വിനോദത്തിന് എന്തു സംഭവിച്ചിരിക്കുന്നു?
തങ്ങൾ സംസ്കാരത്തിന്റെ ഉച്ചിയിലാണെന്നു വിശ്വസിച്ചിരുന്ന പുരാതന റോമാക്കാർക്ക് സഹമനുഷ്യരുടെ തീവ്രവേദനയെ വിനോദമായി വീക്ഷിക്കാൻ കഴിയുമായിരുന്നതെങ്ങനെ? “പുതിയതും കൂടുതൽ ശക്തവുമായ ഉത്തേജകങ്ങൾക്കായുള്ള അഭിവാഞ്ഛകൊണ്ടെന്നേ അതിനെ വിശദീകരിക്കാനാവൂ” എന്ന് പുറജാതീയതയുമായുള്ള ക്രിസ്ത്യാനിത്വത്തിന്റെ ആശയസംഘട്ടനം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഗാർഹാർഡ് ഉൾഹോൻ എഴുതുന്നു. “സാധ്യമായ സമസ്ത വിനോദങ്ങളും ആസ്വദിച്ചുമടുത്ത ജനങ്ങൾ . . . മറ്റെങ്ങും അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഉന്മത്തത അന്വേഷിച്ചു.”
ഒട്ടനവധിയാളുകൾ ഇന്ന് “പുതിയതും കൂടുതൽ ശക്തവുമായ ഉത്തേജകങ്ങൾക്കായുള്ള” സമാനമായൊരു “അഭിവാഞ്ഛ” പ്രകടമാക്കുന്നു. യഥാർഥമായ രക്തംചിന്തുന്ന കശാപ്പുകളോ ദുർവൃത്തിയോ കാണാനായി അവർ ഒരുമിച്ചു കൂടിയേക്കുകയില്ലെന്നുള്ളതു സത്യംതന്നെ. എന്നാൽ അവർ തിരഞ്ഞെടുക്കുന്ന വിനോദങ്ങൾ അക്രമത്തോടും ലൈംഗികതയോടുമുള്ള സമാനമായൊരു നിരന്തരാഭിവാഞ്ഛയെ വെളിപ്പെടുത്തുന്നു. ചില ദൃഷ്ടാന്തങ്ങൾ പരിഗണിക്കുക.
ചലച്ചിത്രങ്ങൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചലച്ചിത്രനിർമാതാക്കൾ “വികടത്തരത്തിന് പ്രാമുഖ്യത” കൽപ്പിച്ചിരിക്കുന്നുവെന്ന് ചലച്ചിത്ര നിരൂപകനായ മൈക്കിൾ മെഡ്വെഡ് തറപ്പിച്ചു പറയുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “കുലീനതയോ നന്മയോ കൈമാറാനുള്ള ഏതൊരു ശ്രമത്തെക്കാളും ചലച്ചിത്രരംഗത്ത് കൂടുതൽ ഗൗരവാവഹമായ പരിചിന്തനം, യാന്ത്രികമായ ആദരവ്, അർഹിക്കുന്നത് ക്രൂരതയുടെയും ഉന്മാദത്തിന്റെയും ചിത്രീകരണങ്ങളാണെന്നു തോന്നുന്നു.”
സിനിമ തിയേറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കുന്നതിന് മിക്കവാറും ഏതളവോളം വേണമെങ്കിലും പോകാൻ ടെലിവിഷനുമായുള്ള മത്സരം ചലച്ചിത്ര നിർമാതാക്കളെ നിർബന്ധിക്കുന്നു. “ആളുകൾ ടിവി-യിൽ കാണുന്ന എല്ലാ പരിപാടികളെക്കാളും പാരുഷ്യത്തിൽ മികച്ചുനിൽക്കുന്ന, ശക്തവും ശ്രദ്ധപിടിച്ചുപറ്റുന്നതുമായ ചലച്ചിത്രങ്ങളാണ് ഞങ്ങൾക്കാവശ്യം” എന്ന് ഒരു ചലച്ചിത്ര സ്റ്റുഡിയോയുടെ അധ്യക്ഷൻ പറയുന്നു. “രക്തംചിന്തുന്ന രംഗങ്ങളും [അസഭ്യ] ഭാഷയും അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരല്ല, എന്നാൽ ഒരു സിനിമ പുറത്തിറക്കണമെങ്കിൽ ഇന്ന് ആവശ്യമായിരിക്കുന്നത് അതാണ്.” തീർച്ചയായും, സിനിമയിലെ ഏറ്റവും പ്രകടമായ അക്രമംപോലും ഒട്ടുമിക്കവരെയും മേലാൽ ഞെട്ടിക്കുന്നില്ല. “ആളുകൾ അക്രമരംഗങ്ങളോടു വേദകത്വമില്ലാത്തവരായിക്കൊണ്ടിരിക്കുന്നു” എന്ന് ചലച്ചിത്ര ഡയറക്ടറായ അലൻ ജെ. പക്കുലാ പറയുന്നു. “മരണസംഖ്യ നാലിരട്ടിയായിരിക്കുന്നു, സ്ഫോടനശക്തി അത്യന്തം വർധിച്ചിരിക്കുന്നു, എന്നാൽ ആളുകൾ ഞെട്ടൽ അനുഭവപ്പെടാത്ത നിലയിലായിക്കൊണ്ടിരിക്കുന്നു. മൃഗീയമായ വൈകാരിക പ്രക്ഷുബ്ധതക്കായുള്ള അടങ്ങാത്ത ഒരാഗ്രഹം അവർ വളർത്തിയെടുത്തിരിക്കുന്നു.”
ടെലിവിഷൻ. ബ്രസീൽ, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ടിവി-യിലൂടെയുള്ള ലൈംഗികതയുടെ നിർലജ്ജമായ ചിത്രീകരണം ഇപ്പോൾ സാധാരണമാണ്. അമേരിക്കയിലെ ഒരു ശരാശരി ടിവി നിരീക്ഷകൻ ഒരൊറ്റ വർഷംതന്നെ ഏതാണ്ട് 14,000 ലൈംഗിക ചർച്ചകളോ ചിത്രീകരണങ്ങളോ കാണുന്നു. “ലൈംഗിക പ്രതിപാദ്യവിഷയത്തിന്റെയും തുറന്നുകാട്ടലിന്റെയും വർധനവ് ഒരു കുറഞ്ഞുവരലിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ല” എന്ന് ഒരു ഗവേഷണ സംഘം പറയുന്നു. “നിഷിദ്ധ ബന്ധുവേഴ്ച, പീഡിപ്പിച്ച് ആനന്ദംകൊള്ളൽ, മൃഗസംഭോഗം തുടങ്ങി ഒരിക്കൽ വിലക്കപ്പെട്ടിരുന്ന വിഷയങ്ങൾ, ഏറ്റവുമധികം ആളുകൾ ടെലിവിഷൻ കാണുന്ന സമയത്തെ ആദായമാർഗമായിത്തീർന്നിരിക്കുന്നു.”
വാച്ചിങ് അമേരിക്ക എന്ന പുസ്തകം പറയുന്നതനുസരിച്ച്, ടെലിവിഷന്റെ അനുവാദാത്മക ഭ്രാന്തിന് ഒരു കാരണമുണ്ട്. അതു പ്രസ്താവിക്കുന്നു: “ലൈംഗികത ചിത്രീകരിക്കുന്നത് ആദായകരമാണ്. . . . തങ്ങൾ മുറിപ്പെടുത്തുന്നവരെക്കാൾ കൂടുതൽ നിരീക്ഷകരെ രോമാഞ്ചം കൊള്ളിക്കുകയായിരുന്നുവെന്ന് നെറ്റ്വർക്ക് സ്റ്റേഷനുകളും നിർമാണ കമ്പനികളും കണ്ടെത്തിയിരിക്കുന്നു, എന്നത്തേതിലുമധികം പരസ്യമായ രീതിയിൽ അധികമധികം വിലക്കുകൾ ലംഘിക്കാൻ അനുവദിച്ചുകൊണ്ട് അവർ ക്രമേണ തങ്ങളുടെ ആദായസാധ്യത വർധിപ്പിച്ചിരിക്കുന്നു.”
വീഡിയോ കളികൾ. പാക്-മാന്റെയും ഡോങ്കി കോങിന്റെയും താരതമ്യേന നിർദോഷമായിരുന്ന കാലഘട്ടം ക്രൂരതയിൽ ആനന്ദംകൊള്ളുന്ന ഭീതിദമായ കളികളുടെ യുഗത്തിനു വഴിമാറിക്കൊടുത്തിരിക്കുന്നു. പ്രൊഫസർ മാർഷാ കിൻഡെർ ഈ കളികളെ “ടിവി-യെയും ചലച്ചിത്രത്തെയുംകാൾ മോശമായവ” എന്നു വർണിക്കുന്നു. “ആധിപത്യം നേടാനുള്ള ഏക മാർഗം അക്രമമാണെന്നുള്ള സന്ദേശം അവ നൽകുന്നു.”
പൊതുജനാകുലത നിമിത്തം, ഐക്യനാടുകളിലെ ഒരു പ്രമുഖ നിർമാണകമ്പനി ഇപ്പോൾ അതിന്റെ വീഡിയോ കളികളിൽ ഇനംതിരിക്കൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. “MA-17” ലേബലുള്ള—“പക്വതയാർന്ന” പ്രസ്തുത കളി 17 വയസ്സിനു താഴെയുള്ളവർക്ക് അനുയോജ്യമല്ലെന്നു സൂചിപ്പിക്കുന്നു—ഒന്നിൽ കടുത്ത അക്രമം, ലൈംഗിക വിഷയങ്ങൾ, ദൈവനിന്ദ എന്നിവ ഉണ്ടായിരുന്നേക്കാം. എന്നാൽ “പക്വതയാർന്ന” എന്നുള്ള ഇനംതിരിക്കൽ കളിയുടെ ജനപ്രീതി വർധിക്കാനേ ഉപകരിക്കുകയുള്ളെന്ന് ചിലർ ഭയപ്പെടുന്നു. “ഞാനൊരു 15 വയസ്സുകാരനായിരിക്കുകയും ഒരു MA-17 ലേബൽ കാണുകയും ചെയ്തിരുന്നെങ്കിൽ ഏതു വിധേനയും ഞാൻ ആ കളി വാങ്ങുമായിരുന്നു” എന്ന് വീഡിയോ കളിയിൽ അങ്ങേയറ്റം താത്പര്യമുള്ള ഒരു ചെറുപ്പക്കാരൻ പറയുന്നു.
സംഗീതം. 1995 ഒടുവിൽ, ഏറ്റവും പ്രമുഖമായ 40 ആൽബങ്ങളിൽ 10 എണ്ണം മാത്രമേ അശ്ലീലത്തിൽനിന്നോ മയക്കുമരുന്ന്, അക്രമം, ലൈംഗികത എന്നിവയോടുള്ള ബന്ധത്തിൽനിന്നോ മുക്തമായിരുന്നുള്ളൂവെന്ന് ജനരഞ്ജക സംഗീതത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്ന ഒരു മാസിക അവകാശപ്പെടുന്നു. “കൗമാരപ്രായത്തിൽ എത്താത്തവർക്കു ലഭ്യമായിരിക്കുന്ന സംഗീതം ഞെട്ടിപ്പിക്കുന്നതാണ്, അവയിലനേകവും പൂർണമായും പരമ്പരാഗത മൂല്യങ്ങൾക്കു വിരുദ്ധമാണ്” എന്ന് സെൻറ് ലോഷ്യസ് പോസ്റ്റ്-ഡിസ്പാച്ച് റിപ്പോർട്ടു ചെയ്യുന്നു. “ചില കൗമാരപ്രായക്കാർക്ക് ആകർഷകമായ [സംഗീതം] ക്രോധവും പ്രത്യാശയില്ലായ്മയും നിറഞ്ഞതും ലോകവും അതു കേൾക്കുന്നവൻതന്നെയും നാശഗതിയിലാണെന്നുള്ള തോന്നലുകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.”
ഡെത്ത് മെറ്റൽ, “ഗ്രൂഞ്ച്” റോക്ക്, “തെരുവു” റാപ്പ് എന്നിവ അക്രമത്തിൽ മതിമറന്നാഹ്ലാദിക്കുന്നതായി തോന്നുന്നു. സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, “ഏറ്റവും ഭയാനകമായ ഗണത്തിൽപ്പെട്ടവ ഏറ്റവും വലിയ വിജയത്തിലേക്കുള്ള പാതയിലാണെന്ന് വിനോദ വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്നവർ പ്രവചിക്കുന്നു.” ക്രോധത്തെയും മരണത്തെയും സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങൾ ഓസ്ട്രേലിയ, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ ഇപ്പോൾ വളരെ ജനസമ്മിതിയാർജിച്ചിരിക്കുന്നു. ചില ബ്രാൻഡുകൾ കൂടുതൽ സൗമ്യമായ ആശയം സ്വീകരിക്കാൻ ശ്രമിച്ചിരിക്കുന്നുവെന്നതു സത്യംതന്നെ. എന്നിരുന്നാലും, “നിർദോഷ സംഗീതത്തിന് കാര്യമായ വിപണിയില്ലെന്നു തെളിവു സൂചിപ്പിക്കുന്നതായി” ക്രോണിക്കിൾ അഭിപ്രായപ്പെടുന്നു.
കമ്പ്യൂട്ടറുകൾ. ഒട്ടനവധി ക്രിയാത്മക ഉപയോഗങ്ങളുള്ള മൂല്യവത്തായ ഉപകരണങ്ങളാണിവ. എന്നാൽ, അശ്ലീല വിഷയങ്ങൾ വിതരണം ചെയ്യാൻ ചിലർ അവയും ഉപയോഗിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ഇതിൽ ഉൾക്കൊള്ളുന്നത് “വിലക്ഷണമായ, അയുക്തികമായി ആദരിക്കപ്പെടുന്ന കാര്യങ്ങൾമുതൽ വേശ്യാവൃത്തിയും കുട്ടികളുമായുള്ള ലൈംഗിക വികടത്തരങ്ങളുംവരെ എന്തിനെയും കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളുമാണ്—മുതിർന്ന ഒട്ടേറെപ്പേരെ ഞെട്ടിപ്പിക്കുന്ന വിഷയങ്ങൾതന്നെ, അവരുടെ കുട്ടികളുടെ കാര്യം പറയാനുമില്ല” എന്ന് മക്ലീൻസ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു.
വായനാ സാമഗ്രികൾ. ജനപ്രീതിയാർജിച്ച ഒട്ടുമിക്ക പുസ്തകങ്ങളിലും ലൈംഗികതയും അക്രമവും കവിഞ്ഞൊഴുകുന്നു. ഐക്യനാടുകളിലെയും കാനഡയിലെയും അടുത്തകാലത്തെ ഒരു ഹരമാണ് “ഞെട്ടിക്കുന്ന കൽപ്പിതകഥ” എന്നു വിളിക്കപ്പെട്ടിരിക്കുന്ന, എട്ടുവയസ്സു മാത്രം പ്രായമുള്ള കുട്ടികളെവരെ ലക്ഷ്യമാക്കിയുള്ള ഭീതിജനകമായ കഥകൾ. ഈ പുസ്തകങ്ങൾ “കൊച്ചുകുട്ടികളെ വേദകത്വമില്ലാത്തവരാക്കുന്നു, അവരുടെ മാനസിക പ്രാപ്തി വികാസംപ്രാപിച്ചു തുടങ്ങുന്നതിനു മുമ്പുതന്നെ അതിന്റെ വളർച്ച തടയുന്നു” എന്ന് ന്യൂയോർക്ക് ടീച്ചറിൽ എഴുതവേ ഡയനാ വെസ്റ്റ് വാദിച്ചു.
ഹോങ്കോംഗ്, ജപ്പാൻ, ഐക്യനാടുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച മിക്ക കോമിക്ക് പുസ്തകങ്ങളും “തീവ്രവും മൃഗീയവുമായ യുദ്ധ വിഷയങ്ങൾ, നരഭോജനം, ശിരച്ഛേദം, സാത്താന്യ ആരാധന, ബലാൽസംഗം, ദൈവനിന്ദ” എന്നിവയെ വിശേഷവത്കരിക്കുന്നുവെന്ന് നാഷണൽ കൊയാലീഷൻ ഓൺ ടെലിവിഷൻ വയലൻസ് (എൻസിടിവി) നടത്തിയ ഒരു പഠനം റിപ്പോർട്ടു ചെയ്യുന്നു. “ഈ മാസികകളിലെ അക്രമത്തിന്റെയും അധഃപതിച്ച ലൈംഗിക വിഷയത്തിന്റെയും തീവ്രത ഞെട്ടിക്കുന്നതാണ്” എന്ന് എൻസിടിവി-യുടെ ഗവേഷണ ഡയറക്ടറായ ഡോ. തോമസ് റാഡെക്കി പറയുന്നു. “എത്രമാത്രം വേദകത്വമില്ലാത്തവരായിത്തീരാൻ നാം സ്വയം അനുവദിച്ചിരിക്കുന്നുവെന്ന് ഇതു കാണിക്കുന്നു.”
ജാഗ്രതയുടെ ആവശ്യം
ഇന്നത്തെ ലോകത്ത് ലൈംഗികതയ്ക്കും അക്രമത്തിനും ഒരു വശ്യശക്തിയുണ്ടെന്നുള്ളതു വ്യക്തമാണ്. വിനോദ വ്യവസായത്തിൽ അതു പ്രതിഫലിച്ചിരിക്കുന്നു. ക്രിസ്തീയ അപ്പോസ്തലനായ പൗലൊസ് വിവരിച്ചതിനോടു സമാനമാണ് ഈ സാഹചര്യം: “[അവർ] മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.” (എഫെസ്യർ 4:19) തക്കതായ കാരണത്താൽ ഇന്ന് അനേകർ മെച്ചമായ ചിലതിനുവേണ്ടി പരതുന്നു. നിങ്ങളും അതു ചെയ്യുന്നുവോ? അങ്ങനെയെങ്കിൽ, പിൻവരുന്ന ലേഖനം കാണിക്കുന്നതുപോലെ, നിങ്ങൾക്ക് ആരോഗ്യാവഹമായ വിനോദം കണ്ടെത്താൻ കഴിയുമെന്നറിയുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും.
[5-ാം പേജിലെ ചതുരം/ചിത്രം]
ടെലിവിഷൻ അപകടകരമായിരിക്കാവുന്നതാണ്
ഐക്യനാടുകളിൽ, 1939-ലെ ന്യൂയോർക്ക് ലോകമേളയിൽ ടെലിവിഷൻ പൊതുജന സമക്ഷത്ത് ആദ്യമായി രംഗപ്രവേശം ചെയ്തു. സന്നിഹിതനായിരുന്ന ഒരു പത്രപ്രവർത്തകൻ ഈ പുതിയ ഉപാധിയുടെ ഭാവി സംബന്ധിച്ച തന്റെ സന്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹം എഴുതി: “ആളുകൾ ഒരു സ്ക്രീനിൽ കണ്ണുംനട്ടിരിക്കണമെന്നുള്ളതാണ് ടെലിവിഷന്റെ പ്രശ്നം; സാധാരണ അമേരിക്കൻ കുടുംബത്തിന് അതിനു സമയമില്ല.”
അദ്ദേഹത്തിന്റെ അഭിപ്രായം എത്ര തെറ്റായിരുന്നു! തീർച്ചയായും, ഒരു സാധാരണ അമേരിക്കക്കാരൻ സ്കൂൾപഠനം പൂർത്തിയാക്കുമ്പോഴേക്കും, ഒരു അധ്യാപകന്റെ മുമ്പിൽ ചെലവഴിക്കുന്നതിനെക്കാൾ 50 ഇരട്ടി സമയം ടിവി-യുടെ മുമ്പിൽ ചെലവഴിച്ചിരിക്കും. “ശരാശരിയിലും വളരെ കൂടുതൽ സമയം ടെലിവിഷൻ കാണുന്ന വിദ്യാർഥികൾ കുറച്ചു സമയം മാത്രം കാണുന്ന വിദ്യാർഥികളെക്കാൾ ആക്രമണോത്സുകരും മ്ലാനമനസ്ക്കരും തൂക്കം കൂടിയവരും ഭാവനാശക്തിയും സഹാനുഭൂതിയും പഠന പ്രാപ്തിയും കുറഞ്ഞവരും ആണ്” എന്ന് അക്രമം വീക്ഷിക്കൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. മാഡ്ലിൻ ലെവിൻ അവകാശപ്പെടുന്നു.
അവരുടെ ഉപദേശമോ? “വീട്ടിലെ മറ്റേതൊരു ഉപകരണത്തെയും പോലെ ടെലിവിഷനും ഒരു നിർദിഷ്ട ഉപയോഗമുണ്ടെന്നു കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. മുടി ഉണങ്ങിക്കഴിഞ്ഞാൽ പിന്നെ ഹെയർ ഡ്രയറോ റൊട്ടി മൊരിഞ്ഞു കഴിഞ്ഞാൽപിന്നെ ടോസ്റ്ററോ നാം ഓണാക്കി വെക്കുകയില്ല. ഈ ഉപകരണങ്ങളുടെ നിർദിഷ്ട ഉപയോഗം നാം തിരിച്ചറിയുന്നു. അവ എപ്പോൾ ഓഫാക്കണമെന്നു നമുക്കറിയാം. ടെലിവിഷന്റെ കാര്യത്തിൽ നമ്മുടെ കുട്ടികൾ സമാനമായി പഠിപ്പിക്കപ്പെടണം.”
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ലോകത്തെങ്ങുമുള്ള വിനോദം
ഉണരുക! ലോകത്തിന്റെ അനേക ഭാഗങ്ങളിലുള്ള അതിന്റെ ലേഖകന്മാരോടു വിനോദം സംബന്ധിച്ച അവരുടെ പ്രദേശത്തെ പ്രവണത വിവരിക്കാൻ ആവശ്യപ്പെട്ടു. അവരുടെ അഭിപ്രായങ്ങളിൽ ചിലവയാണ് പിൻവരുന്നവ.
ബ്രസീൽ: “ടിവി പരിപാടികൾ അധികമധികം അധഃപതിച്ചതായി തീർന്നിരിക്കുന്നു. എന്നിട്ടും, വീടിനുവെളിയിൽപോയി ജോലിചെയ്യുന്നവരുടെ കുട്ടികൾ മിക്കപ്പോഴും ടിവി-കൊണ്ട് സ്വയം വിനോദിക്കാൻ അനുവദിക്കപ്പെടുന്നു. അതീന്ദ്രിയ വിഷയങ്ങളുള്ള സിഡി-റോമുകളും കടുത്ത കുറ്റകൃത്യം പ്രദീപ്തമാക്കുന്ന വീഡിയോ കളികളും ജനരഞ്ജകമാണ്.”
ചെക്ക് റിപ്പബ്ലിക്ക്: “കമ്മ്യൂണിസത്തിന്റെ പതനത്തോടെ, പാശ്ചാത്യദേശത്തുനിന്നുള്ള ടിവി പരിപാടികളും അശ്ലീലസാഹിത്യ കടകളും ഉൾപ്പെടെ, ഇവിടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിനോദങ്ങൾക്കൊണ്ട് രാജ്യം നിറഞ്ഞിരിക്കുന്നു. നിശാക്ലബുകൾ, ബില്യാർഡ് ക്ലബുകൾ, ബാറുകൾ എന്നിവിടങ്ങളിലൊക്കെ യുവജനങ്ങൾ കൂടെക്കൂടെ പോകുന്നു. അതിരുകവിഞ്ഞ പരസ്യം നൽകലും സമപ്രായക്കാരുടെ സമ്മർദവും മിക്കപ്പോഴും അവരിൽ ശക്തമായൊരു സ്വാധീനം ചെലുത്തുന്നു.”
ജർമനി: “നിർഭാഗ്യകരമെന്നു പറയട്ടെ, തങ്ങളുടെ കുട്ടികൾക്കായി വിനോദം ക്രമീകരിക്കാനാകാത്തവിധം ഒട്ടുമിക്ക മാതാപിതാക്കളും അത്ര ക്ഷീണിതരാണ്. അതുകൊണ്ട് വിനോദത്തിനായി ചെറുപ്പക്കാർ അന്യോന്യം ആശ്രയിക്കുന്നു. ചിലർ കമ്പ്യൂട്ടർ കളികളുമായി സ്വയം ഒറ്റപ്പെടുന്നു. മറ്റുള്ളവർ, റേവ് എന്നു വിളിക്കപ്പെടുന്ന, മുഴുരാത്രിയും നീണ്ടുനിൽക്കുന്ന ഡാൻസ് സെഷനുകളിൽ പങ്കെടുക്കുന്നു. അവിടെ മയക്കുമരുന്നുകൾ സുലഭമാണ്.”
ജപ്പാൻ: “കോമിക്ക് പുസ്തകങ്ങൾ ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട നേരംപോക്കുകളാണ്. എന്നാൽ ഇവ മിക്കപ്പോഴും അക്രമവും അധാർമികതയും ദുഷിച്ച ഭാഷയും നിറഞ്ഞതാണ്. ചൂതാട്ടവും സാധാരണമാണ്. അധാർമിക ലക്ഷ്യങ്ങളോടുകൂടിയ പുരുഷൻമാർക്ക് ഒത്താശചെയ്തുകൊടുക്കുന്ന വ്യാപകമായി പരസ്യപ്പെടുത്തിയ ടെലഫോൺ ക്ലബുകളിലേക്ക് ചില യുവതികൾ ഫോൺചെയ്യുന്നുവെന്നതാണ് അസഹ്യപ്പെടുത്തുന്ന മറ്റൊരു പ്രവണത. ചിലർ വെറുമൊരു തമാശക്കായി വിളിക്കുമ്പോൾ മറ്റുള്ളവർ കൂലിക്കുവേണ്ടിയുള്ള ഡേറ്റിങിന്റെ ഘട്ടത്തോളം പോകുന്നു. ചില കേസുകളിൽ അതു വേശ്യാവൃത്തിയിലേക്കു നയിക്കുന്നു.”
നൈജീരിയ: “നിയന്ത്രണവിധേയമല്ലാത്ത വീഡിയോ തിയേറ്ററുകൾ പശ്ചിമാഫ്രിക്കയിലുടനീളം വ്യാപിക്കുന്നു. ഈ താത്കാലിക മുറികളിൽ കുട്ടികൾ ഉൾപ്പെടെ ഏതു പ്രായത്തിലുള്ളവർക്കും പ്രവേശനമുണ്ട്. അശ്ലീലവും ഭീകരവുമായ വീഡിയോകൾ പതിവായി പ്രദർശിപ്പിക്കുന്നു. അതിനുപുറമേ, സാധാരണമായി ആത്മവിദ്യയെ പ്രദീപ്തമാക്കുന്ന പ്രാദേശികമായി നിർമിച്ച ഫിലിമുകൾ ടിവി-യിൽ സംപ്രേഷണം ചെയ്യുന്നു.”
ദക്ഷിണാഫ്രിക്ക: “റേവുകൾ ഇവിടെ തഴച്ചുവളരുന്നു. ഇവയിൽ മയക്കുമരുന്നുകൾ മിക്കപ്പോഴും അനായാസം ലഭിക്കുന്നു.”
സ്വീഡൻ: “ബാറുകളും നിശാക്ലബുകളും സ്വീഡനിൽ വിജയംവരിക്കുന്നു. കുറ്റവാളികളും മയക്കുമരുന്നു കള്ളക്കടത്തുകാരും അത്തരം സ്ഥലങ്ങളിൽ തടിച്ചുകൂടുന്നു. ടെലിവിഷനിലെയും വീഡിയോയിലെയും വിനോദം അക്രമവും ആത്മവിദ്യയും അധാർമികതയും നിറഞ്ഞതാണ്.”