വെല്ലുവിളിയെ നേരിടൽ
ലൈംഗിക ധാർമികതയിന്മേലുള്ള കടന്നാക്രമണം ചെറുപ്രായത്തിൽത്തന്നെ തുടങ്ങുന്നു. ലൈംഗികതയെ വിശേഷവത്കരിക്കുന്ന ടെലിവിഷൻ, പുസ്തകങ്ങൾ, മാസികകൾ, ചലച്ചിത്രങ്ങൾ, സംഗീതം എന്നിവയുടെ ലഭ്യതയാണ് ഇതിനു കാരണം. വൈകാരിക സ്ഥിരതയുടെ അഭാവത്തിൽ, മുതിർന്നവരുടെ ലൈംഗിക പെരുമാറ്റ മാതൃകകൾ സ്വീകരിക്കാൻ യുവജനങ്ങൾ പ്രേരിപ്പിക്കപ്പെടുന്നു. യുവപ്രായത്തിൽത്തന്നെ ഡേറ്റിങ് നടത്താൻ അനുവദിച്ചുകൊണ്ട് ചില മാതാപിതാക്കൾ ലൈംഗിക സമ്മർദം വർധിപ്പിക്കുകപോലും ചെയ്യുന്നു. ഡേറ്റിങ്ങിലേർപ്പെടാനുള്ള സമ്മർദം സമപ്രായക്കാരിൽനിന്ന് ഉണ്ടാകുന്നു. സ്ഥിരമായി ഒരു കാമുകനോ കാമുകിയോ ഉള്ള യുവജനങ്ങളിൽ പലരും താമസിയാതെ ജാഗ്രത കൈവെടിഞ്ഞ് ലൈംഗികബന്ധത്തിലേർപ്പെടുന്നു. “മാതാപിതാക്കൾ തന്നെ സ്നേഹിക്കുന്നില്ലെന്നു തോന്നുന്ന ഒരു കൗമാരപ്രായക്കാരി . . . സ്നേഹവും അടുപ്പവും കൈവരുത്തുമെന്ന തെറ്റായ ധാരണയുടെ പുറത്ത് തന്റെ കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് . . . എത്ര സർവസാധാരണമായ സംഗതിയാണ്,” കുടുംബങ്ങളെക്കുറിച്ചു പഠിക്കുന്ന ഒരു പ്രൊഫസറായ ലൂതർ ബേക്കർ നിരീക്ഷിച്ചു.
യുവജനങ്ങൾ തങ്ങളുടെ കൗമാരദശ ജീവിതത്തിന്റെ തയ്യാറെടുപ്പിനുള്ള ഒരു കാലമായി വിനിയോഗിക്കേണ്ടതിനുപകരം ജീവിതാസ്വാദനത്തിൽ മുഴുകേണ്ട ഒരു ഘട്ടമായി വിനിയോഗിക്കുന്നു. കൗമാരദശയിൽ, “തങ്ങളുടെ പുതിയ പ്രാപ്തിയിൽ ഊറ്റംകൊണ്ട്, ലൈംഗിക ശൗര്യമാണ് പുരുഷത്വത്തിന്റെ ലക്ഷണമെന്ന് സമപ്രായക്കാരിൽനിന്നു ബോധ്യംവന്ന്, പല യുവാക്കളും ലൈംഗിക ആഭാസന്മാരായിത്തീരുന്നു” എന്ന് പ്രൊഫസർ ബേക്കർ പറഞ്ഞു. യുവജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഏതാണ്ട് 30 വർഷം മുമ്പ്, ഈ ചതിയെക്കുറിച്ച് ചരിത്രകാരനായ അർനൾഡ് ടോയൻബി വിലപിക്കുകയുണ്ടായി. കാരണം, ആധുനിക പാശ്ചാത്യലോകത്തിന്റെ ബുദ്ധിശക്തി ഭാഗികമായി അറിവു സമ്പാദിക്കാൻ സാധിക്കത്തക്കവിധം ‘ലൈംഗിക ശേഷി’ കുറെക്കാലത്തേക്കു മാറ്റിവെക്കാനുള്ള കൗമാരപ്രായക്കാരുടെ കഴിവിന്റെ ഫലമാണെന്ന് ചരിത്രം കാണിച്ചിട്ടുള്ളതായി അദ്ദേഹം വിശ്വസിക്കുന്നു.
ക്രിയാത്മക സ്വാധീനം ചെലുത്തുന്ന മാതാപിതാക്കൾ
കൗമാരപ്രായക്കാരെ വിനോദത്തിനായി ഡേറ്റിങ്ങിലേർപ്പെടാൻ അനുവദിക്കാതിരിക്കുകവഴി മാതാപിതാക്കൾ മക്കളുടെ ഭാവി ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി യഥാർഥ കരുതൽ പ്രകടമാക്കുകയാണു ചെയ്യുന്നത്. ഉന്നത ധാർമിക നിലവാരങ്ങൾ പുലർത്തിക്കൊണ്ടും നല്ല ആശയവിനിയമം നിലനിർത്തിക്കൊണ്ടും അവർക്കു മക്കളുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയും. “ഈ സ്വാധീനം, ചെറുപ്രായത്തിലേ ലൈംഗികബന്ധത്തിലേർപ്പെടുന്നതിൽനിന്നു കുട്ടികളെ തടയും” എന്ന് യുവജനങ്ങളുടെ ലൈംഗിക സ്വഭാവം സംബന്ധിച്ച ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതായി ജേർണൽ ഓഫ് മാര്യേജ് ആൻഡ് ദ ഫാമിലി പറയുന്നു.
ആത്മശിക്ഷണവും ഉത്തരവാദിത്വവും സംബന്ധിച്ച് കുട്ടികളെ നന്നായി ബോധവാന്മാരാക്കുന്ന മാതാപിതാക്കൾക്ക് ഏറ്റവും നല്ല ഫലങ്ങൾ ലഭിക്കുന്നു. “കൗമാരപ്രായക്കാരും അവരുടെ മാതാപിതാക്കളും ഉത്തരവാദിത്വത്തിന് ഊന്നൽ നൽകുന്ന മൂല്യങ്ങൾ മുറുകെ പിടിക്കുകയാണെങ്കിൽ, കൗമാരപ്രായക്കാർക്കിടയിലെ അവിഹിത ഗർഭധാരണം ഗണ്യമായി കുറയും” എന്ന് ഒരു പഠനം സാക്ഷീകരിക്കുന്നു. ഇതിന്, കുട്ടികളുടെ പ്രവർത്തനങ്ങളിൽ മാതാപിതാക്കൾ ഉചിതമായി ഉൾപ്പെടേണ്ടത്—അവരുടെ ഗൃഹപാഠങ്ങൾ നിരീക്ഷിക്കുകയും അവരെപ്പറ്റിയും സഹചാരികളെപ്പറ്റിയും അറിയുകയും വാസ്തവികമായ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ വെക്കുകയും ആത്മീയ മൂല്യങ്ങളിൽ പങ്കുപറ്റുകയും ചെയ്യേണ്ടത്—ആവശ്യമാണ്. മാതാപിതാക്കളുമായി ഇതുപോലെ അടുത്ത സഹവർത്തിത്വത്തിൽ വളർന്നുവരുന്ന കുട്ടികൾക്കു തങ്ങളെക്കുറിച്ചുതന്നെ മതിപ്പുണ്ടായിരിക്കുമെന്നു മാത്രമല്ല ലൈംഗിക കാര്യങ്ങളെക്കുറിച്ച് അവർ അസ്വസ്ഥരാകുകയുമില്ല.
മാതാപിതാക്കൾക്കും കുട്ടികൾക്കും പറ്റിയ ഏറ്റവും നല്ല ഉപദേശം ബൈബിളിൽ കാണപ്പെടുന്ന ജ്ഞാനമാണ്. തങ്ങളുടെ മക്കൾക്ക് ഉചിതമായ ധാർമിക മൂല്യങ്ങൾ പഠിപ്പിച്ചുകൊടുക്കണമെന്ന് ഇസ്രായേലിലെ മാതാപിതാക്കളോടു കൽപ്പിച്ചിരുന്നു. യഹോവ അവരോട് ഇപ്രകാരം ചോദിച്ചു: “ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളൂ?” കുടുംബത്തിലെ ഊഷ്മളതയുടെയും ഉറ്റബന്ധത്തിന്റെയും പശ്ചാത്തലത്തിൽ അവർ തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടിയിരുന്നത് ഈ ‘നീതിയുള്ള ചട്ടങ്ങൾ’ ആയിരുന്നു. “നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം.” കുട്ടികൾക്ക് ഇപ്രകാരമുള്ള ബുദ്ധ്യുപദേശം നൽകി: ‘നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്.’ മാതാവിന്റെയും പിതാവിന്റെയും അത്തരം ഊഷ്മളമായ, അടുത്ത ആശയവിനിമയവും നിർദേശങ്ങളും, ജീവിതത്തോടും ലൈംഗികതയോടും സന്തുലിതമായ ഒരു മനോഭാവം കുട്ടികളിൽ ഉളവാക്കും. അത്, ഒരു യുവവ്യക്തിയെ ജീവിതത്തിലുടനീളം “കാക്കും.”—ആവർത്തനപുസ്തകം 4:8; 6:7; സദൃശവാക്യങ്ങൾ 6:20, 22.
യുവാക്കളേ, ലൈംഗിക പ്രചോദനങ്ങൾക്കു വശംവദരായിക്കൊണ്ട് എന്തിനു നിങ്ങളുടെ ഭാവി നശിപ്പിക്കണം? കൗമാരം എന്നു പറയുന്നത് ഏഴു വർഷമാണ്. മാനസികവും ശാരീരികവും ആത്മീയവുമായി വളരാനും ജീവിതത്തിന്റെ അടുത്ത 50-ഓ 60-ഓ വർഷത്തേക്കു വേണ്ടിയുള്ള തയ്യാറെടുപ്പെന്ന നിലയിൽ, ലൈംഗികത സംബന്ധിച്ച് സന്തുലിതമായ ഒരു മനോഭാവം വളർത്തിയെടുക്കാനുമാണ് ഈ കാലഘട്ടം വിനിയോഗിക്കേണ്ടത്. മാതാപിതാക്കളേ, നിങ്ങളുടെ ദൈവദത്ത ഉത്തരവാദിത്വം ഗൗരവമായെടുത്ത് ലൈംഗികരോഗങ്ങളും അനാവശ്യ ഗർഭധാരണങ്ങളും നിമിത്തമുണ്ടാകുന്ന മാനസിക തകർച്ചയിൽനിന്നു നിങ്ങളുടെ മക്കളെ സംരക്ഷിക്കുക. (സഭാപ്രസംഗി 11:10) സ്നേഹവും മറ്റുള്ളവരോടുള്ള പരിഗണനയും നിലനിൽക്കുന്ന ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതെങ്ങനെയെന്ന് നിങ്ങളുടെ ദൈനംദിന ജീവിതത്തിൽനിന്നു മക്കൾ കണ്ടുപഠിക്കട്ടെ.
വെല്ലുവിളിയെ വിജയപ്രദമായി നേരിടൽ
ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ വികലമാക്കാനും സംതൃപ്തവും സന്തുഷ്ടവുമായ ഒരു കുടുംബജീവിതം നയിക്കാൻ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന അവസരം പാഴാക്കാനും ഇക്കാലത്തെ ലൈംഗികാസക്തിയെ അനുവദിക്കരുത്. ബൈബിളിൽ നൽകിയിരിക്കുന്ന, മനുഷ്യബന്ധങ്ങളുടെ നിരവധി ദൃഷ്ടാന്തങ്ങളെക്കുറിച്ചു ധ്യാനിക്കുക. കൗമാരപ്രായത്തിനുശേഷവും ജീവിതവും സ്നേഹവും ആവേശം തുടിക്കുന്നതും അർഥവത്തുമായിരിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക. ക്രിസ്തീയ സ്ത്രീപുരുഷന്മാരെ സംബന്ധിച്ച ദൈവേഷ്ടത്തിനു ചേർച്ചയിൽ ഈ യാഥാർഥ്യത്തെ ആലോചനാപൂർവം പരിഗണിക്കുമ്പോഴാണ് പ്രേമബദ്ധരായ രണ്ടാളുകളുടെ നിലനിൽക്കുന്ന ഉറ്റബന്ധത്തിനുവേണ്ട അടിസ്ഥാനമിടപ്പെടുന്നത്.
യാക്കോബും റാഹേലും, ബോവസും രൂത്തും, ഇടയബാലനും ശൂലേമ്യ കന്യകയും പോലുള്ള ബൈബിൾ ജോഡികളെക്കുറിച്ചു പരിചിന്തിക്കുകയാണെങ്കിൽ അവരുടെയൊക്കെ ബന്ധങ്ങളിൽ ലൈംഗികാകർഷണം ഒരു ഘടകമായിരുന്നുവെന്നു നിങ്ങൾ കാണും. എന്നാൽ ഉല്പത്തി 28-ഉം 29-ഉം അധ്യായങ്ങളും രൂത്തിന്റെ പുസ്തകവും ഉത്തമഗീതവും നിങ്ങൾ ശ്രദ്ധാപൂർവം വായിക്കുകയാണെങ്കിൽ അത്തരം ബന്ധങ്ങളെ സമ്പുഷ്ടമാക്കിയ കൂടുതൽ പ്രാധാന്യമുള്ള മറ്റു ഘടകങ്ങൾ ഉണ്ടെന്നു നിങ്ങൾ കണ്ടെത്തും.a
ജീവിതത്തിനുവേണ്ടിയുള്ള യഹോവയുടെ കരുതലുകൾ സ്വീകരിക്കുക
മനുഷ്യവർഗത്തിന്റെ സ്രഷ്ടാവായ യഹോവ മനുഷ്യന്റെ ലൈംഗികതയും ഉൾപ്പെട്ടിരിക്കുന്ന വികാരങ്ങളും മനസ്സിലാക്കുന്നു. “അനുവാദാത്മകതയുടെ ജീനുക”ളോടെയല്ല, മറിച്ച് സ്നേഹപൂർവം, ദൈവേഷ്ടത്തിനു യോജിപ്പിൽ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള പ്രാപ്തിയോടെ തന്റെ പ്രതിച്ഛായയിലാണ് അവൻ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ‘ദൈവത്തിന്റെ ഇഷ്ടമോ നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടും മുമ്പെ പറഞ്ഞതുപോലെ ഈവകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.’—1 തെസ്സലൊനീക്യർ 4:3-6.
ലോകമൊട്ടാകെയുള്ള യഹോവയുടെ സാക്ഷികളാൽ ഇത് പ്രകടമാക്കപ്പെടുന്നു. ക്രിസ്തീയ സ്ത്രീപുരുഷന്മാർക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഉന്നത നിലവാരങ്ങൾ അവർ ആദരിക്കുന്നു. പ്രായമായവരെ അപ്പനെപ്പോലെയും ‘ഇളയവരെ സഹോദരന്മാരെപ്പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും’ കരുതുന്നു. (1 തിമൊഥെയൊസ് 5:1, 2) പൂർണ യൗവ്വനം പ്രാപിക്കവേ, ഡേറ്റിങ്ങിലേർപ്പെടാനും പക്വതയെത്താത്ത പ്രായത്തിൽ വിവാഹിതരാകാനും ഉള്ള സമ്മർദമില്ലാതെ അല്ലെങ്കിൽ ലൈംഗികരോഗങ്ങൾ പിടിപെടുമെന്ന ഭയമില്ലാതെ യുവതീയുവാക്കന്മാർക്കു ജീവിതം ആസ്വദിക്കാൻ പറ്റിയ എത്ര ആരോഗ്യാവഹമായ ഒരന്തരീക്ഷം! ക്രിസ്തീയ സഭയാൽ ശക്തീകരിക്കപ്പെട്ട, ജീവസ്സുറ്റ ക്രിസ്തീയ കുടുംബം ലൈംഗിക ഭ്രാന്തു പിടിപെട്ട ഒരു ലോകത്തിൽനിന്നുള്ള സുരക്ഷിതമായ ഒരഭയകേന്ദ്രമാണ്.
തങ്ങളുടെ ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതുകൊണ്ട് ക്രിസ്തീയ യുവാക്കൾ ലൈംഗികാസക്തിയിൽനിന്നു വിമുക്തരാണ്. ദൈവവചനത്തിൽ നൽകിയിരിക്കുന്ന ഈ ബുദ്ധ്യുപദേശത്തിന് അവർ ചെവികൊടുക്കുന്നു: “യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക. ആകയാൽ നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകററി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ.”—സഭാപ്രസംഗി 11:9, 10.
[അടിക്കുറിപ്പ്]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 247-ാം പേജു കാണുക.
[10-ാം പേജിലെ ആകർഷകവാക്യം]
സംതൃപ്തവും സന്തുഷ്ടവുമായ ഒരു ഭാവിക്കുള്ള അവസരം നശിപ്പിക്കാൻ ലൈംഗികാസക്തിയെ അനുവദിക്കരുത്
[9-ാം പേജിലെ ചിത്രം]
കുടുംബപ്രവർത്തനങ്ങളിൽ മുഴുകുന്ന യുവാക്കൾ ലൈംഗിക അടുപ്പത്തിനുള്ള വഴികൾ തേടുന്നതിനു സാധ്യത കുറവാണ്