വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 5/22 പേ. 14-17
  • വനത്തിൽ സംഗീതനാടകം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വനത്തിൽ സംഗീതനാടകം
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • റബറു​മാ​യുള്ള ബന്ധം
  • യൂറോ​പ്പി​ന്റെ നുറു​ങ്ങു​കൾ പറിച്ചു​ന​ടൽ
  • നുരഞ്ഞു​പൊ​ന്തുന്ന ഷാം​പെ​യി​നിൽനിന്ന്‌ അനിഷ്ട​സൂ​ച​ക​മായ സംഭവ​ങ്ങ​ളി​ലേക്ക്‌
  • മഹത്തായ ദിനങ്ങൾ വീണ്ടും
  • റബർ വെട്ട്‌—നിങ്ങളുടെ ജീവിതത്തെ സ്‌പർശിക്കുന്ന ഒരു തൊഴിൽ
    ഉണരുക!—1996
  • സംഗീതനാടകശാലയിലെ ഒരു സായാഹ്നം
    ഉണരുക!—1994
  • പരിഹാരത്തിനുവേണ്ടിയുള്ള അന്വേഷണം
    ഉണരുക!—1997
  • അമേരിന്ത്യർ നാമാവശേഷത്തിന്റെ വക്കിലോ?
    ഉണരുക!—2007
കൂടുതൽ കാണുക
ഉണരുക!—1997
g97 5/22 പേ. 14-17

വനത്തിൽ സംഗീ​ത​നാ​ട​കം

ബ്രസീലിലെ ഉണരുക! ലേഖകൻ

വിമാ​ന​ത്തി​ന്റെ ജാലക​ത്തി​ലൂ​ടെ നോക്കു​മ്പോൾ മുഖാ​മു​ഖം ഒഴുകി​വ​രുന്ന രണ്ടു നദികൾ നാം കാണുന്നു. പൂഴി​മ​ണ​ലി​ന്റെ നിറമുള്ള സൂലി​മോ​യിൻഷും ചെളി​നി​റ​മുള്ള നെ​ഗ്രോ​യും. സംഗമി​ക്കു​മ്പോൾ അവയിലെ ജലം പൂർണ​മാ​യും കലരു​ക​യില്ല. താഴേക്കു പത്തു കിലോ​മീ​റ്റർ ഒഴുകി​യ​ശേ​ഷ​മാണ്‌ അവയിലെ ജലം കലരു​ന്നത്‌. അതിന​ടു​ത്താ​യി, ബ്രസീ​ലി​ന്റെ ആമസോ​ണസ്‌ സംസ്ഥാ​ന​ത്തി​ന്റെ തലസ്ഥാ​ന​മായ മനൗസിൽ വിമാനം ഇറങ്ങുന്നു.

“ഇവിടെ രണ്ടു തരം കാലാ​വ​സ്ഥ​യുണ്ട്‌,” മനൗസി​ലെ ആളുകൾ പറയുന്നു. “ഒന്നുകിൽ എല്ലാ ദിവസ​വും മഴ പെയ്യും അല്ലെങ്കിൽ ദിവസം മുഴുവൻ മഴ പെയ്യും.” എന്നാൽ വൈരു​ദ്ധ്യ​ങ്ങൾ നിറഞ്ഞ, 15 ലക്ഷം നിവാ​സി​ക​ളുള്ള ഈ നഗരത്തി​ലെ തിരക്കു പിടിച്ച ജീവി​ത​ത്തിന്‌ മഴ ഒരു പ്രതി​ബ​ന്ധമല്ല. വിശാ​ല​മായ വീഥി​ക​ളിൽ നില​കൊ​ള്ളുന്ന ഉയർന്ന സാങ്കേ​തിക വ്യവസാ​യ​ശാ​ല​ക​ളും കുന്നു​ക​ളുള്ള തെരു​വു​ക​ളി​ലെ വീടു​ക​ളും പാർപ്പി​ട​സ​മു​ച്ച​യ​ങ്ങ​ളും കടന്ന്‌ നാം താമസി​യാ​തെ നഗരത്തി​ന്റെ ഗതാഗ​ത​ത്തി​ര​ക്കുള്ള ഹൃദയ​ഭാ​ഗ​ത്തെ​ത്തു​ന്നു. അവിടെ അംബര​ചും​ബി​ക​ളും രാജകീയ സൗധങ്ങ​ളും നമ്മുടെ ശ്രദ്ധ പിടി​ച്ചു​പ​റ്റു​ന്നു. വനത്തിലെ പാരീസ്‌ എന്ന്‌ മനൗസ്‌ ഒരിക്കൽ വിളി​ക്ക​പ്പെ​ട്ടി​രു​ന്ന​തി​ന്റെ കാരണം നമുക്കു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. എങ്കിലും മനോ​ഹ​ര​മായ ഒരു കെട്ടിടം പ്രത്യേ​കി​ച്ചും ശ്രദ്ധാർഹ​മാണ്‌—സംഗീ​ത​നാ​ട​ക​ശാല.

തിയേ​റ്റ​റി​ന്റെ നടത്തി​പ്പു​കാ​രി​യായ ഈനെസ്‌ ലീമ പറയുന്നു: “പല സ്ഥലങ്ങളി​ലും സംഗീ​ത​നാ​ട​ക​ശാ​ല​ക​ളുണ്ട്‌. പക്ഷേ റ്റെയാ​ട്ര്യൂ ആമാ​സോ​ണസ്‌ വ്യത്യ​സ്‌ത​മാണ്‌. അത്‌ ഒരു ഒറ്റപ്പെട്ട സ്ഥലത്താണ്‌.” ഇത്ര പ്രൗഢ​ഗം​ഭീ​ര​മായ ഒരു സംഗീ​ത​നാ​ട​ക​ശാല ലോക​ത്തി​ലെ ഏറ്റവും വലിയ മഴവന​ത്തി​നു മധ്യേ വന്നതെ​ങ്ങനെ?

റബറു​മാ​യുള്ള ബന്ധം

1669-ൽ പോർട്ടു​ഗീസ്‌ കപ്പിത്താ​നായ ഫ്രാൻസീ​സ്‌ക്ക്യൂ ദെ മോട്ട ഫാൽക്കൗൻ, ഫൊർട്ട​ലേസ ദി സാവുൻ ഷൂസെ ദൂ റീയോ നേഗ്രൊ എന്ന പേരിൽ വനത്തിൽ ഒരു കോട്ട പണിതു​യർത്തി. പല പ്രാവ​ശ്യം പേരു മാറ്റി​യ​ശേഷം 1856-ൽ, അവിടെ താമസി​ക്കുന്ന മാനാ​വോസ്‌ എന്ന ഇന്ത്യൻഗോ​ത്ര​ത്തി​ന്റെ പേരിന്റെ സൂചക​മാ​യി അതിന്‌ മനൗസ്‌ എന്നു പേരിട്ടു. 1900-ാമാ​ണ്ടോ​ടെ 50,000 ആളുകൾ മനൗസി​ലേക്കു കുടി​യേ​റി​പ്പാർത്തി​രു​ന്നു. ഈ കൂട്ടത്തെ ആകർഷി​ച്ചത്‌ എന്തായി​രു​ന്നു? ആമസോൺ നദീത​ട​ത്തിൽ വളരുന്ന ഹെവീ ബ്രാസി​ലി​യെൻസിസ്‌ അഥവാ റബർ മരം.

ആ വൃക്ഷത്തി​ന്റെ പാലിൽനി​ന്നു​ണ്ടാ​ക്കിയ കനമുള്ള പന്തുകൾകൊണ്ട്‌ ഇന്ത്യക്കാർ കളിക്കു​ന്നതു പോർട്ടു​ഗീസ്‌ കുടി​യേ​റ്റ​ക്കാ​രു​ടെ ശ്രദ്ധയിൽപ്പെട്ടു. പാൽപോ​ലെ തോന്നി​ക്കുന്ന ഈ ദ്രാവ​കം​കൊ​ണ്ടുള്ള മറ്റൊരു ഉപയോ​ഗ​വും കാല​ക്ര​മേണ കുടി​യേ​റ്റ​ക്കാർ കണ്ടു. 1750-ൽ പോർട്ടു​ഗൽ രാജാവ്‌ ഡോങ്‌ ഷൂസെ തന്റെ ബൂട്ടുകൾ വെള്ളം കയറാത്ത രീതി​യി​ലു​ള്ള​വ​യാ​ക്കാൻ ബ്രസീ​ലി​ലേ​ക്ക​യച്ചു. 1800-ഓടെ ബ്രസീൽ, വടക്കേ അമേരി​ക്ക​യി​ലെ ന്യൂ ഇംഗ്ലണ്ടി​ലേക്ക്‌ റബർ ഷൂസുകൾ കയറ്റി അയയ്‌ക്കാൻ തുടങ്ങി. 1839-ൽ ചാൾസ്‌ ഗുഡ്‌യർ വൾക്കനീ​ക​രണം കണ്ടുപി​ടി​ച്ച​തും 1888-ൽ ജോൺ ഡൺലപ്പ്‌, വായു നിറച്ച ടയറിന്റെ നിർമാ​ണാ​വ​കാ​ശ​ക്കു​ത്തക ആർജി​ച്ച​തും ‘റബറി​നു​വേ​ണ്ടി​യുള്ള തള്ളിക്ക​യ​റ്റ​ത്തിന്‌’ വഴി​തെ​ളി​ച്ചു. ലോക​ത്തി​നു റബർ ആവശ്യ​മാ​യി​വന്നു.

താമസി​യാ​തെ, ഏതാണ്ട്‌ 2,00,000 ബ്രസീൽകാർ സെറീ​ങ്കേ​റോസ്‌ അല്ലെങ്കിൽ റബറു​വെ​ട്ടു​കാ​രാ​യി ജോലി ചെയ്യാൻ തുടങ്ങി. മനൗസി​നു ചുറ്റു​മുള്ള മഴക്കാ​ടു​ക​ളിൽ അങ്ങിങ്ങാ​യുള്ള എട്ടു കോടി റബർ മരങ്ങളിൽനിന്ന്‌ അവർ പാൽ എടുത്തി​രു​ന്നു.

സാമ്പത്തിക സമൃദ്ധി നിമിത്തം മയക്കം ബാധിച്ച വർഷങ്ങ​ളിൽ, പട്ടണത്തിൽ വൈദ്യു​തി​യും ടെല​ഫോ​ണും ഒരു ട്രാം​വ​ണ്ടി​പോ​ലും വന്നു. തെക്കേ അമേരി​ക്ക​യിൽ ഇതെല്ലാം ആദ്യമാ​യി​രു​ന്നു. റബർ വ്യാപാ​രി​കൾ മണിമ​ന്ദി​രങ്ങൾ പണിതു, ഐറീഷ്‌ വിരി​പ്പു​കൾ വിരിച്ച മേശക​ളിൽ ഭക്ഷണം കഴിച്ചു. അവരുടെ കുടും​ബങ്ങൾ, യൂറോ​പ്പി​ലേക്ക്‌ കൂടെ​ക്കൂ​ടെ യാത്ര ചെയ്‌തു, സംഗീ​ത​നാ​ടകം ഉൾപ്പെ​ടെ​യുള്ള അവിടു​ത്തെ സംസ്‌കാ​രം ആസ്വദി​ക്കാൻ. താമസി​യാ​തെ, യൂറോ​പ്പി​ലുള്ള സംഗീ​ത​നാ​ട​ക​ശാ​ലകൾ പോലെ ഒരെണ്ണം അവർക്കും വേണ​മെ​ന്നാ​യി.

യൂറോ​പ്പി​ന്റെ നുറു​ങ്ങു​കൾ പറിച്ചു​ന​ടൽ

1881-ൽ, നാടക​ശാല പണിയാ​നാ​യി, രണ്ട്‌ പോഷ​ക​ന​ദി​കൾക്കു നടുവി​ലുള്ള ഒരു കുന്നിൻ മുകളിൽ പള്ളി​യോ​ടു ചേർന്ന്‌ വനത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലം തിര​ഞ്ഞെ​ടു​ത്ത​പ്പോ​ഴാണ്‌ ആ സ്വപ്‌നം സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ട്ടത്‌. പിന്നീട്‌, നിർമാണ വസ്‌തു​ക്കൾ നിറച്ച കപ്പലുകൾ അറ്റ്‌ലാൻറിക്‌ സമുദ്രം കടന്ന്‌, ആമസോൺ നദിയി​ലൂ​ടെ വീണ്ടും 1,300 കിലോ​മീ​റ്റർ സഞ്ചരിച്ച്‌ മനൗസി​ലെത്തി.

ഒരു നിമിഷം! ഈ നിയോ​ക്ലാ​സിക്ക്‌ ഘടനയി​ന്മേൽ ഒരു താഴി​ക​ക്കു​ടം ഉള്ളത്‌ എന്തു​കൊ​ണ്ടാണ്‌? അത്‌ ആദ്യത്തെ പദ്ധതി​യു​ടെ ഭാഗമ​ല്ലാ​യി​രു​ന്നു എന്നതു ശരിതന്നെ. എന്നാൽ എഞ്ചിനീ​യർമാ​രിൽ ഒരാൾ ഫ്രാൻസി​ലെ ഒരു മേളയ്‌ക്കു പോയി, ഒരു താഴി​ക​ക്കു​ടം കണ്ടു, ഇഷ്ടപ്പെട്ടു, അത്‌ വാങ്ങി​ക്കൊ​ണ്ടു​വന്നു. പച്ചയും മഞ്ഞയും നിറത്തി​ലുള്ള ഏതാണ്ട്‌ 36,000 ജർമൻ ടൈൽസ്‌കൊ​ണ്ടാണ്‌ താഴി​ക​ക്കു​ടം മോടി​പി​ടി​പ്പി​ച്ചത്‌.

കുതി​ര​ക്കു​ള​മ്പി​ന്റെ ആകൃതി​യി​ലുള്ള ഓഡി​റ്റോ​റി​യ​ത്തി​ന്റെ താഴത്തെ നിലയിൽ 700 ചൂരൽക്ക​സേ​രകൾ ഇടാനുള്ള സൗകര്യ​മു​ണ്ടാ​യി​രു​ന്നു. ഔദ്യോ​ഗിക ബോക്‌സി​ലാ​കട്ടെ 12 കസേര​ക​ളി​ടാ​നും. ബാൽക്ക​ണി​യി​ലെ 90 സ്വകാര്യ ബോക്‌സു​ക​ളിൽ ഓരോ​ന്നി​ലും 5 സീറ്റ്‌ വീതമു​ണ്ടാ​യി​രു​ന്നു. സ്വകാര്യ ബോക്‌സു​കൾ ലഭിക്കാൻ സമ്പന്ന കുടും​ബങ്ങൾ 22 ഗ്രീക്ക്‌ മുഖം​മൂ​ടി​കൾ സംഭാവന ചെയ്‌തി​രു​ന്നു. യൂറോ​പ്യ​ന്മാ​രായ ഗാനര​ച​യി​താ​ക്കൾ, സംഗീ​ത​ജ്ഞ​ന്മാർ, നാടക​കൃ​ത്തു​ക്കൾ എന്നിവ​രോ​ടുള്ള ആദരസൂ​ച​ക​മാ​യി അവ സ്‌തം​ഭ​ങ്ങൾക്കു മുകളിൽ വെക്കു​മാ​യി​രു​ന്നു.

പ്രകാ​ശ​ത്തിൽ കുളി​ച്ചു​നിൽക്കുന്ന സംഗീ​ത​നാ​ട​ക​ശാല ഒരു മനോഹര ദൃശ്യ​മാണ്‌. ഓഡി​റ്റോ​റി​യ​ത്തി​നു മധ്യേ, ഫ്രാൻസിൽ നിർമിച്ച ഒരു കൂറ്റൻ ബഹുശാ​ഖാ​ദീ​പം തൂക്കി​യി​ട്ടി​രി​ക്കു​ന്നു. ഇറ്റാലി​യൻ പളുങ്കു​കൾകൊണ്ട്‌ അലങ്കരി​ച്ചി​രി​ക്കുന്ന അത്‌ വെങ്കലം​കൊ​ണ്ടാ​ണു നിർമി​ച്ചി​രി​ക്കു​ന്നത്‌. ബൾബുകൾ മാറി​വെ​ക്കാ​നും വൃത്തി​യാ​ക്കാ​നും അതു വേണ​മെ​ങ്കിൽ താഴ്‌ത്താ​വു​ന്ന​താണ്‌. അടിഭാ​ഗം വെങ്കലം​കൊ​ണ്ടു നിർമി​ച്ചി​രി​ക്കുന്ന, ടൂലിപ്പ്‌ പുഷ്‌പ​ത്തി​ന്റെ ആകൃതി​യി​ലുള്ള 1,630 ഗ്ലാസ്‌ ഷെയി​ഡു​ക​ളോ​ടു​കൂ​ടിയ 166 വിളക്കു​കൾ ചുവരു​കൾക്കു ചാരു​ത​യേ​കു​ന്നു, ചിത്ര​ങ്ങ​ളു​ടെ ഭംഗി എടുത്തു​കാ​ണി​ക്കു​ന്നു.

ബ്രസീൽകാ​ര​നാ​യ ക്രിസ്‌പീങ്‌ ദൂ ആമാറാൽ, പാരീ​സിൽ ജീവിച്ച്‌ ഇറ്റലി​യിൽനി​ന്നു പരിശീ​ലനം നേടിയ 19-ാം നൂറ്റാ​ണ്ടി​ലെ ഒരു ചിത്ര​കാ​ര​നാ​യി​രു​ന്നു. അദ്ദേഹം നൃത്തനാ​ട​ക​ശാ​ല​യു​ടെ സീലി​ങ്ങി​ന്മേൽ നാലു ദൃശ്യങ്ങൾ വരച്ചു—സംഗീ​ത​നാ​ടകം, നൃത്തം, സംഗീതം, ശോകാ​ന്ത​നാ​ടകം എന്നിവ​യു​ടെ. ഈഫൽ ഗോപു​ര​ത്തി​ന്റെ കീഴിൽ നിൽക്കുന്ന പ്രതീതി ജനിപ്പി​ക്കു​ന്ന​തിൽ അദ്ദേഹം വിജയി​ച്ചു. സ്റ്റേജിന്റെ കാൻവാ​സ്‌കൊ​ണ്ടുള്ള തിരശ്ശീ​ല​യിൽ അദ്ദേഹം വിചി​ത്ര​മായ ഒരു രംഗമാണ്‌ പെയിൻറു ചെയ്‌തത്‌—രണ്ടു നദികൾ കൂടി​ച്ചേർന്ന്‌ ആമസോൺ നദി രൂപം​കൊ​ള്ളുന്ന രംഗം. 100 വർഷം പഴക്കമുള്ള ആ തിരശ്ശീല നേരേ താഴി​ക​ക്കു​ട​ത്തി​ന​ക​ത്തേക്കു വലിച്ചു​ക​യ​റ്റു​ക​യാ​ണു ചെയ്യു​ന്നത്‌—ഇത്‌ പെയിൻറി​ങ്ങി​നു കോട്ടം​ത​ട്ടാ​തി​രി​ക്കാൻ സഹായി​ക്കു​ന്നു.

രണ്ടാം നിലയി​ലാണ്‌ നൃത്തശാല. ഓരോ നൃത്തശാ​ല​യു​ടെ​യും അറ്റത്ത്‌ ഫ്രഞ്ച്‌ പളുങ്കു​കൊ​ണ്ടു​ണ്ടാ​ക്കിയ ഉയരത്തി​ലുള്ള ഒരു കണ്ണാടി. അത്‌ ഇറ്റലി​യിൽനി​ന്നുള്ള ആ 32 ബഹുശാ​ഖാ​ദീ​പ​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. അതിൽനി​ന്നു വഴിയുന്ന ശോഭ, ഇറ്റാലി​യൻ ചിത്ര​മെ​ഴു​ത്തു​കാ​ര​നായ ഡോ​മേ​നി​ക്കോ ദേ ആഞ്ചേലിസ്‌ വരച്ച ആമസോൺ ജീവജാ​ല​ങ്ങ​ളു​ടെ ചിത്ര​ങ്ങളെ ദീപ്‌ത​മാ​ക്കു​ന്നു. കൂടുതൽ പ്രൗഢ​ഗം​ഭീ​ര​മാ​ക്കു​ന്ന​തി​നു​വേണ്ടി വാർപ്പി​രു​മ്പു​കൊ​ണ്ടു നിർമിച്ച തൂണുകൾ മാർബിൾപ്പോ​ലെ തോന്നി​ക്കാൻ പ്ലാസ്റ്റർ ചെയ്‌ത്‌ പെയിൻറ​ടി​ച്ചു. ബാൽക്ക​ണി​യു​ടെ മാർബിൾ നിർമി​ത​മെ​ന്ന​പോ​ലെ തോന്നി​ക്കുന്ന ആ അഴിക​ളിൽ ഒന്നു കൊട്ടി നോക്കൂ; അവ തടിയാണ്‌. മിനു​ക്കിയ നിലം ഫ്രഞ്ച്‌ രീതി​യി​ലാ​ണു പണിതത്‌. 12,000 തടിക്ക​ഷ​ണങ്ങൾ ആണിയോ പശയോ ഉപയോ​ഗി​ക്കാ​തെ​യാ​ണു കൂട്ടി​ച്ചേർത്തത്‌. നിലവും ഡെസ്‌ക്കു​ക​ളും മേശക​ളും പണിയാൻ ഉപയോ​ഗിച്ച തടി മാത്ര​മാ​യി​രു​ന്നു ആകെ ബ്രസീ​ലി​ന്റെ വകയാ​യി​ട്ടു​ണ്ടാ​യി​രു​ന്നത്‌. എല്ലാവർക്കും സുഖക​ര​മായ കുളിർമ അനുഭ​വ​പ്പെ​ട്ട​താ​യി നമുക്കു സങ്കൽപ്പി​ക്കാം. അതെങ്ങനെ?

കല്ലാശാ​രി​മാർ, തിയേ​റ്റ​റി​നു ചുറ്റു​മുള്ള വഴിക​ളിൽ കല്ലുകൾ പാകി​യി​രി​ക്കു​ന്നത്‌ റബർപാ​ലിൽ നിന്നു​ണ്ടാ​ക്കിയ ഒരു വസ്‌തു​വി​ന്മേ​ലാണ്‌. വൈകി​യെ​ത്തു​ന്ന​വ​രു​ടെ കുതി​ര​വ​ണ്ടി​ക​ളിൽനി​ന്നു ശബ്ദം കേൾക്കാ​തി​രി​ക്കാൻ ഇതു സഹായി​ച്ചു. ഇതുമൂ​ലം വാതി​ലു​കൾ തുറന്നി​ടാൻ സാധി​ച്ചി​രു​ന്നു. ചൂരൽക്ക​സേ​ര​കൾക്കി​ട​യി​ലൂ​ടെ വരുന്ന ഇളം​തെന്നൽ ചൂടിൽനിന്ന്‌ അൽപ്പം ആശ്വാസം നൽകി​യി​രു​ന്നു.

നുരഞ്ഞു​പൊ​ന്തുന്ന ഷാം​പെ​യി​നിൽനിന്ന്‌ അനിഷ്ട​സൂ​ച​ക​മായ സംഭവ​ങ്ങ​ളി​ലേക്ക്‌

1896-ലെ ഉദ്‌ഘാ​ട​ന​രാ​ത്രി​യിൽ സംഗീ​ത​നാ​ട​ക​ശാ​ല​യു​ടെ കവാടങ്ങൾ മലർക്കെ തുറക്കവേ മുമ്പി​ലുള്ള ജലധാ​രാ​യ​ന്ത്ര​ങ്ങ​ളി​ലൂ​ടെ ഷാം​പെ​യിൻ ഒഴുകി. ഈ പദ്ധതി പൂർത്തി​യാ​ക്കാൻ 15 വർഷ​മെ​ടു​ത്തി​രു​ന്നു, ചെലവാ​കട്ടെ 1 കോടി ഡോള​റും. ഇമ്പമുള്ള ശബ്ദങ്ങൾക്കു​വേ​ണ്ടി​യുള്ള ഒരു ഗംഭീര ഭവനമാ​യി​രു​ന്നു അത്‌. വർഷങ്ങ​ളി​ലൂ​ടെ, പൂച്ചീ​നി​യു​ടെ ല ബോവാ​മും വെർഡി​യു​ടെ റീഗോ​ലെ​റ്റോ​യും ഈൽ ട്രോ​വാ​റ്റോ​റെ​യും അവതരി​പ്പി​ക്കാൻ ഇറ്റലി, ഫ്രാൻസ്‌, പോർട്ടു​ഗൽ, സ്‌പെ​യിൻ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ ഒറ്റയ്‌ക്കും സംഘമാ​യും പാടുന്ന ഗായകർ എത്തി​ച്ചേ​രു​ക​യു​ണ്ടാ​യി. അതിസാ​രം, മലമ്പനി, മഞ്ഞപ്പനി തുടങ്ങിയ ഉഷ്‌ണ​മേ​ഖലാ രോഗങ്ങൾ ചില നടീന​ട​ന്മാ​രെ അവി​ടേക്കു വരുന്ന​തിൽനി​ന്നു തടഞ്ഞു. ഇതിനു​പു​റമേ, തിയേ​റ്റ​റി​നു നേരെ മറ്റൊരു ഭീഷണി​കൂ​ടെ ഉയർന്നു​വന്നു—റബർ വ്യവസാ​യ​ത്തി​ന്റെ അന്തം. മനൗസി​നു മീതെ കരിനി​ഴൽ പരന്നു.—“റബർ വ്യവസാ​യം ക്ഷയിപ്പി​ക്കു​ക​യും സംഗീ​ത​നാ​ടകം നിർത്തു​ക​യും ചെയ്‌ത അപഹരണം” എന്ന ചതുരം കാണുക.

1923-ൽ ബ്രസീ​ലി​ന്റെ റബർ കുത്തക​യ്‌ക്കു മങ്ങലേൽക്കാൻ തുടങ്ങി. മിന്നൽവേ​ഗ​ത്തിൽ വൻകി​ട​മു​ത​ലാ​ളി​മാ​രും ഊഹക്ക​ച്ച​വ​ട​ക്കാ​രും വ്യാപാ​രി​ക​ളും വേശ്യ​ക​ളും പട്ടണത്തിൽനി​ന്നു കെട്ടു​കെട്ടി. മനൗസ്‌ അങ്ങനെ ഒരു കുഗ്രാ​മ​മാ​യി മാറി. സംഗീ​ത​നാ​ട​ക​ശാ​ല​യു​ടെ കാര്യ​മോ? തിയേ​റ്റ​റി​ന്റെ ഭാഗങ്ങൾ റബർ സൂക്ഷി​ക്കുന്ന സ്ഥലങ്ങളാ​യി മാറി. വേദി​യാ​കട്ടെ, ഇൻഡോർ ഫുട്‌ബോൾക​ളി​കൾ നടത്താ​നും ഉപയോ​ഗി​ച്ചു!

മഹത്തായ ദിനങ്ങൾ വീണ്ടും

അതിൽപ്പി​ന്നെ മനൗസ്‌, മഴക്കാ​ടു​ക​ളു​ടെ നിഗൂ​ഢ​തകൾ കണ്ടെത്താൻ വന്ന ആവാസ​വ്യ​വസ്ഥാ തത്‌പ​ര​രായ വിനോ​ദ​സ​ഞ്ചാ​രി​കൾക്ക്‌ ഒരു തുടക്ക​സ്ഥാ​ന​മാ​യി മാറി. മറ്റു ചിലരാ​കട്ടെ, ഒരു പാമ്പിനെ എടുത്തു കൈയിൽ പിടി​ക്കാ​നോ ഒരു തത്തയെ പോറ്റാ​നോ ഒരു തേവാ​ങ്കി​നെ ഓമനി​ക്കാ​നോ ഒക്കെയാ​ണു വന്നത്‌. സംഗീ​ത​നാ​ട​ക​ശാ​ല​യു​ടെ പുനരു​ദ്ധാ​രണം മനൗസി​നെ മറ്റൊരു തരത്തിൽ ആകർഷ​ക​മാ​ക്കി​ത്തീർക്കും!

അതു​കൊണ്ട്‌, 1974-ൽ തിയേ​റ്റ​റി​ന്റെ പൂർവ സ്ഥിതി നിലനിർത്താ​നും അവിടെ സാങ്കേ​തിക അഭിവൃ​ദ്ധി​കൾ വരുത്താ​നും വളരെ​യേറെ പണം ചെലവി​ടു​ക​യു​ണ്ടാ​യി. വിളക്കു​ക​ളും കണ്ണാടി​ക​ളും ഫർണി​ച്ച​റു​ക​ളും തുടച്ചു വൃത്തി​യാ​ക്കി. വാദ്യ​മേ​ള​ക്കാർക്ക്‌ ഇരിക്കാ​നുള്ള സ്ഥലം പൊക്കാ​നും താഴ്‌ത്താ​നു​മാ​യി സാങ്കേ​തി​ക​വി​ദ​ഗ്‌ധർ ഒരു ഹൈ​ഡ്രോ​ളിക്ക്‌ സംവി​ധാ​നം സ്ഥാപിച്ചു. അവർ വേദിക്ക്‌ പുതി​യൊ​രു തറ പണിതു. അണിയ​റ​യിൽ പുതിയ ശബ്ദക്ര​മീ​ക​ര​ണ​ങ്ങ​ളും പ്രകാശ സംവി​ധാ​ന​വും വീഡി​യോ സജ്ജീക​ര​ണ​ങ്ങ​ളും ഏർപ്പെ​ടു​ത്തി. താഴത്തെ നിലയിൽ കസേര​കൾക്ക​ടി​യി​ലാ​യി ശീതീ​കരണ യന്ത്രം ഘടിപ്പി​ച്ചു.

പിന്നെ, റിയോ ദെ ജെനി​റോ​യിൽനി​ന്നുള്ള ലയവി​ന്യാ​സ വാദ്യ​വൃ​ന്ദം തിയേ​റ്റ​റി​ലേക്ക്‌ സംസ്‌കാ​രം തിരികെ കൊണ്ടു​വന്നു. തുടർന്ന്‌ പ്രശസ്‌ത ബാലെ നർത്തകി​യായ മർഗോ ഫോൺടേൻ സ്വാൻ ലെയ്‌ക്ക്‌ എന്ന നൃത്തം അവതരി​പ്പി​ച്ചു​കൊണ്ട്‌ ആ വേദിയെ ധന്യമാ​ക്കി. അവൾ കൊടു​ത്തി​ട്ടു​പോയ അവളുടെ ബാലെ ഷൂസുകൾ തിയേ​റ്റ​റി​ന്റെ മ്യൂസി​യ​ത്തി​ലെ ഷോ​കേ​സിൽ സൂക്ഷി​ച്ചി​രി​ക്കു​ന്നു.

കൂടുതൽ സുഖത്തി​നും ഭംഗി​ക്കും സുരക്ഷി​ത​ത്വ​ത്തി​നും മിനു​ക്കു​പ​ണി​കൾ ഇനിയും ആവശ്യ​മാ​യി​രു​ന്നു. ഏറെ ഗഹനമായ ഗവേഷ​ണ​ങ്ങൾക്കും ശ്രദ്ധാ​പൂർവ​മായ ആസൂ​ത്ര​ണ​ത്തി​നും​ശേഷം 600 ജോലി​ക്കാ​രും 30 സാങ്കേ​തി​ക​വി​ദ​ഗ്‌ധ​രും തിയേ​റ്റ​റി​ലേക്കു വന്നു. നാലു വർഷം അവർ അവിടെ തങ്ങി. പെയിൻറി​ന്റെ എട്ടു പാളി​കൾക്ക​ടി​യിൽ അവർ, നിർമാ​ണ​സ​മ​യത്ത്‌ ഉപയോ​ഗിച്ച റോസ്‌ നിറത്തി​ലുള്ള പെയിൻറ്‌ കണ്ടെത്തി. താഴി​ക​ക്കു​ട​ത്തി​നും ഒരു മിനു​ക്കു​പണി ആവശ്യ​മാ​യി​രു​ന്നു. പഴയ ടൈൽസ്‌ ഇളക്കി​മാ​റ്റി. പകരം അതു​പോ​ലെ​ത​ന്നെ​യുള്ള, ബ്രസീ​ലിൽ നിർമിച്ച പുതിയ ടൈൽസ്‌ സ്ഥാപിച്ചു. കസേരകൾ ഫ്രഞ്ച്‌ വെൽവെ​റ്റിൽ പൊതി​ഞ്ഞു. ചെറിയ കത്തിക​ളും ബ്രഷും ഉപയോ​ഗിച്ച്‌ ലോല​മായ കലാവ​സ്‌തു​ക്ക​ളും പെയിൻറി​ങ്ങു​ക​ളും മിനു​ക്കി​യെ​ടു​ത്തു. ദുഃഖ​ക​ര​മെന്നു പറയട്ടെ, ഈർപ്പം മൂലം ഇടനാ​ഴി​ക​ളി​ലുള്ള ചിത്ര​പ്പ​ണി​കൾക്കു കേടു​പ​റ്റി​യി​രു​ന്നു. അതു​കൊണ്ട്‌, ചട്ടപ്പല​കകൾ മൂടാൻ മരതകപ്പച്ച നിറത്തി​ലുള്ള ഒരു ചൈനീസ്‌ പട്ടുതു​ണി തിര​ഞ്ഞെ​ടു​ത്തു. ഇതിനു​പു​റമേ, മരത്തൂ​ണു​ക​ളി​ലും ബാൽക്ക​ണി​യു​ടെ അഴിക​ളി​ലും ചിതലു​കൾ സ്ഥാനം പിടി​ച്ചി​രു​ന്നു. അവയുടെ ശല്യം ഒഴിവാ​ക്കാ​നാ​യി തടിയിൽ 13,777.4 ലിറ്റർ കീടനാ​ശി​നി കുത്തി​വെ​ക്കു​ക​യു​ണ്ടാ​യി.

1990-ൽ ആ ഗംഭീര ഭവനത്തിൽ വീണ്ടും ഇമ്പമുള്ള ശബ്ദങ്ങൾ ഉയർന്നു കേട്ടു. ഉച്ചസ്ഥാ​യി​യിൽ പാടാൻ കഴിവുള്ള സെലിനി ഈമ്പെർട്ടി​ന്റെ സംഗീ​ത​വും നെൽസൺ ഫ്രേ​റേ​യു​ടെ പിയാ​നോ വായന​യും നാടക​ശാ​ല​യ്‌ക്ക്‌ ആഢ്യത്വം നൽകി.

അത്‌ ഒരു മണിനാ​ദ​മാ​യി​രു​ന്നോ? അതേ, പരിപാ​ടി അഞ്ചു മിനി​റ്റി​നു​ള്ളിൽ ആരംഭി​ക്കു​മെന്ന മുന്നറി​യിപ്പ്‌.

“ടീയേ​ട്രോ ആമസോ​ണാ​സി​ന്റെ 100-ാം വാർഷി​കം ആഘോ​ഷി​ക്കാൻ ഞങ്ങൾ ഉച്ചസ്ഥാ​യി​യിൽ പാടു​ന്ന​തിൽ വിഖ്യാ​ത​നായ ജോസ്‌ കാറീ​റാ​സി​നെ ക്ഷണിച്ചു,” തിയേ​റ്റ​റി​ന്റെ ഡയറക്‌ട​റായ ഡാവു പറയുന്നു. “അദ്ദേഹം സ്വരസം​വി​ധാ​നം പരി​ശോ​ധി​ച്ചു (‘തികച്ചും നല്ലത്‌’).” സന്ധ്യയ്‌ക്ക്‌ നൃത്തശാ​ല​യിൽവെച്ചു നടത്തിയ ഒരു നൃത്ത​ത്തോ​ടെ പരിപാ​ടി​കൾ അവസാ​നി​ച്ചു. ഗായക​സം​വി​ധാ​യ​ക​നായ സുബിൻ മെഹ്‌ത്ത, ഉച്ചസ്ഥാ​യി​യിൽ പാടാൻ കഴിവുള്ള ലൂസി​യാ​നോ പാവാ​റോ​ട്ടി, പകി​ട്ടേ​റിയ കാർമൻ എന്ന സംഗീ​ത​നാ​ടകം അവതരി​പ്പിച്ച അർജൻറീ​ന​ക്കാ​രായ ഒരു സംഘം എന്നിവ​രു​ടെ സന്ദർശ​ന​ത്തോ​ടെ പരിപാ​ടി​കൾ തുടർന്നു.

മൂന്നു മിനി​റ്റി​ന്റെ മണിനാ​ദം. സീറ്റു​ക​ളിൽ ഉപവി​ഷ്ട​രാ​കു​ന്ന​താ​യി​രി​ക്കും നല്ലത്‌.

അവിടത്തെ 60 ജോലി​ക്കാ​രും പരിപാ​ടി നടത്തി​പ്പി​നാ​യി ദിവസം മുഴുവൻ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ഓടി​ന​ട​ന്നി​രു​ന്നു. ഇനി കൂടുതൽ പരിപാ​ടി​കൾ—ജാസ്സ്‌ മേള, നാടോ​ടി നൃത്തങ്ങൾ, നാടകങ്ങൾ എന്നിവ—ഉണ്ടാകും. എന്നാൽ ഈ രാത്രി​യിൽ ഒരു ബാലെ​യാ​യി​രി​ക്കും.

ഒരു മിനി​റ്റി​ന്റെ മണിനാ​ദം. ശ്ശ്‌. . .

അപ്പോൾ, വനത്തിലെ സംഗീ​ത​നാ​ട​ക​ശാ​ല​യി​ലേക്ക്‌ നിങ്ങൾ എന്നു വരും?

[17-ാം പേജിലെ ചതുരം/ചിത്രം]

റബർ വ്യവസാ​യം ക്ഷയിപ്പി​ക്കു​ക​യും സംഗീ​ത​നാ​ടകം നിർത്തു​ക​യും ചെയ്‌ത അപഹരണം

1876-ൽ യുവസാ​ഹ​സി​ക​നായ ഒരു ഇംഗ്ലീ​ഷു​കാ​രൻ ബ്രസീ​ലി​ന്റെ റബർ വ്യവസാ​യത്തെ ക്ഷയിപ്പി​ച്ചു​കളഞ്ഞ ഒരു കുതന്ത്രം ആസൂ​ത്രണം ചെയ്‌തു. ഇന്ത്യക്കാ​രു​ടെ സഹായ​ത്തോ​ടെ അയാൾ ആമസോൺ വനത്തിൽനിന്ന്‌ 70,000 നല്ലയിനം ഹെവീ ബ്രാസി​ലി​യെൻസിസ്‌ തൈകൾ ശേഖരിച്ച്‌ അവ ഒരു ആവിക്ക​പ്പ​ലിൽ കയറ്റി, “വിക്‌ടോ​റിയ രാജ്ഞി​ക്കു​വേ​ണ്ടി​യുള്ള അപൂർവ സസ്യ സാമ്പി​ളു​കൾ” ആണെന്ന വ്യാജേന ബ്രസീ​ലി​ലെ കസ്റ്റംസി​ന്റെ കണ്ണു​വെ​ട്ടിച്ച്‌ കടത്തി​ക്കൊ​ണ്ടു​പോ​യി. അറ്റ്‌ലാൻറിക്‌ സമു​ദ്ര​യാ​ത്ര​യ്‌ക്കി​ട​യിൽ അയാൾ അവയെ പരിപാ​ലി​ച്ചു. എന്നിട്ട്‌ പ്രത്യേക ട്രെയി​നിൽ കയറ്റി ഇംഗ്ലണ്ടി​ലെ ക്യൂവി​ലുള്ള റോയൽ സസ്യശാ​സ്‌ത്ര ഉദ്യാ​ന​ത്തി​ലെ​ത്തി​ച്ചു. ഏതാനും ആഴ്‌ച​കൾക്കു​ശേഷം തൈകൾ കിളിർത്തു. അവി​ടെ​നിന്ന്‌ അവ ഏഷ്യയി​ലേക്കു കയറ്റി അയച്ച​ശേഷം സിലോ​ണി​ലെ​യും മലായ്‌ ഉപദ്വീ​പി​ലെ​യും ചതുപ്പു​മ​ണ്ണിൽ നട്ടു. 1912-ഓടെ, അപഹരി​ച്ചു​കൊ​ണ്ടു​പോയ ആ തൈകൾ രോഗ​വി​മു​ക്ത​മായ റബർ തോപ്പു​ക​ളാ​യി മാറി​യി​രു​ന്നു. ആ റബർമ​ര​ങ്ങ​ളിൽനി​ന്നു പാൽ എടുക്കാ​റാ​യ​പ്പോ​ഴേ​ക്കും ഒരു പ്രസി​ദ്ധീ​ക​രണം പറയു​ന്ന​തു​പോ​ലെ, “ബ്രസീ​ലി​ലെ റബർ വ്യവസാ​യം എന്നെ​ന്നേ​ക്കു​മാ​യി [തകർന്നു​പോ​യി​രു​ന്നു].”

[14-ാം പേജിലെ ഭൂപടം]

മനൗസ്‌

[കടപ്പാട്‌]

Mountain High Maps® Copyright © 1995 Digital Wisdom, Inc.

[15-ാം പേജിലെ ചിത്രം]

രണ്ടു നദിക​ളി​ലെ​യും ജലം കൂടി​ക്ക​ല​രു​ന്നി​ല്ല

[15-ാം പേജിലെ ചിത്രം]

തിയേറ്ററിന്റെ താഴി​ക​ക്കു​ടം—സൗകര്യ​പ്ര​ദ​മായ ഒരു അടയാള ചിഹ്നം

[16-ാം പേജിലെ ചിത്രം]

മഴക്കാടിലെ അതിഗം​ഭീര നിർമി​തി

[17-ാം പേജിലെ ചിത്രം]

വീണ്ടും, മഹത്തായ ഒരു നാടക​ശാ​ല

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക