ന്യൂസിലൻഡിലെ കൊച്ചു പ്രകാശവാഹകർ
ന്യൂസിലൻഡിലെ ഉണരുക! ലേഖകൻ
സമയം രാത്രി, ചന്ദ്രനോ മേഘങ്ങളോ ഇല്ല, കുറ്റാക്കുറ്റിരുട്ട്. ക്യാമ്പിലെ ലൈറ്റുകൾ അണഞ്ഞപ്പോൾ ഞങ്ങൾ തിളങ്ങുന്ന നക്ഷത്രങ്ങളുടെ ഒരു പ്രപഞ്ചത്തിൽ നിൽക്കുന്നതുപോലെ തോന്നി. ഒരു ഇടുങ്ങിയ മലയിടുക്കിന്റെ അടിവാരത്തുള്ള ഉഷ്ണജലം നിറഞ്ഞ ഒരു കുളത്തിലേക്കുപോകുന്ന കുത്തനെയുള്ള ഒരു ഇറക്കത്തിലൂടെ ഞങ്ങൾ മുന്നോട്ടു നീങ്ങി. ആവി പൊങ്ങുന്ന വെള്ളത്തിന്റെ ഇരുകരകളിലും ചെടികൾ വളരുന്നുണ്ടായിരുന്നു. ദിവസം മുഴുവൻ നീണ്ടുനിന്ന യാത്രയ്ക്കുശേഷം ഞങ്ങൾ വെള്ളത്തിലിറങ്ങി ഒന്നു മുങ്ങിപ്പൊങ്ങി ആശ്വസിച്ചു. നിലത്തുനിന്ന് ഉറവെടുക്കുന്ന പ്രകൃതിജന്യമായ ഉഷ്ണജലം നിറഞ്ഞ ഈ കുളം, ഒരു മോട്ടോർ ക്യാമ്പിലെ ഞങ്ങളുടെ രാത്രി കഴിച്ചുകൂട്ടാനുള്ള അതേ സ്ഥലത്തായിരുന്നു.
ആകാശത്തിനു കുറുകെ ഒരു നക്ഷത്രം അതിവേഗം സഞ്ചരിക്കുന്നതു കണ്ട്, ഭാര്യയോട് അതേപ്പറ്റി പറയാൻ തിരിഞ്ഞ ഞാൻ പെട്ടെന്നു കാലിടറി വെള്ളം തെറിപ്പിച്ചു വലിയ ഒച്ചയുണ്ടാക്കി. എന്നെ അമ്പരപ്പിച്ചുകൊണ്ടു നിരവധി നക്ഷത്രങ്ങൾ പെട്ടെന്ന് അണഞ്ഞു—അന്തർധാനം ചെയ്തു! അത്ഭുതത്തോടെ ഞാൻ സംസാരിച്ചപ്പോൾ ഒരു കൂട്ടം മുഴുവൻ അപ്രത്യക്ഷമായി. പ്രപഞ്ചത്തിൽ ഒരു തുളയുണ്ടാകുവാൻ ഞാൻ കാരണമായതുപോലെ തോന്നി!
സംഭവിച്ചതെന്താണെന്നു നിഗമനം ചെയ്യാൻ ഞാൻ ശ്രമിക്കവെ, നക്ഷത്രങ്ങൾ ഒന്നൊന്നായി വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നുതന്നെയല്ല, ഒരു നക്ഷത്രക്കൂട്ടം മറ്റു നക്ഷത്രങ്ങളുടെ പ്രധാന കൂട്ടത്തിൽനിന്നും അകന്ന് എന്നോടു കുറെക്കൂടി അടുത്തു നിൽക്കുന്നതായും ഞാൻ കണ്ടു. വാസ്തവത്തിൽ, കൈനീട്ടിയാൽ തൊടാവുന്നത്ര അടുത്തായിരുന്നു ചിലത്. ഞങ്ങൾ ആദ്യമായി ന്യൂസിലൻഡിലെ മിനുങ്ങുംപുഴുക്കളെ കണ്ടുമുട്ടിയിരിക്കുന്നു. അവ ഇരുട്ടിൽ അദൃശ്യമായ പച്ചത്തഴപ്പിൽനിന്നു താഴേക്കു തൂങ്ങിക്കിടക്കുകയായിരുന്നു. അവയുടെ നനുത്ത പ്രകാശം നക്ഷത്രനിബിഡമായ ആകാശ പശ്ചാത്തലവുമായി ഇടകലർന്നിരുന്നു.
ന്യൂസിലൻഡിലെ മിനുങ്ങുംപുഴു ഒരു പുഴുവല്ല, പകരം ഒരു പ്രാണിയാണ്. ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള മിനുങ്ങുംപുഴുക്കളിൽനിന്നും മിന്നാമിനുങ്ങുകളിൽനിന്നും അതു വ്യത്യസ്തമാണ്. അരക്നോകാമ്പാ ലൂമിനോസാ എന്ന അതിന്റെ പേര്, അതൊരുതരം പ്രകാശിക്കുന്ന എട്ടുകാലിയാണെന്ന ധാരണ നിങ്ങളിലുളവാക്കിയേക്കാം. പക്ഷേ അതും സത്യമല്ല.
ഞങ്ങളുടെ ആകസ്മികമായ ആദ്യത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം, അധികം താമസിയാതെ ന്യൂസിലൻഡിന്റെ വടക്കൻ ദ്വീപിലുള്ള വൈറ്റോമോ ഗുഹകളിൽ വെച്ച്, ഞങ്ങൾ മിനുങ്ങുംപുഴുക്കളെ വീണ്ടും കണ്ടുമുട്ടി. ആ മിനുങ്ങുംപുഴുഗുഹയിലേക്കുള്ള ഞങ്ങളുടെ യാത്രയെക്കുറിച്ചു ഞാൻ വിശദീകരിക്കട്ടെ. ഈ കൊച്ചു ജീവികളെ കാണുന്നതിനുവേണ്ടി ഒരു ബോട്ടിലാണ് ഞങ്ങളെ കൊണ്ടുപോയത്.
വൈറ്റോമോ ഗുഹ
ആയിരക്കണക്കിനു വർഷങ്ങൾകൊണ്ടു രൂപംകൊണ്ട, മുകളിൽനിന്നു തൂങ്ങിക്കിടക്കുന്നവയും നിലത്തുനിന്ന് ഉയർന്നു നിൽക്കുന്നവയുമായ ചുണ്ണാമ്പു രൂപങ്ങളുടെ ശിൽപ്പചാതുര്യം എടുത്തു കാട്ടുന്നതിനായി മനോഹരമായി ദീപാലങ്കാരം നടത്തിയ മിനുങ്ങുംപുഴുഗുഹ ഒരു അത്ഭുതം തന്നെയാണ്. ഞങ്ങൾ ഓരോ സ്ഥലത്തെയും സമീപിക്കുന്നതിനനുസരിച്ച് ഞങ്ങളുടെ വഴികാട്ടി ദീപങ്ങൾ തെളിച്ചു. ഭൂമിക്കടിയിലെ ആ അപ്രതീക്ഷിതവും വിചിത്രവുമായ അത്ഭുത ലോകത്തിൽ ഉരുവായിരിക്കുന്ന രൂപങ്ങളും തുരങ്കങ്ങളും കണ്ടു ഞങ്ങൾ അത്ഭുതപരതന്ത്രരായി. ഇരുളിലേക്കു മറയുന്ന പടികൾ താണ്ടി മുകളിൽ ഒത്തുചേർന്നപ്പോൾ ഞങ്ങളുടെ പാദപതനശബ്ദങ്ങൾ ഭീകരമായി പ്രതിധ്വനിച്ചു. കണ്ണുകൾ ഇരുട്ടുമായി പരിചിതമായപ്പോൾ, ഞങ്ങൾ അങ്ങു മുകളിൽ ചെറിയ പച്ച പ്രകാശങ്ങൾ മിന്നുന്നതു കണ്ടു. മിനുങ്ങുംപുഴുക്കൾ!
ഞങ്ങൾ ഒരു ബോട്ടുജെട്ടിയിലെത്തി ഒരു ബോട്ടിൽ കയറി. ജെട്ടിയിൽനിന്നും അകന്ന് ഞങ്ങൾ ഇരുട്ടിലേക്കു തുഴഞ്ഞു. ഒരു വളവുതിരിഞ്ഞപ്പോൾ, ആകാശ ഗംഗയുടെ ഒരു ചെറിയ പതിപ്പെന്നു മാത്രം എനിക്കു വർണിക്കാനാകുന്നത്, ഞങ്ങളുടെ തലയ്ക്കു തൊട്ടു മുകളിലായി പ്രത്യക്ഷപ്പെട്ടു—ഗുഹയുടെ മേൽക്കൂര മൊത്തം മിനുങ്ങുംപുഴുക്കളാൽ മൂടപ്പെട്ടിരുന്നു. എഴുത്തുകാരനായ ജോർജ് ബെർണാഡ് ഷാ ഈ സ്ഥലത്തെ “എട്ടാമത്തെ ലോകാത്ഭുതം” എന്നു വിളിച്ചു.
ചേതോഹരമായ മിനുങ്ങുംപുഴു
വിനോദയാത്ര അവസാനിച്ചപ്പോൾ, മിനുങ്ങുംപുഴുവിനെപ്രതിയുള്ള ഞങ്ങളുടെ വിസ്മയം അതിനെപ്പറ്റി കൂടുതൽ പഠിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ഞങ്ങൾ പഠിച്ചതു ഞങ്ങൾ കണ്ടതുപോലെതന്നെ ചേതോഹരമായിരുന്നു. വാലറ്റത്തു പ്രകാശമുള്ള ഒരു കുഞ്ഞു ലാർവയായി ജീവിതമാരംഭിക്കുന്ന ന്യൂസിലൻഡിലെ മിനുങ്ങുംപുഴു അതിന്റെ വായിലെ വ്യത്യസ്ത ഗ്രന്ഥികളിൽനിന്നു ശ്രവിക്കുന്ന ശ്ലേഷ്മവും സിൽക്കും ഉപയോഗിച്ച് ഒരു ആവരണമുണ്ടാക്കി അത് ഗുഹയുടെ മച്ചിനോടു ചേർത്തു ബന്ധിക്കുന്നു. ഈ ആവരണം വാസ്തവത്തിൽ ലാർവയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ കഴിയുന്ന ഒരു തുരങ്കമാണ്.
ജീവിക്കാനാവശ്യമായ ഭക്ഷണത്തിനായി മിനുങ്ങുംപുഴുക്കൾ ആറുമുതൽ ഒമ്പതുവരെയുള്ള മാസങ്ങളിൽ ഇരപിടിക്കുന്നു. അവയുടെ ഇരകൾ ജലോപരിതലത്തിലൂടെയാണ് ഒഴുകി വരുന്നതെങ്കിലും, ഇരപിടിത്തം നടക്കുന്നതു വായുവിലാണ്. വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്ന മിഡ്ജുകൾ, കൊതുകുകൾ, കൽത്തുമ്പികൾ, മെയ് തുമ്പികൾ തുടങ്ങിയവയെ എത്തിച്ചുകൊടുക്കുന്നതിൽ ഒഴുക്കുവെള്ളം ഒരു നിർണായകമായ പങ്കുവഹിക്കുന്നു. അവയെ പിടിക്കുന്നതിനായി മിനുങ്ങുംപുഴു അതിന്റെ ആവരണത്തിൽനിന്ന് ഒരു നിര സിൽക്കു ചൂണ്ടച്ചരടുകൾ (ചിലപ്പോൾ 70 വരെ) താഴേക്കു തൂക്കിയിടുന്നു. ഓരോ ചൂണ്ടച്ചരടിലും തുല്യ അകലത്തിൽ, അതിന്റെ ഒട്ടിപ്പിടിക്കുന്ന ശ്ലേഷ്മത്തിന്റെ ഓരോ തുള്ളിവീതം സ്ഥാപിച്ചിരിക്കുന്നു. കണ്ടാൽ ചെറിയ മുത്തു മാലകൾ താഴേക്കു തൂങ്ങിക്കിടക്കുന്നതുപോലെ തോന്നും.
ഈ ഇരപിടിക്കുന്ന ചൂണ്ടച്ചരടുകളെ പ്രകാശമുള്ളതാക്കുന്ന മിനുങ്ങുംപുഴുവിന്റെ വെളിച്ചമാണ് അതിന്റെ ഏറ്റവും വശ്യമായ ഭാഗം. പ്രകാശത്തിന് നാഡീവ്യൂഹത്തോടു ബന്ധമില്ലാത്ത തരം പ്രാണികളിൽപ്പെടുന്ന ഒന്നാണ് ന്യൂസിലൻഡിലെ മിനുങ്ങുംപുഴു. എങ്കിലും, ആഗ്രഹിക്കുമ്പോഴെല്ലാം പ്രകാശം അണയ്ക്കാൻ അതിനു സാധിക്കുന്നു. പ്രകാശം പുറപ്പെടുവിക്കുന്ന അവയവം അതിന്റെ വിസർജനാവയവങ്ങളുടെ അറ്റത്തായി സ്ഥാപിച്ചിരിക്കുന്നു. പ്രകാശം താഴേക്ക് അയയ്ക്കുന്നതിനായി അതിന്റെ ശ്വസനാവയവ വ്യവസ്ഥ ഒരു പ്രതിഫലനിയായും ഉതകുന്നു. പ്രകാശം ഉത്പാദിപ്പിക്കാൻ ആവശ്യമായ ഓക്സിജനോ രാസവസ്തുക്കളോ നിയന്ത്രിക്കുന്നതിലൂടെയാണ് അതു പ്രകാശം അണയ്ക്കുന്നത്.
എന്നിരുന്നാലും, മിനുങ്ങുംപുഴുവിന്റെ തുരങ്കത്തിന്റെ അറ്റത്തു പ്രകാശിക്കുന്ന വെളിച്ചം, പ്രാണി പ്രതീക്ഷിക്കുന്നതുപോലെ പ്രത്യാശാനിർഭരമായ ഒരു അടയാളമല്ല. അത് ആ മരണകരമായ കർട്ടന്റെ അടുത്തേക്കു പറന്നുചെല്ലുകയും അവിടെവെച്ച്, ഒരു രാസവസ്തു അതിനെ ക്രമേണ മരവിപ്പിക്കുകയും ചെയ്യുന്നുണ്ടായിരിക്കണം എന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇരയുടെ പിടച്ചിൽ നിമിത്തമുണ്ടാകുന്ന കമ്പനങ്ങൾ തിരിച്ചറിയുന്ന ലാർവ, അതിന്റെ ആവരണത്തിൽ തൂങ്ങിക്കിടന്നുകൊണ്ട്, ശരീരം ചുരുക്കുകയും നിവിർത്തുകയും ചെയ്ത്, ചൂണ്ടച്ചരട് അതിന്റെ വായിലേക്കു വലിക്കുന്നു.
ആറുമുതൽ ഒമ്പതുവരെയുള്ള മാസങ്ങളിൽ ഇരപിടിച്ചും തിന്നും കഴിഞ്ഞതിനുശേഷം, ലാർവ പ്യൂപ്പരൂപത്തിലാകുകയും അതിനുശേഷം വളർച്ചയെത്തിയ പ്രാണിയെന്ന നിലയ്ക്കുള്ള ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. വളർച്ചയെത്തിയ പ്രാണിയാണോ വാസ്തവത്തിൽ ജീവിതം അധികം ആസ്വദിക്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്. വളർച്ചയെത്തിയ പ്രാണിക്കു വായില്ലാത്തതിനാൽ അതിന് ആഹാരം കഴിക്കാൻ പറ്റില്ല എന്നതിനാൽ അത്തരം ജീവിതം വെറും രണ്ടോ മൂന്നോ ദിവസം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. അതിന്റെ ശേഷിച്ച ജീവിതം പുനരുത്പാദനത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. വളർച്ചയെത്തിയ ആൺകീടങ്ങൾ, പെൺകീടങ്ങൾ പട്ടുപുഴുക്കൂടുകളിൽനിന്നു പുറത്തുവരുന്ന സമയത്തുതന്നെ ബീജസങ്കലനം നടത്തുന്നു. പെൺകീടം മുട്ടകൾ ഒന്നൊന്നായി ഇടുന്നതിന് ഒരു ദിവസം മുഴുവൻ എടുത്തേക്കാം. അതിനുശേഷം അതു ചത്തുപോകുന്നു. മനുഷ്യർക്ക് അളവറ്റ സന്തോഷം നൽകുന്ന ഒരു മിന്നുന്ന നക്ഷത്രവ്യൂഹത്തിന് അതിന്റേതായ സംഭാവന നൽകിയശേഷം, 10 മുതൽ 11 വരെ മാസം ദൈർഘ്യമുള്ള ന്യൂസിലൻഡിലെ കൊച്ചു പ്രകാശവാഹകരുടെ ജീവചക്രം അവസാനിക്കുന്നു.
[16-ാം പേജിലെ ചിത്രം]
എതിർ പേജിൽ: മിനുങ്ങുംപുഴുഗുഹയിലേക്കു പ്രവേശിക്കുന്നു
[17-ാം പേജിലെ ചിത്രം]
മുകളിൽ: മിനുങ്ങുംപുഴുക്കളുടെ ദീപ്തിയാൽ തിളങ്ങുന്ന ഗുഹയുടെ മച്ച്
[17-ാം പേജിലെ ചിത്രം]
വലത്ത്: മിനുങ്ങുംപുഴുവിന്റെ ചൂണ്ടച്ചരടുകൾ
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictures on pages 16-17: Waitomo Caves Museum Society Inc.