ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ജാമ്യത്തടവുകാർ ഞാൻ ഒരു തടവുകാരനാണ്. എന്റെ ശിക്ഷ തീരാൻ ഇനി രണ്ടു വർഷം കൂടെയുണ്ട്. “ഞങ്ങൾ ഒരു കാരാഗൃഹകലാപത്തിൽ ജാമ്യത്തടവുകാരായിരുന്നു” എന്ന ലേഖനം ഞാൻ രണ്ടു പ്രാവശ്യം വായിച്ചു. (നവംബർ 8, 1996) ഓരോ പ്രാവശ്യം അതു വായിച്ചപ്പോഴും എന്റെ കണ്ണുകൾ സന്തോഷംകൊണ്ടു നിറഞ്ഞു. ഞാൻ വികാരാധീനനായി. യഹോവയുടെ സാക്ഷികൾ ഈ തടവറ സന്ദർശിക്കാൻ ഞാൻ എപ്പോഴും പ്രതീക്ഷാപൂർവം കാത്തിരിക്കുന്നു. അവരുടെ സന്ദർശനം അത്രയ്ക്ക് ഉന്മേഷദായകമാണ്!
ജെ. കെ., ഐക്യനാടുകൾ
ഒരു ലേഖനത്തെക്കുറിച്ചും ഞാൻ ഇതുവരെ നിങ്ങൾക്ക് എഴുതിയിട്ടില്ല. എന്നാൽ ജാമ്യത്തടവുകാരെപ്പറ്റിയുള്ള ആ ലേഖനം വിശ്വാസത്തെ വളരെ ശക്തിപ്പെടുത്തുന്ന ഒന്നായിരുന്നു. തന്റെ ജനം ദുഃഖത്തിലായിരിക്കുമ്പോൾ യഹോവ അവരെ ശക്തിപ്പെടുത്തുകതന്നെ ചെയ്യുന്നുവെന്ന എന്റെ വിശ്വാസത്തെ അതു പുതുക്കിയിരിക്കുന്നു.
കെ. ഡി., ഐക്യനാടുകൾ
മാർഗനിർദേശം “ബൈബിളിന്റെ വീക്ഷണം “നിങ്ങൾക്ക് ആരുടെ മാർഗനിർദേശത്തെ ആശ്രയിക്കാൻ കഴിയും?” എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദിച്ചു. (നവംബർ 8, 1996) അതെന്നെ വളരെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാർഗനിർദേശത്തിനായി ഞാൻ ആശ്രയിച്ചവരൊക്കെ എന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാതെ വന്നപ്പോൾ മറ്റനേകരെയുംപോലെ എനിക്കും വലിയ നിരാശ അനുഭവപ്പെട്ടു. പിതാവിന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ ആ പടം എന്റെ കണ്ണുകളെ ഈറനണിയിച്ചു. യെശയ്യാവു 41:13-ൽ യഹോവ തന്റെ ജനത്തിന്റെ ‘കൈ പിടിക്കും’ എന്നു പറയുന്നത് വളരെ ആശ്വാസദായകമായിരുന്നു.
എം. എസ്., ഐക്യനാടുകൾ
എനിക്ക് 17 വയസ്സുണ്ട്. അടുത്തകാലത്തായി ഞാൻ വളരെയധികം പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രാർഥിക്കാനും ആത്മീയമായ എന്തെങ്കിലും വിവരങ്ങൾ വായിക്കാനും എന്റെ സുഹൃത്ത് എന്നോടു പറഞ്ഞു. “നിങ്ങൾക്ക് ആരുടെ മാർഗനിർദേശത്തെ ആശ്രയിക്കാൻ കഴിയും?” എന്ന ലേഖനം വായിച്ചശേഷം, പ്രതീക്ഷ കൈവിടാതെ എന്റെ സ്വർഗീയ പിതാവിന്റെ കൈ കൂടുതൽ മുറുകെ പിടിക്കാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു!
സി. ജി., ഐക്യനാടുകൾ
ആംഗ്യഭാഷ “എന്റെ കുട്ടിയുമായി ആശയവിനിയമം നടത്താൻ ഞാൻ മറ്റൊരു ഭാഷ പഠിച്ചു” എന്ന ലേഖനത്തിന് ഒരായിരം നന്ദി. (നവംബർ 8, 1996) ഭർത്താവ് മരിച്ചുപോയ ഒരമ്മയാണ് ഞാൻ. എനിക്ക് 24 വയസ്സുള്ള ബധിരനായ ഒരു മകനുണ്ട്. അതുകൊണ്ട്, സിൻഡി ആഡംസ് അനുഭവിച്ചത് എന്തായിരുന്നുവെന്ന് എനിക്ക് വ്യക്തിപരമായ അനുഭവത്തിൽനിന്ന് അറിയാം. അവളുടെ നേട്ടത്തെ ഞാൻ വളരെ ആദരിക്കുന്നു.
എച്ച്. ബി., ജർമനി
ബധിരരുമായി ബൈബിൾ സന്ദേശം പങ്കുവെക്കാനും സഭയിലെ കേൾവി സംബന്ധമായ വൈകല്യങ്ങളുള്ള സഹോദരന്മാരുമായി ആശയവിനിയമം നടത്താനും സാധിക്കത്തക്കവിധം ആംഗ്യഭാഷ പഠിക്കാൻ തുടങ്ങുന്നതിന് ലേഖനം എന്നെ പ്രേരിപ്പിച്ചു.
ബി. എൽ., വെനെസ്വേല
ബധിരയായ ഒരു കൗമാരപ്രായക്കാരിയുമൊത്ത് ഞാൻ ബൈബിൾ പഠിച്ചിരുന്നു. ആംഗ്യഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ മാത്രമേ അറിയാമായിരുന്നുള്ളൂ എന്നത് ഒരു സത്യമായിരുന്നെങ്കിലും ഞങ്ങൾ പരസ്പരം വളരെയധികം കാര്യങ്ങൾ പഠിച്ചു. മകനുവേണ്ടി ഭാഷ പഠിക്കാനുള്ള സിൻഡി ആഡമിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ചു വായിച്ചത്, എന്റെ സമുദായത്തിലുള്ള ബധിരരുമായി ബൈബിളിലെ സുവാർത്ത പങ്കുവെക്കാൻ തക്കവണ്ണം സുന്ദരമായ ഈ ഭാഷയിലെ എന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ എന്നെ സഹായിച്ചു.
എസ്. റ്റി., സെൻറ് മാർട്ടിൻ, നെതർലൻഡ്സ് ഏൻറ്റില്ലെസ്
എനിക്കും കേൾവി സംബന്ധമായ വൈകല്യങ്ങളുള്ള ഒരു മകനുണ്ട്. ഞങ്ങൾ ആശയവിനിയമം നടത്താൻ തിരഞ്ഞെടുത്തത് വാചിക രീതിയാണ്. സംസാരിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുക്കുന്നതിലും ചുണ്ടുകളുടെ ചലനം വായിക്കുന്നതിലുമാണ് ഈ മാർഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്റെ മകനെ സംബന്ധിച്ചിടത്തോളം അതൊരു നല്ല തിരഞ്ഞെടുപ്പായി ഭവിച്ചിരിക്കുന്നു. തുടക്കത്തിൽ അവന് സഭായോഗങ്ങളിൽനിന്ന് ഒട്ടുംതന്നെ പ്രയോജനം അനുഭവിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാനോ മറ്റുള്ളവരോ അവനു വാചികമായി വ്യാഖ്യാനിച്ചുകൊടുക്കുമ്പോൾ അവനു മനസ്സിലാകുന്നുണ്ട്. അവൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പ്രസംഗങ്ങൾ നടത്താറുണ്ട്. അവൻ സ്നാപനമേൽക്കാത്ത ഒരു പ്രസാധകനാണ്. ഒട്ടേറെ വർഷത്തെ അധ്വാനത്തിന് ഇപ്പോൾ ഫലം ലഭിച്ചിരിക്കുന്നു. മാതാപിതാക്കളും പ്രാദേശിക സഭയും കുട്ടിയെ പ്രോത്സാഹിപ്പിക്കാനും അവനുമായി ആശയവിനിയമം നടത്താനും പരിശ്രമിക്കുന്നിടത്തോളം കാലം അമേരിക്കൻ ആംഗ്യഭാഷയോ വാചികരീതിയോ പ്രയോജനപ്രദമായിരിക്കുമെന്നു ഞങ്ങളുടെ അനുഭവം കാണിക്കുന്നു.
എം. റ്റി., ഐക്യനാടുകൾ