അവൾക്കു വലിയ ആശ്വാസം തോന്നി.b
ഇനിയും മറ്റൊരു പ്രതിബന്ധം ലജ്ജയും നാണക്കേടുമാണ്. വിശ്വസ്ത ശാസ്ത്രിയായ എസ്രാ പാപം ചെയ്തില്ല, എന്നാൽ തന്റെ സഹയഹൂദൻമാരുടെ പാപങ്ങൾ ഏറ്റുപറഞ്ഞപ്പോൾ അവൻ പറഞ്ഞു: “എന്റെ ദൈവമേ, ഞാൻ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയർത്തുവാൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു.” (എസ്രാ 9:6) നിങ്ങൾ തെറ്റു ചെയ്തിരിക്കുമ്പോൾ ലജ്ജ തോന്നുന്നതു വാസ്തവത്തിൽ ആരോഗ്യാവഹമാണ്. നിങ്ങളുടെ മനസ്സാക്ഷി ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന് അതു സൂചിപ്പിക്കുന്നു. കാലാന്തരേണ ആ ലജ്ജാവികാരങ്ങൾ കെട്ടടങ്ങും. ആൻഡ്രൂ അതിപ്രകാരം പ്രകടിപ്പിച്ചു: “തെറ്റ് ഏറ്റുപറയുന്നത് അത്യന്തം ആയാസകരവും നാണക്കേട് ഉളവാക്കുന്നതുമാണ്. എന്നാൽ യഹോവ ധാരാളമായി ക്ഷമിക്കുന്നുവെന്ന് അറിയുന്നത് ഒരു ആശ്വാസമാണ്.”
മൂപ്പൻമാരെ സമീപിക്കൽ
നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ മാതാപിതാക്കളോടു പറയുന്നതുകൊണ്ട് കാര്യം അവസാനിക്കുന്നില്ല. ആൻഡ്രൂ പറയുന്നു: “എന്റെ പ്രശ്നം സഭാമൂപ്പൻമാരെ അറിയിക്കണമെന്ന് എനിക്കറിയാമായിരുന്നു. എന്നെ സഹായിക്കാൻ അവരുണ്ടായിരുന്നു എന്നറിയുന്നത് എന്തൊരു ആശ്വാസമായിരുന്നു!” അതേ, യഹോവയുടെ സാക്ഷികൾക്കിടയിലെ യുവജനങ്ങൾക്ക് സഹായത്തിനും പ്രോത്സാഹനത്തിനുമായി സഭാ മൂപ്പൻമാരെ സമീപിക്കാവുന്നതാണ്, സമീപിക്കേണ്ടതുമാണ്. എന്നാൽ കേവലം യഹോവയോടു പ്രാർഥിക്കുന്നതുമാത്രം മതിയാകുന്നില്ലാത്തതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരി”ക്കാനുള്ള ഉത്തരവാദിത്വം യഹോവ മൂപ്പൻമാരെ ഭരമേൽപ്പിച്ചിരിക്കുന്നു. (എബ്രായർ 13:17) വീണ്ടും പാപത്തിൽ വീഴാതിരിക്കാൻ അവർക്കു നിങ്ങളെ സഹായിക്കാനാകും.—യാക്കോബ് 5:14-16 താരതമ്യം ചെയ്യുക.
നിങ്ങൾക്കു നിങ്ങളെത്തന്നെ സഹായിക്കാനാകും എന്ന ന്യായവാദത്താൽ വഞ്ചിക്കപ്പെടരുത്. നിങ്ങൾ വാസ്തവത്തിൽ അതു ചെയ്യാൻതക്കവണ്ണം ശക്തനായിരുന്നെങ്കിൽ നിങ്ങൾ ആദ്യംതന്നെ പാപത്തിൽ വീഴുമായിരുന്നോ? വ്യക്തമായും, നിങ്ങൾ മറ്റൊരാളുടെ സഹായം തേടേണ്ടതുണ്ട്. ആൻഡ്രൂ ധൈര്യപൂർവം അതു ചെയ്തു. അവന്റെ ഉപദേശമോ? “യഹോവയോടും അവന്റെ ഇടയൻമാരിൽ ഒരുവനോടും കാര്യങ്ങൾ തുറന്നുപറയാൻ ഗുരുതരമായ പാപത്തിൽ ഉൾപ്പെട്ട അല്ലെങ്കിൽ ഉൾപ്പെട്ടിരുന്ന ഏതൊരുവനെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു.”
എന്നാൽ നിങ്ങൾ ഒരു മൂപ്പനെ സമീപിക്കുന്നതെങ്ങനെ? ന്യായമായി സാന്ത്വനമേകുന്നവൻ എന്നു നിങ്ങൾക്കു തോന്നുന്ന ഒരു മൂപ്പനെ തിരഞ്ഞെടുക്കുക. ഇങ്ങനെ പറഞ്ഞുകൊണ്ടു നിങ്ങൾക്കു തുടങ്ങാവുന്നതാണ്: “എനിക്ക് ഒരു കാര്യം പറയാനുണ്ട്” അല്ലെങ്കിൽ “എനിക്കൊരു പ്രശ്നമുണ്ട്” അതുമല്ലെങ്കിൽ “എനിക്കൊരു പ്രശ്നമുണ്ട്, അതിനു താങ്കളുടെ സഹായം ആവശ്യമാണ്.” നിങ്ങളുടെ സത്യസന്ധതയും തുറന്നമനഃസ്ഥിതിയും, അനുതാപവും മാറ്റംവരുത്താനുള്ള നിങ്ങളുടെ ആഗ്രഹവും തീർച്ചയായും പ്രകടിപ്പിക്കും.
‘പുറത്താക്കപ്പെടുമോയെന്നു ഞാൻ ഭയപ്പെടുന്നു’
ആ സാധ്യത സംബന്ധിച്ചെന്ത്? ഗുരുതരമായ ഒരു പാപം ചെയ്താൽ പുറത്താക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നുള്ളതു സത്യംതന്നെ. എന്നാൽ അത് സ്വയമേ സംഭവിക്കുന്നില്ല. അനുതപിക്കാൻ വിസമ്മതിക്കുന്നവർക്ക്, മാറ്റം വരുത്താൻ ധാർഷ്ട്യപൂർവം വിസമ്മതിക്കുന്നവർക്ക്, ഉള്ളതാണു പുറത്താക്കൽ. സദൃശവാക്യങ്ങൾ 28:13 പറയുന്നു: “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.” സഹായത്തിനായി നിങ്ങൾ മൂപ്പൻമാരെ സമീപിച്ചിരിക്കുന്നുവെന്നത് മാറ്റം വരുത്താനുള്ള നിങ്ങളുടെ ആഗ്രഹത്തിന്റെ തെളിവാണ്. മൂപ്പൻമാർ പ്രാഥമികമായി സുഖപ്പെടുത്തുന്നവരാണ്, ശിക്ഷിക്കുന്നവരല്ല. ദൈവജനത്തോടു ദയയോടും അന്തസ്സോടും കൂടെ ഇടപെടാൻ അവർ ബാധ്യസ്ഥരാണ്. “നിങ്ങളുടെ കാലിന്നു പാത നിര”പ്പാക്കാൻ നിങ്ങളെ സഹായിക്കാൻ അവർ ആഗ്രഹിക്കുന്നു.—എബ്രായർ 12:13.
വഞ്ചന അല്ലെങ്കിൽ ദീർഘകാലമായുള്ള ഗുരുതരമായ തെറ്റ് ഉൾപ്പെട്ടിരിക്കുന്നിടത്ത് “മാനസാന്തരത്തിന്നു യോഗ്യമായ [ബോധ്യംവരുത്തുന്ന] പ്രവൃത്തികൾ” ഇല്ലായിരുന്നേക്കാമെന്നു സമ്മതിക്കുന്നു. (പ്രവൃത്തികൾ 26:20) ചിലപ്പോൾ പുറത്താക്കൽ സംഭവിക്കുകതന്നെ ചെയ്യുന്നു. ദുഷ്പ്രവൃത്തിക്കാരന് അനുതാപമുള്ളപ്പോൾ പോലും ചിലതരത്തിലുള്ള ശിക്ഷണം നൽകാൻ മൂപ്പൻമാർ ബാധ്യസ്ഥരാണ്. അവരുടെ തീരുമാനത്തിൽ നിങ്ങൾ കോപമോ നീരസമോ കാട്ടണമോ? എബ്രായർ 12:5, 6-ൽ പൗലൊസ് ഉദ്ബോധിപ്പിക്കുന്നു: “മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു.” നിങ്ങൾക്കു ലഭിക്കുന്ന ശിക്ഷണം എന്തായിരുന്നാലും, ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്നതിന്റെ തെളിവായി അതിനെ കാണുക. യഥാർഥ അനുതാപം നമ്മുടെ കരുണാസമ്പന്നനായ പിതാവായ യഹോവയാം ദൈവവുമായുള്ള ഉചിതമായ ബന്ധത്തിൽ നിങ്ങളെ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് ഓർമിക്കുക.
നിങ്ങളുടെ തെറ്റുകൾ സമ്മതിക്കുന്നതിനു ധൈര്യം ആവശ്യമാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതിനാൽ, നിങ്ങളുടെ മാതാപിതാക്കളുമായി മാത്രമല്ല യഹോവയാം ദൈവവുമായിത്തന്നെ നിങ്ങൾക്കു കാര്യങ്ങൾ നേരെയാക്കാൻ കഴിയും. സഹായം നേടുന്നതിൽനിന്നു നിങ്ങളെ തടയാൻ ഭയത്തെയോ അഹങ്കാരത്തെയോ നാണക്കേടിനെയോ അനുവദിക്കരുത്. ഓർമിക്കുക: യഹോവ “ധാരാളം ക്ഷമിക്കും.”—യെശയ്യാവു 55:7.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
b നിങ്ങളുടെ മാതാപിതാക്കളെ സമീപിക്കുന്നതു സംബന്ധിച്ച വിവരത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 2-ാം അധ്യായം കാണുക.
[12-ാം പേജിലെ ആകർഷകവാക്യം]
‘തങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തുറക്കാൻ പാപം ചെയ്ത എല്ലാവരെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു.’—ആൻഡ്രൂ
[11-ാം പേജിലെ ചിത്രം]
നിങ്ങളുടെ മാതാപിതാക്കളോടു കുറ്റം ഏറ്റുപറയുന്നത് ആത്മീയ സൗഖ്യമാകലിലേക്കു നയിച്ചേക്കാവുന്നതാണ്