ബൈബിളിന്റെ വീക്ഷണം
കോപം നിയന്ത്രിക്കേണ്ടത് എന്തുകൊണ്ട്?
അതൊരു അനിഷ്ടസൂചകമായ തുടക്കമായിരുന്നു. “ഇപ്പോൾ ഞാൻ ഈ ഭവനത്തിന്റെ ശിരസ്സാണ്, ഇനിയിങ്ങനെ താമസിച്ചുവന്നുകൊണ്ട് എന്നെ കഷ്ടപ്പെടുത്താൻ ഞാൻ നിന്നെ അനുവദിക്കുകയില്ല,” ജോൺ തന്റെ നവവധുവായ ജിഞ്ചറിനു നേരെ അലറി.a അയാളുടെ ആക്രോശം 45 മിനിറ്റിലധികം നീണ്ടുനിന്നു. ആ സമയമത്രയും സോഫായിൽനിന്ന് അനങ്ങിപ്പോകരുതെന്ന് അയാൾ അവളോട് ആവശ്യപ്പെട്ടു. ദുഷിച്ച സംസാരം അവരുടെ വിവാഹജീവിതത്തിൽ ഒരു സാധാരണ സംഗതിയായിത്തീർന്നു. സങ്കടകരമെന്നു പറയട്ടെ, ജോണിന്റെ കോപ പ്രകൃതം ഒന്നിനൊന്നു വഷളായി. അയാൾ വാതിലുകൾ വലിച്ചടയ്ക്കുകയും അടുക്കള മേശയിൽ ആഞ്ഞിടിക്കുകയും സ്റ്റിയറിങ്ങിൽ ആഞ്ഞിടിച്ചുകൊണ്ട് നിയന്ത്രണമില്ലാതെ വണ്ടിയോടിക്കുകയും അങ്ങനെ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുമായിരുന്നു.
അത്തരം രംഗങ്ങൾ കൂടെക്കൂടെ അരങ്ങേറുന്നത് സങ്കടകരമായ സംഗതിയാണ്, നിങ്ങൾ അതിനോടു തീർച്ചയായും യോജിക്കും. ആ മനുഷ്യന്റെ കോപം നീതീകരിക്കത്തക്കതായിരുന്നോ, അതോ അയാൾക്കു നിയന്ത്രണം നഷ്ടമായതായിരുന്നോ? എല്ലാത്തരത്തിലുള്ള കോപവും തെറ്റാണോ? എപ്പോഴാണ് കോപം നിയന്ത്രണാതീതമാകുന്നത്? എപ്പോഴാണ് അത് അമിതമാകുന്നത്?
നിയന്ത്രണാധീനമായ കോപം നീതീകരിക്കത്തക്കതാണ്. ഉദാഹരണത്തിന്, പുരാതനകാലത്തെ അധാർമിക നഗരങ്ങളായ സോദോമിനും ഗൊമോറയ്ക്കുമെതിരെ ദൈവകോപം ആളിക്കത്തി. (ഉല്പത്തി 19:24) എന്തുകൊണ്ട്? ആ പ്രദേശത്തുള്ള എല്ലാവർക്കും അറിയാമായിരുന്നതുപോലെ ആ നഗരങ്ങളിലെ നിവാസികൾ അക്രമാസക്തവും വഷളായതുമായ ലൈംഗിക നടപടികളിൽ ഏർപ്പെട്ടിരുന്നുവെന്നതാണു കാരണം. ഉദാഹരണത്തിന്, ദൂത സന്ദേശവാഹകർ നീതിമാനായ ലോത്തിനെ സന്ദർശിച്ചപ്പോൾ യുവാക്കന്മാരും വൃദ്ധന്മാരും അടങ്ങുന്ന ഒരു കൂട്ടമാളുകൾ ലോത്തിന്റെ അതിഥികളെ കൂട്ടബലാൽസംഗം ചെയ്യാൻ ശ്രമിച്ചു. യഹോവയാം ദൈവം ന്യായമായും അവരുടെ കടുത്ത ദുർമാർഗത്തിൽ കുപിതനായി.—ഉല്പത്തി 18:20; 19:4, 5, 9.
തന്റെ പിതാവിനെപ്പോലെ, പൂർണമനുഷ്യനായ യേശുക്രിസ്തുവിനും കോപം പ്രകടിപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. യെരൂശലേം ദേവാലയം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനുവേണ്ടിയുള്ള ആരാധനാകേന്ദ്രമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടതായിരുന്നു. അത് ഒരു “പ്രാർത്ഥനാലയം” ആയിരിക്കേണ്ടിയിരുന്നു, ആളുകൾക്കു വ്യക്തിപരമായ യാഗങ്ങളും വഴിപാടുകളും ദൈവത്തിന് അർപ്പിക്കുന്നതിനും അവന്റെ വഴികളെക്കുറിച്ചു പഠിക്കുന്നതിനും പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിനും ഉള്ള ഒരു സ്ഥലം തന്നെ. ആലങ്കാരികമായി പറഞ്ഞാൽ, ആലയത്തിൽവെച്ച് അവർക്ക് യഹോവയുമായി സംഭാഷിക്കാൻ കഴിഞ്ഞു. എന്നാൽ യേശുവിന്റെ നാളിലെ മതനേതാക്കൻമാർ ആലയത്തെ “വാണിഭശാല”യും “കള്ളന്മാരുടെ ഗുഹ”യും ആക്കി മാറ്റി. (മത്തായി 21:12, 13; യോഹന്നാൻ 2:14-17) യാഗങ്ങൾക്കുവേണ്ടിയുള്ള മൃഗങ്ങളെ വിറ്റ് അവർ വ്യക്തിപരമായി ലാഭം കൊയ്തു. വാസ്തവത്തിൽ, അവർ ആളുകളുടെ പണം പിടുങ്ങുകയായിരുന്നു. അതുകൊണ്ട്, തന്റെ പിതാവിന്റെ ആലയത്തിൽനിന്ന് ആ കൊള്ളക്കാരെ അടിച്ചോടിച്ചപ്പോഴത്തെ ദൈവപുത്രന്റെ പ്രവൃത്തി ശരിക്കും നീതീകരിക്കത്തക്കതായിരുന്നു. യേശു കുപിതനായിരുന്നുവെന്നു മനസ്സിലാക്കാൻ കഴിയും!
അപൂർണ മനുഷ്യർ കോപിക്കുമ്പോൾ
അപൂർണ മനുഷ്യർക്കും ചിലപ്പോൾ ഉചിതമായി കോപം വന്നേക്കാം. മോശയ്ക്കെന്താണു സംഭവിച്ചതെന്നു ശ്രദ്ധിക്കുക. ഇസ്രായേൽ ജനത ഈജിപ്തിൽനിന്ന് അത്ഭുതകരമായി വിടുവിക്കപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. പത്തു ബാധകളാൽ ഈജിപ്തുകാരെ ദണ്ഡിപ്പിച്ചുകൊണ്ട് യഹോവ ഈജിപ്തിലെ വ്യാജദൈവങ്ങളെക്കാൾ താൻ ശക്തിയുള്ളവനാണെന്നു നാടകീയമായി തെളിയിച്ചിരുന്നു. പിന്നെ അവൻ ചെങ്കടലിനെ വിഭാഗിച്ചുകൊണ്ട് യഹൂദർക്കു രക്ഷപ്പെടാനുള്ള മാർഗം തുറന്നുകൊടുത്തു. തുടർന്ന് അവരെ സീനായി പർവതത്തിന്റെ അടിവാരത്തിലേക്കു നയിക്കുകയും അവിടെവെച്ച് അവരെ ഒരു ജനതയായി സംഘടിപ്പിക്കുകയും ചെയ്തു. മധ്യസ്ഥനെന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ട്, മോശ ദൈവനിയമങ്ങൾ സ്വീകരിക്കാനായി പർവതത്തിന്റെ മുകളിലേക്കു കയറിപ്പോയി. മറ്റെല്ലാ നിയമങ്ങളുടെയും കൂട്ടത്തിൽ യഹോവ മോശയ്ക്ക് പത്തു കൽപ്പനകൾ കൊടുത്തു. അവ ദൈവംതന്നെ പർവതത്തിൽനിന്നു കൊത്തിയുണ്ടാക്കിയ കൽപ്പലകകളിൽ “ദൈവത്തിന്റെ വിരൽ”കൊണ്ട് എഴുതപ്പെട്ടവയായിരുന്നു. എന്നാൽ മോശ പർവതത്തിൽനിന്ന് ഇറങ്ങിവന്നപ്പോൾ അവൻ എന്താണു കണ്ടത്? ആളുകൾ ഒരു സ്വർണ കാളക്കുട്ടിയുടെ പ്രതിമയെ ആരാധിക്കുന്നതിലേക്കു തിരിഞ്ഞിരുന്നു! അവർ എത്രപെട്ടെന്നു മറന്നുകളഞ്ഞു! വെറും ആഴ്ചകളേ കടന്നുപോയിരുന്നുള്ളൂ. ഉചിതമായും, “മോശെയുടെ കോപം ജ്വലിച്ചു.” അവൻ കൽപ്പലകകൾ തകർത്തുകളയുകയും കാളക്കുട്ടിയുടെ പ്രതിമയെ നിലംപരിചാക്കുകയും ചെയ്തു.—പുറപ്പാടു 31:18; 32:16, 19, 20.
മറ്റൊരവസരത്തിൽ, വെള്ളമില്ലെന്ന് ആളുകൾ പരാതിപ്പെട്ടപ്പോൾ മോശ പ്രകോപിതനായി. പ്രകോപിതനായപ്പോൾ, സൗമ്യതയ്ക്ക് അഥവാ ശാന്തപ്രകൃതിക്ക് പേരുകേട്ട അദ്ദേഹത്തിന് അതു നിമിഷനേരത്തേക്കു നഷ്ടമായി. ഇത് ഒരു ഗുരുതരമായ തെറ്റിലേക്കു നയിച്ചു. ഇസ്രായേലിന്റെ ദാതാവെന്ന നിലയിൽ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിനു പകരം മോശ ആളുകളോടു പരുഷമായി സംസാരിക്കുകയും തന്നിലേക്കും തന്റെ സഹോദരനായ അഹരോനിലേക്കും ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. അതുകൊണ്ട് മോശയ്ക്കു ശിക്ഷണം കൊടുക്കുന്നത് ഉചിതമാണെന്നു ദൈവം കണ്ടു. വാഗ്ദത്ത ദേശത്തു പ്രവേശിക്കാൻ അവനെ അനുവദിക്കുമായിരുന്നില്ല. മെരീബായിലെ ഈ സംഭവത്തിനുശേഷം മോശ കോപിച്ചതായുള്ള കൂടുതലായ പരാമർശമൊന്നും ഇല്ല. പ്രത്യക്ഷത്തിൽ, അവൻ ഒരു പാഠം പഠിച്ചു.—സംഖ്യാപുസ്തകം 20:1-12; ആവർത്തനപുസ്തകം 34:4; സങ്കീർത്തനം 106:32, 33.
അങ്ങനെ, ദൈവവും മനുഷ്യനും തമ്മിൽ വ്യത്യാസമുണ്ട്. യഹോവയ്ക്ക് “കോപത്തെ താമസിപ്പി”ക്കാൻ കഴിയും. കോപത്തിനു പകരം സ്നേഹം അവന്റെ പ്രമുഖ ഗുണമായിരിക്കുന്നതുകൊണ്ട് “കോപത്തിന് താമസമുള്ളവനാ”യി അവൻ ഉചിതമായി വർണിക്കപ്പെട്ടിരിക്കുന്നു. അവന്റെ കോപം എല്ലായ്പോഴും നീതിനിഷ്ഠവും ന്യായമായ കാരണമുള്ളതും നിയന്ത്രണാധീനവുമാണ്. (യെശയ്യാവു 48:9; പുറപ്പാടു 34:6, NW; 1 യോഹന്നാൻ 4:8) പൂർണമനുഷ്യനായ യേശുക്രിസ്തുവിന് തന്റെ കോപപ്രകടനത്തെ എല്ലായ്പോഴും നിയന്ത്രിക്കാൻ കഴിഞ്ഞു; അവൻ “സൌമ്യത”യുള്ളവനായി വർണിക്കപ്പെട്ടു. (മത്തായി 11:29) നേരേമറിച്ച്, അപൂർണ മനുഷ്യർക്ക്, മോശയെപ്പോലുള്ള വിശ്വാസികളായ പുരുഷൻമാർക്കുപോലും, തങ്ങളുടെ കോപം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടായിരുന്നിട്ടുണ്ട്.
മാത്രമല്ല, മനുഷ്യർ പൊതുവേ അനന്തരഫലങ്ങളെക്കുറിച്ചു വേണ്ടത്ര ചിന്തിക്കുന്നില്ല. ഒരുവനു കോപത്തിൻമേൽ നിയന്ത്രണം നഷ്ടപ്പെടുന്നത് ഭവിഷ്യത്തുകൾക്കിടയാക്കും. ദൃഷ്ടാന്തത്തിന്, ഒരു ഭർത്താവ് തന്റെ ഭാര്യയുടെ നേരേ കുപിതനായിക്കൊണ്ട് ഭിത്തി തകരുമാറ് മുഷ്ടിചുരുട്ടി ഇടിക്കുന്നെങ്കിൽ പ്രകടമായ എന്തു ഭവിഷ്യത്തുകളാണ് ഉണ്ടാകുക? വസ്തുവകകൾക്കു നാശമുണ്ടാകുന്നു. അയാളുടെ കൈക്ക് പരിക്കേറ്റേക്കാം. എന്നാൽ അതിലുപരി, അയാളുടെ ക്രോധാവേശം, ഭാര്യയ്ക്ക് അയാളോടുള്ള സ്നേഹത്തിൻമേലും ആദരവിൻമേലും എന്തു ഫലമുളവാക്കുന്നു? ഭിത്തിയുടെ കേടുപാടുകൾ ഏതാനും ദിവസങ്ങൾകൊണ്ട് തീർക്കാൻ കഴിഞ്ഞേക്കാം, ഏതാനും ആഴ്ചകൾകൊണ്ട് അയാളുടെ കയ്യും ശരിയായേക്കാം; എന്നാൽ ഭാര്യയുടെ വിശ്വാസവും ആദരവും വീണ്ടെടുക്കാൻ അയാൾക്ക് എത്രനാൾ വേണ്ടിവരും?
വാസ്തവത്തിൽ, കോപത്തെ നിയന്ത്രിക്കാൻ പരാജയപ്പെടുകയും ഭവിഷ്യത്തുകൾ അനുഭവിക്കുകയും ചെയ്ത ആളുകളുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുടനീളം കാണാം. ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക. കയീൻ തന്റെ സഹോദരനായ ഹാബെലിനെ കൊന്നപ്പോൾ നാടുകടത്തപ്പെട്ടു. ശേഖേമിലെ ആളുകളെ കൊന്നതിന് ശിമയോനും ലേവിയും അവരുടെ പിതാവിനാൽ ശപിക്കപ്പെട്ടു. തന്നെ ഗുണദോഷിക്കാൻ ശ്രമിച്ച പുരോഹിതൻമാരോട് ഉസ്സിയാവ് ക്രുദ്ധിച്ചപ്പോൾ അവനു കുഷ്ഠം ബാധിക്കുന്നതിന് യഹോവ ഇടയാക്കി. യോനായ്ക്കു “കോപം വന്ന”പ്പോൾ യഹോവ അവനെ ശാസിച്ചു. അവർക്കെല്ലാം തങ്ങളുടെ കോപത്തിനു കണക്കുബോധിപ്പിക്കേണ്ടിവന്നു.—ഉല്പത്തി 4:5, 8-16; 34:25-30; 49:5-7; 2 ദിനവൃത്താന്തം 26:19; യോനാ 4:1-11.
ക്രിസ്ത്യാനികൾ കണക്കുബോധിപ്പിക്കേണ്ടവരാണ്
സമാനമായി, ഇന്നത്തെ ക്രിസ്ത്യാനികളും തങ്ങളുടെ പ്രവൃത്തികൾക്ക് ദൈവത്തോടും ഒരളവുവരെ തങ്ങളുടെ സഹവിശ്വാസികളോടും കണക്കുബോധിപ്പിക്കേണ്ടതുണ്ട്. കോപത്തെ സൂചിപ്പിക്കുന്ന ഗ്രീക്കു പദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന വിധത്തിൽനിന്ന് ഇതു വ്യക്തമാണ്. ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന രണ്ടു പദങ്ങളിൽ ഒന്നാണ് ഓർജി. അത് സാധാരണമായി “ക്രോധം” എന്നു പരിഭാഷപ്പെടുത്തപ്പെടുന്നു. അതിൽ ഒരളവുവരെ അവബോധവും മനഃപൂർവമുള്ള പ്രവൃത്തിയും പോലും ഉൾപ്പെടുന്നു, അതിൽ പലപ്പോഴും പ്രതികാരേച്ഛ ഉൾപ്പെടുന്നു. അതുകൊണ്ട്, പൗലൊസ് റോമിലെ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു [‘ക്രോധം,’ (ഓർജി), NW] ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു.” തങ്ങളുടെ സഹോദരൻമാരോടു ദ്രോഹബുദ്ധി വെച്ചുപുലർത്തുന്നതിനു പകരം “നന്മയാൽ തിന്മയെ ജയി”ക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടു.—റോമർ 12:19, 21.
കൂടെക്കൂടെ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പദം തൈമൊസ് ആണ്. മൂല പദം “യഥാർഥത്തിൽ വായു, വെള്ളം, നിലം, ജന്തുക്കൾ, മനുഷ്യർ എന്നിവയുടെ ഉഗ്രമായ ചലനത്തെ സൂചിപ്പിക്കുന്നു.” അതുകൊണ്ട്, ഈ പദം “ശത്രുതാ മനോഭാവത്തിന്റെ ഉഗ്രമായ സ്ഫോടനം” എന്നോ “കോപത്തിന്റെ ആളിക്കത്തൽ” എന്നോ “മനസ്സിന്റെ താളംതെറ്റിക്കുകയും വീട്ടിലും പുറത്തും ഒച്ചപ്പാടിനും അസ്വസ്ഥതകൾക്കും ഇടയാക്കുകയും ചെയ്യുന്ന പ്രക്ഷുബ്ധ വികാരങ്ങൾ” എന്നോ വ്യത്യസ്ത വിധത്തിൽ വർണിക്കപ്പെട്ടിരിക്കുന്നു. ആളുകളെ പരിക്കേൽപ്പിക്കുകയും അംഗഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്ന ചൂടു ചാരവും പാറകളും ലാവയും തുപ്പിക്കൊണ്ട് യാതൊരു മുന്നറിയിപ്പുംകൂടാതെ പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപർവതം പോലെയാണ് കോപത്തെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു പുരുഷൻ അല്ലെങ്കിൽ സ്ത്രീ. ഗലാത്യർ 5:20-ൽ [NW] തൈമൊസിന്റെ ബഹുവചനരൂപം കാണാം. അവിടെ പൗലൊസ് “ജഡത്തിന്റെ” മറ്റു “പ്രവൃത്തിക”ളായ (19-ാം വാക്യം, NW) പരസംഗം, അഴിഞ്ഞ നടത്ത, കുടിച്ചുകൂത്താട്ടം എന്നിവയോടൊപ്പം “കോപാവേശപ്രകടനങ്ങ”ളെ പട്ടികപ്പെടുത്തുന്നു. തീർച്ചയായും, തുടക്കത്തിൽ വർണിച്ച ജോണിന്റെ പെരുമാറ്റം “കോപാവേശപ്രകടനങ്ങ”ളെ നന്നായി ചിത്രീകരിക്കുന്നു.
അതുകൊണ്ട്, ആവർത്തിച്ച് ഒരാളെ ആക്രമിക്കുകയോ അയാളുടെ വസ്തുവകകൾക്കു നാശനഷ്ടം വരുത്തുകയോ ചെയ്യുന്ന സഭാംഗങ്ങളോടുള്ള ക്രിസ്തീയ സഭയുടെ വീക്ഷണം എന്തായിരിക്കണം? അനിയന്ത്രിത കോപം വിനാശകമാണ്, അത് അനായാസം അക്രമത്തിലേക്കു നയിക്കുന്നു. അപ്പോൾ യേശു പിൻവരുന്നപ്രകാരം പറഞ്ഞത് നല്ല കാരണത്തോടെയാണ്: “ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ [“കോപിച്ചുകൊണ്ടിരിക്കുന്നവൻ,” NW] എല്ലാം ന്യായവിധിക്കു യോഗ്യനാകും.” (മത്തായി 5:21, 22) ഭർത്താക്കൻമാരെ ഇങ്ങനെ ഉപദേശിക്കുന്നു: “നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരു[ത്].” “കോപി”യായ ഒരാൾ സഭയിൽ ഒരു മേൽവിചാരകൻ എന്ന നിലയിൽ യോഗ്യത പ്രാപിക്കുന്നില്ല. അതുകൊണ്ട് കോപത്തെ നിയന്ത്രിക്കാൻ കഴിയാത്ത വ്യക്തികളെ സഭയിൽ മാതൃകകളായി കണക്കാക്കാൻ പാടില്ല. (കൊലൊസ്സ്യർ 3:19; തീത്തൊസ് 1:7; 1 തിമൊഥെയൊസ് 2:8) വാസ്തവത്തിൽ അനിയന്ത്രിത കോപാവേശപ്രകടനങ്ങൾക്കു വശംവദനാകുന്ന ഒരു വ്യക്തിയെ, അയാളുടെ മനോഭാവം, പെരുമാറ്റ മാതൃക, മറ്റുള്ളവരുടെ ജീവിതത്തിൽ ഏൽപ്പിക്കപ്പെടുന്ന ക്ഷതത്തിന്റെ ഗൗരവാവസ്ഥ ഇവയെല്ലാം കണക്കിലെടുത്തശേഷം സഭയിൽനിന്നു പുറത്താക്കാൻ കഴിയും—തീർച്ചയായും ഒരു ദാരുണഫലം തന്നെ.
നേരത്തേ പരാമർശിച്ച ജോൺ എന്നെങ്കിലും തന്റെ വികാരങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവന്നോ? വിപത്തിലേക്ക് ശീഘ്രഗതിയിലുള്ള കൂപ്പുകുത്തലിനെ അദ്ദേഹത്തിന് എന്നെങ്കിലും തടയാൻ കഴിഞ്ഞോ? ദുഃഖകരമെന്നു പറയട്ടെ, ആക്രോശം ഉന്തിലും തള്ളിലും കലാശിച്ചു. വിരൽചൂണ്ടൽ വിരലുകൊണ്ട് അക്ഷരാർഥത്തിൽ വേദനാകരമായി ദേഹോപദ്രവം ഏൽപ്പിക്കുന്നതിലേക്കു നയിച്ചു. എളുപ്പത്തിൽ മറ്റുള്ളവരുടെ ദൃഷ്ടിയിൽപ്പെടുന്ന ശരീരഭാഗങ്ങളിൽ പരിക്കേൽപ്പിക്കാതിരിക്കാൻ ജോൺ ശ്രദ്ധയുള്ളവനായിരിക്കുകയും തന്റെ പെരുമാറ്റം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു. എങ്കിലും, ഒടുവിൽ അയാൾ ഭാര്യയെ തൊഴിക്കാനും മുഷ്ടിചുരുട്ടി പ്രഹരിക്കാനും അവളുടെ മുടിക്കുത്തിനു പിടിക്കാനും അതിലും വഷളായ കാര്യങ്ങൾ ചെയ്യാനും തുടങ്ങി. ജിഞ്ചർ ഇപ്പോൾ ജോണിൽനിന്നു വേർപിരിഞ്ഞു.
ഇതു സംഭവിക്കേണ്ടിയിരുന്നില്ല. സമാന സാഹചര്യങ്ങളിലുള്ള അനേകർക്കും തങ്ങളുടെ കോപത്തെ വരുതിയിൽ നിർത്താൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് യേശുക്രിസ്തുവിന്റെ പൂർണ മാതൃക അനുകരിക്കുന്നത് എത്ര മർമപ്രധാനമാണ്. അവൻ ഒരിക്കൽപോലും അനിയന്ത്രിത കോപാവേശം കാണിച്ചിട്ടില്ല. അവന്റെ കോപം എല്ലായ്പോഴും നീതിനിഷ്ഠമായിരുന്നു; അവന് ഒരിക്കലും നിയന്ത്രണം നഷ്ടമായില്ല. ജ്ഞാനപൂർവകമായി പൗലൊസ് നമ്മെയെല്ലാം ഇങ്ങനെ ഉപദേശിച്ചു: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.” (എഫെസ്യർ 4:26) മനുഷ്യർ എന്ന നിലയിൽ നമുക്കു പരിമിതികളുണ്ടെന്നും വിതയ്ക്കുന്നതുതന്നെ നാം കൊയ്യുമെന്നും ഉള്ള വിനീതമായ തിരിച്ചറിവ് കോപത്തിനു കടിഞ്ഞാണിടാനുള്ള നല്ല കാരണം നമുക്കു പ്രദാനം ചെയ്യുന്നു.
[അടിക്കുറിപ്പ്]
a പേരുകൾ മാറ്റിയിട്ടുണ്ട്.
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Saul Attempts the Life of David/The Doré Bible Illustrations/Dover Publications, Inc.