കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കൽ
രാഷ്ട്രങ്ങളുടെ പുരോഗതി (ഇംഗ്ലീഷ്) എന്ന ഐക്യരാഷ്ട്ര ശിശുക്ഷേമനിധിയുടെ (യുനിസെഫിന്റെ) അടുത്തകാലത്തെ ഒരു റിപ്പോർട്ട് പ്രകടമാക്കുന്നത് അനേക നാടുകളിലും കുട്ടികളുടെ ആരോഗ്യസ്ഥിതിയിൽ ഗണ്യമായ അഭിവൃദ്ധിയുണ്ടെന്നാണ്. ഗവൺമെൻറുകളുടെയും സാർവദേശീയ സംഘടനകളുടെയും കൂട്ടായ പ്രവർത്തനഫലമായി അനേക രാജ്യങ്ങളിലും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറഞ്ഞിരിക്കുന്നു. എന്നിരുന്നാലും, ഇനിയും ഓരോ വർഷവും കോടിക്കണക്കിനു കുട്ടികളുടെ ജീവൻ, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളിൽ, ലളിതവും ചെലവുകുറഞ്ഞതുമായ മാർഗത്തിലൂടെ രക്ഷിക്കാനാകുമെന്നും രാഷ്ട്രങ്ങളുടെ പുരോഗതി പ്രകടമാക്കുന്നു. ഈ നാടുകളിലും അതുപോലെതന്നെ മറ്റിടങ്ങളിലുമുള്ള മാതാപിതാക്കൾ ആ റിപ്പോർട്ടിലെ പിൻവരുന്ന ശുപാർശകൾ സഹായകമെന്നു കണ്ടെത്തിയേക്കാം.
മുലയൂട്ടൽ. “നല്ല ആരോഗ്യവും പരിപോഷണവും ഉണ്ടായിരിക്കുന്നതിനു സാധ്യമായ ഏറ്റവും നല്ല തുടക്കം മുലയൂട്ടലാണ്” എന്ന് ആ റിപ്പോർട്ട് ഉപദേശിക്കുന്നു. ലോകാരോഗ്യസംഘടന (ഡബ്ലിയുഎച്ച്ഒ) പറയുന്നതനുസരിച്ച്, “ആദ്യത്തെ ആറു മാസം പൂർണമായും മുലപ്പാൽ നൽകുകയാണെങ്കിൽ പ്രതിവർഷം പത്തു ലക്ഷത്തിലധികം ശിശുക്കളുടെ ജീവൻ രക്ഷിക്കാനാകും.” ആശുപത്രികളും മാതൃ-ശിശുക്ഷേമകേന്ദ്രങ്ങളും ശക്തമായ സ്വാധീനമായിരിക്കുന്നതിനാൽ, യുനിസെഫും ഡബ്ലിയുഎച്ച്ഒ-യും “ശിശുസൗഹാർദ ആശുപത്രി ഉപക്രമ”ത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ ലക്ഷ്യം, മുലയൂട്ടൽ സംബന്ധിച്ച് നവജാതരുടെ അമ്മമാർക്കു പിന്തുണയും ശരിയായ മാർഗനിർദേശവും നൽകുകയെന്നതാണ്.
ശുചിത്വവും ശുദ്ധജലവും. “ശുദ്ധജലവും കക്കൂസുകളും ഉപയോഗിക്കുകയും ഭക്ഷണം കൈകാര്യം ചെയ്യുന്നതിനു മുമ്പ് കൈകൾ കഴുകുകയും ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കുകയും സംഭരിച്ചുവെക്കുകയും ചെയ്യുന്നതിനാൽ രോഗം വരുത്തിവെക്കുന്ന അപകടം ഗണ്യമായി കുറയ്ക്കാനാകും” എന്ന് ആ റിപ്പോർട്ട് പ്രസ്താവിക്കുന്നു. പല പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കുന്നതിനു വലിയ ശ്രമം നടത്തേണ്ടതുണ്ടെങ്കിലും, കുട്ടിയുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിന് അത് അത്യന്താപേക്ഷിതമാണ്.
പോഷകം. ആ റിപ്പോർട്ടു പറയുന്നപ്രകാരം, വിറ്റാമിൻ-എ അനുബന്ധമായി കൊടുക്കുകയാണെങ്കിൽ ഓരോ വർഷവും 30 ലക്ഷം കുട്ടികളുടെ മരണം ഒഴിവാക്കാം. ഈ പ്രശ്നത്തിനുള്ള പരിഹാരം ലഭ്യമാണെന്നു മാത്രമല്ല സാധ്യവുമാണെന്ന് അതു പറയുന്നു. ഭക്ഷണക്രമം മെച്ചപ്പെടുത്തുകയോ ആഹാരം സമ്പുഷ്ടമാക്കുകയോ വിറ്റാമിൻ-എ കാപ്സ്യൂളുകൾ വിതരണം ചെയ്യുകയോവഴി അതു സാധിക്കും. വിറ്റാമിൻ-എ-യുടെ കുറവ് സാധാരണമായുള്ള നാടുകളിൽ ചെലവു കുറഞ്ഞ വിറ്റാമിൻ-എ കാപ്സ്യൂളുകൾ കുട്ടികൾക്ക് ഇടയ്ക്കിടെ വിതരണം ചെയ്യുന്നത് ഫലപ്രദമാണെന്ന് ഇതിനോടകം തെളിഞ്ഞുകൊണ്ടിരിക്കുന്നു. കപ്പളങ്ങ, മാങ്ങ, കാരറ്റ്, പച്ചിലക്കറികൾ, മുട്ട തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമായി ശുപാർശ ചെയ്തിരിക്കുന്നു.
അധര പുനർജലീകരണ ചികിത്സ (Oral Rehydration Therapy). ശുദ്ധജലം, ഉപ്പ്, പഞ്ചസാര അല്ലെങ്കിൽ അരിപ്പൊടി എന്നിവ ചേർത്ത് ചെലവു കുറഞ്ഞതും എളുപ്പം തയ്യാറാക്കാവുന്നതുമായ മിശ്രിതമുണ്ടാക്കി വയറിളക്കം മൂലമുണ്ടാകുന്ന വാർഷിക ശിശുമരണങ്ങളുടെ പകുതിയും തടയാനാകുമെന്നു യുനിസെഫ് പറയുന്നു.a മാതാപിതാക്കൾ മക്കൾക്ക് ഭക്ഷണവും കൊടുത്തുകൊണ്ടിരിക്കണം. ഈ മാർഗങ്ങളിലൂടെ ഓരോ വർഷവും രക്ഷിക്കുന്നത് ഏതാണ്ട് പത്തു ലക്ഷം ജീവനാണ്.
[അടിക്കുറിപ്പുകൾ]
a കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതു സംബന്ധിച്ച് കൂടുതലായ വിവരങ്ങൾക്ക് ദയവായി 1995 ഏപ്രിൽ 8 ഉണരുക!യുടെ 3-14 പേജുകൾ കാണുക.
[11-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WHO