നമ്മുടെ കുട്ടികൾക്ക് ശോഭനമായ ഒരു ഭാവി
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതുമുതൽ ലോക ഗവൺമെൻറുകൾ, സൈനികേതര പൗരന്മാരെ യുദ്ധത്തിൽനിന്നു രക്ഷിക്കാനായി ഒന്നിനുപുറകേ ഒന്നായി ഒട്ടേറെ കരാറുകളിൽ ഒപ്പുവെച്ചിരിക്കുന്നു. കുട്ടികൾക്ക് വൈദ്യസഹായവും ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊടുക്കാനുള്ള കരാറുകളും അവയിൽ പെടുന്നു. കുട്ടികളെ ലൈംഗിക ചൂഷണത്തിൽനിന്നും പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും സംരക്ഷിക്കാമെന്ന് അന്താരാഷ്ട്ര ഉടമ്പടികളിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. പതിനഞ്ചു വയസ്സിനു താഴെയുള്ളവരെ സായുധസേനയിൽ ചേർക്കുന്നതും ഉടമ്പടികളിൽ നിരോധിച്ചിരിക്കുന്നു.
ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1996 (ഇംഗ്ലീഷ്) എന്ന ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ട് “യഥാർഥ നാഴികക്കല്ലുകൾ” എന്നു പറഞ്ഞുകൊണ്ട് ഈ നിയമങ്ങളെ പ്രകീർത്തിക്കുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പിൽക്കാലത്ത് തങ്ങളെ വിലയിരുത്താനുള്ള മാനദണ്ഡങ്ങളുണ്ടെന്ന് അറിയാവുന്ന രാഷ്ട്രീയക്കാരായിരിക്കും ഈ മാനദണ്ഡങ്ങളെ തങ്ങളുടെ കണക്കുകൂട്ടലുകളിൽ ഉൾപ്പെടുത്താൻ ഏറെ സാധ്യതയുള്ളത്.”
നിയമങ്ങൾ നടപ്പാക്കാനുള്ള പ്രാപ്തിയും ആഗ്രഹവും മിക്കപ്പോഴും അന്താരാഷ്ട്ര സമുദായത്തിന് ഇല്ലെന്നുള്ള സംഗതിയും രാഷ്ട്രീയക്കാർക്കറിയാം. അങ്ങനെ, “ഈ തത്ത്വങ്ങൾ അവഗണിക്കപ്പെട്ടിരിക്കുന്നതിന്റെ വ്യാപ്തിയുടെ വീക്ഷണത്തിൽ നിലവിലുള്ള അന്താരാഷ്ട്ര നിയമസംഹിതയോടു പുച്ഛം തോന്നുക എളുപ്പമാ”ണെന്ന് ആ റിപ്പോർട്ട് സമ്മതിച്ചുപറയുന്നു.”
ഇതിനുപുറമേ, സാമ്പത്തിക പ്രശ്നവുമുണ്ട്. 1993-ൽ 79 രാഷ്ട്രങ്ങളിൽ സംഘട്ടനങ്ങൾ നടന്നു. ഇവയിൽ 65 എണ്ണം ദരിദ്ര രാഷ്ട്രങ്ങളായിരുന്നു. ഈ ദരിദ്ര രാഷ്ട്രങ്ങൾക്ക് യുദ്ധായുധങ്ങൾ എവിടെനിന്നാണ് ലഭിച്ചത്? കൂടുതലും സമ്പന്ന രാഷ്ട്രങ്ങളിൽനിന്നുതന്നെ. വികസ്വര രാഷ്ട്രങ്ങളിലേക്ക് ആയുധങ്ങൾ കയറ്റി അയയ്ക്കുന്നതിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ഏതൊക്കെയാണ്? ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങൾ.
കരുതലുള്ളവർ
തീർച്ചയായും, യുദ്ധത്തിലകപ്പെട്ട കുട്ടികളുടെ ദുരവസ്ഥയിൽ വളരെയേറെ താത്പര്യമെടുക്കുന്നവരുണ്ട്. വ്യക്തികളും സംഘടനകളും യുദ്ധത്തിനിരയായ കുട്ടികളെ സ്നേഹപൂർവം സഹായിക്കുന്നു. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾ—അവർ യുദ്ധത്തിൽ ഉൾപ്പെടുന്നില്ല—അതു ചെയ്തിട്ടുണ്ട്. എന്നാൽ കുട്ടികൾ യുദ്ധത്തിന് ഇരകളാകാതിരിക്കണമെങ്കിൽ വാസ്തവത്തിൽ യുദ്ധംതന്നെ തുടച്ചുനീക്കപ്പെടണം. ഇത് നടപ്പിലാകാത്ത ഒരു കാര്യമാണെന്നു പലർക്കും തോന്നുന്നു. സംഘട്ടനങ്ങളും ഏറ്റുമുട്ടലുകളും ദീർഘനാളായി മനുഷ്യചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നതുകൊണ്ട് മനുഷ്യർക്ക് ഒരിക്കലും ഭൂവ്യാപകമായ സമാധാനം കൊണ്ടുവരാൻ സാധിക്കുകയില്ലെന്നു പലരും നിഗമനം ചെയ്യുന്നു. അവരുടെ ഈ വീക്ഷണം ശരിയാണുതാനും.
ദൈവം ഒരിക്കലും രാഷ്ട്രങ്ങളുടെ കാര്യാദികളിൽ ഇടപെടുകയില്ലെന്ന്, അല്ലെങ്കിൽ ഭൂമിയിൽ നിലനിൽക്കുന്ന സമാധാനം സ്ഥാപിക്കുകയില്ലെന്ന് ആളുകൾ നിഗമനം ചെയ്യുന്നു. എന്നാൽ അവരുടെ ഈ വീക്ഷണം ശരിയല്ല.
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം ഭൂമിയിൽ നടക്കുന്ന കാര്യങ്ങളിൽ വളരെയേറെ തത്പരനാണ്. തന്റെ വചനമായ ബൈബിളിൽ യഹോവ ചോദിക്കുന്നു: “ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം?” ദൈവം ഊന്നിപ്പറയുന്നു: “മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല.”—യെഹെസ്കേൽ 18:23, 32.
ഇതേക്കുറിച്ചു ചിന്തിക്കുക: ദുഷ്ടരായ മുതിർന്ന ആളുകൾപ്പോലും പശ്ചാത്തപിച്ച് ജീവിതം ആസ്വദിക്കണമെന്നാണ് അനുകമ്പയുള്ള നമ്മുടെ സ്രഷ്ടാവിന്റെ ആഗ്രഹമെങ്കിൽ കുട്ടികളും ജീവിതം ആസ്വദിക്കണമെന്ന് അവന് എത്രമാത്രം ആഗ്രഹമുണ്ടായിരിക്കും! എങ്കിലും സ്നേഹവാനായ നമ്മുടെ ദൈവം ദുഷ്ടന്മാരെ എന്നേക്കും വെച്ചുപൊറുപ്പിക്കുകയില്ല. “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല” എന്നാണ് ദൈവവചനം വാഗ്ദാനം ചെയ്യുന്നത്.—സങ്കീർത്തനം 37:9, 10.
തന്റെ സ്വർഗീയ പിതാവിന്റെ വ്യക്തിത്വത്തെ തികഞ്ഞ അളവിൽ പ്രതിഫലിപ്പിച്ച യേശുക്രിസ്തു കുട്ടികളെ സ്നേഹിച്ചിരുന്നു, “സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്ന് അവൻ പറഞ്ഞു. (മത്തായി 19:14) യുദ്ധദൈവങ്ങൾക്ക് കുട്ടികളെ ബലി കൊടുക്കുന്നത് ദൈവത്തിനും അവന്റെ പുത്രനായ യേശുക്രിസ്തുവിനും വെറുപ്പാണ്.—ആവർത്തനപുസ്തകം 18:10, 12 താരതമ്യം ചെയ്യുക.
ശോഭനമായ ഭാവി സംബന്ധിച്ച ദൈവികവാഗ്ദാനം
ദൈവം യുദ്ധങ്ങളും ദുരിതങ്ങളും നൂറ്റാണ്ടുകളോളം അനുവദിച്ചത് പ്രവാചകനായ യിരെമ്യാവ് പറഞ്ഞ ഈ സത്യം എല്ലാ കാലത്തേക്കുമായി സ്ഥാപിക്കാനാണ്: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) യഹോവ താമസിയാതെ ‘ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്തു’കൊണ്ട് തന്റെ അഖിലാണ്ഡ പരമാധികാരം സംസ്ഥാപിക്കുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (സങ്കീർത്തനം 46:9) കൂടാതെ ഇപ്രകാരമുള്ള ഒരു കാലത്തെക്കുറിച്ചും ബൈബിൾ മുൻകൂട്ടി പറഞ്ഞിരിക്കുന്നു: ‘[ആളുകൾ] തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും. ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.’—യെശയ്യാവു 2:4.
യുദ്ധത്തിൽ മരിച്ചുപോയ ആളുകളുടെ കാര്യമോ? അവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ? മരിച്ചുപോയവർ യുദ്ധവിമുക്തമായ ഒരു ഭൂമിയിലേക്ക് പുനരുത്ഥാനം ചെയ്യുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു: “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) സമാനമായി അപ്പോസ്തലനായ പൗലൊസും ഉറപ്പിച്ചു പറഞ്ഞു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
ദൈവത്തിന്റെ വാഗ്ദാനങ്ങൾ വാസ്തവമായി ഭവിക്കുകതന്നെ ചെയ്യും. താൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും നിവർത്തിക്കാൻ വേണ്ട ശക്തിയും നിശ്ചയദാർഢ്യവും അവനുണ്ട്. (യെശയ്യാവു 55:11) യുദ്ധം ഇല്ലാതാക്കുമെന്ന് യഹോവ പറയുമ്പോൾ അവൻ അതു ചെയ്യുമെന്നുതന്നെയാണ് അർഥമാക്കുന്നത്. മരിച്ചവരെ ജീവനിലേക്ക് ഉയിർപ്പിക്കുമെന്ന് അവൻ വാഗ്ദാനം ചെയ്യുമ്പോൾ അവൻ അതു നിറവേറ്റുകതന്നെ ചെയ്യും. ഗബ്രിയേൽ ദൂതൻ പറഞ്ഞപ്രകാരം “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ.”—ലൂക്കൊസ് 1:37.
[10-ാം പേജിലെ ചിത്രം]
മേലാൽ യുദ്ധമില്ലാതിരിക്കുമ്പോൾ എല്ലാ കുട്ടികളും ആരോഗ്യാവഹമായ ജീവിതം ആസ്വദിക്കും