ആമസോൺ മഴക്കാടുകൾ—കെട്ടുകഥയുടെ മൂടുപടവുമണിഞ്ഞ്
ബ്രസീലിലെ ഉണരുക! ലേഖകൻ
പെറുവിലെ നാപ്പോ നദിക്കരികിൽ താമസിക്കുന്ന ഇറിമാറെയ് ഇന്ത്യക്കാർക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല! തങ്ങളുടെ വീതികുറഞ്ഞ ചിറ്റോടങ്ങളിൽനിന്നു വ്യത്യസ്തമായ രണ്ടു ചതുരപ്പായ്ക്കപ്പലുകൾ ഗ്രാമത്തിനു നേരേ വരുന്നു. കപ്പലിൽ താടിക്കാരായ യോദ്ധാക്കളെ അവർ കണ്ടു—അതുവരെ അവർ കണ്ടിട്ടുള്ള മറ്റേതു ഗോത്രക്കാരിൽനിന്നും വ്യത്യസ്തരായ ആളുകൾ. പരിഭ്രാന്തരായ ഇന്ത്യക്കാർ ഒളിക്കാൻ ഒരു സ്ഥലത്തിനുവേണ്ടി പരക്കംപാഞ്ഞു. അവർ നോക്കിനിൽക്കവെ, വെളുത്ത നിറമുള്ള വിദേശികൾ കരയിലേക്കു ചാടിയിറങ്ങി, ഗ്രാമത്തിന്റെ ഭക്ഷ്യശേഖരം ആർത്തിയോടെ കാലിയാക്കിയിട്ടു വീണ്ടും കപ്പലിൽ യാത്രയായി. ആൻഡിസ് പർവതനിരമുതൽ അറ്റ്ലാൻറിക് സമുദ്രംവരെ, മഴക്കാടുകളിലുടനീളം ആദ്യമായി പര്യടനം ചെയ്തു ചരിത്രം സൃഷ്ടിക്കുകയെന്ന ആഗ്രഹമായിരുന്നു ആ വെള്ളക്കാർക്കു പ്രചോദനമേകിയത്.
ആ വർഷം, അതായത് 1542-ൽ, ചൂണ്ടവില്ലുകളും തിരിത്തോക്കുകളും കാട്ടിക്കൊണ്ട് ആ യൂറോപ്യൻ പര്യവേക്ഷകർ തെക്കേ അമേരിക്കയുടെ ഉഷ്ണമേഖലാ വനാന്തരത്തിലേക്കു ചെല്ലവെ, ഒന്നിനു പുറകേ ഒന്നായി ഇന്ത്യൻ ഗോത്രക്കാർക്കു സമാനമായ നടുക്കമുണ്ടായി.
ജൈത്രയാത്ര നടത്തുന്ന ആ സംഘത്തിന്റെ തലവനായ സ്പാനിഷ്കാരൻ ഫ്രാൻസിസ്കോ ദെ ഓറെയാനാ, തന്റെ സംഘത്തിന്റെ കൊള്ളയും കൊലയും സംബന്ധിച്ച വാർത്തകൾ തങ്ങളുടെ ഇരട്ടപ്പായ്ക്കപ്പലുകളെക്കാൾ വേഗത്തിൽ ഇന്ത്യൻ ഗോത്രക്കാരുടെയടുക്കൽ ചെന്നെത്തിയതായി താമസിയാതെ മനസ്സിലാക്കി. നദി ഒഴുകുന്ന ദിശയിൽ കുറെക്കൂടെ അകലെയായി (ഇന്നത്തെ ബ്രസീലിയൻ നഗരമായ മനൗസിന് സമീപം) വസിക്കുന്ന ഇന്ത്യൻ ഗോത്രക്കാർ ആ 50 വിചിത്ര അക്രമികളുടെ വരവുംകാത്ത് വില്ലുകുലച്ച് ഒരുങ്ങിനിൽപ്പുണ്ടായിരുന്നു.
ആ ഇന്ത്യക്കാർ നല്ല ഉന്നമുള്ളവരായിരുന്നുവെന്നു പര്യവേക്ഷണ സംഘത്തിലെ ഒരംഗമായ ഗാസ്പാർ ദെ കാർവാച്ചാൽ സമ്മതിച്ചുപറഞ്ഞു. അനുഭവത്തിൽനിന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം, ആ ഇന്ത്യക്കാരുടെ അമ്പുകളിലൊന്നു തറച്ചത് അദ്ദേഹത്തിന്റെ വാരിയെല്ലുകൾക്കിടയിലായിരുന്നു. “എന്റെ വസ്ത്രത്തിനു കട്ടിയില്ലായിരുന്നെങ്കിൽ അതെന്റെ അവസാനമായിരുന്നേനേ,” പരിക്കേറ്റ ആ സന്ന്യാസി എഴുതി.
‘പത്തു പുരുഷന്മാർക്കു തുല്യരായി പോരാടുന്ന സ്ത്രീകൾ’
ധൈര്യശാലികളായ ആ ഇന്ത്യക്കാരുടെ പിന്നിൽ വർത്തിച്ച പ്രേരകശക്തിയെക്കുറിച്ചു കാർവാച്ചാൽ തുടർന്നു വർണിച്ചു. ‘സ്ത്രീകൾ പുരുഷന്മാർക്കു മുന്നിലായി വനിതാക്യാപ്റ്റന്മാരെപ്പോലെ പോരാടുന്നതു ഞങ്ങൾ കണ്ടു. ഈ സ്ത്രീകൾ വെളുത്തു പൊക്കമുള്ളവരായിരുന്നു. പിന്നിയിട്ടിരുന്ന നീണ്ട തലമുടി തലയ്ക്കു ചുറ്റും വളച്ചുകെട്ടിവെച്ചിരുന്നു. അവർ ശക്തിശാലികളായിരുന്നു. കയ്യിൽ അമ്പും വില്ലുമേന്തി ഓരോ സ്ത്രീയും പത്തു പുരുഷന്മാർക്കു തുല്യയായി പോരാടുന്നു.’
പര്യവേക്ഷകർ വനിതായോദ്ധാക്കളെ കണ്ടതു വാസ്തവമായിരുന്നോ, അല്ലെങ്കിൽ ഒരു പ്രസിദ്ധീകരണം പറഞ്ഞതുപോലെ “മഞ്ഞപ്പനി മൂലമുണ്ടായ ഒരു വിഭ്രാന്തി”യായിരുന്നോ എന്നത് അജ്ഞാതമാണ്. എന്നാൽ ചില വൃത്താന്തങ്ങളെങ്കിലും പറയുന്നതനുസരിച്ച് ഓറെയാനായും കാർവാച്ചാലും ബൃഹത്തായ നദീമുഖത്തെത്തി അറ്റ്ലാൻറിക് സമുദ്രത്തിലേക്കു യാത്ര ചെയ്ത സമയത്ത് തങ്ങൾ പശ്ചിമാർധഗോളത്തിലെ ആമസോണുകളെ, ഗ്രീക്ക് പുരാണത്തിൽ വർണിച്ചിരിക്കുന്ന വനിതായോദ്ധാക്കളെ കണ്ടെന്നു വിശ്വസിച്ചു.a
സന്ന്യാസിയായ കാർവാച്ചാൽ, ഓറെയാനായുടെ എട്ടു മാസം നീണ്ടുനിന്ന പര്യവേക്ഷണത്തെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണത്തിൽ അമേരിക്കൻ ആമസോണുകളുടെ കഥകൂടെ ഉൾപ്പെടുത്തിക്കൊണ്ട് അതു പിൻഗാമികൾക്കായി കാത്തുസൂക്ഷിച്ചു. ക്യാപ്റ്റൻ ഓറെയാനായാകട്ടെ, സ്പെയിനിലേക്കു യാത്ര ചെയ്ത് അദ്ദേഹം ഭാവാത്മകതയോടെ വിളിച്ച റിയോ ദെ ലാസ് ആമസോണാസിലൂടെ—അല്ലെങ്കിൽ ആമസോൺനദിയിലൂടെ—നടത്തിയ യാത്രയെക്കുറിച്ചു വ്യക്തമായ ഒരു വിവരണം നൽകി. താമസിയാതെ, 16-ാം നൂറ്റാണ്ടിലെ ഭൂപടനിർമാതാക്കൾ, തയ്യാറാക്കിക്കൊണ്ടിരുന്ന തെക്കേ അമേരിക്കയുടെ ആദിമ ഭൂപടത്തിൽ പുതിയൊരു പേര് കുറിച്ചിട്ടു.—ആമസോൺ. അങ്ങനെ ആമസോൺ വനം കെട്ടുകഥയുടെ മൂടുപടമണിഞ്ഞു. എന്നാൽ, ഇപ്പോൾ ആ വനത്തെ പൊതിഞ്ഞുനിൽക്കുന്നതു യാഥാർഥ്യങ്ങളാണ്.
[അടിക്കുറിപ്പ്]
a സാധ്യതയനുസരിച്ച്. “ആമസോണുകൾ” എന്ന പദം “ഇല്ലാത്ത” എന്നർഥമുള്ള ആ, “സ്തനം” എന്നർഥമുള്ള മാസോസ് എന്നീ ഗ്രീക്കു പദങ്ങളിൽനിന്നു വന്നിട്ടുള്ളതാണ്. പുരാണം പറയുന്നതനുസരിച്ച് അമ്പും വില്ലും കൂടുതൽ സൗകര്യമായി പിടിക്കാൻ ആമസോണുകൾ തങ്ങളുടെ വലത്തെ സ്തനം ഛേദിച്ചുകളഞ്ഞത്രേ.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Top background: The Complete Encyclopedia of Illustration/J. G. Heck