‘ബലഹീനയായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തയാകുന്നു
കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയ്ക്കു വടക്കുള്ള പെറ്റലൂമ എന്ന കൊച്ചു പട്ടണത്തിലാണ് ഞാൻ വളർന്നത്. എന്റെ മമ്മി കുറച്ചൊക്കെ മതവിശ്വാസമുള്ള ആളായിരുന്നു, പക്ഷേ ഡാഡിക്ക് മതത്തെപ്പറ്റി വലിയ മതിപ്പൊന്നുമില്ലായിരുന്നു. ഞാൻ എല്ലായ്പോഴും ഒരു സ്രഷ്ടാവിൽ വിശ്വസിച്ചിരുന്നു—അവൻ ആരാണെന്ന് എനിക്കറിയില്ലായിരുന്നുവെന്നു മാത്രം.
ചെറുപ്പകാലത്ത് ഞാൻ സന്തോഷപ്രകൃതമുള്ള ഒരുവളായിരുന്നു. അല്ലലെന്തെന്നറിയാത്ത ആ നാളുകൾ എത്ര പ്രിയത്തോടെയാണെന്നോ ഞാൻ ഓർക്കാറുള്ളത്! എന്റെ സ്വാതന്ത്ര്യം മിക്കവാറും അപഹരിച്ചുകളയുന്ന തരം മാറ്റങ്ങൾ എന്റെ ശരീരത്തിനുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നതു സംബന്ധിച്ച് എനിക്കു യാതൊരു പിടിയുമില്ലായിരുന്നു. 1960-ൽ, എന്റെ ഹൈസ്കൂൾ പഠനത്തിന്റെ അവസാനവർഷം, ഞാനെന്റെ ഉത്തമ സുഹൃത്തിനോട് എന്റെ ചില വിരലുകൾക്കുണ്ടായിരുന്ന വേദനയെക്കുറിച്ചു സംസാരിച്ചതായി ഓർക്കുന്നു.
എന്റെ പാദങ്ങളിലെ വേദന വളരെ കൂടിയപ്പോൾ മമ്മി എന്നെ സാൻഫ്രാൻസിസ്കോയിലെ ഒരു ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ ഞാൻ ആറു ദിവസത്തോളം കിടന്നു. അപ്പോൾ എനിക്കു 18 വയസ്സായിരുന്നു. പരിശോധനാ ഫലങ്ങൾ എനിക്കു വാതരോഗസമാനമായ സന്ധിവീക്കം (Rheumatoid arthritis) ഉള്ളതായി വെളിപ്പെടുത്തി. സോഡിയം ആറോതെയോസൾഫേറ്റ്, അതു കഴിഞ്ഞ് പ്രെഡ്നിസോൺ, പിന്നീട് കോർട്ടിസോണിന്റെ മറ്റൊരു വകഭേദം തുടങ്ങി പലതരം കുത്തിവെപ്പുകൾ എനിക്ക് എടുത്തുതുടങ്ങി. മൊത്തം 18 വർഷം ഞാൻ ആ മരുന്നുകൾ ഉപയോഗിച്ചു. ഓരോ കേസിലും ഏതാനും വർഷത്തേക്ക് അവ വേദന കുറച്ചെങ്കിലും ക്രമേണ ഫലിക്കാതായിത്തീർന്നു. അപ്പോൾ ഞാൻ അടുത്ത മരുന്ന് ഉപയോഗിച്ചുതുടങ്ങും. നിലയ്ക്കാത്ത വേദന അവഗണിക്കാനാകുമായിരുന്നില്ല, ഞാനാണെങ്കിൽ പലതരത്തിലുള്ള വൈദ്യസഹായങ്ങൾക്കായി അലഞ്ഞു മടുക്കുകയും ചെയ്തു. കുറേയൊക്കെ സഹായിക്കാൻ കഴിഞ്ഞ ചില പകര ചികിത്സാരീതികൾ ഞാൻ കണ്ടെത്തി. സന്തോഷകരമെന്നു പറയട്ടെ, രോഗം എന്റെ ശരീരത്തിൽ പടർന്നുകൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്നത്ര വേദന ഇപ്പോൾ ഞാൻ അനുഭവിക്കുന്നില്ല.
1975-ൽ ഒരു ദിവസം, ഞാൻ ഒരു ശിശുവായിരുന്നപ്പോൾ മമ്മി എന്നെ സംബന്ധിക്കുന്ന വിവരങ്ങൾ എഴുതിവെച്ചിരുന്ന ഒരു റെക്കോർഡ് ബുക്ക് എന്റെ മകൻ യാദൃച്ഛികമായി കണ്ടെത്തി. എനിക്ക് ആറു മാസം പ്രായമുണ്ടായിരുന്നപ്പോൾ, ഒരു ഡോക്ടർ എന്റെ തൈമസ് ഗ്രന്ഥിവീക്കത്തിന് എക്സ്റേ ചികിത്സ ആരംഭിച്ചതായി ഞാൻ അതിൽ കണ്ടു. ശൈശവത്തിൽ എനിക്കുവേണ്ടി ഡോക്ടർ നിർദേശിച്ച റേഡിയേഷൻ ചികിത്സകളായിരിക്കണം എന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്ന് എനിക്കു തോന്നുന്നു. അതു ശരിയാണെങ്കിൽ എത്രയോ ദാരുണമായ കൈപ്പിഴയായിരുന്നു അത്!
1962-ൽ ഞാൻ വിവാഹിതയായി. 1968-ൽ, അതായത് രോഗത്തിന്റെ ആരംഭഘട്ടത്തിൽ, ഞങ്ങൾക്കു സ്വന്തമായുണ്ടായിരുന്ന ബേക്കറിയിൽ ഭർത്താവ് ലിന്നും ഞാനും ഒരുമിച്ചു ജോലിചെയ്തിരുന്നു. ഞങ്ങൾ വെളുപ്പിന് ഏകദേശം 4 മണിക്ക് എഴുന്നേൽക്കുമായിരുന്നു. എന്റെ ഭർത്താവ് മാവു കുഴച്ച്, റൊട്ടി അവ്നിൽ വെച്ചശേഷം ചിലപ്പോൾ കിട്ടുന്ന നേരത്ത് ധാന്യപ്പൊടിച്ചാക്കുകളിന്മേൽ കിടന്ന് അൽപ്പമൊന്നു മയങ്ങാറുണ്ടായിരുന്നു. ഞങ്ങൾ അതു ചെറിയ കഷണങ്ങളാക്കി പായ്ക്കുചെയ്യും, പിന്നീട് ലിൻ അവ വേണ്ട സ്ഥലങ്ങളിൽ എത്തിക്കും. ഒരവസരത്തിൽ ഒരു ഇൻഷ്വറൻസ് വിൽപ്പനക്കാരൻ ബേക്കറി സന്ദർശിച്ച് ഞങ്ങളോടു ദൈവത്തിന്റെ വാഗ്ദത്ത രാജ്യത്തെക്കുറിച്ചു പറഞ്ഞു. കേട്ടകാര്യങ്ങൾ ഞങ്ങൾക്കിഷ്ടമായെങ്കിലും അപ്പോൾ ഞങ്ങൾക്കു തിരക്കായിരുന്നു. ഞങ്ങളുടെ റൊട്ടി വ്യവസായം വികസിച്ചുകൊണ്ടിരുന്നതിനാൽ ഞങ്ങൾ എന്നത്തേതിലും കൂടുതൽ ലൗകിക ജോലികൾകൊണ്ടു ഭാരപ്പെട്ട സമയമായിരുന്നു അത്. ആഹ്ലാദകരമെന്നു പറയട്ടെ ഞങ്ങളുടെ ബിസിനസ് മറ്റൊരു ബേക്കറിക്കാർ വാങ്ങി! ലിൻ അവർക്കുവേണ്ടി ജോലി ചെയ്തു. ഞാനൊരു ബ്യൂട്ടിപാർലറിലും ജോലിക്കു പോയി. എന്നിരുന്നാലും, സന്ധിവീക്കം കൂടുതൽ വഷളായതിനാൽ എനിക്ക് ആഴ്ചയിൽ മൂന്നു ദിവസം മാത്രമേ ജോലി ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് അതു തീർത്തും ഉപേക്ഷിക്കേണ്ടതായുംവന്നു.
ആ കാലഘട്ടത്തിൽ, യഹോവയുടെ സാക്ഷികളിലൊരാൾ ക്രമമായി വീട്ടിൽ വന്ന്, വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ എനിക്കു തരാറുണ്ടായിരുന്നു. അവർക്കൊരു ഉപകാരമാണു ചെയ്യുന്നത് എന്ന ചിന്തയിൽ ഞാൻ എല്ലായ്പോഴും സംഭാവനകൾ കൊടുത്തു മാസികകൾ എടുക്കുമായിരുന്നു. അവർ പോയാലുടനെ ഞാനവ തുറക്കാതെതന്നെ ഷെൽഫിൽ ഏതാനും ദിവസത്തേക്കു വെച്ചേക്കും, പിന്നീട് ഞങ്ങളിലാരെങ്കിലും അവ എടുത്തുകളയുകയും ചെയ്യും. അതു തികച്ചും നിർഭാഗ്യകരമായിരുന്നു, കാരണം ഇപ്പോൾ ഞങ്ങളതിന്റെ ആത്മീയ മൂല്യത്തെ ഏറെ വിലമതിക്കുന്നു. എങ്കിലും, അക്കാലത്ത്, മതപരമായ കാര്യങ്ങൾ അത്ര പ്രാധാന്യമുള്ളതായി തോന്നിയിരുന്നില്ല.
ഞങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുണ്ടാകുന്നു
ഒരു സായാഹ്നത്തിൽ ഞാനും എന്റെ ഭർത്താവും തിന്നുക, ഉറങ്ങുക, കഠിനാധ്വാനം ചെയ്യുക എന്നതിലുപരി ജീവിതത്തിനൊരു അർഥമുണ്ടായിരിക്കാൻ എന്തു ചെയ്യാൻ കഴിയും എന്നതിനെപ്പറ്റി ചർച്ചചെയ്യുകയായിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ ഇല്ലാതിരുന്ന ആത്മീയതയ്ക്കുവേണ്ടിയുള്ള അന്വേഷണം ഞങ്ങൾ തുടങ്ങി. തെരുവിന്റെ തെക്കായി ഉണ്ടായിരുന്ന ഒരു ചെറിയ പള്ളിയിലേക്കു ഞങ്ങൾ ശ്രദ്ധ തിരിച്ചെങ്കിലും ഞങ്ങൾ പ്രതീക്ഷിച്ച ആത്മീയ പ്രോത്സാഹനം ഞങ്ങൾക്കവിടെനിന്നു ലഭിച്ചില്ല. പള്ളിയംഗങ്ങൾ പ്രധാനമായും അവരുടെ പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചാണു സംസാരിച്ചത്.
മാസികകൾ കൊണ്ടുവന്നിരുന്ന സാക്ഷി ഏകദേശം ഒരു വർഷമായി സന്ദർശിക്കുന്നുണ്ടായിരുന്നെങ്കിലും, ഒടുവിൽ 1968 ഒക്ടോബർ 8 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ നീണ്ടുപോകുന്നുവോ?” എന്ന ശീർഷകത്തോടുകൂടിയ ലേഖനം വായിക്കുന്നതുവരെ ഞാനെന്റെ പതിവു മാറ്റിയില്ല. ഞാൻ വായിച്ച വിവരം എനിക്കിഷ്ടപ്പെട്ടു. എന്റെ ഭർത്താവിനും അതിഷ്ടമായി. ഞങ്ങൾ സത്യം പഠിക്കാനും വളരെ വേഗം അതുൾക്കൊള്ളാനും തുടങ്ങി. ഞങ്ങൾ പഠിച്ച അത്ഭുതകരമായ എല്ലാ സംഗതികളും ഉത്സുകതയോടെ ഉൾക്കൊണ്ടു. 1969-ൽ ഞങ്ങൾ സ്നാപനമേറ്റു.
കാലം കടന്നുപോകവെ, എനിക്ക് എഴുന്നേൽക്കാനും ഇരിക്കാനും ഒക്കെ പ്രയാസമായിത്തുടങ്ങി, നടക്കാനാണെങ്കിൽ അതിലേറെ പ്രയാസം. കാറിൽ കയറാനും പുറത്തിറങ്ങാനും എനിക്കു ബലംപിടിച്ച് എന്റെ മുട്ടുകൾ മടക്കേണ്ടി വരുമായിരുന്നു. മിക്കപ്പോഴും എന്നെ കരയിക്കുന്ന ഒട്ടേറെ പരിമിതികളും വേദനയും സഹിച്ചു ജീവിക്കാൻ ഞാൻ പഠിച്ചു. അങ്ങനെ, എന്റെ മേക്കപ്പ് ശരിയാക്കി യോഗങ്ങൾക്കും വയലിലുമൊക്കെ ഞങ്ങൾ പോകുമായിരുന്നു. വീടുതോറും എനിക്കു സാധിക്കുന്നത്രയും ദൂരം ഞാൻ നടന്നു. എന്റെ കാൽമുട്ടുകളുടെയും പാദങ്ങളുടെയും വഴക്കമില്ലായ്മയും വേദനയും വർധിച്ച് തീരെ വയ്യാതാകുന്നതുവരെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും വയൽസേവനത്തിനായി പുറത്തുപോകാൻ ഞാൻ ശ്രമിച്ചു. വീണാൽ എഴുന്നേൽക്കാൻ പറ്റാതാകുമോ എന്നു മിക്കപ്പോഴും ഞാൻ ഭയന്നിട്ടുണ്ട്. യഹോവയോടു സംസാരിക്കുന്നത് എന്നെ വളരെയേറെ സഹായിക്കുന്നു. ചിലപ്പോൾ അവനോട് എന്റെ സങ്കടങ്ങൾ പറഞ്ഞ് ഒരുപാടു കണ്ണീരൊഴുക്കും.
എങ്കിലും, കണ്ണീരിൽ അഭയം പ്രാപിക്കുക എന്നത് എല്ലായ്പോഴും സാധ്യമല്ലായിരുന്നു. വാതരോഗസമാനമായ സന്ധിവീക്കം ഉള്ള ഒരാളുടെ കണ്ണിലെ വെള്ളം വറ്റിപ്പോകാനും സാധ്യതയുണ്ടായിരുന്നു. എനിക്കു ചിലപ്പോൾ വായിക്കാൻ പോലുമാകാത്തവിധം കണ്ണിലെ വെള്ളം തീർത്തും വറ്റിപ്പോയിട്ടുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ ഞാൻ ബൈബിൾ ടേപ്പുകൾ ശ്രദ്ധിക്കും. ഇമകളനക്കുന്നത് എന്റെ കണ്ണുകളിൽ പോറലുകൾ ഉണ്ടാക്കുമായിരുന്നതിനാൽ ഞാൻ മിക്കപ്പോഴും കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ടാണു നടന്നത്. ഞാൻ അന്ധയായിപ്പോയതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ചില സമയങ്ങളിൽ ഓരോ അഞ്ചു മിനിറ്റിലും എനിക്കു കണ്ണുകളിൽ കൃത്രിമ കണ്ണീർ ഒഴിക്കേണ്ടിവരുമായിരുന്നു. ചിലപ്പോൾ കണ്ണുകളിൽ ലേപനം പുരട്ടി ഭേദപ്പെടുന്നതുവരെ അഞ്ചോ ആറോ ദിവസത്തേക്കു ബാൻഡേജിടേണ്ടിവരാറുണ്ടായിരുന്നു എന്നതാണ് അതിലും കഷ്ടം. നീണ്ടു നിൽക്കുന്ന, ഈ വ്യവസ്ഥിതിയിൽ താനേ പൂർവസ്ഥിതി പ്രാപിക്കുമെന്നു പ്രതീക്ഷിക്കാനാകാത്ത ഒരു രോഗത്തോടു പൊരുതവെ ഒരു വ്യക്തിക്കു കൃതജ്ഞതയുള്ളവനായി തുടരുക എന്നത് അത്ര എളുപ്പമല്ല.
1978-ൽ, എനിക്ക് ഒരു വീൽച്ചെയറിനെ ആശ്രയിക്കേണ്ടിവന്നു. ആ തീരുമാനമെടുക്കുന്നതു ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നു. ഞാനതു കഴിയുന്നിടത്തോളം നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു, പക്ഷേ എനിക്കു മറ്റു മാർഗമില്ലായിരുന്നു. ആ ദിവസം ഏതായാലും വരും എന്നെനിക്കറിയാമായിരുന്നു, എന്നാൽ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതി അതിനു മുമ്പു വന്നെങ്കിലോ എന്നായിരുന്നു എന്റെ പ്രതീക്ഷ. ലിൻ, പ്ലാൻ വരയ്ക്കുന്നവരുടേതുപോലെ പൊക്കമുള്ളതും അഞ്ചു ചക്രമുള്ള വിസ്താരമേറിയ അടിസ്ഥാനത്തോടുകൂടിയതുമായ ഒന്നാണു വാങ്ങിയത്. അതുപയോഗിച്ച് എനിക്കു തന്നെത്താൻ വീട്ടിലെങ്ങും പോകാമായിരുന്നു.
എന്റെ കൈ നീട്ടാൻ പ്രയാസമായിരുന്നതിനാലും, മടങ്ങിയും വളഞ്ഞുമിരിക്കുന്ന എന്റെ വിരലുകൾകൊണ്ടു വേണ്ടത്ര മുറുകെപ്പിടിക്കാൻ പ്രയാസമായിരുന്നതിനാലും എന്തെങ്കിലും കയ്യെത്തിച്ചു പിടിക്കുക എന്നതു മടുപ്പുളവാക്കുന്നതാണെന്ന് എനിക്കു തോന്നി. അങ്ങനെയുള്ളപ്പോൾ ഞാൻ എന്റെ “സാധനങ്ങൾ എടുക്കാനുപയോഗിക്കുന്ന” വടി (grabber stick) ഉപയോഗിക്കും. അതുപയോഗിച്ച് എനിക്കു നിലത്തുനിന്നും വസ്തുക്കളെടുക്കാനോ ഒരു അലമാര തുറന്ന് ഒരു പാത്രം പുറത്തെടുക്കാനോ റെഫ്രിജെറേറ്ററിൽ നിന്ന് എന്തെങ്കിലും പുറത്തെടുക്കാനോ സാധിക്കും. എന്റെ “സാധനങ്ങൾ എടുക്കാനുപയോഗിക്കുന്ന” വടികൊണ്ടു കാര്യങ്ങൾ ചെയ്യാനുള്ള പുതിയ കഴിവുകൾ വളർത്തിക്കൊണ്ടുവരവെ, ചില ഗൃഹജോലികളെല്ലാം ചെയ്യാൻ എനിക്കാകുന്നുണ്ട്. എനിക്കു പാചകം ചെയ്യുന്നതിനും പാത്രം കഴുകിയുണക്കുന്നതിനും തുണികൾ തേച്ചുമടക്കുന്നതിനും നിലം തുടയ്ക്കുന്നതിനും സാധിക്കുന്നു. എന്റെ കഴിവുകൾ മെച്ചപ്പെട്ടുവരുന്നതിൽ എനിക്ക് അൽപ്പം അഭിമാനവും തോന്നാതില്ല, മാത്രമല്ല ചില ഗാർഹിക ആവശ്യങ്ങളിൽ എന്നാലാകുന്ന സഹായങ്ങൾ ചെയ്യുന്നതിൽ എനിക്കു സന്തോഷവുമുണ്ട്. എന്നിരുന്നാലും, മുമ്പൊക്കെ മിനിറ്റുകൾകൊണ്ടു ചെയ്തുതീർത്തിരുന്നവ ചെയ്യാൻ ഇപ്പോൾ എനിക്കു മണിക്കൂറുകൾതന്നെ വേണ്ടിവരുന്നു.
ടെലഫോണിലൂടെയുള്ള സാക്ഷീകരണം
സമയമെടുത്തെങ്കിലും, ഒടുവിൽ ഞാൻ ടെലഫോണിലൂടെ സാക്ഷീകരിച്ചുനോക്കാനുള്ള ധൈര്യം സംഭരിച്ചു. എനിക്കതു ചെയ്യാനാകുമെന്നു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഇപ്പോൾ ഞാനതു ശരിക്കും ആസ്വദിക്കുന്നു, ചില നല്ല ഫലങ്ങളും ലഭിക്കുന്നു. ആളുകളോട് യഹോവയെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും എനിക്കു സംസാരിക്കാനാകുന്നു എന്നതിനാൽ അത് ഏതാണ്ടു വീടുതോറും പോകുന്നതുപോലെതന്നെയാണ് എന്നത് എന്നെ ആശ്ചര്യപ്പെടുത്തി.
ഞാനുപയോഗിക്കാറുള്ള അവതരണങ്ങളിലൊന്ന് ആരംഭിക്കുന്നതിങ്ങനെയാണ്: “ഹലോ, നിങ്ങൾ ശ്രീ.—— ആണോ? ഞാൻ ശ്രീമതി മാസ് ആണ്. ഞാൻ ആളുകളുമായി വളരെ ചുരുക്കമായി ഒരു സംഗതി സംസാരിച്ചുവരുകയായിരുന്നു. നിങ്ങൾക്ക് ഏതാനും നിമിഷങ്ങൾ ചെലവഴിക്കാനാകുമെങ്കിൽ ഞാൻ നിങ്ങളോടു സംസാരിക്കട്ടെ? (സാധാരണമായി ലഭിക്കുന്ന പ്രതികരണം: “എന്തിനെക്കുറിച്ചാണ്?” എന്നായിരിക്കും.) ലോകത്തിൽ ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന സംഗതികൾ കാണുന്നതു ഭയമുളവാക്കുന്നു, അല്ലേ? (പ്രതികരണത്തിന് അനുവദിക്കുന്നു.) ഭാവിയെ സംബന്ധിച്ചു നമുക്ക് യഥാർഥ പ്രത്യാശ നൽകുന്ന ബൈബിളിലെ ഈ ആശയം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നിട്ട് ഞാൻ കർത്താവിന്റെ പ്രാർഥനയും സാധ്യമെങ്കിൽ 2 പത്രൊസ് 3:13-ഉം വായിക്കുന്നു. ചില മടക്കസന്ദർശനങ്ങൾ എനിക്കുവേണ്ടി നടത്താൻ ഞാൻ മറ്റു ക്രിസ്തീയ സഹോദരിമാർക്കോ ലിന്നിനോ കൈമാറും.
കഴിഞ്ഞ കുറെ വർഷങ്ങൾകൊണ്ട്, എനിക്കു ധാരാളം നല്ല സംഭാഷണങ്ങൾ നടത്തുന്നതിനും ലഘുപത്രികകളും മാസികകളും പുസ്തകങ്ങളും താത്പര്യക്കാർക്കു കൊടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. ചിലർ ഫോണിലൂടെ ബൈബിൾ പഠിക്കാനും ആരംഭിച്ചിരിക്കുന്നു. ഞാൻ സംസാരിച്ച ഒരു സ്ത്രീ സ്വന്തമായി പഠിച്ചാൽ മതിയെന്നു താൻ വിചാരിക്കുന്നതായി എന്നോടു പറഞ്ഞു. എന്നാൽ കുറേ ചർച്ചകൾക്കുശേഷം, എന്റെ അവസ്ഥയെക്കുറിച്ച് അവരോടു പറഞ്ഞതു നിമിത്തം, അവർ ബൈബിളധ്യയനത്തിനായി എന്റെ വീട്ടിലേക്കു വരാൻ സമ്മതിച്ചു.
മറ്റൊരവസരത്തിൽ ഞാൻ ഫോൺ വിളിച്ചുകൊണ്ടിരുന്നപ്പോൾ ‘മറുപടി പറയുന്ന യന്ത്രം’ ഒരു നമ്പർ തന്നു. സാധാരണമായി ഞാൻ പ്രാദേശിക ഫോൺവിളികളേ നടത്താറുണ്ടായിരുന്നുള്ളൂ. ഇതു പ്രാദേശിക പരിധിക്കുള്ളിൽ വരുന്നതല്ലായിരുന്നെങ്കിലും ആ നമ്പറിൽ വിളിക്കണം എന്നൊരു ഉൾപ്രേരണ എനിക്കുണ്ടായി. ഞാനുമായി ഏതാനും നിമിഷങ്ങൾ സംസാരിച്ചശേഷം, ഫോണെടുത്ത സ്ത്രീ താനും ഭർത്താവും യഥാർഥ ക്രിസ്ത്യാനികളുമായി സമ്പർക്കത്തിൽ വരാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു. അതുകൊണ്ട് ലിന്നും ഞാനും ഏകദേശം ഒരു മണിക്കൂർ യാത്രയുള്ള അവരുടെ വീട്ടിലേക്ക് അധ്യയനമെടുക്കുന്നതിനായി പോയി.
ഇപ്പോഴും ഞാൻ യഹോവയെക്കുറിച്ചും നീതി വസിക്കുന്ന പുതിയ ആകാശങ്ങളെയും പുതിയ ഭൂമിയെയും കുറിച്ചുള്ള അവന്റെ വാഗ്ദത്തങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഞാൻ സംസാരിക്കാറുണ്ടായിരുന്ന ഒരു സ്ത്രീ അടുത്തയിടെ എന്നോടിങ്ങനെ പറഞ്ഞു: “നിങ്ങളോടു സംസാരിക്കുമ്പോഴെല്ലാം, ഞാൻ കൂടുതൽ അറിവു നേടിക്കൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാം.” മറ്റുള്ളവരുമായി ഞാൻ പങ്കുവെക്കുന്ന അറിവ് നിത്യജീവനിലേക്കു നയിക്കുന്നതും എന്നെപ്പോലെ വൈകല്യമുള്ള ഒരാളിലൂടെപോലും പ്രശോഭിക്കാൻ കഴിവുള്ളതുമാണെന്ന് എനിക്കറിയാം. ചിലപ്പോഴൊക്കെ ശുശ്രൂഷയിൽ മറ്റു സമയങ്ങളിലെക്കാൾ കൂടുതൽ ചെയ്യാൻ എനിക്കു സാധിക്കാറുണ്ട്, പക്ഷേ എനിക്കു കൂടുതൽ, എന്നത്തെക്കാളും കൂടുതൽ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു! യഹോവയ്ക്ക് ഓരോരുത്തരുടെയും സാഹചര്യങ്ങൾ അറിയാമെന്നും നമുക്കു ചെയ്യാൻ സാധിക്കുന്നത് എത്ര കുറഞ്ഞതാണെങ്കിലും അവൻ വിലമതിക്കുന്നുവെന്നും എനിക്കറിയാം. ഞാൻ മിക്കപ്പോഴും “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക,” എന്നു പറയുന്ന സദൃശവാക്യങ്ങൾ 27:11-നെക്കുറിച്ചു ധ്യാനിച്ചിട്ടുണ്ട്. സാത്താനെ നുണയനെന്നു തെളിയിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുകയും ചെയ്യുന്നു.
എത്തിച്ചേരുക എനിക്കു പ്രയാസമാണെങ്കിലും യോഗങ്ങളിലായിരിക്കുന്നത് എല്ലായ്പോഴും പ്രോത്സാഹജനകമാണ്. ആത്മീയമായി നന്നായി പോഷിപ്പിക്കുന്നതിനുവേണ്ടി യഹോവ നമുക്കായി അത്ഭുതകരമായ ധാരാളം കരുതലുകൾ ചെയ്തിരിക്കുന്നതിനാൽ അതിൽ നിന്നും പൂർണ പ്രയോജനം നേടാൻ ഞാനാഗ്രഹിക്കുന്നു. ഞങ്ങളുടെ രണ്ടു മക്കളും സത്യം തങ്ങളുടെ സ്വന്തമാക്കിയതിൽ ഞങ്ങളെത്രമാത്രം സന്തോഷിക്കുന്നെന്നോ! ഞങ്ങളുടെ മകൾ, ടെറിയെ നല്ലൊരു സഹോദരൻ വിവാഹം ചെയ്തിരിക്കുന്നു. ഞാൻ വളരെയേറെ സ്നേഹിക്കുന്ന നാലു കുട്ടികൾ അവർക്കുണ്ട്. ഞങ്ങളുടെ പേരക്കുട്ടികളും യഹോവയെ സ്നേഹിക്കുന്നതു കാണുന്നത് എത്രമാത്രം ഹൃദയോഷ്മളമാണ്! ഞങ്ങളുടെ മകൻ ജെയിംസും ഭാര്യ റ്റ്യൂസ്ഡേയും യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ലോക ആസ്ഥാനമായ ബ്രുക്ലിൻ ബെഥേലിലെ സേവനം തിരഞ്ഞെടുത്തിരിക്കുന്നു.
യഹോവയുടെ ശക്തിയാലുളവാകുന്ന ഭൗമിക പറുദീസ
ഒരു പറുദീസാ ഭൂമിയെക്കുറിച്ചുള്ള യഹോവയുടെ അത്ഭുതകരമായ വാഗ്ദത്തത്തെക്കുറിച്ച് എപ്പോഴും മനസ്സിൽ പിടിക്കാൻ ഞാൻ പരിശ്രമിക്കുന്നു. ആനന്ദം കണ്ടെത്താനുതകുന്ന അവന്റെ ധാരാളം സൃഷ്ടികൾ ഇപ്പോൾപോലുമുണ്ട്. മനോഹരമായ ഒരു സൂര്യാസ്തമയം ഞാൻ ആസ്വദിക്കുന്നു. പുഷ്പങ്ങളിലെ വ്യത്യസ്തതയിലും അവയുടെ നറുമണത്തിലും ഞാൻ ആനന്ദംകൊള്ളുന്നു. പനിനീർപുഷ്പങ്ങൾ എനിക്കു വളരെയിഷ്ടമാണ്! വീട്ടിൽനിന്നു കൂടെക്കൂടെ പുറത്തുപോകാൻ എനിക്കാവില്ല, എങ്കിലും എനിക്കു സാധിക്കുമ്പോഴെല്ലാം, ഊഷ്മളമായ സൂര്യതേജസ്സ് ഞാൻ ശരിക്കും ആസ്വദിക്കുന്നു. ഞാൻ കണ്ണുകളടച്ച്, മനോഹരമായ പർവതങ്ങളുടെ പശ്ചാത്തലത്തിൽ വനപുഷ്പങ്ങൾ നിറഞ്ഞ ഒരു തുറസ്സായ പുൽമേട്ടിൽ എന്റെ കുടുംബത്തോടൊത്ത് ഉല്ലസിക്കുന്നതായി സങ്കൽപ്പിക്കുന്നു. കളകളാരവം പൊഴിക്കുന്ന ഒരു കൊച്ചരുവിയും എല്ലാവർക്കുംവേണ്ടത്ര നല്ല നീരും, മധുരവുമുള്ള ധാരാളം തണ്ണിമത്തങ്ങയും അവിടെയുണ്ട്! എനിക്കു സാധിക്കുമ്പോഴൊക്കെ വാഗ്ദത്ത ഭൗമിക പറുദീസയെക്കുറിച്ചു ധ്യാനിക്കാൻ എന്നെ സഹായിക്കുന്നതരം ചിത്രങ്ങൾ വരയ്ക്കും. ചായമിടുമ്പോൾ ഞാൻതന്നെ അവിടെയായിരിക്കുന്നതായി സങ്കൽപ്പിക്കും. ഭാവനയിൽ വിരിയുന്ന, എനിക്കു പ്രിയപ്പെട്ട അത്തരം അഴകേറിയ ഛായാചിത്രങ്ങൾ യാഥാർഥ്യമാക്കാൻ യഹോവയ്ക്കു തീർച്ചയായും കഴിയുമെന്നെനിക്കറിയാം.
യാക്കോബ് 1:12-ലെ വചനം ഓർമിക്കാൻ ഞാനിഷ്ടപ്പെടുന്നു. അതിപ്രകാരം പറയുന്നു: “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.” പൗലൊസ് തനിക്കുണ്ടായിരുന്ന വൈകല്യത്തെ ‘തന്നെ കുത്തുന്ന സാത്താന്റെ ദൂതനോട്’ ഉപമിച്ചു. അവൻ യഹോവയോട് തന്റെ വൈകല്യം നീക്കിത്തരാൻ അപേക്ഷിച്ചെങ്കിലും, ദൈവത്തിന്റെ ശക്തി അവന്റെ ബലഹീനതയിൽ പൂർണമാക്കപ്പെടുന്നു എന്നാണ് അവനു ലഭിച്ച ഉത്തരം. അതുകൊണ്ട്, ബലഹീനതയുണ്ടായിരിക്കെത്തന്നെ അവനു ലഭിച്ച വിജയം അവന്റെമേൽ ദൈവത്തിന്റെ ശക്തി ഉണ്ടായിരുന്നു എന്നതിനു തെളിവു നൽകി. പൗലൊസ് ഇങ്ങനെ പറഞ്ഞു: “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരിന്ത്യർ 12:7-10) പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എനിക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്ന ഈ ചെറിയ അളവിലുള്ള സേവനംപോലും ദൈവത്തിന്റെ ശക്തി എന്റെ മേൽ ഉണ്ടായിരിക്കുന്നതിനാൽ മാത്രമാണെന്ന് എനിക്കറിയാം.
എനിക്ക് യഥാർഥമായും പ്രോത്സാഹജനകമായ ഒരു സംഗതി യോഹന്നാൻ രേഖപ്പെടുത്തുകയുണ്ടായി. അതു 38 വർഷം കിടപ്പിലായിരുന്ന ഒരു മനുഷ്യനെക്കുറിച്ചുള്ളതാണ്. അയാൾ മറ്റു രോഗികളോടൊപ്പം, ഒരു കുളക്കരയിൽ അതിലെ ജലത്താൽ സൗഖ്യം പ്രാപിക്കാമെന്ന പ്രത്യാശയുമായി കിടന്നിരുന്നു. തന്നെ സൗഖ്യമാക്കുമെന്ന് അയാൾ വിചാരിച്ച ആ വെള്ളത്തിങ്കൽ എത്താൻ അയാൾക്കു സാധിച്ചിരുന്നില്ല. ഒരു നാൾ യേശു അയാളെ കണ്ടു, ‘നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ’ എന്നു ചോദിച്ചു. എത്രമാത്രം സന്തോഷാശ്രു പൊഴിച്ചുകൊണ്ടാവും ഞാൻ അതിന് ഉത്തരം പറയുക! “യേശു അവനോടു: എഴുന്നേററു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു. (യോഹന്നാൻ 5:2-9) നമ്മിലനേകർ അത്തരമൊരു ക്ഷണം കേൾക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു!—ലൂറെറ്റ മാസ് പറഞ്ഞപ്രകാരം.
[24-ാം പേജിലെ ചിത്രം]
മനുഷ്യരെ സ്നേഹിച്ച ഒരു കുട്ടിയെക്കുറിച്ചു ഞാൻ ചിന്തിച്ചു, ഇതാ അവൾ സന്തോഷത്തോടെ ഒരു പുൽത്തകിടി കടക്കുന്നു
[25-ാം പേജിലെ ചിത്രം]
നല്ല ഉണർവു തോന്നിയ ഒരവസരത്തിൽ, ഞാൻ പൊയ്ക്കാലിന്മേൽ നടക്കുന്ന ഒരാൺകുട്ടിയെയും കാൽച്ചുവട്ടിൽ അവന്റെ നായയെയും ഭാവനയിൽ കണ്ടു
[26-ാം പേജിലെ ചിത്രങ്ങൾ]
വയൽസേവനത്തിനായി ഫോൺ നമ്പരുകൾ ശേഖരിക്കുന്നു
ഫോൺ ഡയൽ ചെയ്യുന്നു