ഒച്ച—ഒരു ആധുനിക ഉപദ്രവകാരി
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“ജീവിതത്തിലെ വലിയൊരു സമ്മർദഹേതു.”—ലോകാരോഗ്യ സംഘടനയുടെ ഉപദേശകനായ മാകിസ് റ്റ്സാപോഗാസ്.
“അമേരിക്കയിലെ ഏറ്റവും വ്യാപകമായ മലിനീകരണകാരി.”—ദ ബോസ്റ്റൺ സൺഡേ ഗ്ലോബ്, യു.എസ്.എ.
“നമ്മുടെ നാളിലെ ഏറ്റവും വലിയ മലിനീകരണകാരി.”—ഡെയ്ലി എക്സ്പ്രസ്സ്, ലണ്ടൻ, ഇംഗ്ലണ്ട്.
നിങ്ങൾക്കത് കാണാനോ മണക്കാനോ രുചിക്കാനോ തൊടാനോ കഴിയില്ല. ഒച്ച, ആധുനിക നഗരജീവിതത്തിന്റെ ശാപമായ ഇത് ഇപ്പോൾ ഗ്രാമപ്രദേശങ്ങളെയും മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്.
പ്രകൃതിശബ്ദങ്ങൾ ആലേഖനം ചെയ്യുന്നതിൽ 16 വർഷത്തോളം ചെലവഴിച്ച ഒരു അമേരിക്കൻ പ്രകൃതിശാസ്ത്രജ്ഞൻ തന്റെ ജോലി കൂടുതൽ ദുഷ്കരമായിത്തീരുന്നതായി കണ്ടെത്തിയിരിക്കുന്നു. 1984-ൽ അദ്ദേഹം 15 മിനിറ്റോ അതിലധികമോ ശബ്ദകോലാഹലങ്ങളില്ലാതിരുന്ന, യു.എസ്.എ.-യിലെ വാഷിങ്ടൺ സംസ്ഥാനത്തുള്ള 21 സ്ഥലങ്ങളെക്കുറിച്ചു പഠിക്കുകയുണ്ടായി. അഞ്ചു വർഷം കഴിഞ്ഞപ്പോൾ അവയിൽ മൂന്നെണ്ണം മാത്രമേ ഒച്ചയില്ലാത്തതായി ശേഷിച്ചുള്ളൂ.
ഒച്ചയില്ലാത്ത മൂന്നു സ്ഥലങ്ങളെങ്കിലും കണ്ടെത്തുക ലോകത്തിലെ പല ആളുകൾക്കും ഒരു വെല്ലുവിളിയാണ്. ജപ്പാനിൽ മറ്റേതു മലിനീകരണത്തെക്കാളും കൂടുതൽ പരാതികളുള്ളത് ശബ്ദമലിനീകരണത്തെക്കുറിച്ചാണെന്ന് 1991-ലെ ഒരു ദേശീയ റിപ്പോർട്ട് പ്രസ്താവിച്ചു. ലണ്ടനിലെ ദ ടൈംസ് “സമകാലീന ജീവിതത്തിലെ ഏറ്റവും വലിയ ഉപദ്രവ”മെന്ന് ഒച്ചയെ ഉചിതമായി വർണിക്കുന്നു. നായുടെ ശല്യപ്പെടുത്തുന്ന നിർത്താതെയുള്ള കുരയായാലും അയൽക്കാരന്റെ സ്റ്റീരിയോയുടെ കർണകഠോരമായ ശബ്ദമോ കാർ മോഷണ അലാറത്തിന്റെയോ റേഡിയോയുടെയോ തുടർച്ചയായ വലിയ ശബ്ദമോ ആയാലും ഒച്ച സാധാരണമായിത്തീർന്നിരിക്കുന്നു. എങ്കിലും, ശബ്ദമലിനീകരണം പുതിയൊരു സംഗതിയല്ല, അതിനൊരു നീണ്ട ചരിത്രമുണ്ട്.
ഒരു പുതിയ പ്രശ്നമല്ല
ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് പകൽസമയത്ത് റോമിന്റെ മധ്യത്തിലൂടെ ചക്രവാഹനങ്ങൾ ഓടുന്നത് ജൂലിയസ് സീസർ നിരോധിച്ചു. സങ്കടകരമെന്നു പറയട്ടെ, ഈ ഉത്തരവിന്റെ ഫലമായി, “തടികൊണ്ടുള്ളതോ ഇരുമ്പുപട്ടയടിച്ചതോ ആയ വണ്ടിച്ചക്രങ്ങൾ കല്ലു പാകിയ റോഡിൽ തിരിയുന്ന ശബ്ദം” അദ്ദേഹത്തിനും സഹ റോമാക്കാർക്കും രാത്രിയിൽ ഭയങ്കര ശബ്ദമലിനീകരണം ഉളവാക്കി. (ലൂയിസ് മംഫൊർഡ് എഴുതിയ ദ സിറ്റി ഇൻ ഹിസ്റ്ററി) ഒച്ച നിരന്തരം റോമാക്കാരുടെ ഉറക്കം കെടുത്തിയിരുന്നെന്ന് ഒരു നൂറ്റാണ്ടിനുശേഷം കവിയായ ജൂവെനൽ പരാതിപ്പെട്ടു.
16-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൻ ശബ്ദമുഖരിതമായ ഒരു പ്രധാന നഗരിയായിക്കഴിഞ്ഞിരുന്നു. എലിസബെത്തൻ ഇംഗ്ലണ്ടിന്റെ ഗ്രന്ഥകർത്രി ആയ ആലിസൺ പ്ലൗഡൻ എഴുതുന്നു: “മിക്ക സന്ദർശകരെയും അതിശയിപ്പിച്ച സംഗതി . . . അവിടത്തെ ശബ്ദകോലാഹലമായിരുന്നിരിക്കണം: അതായത്, ഒരായിരം വർക്ക്ഷോപ്പുകളിൽനിന്നുയരുന്ന ലോഹങ്ങളുടെയും ചുറ്റികയുടെയും ശബ്ദം, വണ്ടിച്ചക്രങ്ങൾ റോഡിൽ തിരിയുന്ന ശബ്ദവും അവയുടെ കിറുകിറുപ്പും, ചന്തയിലേക്കു കൊണ്ടുപോകുന്ന കന്നുകാലികളുടെ അമറൽ, തങ്ങളുടെ കച്ചവടസാധനങ്ങളുടെ മേന്മ വിളിച്ചറിയിക്കുന്ന തെരുവു വിൽപ്പനക്കാരുടെ പരുക്കൻശബ്ദങ്ങൾ എന്നിവ.”
18-ാം നൂറ്റാണ്ട് വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം കണ്ടു. യന്ത്രങ്ങളുടെ ഒച്ച എത്രമാത്രം കുഴപ്പമുണ്ടാക്കുന്നുവെന്ന് ഫാക്ടറി തൊഴിലാളികളുടെ കേൾവിത്തകരാറ് അപ്പോൾ പ്രകടമാക്കി. എന്നാൽ ഫാക്ടറികളുടെ അടുത്തു താമസിക്കാത്ത പട്ടണവാസികളും വർധിച്ചുവരുന്ന ശല്യത്തെക്കുറിച്ചു പരാതിപ്പെടുകയുണ്ടായി. ചരിത്രകാരനായ തോമസ് കാർലൈൽ കുക്കുടഘോഷത്തിൽനിന്നും അയൽക്കാരുടെ പിയാനോകളുടെയും സമീപത്തെ തെരുവിലൂടെ പോകുന്ന വാഹനങ്ങളുടെയും ശബ്ദങ്ങളിൽനിന്നും രക്ഷനേടുന്നതിനായി ലണ്ടനിലെ തന്റെ വീടിന്റെ മുകളിലുള്ള “ഒച്ച ചെല്ലാത്ത മുറിയിൽ” അഭയം തേടി. “അതുകൊണ്ടു ഫലമുണ്ടായില്ല” എന്ന് ദ ടൈംസ് റിപ്പോർട്ടുചെയ്യുന്നു: എന്തുകൊണ്ട്? “ബോട്ടുകളുടെ വിസിലുകളും തീവണ്ടികളുടെ കൂകലും ഉൾപ്പെടെ ഒരു കൂട്ടം പുതിയ ശബ്ദങ്ങൾ അദ്ദേഹത്തിന്റെ സ്വൈര്യം കെടുത്തി”!
വ്യാപകമായ ഒരു ആധുനിക മലിനീകരണകാരി
വിമാനക്കമ്പനികൾ ശബ്ദമലിനീകരണത്തിനെതിരെയുള്ള നിയമനിർമാണ ശ്രമങ്ങളെ ശക്തമായി ചെറുക്കുന്നതിനാൽ ഒച്ചയ്ക്കെതിരെ ശബ്ദമുയർത്തുന്നവർ ഇന്ന് ശ്രദ്ധകേന്ദ്രീകരിക്കുന്നത് വിമാനത്താവളങ്ങളിന്മേലാണ്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ വിമാനത്താവളം, ശബ്ദാതിവേഗമുള്ള കോൺകോർഡ് വിമാനം ഓരോ തവണ ഉയർന്നപ്പോഴും കർശനമായ പിഴ ഈടാക്കി. ഇത് ഫലപ്രദമായിരുന്നോ? അല്ല. വിമാനം വളരെയേറെ ശബ്ദമുള്ളതാണെങ്കിലും ശബ്ദം കുറയ്ക്കാനായി ഇന്ധനത്തിന്റെ അളവു കുറച്ചാൽ അത് ഇടയ്ക്കു താഴെയിറക്കാതെ ടൊറൊന്റോയോ ന്യൂയോർക്കോ വരെ എത്തിക്കാനാവില്ലെന്ന് ഒരു കോൺകോർഡ് ക്യാപ്റ്റൻ സമ്മതിച്ചുപറഞ്ഞു.
റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഒച്ച നിരോധിക്കുന്നതും ഇതുപോലെതന്നെ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, ഇത്തരം മലിനീകരണം ജനസംഖ്യയുടെ 64 ശതമാനത്തെ അലോസരപ്പെടുത്തുന്നുവെന്ന് ജർമനിയിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഈ പ്രശ്നം വളർന്നുകൊണ്ടിരിക്കുകയുമാണ്, അതായത് സമൂഹം യന്ത്രവത്കൃതമായിത്തീരുന്നതിനു മുമ്പുണ്ടായിരുന്നതിന്റെ ആയിരം മടങ്ങായി അതു വളർന്നിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. “ഏഥൻസ് യൂറോപ്പിലെ ഏറ്റവും ശബ്ദായമാനമായ നഗരങ്ങളിലൊന്നാണെന്നും അവിടുത്തെ ശബ്ദകോലാഹലം ഏഥൻസുകാരുടെ ആരോഗ്യത്തിനു ഹാനിവരുത്തുന്ന അളവോളം രൂക്ഷമാണെന്നും” ഗ്രീസിൽനിന്നുള്ള ഒരു റിപ്പോർട്ടു പ്രസ്താവിക്കുന്നു. അതുപോലെതന്നെ, ജപ്പാനിൽ വാഹനങ്ങളുടെ ഒച്ച കൂടിക്കൂടി വരുകയാണെന്നും മോട്ടോർവാഹനങ്ങളുടെ ഉപയോഗത്തിലുള്ള തുടർച്ചയായ വർധനവാണ് ഇതിനു കാരണമെന്നും അവിടുത്തെ പാരിസ്ഥിതിക ഏജൻസി അഭിപ്രായപ്പെടുന്നു. കുറഞ്ഞ വേഗത്തിൽ പോകുമ്പോൾ കാറിന്റെ എഞ്ചിനാണ് ഒച്ചയുടെ മുഖ്യ ഉറവിടം, എന്നാൽ മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗത്തിൽ പോകുമ്പോൾ ടയറുകളാണ് ഏറ്റവും കൂടുതൽ ഒച്ചയുണ്ടാക്കുന്നത്.
ബ്രിട്ടനിൽ ഒച്ച സംബന്ധിച്ച പരാതികളുടെ ഏറ്റവും വലിയ കാരണം വീടുകളിൽനിന്നുള്ള ഒച്ചയാണ്. ഒച്ചപ്പാടുണ്ടാക്കുന്ന അയൽക്കാരെപ്പറ്റിയുള്ള പരാതികൾ 10 ശതമാനം വർധിച്ചിരിക്കുന്നുവെന്ന് ബ്രിട്ടനിലെ ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻവൈറൻമെന്റൽ ഹെൽത്ത് 1996-ൽ പ്രസ്താവിക്കുകയുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു വനിതാ വക്താവ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “അതിനു വിശദീകരണം നൽകുക ബുദ്ധിമുട്ടാണ്. ജോലിസ്ഥലത്ത് ആളുകൾ അനുഭവിക്കുന്ന സമ്മർദം വീട്ടിൽ വരുമ്പോൾ കൂടുതൽ ശാന്തതയും സ്വസ്ഥതയും ആഗ്രഹിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നുവെന്നതായിരിക്കാം ഒരു ഘടകം.” 1994-ൽ ബ്രിട്ടനിൽ ഫയൽ ചെയ്യപ്പെട്ട മൊത്തം പരാതികളുടെ മൂന്നിൽ രണ്ടും രാത്രി വൈകിയുള്ള സംഗീതം, വലിയ ശബ്ദമുണ്ടാക്കുന്ന കാർ എഞ്ചിനുകൾ, അലാറങ്ങൾ, ഹോണുകൾ എന്നിവയെക്കുറിച്ചുള്ളതായിരുന്നു. എന്നാൽ പ്രതികാരനടപടി പേടിച്ച് ശബ്ദമലിനീകരണത്തിന്റെ 70 ശതമാനം ഇരകൾ പരാതിപ്പെടാതിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. അവരുടെ കാര്യമോ? പ്രശ്നം തീർച്ചയായും വ്യാപകമാണ്.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏജൻസികൾ ശബ്ദമലിനീകരണത്തിന്റെ വ്യാപകമായ ഉപദ്രവം ഹേതുവായി അതു നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾക്കായി നിർബന്ധം പിടിക്കുന്നു. ഉദാഹരണത്തിന്, ഐക്യനാടുകളിലെ ചില സമുദായങ്ങൾ പരിസരം മോടിപിടിപ്പിക്കുന്നതിനുള്ള യന്ത്രോപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനായി പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിൽ, ഒച്ച സംബന്ധിച്ച ഒരു പുതിയ നിയമം ഒച്ചപ്പാടുണ്ടാക്കുന്ന അയൽക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. വൈകിട്ട് 11:00-നും രാവിലെ 7:00-നും ഇടയ്ക്ക് നിയമലംഘനം നടത്തുന്നവരിൽനിന്ന് തത്ക്ഷണം പിഴ ഈടാക്കാൻ അത് അധികാരം നൽകുന്നു. ശല്യമുണ്ടാക്കുന്ന സ്റ്റീരിയോ ഉപകരണം കണ്ടുകെട്ടുന്നതിനുള്ള അധികാരംപോലും പ്രാദേശിക അധികാരികൾക്കുണ്ട്. എന്നിട്ടും ഒച്ച എന്ന പ്രശ്നം നിലനിൽക്കുന്നു.
വാസ്തവത്തിൽ ശബ്ദമലിനീകരണം വളർന്നുവരുന്ന ഒരു പ്രശ്നമായിരിക്കെ, അതിന്റെ ഇരയെന്ന നിലയിൽ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയുമെന്ന് ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നുണ്ടാകും. എന്നാൽ, ഒച്ചയുണ്ടാക്കുന്നത് നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാനാകും? നിലനിൽക്കുന്ന ശാന്തതയും സ്വസ്ഥതയും എന്നെങ്കിലും ഉണ്ടാകുമോ? ഉത്തരത്തിനായി പിൻവരുന്ന ലേഖനങ്ങൾ വായിക്കുക.