കത്തോലിക്കാസഭയും പരിണാമവും
ഇറ്റലിയിലെ ഉണരുക! ലേഖകൻ
ചാൾസ് ഡാർവിന്റെ ശവസംസ്കാരം 1882 ഏപ്രിൽ 26-ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്നു. പ്രകൃതിനിർധാരണം സംബന്ധിച്ച തന്റെ പരിണാമസിദ്ധാന്തത്തിലൂടെ ‘ദൈവത്തെ സിംഹാസനഭ്രഷ്ടനാക്കി’യെന്നു കുറ്റം ചുമത്തപ്പെട്ട ഒരു മനുഷ്യനെ അടക്കുന്നതിന് ഒട്ടും അനുയോജ്യമായ സ്ഥലമല്ല പള്ളിയെന്ന് ചിലർക്ക് തോന്നിയേക്കാം. എങ്കിലും, ഡാർവിന്റെ ശവകുടീരം ഒരു നൂറ്റാണ്ടിലേറെക്കാലമായി അവിടെ സ്ഥിതിചെയ്യുന്നു.
1859-ൽ ഡാർവിന്റെ വർഗോത്പത്തി (ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ചതിനുശേഷം, ദൈവശാസ്ത്രജ്ഞൻമാരുടെ മനസ്സ് പരിണാമത്തിലേക്കു ക്രമേണ ചാഞ്ഞിട്ടുണ്ട്. “തുറന്ന യുദ്ധ”ത്തിന്റെ ഒരു ഘട്ടം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ “വെടിനിർത്ത”ലിന് വഴിമാറിക്കൊടുത്ത വിധത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞനായ കാർളോ മോളാരി എഴുതുകയുണ്ടായി. പിന്നെ, 19-ാം ശതകത്തിന്റെ മധ്യത്തിൽ ഒരു “യുദ്ധവിരാമം” നടന്നെന്നും ഒടുവിൽ ഇന്നത്തെ “സമാധാനം” നിലവിൽവന്നെന്നും അദ്ദേഹം പറഞ്ഞു.
ഡാർവിനു മുമ്പ്
തീർച്ചയായും, പരിണാമം എന്ന ആശയത്തിന് തുടക്കം കുറിച്ചത് ഡാർവിനായിരുന്നില്ല. ഒരു ജീവരൂപം മറ്റൊന്നായി മാറുന്നതിനെക്കുറിച്ച് പുരാതന തത്ത്വചിന്തകരും സിദ്ധാന്തിച്ചിരുന്നു. ആദ്യത്തെ ആധുനിക പരിണാമസങ്കൽപ്പങ്ങളുടെ വേരുതേടിപ്പോയാൽ നാം 18-ാം നൂറ്റാണ്ടിലെ അനേകം പ്രകൃതിശാസ്ത്രജ്ഞന്മാരുടെ പക്കലായിരിക്കും ചെന്നെത്തുക.
18-ഉം 19-ഉം നൂറ്റാണ്ടുകളിൽ “പരിണാമം” എന്ന പദം അപൂർവമായേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളുവെങ്കിലും അനേകം പണ്ഡിതന്മാർ വ്യത്യസ്ത പരിണാമസിദ്ധാന്തങ്ങൾ മുന്നോട്ടുവെച്ചു. ഡാർവിന്റെ പിതാമഹനായ ഇറാസ്മസ് ഡാർവിൻ (1731-1802) തന്റെ കൃതികളിലൊന്നിൽ പരിണാമപരമായ അനേകം ആശയങ്ങൾ അവതരിപ്പിക്കുകയുണ്ടായി. കത്തോലിക്കാസഭ ആ കൃതി നിരോധിത ഗ്രന്ഥങ്ങളുടെ പട്ടികയിൽ പെടുത്തിയിരുന്നു.
“തുറന്ന യുദ്ധം” അരങ്ങേറാൻ കാരണം
മതേതര ലോകത്തിലെ ചിലർ വൈദികരുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി ഡാർവിന്റെ സിദ്ധാന്തത്തെ കണ്ടു. അങ്ങനെ ഒരു പൊരിഞ്ഞ പോരാട്ടം ആരംഭിച്ചു. 1860-ൽ ജർമൻ ബിഷപ്പുമാർ ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: “നമ്മുടെ പൂർവികർ ദൈവത്താൽ നേരിട്ടു സൃഷ്ടിക്കപ്പെട്ടവരാണ്. അതുകൊണ്ട്, മനുഷ്യന്റെ ശരീരം അപൂർണമായ സത്തയിൽനിന്ന് താനേയുള്ള രൂപാന്തരണം വഴി ഉയിർകൊണ്ടതാണെന്നു ശഠിക്കാൻ ധൈര്യപ്പെടുന്നവരുടെ അഭിപ്രായം വിശുദ്ധ തിരുവെഴുത്തുകൾക്കും പരമ്പരാഗത മതവിശ്വാസത്തിനും കടകവിരുദ്ധമാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു.”
സമാനമായി, പരിണാമത്തെ എതിർക്കുകയും ഉല്പത്തിയിലെ സൃഷ്ടിവിവരണത്തെ പിന്താങ്ങുകയും ചെയ്യുന്ന ഒരു പ്രസിദ്ധീകരണം തയ്യാറാക്കിയതിന് 1877 മേയിൽ ഒമ്പതാം പീയൂസ് പാപ്പാ ഫ്രഞ്ച് ഡോക്ടറായ കോൺസ്റ്റാന്റാൻ ഴാമിനെ പുകഴ്ത്തുകയുണ്ടായി. പാപ്പായുടെ ബിബ്ലിക്കൽ കമ്മീഷൻ 1905-നും 1909-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച ഒരു കൂട്ടം കത്തുകൾ സംഘട്ടനത്തിന്റെ ആദ്യ ഘട്ടത്തെ പരകോടിയിലെത്തിച്ചു. ഉല്പത്തിയുടെ ആദ്യത്തെ മൂന്ന് അധ്യായങ്ങൾ ചരിത്രപരമാണെന്നും അവയെ “യഥാർഥ ചരിത്ര”മായി മനസ്സിലാക്കണമെന്നും ഈ കത്തുകളിലൊന്നിൽ കമ്മീഷൻ പ്രഖ്യാപിച്ചു.
“വെടിനിർത്ത”ലും “യുദ്ധവിരാമ”വും
എന്നാൽ, ഡാർവിന്റെ സിദ്ധാന്തത്തിന്റെ പ്രശസ്തി അഭിജ്ഞവൃന്ദങ്ങളിലേക്ക് ഉയർന്നപ്പോൾ ഫ്രഞ്ച് ജെസ്യൂട്ടായ ടേയാർ ഡ ഷാർഡാനെപ്പോലുള്ള കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാർ പരിണാമവാദത്തിലേക്കു കാലുമാറാൻ തുടങ്ങി. ടേയാറിന്റെ ആശയങ്ങൾ യാഥാസ്ഥിതിക പരിണാമവാദികളുടേതിൽനിന്ന് വ്യത്യസ്തമായിരുന്നെങ്കിലും 1921 മുതൽ അദ്ദേഹം “ജൈവപരിണാമത്തെ . . . കൂടുതൽ കൂടുതൽ യഥാർഥമായി കണ്ടു.” കത്തോലിക്കാ വിശ്വാസവും പരിണാമവാദവും തമ്മിൽ അനുരഞ്ജനത്തിനുള്ള ചായ്വ് അധികമധികം പ്രകടമായി വന്നു.
1948-ൽ മറ്റൊരു ജെസ്യൂട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ചില പരിധികൾക്കുള്ളിലാണെങ്കിൽ അനുരഞ്ജനം [പരിണാമവും കത്തോലിക്കാ വിശ്വാസവും തമ്മിലുള്ളത്] സാധ്യമാണെന്ന് പ്രഖ്യാപിക്കുന്ന ദൈവശാസ്ത്രജ്ഞന്മാരുടെ—നിസ്സംശയമായും യാഥാസ്ഥിതികരായവരുടെ—എണ്ണത്തിൽ 20-തിലധികം വർഷമായി ഒരു അസാധാരണ വർധനവ് ഉണ്ടായിട്ടുണ്ട്.” ആ സമയത്തോടടുത്ത്, പാപ്പായുടെ ബിബ്ലിക്കൽ കമ്മീഷൻ ഉല്പത്തിയിലെ സൃഷ്ടിവിവരണത്തെ പിന്താങ്ങിക്കൊണ്ട് 1909-ൽ എഴുതിയിരുന്ന വളരെയധികം കാര്യങ്ങൾ പിൻവലിച്ചു.
പിന്നീട്, 1950-ൽ, പന്ത്രണ്ടാം പീയൂസിന്റെ ചാക്രികലേഖനമായ ഹൂമാനി ജെനെറിസ് കത്തോലിക്കാ പണ്ഡിതന്മാർക്ക് പരിണാമസിദ്ധാന്തത്തെ സാധുവായ ഒരു സിദ്ധാന്തമായി കണക്കാക്കാൻ കഴിയുമെന്ന് പറയുകയുണ്ടായി. എന്നാൽ, പാപ്പാ ഇങ്ങനെ പറഞ്ഞു: “ദേഹികൾ ദൈവത്താൽ നേരിട്ടു സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള നിലപാടിനോടു പറ്റിനിൽക്കാൻ കത്തോലിക്കാ വിശ്വാസം നമ്മെ ബാധ്യസ്ഥരാക്കുന്നു.”
ഈ പറയുന്ന സമാധാനത്തിനു കാരണമെന്താണ്?
രണ്ടാം വത്തിക്കാൻ സഭൈക്യ കൗൺസിലിനുശേഷം, ചുരുക്കം ചില അപവാദങ്ങളൊഴിച്ചാൽ “പരിണാമപരമായ സിദ്ധാന്തങ്ങളെ സംബന്ധിച്ച എതിർപ്പുകൾ സുനിശ്ചിതമായും തരണം ചെയ്യപ്പെട്ടിട്ടുണ്ട്” എന്ന് കാർളോ മോളാരി പറയുന്നു. 1996 ഒക്ടോബറിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ നടത്തിയ പ്രഖ്യാപനം പ്രാധാന്യമർഹിക്കുന്നതാണ്: “[പന്ത്രണ്ടാം പീയൂസിന്റെ] ചാക്രികലേഖനം പ്രസിദ്ധീകരിച്ച് ഏതാണ്ട് അര നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്ന ഇന്ന്, പരിണാമസിദ്ധാന്തം ഒരു പരികൽപ്പനയിലുമധികമാണെന്ന് തിരിച്ചറിയാൻ പുതുവിജ്ഞാനം നമ്മെ സഹായിക്കുന്നു. ഗവേഷകർ ഈ സിദ്ധാന്തത്തെ പടിപടിയായി അംഗീകരിച്ചിരിക്കുന്നത് തീർച്ചയായും ശ്രദ്ധേയമാണ്.”
ചരിത്രകാരനായ ലൂച്ചോ വിലേരി പാപ്പായുടെ ഈ പ്രസ്താവനയെ ഒരു “നിർണായക സമ്മതം” എന്നു വിളിച്ചു. ഒരു യാഥാസ്ഥിതിക ഇറ്റാലിയൻ പത്രമായ ഇൽ ജൊർനാലെയിലെ ഒരു മുഖ്യതലക്കെട്ട് ഇങ്ങനെയായിരുന്നു: “നാം കുരങ്ങൻമാരിൽനിന്ന് ഉണ്ടായതായിരിക്കാമെന്ന് പാപ്പാ പറയുന്നു.” പാപ്പായുടെ സമ്മതം “പരിണാമത്തിൻമേലുള്ള സഭയുടെ അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നു”വെന്ന് ടൈം മാഗസിൻ നിഗമനം ചെയ്തു.
“പരിണാമവാദത്തോടുള്ള” കത്തോലിക്കാ നേതാക്കന്മാരുടെ “ഏറെക്കുറെ അയഞ്ഞ ഈ പുതിയ സമീപനം” എന്നു വിളിക്കപ്പെടുന്ന സംഗതിയുടെ കാരണമെന്താണ്? റോമൻ കത്തോലിക്കാസഭ പരിണാമ പഠിപ്പിക്കലുമായി അനുരഞ്ജനപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്?
പല കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരും ബൈബിളിനെ “ദൈവവചന”മായിട്ടല്ല “മമനുഷ്യന്റെ വചന”മായിട്ടാണ് കാണുന്നത് എന്നതു വ്യക്തമാണ്. (1 തെസ്സലൊനീക്യർ 2:13; 2 തിമൊഥെയൊസ് 3:16, 17) കത്തോലിക്കാസഭ ദൈവപുത്രനായ യേശുക്രിസ്തുവിന്റെ വാക്കിനെക്കാളും വില കൽപ്പിക്കുന്നത് ആധുനിക പരിണാമവാദികളുടെ വാക്കിനാണ്. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് യേശുക്രിസ്തു ഉല്പത്തിയിലെ സൃഷ്ടിവിവരണത്തെ സ്ഥിരീകരിച്ചു: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നു . . . നിങ്ങൾ വായിച്ചിട്ടില്ലയോ?” (മത്തായി 19:4) കൂടുതൽ വിലയുള്ളത് ആരുടെ അഭിപ്രായത്തിനാണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
[13-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികളും പരിണാമവും
ആദ്യ മനുഷ്യ ദമ്പതികൾ ദൈവത്താൽ നേരിട്ടു സൃഷ്ടിക്കപ്പെട്ടുവെന്നും ദൈവം “അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു”വെന്നുമുള്ള ക്രിസ്തുവിന്റെ പഠിപ്പിക്കലിനെ യഹോവയുടെ സാക്ഷികൾ എല്ലായ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. (മത്തായി 19:4; ഉല്പത്തി 1:27; 2:24) 1886-ൽ സഹസ്രാബ്ദോദയത്തിന്റെ (പിന്നീട് വേദാദ്ധ്യയന പത്രിക എന്നു വിളിക്കപ്പെട്ടു) ഒന്നാം വാല്യം ഡാർവിനിസത്തെ “തെളിയിക്കാനാകാത്ത ഒരു സിദ്ധാന്ത”മായി പരാമർശിക്കുകയുണ്ടായി. 1898-ൽ പരിണാമസിദ്ധാന്തത്തിനെതിരെ ബൈബിൾ (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം ബൈബിളിലെ സൃഷ്ടിവിവരണത്തെ ഉയർത്തിപ്പിടിച്ചു. കൂടാതെ, പുതിയ സൃഷ്ടി (ഇംഗ്ലീഷ്, 1904), സൃഷ്ടി (ഇംഗ്ലീഷ്, 1927) എന്നീ പുസ്തകങ്ങളും അതുപോലെതന്നെ വീക്ഷാഗോപുരത്തിലും സുവർണ്ണയുഗത്തിലും ആദ്യകാലത്ത് പ്രസിദ്ധീകരിച്ച ലേഖനങ്ങളും ബൈബിളിലെ സൃഷ്ടിവിവരണത്തെ ഉയർത്തിപ്പിടിച്ചു.
1950-ൽ പന്ത്രണ്ടാം പീയൂസ് പാപ്പാ തന്റെ ചാക്രികലേഖനമായ ഹൂമാനി ജെനെറിസ് പ്രചരിപ്പിച്ചപ്പോൾ യഹോവയുടെ സാക്ഷികൾ പരിണാമത്തിനെതിരെ പുതിയ ലോകം (ഇംഗ്ലീഷ്) പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ചെറുപുസ്തകത്തിൽ ബൈബിളിലെ സൃഷ്ടിവിവരണത്തെ പിന്താങ്ങുന്ന ശാസ്ത്രീയവും ചരിത്രപരവുമായ തെളിവുകളുണ്ട്. കൂടാതെ അത് “പരിണാമവും ബൈബിളും തമ്മിൽ ഒരു സഖ്യ”മുണ്ടാക്കുന്നതിനുള്ള ചില വൈദികരുടെ ശ്രമങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നു. മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്, 1967) എന്ന പുസ്തകവും 1985-ൽ പ്രസിദ്ധീകരിച്ച ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകവും അതുപോലെതന്നെ വീക്ഷാഗോപുരത്തിലും ഉണരുക!യിലും പ്രസിദ്ധീകരിച്ച ഒട്ടനവധി ലേഖനങ്ങളും ബൈബിളിന്റെ സൃഷ്ടിവിവരണത്തെ ഉയർത്തിപ്പിടിക്കുന്നു.
അങ്ങനെ, ദൈവമാണ് “നമ്മെ ഉണ്ടാക്കിയത്, നാം തന്നെയല്ല” എന്നതിനുള്ള അനവധി തെളിവുകളുമായി പരിചിതരാകാൻ യഹോവയുടെ സാക്ഷികൾ അനേകമാളുകളെ സഹായിച്ചിരിക്കുന്നു.—സങ്കീർത്തനം 100:3, NW.