ലോകത്തെ വീക്ഷിക്കൽ
പാപ്പായുടെ പ്രസ്താവനകൾ സംബന്ധിച്ച കർദിനാളിന്റെ വിശദീകരണം
പരിണാമസിദ്ധാന്തം “വെറും സിദ്ധാന്തത്തിലുമുപരിയാണ്” എന്ന ജോൺ പോൾ പാപ്പായുടെ പ്രസ്താവനയ്ക്ക് അനുബന്ധമായി ന്യൂയോർക്കിന്റെ കർദിനാൾ ഒ’കോണർ ആദാമും ഹവ്വായും പുരുഷനും സ്ത്രീയുമല്ലാത്ത “മറ്റെന്തെങ്കിലും രൂപം” ആയിരുന്നിരിക്കണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ന്യൂയോർക്കിലെ ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്തപ്രകാരം, ഒ’കോണർ ഇങ്ങനെ പറഞ്ഞു: ‘കത്തോലിക്കാ സഭ ശാസ്ത്രീയ പര്യവേക്ഷണത്തോട് ഒരു തുറന്ന മനോഭാവം പുലർത്തുന്നു, ജൈവ പരിണാമത്തെ സംബന്ധിച്ചും ഇതു സത്യമാണ്.’ സെൻറ് പാട്രിക്ക്സ് കത്തീഡ്രലിൽ വെച്ചു നടത്തിയ ഒരു പ്രസംഗത്തിൽ കർദിനാൾ ഇങ്ങനെ പ്രസ്താവിച്ചു: “നാം ആദാമെന്നും ഹവ്വായെന്നും വിളിക്കുന്ന ഈ രണ്ടു വ്യക്തികളെ സൃഷ്ടിച്ചപ്പോൾ അവർ മറ്റേതെങ്കിലും രൂപത്തിലായിരുന്നിരിക്കാൻ സാധ്യതയുണ്ടോ, പിന്നീട് ദൈവം അവരിലേക്കു ജീവൻ, അതായത് ഒരു ദേഹിയെ ഊതിക്കയറ്റിയോ—അതൊരു ശാസ്ത്രീയ ചോദ്യമാണ്.” യാഥാസ്ഥിതിക ഇറ്റാലിയൻ വർത്തമാനപത്രമായ ഇൽ ജോർണാലെയിൽ വന്ന ഒരു ശീർഷകം ഇങ്ങനെ ചുരുക്കിപ്പറഞ്ഞു: “നാം കുരങ്ങന്മാരുടെ പിൻഗാമികളായിരിക്കാൻ സാധ്യതയുണ്ട് എന്നു പാപ്പാ പറയുന്നു.”
പാപ്പായ്ക്ക് ഒരു ഉപദേശം
ഇറ്റലിയിലെ കത്തോലിക്കാ പത്രപ്രവർത്തകനായ വിറ്റോറ്യോ മെസ്സോറീ, ആധുനിക കത്തോലിക്കാ സഭയുടെ പുരോഹിതശ്രേണിയിലെ അംഗങ്ങളുടെ സംസാരം വല്ലാതെ അധികമായിപ്പോകുന്നു എന്നു കരുതുന്നു. അവർ തങ്ങളുടെ സന്ദേശങ്ങൾ ‘ലളിതമാക്കുകയും ചുരുക്കുകയും’ ചെയ്യണം എന്ന് അദ്ദേഹം നിർദേശിക്കുന്നു. കത്തോലിക്കാ വാർത്താ മാധ്യമമായ അഡിസ്റ്റാ റിപ്പോർട്ടു ചെയ്ത ഒരു അഭിമുഖത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ഏതു നിലയിൽ നോക്കിയാലും കഴിഞ്ഞ 20 നൂറ്റാണ്ടുകളിലെക്കാൾ അധികം വാക്കുകൾ കഴിഞ്ഞ 20 വർഷംകൊണ്ട് സഭ പറഞ്ഞിരിക്കുന്നു. ഒരുവൻ എത്രയധികം സംസാരിക്കുന്നുവോ അത്ര കുറച്ചേ അയാൾ ശ്രദ്ധിക്കപ്പെടൂ. ഞാൻ അവരുടെ ജീവിതത്തിൽ ഒരു സപ്തവത്സര മാറ്റത്തിനുള്ള നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ സമയത്ത് സഭ മിണ്ടാതിരിക്കണം, അസിസ്റ്റൻറ് വികാരിമുതൽ പാപ്പാവരെയുള്ളവർ. . . . ഈ പ്രസംഗങ്ങളും ചാക്രികലേഖനങ്ങളുമെല്ലാം . . . ഞാൻ വായിക്കുന്നുണ്ട്, പക്ഷേ വേറെ എത്രപേർ അതു ചെയ്യുന്നുണ്ട്? നാം ഏതാനും ദശകങ്ങൾക്കു മുമ്പത്തെ പാപ്പാമാരുടെ സമ്പ്രദായം പുനരാരംഭിക്കുക എന്ന ത്യാഗം ചെയ്യേണ്ടിയിരിക്കുന്നു. അവർ പൊതുജനങ്ങൾക്കു കൊടുക്കുന്ന ചാക്രികലേഖനങ്ങൾ പരമാവധി മൂന്നെണ്ണമായിരുന്നു.”
കൊല്ലുന്ന ഹരങ്ങൾ
ബഞ്ചീ ജമ്പിങ്, ഉപകരണങ്ങൾ കൂടാതെയുള്ള പർവതാരോഹണം, സ്കൈ ഡൈവിങ്, ബേസ് ജമ്പിങ്—ഹരം പകരുന്ന സ്പോർട്ട്സുകൾ—തുടങ്ങിയവയ്ക്കു ഫ്രാൻസിൽ വളരെയേറെ പ്രചാരം സിദ്ധിച്ചിരിക്കുന്നു. പാരീസ് വർത്തമാനപത്രമായ ല മോൺട്, എന്തുകൊണ്ടാണ് ഹരം പകരുന്ന സ്പോർട്ട്സുകൾക്ക് ഫ്രാൻസിൽ ഇത്ര പ്രചാരം ലഭിച്ചതെന്നതിനെക്കുറിച്ച് നിരവധി വിദഗ്ധരുമായി ചർച്ച നടത്തി. അച്ചടക്കമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കാൾ സ്വാതന്ത്ര്യത്തിനും ഉല്ലാസത്തിനുമൊക്കെയാണ് ഇന്നത്തെ യുവജനങ്ങൾ കൂടുതൽ വില കൽപ്പിക്കുന്നത്. പരമ്പരാഗത സ്പോർട്ട്സുകൾക്കാണെങ്കിൽ നിയമങ്ങളും ചിട്ടകളും പരിശീലനവുമൊക്കെ ആവശ്യമാണ്. ചെറുപ്പക്കാരുടെ മൂല്യങ്ങളുമായി അവ ഒത്തുപോകുന്നില്ല. ഇതാണ് ഒരു കാരണം എന്ന് നൂതന സ്പോർട്ട്സുകളെക്കുറിച്ചുള്ള പഠന കേന്ദ്രത്തിന്റെ ഡയറക്ടറായ അലൻ ലോറേ പറയുന്നു. ഫ്രഞ്ചുകാരനായ സമുദായ ശാസ്ത്രജ്ഞൻ, ഡേവിഡ് ല ബ്രെറ്റോൺ പറയുന്നു, “സാഹസിക സ്പോർട്ട്സുകളുടെ ജനപ്രീതി പ്രതിഫലിപ്പിക്കുന്നത് ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ്. വാസ്തവത്തിൽ, നാമെന്തിനു വേണ്ടിയാണ് ജീവിക്കുന്നതെന്ന് നമുക്കു മേലാൽ അറിഞ്ഞുകൂടാ. ജീവിതം ജീവിക്കാൻതക്ക മൂല്യമുള്ളതാണെന്ന് നമ്മുടെ സമൂഹം നമ്മോടു പറഞ്ഞുതരുന്നില്ല. അതുകൊണ്ട്, ഹരമന്വേഷിക്കൽ . . . ജീവിതത്തിന് അർഥം കണ്ടെത്താനുള്ള ഒരു ശ്രമമാണ് എന്നു മനസ്സിലാക്കാൻ സാധിക്കും.” എന്നിരുന്നാലും, കൂടുതൽ കൂടുതൽ യുവജനങ്ങൾ തങ്ങളുടെ ജീവൻ അപകടത്തിലാകുംവിധം സാഹസങ്ങളിലേർപ്പെടുകയും അവ കളഞ്ഞുകുളിക്കുകയും ചെയ്യുകയാണ്.
പുരാതന അലക്സാൻഡ്രിയ പുനഃസന്ദർശിക്കപ്പെടുന്നു
കഴിഞ്ഞവർഷം ആദ്യം, പുരാവസ്തുശാസ്ത്രജ്ഞന്മാർ ഫറവോന്മാരുടെ 2,200 വർഷം പഴക്കമുള്ള ഒരു ദീപസ്തംഭം കണ്ടെത്തിയതായി വെളിപ്പെടുത്തി. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായിരുന്ന അത് ഈജിപ്തിലെ അലക്സാൻഡ്രിയയുടെ തീരത്തുനിന്നും അൽപ്പം അകന്ന് വെള്ളത്തിനടിയിലാണു കണ്ടെത്തിയത്. ഇപ്പോൾ അവർ, തങ്ങൾ “അലക്സാൻഡ്രിയയുടെ പഴയ തുറമുഖത്തിന്റെ കിഴക്കുവശത്ത്, വെള്ളത്തിൽ ഏകദേശം ആറു മീറ്റർ [20 അടി] ആഴത്തിൽ പുരാതന അലക്സാൻഡ്രിയൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ” കണ്ടെത്തിയതായി അവകാശപ്പെടുന്നുവെന്ന് ദ വാൻകൂവർ സൺ പ്രസ്താവിക്കുന്നു. ഫ്രഞ്ച് നാവിക പുരാവസ്തു ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഗോഡിയോ പറഞ്ഞതനുസരിച്ച്, ആ സ്ഥലത്ത് മാർക്ക് ആൻറണിയുടെ ഭവനത്തിന്റെയും ദേവാലയത്തിന്റെയും, വീഞ്ഞു ഭരണികളും കരിങ്കല്ലിൽ തീർത്ത സ്തംഭങ്ങളും കല്ലുപാകിയ വീഥികളും പുരാതന നഗരത്തിന്റെ മറ്റനേകം അവശിഷ്ടങ്ങളും ഉൾപ്പെടെ ക്ലിയോപാട്രയുടെ കൊട്ടാരത്തിന്റെയും നാശശിഷ്ടങ്ങൾ കണ്ടെത്തി. ഗവേഷകർ “2,000 വർഷങ്ങൾക്കുശേഷം ഇപ്പോഴും കാര്യമായ കേടുപാടുകളൊന്നും കൂടാതെ നിലനിൽക്കുന്ന ഒരു നീളമുള്ള തുറമുഖച്ചിറയാൽ സംരക്ഷിക്കപ്പെട്ട, മനോഹരമായ ഒരു തുറമുഖം” കണ്ടെത്തി. “എങ്കിലും അതു വെള്ളത്തിനടിയിലാണ്” എന്നും ഗോഡിയോ പറഞ്ഞു. മഹാനായ അലക്സാണ്ടറിൽ നിന്നാണ് അലക്സാൻഡ്രിയയ്ക്ക് ആ പേരു ലഭിച്ചത്. അദ്ദേഹം പൊ.യു.മു. 332-ൽ ഈ നയനമോഹനമായ തുറമുഖം കണ്ടപ്പോൾ അതൊരു നഗരം പണിയാനുള്ള സ്ഥലമാണെന്നു നിശ്ചയിച്ചു. അത് ഏഥൻസിനോടും റോമിനോടും കിടപിടിക്കുന്ന ഒരു സാംസ്കാരിക, വാണിജ്യ കേന്ദ്രമായിത്തീരുകയും ചെയ്തു. പ്രസിദ്ധമായ അലക്സാൻഡ്രിയൻ ഗ്രന്ഥശാല അവിടെയായിരുന്നു സ്ഥിതിചെയ്തിരുന്നത്. മധ്യയുഗമായപ്പോഴേക്കും ആ പുരാതന നഗരം ഭൂകമ്പങ്ങൾക്കും അഗ്നിക്കും ഇരയാകുകയും കടലിനടിയിലാകുകയും ചെയ്തതിനാൽ മിക്കവാറും പൂർണമായി നശിച്ചു.
സഹസ്രാബ്ദത്തിന്റെ ആരംഭം എപ്പോൾ?
1999 ഡിസംബർ 31 അർധരാത്രി ഗോളത്തിനു ചുറ്റും അനേകം ആളുകൾ പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭം ആഘോഷിക്കും. ധാരാളിത്തം തുളുമ്പുന്ന പാർട്ടികൾക്കുവേണ്ടിയുള്ള ആസൂത്രണങ്ങൾ ഇപ്പോഴേ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള റോയൽ ഗ്രീനിച്ച് ഒബ്സർവേറ്ററി ഇറക്കിയ ഒരു പ്രസ്താവന പറയുന്ന പ്രകാരം “ഇത്തരം പൂർണ സംഖ്യയുള്ള ഒരു വർഷം” ആഘോഷിക്കുന്നതു “സ്വാഭാവിക”മാണെങ്കിലും, “കൃത്യമായി പറഞ്ഞാൽ, നാം ആഘോഷിക്കുന്നത് 2,000-ാം വർഷമായിരിക്കും, അതായത് സഹസ്രാബ്ദത്തിന്റെ അവസാനത്തെ വർഷം. അല്ലാതെ ഒരു പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭമായിരിക്കുകയില്ല.” ഏഴാം നൂറ്റാണ്ടിലെ ചരിത്രകാരനും ദൈവശാസ്ത്രജ്ഞനുമായ ബേദ് നിർണയിച്ച പൊ.യു.മു.-ൽ നിന്ന് പൊ.യു.-ത്തിലേക്കുള്ള മാറ്റത്തിലാണ് കുഴപ്പം സംഭവിച്ചിരിക്കുന്നത്. യേശുവിന്റെ ജനനസമയത്തെ അടിസ്ഥാനപ്പെടുത്തി സംഭവങ്ങളുടെ തീയതി നിശ്ചയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പൂജ്യം വർഷം ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ പൊ.യു.മു. 1-ാം ആണ്ടിന്റെ ആദ്യ ദിവസവും പൊ.യു. 1-ാം ആണ്ടിന്റെ ആദ്യ ദിവസവും തമ്മിൽ ഒരു വർഷത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. തത്ഫലമായി, ആദ്യത്തെ സഹസ്രാബ്ദം പൊ.യു. 1-ാം ആണ്ടിന്റെ ആദ്യ ദിവസം ആരംഭിക്കുകയും പൊ.യു. 1000-ത്തിന്റെ അവസാന ദിവസം അവസാനിക്കുകയും ചെയ്തു. അപ്പോൾ, രണ്ടാം സഹസ്രാബ്ദം 1001 ജനുവരി 1-ന് ആരംഭിച്ചു. “അങ്ങനെ, പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭം 2001 ജനുവരി 1-നായിരിക്കും എന്നതു വ്യക്തമാണ്” എന്നു ഗവേഷകർ പറഞ്ഞു. സംഗതി എന്തുതന്നെയാണെങ്കിലും, ആഘോഷങ്ങൾ ഗ്രിഗോറിയൻ കലണ്ടറിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നടത്താൻ പോകുന്നത്. അല്ലാതെ യഥാർഥത്തിൽ യേശു ജനിച്ച വർഷത്തെ അടിസ്ഥാനപ്പെടുത്തിയല്ല. യേശുവിന്റെ ജനനം കുറേക്കൂടി മുമ്പായിരുന്നു എന്ന് ഇപ്പോൾ അറിയാൻ സാധിച്ചിട്ടുണ്ട്.
അസൂയ ജനിപ്പിക്കാത്ത റെക്കോർഡ്
ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്ന പ്രകാരം “ലോകത്തിലെ ഏതൊരു വികസിത രാജ്യത്തെക്കാളും ഏറ്റവും ഉയർന്ന നിരക്കിൽ ലൈംഗികമായി പകരുന്ന രോഗങ്ങളുള്ളതും അത്തരം പകർച്ചവ്യാധികളോടു പൊരുതാൻ ദേശീയ തലത്തിൽ ഫലപ്രദമായ യാതൊരു സംവിധാനവുമില്ലാത്തതും ഐക്യനാടുകളിലാണ് എന്ന് ആരോഗ്യ വിദഗ്ധരുടെ ഒരു സമിതി അഭിപ്രായപ്പെടുന്നു.” ദേശീയ ശാസ്ത്ര അക്കാദമിയുടെ ഒരു ഉപവിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിലെ ഒരു കമ്മിറ്റി പറഞ്ഞതനുസരിച്ച്, അമേരിക്കക്കാർ വഹിക്കുന്ന നിരവധി ലൈംഗിക രോഗങ്ങളും തടയാവുന്നതായിരുന്നിട്ടുകൂടി അവ ഇപ്പോഴും അർബുദംപോലുള്ള അനേകം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവർഷം ആയിരക്കണക്കിനു മരണങ്ങൾക്കും ഇടയാക്കുന്നു. 18 മാസം നീണ്ടുനിന്ന ഒരു പഠനത്തിനുശേഷം ആ 16-അംഗ സമിതി, ചികിത്സയ്ക്കും മറ്റു ചെലവുകൾക്കും വേണ്ടി ചെലവഴിക്കുന്ന ഓരോ 43 ഡോളറിനും ഒരു ഡോളർ വീതം മാത്രമേ രോഗങ്ങൾ തടയാൻ വേണ്ടി ചെലവഴിക്കുന്നുള്ളൂ എന്നു കണ്ടെത്തി. ഓരോ വർഷവും പുതുതായി രോഗബാധിതരാകുന്നു എന്നു കണക്കാക്കപ്പെട്ടിരിക്കുന്ന ഒരു കോടി ഇരുപതു ലക്ഷത്തിൽ കാൽഭാഗവും കൗമാരപ്രായക്കാരാണ്. ചികിത്സിക്കാതെ വിടുമ്പോൾ, ഈ രോഗങ്ങൾ—ഹെർപ്പിസ്, ഹെപ്പറ്റൈറ്റിസ് ബി, ക്ലാമിഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു—പ്രത്യുത്പാദനശേഷി നഷ്ടപ്പെടൽ, ജനന വൈകല്യങ്ങൾ, ഗർഭമലസലുകൾ, കാൻസർ തുടങ്ങി മരണത്തിനുപോലും കാരണമാകുന്നു. ലൈംഗികമായി പകരുന്ന എയ്ഡ്സിനു കാരണമായ എച്ച്ഐവി-യെ ഉൾപ്പെടുത്താതെതന്നെ ഈ രോഗങ്ങൾക്കായി രാജ്യത്തിനു പ്രതിവർഷം 1,000 കോടി ഡോളർ ചെലവഴിക്കേണ്ടി വരുന്നു.
മാലിന്യങ്ങളില്ലാത്ത അൻറാർട്ടിക്ക അന്വേഷിച്ച്
വേനൽക്കാലങ്ങളിൽപ്പോലും -10 ഡിഗ്രി സെൽഷ്യസ് ഊഷ്മാവു മാത്രമുള്ള അൻറാർട്ടിക്കയിലേക്കുള്ള സന്ദർശകരുടെ എണ്ണം കഴിഞ്ഞ പത്തു വർഷംകൊണ്ട് ഇരട്ടിച്ചിരിക്കുന്നു. പെൻഗ്വിനുകളും സീലുകളും ഒരു കോടി മുപ്പതു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന മഞ്ഞുറഞ്ഞ ഭൂപ്രദേശം കാഴ്ചവെക്കുന്ന അത്ഭുതങ്ങളുമുള്ള ഈ തെക്കേയറ്റത്തെ ഭൂഖണ്ഡത്തിൽ അവധിക്കാലം ചെലവഴിക്കുന്നതിനുവേണ്ടി 9,000 ഡോളർവരെ ചെലവു വരുന്ന യാത്രയ്ക്കായി പതിനായിരം പേർ മുൻകൂട്ടി ബുക്കുചെയ്തിരിക്കുന്നു. പക്ഷേ ഈ സാഹസിക യാത്രക്കാർ അധികം താമസിയാതെതന്നെ അവിടെ ജോലിചെയ്ത രാഷ്ട്രങ്ങൾ ഉപേക്ഷിച്ചിട്ടിട്ടുപോയ അവശിഷ്ടങ്ങളെക്കുറിച്ചു പരാതി പറയാൻ തുടങ്ങുന്നു—ഉപേക്ഷിക്കപ്പെട്ട കുടിലുകൾ, ഇന്ധന വീപ്പകൾ, ചപ്പുചവറുകൾ തുടങ്ങി ഉപേക്ഷിക്കപ്പെട്ട കമ്പ്യൂട്ടറുകൾപോലും കാണപ്പെടുന്നു എന്ന് ലണ്ടനിലെ ദി ഇൻഡിപ്പെൻറൻറ് റിപ്പോർട്ടു ചെയ്യുന്നു. ഈ പ്രദേശത്തേക്കു യാത്ര ചെയ്യാനുള്ള ഒരു ഗൈഡ് ആദ്യമായി പ്രസിദ്ധീകരിച്ച ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള സ്കോട്ട് പോളാർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ബർണാർഡ് സ്റ്റോൺഹൗസ് ഈ മലിനീകരണക്കാരെപ്പറ്റി ഇങ്ങനെ പറയുന്നു: “അവർക്ക് മുൻകാലങ്ങളിൽ ഈ സ്ഥലം വൃത്തിയാക്കണമെന്ന യാതൊരു ബോധവുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അവർ അതേപ്പറ്റി ബോധ്യപ്പെടുത്തപ്പെടുന്നു. വിനോദ സഞ്ചാരികളും സന്ദർശകരും തങ്ങൾ പണം മുടക്കിയത് ഒരു ചപ്പുചവറു കൂന കാണാനല്ല എന്നു പരാതി പറയുന്നു.”
ഭാഗ്യക്കുറികൾ സഭയെ കടത്തിവെട്ടുന്നു
അമേരിക്കക്കാർ തങ്ങളുടെ സഭകൾക്കു സംഭാവന നൽകുന്നതിനെക്കാളധികം പണം ഭാഗ്യക്കുറികൾക്കുവേണ്ടി ചെലവഴിക്കുന്നു എന്ന് അസ്സോസിയേറ്റഡ് ബാപ്റ്റിസ്റ്റ് പ്രസ്സ് പറയുന്നു. യു.എസ്. സെൻസസ് ബോർഡ് തയ്യാറാക്കിയ ഒരു റിപ്പോർട്ടിലെ സംഖ്യകളും അമേരിക്കയിലെയും കാനഡയിലെയും സഭാ വാർഷിക പുസ്തകത്തിലെ (ഇംഗ്ലീഷ്) സംഖ്യകളും തമ്മിൽ നടത്തിയ ഒരു താരതമ്യപഠനം, 1994-ൽ അമേരിക്കക്കാർ സർക്കാർ ഭാഗ്യക്കുറികൾക്കായി 2,660 കോടി ഡോളർ ചെലവഴിച്ചുവെന്നും, അതേസമയം തങ്ങളുടെ സഭകൾക്ക് സംഭാവനയായി ആകെ 1,960 കോടി ഡോളർ മാത്രമേ നൽകിയുള്ളൂവെന്നും കാണിക്കുന്നുവെന്ന് ക്രിസ്തീയ നൂറ്റാണ്ടിൽ (ഇംഗ്ലീഷ്) വന്ന ഒരു റിപ്പോർട്ടു പറയുന്നു.
കൊതുകുകൾക്കുള്ളതല്ല
വീടിനു വെളിയിൽ തൂക്കിയിടുന്ന, രാത്രികളിൽ കീടങ്ങളെ ആകർഷിക്കുകയും ശബ്ദത്തോടെ അവയെ ഷോക്കേൽപ്പിച്ചു കൊല്ലുകയും ചെയ്യുന്ന പ്രാണിപിടിയൻ വൈദ്യുതി ഉപകരണങ്ങൾ കൊതുകുകളെ കൊല്ലുന്നതിൽ ഫലപ്രദമല്ല. “കൊതുകുകളെ കൊല്ലുന്നതിൽ ഈ ഉപകരണങ്ങൾകൊണ്ടു യാതൊരു ഉപകാരവുമില്ല” എന്ന് ഒരു ഷട്പദവിജ്ഞാന പ്രൊഫസറായ ജോർജ് ബി. ക്രെയ്ഗ്, ജൂണിയർ പറയുന്നു. ഭക്ഷണമന്വേഷിക്കുന്ന ഭൂരിഭാഗം കൊതുകുകളും പ്രകാശത്താൽ ആകർഷിക്കപ്പെടുന്നില്ല. പെൺകൊതുകുകൾ—ഇവയാണ് കുത്തുന്നത്—പ്രാണിപിടിയൻ ഉപകരണങ്ങൾ ഒരിക്കലും പുറപ്പെടുവിക്കുകയില്ലാത്ത അമോണിയ, കാർബൺ ഡൈ ഓക്സൈഡ്, ചൂട് തുടങ്ങിയ ചർമോത്സർഗങ്ങൾക്കുവേണ്ടിയാണ് അന്വേഷിക്കുന്നത്. ഇവയൊന്നും കണ്ടെത്താത്തപ്പോൾ അവ പറന്നകലുന്നു. മാത്രമല്ല, കൊതുകുകളെ പ്രാണിപിടിയൻ ഉപകരണങ്ങൾകൊണ്ടു കൊല്ലാൻ ശ്രമിക്കുന്നത് “ചായക്കരണ്ടികൊണ്ട് കടൽ കോരി വറ്റിക്കാൻ ശ്രമിക്കുന്നതുപോലെയാണ്” എന്നും ഡോ. ക്രെയ്ഗ് പറയുന്നു. ഒരു പെൺകൊതുകിന് ഏതാനും മാസങ്ങൾകൊണ്ട് 60,000 പെൺ പിൻഗാമികളെ ഉത്പാദിപ്പിക്കാൻ സാധിക്കും. മൂന്നു മാസം നീണ്ട ഒരു പഠനം തെളിയിച്ചത്, ഒരു ശരാശരി രാത്രികൊണ്ട് പ്രാണിപിടിയൻ ഉപകരണങ്ങൾ കൊല്ലുന്ന കീടങ്ങളിൽ 3 ശതമാനം മാത്രമേ പെൺകൊതുകുകളുള്ളൂ എന്നാണ്. പ്രാണിപിടിയൻ ഉപകരണങ്ങൾ “വിനോദത്തിനുള്ള വീട്ടുപകരണങ്ങളുടെ വിൽപ്പന വിഭാഗത്തിലാണ് വെക്കാൻ കൊള്ളുന്നത്, അല്ലാതെ പൂന്തോട്ട നിർമാണ-ഉപകരണ വിഭാഗത്തിലല്ല” എന്ന് ക്രെയ്ഗ് പറയുന്നു.