ലോകത്തെ വീക്ഷിക്കൽ
എയ്ഡ്സും പുരോഗതിയും
അടുത്തകാലത്ത് ഐക്യരാഷ്ട്ര വികസന പദ്ധതി പുറത്തിറക്കിയ ഒരു റിപ്പോർട്ടു പ്രകാരം എയ്ഡ്സ് മഹാവ്യാധി മനുഷ്യ പുരോഗതിയെ ഗോളവ്യാപകമായി 1.3 വർഷം പുറകോട്ടാക്കിയിരിക്കുന്നു. ഈ രോഗം ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് ചില ആഫ്രിക്കൻ രാജ്യങ്ങളെയാണ്—സാംബിയയ്ക്ക് പത്തിലേറെ വർഷത്തെ പുരോഗതിയാണു നഷ്ടപ്പെട്ടിരിക്കുന്നത്; ടാൻസാനിയയ്ക്ക് എട്ടു വർഷത്തെയും റുവാണ്ടയ്ക്ക് ഏഴു വർഷത്തെയും മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന് ആറിലേറെ വർഷത്തെയും. എയ്ഡ്സ് ആയുർപ്രതീക്ഷയും കുറച്ചിരിക്കുന്നു. വടക്കേ അമേരിക്കയിലും യൂറോപ്പിലും, 45 വയസ്സിനു താഴെയുള്ള പ്രായമുള്ള മുതിർന്നവർക്കിടയിലെ മരണത്തിന്റെ പ്രമുഖ കാരണം എയ്ഡ്സായി മാറിയിരിക്കുന്നു. ലോകവ്യാപകമായി, ഓരോ ദിവസവും 6,000 പേർ എച്ച്ഐവി ബാധിതരാകുന്നു, ഓരോ 15 സെക്കൻറിലും ഒരാൾ എന്ന കണക്കിൽ. എയ്ഡ്സ് മരണങ്ങളുടെ 85 ശതമാനത്തിലധികം 20-നും 45-നും ഇടയ്ക്കു പ്രായമുള്ളവർക്കാണു സംഭവിക്കുന്നത്.
വായനാപ്രാപ്തിയും തൊഴിലവസരങ്ങളും
കാനഡയിലെ ഒരു സ്ഥിതിവിവരക്കണക്കനുസരിച്ച്, “തൊഴിൽരഹിതരായ കാനഡക്കാരിൽ 56 ശതമാനംമുതൽ 64 ശതമാനംവരെയുള്ളവർക്കു വളരെ കുറഞ്ഞ സാക്ഷരതയേയുള്ളൂ” എന്ന് ദ വാൻകൂവർ സൺ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ഗദ്യം, റിപ്പോർട്ട്, സംഖ്യകൾ എന്നിവയുടെ വായനാപ്രാപ്തി പരിശോധിക്കുന്നതിനു വേണ്ടി 1995-ൽ നടത്തിയ ഒരു സർവേ, കാനഡക്കാരിൽ 36 ശതമാനത്തിനും ഈ മൂന്നു മേഖലകളിലും ബുദ്ധിമുട്ടനുഭവപ്പെടുന്നുവെന്നു വെളിപ്പെടുത്തി. “കൃഷി, ഖനനം, ഉത്പാദനം, നിർമാണം തുടങ്ങിയ ‘പരമ്പരാഗത’ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയിടയിൽ . . . സാക്ഷരതാ നിരക്ക് ഏറ്റവും താണതാണ്” എന്ന് സൺ പറയുന്നു. ഈ തുറകളിൽ തൊഴിൽ കുറഞ്ഞുവരവെ, വിദ്യാഭ്യാസപരമായ പ്രാപ്തികൾ കുറഞ്ഞ തൊഴിലാളികൾക്കാണ് പ്രത്യേകിച്ചും തൊഴിലില്ലായ്മയുടെയും പിരിച്ചുവിടലിന്റെയും അവസ്ഥയെ നേരിടേണ്ടിവരുന്നത്. ഒരു സാക്ഷരതാ സംഘടനയുടെ പ്രസിഡൻറായ ജോൺ ഓലിറീ “1996-ൽ സാക്ഷരതാ നിലവാരം വളരെ താഴേക്കിടയിലായിരിക്കുക എന്നതിന്റെ അർഥം വ്യക്തിപരവും തൊഴിൽപരവുമായ അവസരങ്ങളുടെ ഒരു വലിയ ശ്രേണി നിഷേധിക്കപ്പെടുക എന്നതാണ്” എന്ന് അഭിപ്രായപ്പെട്ടു.
പാറ്റ അലർജി
ബെർക്ലേയിലെ കാലിഫോർണിയ സർവകലാശാലയുടെ ആരോഗ്യ പത്രിക അഭിപ്രായപ്പെട്ടതനുസരിച്ച്, ഐക്യനാടുകളിലെ ഒരു കോടിമുതൽ 1.5 കോടിവരെ ആളുകൾക്കു പാറ്റകൾ അലർജിയുളവാക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. പാറ്റകളുമായി സമ്പർക്കത്തിൽ വരുമ്പോൾ അലർജിയുള്ള ഒരു വ്യക്തിക്ക് “ചൊറിച്ചിൽ, ജലദോഷപ്പനി, അല്ലെങ്കിൽ ആസ്തമയുടെ ലക്ഷണങ്ങൾ” തുടങ്ങിയവ അനുഭവപ്പെട്ടേക്കാം. “ആസ്തമ ബാധിതരായ കുട്ടികളിൽ 80 ശതമാനത്തോളം പേർക്ക് പാറ്റ പ്രശ്നങ്ങളുണ്ടാക്കുന്നു” എന്ന് ആ വാർത്താപത്രിക പറയുകയുണ്ടായി. പാറ്റകൾ അവശ്യം വൃത്തിയില്ലാത്ത ഒരു അടുക്കളയുടെ ലക്ഷണമാകണമെന്നില്ല. “ഏറ്റവും വൃത്തിയുള്ള ഒരു അടുക്കളയ്ക്കു”പോലും “അവയുടെ സങ്കേതമായിരിക്കാൻ കഴിയും” എന്ന് ആരോഗ്യ പത്രിക അവകാശപ്പെടുന്നു. ഒരു പാറ്റയെ കണ്ടുപിടിക്കുമ്പോൾ കണ്ടുപിടിക്കപ്പെടാത്ത 1,000-ത്തോളം പാറ്റകൾ വീട്ടിലാകെ ഇഴഞ്ഞുനടക്കുന്നുണ്ടാകും എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ജോഡി പാറ്റയ്ക്ക് വെറും ഒരു വർഷത്തിനുള്ളിൽ ഏകദേശം 1,00,000 പിൻഗാമികളെ ഉത്പാദിപ്പിക്കാൻ കഴിയും.
ദാരിദ്ര്യ വർധനവ്
ലോകവ്യാപകമായി ഇപ്പോൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ—പ്രതിവർഷം 370 ഡോളറിനു താഴെമാത്രം വരുമാനമുള്ളവരെന്നു നിർവചിക്കപ്പെട്ടിരിക്കുന്നവരുടെ—എണ്ണം ഏകദേശം 130 കോടി ആണ്, ലോകജനസംഖ്യയുടെ മിക്കവാറും മൂന്നിലൊരു ഭാഗം. ഇവരിൽ ഭൂരിപക്ഷവും ജീവിക്കുന്നതു വികസ്വര രാജ്യങ്ങളിലാണ്. വേണ്ടത്ര ഭക്ഷണം, ശുദ്ധജലം, ആരോഗ്യപരിപാലനം, പാർപ്പിടസൗകര്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ഇവയൊക്കെ സാധാരണഗതിയിൽ ഇവർക്കു ലഭിക്കാതെ പോകുന്നു. മിക്ക കേസുകളിലും, അവർ സമൂഹത്തിൽ വിലയില്ലാത്തവരും തങ്ങളുടെ സാഹചര്യങ്ങൾക്കു മാറ്റം വരുത്താൻ പ്രാപ്തിയില്ലാത്തവരുമാണ്. ഐക്യരാഷ്ട്ര വികസന പദ്ധതി പറയുന്നതനുസരിച്ച്, കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം പ്രതിവർഷം 2.5 കോടി എന്ന നിരക്കിൽ വർധിച്ചുവരുകയാണ്.
യൂറോപ്പിലെ മയക്കുമരുന്നാസക്തി
മയക്കുമരുന്നിന്റെ ഉപയോഗവും ദുരുപയോഗവും നിരീക്ഷണവിധേയമാക്കുക എന്ന ഉദ്ദേശ്യത്തിൽ പ്രവർത്തിക്കുന്ന ഒരു പുതിയ യൂറോപ്യൻ സംഘടന അടുത്തയിടെ തങ്ങളുടെ ആദ്യത്തെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഫ്രഞ്ച് ദിനപ്പത്രമായ ലാ മോണ്ട് പറയുന്നതനുസരിച്ച്, യൂറോപ്യൻ യൂണിയനിൽ മൊത്തം “5,00,000-ത്തിനും 10,00,000-നും ഇടയ്ക്കു” ഹെറോയിൻ ആസക്തരുണ്ടെന്ന് അവരുടെ പഠനം വെളിപ്പെടുത്തി. യൂറോപ്പിലെ പ്രമുഖ നഗരങ്ങളിൽ ഹെറോയിൻ ആസക്തി വർധിക്കാതിരിക്കുകയോ അല്ലെങ്കിൽ കുറയുക പോലുമോ ചെയ്യുമ്പോൾ, ചെറിയ പട്ടണങ്ങളിൽ അതു വർധിച്ചുവരുകയാണ്. കഞ്ചാവ് ഉത്പന്നങ്ങളായ ഹഷീഷും മരിജ്വാനയുമാണ് യൂറോപ്പിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകൾ. മരുന്നുകളിലും ലഹരിപദാർഥങ്ങളിലും മറ്റും മയക്കുമരുന്നുകൾ കലർത്തി കോക്ക്ടെയ്ലുകൾ എന്ന പേരിൽ വിൽക്കപ്പെടുന്ന ഉത്പന്നങ്ങൾക്കുള്ള ജനപ്രീതിയിൽ വിദഗ്ധർ ഉത്കണ്ഠാകുലരാണ്. വടക്കൻ യൂറോപ്പിൽ ആംഫീറ്റാമൈനുകൾ, എക്സ്റ്റാസി (ഒരു മെത്താംഫീറ്റാമൈൻ ഉത്പന്നം) എൽഎസ്ഡി എന്നിവയ്ക്കാണ് യുവജനങ്ങളുടെ ഇടയിൽ പ്രചാരം വർധിച്ചുവരുന്നത്.
“മെലിയാനുള്ള സമ്മർദം”
“മെലിയാനുള്ള സമ്മർദത്തോടു പോരാടൽ” എന്ന തലക്കെട്ടിൻ കീഴിൽ ദി ഐറിഷ് ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഫാഷനായിത്തീർന്ന ആഹാര നിയന്ത്രണം നിമിത്തം ചരിത്രത്തിലെങ്ങും ഉണ്ടായിട്ടില്ലാത്തവണ്ണം അത്രയധികം കൗമാരപ്രായക്കാരായ പെൺകുട്ടികളെ വിളർച്ച ബാധിക്കുന്നു.” ഈ പ്രവണതയിൽ ഡോക്ടർമാർ വളരെയേറെ ഉത്കണ്ഠ പ്രകടിപ്പിച്ചിരിക്കുന്നു. ചില കേസുകളിൽ, “എളുപ്പത്തിൽ സ്വാധീനിക്കാവുന്ന യുവജനങ്ങളുടെമേലുള്ള വിനാശകമായ പ്രഭാവത്തിന് ഫാഷൻ വ്യവസായത്തെ കുറ്റപ്പെടുത്തിയിരിക്കുന്നു.” ആ റിപ്പോർട്ട് പറയുന്നതനുസരിച്ച്, കഴിഞ്ഞ തലമുറയിലെ ഒരു ശരാശരി മോഡലിന് ശരാശരി സ്ത്രീയെക്കാൾ 8 ശതമാനം തൂക്കം കുറവായിരുന്നു. ഇന്നാണെങ്കിൽ അവളുടെ തൂക്കക്കുറവ് 23 ശതമാനമാണ്. “മെലിഞ്ഞുണങ്ങിയ കൈകൾ വലിയ ഫാഷനാണ്, എന്നുതന്നെയല്ല, വല്ലാതെ മെലിഞ്ഞ—വിളറിയ, ചെറുപ്പമായ, ശരിക്കു ഭക്ഷണം കഴിക്കാത്ത . . .—ആളുകളെയാണ് ഇപ്പോൾ മോഡലുകളാക്കി വെച്ചിരിക്കുന്നത്” എന്ന് ദി ഐറിഷ് ടൈംസ് പറയുന്നു. ഈ മോഡലുകളെപ്പോലെയാകാനുള്ള സമ്മർദത്തിൻ കീഴിൽ മിക്ക യുവതികളും മെലിയാനുള്ള ത്വരയോടെ അവശ്യഘടകങ്ങളായ ഇരുമ്പ്, മാംസ്യം, ജീവകങ്ങൾ എന്നിവ വേണ്ടത്ര അളവിൽ ലഭിക്കാത്തവിധം ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തുന്നു.
ബൈബിളിലുള്ള അപ്രതീക്ഷിത താത്പര്യം
“ഡാനിഷ് ഭാഷയിലുള്ള പുതിയ നിയമത്തിന്റെ [ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു പരിഭാഷ] അഞ്ചു ലക്ഷം പ്രതികൾ വിതരണം ചെയ്യപ്പെട്ടു—കോപ്പെൻഹേഗനിലെ 98 ശതമാനം കുടുംബങ്ങൾക്കും ഓരോന്നുവീതം,” ഇഎൻഐ ബുള്ളറ്റിൻ റിപ്പോർട്ടു ചെയ്യുന്നു. 1996-ലെ യൂറോപ്യൻ സാംസ്കാരിക തലസ്ഥാനമെന്ന നിലയിൽ കോപ്പെൻഹേഗൻ വഹിച്ച പങ്കിനോടു ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇതു ചെയ്തത്. കോപ്പെൻഹേഗനിലെ കുടുംബങ്ങളിൽ 10 മുതൽ 20 വരെ ശതമാനം ഈ സമ്മാനം നിരസിക്കുമെന്ന് അനേകരും പ്രവചിച്ചിരുന്നു. എന്നിട്ടും, ഡാനിഷ് ബൈബിൾ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായ മോർഡൻ ഓഗോർ പറഞ്ഞതനുസരിച്ച്, “കുടുംബങ്ങളിൽ ഒന്നോ രണ്ടോ ശതമാനം മാത്രമേ” ഈ പാരിതോഷികം നിരസിച്ചുള്ളൂ. സമാനമായ ഒരു വിതരണം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ 1998-ൽ നടത്താൻ പരിപാടിയിട്ടിരിക്കുന്നു.
ആയുഷ്കാല സുഹൃത്ത്
ജർമനിയിലെ 10-ൽ 9 പേരും തങ്ങൾക്ക് ഒരു ആയുഷ്കാല സുഹൃത്തുണ്ട് എന്ന് അവകാശപ്പെട്ടതായി നാസ്സൗവിഷെ നോയ്യെ പ്രെസ്സെ റിപ്പോർട്ടു ചെയ്യുന്നു. സൊസൈറ്റി ഫോർ എംപിരിക്കൽ സയൻറിഫിക്ക് സോഷ്യൽ റിസേർച്ച് 16-നും 60-നും ഇടയ്ക്കു പ്രായമുള്ള 1,000 പേരെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു സർവേയിൽ വെളിപ്പെട്ടതാണ് ഈ സംഗതി. ദീർഘകാലം നിലനിൽക്കുന്ന സൗഹൃദത്തിന്റെ ഘടകങ്ങളിൽ പ്രഥമസ്ഥാനം കൽപ്പിക്കപ്പെട്ടത് ആശയവിനിമയത്തിനും സത്യസന്ധതയ്ക്കുമാണ്. അഭിമുഖത്തിൽ സംസാരിച്ച മിക്കവരും അവിശ്വസ്തതയും വിശ്വാസവഞ്ചനയും അത്തരം സൗഹൃദങ്ങൾ നിശ്ചയമായും അവസാനിപ്പിക്കും എന്നതിനോടു യോജിച്ചു. “16 ശതമാനം മാത്രമേ ഒരു നല്ല സുഹൃത്തിൽനിന്ന് അവശ്യഘട്ടങ്ങളിൽ പണം കടം ലഭിക്കാൻ പ്രതീക്ഷിക്കുന്നുള്ളൂ” എന്നു പത്രം അഭിപ്രായപ്പെടുന്നു. അതേസമയം, തങ്ങൾക്കു രോഗം ബാധിക്കുമ്പോൾ ഒരു സുഹൃത്തിൽനിന്നു പിന്തുണ ലഭിക്കുന്നതു പ്രധാനമാണെന്നു വളരെ പേർ കണക്കാക്കി.
ദിവസവും പഴങ്ങൾ കഴിക്കുക
ബ്രിട്ടഷ് മെഡിക്കൽ ജേർണൽ പ്രസിദ്ധീകരിച്ച 11,000 പേരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 17 വർഷത്തെ ഒരു പഠന റിപ്പോർട്ട്, ദിവസവും പഴകാത്ത പഴവർഗങ്ങൾ കഴിക്കുന്നതു ഹൃദ്രോഗത്തിന്റെ അപകടഭീഷണി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു വെളിപ്പെടുത്തി. പഠനത്തിലുൾപ്പെടുത്തിയ, ദിവസവും പഴകാത്ത പഴവർഗങ്ങൾ കഴിക്കുന്നവരുടെ ഇടയിൽ ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണനിരക്കിൽ 24 ശതമാനവും മസ്തിഷ്കാഘാതം മൂലമുണ്ടാകുന്ന മരണനിരക്കിൽ 32 ശതമാനവും കുറവുകണ്ടു. വല്ലപ്പോഴുംമാത്രം പഴങ്ങൾ കഴിക്കുന്നവരെ അപേക്ഷിച്ച് ദിവസവും പഴങ്ങൾ കഴിച്ചവരുടെ ഇടയിൽ മരണനിരക്ക് 21 ശതമാനം കുറവായിരുന്നു. പഴകാത്ത പഴങ്ങൾ തങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താത്ത ചില പ്രദേശത്തെ ആളുകളിൽ അത് മസ്തിഷ്കാഘാതം, ഹൃദ്രോഗം തുടങ്ങിയ രക്തധമനിയോടു ബന്ധപ്പെട്ട രോഗങ്ങൾ വർധിക്കാനിടയാക്കിയേക്കാം എന്ന് ബ്രിട്ടീഷ്, സ്പാനീഷ് ശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം അഭിപ്രായപ്പെടുന്നു. നല്ല ആരോഗ്യം ലഭിക്കുന്നതിന്, ദിനംപ്രതി അഞ്ചു തവണ പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ഇപ്പോൾ ഗവേഷകർ ശുപാർശ ചെയ്യുന്നു. പുതിയ പഴങ്ങളോ പച്ചക്കറികളോ ലഭ്യമല്ലെങ്കിൽ, തണുപ്പിച്ച പഴങ്ങളും പച്ചക്കറികളും അതേ ഫലം ചെയ്യുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പറയുന്നു.
ചിത്തഭ്രമം ബാധിച്ചവർക്കുവേണ്ടി കരുതൽ
“ചൂടുകഞ്ഞിയും മന്ദസ്വരത്തിലുള്ള സംഗീതവും ശ്രദ്ധാപൂർവം ഒരുക്കിയ പശ്ചാത്തലവും വൈദ്യശാസ്ത്രത്തിന്റെ പുത്തൻ കണ്ടുപിടിത്തമൊന്നുമല്ലെങ്കിലും അവ പ്രായമായവരുടെ ശുശ്രൂഷയിൽ ഒരു വിപ്ലവകരമായ മാറ്റമാണ്. എന്ന് കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. രോഗികളെ കുളിപ്പിക്കുന്നതിലും ഊട്ടുന്നതിലും, ലളിതവും ചെലവുകുറഞ്ഞതുമായ മാറ്റങ്ങൾ വരുത്തുന്നത് അവരുടെ സംഭ്രാന്തിയും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. ഉദാഹരണമായി, ഒരു റിപ്പോർട്ടനുസരിച്ച്, ഭക്ഷണസമയത്ത് ഓരോ വിഭവങ്ങളും പലപ്പോഴായി വിളമ്പുന്നത് ഏത് ആദ്യം കഴിക്കണമെന്ന കാര്യത്തിൽ മിക്കപ്പോഴും ചിന്താക്കുഴപ്പത്തിലകപ്പെടുന്ന ചിത്തഭ്രമമുള്ളവർക്ക് ആശ്വാസം പകരുന്നു. പുതിയ സമീപനങ്ങൾ പരീക്ഷിച്ചുനോക്കാനുള്ള മനസ്സൊരുക്കം, ഭാവമാറ്റം വരുത്താൻവേണ്ടി രോഗികൾ കഴിക്കുന്ന മരുന്നുകളുടെ അളവിൽ ഗണ്യമായ കുറവു വരുത്തി.
പുകവലിയെക്കാൾ അപകടകരമോ?
കാനഡയിലെ സ്ഥിതിവിവരക്കണക്കനുസരിച്ച്, “വ്യായാമരഹിത ജീവിതരീതി, ആരോഗ്യത്തിന് സിഗററ്റുവലിയെക്കാൾ ഇരട്ടിയിലധികം ഭീഷണിയുളവാക്കുന്നു” എന്ന് ദ മെഡിക്കൽ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ഏകദേശം 70 ലക്ഷം കാനഡക്കാർക്ക് പുകവലി നിമിത്തം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും അകാല മരണവും സംഭവിച്ചേക്കാമെന്നിരിക്കെ, വ്യായാമമില്ലാത്തതിനാൽ സമാനമായ ആരോഗ്യ പ്രശ്നങ്ങൾ 1.4 കോടിക്കും 1.7 കോടിക്കും ഇടയ്ക്ക് ആളുകളെ അഭിമുഖീകരിക്കുന്നുണ്ട്. സമയക്കുറവ്, ഊർജക്കുറവ്, പ്രേരണയുടെ കുറവ് എന്നിവയാണു ക്രമമായ വ്യായാമത്തെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകങ്ങളായി പറയപ്പെടുന്നത്. വ്യായാമരഹിതരായ ആളുകളുടെ ആഹാരത്തിൽ കൊഴുപ്പു കൂടുതലും പഴങ്ങളും പച്ചക്കറികളും കുറവും ആകാനാണു കൂടുതൽ സാധ്യത. “ഹൃദയത്തിന് ഏറ്റവും അഭിലഷണീയമായ പ്രയോജനങ്ങൾ കൈവരുത്തുന്നതിനുവേണ്ടി ചെയ്യാവുന്ന സംഗതി ആളുകളെ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ചുരുങ്ങിയത് 30 മിനിറ്റുവീതം മിതമായോ കഠിനമായോ വ്യായാമം ചെയ്യിക്കുകയാണ്,” പോസ്റ്റ് പറയുന്നു.