ലോകത്തിന്റെ കയ്യടി വാങ്ങുന്നതിനെക്കാൾ മെച്ചമായ ഒന്ന്
ഞാൻ യൂറോപ്പിലെ ഒരു പ്രശസ്ത ശിൽപ്പിയെന്ന നിലയിൽ പേരെടുത്ത് വർഷങ്ങൾ കഴിഞ്ഞപ്പോൾ കലാലോകത്തെ എന്റെ ഒരു കൂട്ടുകാരൻ എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കലാപരമായ കഴിവുകളെല്ലാം നിങ്ങൾ നശിപ്പിച്ചുകളഞ്ഞു!” അയാൾ എന്നെ അങ്ങനെ കുറ്റപ്പെടുത്തിയത് എന്തുകൊണ്ടാണെന്നു പറയും മുമ്പ് ഞാൻ ഒരു ശിൽപ്പിയായിത്തീർന്നത് എങ്ങനെയാണെന്നു വിശദീകരിച്ചുകൊള്ളട്ടെ.
എന്റെ ജന്മസ്ഥലമായ ഔറിസിനാ ഗ്രാമത്തിലെ പുരുഷന്മാരിലധികവും ഒരു പഴയ കല്ലുമടയിലാണു പണിയെടുത്തിരുന്നത്. ഇറ്റലിയുടെ വടക്കുഭാഗത്ത് ട്രിയെസ്റ്റിനു സമീപം പഴയ യൂഗോസ്ലാവിയയ്ക്ക് അടുത്തായിട്ടാണ് ഔറിസിനാ സ്ഥിതിചെയ്യുന്നത്. എനിക്ക് 15 വയസ്സായപ്പോൾ ഞാനും ഗ്രാമത്തിലെ കല്ലുമടയിൽ പണിയെടുക്കാൻ പോയി. അത് 1939-ൽ ആയിരുന്നു, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ വർഷം. കൽപ്പണി ചെയ്തുകൊണ്ടിരുന്ന എന്റെ മനസ്സിൽ ഒരു പ്രശസ്ത ശിൽപ്പിയായിത്തീരാനുള്ള ആഗ്രഹം മൊട്ടിട്ടു. ഞാൻ ഒരിക്കലും മരിക്കാനും ആഗ്രഹിച്ചില്ല. ഈ രണ്ട് ആഗ്രഹങ്ങളും പൂവണിയുകയില്ലെന്നു തോന്നി.
1945-ൽ യുദ്ധം അവസാനിച്ചപ്പോൾ സഹോദരിയോടൊപ്പം താമസിക്കാനായി ഞാൻ റോമിലേക്കു പോയി. കലാ അക്കാദമിയിൽ ചേരാമെന്നുള്ള പ്രതീക്ഷയോടെയാണു ഞാൻ അവിടേക്കു പോയത്. അവിടെ എനിക്ക് ത്രിവത്സര പഠനത്തിന് പ്രവേശനം ലഭിച്ചു. എന്റെ ആഗ്രഹം സഫലമായപ്പോൾ ഞാൻ എത്ര പുളകിതനായി! വ്യത്യസ്ത ധർമ സ്ഥാപനങ്ങൾ പഠനച്ചെലവു വഹിക്കാൻ എന്നെ സഹായിച്ചു.
ആത്മീയ വിശപ്പ്
രക്ഷാസൈന്യം, വൽദെൻസ്യ വിഭാഗം എന്നിവയുടെ മതശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ട് ഞാൻ എന്റെ ആത്മീയ വിശപ്പടക്കാനും ശ്രമിച്ചു. ഞാൻ ഒരു ജസ്യുട്ട് സർവകലാശാലയിലെ പാഠ്യപദ്ധതിയിൽ പോലും ചേർന്നു. ഒരിക്കൽ ഒരു ബിഷപ്പു നടത്തിയ ത്രിദിന സെമിനാറിലും ഞാൻ സംബന്ധിച്ചു. ഈ സെമിനാറിന്റെ സമയത്ത് ഞങ്ങൾക്കു പരസ്പരം സംസാരിക്കാൻ അനുവാദമില്ലായിരുന്നു, പ്രാർഥനയിലും ധ്യാനത്തിലും കുമ്പസാരത്തിലും ബിഷപ്പിന്റെ പ്രസംഗങ്ങളിലും മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധ.
അതുകഴിഞ്ഞപ്പോൾ എന്റെ വിശ്വാസം ബലപ്പെട്ടിട്ടില്ലെന്നു ഞാൻ മനസ്സിലാക്കി. “എന്റെ വിശ്വാസം ബലപ്പെടാഞ്ഞതെന്തുകൊണ്ടാണ്?” ഞാൻ ബിഷപ്പിനോടു ചോദിച്ചു.
“വിശ്വാസം ദൈവത്തിന്റെ ദാനമാണ്. തനിക്കിഷ്ടമുള്ളവർക്ക് അവനതു കൊടുക്കുന്നു,” ബിഷപ്പ് പ്രതിവചിച്ചു. അദ്ദേഹത്തിന്റെ മറുപടി എന്നെ വളരെ നിരാശനാക്കി, അങ്ങനെ ഞാൻ ദൈവത്തെ അന്വേഷിക്കുന്നത് നിർത്തുകയും കലാ പഠനങ്ങൾക്കായി എന്നെത്തന്നെ പൂർണമായി ഉഴിഞ്ഞുവെക്കുകയും ചെയ്തു.
അന്തർദേശീയ പ്രശംസ നേടുന്നു
1948-ൽ റോമിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഓസ്ട്രിയയിലെ വിയെനയിലുള്ള കലാ അക്കാദമിയിൽ പഠിക്കുന്നതിന് ഒരു വർഷത്തെ സ്കോളർഷിപ്പ് എനിക്കു ലഭിച്ചു. പിറ്റേവർഷം ഞാൻ അവിടെനിന്നു ബിരുദം നേടുകയും സ്ലോവേനിയയിലെ (മുമ്പ് യൂഗോസ്ലാവിയയുടെ ഭാഗമായിരുന്നു) ലിയൂബ്ലിയാനയിൽ പഠനം തുടരുന്നതിനുള്ള ഒരു വർഷത്തെ സ്കോളർഷിപ്പ് സ്വീകരിക്കുകയും ചെയ്തു. സുകുമാരകലകളുടെ കേന്ദ്രമായ ഫ്രാൻസിലെ പാരീസിലേക്കു പോകുകയെന്നതായിരുന്നു അപ്പോഴത്തെ എന്റെ ലക്ഷ്യം.
എന്നാൽ, 1951-ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ജോലിചെയ്യുന്നതിനുള്ള അവസരം എനിക്കു ലഭിച്ചു. പാരീസിൽ ഒരു കലാ ജീവിതവൃത്തി പിന്തുടരുന്നതിനാവശ്യമായ പണം സ്വരുക്കൂട്ടുക എന്ന ലക്ഷ്യത്തിലാണു ഞാൻ അങ്ങോട്ടു പോയത്. പക്ഷേ അപ്പോഴാണ് ഞാൻ മിക്കിയെ കണ്ടുമുട്ടിയത്. ഞങ്ങൾ 1952-ൽ വിവാഹിതരാകുകയും സ്റ്റോക്ക്ഹോമിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. എനിക്ക് ചെറിയൊരു ശിൽപ്പശാലയിൽ ജോലി കിട്ടി. അവിടെ ഞാൻ കല്ലിലും മാർബിളിലും ഗ്രാനൈറ്റിലും ശിൽപ്പങ്ങൾ കൊത്തിയുണ്ടാക്കിക്കൊണ്ടിരുന്നു. ഇവയിൽ ചിലത് സ്റ്റോക്ക്ഹോമിനടുത്തുള്ള ലിഡിങ്ങർ പട്ടണത്തിലെ ഉദ്യാന-കാഴ്ചബംഗ്ലാവായ മിൽസ്ഗോർഡനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
റോമിൽവെച്ച് ഞാൻ ലോസ്റ്റ്-വാക്സ് മെഥെഡ് എന്നു പറയുന്ന പഴയ രീതിയിലുള്ള ഒരു ഓടു വാർപ്പുവിദ്യ അഭ്യസിച്ചിരുന്നു. കൂടാതെ ഞാൻ സ്റ്റോക്ക്ഹോമിലെ ആർട്ട് വോക്കേഷനൽ ട്രെയ്നിങ് സ്കൂളിലും കലാ അക്കാദമിയിലും ഓടു വാർപ്പുവിദ്യ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് എനിക്കു സ്റ്റോക്ക്ഹോമിലെ തുറസ്സായ കാഴ്ചബംഗ്ലാവായ സ്കാൻസനിൽ ഓടു വാർപ്പുപണി ചെയ്യുന്നതിനുള്ള അവസരം ലഭിച്ചു. അവിടെ പലപ്പോഴും സദസ്സിന്റെ മുമ്പിൽവെച്ച് ഞാൻ ഓടിലോ ഈയത്തിലോ ശിൽപ്പങ്ങൾ നിർമിക്കുമായിരുന്നു. സ്വീഡനിലെ അന്നത്തെ രാജാവായിരുന്ന ഗുസ്റ്റാവ് ആറാമന്റെ വകയായിരുന്ന പ്രാചീന ശിൽപ്പങ്ങൾ പുതുക്കുന്നതിനായി എന്നെ കൂലിക്കു നിയമിക്കുകയും ചെയ്തു. അവ റോയൽ പാലസിലും സ്റ്റോക്ക്ഹോമിലെ ഡ്രോട്ട്നിങ്ഹോം കൊട്ടാരത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
1954-നും 1960-നും ഇടയിൽ മാധ്യമങ്ങളും കലാവിമർശകരും എന്റെ ജോലിയെ പാടിപ്പുകഴ്ത്തി. ഞാൻ നിർമിച്ച ശിൽപ്പങ്ങളിൽ പലതും സ്റ്റോക്ക്ഹോം, റോം, ലിയൂബ്ലിയാന, വിയെന, സാഗ്രെബ്, ബെൽഗ്രേഡ് എന്നിങ്ങനെയുള്ള പ്രമുഖ യൂറോപ്യൻ നഗരങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു. ബെൽഗ്രേഡിൽ മാർഷൽ റ്റിറ്റോ ഞാൻ രൂപംകൊടുത്ത ശിൽപ്പങ്ങളിൽ ചിലത് സ്വന്തമായി വാങ്ങി. റോമിലെ മോഡേൺ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഗ്രാനൈറ്റിൽ തീർത്ത തലയും കൈകാലുകളും ഇല്ലാത്ത വലിയ സ്ത്രീ പ്രതിമ എന്റെ കലാസൃഷ്ടിയാണ്. കൂടാതെ വിയെനയിലെ ആൽബെർട്ടിന കാഴ്ചബംഗ്ലാവിലും എന്റെ കലാവിരുത് പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഓടിലും ഈയത്തിലും തീർത്ത ശിൽപ്പങ്ങളിലൊന്ന് സ്റ്റോക്ക്ഹോമിലെ മോഡേൺ മ്യൂസിയത്തിലും ഓടിൽ നിർമിച്ച ഒരു ശിൽപ്പം ലിയൂബ്ലിയാനയിലെ മോഡേൺ ഗാലറിയിലും കാണാം.
മതത്തിൽ വീണ്ടും താത്പര്യം
ഞങ്ങളുടെ വിവാഹം നടന്ന് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ മതത്തിൽ എനിക്ക് വീണ്ടും താത്പര്യം ഉദിക്കുന്നതായി മിക്കി ശ്രദ്ധിച്ചു. “ആദിമ ക്രിസ്ത്യാനികൾ മരിക്കാൻ പോലും തയ്യാറായിരുന്ന ആ വിശ്വാസം എവിടെപ്പോയി?” എന്നു ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു. വീണ്ടും ഞാൻ പെന്തക്കോസ്തുകാരുടെയും അഡ്വെൻറിസ്റ്റുകാരുടെയും മറ്റും മതശുശ്രൂഷകളിൽ സംബന്ധിച്ചു തുടങ്ങി. എന്തിന്, ഞാൻ ഇസ്ലാംമതവും ബുദ്ധമതവും പോലും പരിശോധിച്ചു നോക്കി.
1959-ൽ ഇറ്റലിയിലെ മിലാനിലെ ഒരു കലാ പ്രദർശനത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് ഞാൻ കുറച്ചു ദിവസത്തേക്ക് എന്റെ ഗ്രാമമായ ഔറിസിനായിലേക്കു പോയി. ബൈബിളിനെക്കുറിച്ച് വളരെയധികം കാര്യങ്ങൾ അറിയാവുന്ന ഒരു മനുഷ്യനെക്കുറിച്ച് ഗ്രാമവാസികൾ എന്നോടു പറഞ്ഞു. അദ്ദേഹം യഹോവയുടെ സാക്ഷികളിലൊരാളായിരുന്നു. എനിക്ക് അദ്ദേഹവുമായി സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ ഞാൻ മുമ്പൊരിക്കലും ബൈബിളിൽ കണ്ടിട്ടില്ലായിരുന്ന കാര്യങ്ങൾ അദ്ദേഹം എനിക്കു കാണിച്ചുതന്നു. മനുഷ്യൻ ഒരു ദേഹി ആണെന്നും—ശരീരത്തിൽനിന്നു വേറിട്ടുനിൽക്കുന്ന ഒരു ദേഹി അവന് ഇല്ല—മനുഷ്യ ദേഹി മർത്യമാണെന്നും മറ്റു മതങ്ങൾ പഠിപ്പിക്കുന്നതുപോലെ അമർത്യമല്ലെന്നും ഞാൻ മനസ്സിലാക്കി.—ഉല്പത്തി 2:7; യെഹെസ്കേൽ 18:4.
കൂടാതെ, ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചപ്പോഴത്തെ ദൈവോദ്ദേശ്യം അവർ മരിക്കണമെന്നതല്ലായിരുന്നുവെന്നും മറിച്ച്, അവർ ഭൂമിയിൽ സന്തോഷത്തോടെ എന്നേക്കും ജീവിക്കണമെന്നതായിരുന്നുവെന്നും ആ മനുഷ്യൻ എനിക്കു കാണിച്ചുതന്നു. ആദ്യ മനുഷ്യജോഡി മരിച്ചത് അവർ അനുസരണക്കേടു കാണിച്ചതുകൊണ്ടാണ്. (ഉല്പത്തി 1:28; 2:15-17) ദൈവം തന്റെ പുത്രനെ ഒരു മറുവിലയായി നൽകിക്കൊണ്ട് ആദാമിന്റെ അനുസരണക്കേടിനാൽ നഷ്ടമായ നിത്യജീവൻ മനുഷ്യർക്കു ലഭിക്കാൻ വേണ്ട കരുതൽ ചെയ്തു എന്നു ഞാൻ മനസ്സിലാക്കി. (യോഹന്നാൻ 3:16) ഇതൊക്കെ മനസ്സിലാക്കിയത് എനിക്കു വലിയ സന്തുഷ്ടി കൈവരുത്തി.—സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5എ.
ഒരു വഴിത്തിരിവ്
അധികം താമസിയാതെ ഞാൻ സ്വീഡനിലേക്കു മടങ്ങി. അവിടെ യഹോവയുടെ സാക്ഷികളെ കണ്ടുപിടിക്കാൻ ഞാനും മിക്കിയും ശ്രമിച്ചു. പക്ഷേ അവരുടെ മേൽവിലാസം ഞങ്ങൾക്കു കണ്ടെത്താനായില്ല. എന്നിരുന്നാലും, ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വാതിൽമണി മുഴങ്ങി, അതാ അവർ ഞങ്ങളുടെ വാതിൽക്കൽ നിൽക്കുന്നു! അവർ എനിക്കു തന്നിട്ടുപോയ സാഹിത്യം ഞാൻ വായിക്കാൻ തുടങ്ങി, അതിൽ സത്യമുണ്ടെന്ന് എനിക്ക് ഉടൻതന്നെ ബോധ്യമായി. എന്നാൽ എന്റെ ഒരു പഴയ സുഹൃത്തായ ഒരു കത്തോലിക്കാ ആർച്ചുബിഷപ്പുമായി സംസാരിച്ച് എന്റെ ധാരണ ഉറപ്പാക്കാൻ ഞാൻ ആഗ്രഹിച്ചു. 1940-കളുടെ ഒടുവിൽ ഞാൻ റോമിൽ പഠിച്ചുകൊണ്ടിരിക്കെ തുടങ്ങിയതാണ് ആ സൗഹൃദം. അങ്ങനെ 1961 ജനുവരിയിൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയി.
ലോകവ്യാപകമായ മുഴു കത്തോലിക്കാ മിഷനറി പ്രവർത്തനത്തിന്റെയും ചുമതല അന്ന് അദ്ദേഹത്തിനായിരുന്നു. എന്തൊരു ആശ്ചര്യമാണ് എന്നെ കാത്തിരുന്നത്! ആർച്ചുബിഷപ്പിന് ബൈബിളിന്റെ പ്രാഥമിക പരിജ്ഞാനം പോലും ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ അമ്പരന്നു പോയി. മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ചു സംസാരിക്കവേ അദ്ദേഹം പറഞ്ഞു: “നാമിപ്പോൾ വിശ്വസിക്കുന്നതിന്റെ നേരേ വിപരീതമായിരിക്കാം ഒരുപക്ഷേ സംഭവിക്കുന്നത്.” ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ സംബന്ധിച്ച ബൈബിൾ വാഗ്ദാനത്തെക്കുറിച്ചുള്ള അപ്പോസ്തലനായ പത്രൊസിന്റെ പരാമർശത്തെക്കുറിച്ചു ചർച്ചചെയ്തപ്പോൾ ആ വാഗ്ദാനത്തിന്റെ അർഥമെന്താണെന്ന് അദ്ദേഹത്തിനു നിശ്ചയമില്ലായിരുന്നു.—2 പത്രൊസ് 3:13; യെശയ്യാവു 65:17-25.
സ്റ്റോക്ക്ഹോമിൽ മടങ്ങിച്ചെന്നപ്പോൾ, ഞങ്ങൾ പരിചയപ്പെട്ട ഒരു സാക്ഷിയുമൊത്ത് ഞാൻ പതിവായി ബൈബിൾ പഠിക്കാൻ തുടങ്ങി. പഠനത്തിൽ മിക്കിയുടെ താത്പര്യം വർധിച്ചുവന്നത് എന്നെ ആഹ്ലാദിപ്പിച്ചു. ഒടുവിൽ, 1961 ഫെബ്രുവരി 26-ന് ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. പിറ്റേ വർഷം മിക്കിയും സ്നാപനമേറ്റു.
തൊഴിലിൽ ക്രമീകരണങ്ങൾ വരുത്തുന്നു
ഞങ്ങൾക്ക് 1956-ൽ ഒരു പെൺകുട്ടിയും 1961-ൽ ഒരാൺകുട്ടിയും ജനിച്ചു. ഇപ്പോൾ ഒരു കുടുംബത്തെ പുലർത്തേണ്ടതുണ്ടായിരുന്നതിനാൽ എനിക്ക് ഒരു സ്ഥിരതൊഴിൽ ആവശ്യമായിരുന്നു. എന്റെ ജന്മനാട്ടിൽ ഒരു വലിയ സ്മാരകം പണിയുന്നതിനുള്ള ക്ഷണം ലഭിച്ചതിൽ ഞാൻ സന്തോഷമുള്ളവനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഗറില്ലാ യോദ്ധാക്കളുടെ ഓർമയ്ക്കായിട്ടായിരുന്നു അതു പണിയുന്നത്. ആ സ്മാരകത്തിന്റെ പണികൊണ്ട് എനിക്കു വളരെയധികം പണമുണ്ടാക്കാൻ പറ്റുമായിരുന്നു. എന്നാൽ വിവിധ ഘടകങ്ങൾ—കുടുംബത്തിൽനിന്നും ക്രിസ്തീയ സഭയിൽനിന്നും മാസങ്ങളോളം അകന്നിരിക്കുന്നതും കമ്മ്യുണിസം തഴച്ചുവളരുന്നതും ആത്മീയ താത്പര്യങ്ങൾ പിന്തുടരുന്നത് ദുഷ്കരമായിരിക്കുന്നതുമായ ഒരു ദേശത്ത് പാർക്കുന്നതുമെല്ലാം അവയിൽ ഉൾപ്പെടുന്നു—പരിചിന്തിച്ചശേഷം ഞാൻ ആ വാഗ്ദാനം നിരസിച്ചു.
മറ്റൊരു ജോലി എനിക്കു മനസ്സാക്ഷി പ്രശ്നം ഉളവാക്കി. സ്വീഡനിലെ ഒരു പുതിയ ശവദാഹകെട്ടിടത്തിൽ വെക്കാനായി ഒരു വലിയ അലങ്കാരവസ്തു നിർമിക്കാൻ എന്നോടാവശ്യപ്പെട്ടു. അതിന്റെ പണി തീർന്നപ്പോൾ ഉദ്ഘാടനചടങ്ങിനായി എന്നെ ക്ഷണിച്ചു. എന്നാൽ എന്റെ കലാസൃഷ്ടി അനാവരണം ചെയ്യുന്നത് സ്റ്റോക്ക്ഹോമിലെ ബിഷപ്പാണെന്ന് അറിഞ്ഞപ്പോൾ ദൈവവചനത്തിനു കടകവിരുദ്ധമായ പഠിപ്പിക്കലുകളും ആചാരങ്ങളും ഉള്ള ആളുകളോടൊത്തു ചടങ്ങിൽ പങ്കെടുക്കേണ്ടന്നു ഞാൻ തീരുമാനിച്ചു.—2 കൊരിന്ത്യർ 6:14-17.
ഒരു ശിൽപ്പിയെന്ന നിലയിൽ പതിവായി തൊഴിലൊന്നും കിട്ടാതിരുന്നതിനാൽ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾ വേണ്ടപോലെ നോക്കിനടത്തുന്നത് എനിക്ക് ബുദ്ധിമുട്ടായിത്തീർന്നു. (1 തിമൊഥെയൊസ് 5:8) ഉപജീവനത്തിനായി എന്തുചെയ്യണമെന്ന് ഞാൻ പ്രാർഥനാപൂർവം പരിചിന്തിച്ചു. അങ്ങനെയിരിക്കെയാണ് ഒരു വാസ്തുശിൽപ്പി താൻ രൂപകൽപ്പന ചെയ്ത ഒരു കെട്ടിടത്തിന്റെ മാതൃകയുമായി എന്റെയടുക്കൽ വന്നത്. അതിന്റെ ഫോട്ടോയെടുക്കാൻ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. എന്റെ ശിൽപ്പങ്ങളുടെ ഫോട്ടോയെടുത്തു പരിചയമുണ്ടായിരുന്നതിനാൽ എനിക്കു ഫോട്ടോഗ്രഫി നല്ല വശമായിരുന്നു. അതുകൊണ്ട് ആ ജോലി ഞാൻ സസന്തോഷം ഏറ്റെടുത്തു. ആ വർഷങ്ങളിൽ സ്വീഡനിൽ വളരെയധികം നിർമാണ വേല നടക്കുന്നുണ്ടായിരുന്നു. മാതൃകകളുടെ ഫോട്ടോയെടുക്കേണ്ട ആവശ്യവും ഉണ്ടായിരുന്നു. അങ്ങനെ, പല വാസ്തുശിൽപ്പികളിൽനിന്നായി എനിക്കു ധാരാളം ജോലി കിട്ടി. കുടുംബത്തെ നന്നായി പരിപാലിക്കാനും കഴിഞ്ഞു.
ഈ സമയത്താണ് ദൈവരാജ്യ സുവാർത്ത പങ്കുവെക്കുന്നതിനായി ഞാൻ സ്റ്റോക്ക്ഹോമിലെ ഇറ്റാലിയൻ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചത്. (മത്തായി 24:14) എനിക്ക് ആ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറെ അറിയാമായിരുന്നതുകൊണ്ട് അദ്ദേഹവുമായി സംസാരിക്കുന്നതിനു ക്രമീകരണം ചെയ്യാൻ കഴിഞ്ഞു. ഞാൻ ശിൽപ്പവേല നിർത്തിയെന്നു മനസ്സിലാക്കിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: “നിങ്ങളുടെ കലാപരമായ കഴിവുകളെല്ലാം നിങ്ങൾ നശിപ്പിച്ചുകളഞ്ഞു!” എനിക്ക് മുഖ്യ കടപ്പാടുള്ളതു ദൈവത്തോടും എന്റെ കുടുംബത്തോടുമാണെന്ന് ഞാൻ വിശദീകരിച്ചു.
കുറെനാളത്തേക്ക് എന്റെ ജീവിതത്തിലെ അതിപ്രധാന സംഗതി കലയായിരുന്നുവെന്നത് ഞാൻ സമ്മതിച്ചേ പറ്റൂ. എന്നാൽ ആ തൊഴിൽ തുടർന്നുകൊണ്ടുപോകുന്നത് എന്നെ സംബന്ധിച്ചിടത്തോളം രണ്ട് യജമാനന്മാരെ സേവിക്കാൻ ശ്രമിക്കുന്നതുപോലെയായിരിക്കുമെന്നു ഞാൻ മനസ്സിലാക്കി. (മത്തായി 6:24) എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാന സംഗതി ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതാണെന്ന് എനിക്കു ബോധ്യപ്പെട്ടു. അതുകൊണ്ട് ഒരു ശിൽപ്പിയെന്ന നിലയിലുള്ള ജോലി ഉപേക്ഷിക്കാൻ ഞാൻ വ്യക്തിപരമായി തീരുമാനിച്ചു. യഹോവയാം ദൈവം എന്റെ തീരുമാനത്തെ മഹത്തായ വിധത്തിൽ അനുഗ്രഹിച്ചുമിരിക്കുന്നു.—മലാഖി 3:10.
ക്രിസ്തീയ സേവനപദവികൾ
തെക്കൻ യൂറോപ്പിൽനിന്നും കിഴക്കൻ യൂറോപ്പിൽനിന്നും സ്വീഡനിലേക്കു കുടിയേറിപ്പാർത്ത അനേകർ 1970-കളുടെ ആരംഭത്തിൽ ബൈബിൾ സത്യത്തിൽ താത്പര്യം പ്രകടിപ്പിക്കാൻ തുടങ്ങി. അങ്ങനെ, 1973 മുതൽ എനിക്ക് ഇറ്റാലിയൻ, സ്പാനിഷ്, സെർബോ-ക്രോയേഷ്യൻ എന്നീ ഭാഷകൾ സംസാരിക്കുന്ന കുടിയേറ്റക്കാരുമൊത്തു ബൈബിൾ പഠിക്കുന്നതിനുള്ള പദവി ലഭിച്ചു. ഈ ഭാഷാ കൂട്ടങ്ങൾക്കായി പുതിയ സഭകളും അധ്യയന കൂട്ടങ്ങളും രൂപീകരിക്കുന്നതിൽ സഹായിക്കാനും എനിക്കു കഴിഞ്ഞു. ഇറ്റാലിയൻ ഭാഷയിൽ ക്രിസ്തീയ കൺവെൻഷനുകൾ ക്രമീകരിക്കാനും അവയിലെ ബൈബിൾ നാടകങ്ങൾ സംവിധാനം ചെയ്യാനും എന്നെ നിയമിച്ചു. ഒരു സഞ്ചാരമേൽവിചാരകൻ എന്ന നിലയിൽ സ്വീഡനിലെ സഭകളെ സേവിക്കുന്നതിനുള്ള പദവിയും ഇടയ്ക്കൊക്കെ എനിക്കു ലഭിച്ചു.
സ്വീഡനിൽ ഇറ്റാലിയൻ കൺവെൻഷനുകൾ ക്രമീകരിക്കാൻ സഹായിച്ചത് എന്നെ വാച്ച് ടവർ സൊസൈറ്റിയുടെ റോമിലെ ബ്രാഞ്ച് ഓഫീസുമായി സമ്പർക്കത്തിൽ വരുത്തിയിരുന്നു. പ്രസംഗവേലയുടെ സ്ഫോടനാത്മകമായ വർധനവു നിമിത്തം ഇറ്റലിയിൽ സഭാമൂപ്പൻമാരുടെ ആവശ്യമുണ്ടെന്ന് ഇറ്റലിക്കാരായ സഹോദരങ്ങൾ എന്നോടു പറഞ്ഞു. അതുകൊണ്ട് 1987-ൽ ഞാനും മിക്കിയും ഇറ്റലിയിലെ ജിനോവയ്ക്കടുത്തുള്ള ലിഗ്യുറിയയിലേക്കു താമസം മാറ്റി. അപ്പോഴേക്കും ഞങ്ങളുടെ മക്കൾ സ്വന്തം കാലിൽ നിൽക്കാറായിരുന്നു. ഞങ്ങൾ രണ്ടു വർഷം ഇറ്റലിയിൽ ചെലവഴിച്ചു. ധന്യമായ ആ കാലയളവിൽ ലിഗ്യുറിയയിൽ ഒരു പുതിയ സഭ രൂപീകരിക്കുന്നതിൽ പങ്കുവഹിക്കാനും ഞങ്ങൾക്കു കഴിഞ്ഞു. സദൃശവാക്യങ്ങൾ 10:22-ന്റെ സത്യത ഞങ്ങൾ പൂർണമായി രുചിച്ചറിഞ്ഞു. അതിങ്ങനെ പറയുന്നു: “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു.”
ഞാനും മിക്കിയും ചിലപ്പോഴൊക്കെ യഹോവ ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങളെ സംക്ഷേപിക്കാൻ ശ്രമിക്കാറുണ്ട്. അപ്പോൾ പട്ടിക നീണ്ടു നീണ്ടു പോകും. പുതിയ സഭകൾ രൂപീകരിക്കുന്നതിൽ പങ്കുവഹിക്കുന്നതിനു പുറമേ ഞങ്ങളുടെ മക്കളുൾപ്പെടെ അനേകരെ സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും ഘട്ടത്തോളമെത്താനും തുടർന്ന് പക്വതയുള്ള ക്രിസ്ത്യാനികളായിത്തീരാനും സഹായിക്കുന്നതിനും ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഒരു പ്രശസ്ത ശിൽപ്പിയായുള്ള ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചതിൽ എനിക്കു ഖേദമില്ല, എന്തുകൊണ്ടെന്നാൽ നമ്മുടെ സ്നേഹധനനായ യഹോവയാം ദൈവത്തിന്റെ സേവനമാകുന്ന വളരെയേറെ പ്രതിഫലദായകമായ ജീവിതവൃത്തിയാണു ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. അങ്ങനെ യഹോവയുടെ സഹായത്താൽ എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും നിത്യജീവനുവേണ്ടിയുള്ള ഒരു ഈടുറ്റ പ്രത്യാശ ലഭിച്ചിരിക്കുന്നു.—ചിലോ പെർട്ടോ പറഞ്ഞപ്രകാരം.
[13-ാം പേജിലെ ചിത്രം]
1955-ൽ ഒരു ശിൽപ്പം നിർമിക്കുന്നു
[15-ാം പേജിലെ ചിത്രം]
ഭാര്യയോടൊപ്പം