യുവജനങ്ങൾ ചോദിക്കുന്നു . . .
എല്ലായ്പോഴും എന്നെ കുറ്റപ്പെടുത്തുന്നത് എനിക്കെങ്ങനെ നിർത്താനാകും?
“എല്ലായ്പോഴും എന്നെ കുറ്റപ്പെടുത്തിയിരുന്നു. വീടു പൂട്ടാതെ കിടന്നാലോ സ്റ്റോവ് ഓഫാക്കാതെ കിടന്നാലോ എന്തെങ്കിലും സാധനം വെച്ചിടത്തു കാണാതെവന്നാലോ ഏതെങ്കിലും ജോലി ചെയ്യാതെവന്നാലോ കുറ്റം രാമന്റെ തലയിൽ തന്നെയായിരുന്നു!”—രാമൻ.
നിങ്ങൾ കൗമാരപ്രായത്തിലായിരിക്കുമ്പോൾ എന്തു കുഴപ്പം സംഭവിച്ചാലും എല്ലാത്തിനുംതന്നെ നിങ്ങളെ കുറ്റപ്പെടുത്തുന്നതായി ചിലപ്പോൾ തോന്നിയേക്കാം. മാതാപിതാക്കൾ ചിലപ്പോൾ മക്കളെ കുറ്റപ്പെടുത്താൻ വളരെ തിടുക്കംകാട്ടുന്നുവെന്ന് ഒരു മുൻ അധ്യായത്തിൽ ഞങ്ങൾ സമ്മതിച്ചു.a ഇതിന്റെ കാരണങ്ങൾ മാതാപിതാക്കൾക്കു സ്വാഭാവികമായുള്ള ഉത്കണ്ഠമുതൽ ആഴമായ വൈകാരിക വേദനവരെ ആകാം. കാരണം എന്തുതന്നെയായിരുന്നാലും, നിങ്ങൾ ചെയ്യാത്ത കുറ്റത്തിനു നിങ്ങളെ കുറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നതും ലജ്ജാകരവും ആയിരിക്കാൻ കഴിയും.
തീർച്ചയായും, അപൂർണ മനുഷ്യനെന്ന നിലയിൽ നിങ്ങൾക്ക് ഇടയ്ക്കിടയ്ക്കു തെറ്റുപറ്റും. (റോമർ 3:23) മാത്രമല്ല, ചെറുപ്പമായതുകൊണ്ട് നിങ്ങൾക്കു താരതമ്യേന അനുഭവപരിചയവും കുറവാണല്ലോ. (സദൃശവാക്യങ്ങൾ 1:4, NW) നിങ്ങളുടെ തീരുമാനങ്ങളിൽ ഇടയ്ക്കൊക്കെ തെറ്റുകൾ പറ്റാൻ വളരെ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങൾക്കു തെറ്റുപറ്റുമ്പോൾ നിങ്ങളെ ഉത്തരവാദികളാക്കുന്നത് ഉചിതവും ന്യായയുക്തവുമാണ്.—സഭാപ്രസംഗി 11:9.
അപ്പോൾ, നിങ്ങൾ യഥാർഥത്തിൽ ചെയ്ത കുറ്റത്തിനു നിങ്ങളെ കുറ്റപ്പെടുത്തുമ്പോൾ എങ്ങനെ പ്രതികരിക്കണം? തങ്ങൾ ഏതോ വലിയ അനീതിക്ക് ഇരകളായെന്ന മട്ടിൽ പ്രവർത്തിക്കാൻ ചില യുവാക്കൾ ശ്രമിക്കുന്നു. മാതാപിതാക്കൾ തങ്ങളെ എല്ലാത്തിനും എപ്പോഴും കുറ്റപ്പെടുത്തുകയാണെന്ന് അവർ പുലമ്പിയേക്കാം. ഫലമോ? നിരാശരായ മാതാപിതാക്കൾ കുട്ടികൾക്ക് കാര്യം മനസ്സിലാക്കികൊടുക്കുന്നതിനായി കൂടുതൽ കർശനമായ നടപടികളെടുക്കുന്നു. ബൈബിൾ ഇങ്ങനെ ഉപദേശിക്കുന്നു: “ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.” (സദൃശവാക്യങ്ങൾ 1:7, 8) നിങ്ങൾ തെറ്റുകൾ സമ്മതിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ നിങ്ങളുടെ തെറ്റുകളിൽനിന്നു നിങ്ങൾക്കു പഠിക്കാൻ കഴിയും.—എബ്രായർ 12:11.
മാതാപിതാക്കളുമൊത്തുള്ള ‘വിശ്വസ്ത സംഭാഷണം’
എന്നാൽ ചെയ്യാത്ത കുറ്റത്തിനു നിങ്ങളെ കുറ്റപ്പെടുത്തുമ്പോഴോ എപ്പോഴും കുറ്റപ്പെടുത്തുമ്പോഴോ അതു തികച്ചും വേറൊരു സംഗതിയാണ്. നിങ്ങൾക്കു ദേഷ്യവും അമർഷവും തോന്നുമെന്നുള്ളതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്തായാലും നിങ്ങളെ കുറ്റപ്പെടുത്തുമെന്നു നിഗമനം ചെയ്തുകൊണ്ട് മോശമായി പെരുമാറാൻപോലും നിങ്ങൾക്കു പ്രലോഭനം തോന്നിയേക്കാം. (സഭാപ്രസംഗി 7:7, NW) എന്നാൽ വിദ്വേഷം നിറഞ്ഞ പ്രവർത്തനങ്ങൾ എല്ലാവരെയും മുറിപ്പെടുത്തുന്നു. (ഇയ്യോബ് 36:18 താരതമ്യം ചെയ്യുക.) സദൃശവാക്യങ്ങൾ 15:22 (NW) കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മെച്ചപ്പെട്ട മാർഗത്തിലേക്കു വിരൽചൂണ്ടുന്നു. അതിങ്ങനെ പറയുന്നു: “വിശ്വസ്ത സംഭാഷണമില്ലാത്തിടത്തു പദ്ധതികളുടെ ഒരു വിഫലമാക്കൽ ഉണ്ട്.” മാതാപിതാക്കൾ നിങ്ങളോടു പെരുമാറുന്ന വിധത്തിൽ മാറ്റംവരുത്തുന്നതിനുള്ള ഒരു മാർഗം നിങ്ങൾക്ക് എന്തു തോന്നുന്നുവെന്ന് അവരെ അറിയിക്കുന്നതാണ്.
ആദ്യമായി, ‘തക്കസമയം’ എന്നു ബൈബിൾ വിളിക്കുന്നതിനുവേണ്ടി നോക്കിയിരിക്കുക. (സദൃശവാക്യങ്ങൾ 15:23) എഴുത്തുകാരനായ ക്ലേറ്റൺ ബാർബോ ഇപ്രകാരം നിർദേശിക്കുന്നു: “ഇരുകൂട്ടരും ശാന്തരായിരിക്കുകയും ഒരുവിധം സ്വസ്ഥരായിരിക്കുകയും ചെയ്യുന്ന സമയത്ത് സംസാരിക്കുന്നതിന് ഒരു പറ്റിയ സ്ഥലം തിരഞ്ഞെടുക്കുക.” ബൈബിൾ കൂടുതലായി ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:1) അതുകൊണ്ട് ദയയോടും ആദരവോടുംകൂടി സമീപിക്കാൻ ശ്രമിക്കുക, വഴക്കുണ്ടാക്കരുത്. കോപിക്കാതിരിക്കുക. (സദൃശവാക്യങ്ങൾ 29:11) നിങ്ങളുടെ മാതാപിതാക്കളുടെ നേരെ തട്ടിക്കയറുന്നതിനു പകരം (‘നിങ്ങൾ എല്ലാത്തിനും എപ്പോഴും എന്നെ കുറ്റപ്പെടുത്തുന്നു!’) അവർ സ്ഥിരമായി കുറ്റപ്പെടുത്തുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നുവെന്നു വിശദീകരിക്കാൻ ശ്രമിക്കുക. (‘ഞാൻ ചെയ്യാത്ത കുറ്റത്തിന് എന്നെ പഴിക്കുമ്പോൾ എനിക്കു വിഷമം തോന്നുന്നു.’)—ഉല്പത്തി 30:1, 2 താരതമ്യം ചെയ്യുക.
എന്തെങ്കിലും തെറ്റിദ്ധാരണനിമിത്തം മാതാപിതാക്കൾ കോപിച്ചിരിക്കുമ്പോഴും ഇതുതന്നെ ചെയ്യാൻ കഴിയും. ഒരിക്കൽ ബാലനായ യേശുവിനെ കാണാതായപ്പോൾ അവന്റെ മാതാപിതാക്കൾ വ്യാകുലപ്പെട്ടു. എന്നാൽ യേശു ആവലാതിപറയുകയോ പരാതിപ്പെടുകയോ ചെയ്തില്ല. ശാന്തനായി അവൻ സാഹചര്യം വ്യക്തമാക്കി. (ലൂക്കൊസ് 2:49) നിങ്ങൾ കുഴപ്പത്തിലായിരിക്കുമ്പോൾ മാതാപിതാക്കളോടു പക്വതയുള്ള രീതിയിൽ ഇടപെടാൻ എന്തുകൊണ്ടു ശ്രമിച്ചുകൂടാ? നിങ്ങൾക്കു വേണ്ടി കരുതുന്നതുകൊണ്ടാണ് അവർ ആകുലചിത്തരായിരിക്കുന്നതെന്നു മനസ്സിലാക്കുക! അവർ പറയുന്നത് ആദരപൂർവം കേൾക്കുക. (സദൃശവാക്യങ്ങൾ 4:1) അവരൊന്നു ശാന്തരായശേഷം നിങ്ങളുടെ ഭാഗം വിശദീകരിക്കുക.
‘നിങ്ങളുടെ സ്വന്ത പ്രവൃത്തി എന്താണെന്നു തെളിയിക്കൽ’
എന്നാൽ, ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെക്കുറിച്ച് ആദ്യംതന്നെ തെറ്റായ നിഗമനങ്ങളിലെത്തിച്ചേരാൻ തിടുക്കമുള്ളവരായിരിക്കുന്നതെന്തുകൊണ്ടാണ്? തുറന്നുപറഞ്ഞാൽ, കുട്ടികൾ ചിലപ്പോൾ മാതാപിതാക്കൾക്കു സംശയിക്കാനുള്ള വക നൽകുന്നുണ്ട്. സദൃശവാക്യങ്ങൾ 20:11 (NW) ഇങ്ങനെ പറയുന്നു: “തന്റെ പ്രവൃത്തി നിർമലവും നേരുള്ളതുമാണോ എന്ന് ഒരു ബാലൻ തന്റെ ക്രിയകളാൽ തിരിച്ചറിയിക്കുന്നു.” നിങ്ങളുടെ മാതാപിതാക്കളുടെ മുമ്പാകെ നിങ്ങൾക്ക് ഏതുതരം പേരാണുള്ളത്? നിങ്ങളുടെ ‘ക്രിയകൾ’ നിങ്ങളെ ‘നേരുള്ള’വനും ഗൗരവബോധമുള്ളവനുമായാണോ അതോ അശ്രദ്ധനും ഉത്തരവാദിത്വബോധമില്ലാത്തവനുമായാണോ തിരിച്ചറിയിച്ചിരിക്കുന്നത്? രണ്ടാമതു പറഞ്ഞതാണു ശരിയെങ്കിൽ അവർ നിങ്ങളെക്കുറിച്ച് മിക്കപ്പോഴും തെറ്റായ നിഗമനങ്ങളിലെത്തിച്ചേരാൻ തിടുക്കമുള്ളവരായിരിക്കുന്നതിൽ അതിശയിക്കരുത്. “ഉള്ളതു പറഞ്ഞാൽ, ചിലപ്പോൾ അവരുടെ സംശയങ്ങളിൽ കുറെയൊക്കെ കഴമ്പുണ്ടായിരുന്നു” എന്ന് നേരത്തെ പരാമർശിച്ച രാമൻ എന്ന ചെറുപ്പക്കാരൻ തന്റെ മാതാപിതാക്കളുടെ വിമർശനത്തെക്കുറിച്ചു സമ്മതിച്ചുപറഞ്ഞു.
നിങ്ങളുടെ കാര്യത്തിൽ ഇത് സത്യമാണെങ്കിൽ ചെയ്യാൻ കഴിയുന്ന ഒരേയൊരു സംഗതി ഗതകാല ചെയ്തികളെ തിരുത്തിക്കുറിക്കുന്ന തരത്തിൽ ജീവിതം നയിക്കുകയെന്നതാണ്. ആശ്രയയോഗ്യവും ഉത്തരവാദിത്വബോധത്തോടു കൂടിയതുമായ പെരുമാറ്റ മാതൃക സ്ഥാപിക്കുകവഴി നിങ്ങൾ മാറ്റംവരുത്തിയിരിക്കുന്നുവെന്നും ആശ്രയയോഗ്യനാണെന്നും ക്രമേണ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയേക്കാം.
രാമന്റെ അനുഭവം ഈ ആശയത്തെ ദൃഷ്ടാന്തീകരിക്കുന്നു. കാര്യങ്ങൾ മറക്കുന്ന ശീലം അവന് ഉണ്ടായിരുന്നതുകൊണ്ട് കൂട്ടുകാരും കുടുംബാംഗങ്ങളും സൗഹൃദപൂർവം അവന് മറവിക്കാരൻ പ്രൊഫസർ എന്ന പരിഹാസപ്പേരിട്ടു. “പക്വതയില്ലാത്തവൻ” എന്നോ “ഉത്തരവാദിത്വബോധമില്ലാത്തവൻ” എന്നോ മറ്റോ ഉള്ള ഒരു മോശമായ പേര് മാതാപിതാക്കൾ നിങ്ങൾക്കിട്ടിട്ടുണ്ടോ? അത്തരം പേരുകൾ “കൗമാരപ്രായക്കാരന് അല്ലെങ്കിൽ കൗമാരപ്രായക്കാരിക്ക് തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താൻ തക്കവണ്ണം തെറ്റ് കാണിച്ചുകൊടുക്കുന്നു”വെന്ന് മാതാപിതാക്കൾ വിചാരിച്ചേക്കാമെന്ന് എഴുത്തുകാരിയായ കാത്ലീൻ മകോയ് പറയുന്നു. എന്നാൽ, വാസ്തവത്തിൽ അത്തരം പേരുകൾ പലപ്പോഴും വലിയ നീരസത്തിന് ഇടയാക്കുന്നു. എങ്കിലും, പരിഹാസപ്പേര് ഒരു പ്രധാന സംഗതി ശ്രദ്ധയിൽകൊണ്ടുവന്നുവെന്ന് രാമൻ മനസ്സിലാക്കി. “എനിക്ക് എപ്പോഴും ഒരു കാര്യത്തിൽ മാത്രമേ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് എന്റെ താക്കോൽ കളഞ്ഞുപോകുകയും ഗൃഹപാഠത്തിന്റെയും വീട്ടുജോലികളുടെയും കാര്യം ഞാൻ മറന്നുപോകുകയും ചെയ്തിരുന്നു,” അവൻ സമ്മതിക്കുന്നു.
അതുകൊണ്ട് രാമൻ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. “ഞാൻ ഉത്തരവാദിത്വങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും മനസ്സിലാക്കാൻ തുടങ്ങി. ഞാൻ ഒരു പട്ടിക തയ്യാറാക്കുകയും വ്യക്തിപരമായ ബൈബിൾ പഠനത്തെ കൂടുതൽ ഗൗരവത്തോടെ കാണുകയും ചെയ്തു. യഹോവ ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കി,” അവൻ അനുസ്മരിക്കുന്നു. (ലൂക്കൊസ് 16:10) ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുക വഴി രാമൻ മറവിക്കാരൻ എന്ന ദുഷ്പേരുതന്നെ ഒടുവിൽ മാറ്റിയെടുത്തു. അതുതന്നെ ചെയ്യാൻ നിങ്ങൾക്കും ശ്രമിച്ചുനോക്കരുതോ? ഒരു പേരോ പരിഹാസപ്പേരോ നിങ്ങളെ യഥാർഥത്തിൽ വിഷമിപ്പിക്കുന്നെങ്കിൽ അതു നിങ്ങളുടെ മാതാപിതാക്കളുമായി ചർച്ചചെയ്യുക. ഒരുപക്ഷേ അവർ നിങ്ങളുടെ വിധത്തിൽ കാര്യങ്ങളെ വീക്ഷിച്ചേക്കാം.
പക്ഷപാതം കാണിക്കുന്നതായി തോന്നുമ്പോൾ
ചിലപ്പോൾ കുറ്റപ്പെടുത്തലിനു പിന്നിലെ കാരണം പക്ഷപാതം ആയിരിക്കുന്നതായി തോന്നുന്നു. “എന്റെ ചേട്ടൻമാരും ചേച്ചിമാരും വീട്ടിൽ താമസിച്ചെത്തിയാൽ അവരെ ആരും ഒന്നും പറയുകയില്ലായിരുന്നു. എന്നാൽ ഞാൻ താമസിച്ചെത്തിയാൽ എന്നെ വഴക്കു പറയുമായിരുന്നു,” രാമൻ ഓർമകളുടെ കെട്ടഴിക്കുന്നു. വളർന്നുവരവേ തനിക്കും അതുപോലെതന്നെ തോന്നിയിരുന്നതായി ആൽബെർട്ട് എന്നു പേരുള്ള ഒരു ഗയാനക്കാരൻ ഓർമിക്കുന്നു. തന്റെ സഹോദരനു നൽകിയിരുന്നതിനെക്കാൾ പരുഷമായ ശിക്ഷണം അമ്മ തനിക്കു നൽകിയിരുന്നതായി അയാൾക്കു തോന്നിയിരുന്നു.
എന്നാൽ, തോന്നൽ എല്ലായ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. മാതാപിതാക്കൾ പലപ്പോഴും മൂത്ത കുട്ടികൾക്കു കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്നു. ഇത് പക്ഷപാതം നിമിത്തമല്ല, അവർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്ന് അവർക്കു തോന്നുന്നതുകൊണ്ടു മാത്രമാണ്. അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങളായിരിക്കാം കാരണം. തന്റെ സഹോദരൻ “കൊച്ചുകുട്ടിയും രോഗിയും” ആയിരുന്നതുകൊണ്ടാണ് അമ്മ അവനു ശാരീരിക ശിക്ഷണം നൽകാഞ്ഞത് എന്ന് ആൽബെർട്ട് സമ്മതിക്കുന്നു. ഒരു കുട്ടിക്ക് ഉണ്ടായിരുന്നേക്കാവുന്ന പ്രത്യേക ആവശ്യങ്ങളോ പരിമിതികളോ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നത് മാതാപിതാക്കളുടെ ഭാഗത്തെ പക്ഷപാതമാണോ?
തീർച്ചയായും, മാതാപിതാക്കൾക്ക് ചിലപ്പോൾ മക്കളിൽ ചിലരോട് പ്രത്യേക വാത്സല്യമുണ്ടായിരിക്കും. (ഉല്പത്തി 37:3 താരതമ്യം ചെയ്യുക.) ആൽബെർട്ട് തന്റെ രോഗിയായ സഹോദരനെക്കുറിച്ചു പറയുന്നു: “മമ്മിക്ക് അവനോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു.” അനുഗ്രഹകരമെന്നു പറയട്ടെ, ക്രിസ്തീയ സ്നേഹം ഒരു പ്രത്യേക വ്യക്തിയിൽ ഒതുങ്ങിനിൽക്കുന്നില്ല. (2 കൊരിന്ത്യർ 6:11-13) അതുകൊണ്ട് മാതാപിതാക്കൾക്കു നിങ്ങളുടെ കൂടപ്പിറപ്പുകളിൽ ഒരാളോട് ‘പ്രത്യേക വാത്സല്യം’ ഉണ്ടെങ്കിൽത്തന്നെ അവർ നിങ്ങളെ സ്നേഹിക്കുന്നില്ലെന്ന് അത് അർഥമാക്കുന്നില്ല. യഥാർഥ പ്രശ്നം ഇതാണ്, നിങ്ങളുടെ കൂടപ്പിറപ്പിനോടുള്ള അന്ധമായ വാത്സല്യം നിമിത്തം അവർ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് നിങ്ങളോട് അനീതിയായി ഇടപെടുന്നുണ്ടോ? അങ്ങനെയാണു കാണപ്പെടുന്നതെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുന്നുവെന്ന് തീർച്ചയായും അവരെ അറിയിക്കുക. ശാന്തവും ന്യായയുക്തവുമായ രീതിയിൽ, അവർ പക്ഷപാതം കാണിച്ചതായി നിങ്ങൾക്കു തോന്നിയതിന്റെ പ്രത്യേക ദൃഷ്ടാന്തങ്ങൾ നൽകുക. ഒരുപക്ഷേ അവരതു ശ്രദ്ധിച്ചേക്കാം.
പ്രശ്നങ്ങളുള്ള കുടുംബങ്ങൾ
എല്ലാ സാഹചര്യങ്ങളും മാറ്റാനെളുപ്പമല്ല എന്നതു സമ്മതിക്കേണ്ടിയിരിക്കുന്നു. ചില മാതാപിതാക്കളുടെ കാര്യത്തിൽ ലജ്ജിപ്പിക്കുന്നതും കുറ്റപ്പെടുത്തുന്നതും വേരുറച്ചുപോയ ശീലങ്ങളാണ്. വൈകാരിക പ്രശ്നങ്ങളനുഭവിക്കുകയോ ആസക്തിയോടു പോരാടുകയോ ചെയ്യുന്ന മാതാപിതാക്കളുടെയിടയിൽ ഇതു വിശേഷാൽ സത്യമായിരുന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ കാര്യങ്ങൾ പറഞ്ഞുതീർക്കാൻ ശ്രമിക്കുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടായെന്നിരിക്കില്ല. നിങ്ങളുടെ കാര്യത്തിൽ ഇതു വാസ്തവമെന്നു തോന്നുന്നെങ്കിൽ നിങ്ങളുടെ മാതാപിതാക്കളുടെ പ്രശ്നങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും കുടുംബത്തിനു വെളിയിലുള്ളവരുടെ സഹായത്താൽ മാത്രമേ അതു പരിഹരിക്കാൻ കഴിയുകയുള്ളുവെന്നും മനസ്സിലാക്കുക. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി അവർക്ക് ഉചിതമായ ബഹുമാനവും ആദരവും കൊടുക്കുന്നതും അനാവശ്യമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതുമാണ്. (എഫെസ്യർ 6:1, 3) സദൃശവാക്യങ്ങൾ 22:3 ഇങ്ങനെ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.”b
അതേസമയം, കുടുംബത്തിനു വെളിയിലുള്ള ആരുടെയെങ്കിലും സഹായം തേടുക. പക്വതയുള്ള ഒരു മുതിർന്നയാളുമായി, ഒരുപക്ഷേ ഒരു ക്രിസ്തീയ മൂപ്പനുമായി സംസാരിക്കുക. അത്തരമൊരു വ്യക്തി നൽകുന്ന സ്നേഹപുരസ്സരമായ ശ്രദ്ധ നിങ്ങളാണ് എല്ലായ്പോഴും കുറ്റക്കാരൻ എന്ന തോന്നൽ ഇല്ലാതാക്കുന്നതിനു വളരെയധികം സഹായിക്കും. അതേസമയം, “ദൈവത്തോടു അടുത്തു ചെല്ലുവിൻ.” (യാക്കോബ് 4:8) മറ്റുള്ളവർ നിങ്ങളെ അന്യായമായി കുറ്റപ്പെടുത്തിയേക്കാമെന്നിരിക്കെ, “[ദൈവം] എല്ലായ്പോഴും ഭർത്സിക്കയില്ല [“കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കുകയില്ല,” NW]; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. . . . അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:9, 14) നിങ്ങൾ ദൈവദൃഷ്ടിയിൽ വിലയേറിയവനാണെന്നറിയുന്നത് അന്യായമായ കുറ്റപ്പെടുത്തൽ സഹിക്കുന്നതിനു നിങ്ങളെ സഹായിക്കും.
[അടിക്കുറിപ്പുകൾ]
a “യുവജനങ്ങൾ ചോദിക്കുന്നു . . . കുറ്റം എപ്പോഴും എനിക്കായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന 1997 ജൂലൈ 22 ലക്കത്തിൽ പ്രത്യക്ഷപ്പെട്ട ലേഖനം കാണുക.
b ഞങ്ങളുടെ 1990 ആഗസ്റ്റ് 8 ലക്കത്തിൽ വന്ന ‘യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് ഭർത്സനങ്ങളെ എങ്ങനെ നേരിടാൻ സാധിക്കും?’ എന്ന ലേഖനം കാണുക. 1996 ഒക്ടോബർ 22 ഉണരുക!യിലെ “വ്രണപ്പെടുത്തുന്ന വാക്കുകളിൽനിന്ന് സുഖപ്പെടുത്തുന്ന വാക്കുകളിലേക്ക്” എന്ന ലേഖനപരമ്പരയും കൂടെ കാണുക.
[21-ാം പേജിലെ ചിത്രം]
നമ്മുടെ തെറ്റുകൾ സമ്മതിക്കുന്നത് തെറ്റുകളിൽനിന്നു പഠിക്കാൻ നമ്മെ സഹായിക്കുന്നു