വേലിയേറ്റസമയത്തെ തിരക്ക്
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
വടക്കുപടിഞ്ഞാറൻ യൂറോപ്പിൽ ഏകദേശം ഒരു കോടിയോളം പക്ഷികൾ ഓരോ വർഷവും ശിശിരകാലം ചെലവഴിക്കാനെത്തുന്നു. ഉത്തരധ്രുവ പ്രദേശത്തെ പ്രജനന സ്ഥലങ്ങളിൽനിന്നു മാത്രമല്ല കാനഡ, മധ്യ സൈബീരിയ തുടങ്ങിയ വിദൂരദേശങ്ങളിൽനിന്നും അവ വന്നുചേരുന്നു. ആഫ്രിക്കയിലേക്കുള്ള യാത്രയ്ക്കിടയിൽ ബ്രിട്ടീഷ് ദ്വീപസമൂഹങ്ങൾക്കു കുറുകെയുള്ള ദേശാടനപഥമായ കിഴക്കൻ അറ്റ്ലാൻറിക് വ്യോമമാർഗത്തിൽവെച്ചു മറ്റനേകം പക്ഷികൾ അവയോടു ചേരുന്നു.
ശേഷിച്ചവയ്ക്കു ബ്രിട്ടീഷ് ഉൾക്കടലിലെ 30 വൻ അഴിമുഖങ്ങളുടെ പരമ്പര ആവശ്യമായ ഭക്ഷണവും വിശ്രമസങ്കേതവും പ്രദാനം ചെയ്യുന്നു. ഇവയോരോന്നും 20,000-ത്തിലേറെ പക്ഷികളെ പരിപാലിക്കുന്നുണ്ടെങ്കിലും അവയിൽ ഏറ്റം പ്രധാനമായത് 2.5 ലക്ഷത്തിലേറെ പക്ഷികൾക്ക്—വാൾക്കൊക്കന്മാരും ഡൺലിനുകളും ഗോഡ്വിറ്റുകളും നോട്ടുകളും കക്കാതീനികളും മണൽക്കോഴികളും ചോരക്കാലികളും കല്ലുരുട്ടിക്കാടകളും ഉൾപ്പെടെ—ആതിഥ്യമരുളുന്ന ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്തുള്ള ദ വാഷ് എന്ന അഴിമുഖമാണ്. അഴിമുഖങ്ങൾ എങ്ങനെയുള്ള ഭക്ഷണമാണു പ്രദാനം ചെയ്യുന്നത്, അവയ്ക്കിത്ര പ്രാധാന്യമുള്ളതെന്തുകൊണ്ട്?
അഴിമുഖങ്ങളുടെ പ്രാധാന്യം
അഴിമുഖങ്ങൾ ശുദ്ധജലം കടൽവെള്ളവുമായി കൂടിച്ചേരുന്ന ഭാഗികമായി അടഞ്ഞ തീരപ്രദേശങ്ങളാണ്. ലോകത്തിലുള്ള എല്ലാ സമുദ്രങ്ങളിലെയും പകുതിയോളം ജീവികളെ നിലനിർത്തുന്നത് ഇത്തരം ധാതു, ജൈവ സമൃദ്ധമായ ഉഷ്ണജലമാണ്. ചെമ്മീനുകളെയും മണൽച്ചെള്ളുകളെയും മറ്റുചില ജീവരൂപങ്ങളെയും നനഞ്ഞ മണലിൽ കണ്ടെത്താൻ കഴിയുമെങ്കിലും, അതിനെക്കാൾ വളരെയേറെ വ്യത്യസ്തങ്ങളായ നിരവധി ജീവികളെ അഴിമുഖങ്ങളിലുള്ള ചേറുമണ്ണിൽ കാണാം.
ചേറ് അതുത്ഭവിക്കുന്ന ഊറലുകൾക്കനുസരിച്ചു വ്യത്യസ്തമായിരിക്കും. ഓരോതരം ചേറിലും നീർപ്പക്ഷികൾക്കുa തിന്നാൻപറ്റിയ വ്യത്യസ്തങ്ങളായ കടൽ ജീവികളുണ്ട്. ഉദാഹരണത്തിന്, പ്രത്യേകതരം ചേറുള്ള ഒരു ചതുരശ്രമീറ്റർ ചുറ്റളവു പ്രദേശത്തു മൂന്നു മില്ലിമീറ്ററിൽ താഴെ മാത്രം നീളമുള്ള ദശലക്ഷക്കണക്കിനു ചെറിയ ഒച്ചുകളുണ്ടാകും. കൂടാതെ, മൊളസ്കുകളും ലഗ്മണ്ണിരകളും റാഗ്മണ്ണിരകളും മറ്റനേകം അകശേരുകികളും മറ്റും ചേറിൽ നന്നായി വളരുകയും ചെയ്യുന്നു.
പർവവേലിയേറ്റങ്ങൾ
ഒരഴിമുഖത്ത് ആയിരക്കണക്കിനു നീർപ്പക്ഷികൾ ഉണ്ടാകുമെങ്കിലും, സാധാരണഗതിയിൽ അവ വിസ്തൃതമായ പ്രദേശങ്ങളിലായി ചിതറിപ്പാർക്കുന്നതിനാൽ അവയെ കണ്ടെത്തുക പ്രയാസമാണ്. എന്നിരുന്നാലും, പർവവേലിയേറ്റങ്ങൾ (spring tides) ഉണ്ടാകുമ്പോൾ സാഹചര്യത്തിനു വലിയ മാറ്റം സംഭവിക്കുന്നു. വെള്ളം പൊങ്ങുമ്പോൾ ഉണ്ടാകുന്ന തിരമാലകൾ മണലിന്റെയും ചേറിന്റെയും തിണ്ടുകൾ മൂടിപ്പോകാൻ ഇടയാക്കുന്നു. ഇതു നീർപ്പക്ഷികളെ സാൾട്ടിങ്ങുകളിലേക്കുംb മറ്റ് ഉയർന്ന സ്ഥലങ്ങളിലേക്കും പോകാൻ നിർബന്ധിതരാക്കുന്നു. ഇങ്ങനെ തമ്മിൽ ഇടകലർന്ന വലിയ കൂട്ടങ്ങളായി ഒരുമിച്ചു ചേക്കേറുന്ന സമയത്ത് അവയെ നിരീക്ഷിക്കുക കൂടുതൽ എളുപ്പമാണ്.
ഇന്ന്, ഏപ്രിൽ മാസത്തിലെ ഈ തെളിഞ്ഞ ഊഷ്മള പ്രഭാതത്തിൽ പതിവുപോലെ ഒരു പർവവേലിയേറ്റം ഉണ്ടായിരിക്കുന്നു. ബ്രിട്ടനിലെ സഫോക് പ്രവിശ്യയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന ഓൾഡ് നദി വടക്കൻ കടലിനോടു ചേരുന്ന പ്രകൃതിരമണീയമായ ഒരു ചെറിയ അഴിമുഖത്തേക്കു ഞങ്ങൾ യാത്ര ചെയ്യവെ ഒരു തണുത്ത വടക്കുകിഴക്കൻ കാറ്റു വീശുന്നുണ്ടായിരുന്നു. ഇവിടെ ശിശിരകാലത്ത് 11,000-ത്തിലധികം നീർപ്പക്ഷികൾ എത്തിച്ചേരാറുണ്ട്. അഴിമുഖത്തിന്റെ വ്യാപ്തി കേവലം 0.8 കിലോമീറ്റർ മാത്രമായതിനാൽ ഇവിടെ അവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നമുക്കു കൂടുതൽ എളുപ്പമായിരിക്കും.
പലതരം വസ്തുക്കൾകൊണ്ടു നിർമിതമായ, അങ്ങിങ്ങു തകർന്നുപോയ ഒരു കടൽച്ചിറ നദിയോരത്തു നീളത്തിൽ കാണാം. തീരത്തിന്റെ ചില ഭാഗങ്ങൾ നിറയെ ഞാങ്ങണയും മാരംപുല്ലും വളർന്നു മൂടിയിരിക്കുന്നു. ബാക്കി ഭാഗം വെറുതേ തടിയും കല്ലും കൊണ്ടു പണിതിരിക്കുന്നു. നദിക്കരയിലൂടെ അൽപ്പം മുകളിലേക്കു പോകുമ്പോൾ വിക്ടോറിയൻ മാതൃകയിൽ പണിത ചാരുതയാർന്ന ഒരു കൂട്ടം കെട്ടിടങ്ങൾക്കു നടുവിലായി, ഓൾഡ്ബറ സംഗീതോത്സവത്തിന്റെ പ്രഭവസ്ഥാനമായ സ്നേപ് മാൾട്ടിങ്സ് സംഗീതമണ്ഡപം തലയുയർത്തിനിൽക്കുന്നതു കാണാം. പക്ഷേ, നോക്കിനിൽക്കാൻ സമയമില്ല. ഞങ്ങൾ നദീതീരത്തുകൂടെ താഴേക്കു നടന്ന് ഒരു സുരക്ഷിത സ്ഥാനം കണ്ടുപിടിച്ചേ മതിയാകൂ. കാറ്റിന് ഇപ്പോൾതന്നെ ശക്തികൂടിയിരിക്കുന്നു. മരംകോച്ചുന്ന തണുപ്പും. ഞങ്ങളുടെ കണ്ണുകൾ ചുളുചുളുക്കാൻ തുടങ്ങിയിരിക്കുന്നു.
ഞങ്ങൾ നദിയുടെ അരികത്ത് എത്തിയതേയുള്ളൂ. (ചിത്രത്തിലെ പോയിൻറ് A കാണുക.) അതാ ഒരു ജോഡി മറിക്കൊക്കന്മാരുടെ ഹൃദ്യമായ കളകൂജനം ഞങ്ങളെ വരവേൽക്കുന്നു. അഴിമുഖത്ത് ഞങ്ങൾ നിൽക്കുന്ന കരയിൽതന്നെയായി, 40 മീറ്ററിലേറെ അകലെയല്ലാതെ, ആ ജോഡികൾ കൊക്കുകൊണ്ടു തൂവൽ ചീകിമിനുക്കിക്കാട്ടി അന്യോന്യം പ്രീണിപ്പിക്കുന്ന തിരക്കിലാണ്. പക്ഷികൾ രണ്ടും അവയുടെ നേർത്ത കൊക്കുകൾ മുകളിലേക്കു തിരിച്ചു മേൽമാറിന്റെ വശങ്ങളിലുള്ള തൂവലുകൾ മെല്ലെ കൊത്തിവലിച്ചു ചേഷ്ടകൾ കാട്ടുകയാണ്. ഇതു രമണീയമായ ഒരു ദൃശ്യമാണ്. പക്ഷേ, ഇനിയും കാണാനേറെയുള്ളതുകൊണ്ട് നാം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
ഉയരുന്ന വേലിയേറ്റത്തിര
വേലിയേറ്റത്തിര പെട്ടെന്ന് ഉയരുന്നതിനാൽ, ഞങ്ങൾ വേഗത്തിൽ നിശ്ചയിച്ചു വെച്ചിരുന്ന നിരീക്ഷണ സ്ഥലത്തേക്കു നീങ്ങുന്നു. (ചിത്രത്തിലെ പോയിൻറ് B കാണുക.) വഴിക്ക്—അഴിമുഖത്തിന്റെ കാവൽക്കാരൻ എന്ന തന്റെ വിശേഷണത്തിനൊത്തു ജീവിക്കുന്ന—ഒരു ചോരക്കാലി “ടൂഹൂഹൂ-ടൂഹൂഹൂ!” എന്ന കാതു തുളയ്ക്കുന്ന മുന്നറിയിപ്പിൻ വിളിയുമായി സാൾട്ടിങ്ങിൽനിന്നു പറന്നുയർന്നു. അതിന്റെ ചുവന്ന കാലുകളോടു വൈരുദ്ധ്യം പുലർത്തുന്ന ചിറകിൻതുമ്പത്തെ തൂവെള്ളനിറം വെയിലേറ്റു തിളങ്ങുന്നുണ്ട്. ലക്ഷ്യസ്ഥാനത്തെത്തിയ ഞങ്ങൾ പെട്ടെന്നുതന്നെ, സത്വരം വെള്ളം കയറിക്കൊണ്ടിരിക്കുന്ന മണലിന്റെയും ചെളിയുടെയും തിണ്ടുകളിലാകെ ഒരു സൂക്ഷ്മപരിശോധന നടത്തുന്നു.
കുറച്ചു ദൂരെ ഇരുപതോളം ചോരക്കാലികളുടെ കൂട്ടം ചേറിൽ കൊക്ക് ആഴ്ത്തി പതുക്കെ എകാഗ്രമായി ഇരതേടുന്നുണ്ട്. ബാക്കിയുള്ളവർ ഭക്ഷണം തേടി കുറെക്കൂടി സുരക്ഷിതമായ നീർക്കൈവഴികളിലേക്കു പോയിരിക്കുന്നു. പ്രകൃതത്തിനുചേരുന്ന, താഴേക്കു വളഞ്ഞ കൊക്കുകളുള്ള ഡൺലിനുകൾ ചെറിയ കൂട്ടങ്ങളായി ചേർന്നുനടക്കുന്നു. എപ്പോഴും വെള്ളത്തിന്റെ അടുത്തുകൂടി പോകാൻ ചായ്വു കാണിച്ചുകൊണ്ടു യാതൊരു ക്രമവുമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു നിരയായി അവ തിരക്കിട്ടു വഴുവഴുത്ത ചേറിൽ കൊത്തിപ്പെറുക്കി മുന്നോട്ടു നീങ്ങുകയാണ്. അവിടവിടെയായി വാൾക്കൊക്കന്മാർ പതുപതുത്ത ചേറിൽ സൂക്ഷ്മതയോടെ പരതിക്കൊണ്ടിരിക്കുന്നു. നദിയുടെ അൽപ്പം കൂടി മേൽഭാഗത്തായി, ആ പഴയ കടൽത്തീരത്ത് അടിഞ്ഞുകയറിയ അവശിഷ്ടങ്ങൾ മറിച്ചിടാൻ കുറിയതും മുകളിലേക്കു നേരിയ വളവുള്ളതുമായ കൊക്കുകൾ ഉപയോഗിച്ചുകൊണ്ട് ഒരു ജോഡി കല്ലുരുട്ടിക്കാടകൾ ഭക്ഷണം തിരഞ്ഞുകൊണ്ടിരിക്കുന്നു.
പെട്ടെന്ന്, ചാരമണൽക്കോഴിയുടെ വന്യവും വിഷാദമൂകവുമായ “ട്ളീ-യൂ-ഈ” എന്ന ത്ര്യക്ഷര കൂജനത്താൽ അന്തരീക്ഷം മുഖരിതമായി. തലയ്ക്കു മുകളിലൂടെ പറന്ന അതിന്റെ അടിവശത്തെ ഇളംനിറം പശ്ചാത്തലമാകുമാറ് ആ പക്ഷിയുടെ കറുത്ത കക്ഷങ്ങൾ വ്യക്തമായി കാണാം. കാറ്റിനെ അഭിമുഖീകരിച്ചുകൊണ്ട് ദീർഘവൃത്താകൃതിയിൽ തിങ്ങിക്കൂടിയ നാനൂറു പൊൻമണൽക്കോഴികൾ തല ചിറകിനുള്ളിലൊളിപ്പിച്ചു വിശ്രമിക്കുന്നു. കൊത്തുകൂടി മേൽക്കോയ്മ ഉറപ്പിക്കുന്നതിനിടയിൽ വല്ലപ്പോഴുമൊക്കെയുണ്ടാകുന്ന ശണ്ഠ ചില സംഘാംഗങ്ങൾക്കിടയിൽ നടക്കുന്നുണ്ട്. ഭൂരിപക്ഷവും ഇപ്പോഴും തങ്ങളുടെ പുള്ളിക്കുത്തുകളുള്ള ശിശിരകാല തൂവൽക്കുപ്പായമണിഞ്ഞിരിക്കുന്നു—മേൽഭാഗത്തു സ്വർണവർണവും കറുപ്പും ഇടകലർന്നിരിക്കുന്നു; കണ്ണുകൾക്കു ചുറ്റിലും മുഖത്തും അടിവശത്തും മങ്ങിയ വെള്ളനിറം; കറുത്ത കൊക്ക്. ദൂരദർശിനി തിരിച്ചു നോക്കിക്കൊണ്ടിരിക്കവെ ഞങ്ങൾ മോതിരക്കോഴികളെയും കണ്ടെത്തുന്നു.
പെട്ടെന്നിതാ, ഏകദേശം 1000-ത്തോളം വരുന്ന ഒരു വലിയ സംഘം തിത്തിരിപ്പക്ഷികൾ എത്തിച്ചേർന്നിരിക്കുന്നു. ആകാശത്തുകൂടി തങ്ങളുടേതായ രീതിയിൽ കലപിലകൂട്ടി ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടാണ് അവയുടെ വരവ്. ഇഷ്ടം പോലെ തീറ്റ കിട്ടുമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട പടിഞ്ഞാറൻ കാർഷിക മേഖലകളിൽ നന്നാണ് ഈ തിത്തിരിപ്പക്ഷികളും സ്വർണമണൽക്കോഴികളും വന്നിരിക്കുന്നത്. ഈ അഴിമുഖത്ത് അവ എത്തിയിരിക്കുന്നതു തീറ്റയ്ക്കു വേണ്ടി മാത്രമല്ല കുളിക്കാനും തൂവലുകൾ ചീകിമിനുക്കാനുമാണ്.
പശ്ചാത്തലത്തിൽ മുഖ്യമായും മുഴങ്ങുന്ന ശബ്ദങ്ങൾ വാൾക്കൊക്കന്മാരുടെ ഗുളുഗുളു ശബ്ദവും ചോരക്കാലികളുടെ സംതൃപ്തവും സംഗീതാത്മകവുമായ ചൂളംവിളിയും ചെറിയ കടൽക്കാക്കകളുടെ ആരവവുമാണ്. രണ്ടു വരവാലൻ ഗോഡ്വിറ്റുകൾ ചേറിൽ ആഴത്തിൽ പരതിക്കൊണ്ടിരിക്കുന്നു. ഓറഞ്ചും ചുവപ്പും നിറമാർന്ന തങ്ങളുടെ കടുപ്പമേറിയ കൊക്കുകളാൽ കക്കാതീനികൾ ലഗ്മണ്ണിരകളെ മണ്ണിൽനിന്നു വലിച്ചു പുറത്തെടുക്കുന്നു. ഏകാന്തനായ ഒരു ചാരമണൽക്കോഴി പ്രൗഢഭാവത്തോടെ അടിവെച്ച്, ഇടയ്ക്കൊന്നു നിന്ന്, വലതു പാദം ഒന്നു കുടഞ്ഞ്, പിന്നെ തന്റെ ഇരയുടെ പിന്നാലെ പോയി അതിനെ വിഴുങ്ങുന്നു. പക്ഷേ കയറിക്കയറി വരുന്ന വേലിയേറ്റം അവ നിൽക്കുന്ന സ്ഥലത്തെത്തിയിരിക്കുന്നു.
തിരക്ക് ആരംഭിക്കുന്നു
പെട്ടെന്നു പക്ഷികൾ കൂട്ടമായി നിലത്തുനിന്ന് ഉയരുന്നു, മിക്കവാറും ഒരേ വർഗത്തിൽ പെട്ടവ ഒന്നിച്ച്. നീർപ്പക്ഷികൾ പറ്റമായി ചേർത്തടുക്കിയതുപോലെ ഒന്നിച്ചു പറക്കുന്നതിനാൽ ആ കാഴ്ച അവിസ്മരണീയമായ ഒന്നാണ്. വശത്തുനിന്നു വശത്തേക്കു ചാഞ്ഞും ചരിഞ്ഞുമുള്ള അവയുടെ പറക്കലിൽ സൂര്യരശ്മികൾ പതിക്കുന്നതിനനുസരിച്ച് നിറവും മാറുന്നു—കടുംതവിട്ടു നിറത്തിൽനിന്നു തിളങ്ങുന്ന വെള്ളിയുടെ വെൺമയാകുന്നു—ഒരു നിമിഷം വ്യക്തമായി കാണുകയും ഉത്തരക്ഷണത്തിൽ വേലിയേറ്റത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന കലക്കവെള്ളത്തിന്റെ നിറവുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഇരുണ്ടനിറത്തിൽനിന്നു വെള്ളിത്തിളക്കത്തിലേക്കും വെള്ളിനിറത്തിൽനിന്നു വീണ്ടും ഇരുണ്ടനിറത്തിലേക്കും, തികഞ്ഞ താളലയത്തോടെയും അതേസമയം നിരന്തരം ആകൃതിയിൽ മാറ്റം വരുത്തിക്കൊണ്ടും—ദീർഘവൃത്താകൃതിയിൽ നിന്നു വൃത്താകൃതിയിലേക്കും അതിൽ നിന്നു സർപ്പിളാകൃതിയിലേക്കും ഒടുക്കം ലംബാകൃതിയിലുള്ള ഒരു നിരയായും അവ രൂപംപ്രാപിക്കുന്നു. മിക്കവയും തിരിച്ച്, വേലിയേറ്റം അതുവരെ വന്നു മൂടിയിട്ടില്ലാത്ത ചേറിൻ തിട്ടകളിലേക്കു താണിറങ്ങുന്നു.
ഞങ്ങൾ നിലയുറപ്പിച്ചിരുന്ന മണലിന്റെയും ചേറിന്റെയും തിട്ടയിൽ പെട്ടെന്നുതന്നെ വെള്ളം വന്നു മൂടുമെന്നതിനാൽ ഞങ്ങൾ നദീതീരത്തുകൂടി മേൽഭാഗത്തേക്കു തിരക്കിട്ടു നീങ്ങുന്നു. ഒരു കൂട്ടം നീർപ്പക്ഷികളുടെ നിരയും ഞങ്ങളെ അനുഗമിക്കുന്നുണ്ട്. ആദ്യം ഞങ്ങളുടെ മുമ്പിൽക്കയറിയതു ത്വരിത ഗതിയിൽ ചിറകടിച്ചുകൊണ്ടു കാതുതുളയ്ക്കുന്ന, ഹ്രസ്വനേരത്തെ ചൂളംവിളിയുമായി വന്ന കൊച്ചു ഡൺലിനുകളുടെ ചെറിയ കൂട്ടങ്ങളായിരുന്നു. അടുത്തതായി കുറെക്കൂടി വലുപ്പവും ഗാംഭീര്യവുമേറിയ ചോരക്കാലികളുടെ കൂട്ടമാണു കടന്നുപോയത്. വലിയ കടൽക്കാക്കകളുടെ വലുപ്പമുള്ള വാൾക്കൊക്കന്മാർ തങ്ങളുടെ മനോഹരമായ കളകളശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അടുത്തുകൂടി പറന്നുപോയി. നീലാകാശത്തിൽ വൈരുദ്ധ്യാത്മക നിറങ്ങളായ കറുപ്പും വെള്ളയും പ്രദർശിപ്പിച്ചുകൊണ്ട് മറിക്കൊക്കന്മാർ വലിയ കൂട്ടമായി അവയെ പിൻചെന്നു. അവ തങ്ങളുടെ നീണ്ട ചാര-നീല വർണമുള്ള കാലുകളുടെ അറ്റംമാത്രം വെള്ളത്തിനു മീതെ കാണാൻ പാകത്തിന് അഴിമുഖത്തിന്റെ മേൽഭാഗത്തു താണിറങ്ങുന്നു.
ചേക്കേറുന്ന സ്ഥലം
അഴിമുഖം നേർത്തുവരുന്ന കുറെക്കൂടി ഉയർന്ന ഒരു സ്ഥലത്തെത്തുന്നതിനു ഞങ്ങൾ വേഗത്തിൽ നടന്നു. (ചിത്രത്തിലെ പോയിൻറ് C കാണുക.) എപ്പോഴുമില്ലെങ്കിലും പക്ഷികളെല്ലാം മിക്കവാറും അതതിന്റെ തരമനുസരിച്ചു കൂട്ടംകൂടാൻ ചായ്വു കാട്ടുന്നു. വേലിയേറ്റത്താൽ വെള്ളം ദ്രുതഗതിയിൽ പൊങ്ങിക്കൊണ്ടിരിക്കെ, കൂടുതൽ പക്ഷികൾ കൂട്ടത്തോടു ചേരുന്നുണ്ട്. തീരത്തു നിൽക്കാനുള്ള സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടേറുംതോറും അവയുടെ നിൽപ്പിന്റെ ക്രമത്തിനു തുടരെത്തുടരെ അഴിച്ചുപണി വേണ്ടിവരുന്നു. താമസിച്ചെത്തുന്നവർ സ്ഥലമുണ്ടാക്കാൻ തിക്കും തിരക്കും കൂട്ടുന്നു.
ഇപ്പോൾ വേലിയേറ്റം ഞങ്ങളുടെ അടുത്തെത്തി. തിത്തിരിപ്പക്ഷികളും പൊൻമണൽക്കോഴികളും കൃഷിസ്ഥലങ്ങളിലേക്കു പറന്നുപോയി. ബാക്കിയുള്ള എല്ലാ പക്ഷികളും ചേറിൽനിന്ന് ആ പഴയ നദിയുടെ തീരങ്ങളിലേക്കു ചേക്കേറാൻ നിർബന്ധിതരായിരിക്കുന്നു. കക്കാതീനികളുടെ നിർത്താതെയുള്ള കൂവലുകൾ അവയുടെ അനുപാതത്തിനു നിരക്കാത്തതാണ്. ചോരക്കാലികളും വാൾക്കൊക്കന്മാരും പശ്ചാത്തലത്തിലുള്ള കോലാഹലങ്ങളോടു തങ്ങളുടെ ശബ്ദവും ചേർക്കുന്നുണ്ട്. തലയ്ക്കു മുകളിലൂടെ പറന്ന ഒരു വാനമ്പാടിയുടെ പാട്ട് അതിനെയെല്ലാം വെല്ലുന്നു—തികച്ചും വിസ്മയാവഹമായ ഒരന്തരീക്ഷം.
പർവവേലിയേറ്റത്തിൽനിന്നകന്ന്, നീർപ്പക്ഷികൾ തങ്ങൾക്കർഹമായ മധ്യാഹ്ന ചേക്കേറൽ ആസ്വദിച്ചുകൊണ്ടിരിക്കവെ ഞങ്ങൾ അവിടെനിന്നും വിടവാങ്ങുന്നു. കടൽഭിത്തിക്കു പുറകിലായി വെള്ളം കാണാനാകാത്ത വിധമാണു ചിലവയുടെ ഇരിപ്പെങ്കിലും, പക്ഷികൾക്കു തങ്ങളുടെ ചേറിൻ തിട്ടകളിലേക്കോ മണൽ നിറഞ്ഞ തീരങ്ങളിലേക്കോ എപ്പോൾ മടങ്ങണമെന്നറിയാം. കൃത്യനിഷ്ഠയും സഹജജ്ഞാനവുമുള്ള ഇവയ്ക്കു വേലിയേറ്റവും വേലിയിറക്കവും എങ്ങനെ പ്രവർത്തിക്കുന്നുവെന്നു വ്യക്തമായറിയാം.
അതേ, വേലിയേറ്റ സമയത്തെ ഈ തിരക്കു കാണുന്നതു തികച്ചും വിസ്മയാവഹമായ ഒരനുഭവമാണ്, പ്രത്യേകിച്ചും അത് ആദ്യമാണെങ്കിൽ!
[അടിക്കുറിപ്പുകൾ]
a ഐക്യനാടുകളിലും കാനഡയിലും നീർപ്പക്ഷികൾ (കാരാഡ്രിഫോർമിസ് ഗണം), തീരപ്പക്ഷികൾ എന്നാണ് അറിയപ്പെടുന്നത്.
b വേലിയേറ്റങ്ങൾ നിമിത്തം പതിവായി വെള്ളം കയറുന്ന പ്രദേശം.
[26-ാം പേജിലെ ചതുരം/ചിത്രം]
തിരക്കു കണ്ട് ആസ്വദിക്കുക
വേലിയേറ്റസമയത്തെ തിരക്കു കാണാൻ പോകണമെന്നുണ്ടെങ്കിൽ ആദ്യമായി അനുയോജ്യമായ ഒരു അഴിമുഖം തിരഞ്ഞെടുക്കുക. അടുത്തതായി നിങ്ങൾക്കു പ്രദേശത്തെപ്പറ്റി കുറച്ചു വിവരങ്ങൾ, അതായതു നീർപ്പക്ഷികൾ പോകുന്നതെങ്ങോട്ട്, എവിടെനിന്നാൽ അവയെ കാണാം, തുടങ്ങിയവ ശേഖരിക്കേണ്ടിവരും. വെളുത്തവാവോ കറുത്തവാവോ കഴിഞ്ഞയുടനെ ഉണ്ടാകുന്ന ഒരു വലിയ പർവവേലിയേറ്റത്തിന്റെ സമയം കണ്ടെത്തുന്നതിനുവേണ്ടി വേലിയേറ്റ, വേലിയിറക്കങ്ങളുടെ പട്ടികകൾ പരിശോധിക്കുക. യാത്രചെയ്യാനുള്ള സമയത്തിനുപുറമേ, പക്ഷികളെ ശരിക്കും നടന്നുകാണാൻ ചുരുങ്ങിയതു മൂന്നു മണിക്കൂർ സമയമെങ്കിലും നീക്കിവെച്ചുകൊണ്ട്, വേലിയേറ്റത്തിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും സ്ഥലത്തെത്തുക.
നിങ്ങൾക്ക് എന്തൊക്കെ ഉപകരണങ്ങൾ വേണ്ടിവരും? നിങ്ങൾക്കു നീർപ്പക്ഷികളെ കണ്ടു പരിചയമില്ലെങ്കിൽ തിരിച്ചറിയാൻ സഹായകമായ ഒരു പുസ്തകം കൂടെക്കൊണ്ടുവരിക. ഒരു ജോടി ബൈനോക്കുലർ വളരെ പ്രയോജനപ്രദമായിരിക്കും. ഓരോ നീർപ്പക്ഷിക്കും തനതായ സവിശേഷതകളുണ്ടെന്നും അവയുടെ കൊക്കുകളുടെ രൂപഘടന അനുസരിച്ചായിരിക്കും അവ തീറ്റ തേടുന്ന രീതി എന്നും നിങ്ങൾ താമസിയാതെ മനസ്സിലാക്കും. ഒരു ദൂരദർശിനി അത്ര അത്യാവശ്യമുള്ളതല്ല—എന്നാൽ, ചൂടുള്ള, വെള്ളം കടക്കാത്ത വസ്ത്രങ്ങൾ അത്യാവശ്യമാണ്. അപകടങ്ങളെക്കുറിച്ചു ജാഗ്രതയുള്ളവരായിരിക്കുക. ചേറിൻ തിട്ടകൾ സംബന്ധിച്ചു നല്ല പരിചയമുണ്ടെങ്കിൽ മാത്രമേ അവയിലൂടെ നടക്കാവൂ. പെട്ടെന്നുയരുന്ന വേലിയേറ്റത്തിൽ കുടുങ്ങിപ്പോകാൻ എളുപ്പമാണ്. മാത്രമല്ല, കടൽകോടമഞ്ഞെങ്ങാനും പെട്ടെന്നുണ്ടായാൽ ദിശ അറിയാൻ കഴിയാതെവരും. കാറ്റും കണക്കിലെടുക്കേണ്ടതുണ്ട്. കൊടുങ്കാറ്റുകൾ വലിയ തിരമാലകളും വേലിയേറ്റവും ഉണ്ടാക്കിയേക്കാം. ഏതഴിമുഖത്തായാലും ഇവ പ്രത്യേകിച്ചും അപകടകരമാണ്.
[27-ാം പേജിലെ ചതുരം/ചിത്രം]
ലോകത്തിലെ പ്രധാനപ്പെട്ട അഴിമുഖങ്ങൾ
നെതർലൻഡ്സിലെ വാഡൻസേയാണു വേലിയേറ്റ, വേലിയിറക്കങ്ങളുണ്ടാകുന്ന യൂറോപ്പിലെ ഏറ്റവും പ്രാധാന്യമേറിയ തീരപ്രദേശം. ചില സമയങ്ങളിൽ അവിടെ 40 ലക്ഷത്തിലേറെ നീർപ്പക്ഷികൾ വരാറുണ്ട്. അതു തെക്കുപടിഞ്ഞാറൻ ജറ്റ്ലൻഡ് വരെ നീണ്ടുകിടക്കുന്നു. ഈ വിശാലമായ പ്രദേശത്തെ സന്ദർശനത്തിനനുയോജ്യമായ മനോഹരമായ മൂന്നിടങ്ങൾ, ഡെൻമാർക്കിലെ രമ്മ ദ്വീപിലേക്കുള്ള ചതുപ്പുനിലത്തുകൂടി ഉയർത്തിക്കെട്ടിയ പാത; ജർമനിയിലെ ഒരു സുപ്രധാന വേലിയേറ്റ ചേക്കേറൽ സ്ഥലമായ ദ വെസെർ അഴിമുഖം; നെതർലൻഡ്സിലെ ഗ്രോനിംഗൻ ലൗവേഴ്സ് സേ എന്നിവയാണ്. ഇബീരിയൻ ഉപദ്വീപിലെ ഏറ്റവും സുപ്രധാന അഴിമുഖം പോർച്ചുഗലിലെ ടാഗസ് നദിയുടേതാണ്.
വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും പസഫിക് തീരത്തുള്ള അഴിമുഖങ്ങൾ, ഏകദേശം 60 മുതൽ 80 ലക്ഷം വരെ ദേശാടന നീർപ്പക്ഷികൾക്കു വേണ്ട ഭക്ഷണം പ്രദാനം ചെയ്യുന്നു. സുപ്രധാന സ്ഥലങ്ങളിൽ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ഉൾക്കടലും ഹംബോൾട്ട് ഉൾക്കടലും, വാൻകൂവറിലെ ബൗണ്ടറി ഉൾക്കടൽ മുതൽ അയോണ ദ്വീപിന്റെ ചുറ്റുമുള്ള സ്ഥലം വരെയുള്ള കാനഡയിലെ 200 ചതുരശ്രകിലോമീറ്ററും ബ്രിട്ടീഷ് കൊളംബിയയും, അലാസ്കയുടെ സ്റ്റികീൻ അഴിമുഖവും കോപ്പർ നദീതടവും പെടുന്നു.
നീർപ്പക്ഷികളുടെ താവളങ്ങളായ മനോഹരമായ പ്രദേശങ്ങൾ ബോളിവർ നദിയുടെ തിട്ടയിലും യു.എസ്.എ, ടെക്സാസിലെ ഗാൽവെസ്റ്റണിലും ഹോങ്കോംഗിലെ തായ്പോവിലും ഓസ്ട്രേലിയയിലെ കാർനസിലും, വടക്കുകിഴക്കൻ ഓസ്ട്രേലിയയിലും, കെനിയയിലെ മൊമ്പാസയ്ക്കു സമീപവും കാണപ്പെടുന്നു.
[24-ാം പേജിലെ ചിത്രം]
അഞ്ച് കക്കാതീനികൾ
[25-ാം പേജിലെ ചിത്രം]
തങ്ങളുടെ ചേക്കേറൽ താവളങ്ങളിൽനിന്നു തിരക്കിട്ടുപായുന്ന നോട്ടുകൾ
[25-ാം പേജിലെ ചിത്രം]
ഓൾഡ് അഴിമുഖം, സഫോക്
പോയിൻറ് B നിരീക്ഷണസ്ഥലം
നിരീക്ഷണസ്ഥലം C
പ്രാഥമിക നിരീക്ഷണകേന്ദ്രം A
സ്നേപ് മാൾട്ടിങ്സ് സംഗീതമണ്ഡപം
[കടപ്പാട്]
Snape Maltings Riverside Centre
[26-ാം പേജിലെ ചിത്രം]
നോട്ട്
[26-ാം പേജിലെ ചിത്രം]
ചോരക്കാലി
വാൾക്കൊക്കൻ
[27-ാം പേജിലെ ചിത്രം]
മുകളിൽ: വാൾക്കൊക്കന്മാർ