വിയാ എഗ്നാറ്റിയാ—വികസനത്തിനു സഹായിച്ച ഒരു രാജപാത
ഗ്രീസിലെ ഉണരുക! ലേഖകൻ
ഒരു കൂട്ടം ക്രിസ്തീയ മിഷനറിമാർ പൊ.യു. 50-ൽ യൂറോപ്യൻ മണ്ണിൽ ആദ്യമായി കാലുകുത്തി. അപ്പോസ്തലനായ പൗലൊസിന് ഒരു ദർശനത്തിൽ ലഭിച്ച ക്ഷണമനുസരിച്ചാണ് അവർ അവിടെ എത്തിയത്. ക്ഷണം ഇതായിരുന്നു: “നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക.” (പ്രവൃത്തികൾ 16:9) പൗലൊസും സഹകാരികളും കൊണ്ടുവന്ന യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം യൂറോപ്പിൽ ശ്രദ്ധേയമായ പ്രഭാവം ചെലുത്തി.
മക്കെദോന്യെയിൽ ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനത്തിനു മുഖ്യമായും സഹായിച്ചത് കല്ലുപാകിയ ഒരു റോമൻ രാജപാതയായ വിയാ എഗ്നാറ്റിയാ ആയിരുന്നു. ഇജിയൻ കടലിന്റെ വടക്കേ അറ്റത്തുള്ള നവപൊലി (ഇപ്പോൾ അത് ഗ്രീസിലെ കവാലയാണ്) തുറമുഖത്ത് കപ്പലിറങ്ങിയശേഷം തെളിവനുസരിച്ച് മിഷനറിമാർ ആ രാജപാതയിലൂടെ സഞ്ചരിച്ച് മക്കെദോന്യ പ്രവിശ്യയിലെ പ്രമുഖ നഗരമായ ഫിലിപ്പിയിലേക്കു പോയി. ആ പാത പൗലൊസും സഹകാരികളും അടുത്തതായി സന്ദർശിച്ച സ്ഥലങ്ങളായ അംഫിപൊലിസ്, അപ്പൊലോന്യ, തെസ്സലൊനീക്ക എന്നിവിടങ്ങൾ വരെ എത്തുന്നു.—പ്രവൃത്തികൾ 16:11–17:1.
ഈ പുരാതന രാജപാതയുടെ ചില ഭാഗങ്ങൾ ഇന്നും സ്ഥിതിചെയ്യുന്നുണ്ട്. അവ നിത്യവും ഉപയോഗിക്കപ്പെടുന്നു. പഴയ പാതയുടെ റൂട്ടിൽതന്നെയുള്ളതും അതേ പേരുള്ളതുമായ ഒരു ആധുനിക രാജപാത നിർമിക്കാൻ ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്.
ആദ്യത്തെ രാജപാത ആരാണു പണിതത്? എപ്പോൾ, എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയാണ് അത് പണിതത്?
അത് ആവശ്യമായിരുന്നതിന്റെ കാരണം
റോമാ സാമ്രാജ്യം കിഴക്കോട്ടുള്ള ജയിച്ചടക്കൽ തുടർന്നപ്പോൾ പൊ.യു.മു. 146-ൽ മക്കെദോന്യ ഒരു റോമൻ പ്രവിശ്യയായിത്തീർന്നു. എന്നാൽ ഈ പിടിച്ചെടുക്കൽ, സാമ്രാജ്യത്തിന് ഒരു പുതിയ സംഗതി ആവശ്യമാക്കിത്തീർത്തു—സൈന്യങ്ങളെ പുതിയ പ്രദേശങ്ങളിൽ വേഗത്തിൽ വിന്യസിക്കുന്നതിനുള്ള പ്രാപ്തി. ഇറ്റാലിയൻ ഉപദ്വീപിലുള്ള വിയാ ആപ്പിയ അഥവാ ആപ്പിയൻ പാത റോമിനെ തെക്കുകിഴക്കൻ ഏഡ്രിയാറ്റിക് കടൽത്തീരവുമായി അതിനോടകംതന്നെ ബന്ധിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സാമ്രാജ്യത്തിന് അതുപോലെയൊരു രാജപാത ബാൾക്കൻ ഉപദ്വീപിൽ ആവശ്യമായിവന്നു. അങ്ങനെയാണ് വിയാ എഗ്നാറ്റിയായെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. ആ പദ്ധതിയുടെ ചീഫ് എഞ്ചിനീയറായിരുന്ന റോമൻ പ്രവിശ്യാ ഗവർണർ ഗ്നൈയുസ് എഗ്നാറ്റിയുസിന്റെ പേരാണ് അതിനിട്ടിരിക്കുന്നത്.
ഇല്ലൂര്യ പ്രവിശ്യയിലെ ഡിറാകിയും തുറമുഖപട്ടണത്തിൽനിന്നാരംഭിച്ച് (അൽബേനിയയിലെ ഡുറെസ്) പുരാതന നഗരമായ ബിസാൻഷിയം (ടർക്കിയിലെ ഇസ്റ്റംബൂൾ) വരെ എത്തുന്ന വിയാ എഗ്നാറ്റിയായ്ക്ക് 800-ലധികം കിലോമീറ്റർ നീളമുണ്ട്. പൊ.യു.മു. 145-ലാണ് പണിയാരംഭിച്ചത്. പണി പൂർത്തിയാക്കാൻ ഏതാണ്ട് 44 വർഷമെടുത്തു. ഉദ്ദേശിച്ചതുപോലെതന്നെ, വിയാ എഗ്നാറ്റിയാ ഉടനടി റോമിന്റെ കിഴക്കൻ വികസന നയത്തിനു വളരെ പ്രയോജനകരമായ ഒരു ഉപകരണമായിത്തീർന്നു.
റോഡുനിർമാണത്തിനു പറ്റിയതല്ലാത്ത ഭൂപ്രദേശം
എന്നാൽ, ഭൂപ്രദേശം രാജപാതയുടെ നിർമാണത്തിനു വെല്ലുവിളിയുയർത്തി. ഉദാഹരണത്തിന്, പാതയുടെ ആദ്യഭാഗം കടന്നുപോകുന്ന വഴിക്കാണ് ഓക്റിഡ് തടാകം, പാത തടാകത്തിന്റെ വടക്കേ തീരത്തുകൂടെ പോകുന്നു. പിന്നെ ചുരങ്ങളിലൂടെ ചുറ്റിവളഞ്ഞുപോകുന്ന പാത കോപ്പയുടെ ആകൃതിയിലുള്ള കുഴികളും മൊട്ടക്കുന്നുകളും ഭാഗികമായി തടാകങ്ങൾകൊണ്ടു മൂടിയ താഴ്വാരങ്ങളുമുള്ള തരിശായ ഭൂപ്രദേശത്തിലൂടെ കിഴക്കോട്ടുപോയി ഒടുവിൽ മധ്യ മക്കെദോന്യ സമഭൂമിയിൽ ചെന്നുചേരുന്നു.
രാജപാത തെസ്സലൊനീക്ക നഗരത്തെ സമീപിക്കുമ്പോൾ അത് നിരപ്പുള്ളതും വിശാലവുമായ ഒരു നാട്ടിൻപുറത്തുകൂടെ കടന്നുപോകുന്നു. എന്നാൽ നഗരത്തിന്റെ കിഴക്കു ഭാഗം മലമ്പ്രദേശമാണ്. ഈ കുന്നുകളെ ചുറ്റിവളഞ്ഞു പോകുന്ന വിയാ എഗ്നാറ്റിയാ പ്രത്യേക ആകൃതിയൊന്നുമില്ലാത്തതും ചതുപ്പുനിറഞ്ഞ തീരങ്ങളുള്ളതുമായ തടാകങ്ങളോടുകൂടിയ ഒരു താഴ്വരയിൽ ചെന്നിറങ്ങുന്നു. പിന്നെ അത് താഴ്വരകളിലൂടെയും ചതുപ്പുനിലങ്ങളിലൂടെയും ചുറ്റിവളഞ്ഞ് പുരാതന പട്ടണമായ നവപൊലിയിൽ ചെന്നെത്തുന്നു.
അവിടെനിന്ന് പാത ഇജിയൻ കടൽത്തീരത്തിന്റെ കിഴക്കുഭാഗത്തുകൂടെ പോകുകയും ത്രേസ് പ്രദേശത്തേക്കു കുറുകെ കടക്കുകയും ചെയ്യുന്നു. രാജപാതയുടെ അവസാന ഭാഗം വളവുംതിരിവുമില്ലാത്ത, നിരപ്പായ പാതയായി ലക്ഷ്യസ്ഥാനമായ ബിസാൻഷിയമിൽ എത്തിച്ചേരുന്നു.
അതിന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നു
വിയാ എഗ്നാറ്റിയാ റോമിനും ഏഡ്രിയാറ്റിക് കടലിനു കിഴക്കുള്ള റോമിനാൽ കീഴടക്കപ്പെട്ട പ്രദേശങ്ങൾക്കും ഇടയിലുള്ള ഏറ്റവും ദൂരം കുറഞ്ഞതും സൗകര്യപ്രദവുമായ പാതയായിത്തീർന്നു. അത് മക്കെദോന്യ പട്ടണങ്ങളിലെ റോമൻ കോളനികളുടെ രൂപീകരണത്തിനു സഹായിക്കുകയും ആ പ്രദേശത്തിന്റെ സാമ്പത്തികവും ജനസംഖ്യാപരവും സാംസ്കാരികവുമായ വികാസത്തെ ശക്തമായി സ്വാധീനിക്കുകയും ചെയ്തു. ചെമ്പ്, ആസ്ഫാൾട്ട്, വെള്ളി, മത്സ്യം, എണ്ണ, വീഞ്ഞ്, പാൽക്കട്ടി എന്നിവയും മറ്റു സാധനങ്ങളും രാജപാതയിലൂടെ എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിച്ചു.
അത്തരം വ്യാപാരങ്ങളുടെ ഫലമായുണ്ടായ സമ്പദ്സമൃദ്ധി ആ പാതയോരങ്ങളിലുള്ള തെസ്സലൊനീക്ക, അംഫിപൊലിസ് തുടങ്ങിയ ചില പട്ടണങ്ങളെ ബാൾക്കൻസിലെ ഏറ്റവും വലിയ നഗരകേന്ദ്രങ്ങളിൽ ചിലവയാക്കി മാറ്റി. തെസ്സലൊനീക്ക പ്രത്യേകിച്ചും ധാരാളം കലാ-സാംസ്കാരിക പ്രവർത്തനങ്ങളുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമായി വികാസംപ്രാപിച്ചു. ആ പാതയുടെ സംരക്ഷണച്ചെലവിൽ കുറെയൊക്കെ അതിന്റെ ഓരങ്ങളിലുള്ള ജനസമുദായങ്ങൾ വഹിച്ചുവെന്നതു സത്യംതന്നെ. എന്നാൽ, അതിനു പകരമായി ആ ജനസമുദായങ്ങൾ അന്തർദേശീയ വ്യാപാരത്തിന്റെ സമൃദ്ധമായ പ്രയോജനങ്ങൾ ആസ്വദിച്ചു.
ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനത്തിൽ അതു വഹിച്ച പങ്ക്
എങ്കിലും വിയാ എഗ്നാറ്റിയാ ആ പ്രദേശത്തെ ആളുകൾക്ക് ഭൗതിക സമൃദ്ധിയിലും വളരെ മികച്ച ഒരു പ്രയോജനം കൈവരുത്തി. ഉദാഹരണത്തിന്, ബിസിനസ്സിൽ നല്ല അഭിവൃദ്ധിയുണ്ടായിരുന്ന ലുദിയ എന്ന സ്ത്രീയുടെ കാര്യമെടുക്കുക. അവൾ ഫിലിപ്പിയിലാണു പാർത്തിരുന്നത്. പൗലൊസിന്റെ സുവാർത്താ പ്രസംഗം കേട്ട യൂറോപ്പിലെ ആദ്യനഗരമായിരുന്നു ഫിലിപ്പി. പൊ.യു. 50-ൽ നവപൊലിയിൽ കപ്പലിറങ്ങിയശേഷം അപ്പോസ്തലനായ പൗലൊസും സഹകാരികളും വിയാ എഗ്നാറ്റിയായിലൂടെ 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായി യാത്രചെയ്ത് ഫിലിപ്പിയിൽ എത്തിച്ചേർന്നു.
“ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു” എന്ന് ലൂക്കൊസ് എഴുതി. പൗലൊസിനെ ശ്രദ്ധിച്ച സ്ത്രീകളിൽ ലുദിയയും ഉണ്ടായിരുന്നു. ആ ദിവസം തന്നെ അവളും വീട്ടുകാരും വിശ്വാസികളായിത്തീർന്നു.—പ്രവൃത്തികൾ 16:13, 14.
ഫിലിപ്പിയിൽനിന്നു പൗലൊസും സഹകാരികളും വിയാ എഗ്നാറ്റിയായിലൂടെ അംഫിപൊലിസും അപ്പൊലോന്യയും കടന്ന് തെസ്സലൊനീക്കയിൽ എത്തി. അവർ മൊത്തം ഏതാണ്ട് 120 കിലോമീറ്റർ യാത്രചെയ്തു. (പ്രവൃത്തികൾ 17:1) തെസ്സലൊനീക്കയിൽ സുവാർത്ത പ്രസംഗിക്കുന്നതിന് പ്രാദേശിക സിനഗോഗിലെ യഹൂദരുടെ ശബ്ബത്ത്ദിന കൂടിവരവുകളെ പൗലൊസ് ഉപയോഗപ്പെടുത്തി. അങ്ങനെ യഹൂദരിൽ ചിലരും ഗ്രീക്കുകാരുടെ വലിയൊരു കൂട്ടവും വിശ്വാസികളായിത്തീർന്നു.—പ്രവൃത്തികൾ 17:2-4.
അതുപോലെതന്നെ ഇന്ന്, അൽബേനിയയിലെയും ഗ്രീസിലെയും യഹോവയുടെ സാക്ഷികൾ ആ പ്രദേശങ്ങളിലുള്ള ആളുകളുടെ അടുക്കലെത്തുന്നതിന് അതേ രാജപാതയുടെതന്നെ ഭാഗങ്ങൾ ഉപയോഗപ്പെടുത്തുന്നു. അപ്പോസ്തലനായ പൗലൊസും അവന്റെ മിഷനറി സഹകാരികളും ചെയ്തതുപോലെതന്നെ ദൈവരാജ്യത്തിന്റെ സുവാർത്ത വ്യാപിപ്പിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. (മത്തായി 28:19, 20; പ്രവൃത്തികൾ 1:8) തീർച്ചയായും ഒന്നാം നൂറ്റാണ്ടുമുതൽ ഈ 20-ാം നൂറ്റാണ്ടുവരെ ആത്മീയ വികസനത്തിനു സഹായിച്ചിരിക്കുന്ന ഒരു റോമൻ രാജപാതയാണ് വിയാ എഗ്നാറ്റിയാ!
[16,17 പേജുകളിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ബ്രിട്ടൻ
യൂറോപ്പ്
ആഫ്രിക്ക
ബാൾക്കൻ ഉപദ്വീപ്
മക്കെദോന്യ
ഇല്ലൂര്യയിലെ ഡിറാകിയും(അൽബേനിയയിലെ ഡുറെസ്)
തെസ്സലൊനീക്ക
അപ്പൊലോന്യ
അംഫിപൊലിസ്
ഫിലിപ്പി
ഗ്രീസ്
ത്രേസ്
നവപൊലി(കവാല)
ഇജിയൻ കടൽ
ത്രോവാസ്
കരിങ്കടൽ
ബിസാൻഷിയം(ഇസ്റ്റംബൂൾ)
മാർമറ കടൽ
ടർക്കി
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Mountain High Maps® Copyright © 1995 Digital Wisdom, Inc.
[16-ാം പേജിലെ ചിത്രം]
നവപൊലിയിലേക്കുള്ള പാത
[17-ാം പേജിലെ ചിത്രം]
ഫിലിപ്പിയിലേക്കുള്ള പാത