ലോകത്തെ വീക്ഷിക്കൽ
അവിശുദ്ധ ജലം
72-കാരിയായ ഒരു സ്ത്രീക്ക് തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്കു തൊട്ടുമുമ്പായി രണ്ടു തവണ കണ്ണുകൾക്ക് അണുബാധയുണ്ടായപ്പോൾ അയർലൻഡിലെ ഒരു ശസ്ത്രക്രിയാവിദഗ്ധൻ അന്ധാളിച്ചുപോയി. എന്തായിരുന്നു അണുബാധയ്ക്കു കാരണം? അവർ മുഖത്തു തളിച്ച ലൂർദിലെ “വിശുദ്ധ” ജലം. “വിശുദ്ധജലം മിക്കപ്പോഴും അപകടകാരികളായ ബാക്ടീരിയകൾ നിമിത്തം മലിനമാക്കപ്പെടുന്നു എന്നതാണു പ്രശ്നം” എന്ന് ദി ഐറിഷ് ടൈംസ് പറയുന്നു. നിശ്ചയിച്ച സമയത്തുതന്നെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ ആ സ്ത്രീ നിസ്സംശയമായും അന്ധയായിത്തീർന്നേനേ. ദി ഐറിഷ് ടൈംസ് ഇങ്ങനെ തുടരുന്നു: “അനുഗ്രഹംകൊണ്ടു മാത്രം രോഗാണുക്കൾ നശിക്കുന്നില്ല. എന്നുതന്നെയല്ല, രോഗശാന്തി കിട്ടാനുദ്ദേശിച്ചു തളിക്കുന്ന വിശുദ്ധജലംതന്നെ, ചില സാഹചര്യങ്ങളിൽ ജീവനു ഭീഷണിയായിത്തീർന്നേക്കാവുന്ന അണുബാധ ഉളവാക്കിയേക്കാം.” ആ റിപ്പോർട്ടുപ്രകാരം, നിങ്ങൾ ആശുപത്രിയിലായിരിക്കുമ്പോൾ സദുദ്ദേശ്യത്തോടുകൂടി നിങ്ങളുടെമേൽ “വിശുദ്ധ” ജലം തളിക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ ആയിരിക്കാം “നിങ്ങളുടെ അതിജീവനത്തിന് ഏറ്റവും വലിയ ഭീഷണി.”
കുഴിബോംബു പ്രതിസന്ധി
“കുഴിബോംബുകളിൽനിന്നു ലോകത്തെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തിൽ പ്രവർത്തിക്കുന്ന ആഗോള പ്രസ്ഥാനം, തങ്ങളുടെ ലക്ഷ്യം കുഴിബോംബുകളെപ്പോലെതന്നെ അപ്രാപ്യവും വഴുതിപ്പോകുന്നതുമാണെന്നു കണ്ടെത്തിയിരിക്കുന്നു” എന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ എഴുതുന്നു. “കുഴിബോംബുകൾ സുരക്ഷിതമായി നീക്കം ചെയ്യാൻ ആവശ്യമായ സാമഗ്രികൾ നിലവിലില്ല.” രണ്ടാം ലോകമഹായുദ്ധത്തിൽ തങ്ങളുടെ മുത്തശ്ശന്മാർ ഉപയോഗിച്ച അതേ പഴഞ്ചൻ സജ്ജീകരണങ്ങൾ—മണ്ണിനടിയിൽ പരിശോധിച്ചു വിവരം തരാൻ കഴിവുള്ള വടിപോലുള്ള ഒരുപകരണവും ഒരു ലോഹസംവേദിനിയും—തന്നെയാണ് ഇന്നത്തെ പട്ടാളക്കാരും ഉപയോഗിക്കുന്നത്. എന്നാൽ പുതിയതരം കുഴിബോംബുകളാകട്ടെ മിക്കവയും പ്ലാസ്റ്റിക് നിർമിതമാണ്, മാത്രമല്ല ഒരുപാടു വ്യാജ ആപത്സൂചനകൾ നൽകുംവിധം അവ മറ്റു ബോംബുകളുടെയും കുഴിബോംബുകളുടെയും അവശിഷ്ടങ്ങളുടെ കൂട്ടത്തിൽ കുഴിച്ചിടുകയും ചെയ്യുന്നു. അതുകൊണ്ടൊക്കെത്തന്നെ അവ കണ്ടെത്തുക വളരെ പ്രയാസമാണ്. ലോഹസംവേദിനി, ഒരു വസ്തു തിരിച്ചറിഞ്ഞു കഴിയുമ്പോൾ ഒരു ഫൈബർ ഗ്ലാസിന്റെ ദണ്ഡ് സൂക്ഷ്മതയോടെ ഒരു പ്രത്യേക കോണിൽ മണ്ണിലേക്ക് ഇറക്കുന്നു. കുഴിബോംബിന്റെ വശത്തു തട്ടി കണ്ടുപിടിക്കാമെന്ന ഉദ്ദേശ്യത്തിലാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ കുഴിബോംബ് ഒരു പ്രത്യേക കോണിൽ ചരിഞ്ഞിരിക്കുകയും വടി അതിന്റെ മുകളിൽ തൊടുകയും ചെയ്താൽ അത് ആളിന്റെ മുഖത്തേക്കാകും പൊട്ടിത്തെറിക്കുക. കുഴിബോംബുകൾക്ക് ഓരോന്നിനും മിക്കപ്പോഴും 5 ഡോളറിൽ താഴെ മാത്രം ചെലവു വരുമ്പോൾ, അവ നീക്കം ചെയ്യുന്നതിന് ഓരോന്നിനും 1,000-ത്തിലേറെ ഡോളറുകൾ വേണ്ടിവരുന്നു. ഓരോ വർഷവും 15 ലക്ഷത്തിനും 20 ലക്ഷത്തിനുമിടയ്ക്ക് കുഴിബോംബുകൾ മണ്ണിൽ കുഴിച്ചിടപ്പെടുന്നു. ഇവമൂലം വർഷംതോറും 25,000-ത്തോളം ആളുകൾക്ക്—നിരവധി കുട്ടികളുൾപ്പെടെ—അംഗവൈകല്യമോ മരണമോ സംഭവിക്കുന്നു.
കുട്ടികൾക്കു മോചനമില്ല
“യുദ്ധം സമഗ്രമായിത്തീർന്നപ്പോൾ കുട്ടികളും മുതിർന്നവരുടെ ശണ്ഠകൾക്ക് ഇരകളാകാൻ തുടങ്ങി: ബോംബുകളും മിസൈലുകളും കൊല്ലുമ്പോൾ പ്രായഭേദം കാണിക്കാറില്ല” എന്ന് ദി ഇക്കണോമിസ്റ്റ് പറയുന്നു. “ആഭ്യന്തര യുദ്ധങ്ങൾ—ഈ കാലത്തു സർവസാധാരണമായവ—മിക്കപ്പോഴും രാജ്യങ്ങളെ മൊത്തം ഗ്രസിക്കുന്നു. ചില സ്ഥലങ്ങളിൽ ദുരിതാശ്വാസ ഏജൻസികൾക്ക്, അത്യാവശ്യ ഭക്ഷ്യവിതരണത്തിന് എത്രമാത്രം ശ്രദ്ധ കൊടുക്കേണ്ടിവരുന്നുവോ അത്രയുംതന്നെ ശ്രദ്ധ ബാല സൈനികരെ സൈന്യത്തിൽനിന്നു പിന്തിരിപ്പിക്കുന്നതിനും നൽകേണ്ടിവരുന്നു. അവർ പോകുന്നിടത്തെല്ലാം, അഭയാർഥികളുടെയോ മുറിവേറ്റവരുടെയോ മരിച്ചവരുടെയോ എല്ലാം ഇടയിൽ, കുട്ടികളെ പ്രതീക്ഷിക്കാൻ കഴിയും.” എല്ലാവരും കുട്ടികളെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നെങ്കിലും, മുമ്പെന്നത്തേക്കാളുമധികം ദുരിതമനുഭവിക്കുന്നതു കുട്ടികളാണ്. 18 വയസ്സിൽ താഴെയുള്ള 2 കോടി 40 ലക്ഷത്തോളം കുട്ടികൾക്കു കഴിഞ്ഞ വർഷം പലായനം ചെയ്യേണ്ടിവന്നെന്നും ഏതാണ്ട് 20 ലക്ഷം പേർ കഴിഞ്ഞ പത്തു വർഷങ്ങളിലായി കൊല്ലപ്പെട്ടെന്നും ദുരിതാശ്വാസ ഏജൻസികൾ കണക്കാക്കുന്നു. കൂടാതെ 40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയ്ക്കു കുട്ടികൾക്ക് അംഗവൈകല്യം സംഭവിച്ചു. മാനസികമായി എത്രത്തോളം ബാധിച്ചിരിക്കുന്നുവെന്നത് ഊഹിക്കാൻ മാത്രമേ കഴിയൂ,” ദി ഇക്കണോമിസ്റ്റ് പറയുന്നു.
ബ്രഹ്മചര്യ വിവാദം
“പുരോഹിതന്മാർ ബ്രഹ്മചര്യം പാലിക്കണമെന്ന റോമൻ കത്തോലിക്കാ സഭയുടെ കടുംപിടിത്തം നിമിത്തം പരിശീലിതരായ നിരവധി ജോലിക്കാരെ നഷ്ടമാകുകയാണ്” എന്ന് ഇഎൻഐ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നു. ലോകമെമ്പാടുമായി 1,00,000 റോമൻ കത്തോലിക്കാ പുരോഹിതന്മാർ ബ്രഹ്മചര്യം ഉപേക്ഷിക്കുകയും പൗരോഹിത്യം വേണ്ടെന്നുവെക്കുകയും ചെയ്തിരിക്കുന്നുവെന്ന് ബ്രസില്യയിൽവെച്ചു നടത്തപ്പെട്ട, വിവാഹിത പുരോഹിതന്മാരുടെ നാലാമത്തെ സാർവദേശീയ സമ്മേളനത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടു. ബ്രസില്യ സർവകലാശാലയിൽ പ്രൊഫസറും ഒരു മുൻ പുരോഹിതനുമായ ഷോർഷേ പോൻസ്യാനൂ റിബേരൂവിന്റെ അഭിപ്രായമനുസരിച്ച് ഓരോ 5 പുരോഹിതന്മാരിലും ഒരാൾ വീതം വിവാഹം ചെയ്യുന്നതിനായി പൗരോഹിത്യം ഉപേക്ഷിക്കുന്നു. ബ്രസീലിൽതന്നെ 3,500 പുരോഹിതന്മാർ വിവാഹിതരായി. റിബേരൂ ഇങ്ങനെ പറഞ്ഞു: “ബ്രഹ്മചര്യം നിർബന്ധിതമാക്കിയതു സഭയും പുരോഹിതന്മാരുടെ പിന്മുറക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ്. അല്ലാതെ, ലൈംഗികബന്ധങ്ങളിൽ ഏർപ്പെടാത്തവർക്കു കൂടുതൽ മെച്ചമായി ദൈവവചനം പ്രചരിപ്പിക്കാനാകും എന്നതുകൊണ്ടല്ല.”
ആക്രമണകാരികളായ കുട്ടിയാനകൾ
“സമൂഹത്തിൽ ഉത്തരവാദിത്വമുള്ള അംഗങ്ങളായി വളരണമെങ്കിൽ, കുട്ടികളെപ്പോലെ, കുട്ടിയാനകൾക്കും ശിക്ഷണം ആവശ്യമാണ്” എന്ന് ന്യൂ സയൻറിസ്റ്റ് പ്രസ്താവിക്കുന്നു. “ദക്ഷിണാഫ്രിക്കയിലെ പിലാൻസ്ബർഗ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ അനാഥരായ കുട്ടിക്കൊമ്പന്മാരെ മര്യാദ പഠിപ്പിക്കാൻ മുതിർന്ന ആനകൾ ഇല്ലാതെപോയതാണ് അവ ആക്രമണകാരികളായിത്തീർന്നതിനു കാരണമെന്ന് വന്യമൃഗ ജീവശാസ്ത്രജ്ഞന്മാർ പറയുന്നു.” അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആനകൾ മനുഷ്യരെ ആക്രമിക്കുകയും കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 19 വെള്ള കാണ്ടാമൃഗങ്ങളെ കുത്തിക്കൊല്ലുകയും കാണ്ടാമൃഗങ്ങളുമായി ഇണചേരാൻ ശ്രമിക്കുകപോലും ചെയ്തിരിക്കുന്നു. ഒരു കൂട്ടം വിനോദസഞ്ചാരികളെ വിരട്ടിയോടിച്ച ഉപദ്രവകാരിയായ ആനയെ വെടിവെക്കാനയച്ച ഒരു പ്രൊഫഷണൽ വേട്ടക്കാരനുൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. ഓരോ കേസിലും ആക്രമണകാരിയായ മൃഗം, ആനകളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി കൂട്ടത്തിലുള്ള മറ്റ് ആനകളെയെല്ലാം കൊന്നശേഷം ക്രൂഗർ നാഷണൽ പാർക്കിൽനിന്നു റിസർവ് വനത്തിലേക്കു കൊണ്ടുവിട്ട കുട്ടിയാനകളുടെ കൂട്ടത്തിലുള്ളവയായിരുന്നു. ആനകൾക്കു സമ്മർദമുളവാക്കുന്ന ഒരുപാടു ഘടകങ്ങളുണ്ടെന്നുവരികിലും, ആനക്കുടുംബങ്ങളുടെ സാധാരണ ജീവിതത്തിന്റെ ഒരു പ്രമുഖവിശേഷതയായ, മൂത്തവരിൽനിന്നുള്ള ശിക്ഷണത്തിന്റെയും പരിശീലനത്തിന്റെയും അഭാവമാണു ഭാഗികമായെങ്കിലും അവയുടെ താന്തോന്നിത്തരത്തിനു കാരണമെന്നാണു ശാസ്ത്രജ്ഞന്മാർ കരുതുന്നത്. കുട്ടിക്കൊമ്പന്മാർക്ക് “ആവശ്യമായിരിക്കുന്ന കണിശമായ ശിക്ഷണം അവയുടെ മാതാപിതാക്കളിൽനിന്നു തുടർന്നു ലഭിക്കുന്നതിനായി” ഇനിമുതൽ ആനകളുടെ കുടുംബത്തെ മുഴുവനായി മാത്രമേ പുനരധിവസിപ്പിക്കുന്നുള്ളൂ എന്നു ലേഖനം പറയുന്നു.
ബഹിരാകാശത്തു കൂട്ടിയിടി നടന്നിട്ടും യാത്രതുടരുന്നു—ആദ്യമായി
ബഹിരാകാശത്ത്, കൂട്ടിയിടിച്ചിട്ടും യാത്ര തുടർന്നതായി സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ സംഭവം ഭൂമിക്കു മുകളിൽ 700 കിലോമീറ്റർ അകലെ നടന്നതായി ന്യൂ സയൻറിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ഫ്രഞ്ച് ഉപഗ്രഹമായ സെറീസിന്റെ തുലനാവസ്ഥ നിലനിർത്താൻ പുറത്തേക്കു തള്ളി നിൽക്കുന്ന ദണ്ഡു പോലുള്ള ഒരുപകരണത്തിൽ അതേ ഉയരത്തിൽ മണിക്കൂറിൽ 50,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പത്തുവർഷം പഴക്കമുള്ള ഒരു ഏരിയൻ റോക്കറ്റിന്റെ വലിയ ഒരു കഷണം കൂട്ടിയിടിച്ചപ്പോൾ ഉപഗ്രഹം കരണം മറിയുകയും അതിന്റെ തുലനാവസ്ഥ നിലനിർത്തുന്ന ഭാഗം തകർന്നു തരിപ്പണമാകുകയും ചെയ്തു. ഭൂമിയുടെ ഭ്രമണപഥത്തിലെ അവശിഷ്ടങ്ങളുടെ അളവു വർധിച്ചുവരുന്നതിനനുസരിച്ച് അത്തരം കൂട്ടിയിടികളുണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ഇപ്പോൾത്തന്നെ അറിയപ്പെടുന്ന ബഹിരാകാശ പാഴ്വസ്തുക്കളുടെ 20,000-ത്തിലേറെ കഷണങ്ങൾ ഗോളത്തിനു ചുറ്റും അതിവേഗത്തിൽ കറങ്ങുന്നുണ്ട്. കുറെക്കൂടി താഴ്ന്ന ഭ്രമണപഥങ്ങളിലുള്ളവ അന്തരീക്ഷത്തിന്റെ വികസിക്കൽ പോലുള്ള സ്വാഭാവിക പ്രക്രിയകൾ നടക്കുമ്പോൾ നീക്കം ചെയ്യപ്പെടുമെങ്കിലും, ഉയർന്ന ഭ്രമണപഥങ്ങളിലുള്ളവ അവിടെത്തന്നെ ആയിരക്കണക്കിനു വർഷങ്ങൾ നിലനിന്നേക്കാം. അവ മറ്റ് അവശിഷ്ടങ്ങളുടെ കഷണങ്ങളുമായി കൂട്ടിയിടിക്കുമ്പോൾ, ഒരു ബഹിരാകാശ യാത്രികന്റെ വസ്ത്രത്തിലോ ശൂന്യാകാശവാഹന കവചത്തിലോ തുളഞ്ഞു കയറാൻ സാധ്യമാകുംവിധം നേർത്ത നിരവധി കഷണങ്ങളായി ചിതറുന്നു. പെയിൻറിന്റെ തരികൾ പോലും അപകടങ്ങൾക്കു കാരണമായേക്കാം. ഇപ്പോൾ, പ്രവർത്തനക്ഷമമായ ഒരു ഉപഗ്രഹത്തിന് പ്രവർത്തനരഹിതമായ 4 ഉപഗ്രഹമെന്ന കണക്കിൽ അവ ഭ്രമണപഥത്തിൽ കറങ്ങുന്നു. അറിയപ്പെടുന്ന ബഹിരാകാശ അവശിഷ്ടങ്ങളുടെ കാര്യത്തിലാണെങ്കിൽ അവയുടെ നാലിലൊരുഭാഗം തകർന്നുപോയ റോക്കറ്റുകളുടെ കഷണങ്ങളാണ്.
സ്പഞ്ചുകൾക്ക് അതു നേരത്തേയുണ്ടായിരുന്നു
“മമനുഷ്യന്റെ വിദഗ്ധമായ പല ആശയങ്ങളും പ്രകൃതിയുടെ പഴയ സൂത്രങ്ങൾ തന്നെയാണെന്നു തെളിയുന്നു” എന്ന് ദ വാഷിങ്ടൺ പോസ്റ്റ് പ്രസ്താവിക്കുന്നു. “ഉദാഹരണമായി, ഫൈബർ ഓപ്റ്റിക്സിന്റെ കാര്യമെടുക്കുക. ശാസ്ത്രജ്ഞന്മാർ വെളിച്ചം പിടിച്ചെടുക്കുന്നതിനും വഹിച്ചുകൊണ്ടുപോകുന്നതിനുമായി കണ്ണാടി പോലുള്ള നാരുകൾ 1951-ൽ കണ്ടുപിടിച്ചു. എന്നാൽ ഇതേ സംഗതിയാണ് അൻറാർട്ടിക്കയിലെ റോസ് കടലിലെ ആഴക്കടൽ സ്പഞ്ചുകൾ അനിശ്ചിതകാലമായി ചെയ്തുവന്നത്.” വെള്ളത്തിൽ 100 അടിവരെ ആഴത്തിൽ കാണുന്ന ഈ വലിയ സ്പഞ്ചുകൾക്ക്, വെളിച്ചം പിടിച്ചെടുക്കാനും അതിന്റെ ശരീരത്തിന്റെ അന്തർഭാഗത്തു വസിക്കുന്ന പ്രകാശസംശ്ലേഷക പായലിന്, 90 ഡിഗ്രി അക്ഷത്തിൽപോലും അതു സംക്രമിപ്പിച്ചു നൽകാനും ഉതകുന്ന പുറത്തേക്കു തള്ളിനിൽക്കുന്ന നാരുപോലുള്ള മുള്ളുകളുണ്ട്. ചരിഞ്ഞു പല അക്ഷത്തിൽ പതിക്കുന്ന വെളിച്ചംപോലും ശേഖരിക്കപ്പെടുന്നെന്നു പരീക്ഷണങ്ങൾ തെളിയിക്കുന്നു. സ്പഞ്ചിന്റെ വശങ്ങളിലുള്ള മുള്ളുകൾ പോലും പായലിനു വെളിച്ചം നൽകാൻ പ്രവർത്തിക്കുന്നുവെന്നാണ് ഇതിൽനിന്നു മനസ്സിലാക്കാവുന്നത്.
ചൂതാട്ടക്കാരുടെ നഷ്ടം
“ഉടമസ്ഥർക്കു യാതൊരു വിധത്തിലും നഷ്ടമുണ്ടാകാത്ത രീതിയിലാണു ചൂതാട്ടകേന്ദ്രങ്ങളുടെ നിർമിതി” എന്നു ബ്രസീലിലെ ധനതത്ത്വശാസ്ത്രജ്ഞനായ റികാർഡൂ ഗേസെൽ പറയുന്നു. “ചൂതുകളിയിൽനിന്നും ഒരു വ്യക്തിക്കു പണം ലഭിക്കാനുള്ള ഗണിതശാസ്ത്ര സാധ്യത തുലോം തുച്ഛമാണ്.” ചൂതാട്ടകേന്ദ്രങ്ങൾ വ്യാപകമായി ഉള്ളതിനാൽ കൂടുതൽ ചൂതാട്ട ആസക്തരെ അതുളവാക്കുമെന്നു മുന്നറിയിപ്പു തന്നുകൊണ്ട് ഗേസൽ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വലിയ അധ്വാനമൊന്നും കൂടാതെ പണമുണ്ടാക്കാമെന്ന മായിക വാഗ്ദാനം അതു നൽകുന്നു. അപ്രതീക്ഷിതമായി ഭാഗ്യം തെളിയാനും തങ്ങൾ വളരെവേഗം പണക്കാരായിത്തീരാനുമുള്ള സാധ്യതയെപ്പറ്റി ആളുകൾ സ്വപ്നം കാണുന്നു.” സഭയോ ഗവൺമെന്റോ ഇതിനെ കുറ്റം വിധിക്കാത്തതിനെ അപലപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പിൻവരുന്ന വാക്കുകൾ വേഴാ ഉദ്ധരിക്കുന്നു: “രാജ്യത്തെ ഏറ്റവും വലിയ ചൂതാട്ട സ്ഥാപനം ഗവൺമെന്റുതന്നെയാണ്. കേന്ദ്ര ഗവൺമെൻറിന്റെ വകയായിത്തന്നെ ആറു വ്യത്യസ്ത ഭാഗ്യക്കുറികളുണ്ട്. സംസ്ഥാന ഭാഗ്യക്കുറികളുടെ കാര്യം പറയാതിരിക്കുകയാണു ഭേദം. ചൂതാട്ടം നിയമാനുസൃതമാക്കുന്നതിനെ സഭയ്ക്കു കുറ്റം പറയാനാവില്ല. കാരണം ഇടവകകളുടെ സമ്പാദ്യം വർധിപ്പിക്കാൻ സഭതന്നെ, വിശ്വാസികൾ വാതുവെച്ചു പണം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന, സദാ വിൽപ്പനനടക്കുന്ന കൊച്ചു സ്റ്റാൻറുകൾ ചന്തകളിൽ സ്ഥാപിച്ചുകൊണ്ട് ആ ശീലം വളർത്താൻ സഹായിക്കുന്നു.” ‘സഹായം സ്വീകരിക്കാത്ത അനിയന്ത്രിത ചൂതാട്ടക്കാർ, അവസാനം ജയിലിലെത്തുകയോ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തുപിടിക്കുകയോ ചെയ്യുന്നതിനുള്ള അപകട ഭീഷണിയിലാണെന്നാണു വിദഗ്ധരുടെ അഭിപ്രായം’ എന്നും ഗേസൽ പറയുന്നു.
സർപ്പ-വാഹികളായ കൊള്ളക്കാർ
മനാഗ്വായ്ക്ക് 50 കിലോമീറ്റർ തെക്കുള്ള ഒരു നിക്കരാഗ്വൻ പട്ടണമായ ഡറിയാംബായിലെ നിവാസികളെ, കള്ളന്മാർ വിഷപ്പാമ്പുകളെ ഉപയോഗിച്ച് ഉപദ്രവിച്ചുവരികയായിരുന്നു. എൽ ന്വെവോ ഡ്യാർയോ എന്ന വർത്തമാനപത്രം റിപ്പോർട്ടുചെയ്തപ്രകാരം, സംഘം അടുത്തുള്ള വയലുകളിൽനിന്നു റാറ്റിൽ സർപ്പങ്ങളെ പിടിച്ച് അവയുടെ വിഷമെടുത്തു കളഞ്ഞശേഷം, പട്ടണത്തിനു പുറത്തുള്ള റോഡുകളിലൂടെ യാത്രചെയ്യുന്ന ആളുകളെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നു. പാമ്പിന്റെ വിഷപ്പല്ലുകണ്ടു മോഹാലസ്യപ്പെട്ട ഒരു പെൺകുട്ടി ബോധം തെളിഞ്ഞപ്പോൾ തന്റെ സ്വർണമാല മോഷണം പോയതായി മനസ്സിലാക്കി. സംഘം കൃഷിക്കാരിൽനിന്നും ഭക്ഷണസാധനങ്ങളും പണവും തട്ടിയെടുത്തു.