ലോകത്തെ വീക്ഷിക്കൽ
ചെറുപ്പത്തിലേ മരിക്കുന്നു
ഐക്യനാടുകളിലെ കുട്ടികൾ മറ്റ് 25 വ്യവസായവത്കൃത രാജ്യങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് വെടിയേറ്റു മരിക്കാനുള്ള സാധ്യത 12 ഇരട്ടിയാണെന്നും ഹത്യക്കിരയാകാനുള്ള സാധ്യത 5 ഇരട്ടിയാണെന്നും ആത്മഹത്യ ചെയ്യാനുള്ള സാധ്യത രണ്ടിരട്ടിയാണെന്നും ദ ഡല്ലാസ് മോർണിങ് ന്യൂസ് പറയുന്നു. “യു.എസ്.-ൽ ഇവയിലും കൂടിയ നിരക്കാണു ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ ഇത്ര വലിയ വ്യത്യാസം കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു പോയി,” ജോർജിയയിലെ അറ്റ്ലാന്റയിലുള്ള രോഗനിയന്ത്രണ കേന്ദ്രങ്ങൾക്കുവേണ്ടിയുള്ള റിപ്പോർട്ടിന്റെ കോ-ഓർഡിനേറ്ററായ ഏറ്റ്യൻ ക്രൂഗ് പറയുന്നു. കുട്ടികൾക്കിടയിലെ ദാരുണ മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ മയക്കുമരുന്നുകൾ, ദാരിദ്ര്യം, തകർന്ന കുടുംബങ്ങൾ, പരിമിതമായ വിദ്യാഭ്യാസ സാധ്യതകൾ എന്നിവ ഉൾപ്പെടുന്നു.
ഭക്ഷ്യജന്യ രോഗബാധകൾ
“പഴകാത്ത വിവിധതരം ഭക്ഷ്യോത്പന്നങ്ങ”ൾക്കുവേണ്ടി “വർഷത്തിലുടനീള”മുള്ള ഉപഭോക്തൃ ആവശ്യവും “ഉത്പന്നങ്ങൾ ഒറ്റ രാത്രികൊണ്ട് എവിടെ വേണമെങ്കിലും എത്തിക്കാൻ പര്യാപ്തമായ ആഗോള വിപണി”യും ഐക്യനാടുകളിൽ പുതിയ ഭക്ഷ്യജന്യ രോഗങ്ങൾക്കു കാരണമാകുന്നതായി ജാമാ (ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ) റിപ്പോർട്ടു ചെയ്യുന്നു. ഭക്ഷ്യജന്യ സൂക്ഷ്മാണുക്കൾ “വർഷംതോറും ഐക്യനാടുകളിൽ 65 ലക്ഷംമുതൽ 8 കോടി 1 ലക്ഷംവരെ ആളുകളെ രോഗികളാക്കുകയും ഏതാണ്ട് 9,000 ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്യുന്ന”തായി കഴിഞ്ഞ പത്തു വർഷത്തെ പഠനങ്ങളെ ആസ്പദമാക്കി ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു. ജൈവ വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്തുണ്ടാക്കുന്ന ആഹാരസാധനങ്ങളുടെ (കാലിവളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്തുണ്ടാക്കുന്ന ആഹാരസാധനങ്ങൾ) കൂടുതലായ ഉപഭോഗം പ്രശ്നത്തിനു കാരണമായേക്കുമെന്നും ചില വിദഗ്ധർ വിശ്വസിക്കുന്നു. ജാമാ റിപ്പോർട്ടു പറയുന്നതനുസരിച്ച്, “താപമോ അല്ലെങ്കിൽ ഉപ്പോ പരിരക്ഷകങ്ങളോ പോലെയുള്ള കൂട്ടുപദാർഥങ്ങളോ (additives) ഉപയോഗിച്ച് സൂക്ഷ്മാണുക്കളെ നശിപ്പിക്കാത്തപക്ഷം ഇ കോളൈക്ക് ചാണകത്തിൽ 70 ദിവസംവരെ അതിജീവിക്കാനും കാലിവളം ഉപയോഗിച്ച് കൃഷി ചെയ്തെടുക്കുന്ന വിളകളിൽ പെരുകാനും സാധിക്കും.”
“വിശുദ്ധ വാനരന്മാർ”—ഒരു ശല്യം
റീസസ് കുരങ്ങുകൾ, ഓർമയുള്ള കാലംതൊട്ടേ ഇന്ത്യയിലെ വൃന്ദാവനത്തിൽ ജീവിച്ചിരുന്നതായി പുരാജീവി ഗവേഷകയായ ഇക്ബാൽ മാലിക്ക് പറയുന്നു. വാനരന്മാരെ പലരും വിശുദ്ധമായി കരുതുന്നു. പിടികൂടപ്പെടുമെന്ന ഭയമില്ലാതെ ഹിന്ദുക്കളുടെ പുണ്യ നഗരത്തിൽ അവ സ്വൈര്യമായി വിഹരിക്കുന്നു—അതായത്, ഇന്നോളം. ന്യൂ സയൻറിസ്റ്റ് മാഗസിൻ പറയുന്നതനുസരിച്ച്, അടുത്ത കാലത്ത് അവിടെ റീസസുകളുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട്. അവയ്ക്ക് തീറ്റ കൊടുക്കുന്ന തീർഥാടകരുടെ എണ്ണം വർധിച്ചിരിക്കുന്നതാണ് കാരണം. കുരങ്ങന്മാരെ പോറ്റുന്നത് ഐശ്വര്യം കൈവരുത്തുമെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ, പച്ചത്തഴപ്പ് തീരെ കുറവായതിനാൽ കുരങ്ങന്മാർക്ക് ആളുകൾ നീട്ടിക്കൊടുക്കുന്ന ഭക്ഷണത്തെ മാത്രം ആശ്രയിക്കേണ്ടതായി വന്നിരിക്കുന്നു. “അവ സഞ്ചികൾ മോഷ്ടിക്കാനും തീറ്റ തേടി വീടുകളിലേക്കു കടക്കാനും തുടങ്ങിയിരിക്കുന്നു.” കുരങ്ങന്മാരിൽ 60 ശതമാനത്തെയെങ്കിലും പിടികൂടി ഗ്രാമപ്രദേശങ്ങളിൽ മാറ്റിപ്പാർപ്പിക്കാൻ അവിടത്തെ നിവാസികൾ സമ്മതിച്ചിട്ടുണ്ട്. മാലിക്ക് പറയുന്നു: “ദൈവങ്ങൾ ഉപദ്രവകാരികളായി മാറിയിരിക്കുന്നു.”
ഇറുകിയതോ?
കൗമാരത്തിന്റെ അവസാനഘട്ടമാകുമ്പോൾ നമ്മുടെ പാദങ്ങളിലെ അസ്ഥികളുടെ വളർച്ച നിലയ്ക്കുമെങ്കിലും ആജീവനാന്തം പാദങ്ങൾക്കു മാറ്റം സംഭവിക്കുന്നു. കാനഡയിലെ പൊഡിയാട്രിക്ക് മെഡിസിൻ അസോസിയേഷന്റെ പ്രസിഡൻറായ നീൽ കോവൻ ഇങ്ങനെ പറയുന്നു: “പ്രായമേറുന്തോറും നമ്മുടെ പാദങ്ങൾ ഒരൽപ്പം പരന്നുപോകുന്നതുകൊണ്ട് അവയുടെ നീളവും വീതിയും വർധിക്കുന്നു. നമ്മുടെ അസ്ഥിബന്ധങ്ങൾ അൽപ്പം അയഞ്ഞു പോകുന്നതുകൊണ്ടോ അവയുടെ ദൃഢത നഷ്ടപ്പെടുന്നതുകൊണ്ടോ ആണത്.” പ്രായപൂർത്തിയായവരിൽ പകുതിയോളം പേർ ശരിയായ അളവിലുള്ള ഷൂസുകളല്ല ധരിക്കുന്നതെന്ന് പാദുക വിദഗ്ധർ കണക്കാക്കുന്നു. അവയുടെ വീതിയാണ് ഏറ്റവും സാധാരണ പ്രശ്നം. ആണികൾ, തടിപ്പുകൾ, പെരുവിരൽവീക്കം, പെരുവിരലിനുണ്ടാകുന്ന മറ്റു വൈകല്യങ്ങൾ എന്നിവയ്ക്ക് ഇതു കാരണമാകുന്നു. നിങ്ങളുടെ ഷൂസുകൾ വളരെ ഇറുകിയതാണോ? “നിങ്ങളുടെ നഗ്നമായ കാൽപ്പാദങ്ങൾ ഒരു കടലാസിൽ വെച്ച് രണ്ടിന്റെയും അളവു വരച്ചെടുക്കുക. എന്നിട്ട് നിങ്ങളുടെ ഷൂസുകൾ കടലാസിനുമീതെ വെച്ച് അതിന്റെ അളവും വരച്ചെടുക്കുക. രേഖാചിത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്താൽ നിങ്ങളുടെ കാൽപ്പാദങ്ങളെ ഷൂസിനകത്തേക്ക് എത്രമാത്രം തിരുകിക്കയറ്റുന്നുണ്ടെന്നുള്ളതു മനസ്സിലാക്കാൻ സാധിക്കും,” ദ ടൊറന്റോ സ്റ്റാർ പറയുന്നു. ഏറ്റവും പാകമുള്ള ഷൂസുകൾ ലഭിക്കാൻ, അവ വാങ്ങുമ്പോഴെല്ലാം കാൽപ്പാദങ്ങളുടെ അളവെടുക്കുക. ഉച്ചകഴിഞ്ഞോ സായാഹ്നത്തിലോ, അതായത് പാദങ്ങൾ പ്രവർത്തനനിരതമായശേഷം, ഷൂസുകൾ വാങ്ങുക.
‘അജ്ഞാത ശത്രുക്കളെ’ തേടി
1997-ൽ ഇറ്റലിയിലെ റോമിൽ താമസിക്കുന്നവരെ അലർജി അല്ലെങ്കിൽ ജലദോഷപ്പനി പതിവിനു വിപരീതമായി രണ്ടു മാസം മുമ്പുതന്നെ പിടികൂടാൻ തുടങ്ങിയെന്നു കോറീയെറേ ദേല്ലാ സേറാ പറയുന്നു. നേരത്തേയുള്ള ഈ പരാഗ ആക്രമണത്തിനു കാരണം, “ശൈത്യകാലത്തിന്റെ ദൈർഘ്യത്തെ ഗണ്യമായി കുറച്ചിരിക്കുന്ന, ഭൂമിയുടെ ശരാശരി താപനിലയിലെ പൊതുവേയുള്ള വർധനവാണ്” എന്ന് ഒരു അലർജി വിദഗ്ധൻ കരുതുന്നു. “പ്രസന്നമായ കാലാവസ്ഥ അജ്ഞാതമായ പരാഗരേണുക്കളെ കൊണ്ടുവന്നിരിക്കുന്നു. ഈ മേഖലയിലെ വിദഗ്ധർക്ക് അവയെ എതിരിടാൻ പ്രാപ്തിയില്ല” വർത്തമാനപത്രം അഭിപ്രായപ്പെടുന്നു. “അജ്ഞാത കാരണത്തിനുവേണ്ടിയുള്ള അന്വേഷണം അങ്ങനെ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ, “രോഗികൾ അലർജികൾ നിമിത്തം ദുരിതമനുഭവിക്കുകയാണ്. അവയുടെ കാരണങ്ങൾ നിർണയിക്കാൻ കഴിയുന്നില്ല.”
ഓസ്തി നിരീക്ഷകർ
മിസിസ്സിപ്പിയിലെ പികൂയൂനിലുള്ള കത്തോലിക്കാ പള്ളിയിൽ, കുർബാന അപ്പം വിഴുങ്ങാതെ ആരും പുറത്തുപോകുന്നില്ലെന്ന് ഉറപ്പു വരുത്താനായി പാറാവുകാരെ നിയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. കത്തോലിക്കർ വിശുദ്ധമായി കരുതുന്ന ഓസ്തി അല്ലെങ്കിൽ വിശുദ്ധ അപ്പവുംകൊണ്ട് ആളുകൾ ഒട്ടേറെ തവണ പള്ളിയിൽനിന്ന് ഇറങ്ങിപ്പോയതിനെ തുടർന്നാണ് ഈ നടപടി കൈക്കൊണ്ടത്. ദ ഡല്ലാസ് മോർണിങ് ന്യൂസ് പറയുന്നതനുസരിച്ച്, “ഓസ്തി അശുദ്ധമാക്കാ”നാണ് “സാത്താന്റെ ആരാധകർ അതു കൈക്കലാക്കുന്നത്” എന്ന് പുരോഹിതനായ ജോൺ നൂൻ പറയുന്നു. ഇടവകക്കാരെ നിരീക്ഷിച്ച് അവർ അതു വാസ്തവത്തിൽ വിഴുങ്ങുന്നുണ്ടോയെന്നു നോക്കുകയാണ് കുർബാന പാറാവുകാരുടെ ജോലി. അതു വിഴുങ്ങാത്തപക്ഷം, ഒന്നുകിൽ അതു കഴിക്കാനോ അല്ലെങ്കിൽ അതു തിരിച്ചു നൽകാനോ വിനയപൂർവം അവരോട് അഭ്യർഥിക്കുന്നു.
വീഡിയോ ഫ്ളാഷ് ബാക്ക്
പിഡിയാട്രിക്സ് മാഗസിനിൽ വന്ന ഒരു പ്രസ്താവനയനുസരിച്ച്, “സംഗീത വീഡിയോ പരിപാടികൾ നിരീക്ഷകരെ അക്രമാസക്തമായ കാര്യങ്ങൾക്കുനേരേ നിർവികാരരാക്കിക്കൊണ്ടും കൗമാരപ്രായക്കാർ വിവാഹത്തിനു മുമ്പുള്ള ലൈംഗികത അംഗീകരിക്കാൻ കൂടുതൽ ഇടനൽകിക്കൊണ്ടും ആളുകളുടെ സ്വഭാവത്തെ ഗണ്യമായി ബാധിച്ചേക്കാമെന്നു നിരവധി പരീക്ഷണാത്മക പഠനങ്ങൾ സൂചിപ്പിക്കുന്നു.” ഹെവി മെറ്റലിലെയും തെരുവു റോക്കുകളിലെയും ഈരടികളാണ് മാതാപിതാക്കൾക്കു കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. “ഒരു ചെറിയ കൂട്ടം കൗമാരപ്രായക്കാരെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും സംഗീതത്തോടുള്ള ആഭിമുഖ്യമായിരിക്കാം ലക്ഷണം. ഹെവി മെറ്റൽ സംഗീതത്തോടുള്ള ആഭിമുഖ്യം വിരക്തി, ലഹരിമരുന്നു ദുരുപയോഗം, മാനസിക വൈകല്യങ്ങൾ, ആത്മഹത്യാപ്രവണത, സ്ത്രീപുരുഷ ലൈംഗികധർമങ്ങളെക്കുറിച്ചുള്ള മുൻധാരണ, അല്ലെങ്കിൽ കൗമാരപ്രായത്തിലെ അപകടകരമായ പെരുമാറ്റങ്ങൾ എന്നിവയ്ക്കുള്ള ശക്തമായ തെളിവാണെന്നു നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.” 1995-നും 1996-നും ഇടയ്ക്ക് എട്ടു ഡോക്ടർമാർ കൂടിച്ചേർന്നു തയ്യാറാക്കിയ ഒരു റിപ്പോർട്ട് പറയുന്നതിങ്ങനെയാണ്: “പ്രേക്ഷകർ, ഒരു പാട്ടു കേൾക്കുമ്പോൾ അവർ അതിന്റെ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ ഉടനെ അവർ ആ ദൃശ്യം ഓർക്കുകയായി.”
ആനപ്പിണ്ടംകൊണ്ടുള്ള കടലാസ്
മൈക്ക് ബൂഗാറ തന്റെ മുറ്റത്ത് കലങ്ങൾ നിറയെ ആനപ്പിണ്ടം തിളപ്പിക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവർ തികച്ചും പരിഭ്രാന്തരായതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. അയാൾ മന്ത്രവാദം ചെയ്യുകയാണെന്നു ചിലർ വിചാരിച്ചു. എന്നാൽ വാസ്തവത്തിൽ അയാൾ കടലാസുണ്ടാക്കുകയായിരുന്നു. വാഴപ്പഴം, ചോളം, യൂക്കാലിപ്റ്റസ് ഇലകൾ എന്നിവയിൽനിന്നാണ് ബൂഗാറ ആദ്യം കടലാസു നിർമിച്ചത്. എന്നാൽ കെനിയയിലെ ആനകളിൽനിന്ന് ഉയർന്ന അളവിൽ നാരടങ്ങിയ ആനപ്പിണ്ടം യഥേഷ്ടം ലഭ്യമായിരുന്നതിനാൽ എന്തുകൊണ്ടത് കടലാസ് നിർമിക്കാൻ ഉപയോഗിച്ചുകൂടാ എന്ന് കടുത്ത സംരക്ഷണവാദിയായ അദ്ദേഹം ചിന്തിച്ചു. “ഈ ജീവിവർഗത്തെ കൊല്ലാതിരിക്കുന്നതിന്റെ മൂല്യം സംബന്ധിച്ച ജനങ്ങളുടെ അവബോധം” വർധിപ്പിക്കാനുള്ള ഫലപ്രദമായ ഒരു മാർഗമായിരിക്കും ഇതെന്ന് അയാൾ നിഗമനം ചെയ്തതായി ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഇക്കൊല്ലം കെനിയ വൈൽഡ്ലൈഫ് സർവീസിന്റെ 50-ാം വാർഷികത്തിനുള്ള ക്ഷണക്കത്തുകൾക്ക് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ആനപ്പിണ്ട കടലാസാണ്.
ആഹാര ആചാരങ്ങൾ
“ആചാരപരമായ മിക്ക ആധുനിക പെരുമാറ്റത്തിന്റെയും സിരാകേന്ദ്രം” ടിവി-യാണെന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുമ്പോൾ ഭക്ഷിക്കുന്ന സമ്പ്രദായമാണ് നൽകിയിരിക്കുന്ന ഒരു ഉദാഹരണം. ഇന്നത് ലോകമൊട്ടാകെയുള്ള രാജ്യങ്ങളിൽ ഒരു ആചാരമായി മാറിയിരിക്കുന്നു. ഉദാഹരണത്തിന്, മെക്സിക്കോയിൽ പല കുടുംബങ്ങളും അത്താഴം കഴിക്കുന്നത് സോപ്പ് ഓപ്പറകൾ കാണുന്നതിനിടയ്ക്കാണ്. “ആഹാരവേളയുടെ 62 ശതമാനവും ടിവി കണ്ടുകൊണ്ടാണ് ചെലവഴിക്കപ്പെടുന്നത്” എന്ന് ഫ്രാൻസിൽ അടുത്ത കാലത്തു നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. ചൈനയിലാണെങ്കിൽ, പ്രത്യേക ടിവി പരിപാടികൾ വറുത്ത തണ്ണിമത്തൻ കുരുക്കൾ കൊറിച്ചുകൊണ്ട് കാണാനാണ് പ്രേക്ഷകർക്കിഷ്ടം. സൂര്യകാന്തി വിത്തുകളുടെയും പിസ്തയുടെയും കൂട്ടത്തിൽ ഈ കറുത്ത കുരുക്കൾ, ഇസ്രായേലിലെ ടിവി പ്രേക്ഷകർക്കിടയിലും പ്രചാരം നേടിയിരിക്കുന്നു. ഫിലിപ്പീൻസിൽ ടിവി കാണുമ്പോൾ കഴിക്കുന്ന ലഘുഭക്ഷണത്തിൽ കോഴിയുടെ കാൽപ്പാദങ്ങൾ ചുട്ടത്, പന്നിച്ചെവി, കോഴിയുടെ കുടൽ കമ്പിൽ കോർത്ത് പൊരിച്ചെടുത്തത് എന്നിവ ഉൾപ്പെടുന്നു. പ്രിയപ്പെട്ട ലഘുഭക്ഷണമാണ് ബലൂട്ട്—“വിരിയാറായ താറാവിൻ മുട്ടകൾ പുഴുങ്ങി, കല്ലുപ്പ് വിതറി തോടിനകത്തുനിന്നു തന്നെ കഴിക്കുന്നത്,” ടൈംസ് പറയുന്നു.
പണച്ചെലവില്ലാത്ത കോളറ നിവാരണം
കോളറ തടയാൻ പണച്ചെലവില്ലാത്ത ഒരു മാർഗം കണ്ടെത്തിയിരിക്കുന്നതായി ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു—സാരിയിലൂടെ കുടിവെള്ളം അരിച്ചെടുക്കൽ! അതിസാരത്തിനു കാരണമായ ബാക്ടീരിയ, കോപ്പിപ്പോഡുകളുടെ—അതായത്, വെള്ളത്തിൽ ജീവിക്കുന്ന പ്ലവകസമാന കവചജീവികളുടെ—അന്നപഥത്തിലാണു വസിക്കുന്നതെന്ന് ഐക്യനാടുകളിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെയും ബംഗ്ലാദേശിലെ ധാക്കയിലുള്ള ഇൻറർനാഷനൽ സെൻറർ ഫോർ ഡയേറിയൽ ഡിസീസ് റിസർച്ചിലെയും ഗവേഷകർ കണ്ടെത്തി. സാരി നാലുമടക്കാക്കി അതിനു മുകളിലൂടെ വെള്ളമൊഴിക്കുന്നതുവഴി അതിസാരത്തിനു കാരണമായ ബാക്ടീരിയയുടെ 99 ശതമാനം നീക്കം ചെയ്യാവുന്നതാണ്. അതിനുശേഷം രണ്ടു മണിക്കൂർ നേരിട്ട് വെയിലത്തുണക്കിയോ മഴക്കാലത്താണെങ്കിൽ വിലകുറഞ്ഞ രോഗാണുനാശിനികൾ ഉപയോഗിച്ചോ സാരിയിൽനിന്ന് രോഗാണുക്കളെ നീക്കം ചെയ്യാവുന്നതാണ്. പരീക്ഷണശാലയ്ക്കു വെളിയിൽ ഇത്—രോഗബാധിത പ്രദേശങ്ങളിൽ വസിക്കുന്ന ആളുകളെ ഇതു നടപ്പിലാക്കാൻ പഠിപ്പിക്കുന്നത്—ഈ വർഷംതന്നെ ആരംഭിക്കുമെന്ന് ലണ്ടന്റെ വർത്തമാനപത്രമായ ദി ഇൻഡിപെൻറൻറ് റിപ്പോർട്ടു ചെയ്യുന്നു.
അമേരിക്കയുടെ തോക്കു പ്രിയം
“ഒരു ദേശീയ വോട്ടെടുപ്പനുസരിച്ച്, പ്രായപൂർത്തിയായ അമേരിക്കക്കാരിൽ 10-ൽ നാലു പേരുടെ വീതം ഭവനങ്ങളിൽ തോക്കുകൾ ഉണ്ട്. ആ ഭവനങ്ങളിലാകട്ടെ, ശരാശരി രണ്ടു തോക്കുകൾ വീതമുണ്ട്” എന്ന് ന്യൂയോർക്കിലെ ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. “വോട്ടെടുപ്പിൽ, 25 ശതമാനം തങ്ങൾക്ക് ഒരു കൈത്തോക്ക് ഉള്ളതായും 27 ശതമാനം ഒരു ഷോട്ട്ഗൺ ഉള്ളതായും 29 ശതമാനം ഒരു റൈഫിൾ ഉള്ളതായും പറഞ്ഞു.” പല ഭവനങ്ങളിലും ഒന്നിലധികം തരത്തിലുള്ള തോക്കുകളുണ്ട്.