ഞങ്ങളുടെ വായനക്കാരിൽ നിന്ന്
റേഡിയോ “റേഡിയോ—ലോകത്തെ മാറ്റിമറിച്ച ഒരു കണ്ടുപിടിത്തം” (ഒക്ടോബർ 8, 1996) എന്ന ഉത്കൃഷ്ട ലേഖനത്തിനു വളരെയേറെ നന്ദി. എനിക്കു 18 വയസ്സുണ്ട്. റേഡിയോ കേൾക്കുന്നത് എനിക്കു വളരെ ഇഷ്ടമാണ്. റേഡിയോയുടെ വികാസത്തെക്കുറിച്ചുള്ള ചർച്ച വളരെ രസാവഹമായി എനിക്കു തോന്നി. മുൻകാലങ്ങളിൽ യഹോവയുടെ സാക്ഷികൾ രാജ്യസുവാർത്ത പ്രചരിപ്പിക്കുന്നതിൽ റേഡിയോ ഉപയോഗിച്ചിരുന്നുവെന്ന അറിവ് പ്രത്യേകിച്ചും രസാവഹമായിരുന്നു.
എഫ്. ബി., ഇറ്റലി
ചിത്രശലഭങ്ങൾ ഒരു കൃഷിയിടത്തിൽ ഒറ്റയ്ക്കു പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന അവസരത്തിൽ ഞാൻ “ദുർബലനെങ്കിലും ധീരനായ യാത്രക്കാരൻ” (ഒക്ടോബർ 8, 1996) എന്ന ലേഖനം വിശേഷവത്കരിക്കാൻ തീരുമാനിച്ചു. ഞാൻ ഒരു കൃഷിക്കാരനെ കണ്ടുമുട്ടി. ഒരു ആജാനുബാഹു. സാധാരണഗതിയിൽ ചിത്രശലഭങ്ങളെക്കുറിച്ചു സംസാരിക്കാൻ എനിക്കു ധൈര്യം തോന്നുകയില്ലാത്ത ഒരാൾ! എന്നിരുന്നാലും മനംമയക്കുന്ന ആ ചിത്രങ്ങൾ കണ്ട അദ്ദേഹം മാസികകൾ സ്വീകരിക്കുകയും തന്റെ കൃഷിയിടത്തിൽ അപൂർവമായ അനേകം തരത്തിലുള്ള ചിത്രശലഭങ്ങളുണ്ടെന്നു പറയുകയും ചെയ്തു. ഞാൻ തിരികെപ്പോകുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ മാസികവായനയിൽ മുഴുകിയിരിക്കുകയായിരുന്നു. അതുകൊണ്ട്, ചിത്രശലഭത്തെപ്പോലെ ഞാൻ മടങ്ങിച്ചെല്ലും—ദൈവരാജ്യത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അവർക്കു നൽകാനായി!
ബി. ബി., ഇംഗ്ലണ്ട്
ഞാൻ വായിച്ചിട്ടുള്ളതിലേക്കും ഏറ്റവും രസകരമായ ലേഖനങ്ങളിലൊന്നായിരുന്നു അത്. മാസിക വന്ന് ഏതാനും ആഴ്ചകൾക്കുശേഷം ഞങ്ങളുടെ മരങ്ങളെ പൊതിഞ്ഞ് മൊണാർക്ക് ചിത്രശലഭങ്ങൾ ഇരിക്കുന്നതു ഞാൻ കണ്ടെത്തി! ഞാൻ ദൈവത്തിന് അവന്റെ വിസ്മയാവഹമായ സൃഷ്ടിപ്പിനെയോർത്തു നന്ദി പറഞ്ഞു.
എസ്. എം., ഐക്യനാടുകൾ
ദുഷ്ടത അനുവദിച്ചിരിക്കുന്നു “യുവജനങ്ങൾ ചോദിക്കുന്നു . . . മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നതെന്തുകൊണ്ട്?” (ഒക്ടോബർ 22, 1996) എന്ന ലേഖനത്തിനു നന്ദി. സ്ത്രീകളോടു ബഹുമാനമില്ലാത്ത അവിശ്വാസിയായ ഒരു ഭർത്താവുമൊത്തുള്ള 18 വർഷത്തെ വിവാഹജീവിതം സമ്മാനിച്ച ഏകാന്തതയും അപമാനവും കടുത്ത മനോവ്യഥയും സഹിച്ചതിനുശേഷം, യഹോവ നമുക്കുവേണ്ടി കരുതുന്ന സ്നേഹവാനായ ദൈവമാണെന്നു വായിച്ചറിഞ്ഞത് തികച്ചും ഒരു ശമനൗഷധംപോലെ അനുഭവപ്പെട്ടു. യഹോവ നേരിട്ട് ആശ്വസിപ്പിക്കുംപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.
എച്ച്. റ്റി., ഐക്യനാടുകൾ
സിഗരറ്റുകൾ “സിഗരറ്റുകൾ—നിങ്ങൾ അവയെ നിരസിക്കുന്നുവോ?” (ഒക്ടോബർ 22, 1996) എന്ന ലേഖനത്തെപ്പറ്റിയുള്ള എന്റെ അഭിപ്രായമറിയിക്കാൻ ഞാനാഗ്രഹിക്കുന്നു. വർഷങ്ങൾക്കുമുമ്പേ എനിക്കിതു ലഭിക്കാതിരുന്നത് എത്ര സങ്കടകരമാണ്! എന്റെ ഭർത്താവ് ശ്വാസകോശാർബുദം ബാധിച്ച് ഈ വർഷം മരിച്ചു. 50 വർഷമായി അദ്ദേഹം കടുത്ത പുകവലിക്കാരനായിരുന്നു. സിഗരറ്റിന് ഇത്ര വിനാശകമായ ഫലങ്ങൾ ഉളവാക്കാൻ കഴിയുമെന്ന് എനിക്കും അറിയില്ലായിരുന്നു.
എച്ച്. ജി., ജർമനി
ഏക്കീ “ഏക്കീ—ജമെയ്ക്കയുടെ ദേശീയ വിഭവം” (ഒക്ടോബർ 22, 1996) എന്ന നിങ്ങളുടെ ലേഖനം വളരെ നന്നായിരുന്നു. ജമെയ്ക്ക ദേശക്കാരിയായ ഞാൻ ഏക്കീ ഇഷ്ടമില്ലെന്നു പറഞ്ഞ ഒരാൾക്കും ഒരിക്കലും അതു വിളമ്പിയിട്ടില്ല. ജമെയ്ക്കയ്ക്കു പോകുന്ന എല്ലാവരെയും ഏക്കീ രുചിച്ചു നോക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കുന്നു!
ഇ. ബി., ഐക്യനാടുകൾ
നമ്മുടെ സ്രഷ്ടാവിന്റെ പ്രവൃത്തിയെക്കുറിച്ചുള്ള മറ്റൊരു ചർച്ച കാണുന്നത് എത്ര സന്തോഷകരമാണ്! ഇവിടെ ഘാനയിൽ ധാരാളം ഏക്കീ വൃക്ഷങ്ങൾ ഉണ്ട്. ചില പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇവ തണൽമരങ്ങളായി ഉതകുന്നു. വനങ്ങളിൽ അവയ്ക്കു നല്ല പൊക്കംവെക്കുന്നു. വാവലുകളും തത്തകളും മറ്റു പക്ഷികളും അവയുടെ ശിഖരങ്ങളിൽ ചേക്കേറുന്നു. ഏക്കീ വൃക്ഷം ദൈവത്തിൽ നിന്നുള്ള മറ്റൊരു അത്ഭുതകരമായ സമ്മാനമാണ്.
പി. എ. ഇ., ഘാന
കുതിരകൾ “അവർ ഇപ്പോഴും പറമ്പിൽ കുതിരകളെക്കൊണ്ടു പണിയെടുപ്പിക്കുന്നു” (ഒക്ടോബർ 22, 1996) എന്ന ലേഖനത്തെപ്രതിയുള്ള എന്റെ വിലമതിപ്പു പ്രകടിപ്പിക്കാതിരിക്കാൻ എനിക്കായില്ല. ഞാനൊരു മൃഗസ്നേഹിയാണ്. ആ ലേഖനം എന്റെ ഹൃദയത്തെ തൊട്ടുണർത്തുന്നതുപോലെ തോന്നി. മനുഷ്യനു മൃഗങ്ങളുമായി ഉണ്ടായിരിക്കാവുന്ന ബന്ധത്തെ നിങ്ങൾ അവതരിപ്പിച്ച ആ രീതി എനിക്കിഷ്ടപ്പെട്ടു, പ്രത്യേകിച്ചും ഒരുവൻ തന്റെ കുതിരകളുമായി “സംഭാഷണം” ആസ്വദിക്കുന്ന ഭാഗം.
വി. എച്ച്., ഐക്യനാടുകൾ
ഞാൻ എന്റെ ജീവിതകാലം മുഴുവനുംതന്നെ ഒരു വൻനഗരപ്രദേശത്താണു കഴിച്ചുകൂട്ടിയത്. അതുകൊണ്ടുതന്നെ യഹോവയുടെ സൃഷ്ടികളുമായി അടുത്തു സഹവസിക്കാനുള്ള എന്റെ ആഗ്രഹം ഇതുവരെ നിറവേറിയിട്ടില്ല. നിങ്ങളുടെ ലേഖനം വായിച്ചപ്പോൾ, എനിക്കു ഭാവനയിൽ കുതിരകളോടൊത്തു പണിയെടുക്കാൻ സാധിച്ചു. അത്തരം രസകരമായ ലേഖനങ്ങൾക്കു വളരെയേറെ നന്ദി.
എൽ. എ. ഡി., ഐക്യനാടുകൾ