ആർഎസ്ഡി-യുമായുള്ള എന്റെ പോരാട്ടം
എനിക്ക് 40 വയസ്സു കഴിഞ്ഞു. ഒരു മുഴുസമയ സ്വമേധയാസേവികയായ ഞാൻ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഓഫീസ് ജോലിയാണ് ചെയ്യുന്നത്. ഏതാനും വർഷം മുമ്പ് നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കു വിധേയയായ എന്നെ സംബന്ധിച്ചിടത്തോളം വേദന പുത്തരിയായിരുന്നില്ല. അതുകൊണ്ട്, 1994 ജനുവരിയിൽ ഇടത്തെ കയ്യുടെ മണിബന്ധ സന്ധിയിലുണ്ടായ ഗാംഗ്ലിയൻ സിസ്റ്റിനുവേണ്ടി ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടിവന്നപ്പോൾ ഞാൻ കുറച്ചൊക്കെ വേദനയും അസ്വാസ്ഥ്യവും പ്രതീക്ഷിച്ചു—എന്നാൽ അസഹനീയമായ വേദനയൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ശസ്ത്രക്രിയ വിജയകരമായിരുന്നു, എന്നാൽ അതിനുശേഷം ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ എന്റെ ഇടത്തെ കൈക്കു വല്ലാത്ത വേദന അനുഭവപ്പെടാൻ തുടങ്ങി. കൈ നീരുവെക്കുകയും അതിന്റെ നിറംമാറുകയും ചെയ്തു. നഖങ്ങൾ വളരുകയും ദുർബലമായിത്തീരുകയും ചെയ്തു. വേദന കാരണം നഖം വെട്ടാൻ കഴിഞ്ഞില്ല. എനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നുതന്നെ പറയാം. ആദ്യം ഡോക്ടർമാരും തെറാപ്പി നടത്തുന്നയാളും കാര്യം മനസ്സിലാകാതെ കുഴങ്ങി. എന്നാൽ രോഗലക്ഷണങ്ങൾ കൂടുതൽ വഷളായതോടെ എനിക്ക് ആർഎസ്ഡി-യാണെന്ന് (റിഫ്ളക്സ് സിംപതെറ്റിക് ഡിസ്ട്രോഫി) ശസ്ത്രക്രിയാവിദഗ്ധനു മനസ്സിലായി—അത് ക്രോണിക് റീജനൽ പെയ്ൻ സിൻഡ്രോം എന്നും അറിയപ്പെടുന്നു. അപ്പോഴേക്കും, ശസ്ത്രക്രിയ നടന്നിട്ട് മൂന്നു മാസം കഴിഞ്ഞിരുന്നു.
ആർഎസ്ഡി അനുഭവപ്പെടുന്ന വിധം
ഞാൻ ആർഎസ്ഡി-യെക്കുറിച്ച് ഒരിക്കലും കേട്ടിരുന്നില്ല. എന്നാൽ അതെന്താണെന്ന് ഞാൻ അനുഭവിച്ചറിയുകയായിരുന്നു—വേദന. അതികഠിനമായ വേദന. എന്റെ കൈക്കും കൈപ്പത്തിക്കും വിട്ടുമാറാത്ത വേദന അനുഭവപ്പെട്ടു. കൈപ്പത്തി നീരുവെച്ച്—അത് മൂന്നിരട്ടി വലുപ്പമുള്ളതായിത്തീർന്നു—വേദനിക്കാൻ തുടങ്ങി. വേദന എന്നു പറഞ്ഞാൽ സദാ നീറ്റലോടുകൂടിയ വേദന. തീപിടിച്ച ഒരു ഭവനത്തിലായിരിക്കുന്നതുപോലുള്ള അനുഭവമായിരുന്നു അത്, എനിക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഞാൻ അതിശയോക്തി പറയുകയല്ല! എന്നെ സംബന്ധിച്ചിടത്തോളം അത് സങ്കൽപ്പിക്കാവുന്നതിൽവെച്ച് അതികഠിനവും ഒരിക്കലും വിട്ടുമാറാത്തതുമായ വേദനയായിരുന്നു. കാഠിന്യം കുറഞ്ഞതും കൂടിയതുമായ പലതരത്തിലുള്ള വേദനകൾ ഞാൻ അനുഭവിച്ചു. ചിലപ്പോഴാണെങ്കിൽ ഒരു തേനീച്ചക്കൂട്ടം കുത്തുന്നതുപോലുള്ള വേദനയാണ് എനിക്കനുഭവപ്പെട്ടത്. മറ്റു ചിലപ്പോഴാകട്ടെ ഞെരിച്ചമർത്തുന്നതുപോലെയും ബ്ലെയ്ഡുകൾകൊണ്ട് ശരീരം കീറിമുറിക്കുന്നതുപോലെയും എനിക്കു തോന്നി. എന്റെ നീളമുള്ള മുടി ദേഹത്തു മുട്ടുന്നതുപോലും എനിക്കു സഹിക്കാൻ കഴിഞ്ഞില്ല—അതു ദേഹത്തു മുട്ടുമ്പോൾ മുള്ളു കുത്തിക്കൊള്ളുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. ഈ അതിവേദനയിൽനിന്ന് ഒരിറ്റ് ആശ്വാസത്തിനായി ഞാൻ കൊതിച്ചു.
ഒരിക്കൽ ഇടവിടാതെയുള്ള ദുസ്സഹവേദന അനുഭവപ്പെട്ടപ്പോൾ കുളിമുറിയിൽവെച്ച് കൈ വെട്ടിക്കളയുന്നതിനെക്കുറിച്ചുപോലും ഞാൻ ചിന്തിച്ചു. യാതനയിൽനിന്ന് മോചനംനേടാൻ എത്ര വെട്ടുകൾ വേണ്ടിവരുമെന്ന് ഞാൻ ആലോചിച്ചു. (അംഗച്ഛേദം പ്രശ്നപരിഹാരമാകുകയില്ലെന്ന് പിന്നീട് ഡോക്ടർമാർ എന്നോടു പറഞ്ഞു.) കെണിയിലകപ്പെട്ട കാൽ കടിച്ചുകീറി മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു കുറുക്കനെപ്പോലെ തോന്നി എനിക്ക്.
ഒടുവിൽ ഒരിറ്റ് ആശ്വാസം!
അവസാന ആശ്രയമെന്ന നിലയിൽ ഒടുവിൽ എന്നെ ഒരു വേദനാ ചികിത്സാലയത്തിലേക്ക് അയച്ചു. അവിടെവെച്ച് ഞാൻ, ന്യൂയോർക്കിലെ ബ്രുക്ലിൻ ഹൈറ്റ്സിൽ ചികിത്സ നടത്തുന്ന വേദനാസംഹാര വിദഗ്ധനും അനസ്തേഷ്യാവിദഗ്ധനുമായ ഡോ. മാത്യു ലെഫ്കോവിറ്റ്സിനെ കണ്ടുമുട്ടി. അദ്ദേഹം വളരെ അനുകമ്പയും സഹാനുഭൂതിയും ഉള്ളയാളായിരുന്നു. വേദനാ ചികിത്സാലയം എനിക്ക് ഒരു അഭയകേന്ദ്രമായിത്തീർന്നു, പ്രത്യേകിച്ചും എന്റെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഞാൻ മനസ്സിലാക്കാൻ തുടങ്ങിയതുമുതൽ.
വേദന അറിയാതിരിക്കാനുള്ള ചികിത്സയാണ് ഡോ. ലെഫ്കോവിറ്റ്സ് ആദ്യം നടത്തിയത്—കഴുത്തിലെ ഒരു നാഡിയിൽ ക്രമമായി കുത്തിവെച്ചുകൊണ്ട് വേദനയ്ക്കിടയാക്കുന്ന നാഡീ സന്ദേശങ്ങളെ താത്കാലികമായി തടയുന്ന ഒരു ചികിത്സയായിരുന്നു അത്. അദ്ദേഹം അതിനെക്കുറിച്ചു വിശദീകരിച്ചുകൊണ്ടിരിക്കവേ ചേതനീനാഡീവ്യൂഹം വേദന തോന്നിപ്പിക്കാൻ തുടങ്ങി. മുറിവിനോടോ ശസ്ത്രക്രിയയോടോ ഉള്ള മസ്തിഷ്കത്തിന്റെ സംരക്ഷണാത്മകമായ സ്വാഭാവിക പ്രതികരണമാണ് അത്. ഈ വ്യൂഹം ഒരു കവാടം പോലെ പ്രവർത്തിക്കേണ്ടതാണ്. മുറിവു കരിയുന്ന സമയത്തു മാത്രമേ നാഡീ സംവേദനങ്ങൾ ചേതനീനാഡീവ്യൂഹത്തിലൂടെ കടന്നുപോകുന്നുള്ളൂ. ഒരു പ്രത്യേക ഘട്ടത്തിൽ, മസ്തിഷ്കം നാഡീ ആവേഗങ്ങളെ അയയ്ക്കാതാകുമ്പോൾ കവാടം അടയുകയും വേദന നിലയ്ക്കുകയും ചെയ്യുന്നു. ആർഎസ്ഡി ഉള്ളപ്പോൾ ഈ കവാടം അടയുന്നില്ല. ചേതനീനാഡീവ്യൂഹം ഒരിക്കലും ശാന്തമാകുന്നില്ല. മുറിവ് ഇപ്പോഴും അവിടെ ഉള്ളതുപോലെ അത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ വേദന മൂർച്ഛിച്ചാലും ഉടനടി ചികിത്സാലയത്തിലേക്കു ചെല്ലാൻ ഡോക്ടർ എന്നോടു പറഞ്ഞു. അങ്ങനെ വേദന തടയുന്നതിനുള്ള കുത്തിവെപ്പുകൾ കുറെനാളത്തേക്ക് എനിക്കു പതിവായി സ്വീകരിക്കേണ്ടിവന്നു.
ഫിസിയോതെറാപ്പി സഹിക്കാൻ കുത്തിവെപ്പുകൾ എന്നെ സഹായിച്ചു. രോഗബാധിതമായ കൈ ചലിപ്പിക്കാൻ ഫിസിയോതെറാപ്പി മൂലം കഴിയുന്നുണ്ട്, കൂടാതെ അത് ആർഎസ്ഡി-ക്ക് വളരെയധികം ശമനം നൽകുകയും ചെയ്യുന്നു. സമയം കടന്നുപോയതോടെ കൈകളും കൈപ്പത്തികളും ഉപയോഗിച്ച് ഞാൻ ചെറിയ ചെറിയ ജോലികളൊക്കെ ചെയ്യാൻ തുടങ്ങി. അത് ആശാവഹമായ ഒരു തുടക്കമായിരുന്നു.
ഭവിഷ്യത്തുകൾ എന്തായിരിക്കാം?
വിട്ടുമാറാത്ത വേദന വ്യത്യസ്ത വിധങ്ങളിൽ എന്നെ ബാധിച്ചു. തനിച്ചായിരിക്കാൻ, ആളുകളിൽനിന്ന് അകന്നു കഴിയാൻ ഞാൻ ആഗ്രഹിച്ചു; എന്നാൽ എവിടെ പോയാലും വേദന എന്റെയൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് അതൊരു പരിഹാരമായിരുന്നില്ല. എന്റെ കൈ ജീവിതത്തെയും വിവാഹത്തെയും തകർക്കുന്ന, ശരീരത്തിന്റെ ഭാഗമല്ലാത്ത ഒന്നായി എനിക്കു തോന്നിത്തുടങ്ങി. എന്റെ അടുത്തുവന്ന് സ്നേഹം കാണിക്കാൻപോലും ഭർത്താവ് ധൈര്യപ്പെട്ടില്ല. അദ്ദേഹം തീർച്ചയായും ക്ഷമാശീലനും അനുകമ്പയുള്ളവനുമായിരുന്നു. ഒരു കൈക്ക് സ്വാധീനമില്ലാത്തവളായിത്തീർന്നിരുന്നു ഞാൻ, എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇടതു കൈകൊണ്ട് ഒരു കഷണം കടലാസ്സെടുക്കുന്നതുപോലും കഠിനമായ വേദന തിന്നുകൊണ്ടായിരുന്നു.
ആർഎസ്ഡി ചില സമയത്ത് താനേ ശമിക്കുമെങ്കിലും ഇതുവരെ അതിന് ഔഷധമൊന്നും കണ്ടുപിടിച്ചിട്ടില്ല. അവസാന ഘട്ടങ്ങളിൽ അസ്ഥിക്ഷയം തുടങ്ങുകയും അങ്ങനെ ബാധിക്കപ്പെട്ട കൈ അല്ലെങ്കിൽ കാൽ ശോഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് തീവ്രമായ ഫിസിയോതെറാപ്പി വളരെ സഹായകമായിരിക്കുന്നത്. അനുഗ്രഹകരമെന്നു പറയട്ടെ, ഞാൻ ആ ഘട്ടത്തിലെത്തിയിട്ടില്ല.
ഞാൻ പൊരുത്തപ്പെടുന്ന വിധം
എനിക്കിപ്പോഴും വേദനയുണ്ടെങ്കിലും ഞാൻ ഏറ്റവുമധികം കഷ്ടതയനുഭവിച്ച നാളുകളിലെ അത്രയും അതു രൂക്ഷമല്ല. എങ്കിലും, കുത്തിവെപ്പുകളില്ലാതെ എനിക്കു വേദന സഹിക്കാനാവില്ല. എന്താണ് എന്നെ സഹിച്ചുനിൽക്കാൻ സഹായിച്ചിരിക്കുന്നത്? ചില ഡോക്ടർമാരുടെയും തെറാപ്പി നടത്തുന്നവരുടെയും സുഹൃത്തുക്കളുടെയുമൊക്കെ ക്രിയാത്മക മനോഭാവം. ഞാൻ പൊരുത്തപ്പെടൽ പ്രാപ്തികളും അഭ്യസിച്ചിരിക്കുന്നു. എന്റെ അവസ്ഥ അസാധാരണമാണെങ്കിലും ആത്മാഭിമാനം ഉണ്ടാകണമെങ്കിൽ ജീവിതത്തിൽ കുറച്ചൊക്കെ സാധാരണത്വം വേണ്ടിയിരുന്നു. എന്റെമേൽ സമ്മർദം ചെലുത്തുന്നതിനു പകരം എനിക്കു പിന്തുണയേകിയ സഹപ്രവർത്തകരോടൊപ്പമായിരിക്കുന്നത് എനിക്കിപ്പോഴും ഫലവത്തായ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് എന്നെ ബോധ്യപ്പെടുത്തി. സാന്ത്വനം പകരുന്ന സംഗീതം ശ്രവിക്കുന്നതും പിരിമുറുക്കം കുറയ്ക്കുന്ന ശ്വസന വ്യായാമങ്ങൾ ചെയ്യുന്നതും സഹായകമായി ഞാൻ കണ്ടെത്തി, അവ ഇപ്പോഴും അങ്ങനെതന്നെയാണ്. ആകാശത്തെയും സദാ മാറിക്കൊണ്ടിരിക്കുന്ന മേഘങ്ങളെയും നോക്കിക്കൊണ്ട് സൗകര്യപ്രദമായ ഒരു സ്ഥാനത്തു കിടക്കുന്നതാണ് എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട കാര്യങ്ങളിലൊന്ന്. അപ്പോൾ ഞാൻ ധ്യാനിക്കുകയും മനോഹര സ്ഥലങ്ങളിലേക്ക് ഭാവനയുടെ തേരിലേറി സഞ്ചരിക്കുകയും ചെയ്യുന്നു. ചിരി എപ്പോഴും നല്ല ഔഷധമാണ്, അതുപോലെതന്നെയാണ് ക്രിയാത്മക മനോഭാവവും—കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹപുരസ്സരമായ പിന്തുണയുണ്ടെന്നറിയുമ്പോൾ അത് കൂടുതലായും അങ്ങനെയാണ്. ആർഎസ്ഡി അവശ്യം നിങ്ങളെ പരാജയപ്പെടുത്തേണ്ടതില്ലെന്നു മനസ്സിലാക്കുന്നത് അനിവാര്യമാണ്. വൈദ്യശാസ്ത്ര വിദഗ്ധർക്ക് പോരാട്ടത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കാനാകും.
വേദന അനുഭവിക്കുന്ന ഏതൊരാളോടും കൂടുതൽ സമാനുഭാവമുള്ളവളായിരിക്കാൻ എന്റെ അനുഭവം എന്നെ സഹായിച്ചു. മറ്റുള്ളവരെ സഹായിക്കാനും സാന്ത്വനപ്പെടുത്താനും ഞാൻ പ്രേരിതയായിത്തീർന്നിരിക്കുന്നു. എന്റെ വിശ്വാസങ്ങൾ വലിയൊരു സഹായമായിരുന്നിട്ടുണ്ട്. ഇതു സംഭവിച്ചതെന്തുകൊണ്ടാണെന്ന് എനിക്കറിയാം. വിധി എന്നെ വേട്ടയാടി പിടിച്ചതല്ല. ദൈവം കുറ്റക്കാരനല്ല. ജീവിതത്തിൽ ആർക്കുമുണ്ടാകാവുന്ന ദുരിതങ്ങളിലൊന്നു മാത്രമാണ് വേദന. തീക്ഷ്ണമായ പ്രാർഥന എനിക്ക് ഒരു അനുഗ്രഹമായിരുന്നിട്ടുണ്ട്. വേദനയില്ലാത്ത ഒരു സമയം ദൈവം ആനയിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. കണ്ടുമുട്ടിയവരുമായി ഈ ആശയം പങ്കുവെച്ചത് എന്നെ സഹായിച്ചിരിക്കുന്നു. ആർഎസ്ഡി ഇപ്പോഴും എനിക്കൊരു വെല്ലുവിളിയാണെങ്കിലും എന്റെ അവസ്ഥ മെച്ചപ്പെട്ടിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. (വെളിപ്പാടു 21:1-5)—കാരെൻ ഓർഫ് പറഞ്ഞപ്രകാരം.
[22, 23 പേജുകളിലെ ചതുരം]
ഒരു ഡോക്ടറുടെ വീക്ഷണം
ചികിത്സ സംബന്ധിച്ച വിശദീകരണത്തിനായി ഉണരുക! ഡോ. ലെഫ്കോവിറ്റ്സുമായി അഭിമുഖം നടത്തി. അദ്ദേഹം വിശദീകരിച്ചു: “ഞങ്ങൾ ആർഎസ്ഡി മാത്രമല്ല, എല്ലാത്തരം വേദനകൾക്കും ചികിത്സിക്കുന്നുണ്ട്. ഏറ്റവും സാധാരണമായി കണ്ടുവരുന്ന വേദന മുതുകിന്റെ അടിഭാഗത്തിനുണ്ടാകുന്ന വേദനയാണ്. അതു പലപ്പോഴും തുടയിലെ സയാറ്റിക് ഞരമ്പിന്റെ കഠിനവേദനയായി മാറുന്നു. വേദന സ്പഷ്ടമായും ശാരീരിക കാരണങ്ങളാലുള്ളതാണെങ്കിലും പലപ്പോഴും മനശ്ശാസ്ത്രപരമായ കാരണങ്ങളും അതിനിടയാക്കിയേക്കാം.”
ഉണരുക!: ആർഎസ്ഡി പ്രായ-ലിംഗ ഭേദമെന്യെ എല്ലാവരെയും ബാധിക്കുമോ?
ഡോ. ലെഫ്കോവിറ്റ്സ്: ഉവ്വ്, ഈ രോഗം പക്ഷപാതം കാണിക്കുന്നില്ല. എങ്കിലും, ഇതുണ്ടാകാൻ സാധ്യത കൂടുതൽ ആർക്കാണെന്ന് ഞങ്ങൾക്കു മുൻകൂട്ടിപ്പറയാൻ കഴിയില്ല. സാധാരണഗതിയിൽ സ്ത്രീകൾക്ക് പുരുഷൻമാരെക്കാൾ കൂടുതലായി വേദന സഹിക്കാൻ കഴിയുമെന്ന് എനിക്കറിയാം. അവർക്ക് സഹനശക്തി കൂടുതലുള്ളതായി തോന്നുന്നു.
ഉണരുക!: വേദനയ്ക്ക് എന്തു ചികിത്സകളാണ് താങ്കൾ നിർദേശിക്കുന്നത്?
ഡോ. ലെഫ്കോവിറ്റ്സ്: വേദനയുടെ ഉത്ഭവസ്ഥാനവും തീവ്രതയുമനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന വ്യത്യസ്ത ചികിത്സാമാർഗങ്ങളുണ്ട്. എങ്ങനെയായാലും, വേദന കഷ്ടപ്പാടാണ്. ഞങ്ങൾ ആ കഷ്ടപ്പാട് ലഘൂകരിക്കേണ്ടിയിരിക്കുന്നു. ചില കേസുകളിൽ ഞങ്ങൾ ആസ്പിരിനും അതിന്റെ വകഭേദങ്ങളും പോലെയുള്ള നോൺസ്റ്റീറോയ്ഡ് ഗുളികകൾ ഉപയോഗിക്കുന്നു. കാരന്റേതു പോലെയുള്ള മറ്റുചില കേസുകളിൽ പ്രത്യേക ഭാഗത്തുള്ള നാഡിയെ തടയുന്ന മരുന്നാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. വേദനകൊണ്ട് നിൽക്കക്കള്ളിയില്ലാത്ത കേസുകളിൽ ഞങ്ങൾ കറുപ്പ് കലർന്ന മരുന്ന് ഉപയോഗിച്ചേക്കാം. എന്നാൽ അതിനോട് ആസക്തിയുണ്ടാകാതെ നോക്കണം, അതാണ് അത് ഉപയോഗിക്കുന്നതുകൊണ്ടുള്ള കുഴപ്പം.
ഉണരുക!: രോഗി ആർഎസ്ഡി-യുടെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയേ തീരൂ എന്നുണ്ടോ?
ഡോ. ലെഫ്കോവിറ്റ്സ്: ഇല്ല. രോഗം ആദ്യ ഘട്ടത്തിൽ കണ്ടുപിടിക്കാൻ കഴിയുന്നെങ്കിൽ ഞങ്ങൾക്കതു മൂർച്ഛിക്കുന്നതു തടയാനാകും. ഉദാഹരണത്തിന്, കാരന്റെ കാര്യമെടുക്കുക. അവർ മധ്യഘട്ടത്തിലാണ്, കൈക്കു ശോഷണം സംഭവിക്കുന്ന അവസാന ഘട്ടത്തിൽ അവർ എത്തണമെന്നില്ല.
ഉണരുക!: ഈ രോഗാവസ്ഥയുമായി പൊരുത്തപ്പെടാൻ ഒരു രോഗിയെ എന്തു സഹായിക്കുമെന്നാണ് താങ്കളുടെ അഭിപ്രായം?
ഡോ. ലെഫ്കോവിറ്റ്സ്: കാരെൻ ചെയ്തിരിക്കുന്നതുതന്നെ. സന്തോഷകരമായ ചിന്തകളിലേക്കും ആശയങ്ങളിലേക്കും ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട് അവർ വേദനയെ മാനസികമായി കൈകാര്യം ചെയ്തിരിക്കുന്നു. അവർ ഫിസിയോതെറാപ്പിയും ഉപയോഗിക്കുന്നുണ്ട്. അവരുടെ മതവിശ്വാസം വലിയൊരു സഹായമായിരുന്നിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. സാഹചര്യത്തെ ക്രിയാത്മകമായ വിധത്തിൽ കാണാൻ അത് അവരെ സഹായിച്ചിരിക്കുന്നു. തീർച്ചയായും, വിശ്വാസം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.
ഉണരുക!: താങ്കളുടെ ക്ഷമയ്ക്കും സമയത്തിനും വളരെയധികം നന്ദി.
[23-ാം പേജിലെ ചിത്രം]
ഡോ. ലെഫ്കോവിറ്റ്സിന്റെ ചികിത്സാലയത്തിൽ അദ്ദേഹത്തോടൊപ്പം