ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വൃക്കരോഗം “‘ഇതൊക്കെ താത്കാലികം മാത്രം!’—വൃക്കരോഗവും പേറിയുള്ള എന്റെ ജീവിതം” (നവംബർ 22, 1996) എന്ന ലേഖനം പ്രത്യേകിച്ചും നിർണായകമായ ഒരു സമയത്ത് എനിക്കും ഭർത്താവിനും പ്രോത്സാഹനമേകി. ആ ലേഖകനെപ്പോലെതന്നെ എന്റെ ഭർത്താവും പെരിട്ടോണിയൽ ഡയാലിസിസ് തുടങ്ങിയിരിക്കുകയാണ്, അത് വിഷമകരമാണ്. ചിലപ്പോൾ ഞങ്ങൾ നിരാശയുടെ പടുകുഴിയിൽ വീണുപോകുന്നു. എന്നാൽ വൃക്കയുടെ തകരാറ് താത്കാലികം മാത്രമാണെന്നും ദൈവരാജ്യം പെട്ടെന്നുതന്നെ അതും മറ്റെല്ലാ രോഗങ്ങളും തുടച്ചുനീക്കുമെന്നും ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ട് നിങ്ങളുടെ ലേഖനം വളരെയധികം സാന്ത്വനം പകർന്നുതന്നു.
വി. ക്യു. ഇറ്റലി
ആയുഷ്കാലം മുഴുവൻ രോഗവുമായി മല്ലിടേണ്ടിവന്നിട്ടും കുടുംബത്തെയോ ആരാധനയെയോ ഒരിക്കലും അവഗണിക്കാതിരുന്ന ഒരാളെക്കുറിച്ചു വായിച്ചത് എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഞാൻ 18 വയസ്സുള്ള ആരോഗ്യവതിയായ ഒരു മുഴുസമയ ശുശ്രൂഷകയാണ്. ഞാൻ എന്റെ ആരോഗ്യത്തെ എത്രയോ പ്രാവശ്യം നിസ്സാരമായി എടുത്തിരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. ലീ കൊർഡവേയുടെ വിശ്വാസത്തെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും വായിച്ചത് യഥാർഥത്തിൽ പ്രോത്സാഹജനകമായിരുന്നു.
ജെ. എസ്. ഐക്യനാടുകൾ
1992-ൽ 11 വയസ്സുണ്ടായിരുന്നപ്പോൾ എനിക്കു വൃക്കരോഗമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അത് ഒടുവിൽ വൃക്കയുടെ പ്രവർത്തനം നിലയ്ക്കുന്നതിനിടയാക്കി. എനിക്ക് ഡയാലിസിസിനു വിധേയയാകേണ്ടിവന്നു. നിങ്ങൾ ആ പ്രക്രിയയെക്കുറിച്ചു വളരെ നന്നായി വിശദീകരിച്ചുതന്നതിൽ എനിക്കു സന്തോഷമുണ്ട്, കാരണം ആളുകൾ അതിന്റെ പ്രവർത്തനവിധമറിയാൻ എപ്പോഴും ജിജ്ഞാസയുള്ളവരാണ്. ഞാനിന്നു നേരിടുന്ന അവസ്ഥ എന്നും ഉണ്ടായിരിക്കുകയില്ലെന്നു വായിച്ചറിഞ്ഞത് എനിക്കും എന്റെ സുഹൃത്തുക്കൾക്കും പ്രോത്സാഹനമേകി.
എ. എച്ച്., ഐക്യനാടുകൾ
ലീ കൊർഡവേയെക്കുറിച്ചുള്ള ലേഖനം വായിച്ചപ്പോൾ എന്റെ തൊണ്ടയിടറി. അദ്ദേഹം മരിച്ചുപോയെന്ന് എനിക്കു വിശ്വസിക്കാനായില്ല! ഞാനും ഭർത്താവും അദ്ദേഹത്തിന്റെ പ്രിയ ഭാര്യയ്ക്കും കുടുംബത്തിനും ഞങ്ങളുടെ സ്നേഹാശംസ അയച്ചുകൊടുക്കാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ എത്രയോ നിസ്സാരമാണെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ അനുഭവം എന്നെ സഹായിക്കുന്നു. എത്രയോ പ്രിയനും വിശ്വസ്തനുമായ ഒരു ക്രിസ്തീയ മനുഷ്യൻ! അദ്ദേഹത്തിന്റെ മാതൃക എനിക്കു പ്രോത്സാഹനമാണ്.
എഫ്. എച്ച്., ഐക്യനാടുകൾ
ഞാൻ രോഗമൊന്നുമില്ലാത്ത ഒരു പത്തുവയസ്സുകാരിയാണെങ്കിലും പ്രോത്സാഹനജനകമായ അത്തരം ലേഖനങ്ങൾ എനിക്കിഷ്ടമാണ്. ലീ കൊർഡവേ ഈ കത്തു വായിച്ചിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ പറുദീസയിൽ പുനരുത്ഥാനം പ്രാപിക്കുന്നതുവരെ അദ്ദേഹത്തിന് അതു കഴിയില്ലെന്ന് എനിക്കറിയാം.
ഇ. റ്റി., ഐക്യനാടുകൾ
പിൽഗ്രിമുകൾ “പിൽഗ്രിമുകളും സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടവും” (നവംബർ 22, 1996) എന്ന ലേഖനം ഞാൻ എത്രമാത്രം വിലമതിച്ചെന്ന് നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു. പിൽഗ്രിമുകളുടെ യഥാർഥ കഥ ഞാൻ സ്കൂളിൽവെച്ച് പഠിച്ചിട്ടില്ല. എന്നാൽ നിങ്ങളുടെ ലേഖനങ്ങളിൽനിന്ന് എനിക്കു വളരെയധികം അറിവു ലഭിച്ചു!
എസ്. ബി., ഐക്യനാടുകൾ
ഗതിഭേദിത റോക്ക് സംഗീതം എനിക്ക് 18 വയസ്സുണ്ട്, “യുവജനങ്ങൾ ചോദിക്കുന്നു . . . ഗതിഭേദിത റോക്ക് സംഗീതം—അതെനിക്കുള്ളതോ?” എന്ന ലേഖനം നന്നായി തയ്യാറാക്കിയതായിരുന്നു. (നവംബർ 22, 1996) എനിക്ക് ഗതിഭേദിത റോക്ക് സംഗീതം ഇഷ്ടമാണ്. അതുകൊണ്ട് ആ ലേഖനം എന്നെ നീരസപ്പെടുത്തുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ അതു വായിച്ചുതീർന്നപ്പോൾ എനിക്കു വിലമതിപ്പാണു തോന്നിയത്. ഞാൻ വിഷാദം അനുഭവിക്കുന്ന ആളാണ്. ഞാൻ തിരഞ്ഞെടുക്കുന്ന സംഗീതം ഒന്നുകിൽ എന്റെ വിഷാദത്തെ വർധിപ്പിക്കും അല്ലെങ്കിൽ അതിനെ തരണംചെയ്യാൻ എന്നെ സഹായിക്കും എന്നു ഞാൻ മനസ്സിലാക്കുന്നു. ആ ലേഖനം ഇങ്ങനെ ചോദിച്ചത് എനിക്കിഷ്ടമായി: ‘നിങ്ങൾക്ക് ഉന്മേഷം പ്രദാനം ചെയ്യുന്ന തരം സംഗീതം എന്തുകൊണ്ടു കണ്ടെത്തിക്കൂടാ?’ പ്രോത്സാഹജനകവും പ്രായോഗികവുമായ ഈ ഉപദേശത്തിനു നന്ദി.
ജെ. ഡി., ഐക്യനാടുകൾ
അതിലെ വിവരങ്ങൾ അതിശയകരമാംവിധം കൃത്യതയുള്ളതും മുൻവിധിരഹിതവുമായിരുന്നു. പ്രസ്തുത സംഗീതത്തിൽ ചിലത് ഹൃദ്യമായിരിക്കുന്നതായി ഞാൻ കണ്ടെത്തുന്നു. അത്തരം സംഗീതത്തെ അപ്പാടെ കുറ്റപ്പെടുത്താതെ മുൻകരുതലുകൾ നൽകുന്നതിനു നന്ദി.
എസ്. സി., ഐക്യനാടുകൾ
ജന്തുക്കളെക്കുറിച്ചുള്ള വിവരണങ്ങൾ ജന്തുക്കളെക്കുറിച്ച് നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ വായിക്കാൻ എനിക്കിഷ്ടമാണ്. ഞാൻ പ്ലാറ്റിപ്പസിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലായിരുന്നതുകൊണ്ട് “നിഗൂഢസ്വഭാവമുള്ള പ്ലാറ്റിപ്പസ്” (ഡിസംബർ 8, 1996) എന്ന ലേഖനം എന്നെ വിസ്മയം കൊള്ളിച്ചു! അതേ ലക്കത്തിൽതന്നെയുണ്ടായിരുന്ന, മനുഷ്യരും മൃഗവും തമ്മിലുള്ള ആകർഷകമായ സൗഹൃദത്തെക്കുറിച്ചുള്ള “ആ കൂഡു ഓർമിച്ചു” എന്ന ലേഖനവും ഹൃദയസ്പർശിയായിരുന്നു. മനുഷ്യർ ജന്തുക്കളോട് സ്നേഹവും ആദരവും കാണിക്കുമ്പോൾ അത് എത്ര നല്ലതാണ്!
എഫ്. എ., ബ്രസീൽ