എസ്പ്രെസോ—കാപ്പിയുടെ സത്ത്
‘കാപ്പിയുടെ സ്വാദ് അതിന്റെ വാസനയോളംതന്നെ നന്നായിരുന്നെങ്കിൽ!’ നിങ്ങൾ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ “കാഫെ എസ്പ്രെസോ” ഒന്നു രുചിച്ചുനോക്കേണ്ടതാണ്. “അത്യുത്തമ കാപ്പി,” “കിട്ടാവുന്നതിലേക്കും രുചികരമായ കാപ്പി” എന്നൊക്കെ വിദഗ്ധർ അതിനെ വിളിച്ചിട്ടുണ്ട്.
നിങ്ങൾ ഇതിനോടകം എസ്പ്രെസോ രുചിച്ചുനോക്കിയിട്ടുണ്ടോ? അതിന്റെ തികഞ്ഞ, സമ്പുഷ്ടമായ രുചി നിങ്ങളെ ആകർഷിച്ചിരിക്കാം. അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കാം: ‘ഇത് നല്ല കാപ്പിയാണെന്നൊന്നും ഞാൻ പറയില്ല. വെറുതെയല്ല ഇത് ഏറ്റവും ചെറിയ കപ്പിൽത്തന്നെ കൊടുക്കുന്നത്—ഇത്ര കയ്പുള്ള കാപ്പി ആരാണ് അധികം കുടിക്കുക? ആരോഗ്യത്തിന് ഹാനികരമായ അളവിൽ കഫീനും ഇതിൽ അടങ്ങിയിട്ടുണ്ട്, തീർച്ച!’
പക്ഷേ നന്നായി തയ്യാറാക്കിയ എസ്പ്രെസോയ്ക്ക് കയ്പുരസമുണ്ടായിരിക്കുമോ? ഒരു ചെറിയ കപ്പിൽ കിട്ടുന്ന എസ്പ്രെസോയിൽ ഒരു കപ്പ് സാധാരണ കാപ്പിയിലുള്ളതിനെക്കാൾ അധികം കഫീൻ അടങ്ങിയിട്ടുണ്ടോ? ഉത്തരങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.
അതിനെ എസ്പ്രെസോ ആക്കുന്നതെന്ത്?
വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലുംപെട്ടവർ എസ്പ്രെസോ തയ്യാറാക്കാൻ തനതായ രീതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഉത്ഭവം ഇറ്റലിയിലാണ്. അതിന്റെ രുചി എന്താണ്? നറുമണമുതിർക്കുന്ന, സമ്പുഷ്ടമായ, മധുരമൂറുന്ന, സ്വാദേറിയ, കയ്പും മധുരവും കലർന്ന രുചിയുള്ള, കരിച്ചെടുത്ത പഞ്ചസാരയുടെ സ്വാദുള്ള, പരിമളം പരത്തുന്ന ഒന്നായി എസ്പ്രെസോ പ്രേമികൾ അതിനെ വർണിക്കുന്നു. തികച്ചും നന്നായി കൂട്ടിയെടുത്ത ഒരു കപ്പ് എസ്പ്രെസോയുടെ മുകളിലായി ക്രേമ—തവിട്ടുകലർന്ന തങ്കനിറത്തിലുള്ള പത—ഉണ്ടായിരിക്കും. വളരെ ബുദ്ധിമുട്ടിയാണ് ഈ പത ഉണ്ടാക്കിയെടുക്കുന്നത്. ഒരു പരിധിവരെ എസ്പ്രെസോയുടെ രുചിയും മണവും നിലനിർത്തുന്നതും ഇതാണ്.
ഒരൊറ്റ കപ്പിൽ 30 മുതൽ 40 വരെ മില്ലിലിറ്റർ എസ്പ്രെസോ മാത്രമേ ഉണ്ടായിരിക്കൂ. കൂട്ടിയുണ്ടാക്കിയ ഉടനെ, പഞ്ചസാര ചേർത്ത് അത് ഒരു ചെറിയ കപ്പിൽ നൽകുകയാണ് പതിവ്—അതായത്, എത്രയും പുതുമയോടെ എന്നർഥം!
അത് തയ്യാറാക്കുന്നത് എങ്ങനെയാണ്? പല തരം കാപ്പിക്കുരു പ്രത്യേക അളവിൽ കൂട്ടിച്ചേർത്ത് നല്ല തവിട്ടുനിറമാകുന്നതുവരെ (എന്നാൽ കറുത്തുപോകാൻ പാടില്ല) വറുത്ത് സാധാരണ കാപ്പിപ്പൊടിയെക്കാൾ നേർത്തതായി പൊടിച്ചെടുക്കുകയാണ് എസ്പ്രെസോ തയ്യാറാക്കുന്നതിലെ ആദ്യ പടി. എന്നാൽ വറുക്കുന്നതിലോ പൊടിക്കുന്നതിലോ ഒന്നുമല്ല മുഖ്യമായും എസ്പ്രെസോയുടെ ഗുണമിരിക്കുന്നത്.—അത് കൂട്ടിയെടുക്കുന്നതിലെ തനതായ രീതിയിലാണ്. ഗുരുത്വാകർഷണത്തിനുപകരം മർദമാണ് ഈ പ്രക്രിയയിൽ ഉപയോഗിക്കുന്നത്. ഒരു ചെറിയ കപ്പ് എസ്പ്രെസോ തയ്യാറാക്കാൻ, ഒരു കപ്പ് ഡ്രിപ്പ് കാപ്പിക്ക് ഉപയോഗിക്കുന്നതിന്റെ ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗം കാപ്പിപ്പൊടി മതിയാകും. ഡ്രിപ്പ് കാപ്പിയെ അപേക്ഷിച്ച് ഇതിന് വെള്ളവും തീരെ കുറവു മതി. ഈ പ്രക്രിയയിലൂടെ കാപ്പിക്കുരുവിന്റെ സത്താണ് ലഭിക്കുന്നത്.
പല റെസ്റ്ററൻറുകളിലും കാപ്പിക്കടകളിലും, നിങ്ങൾക്ക് സിങ്കിൾ എസ്പ്രെസോയ്ക്കോ ഡബിൾ എസ്പ്രെസോയ്ക്കോ ഓർഡർ ചെയ്യാൻ സാധിക്കും. എങ്കിലും ഒരു മുന്നറിയിപ്പ്: അശ്രദ്ധമായി തയ്യാറാക്കിയ എസ്പ്രെസോയ്ക്ക് കയ്പുരസം കാണും. അതുകൊണ്ട് ഒരു റെസ്റ്ററൻറിലോ കഫേയിലോ ചെന്ന് എസ്പ്രെസോ വാങ്ങിക്കുടിക്കാൻ തുടങ്ങുന്നതിനുമുമ്പ് അതൊന്നു പരിശോധിക്കുക. നിങ്ങളുടെ കപ്പ് നിറഞ്ഞുതുളുമ്പുന്നതാണെങ്കിൽ, കാപ്പിയുടെ മുകളിൽ ക്രേമ ഇല്ലെങ്കിൽ, അത് കടുപ്പമുള്ള, കാപ്പിപ്പൊടിയിലൂടെ വളരെയധികം ആവി കടത്തിവിട്ട് കൂട്ടിയെടുത്ത ഒന്നായിരിക്കാനിടയുണ്ട്.
എസ്പ്രെസോയോടു ബന്ധപ്പെട്ട മറ്റനേകം പാനീയങ്ങളുമുണ്ട്. എസ്പ്രെസോ വളരെ കടുപ്പമുള്ളതാണെന്നു തോന്നുന്നെങ്കിൽ നിങ്ങൾക്ക് രുചിയേറിയ കപ്പൂച്ചിനോയോ ക്രീം ചേർത്ത കാഫെ ലാറ്റെയോ രുചിച്ചുനോക്കരുതോ?
വീട്ടിൽ എസ്പ്രസോ തയ്യാറാക്കാനുള്ള ഉപകരണം
എസ്പ്രെസോ പാനീയങ്ങൾ വീട്ടിൽത്തന്നെ തയ്യാറാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? സമ്പുഷ്ടമായ, മധുരമേറിയ പാനീയം ലഭിക്കാൻ എല്ലാ വിശദാംശങ്ങൾക്കും ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്.
എത്തരത്തിലുള്ള എസ്പ്രെസോ മേക്കറാണ് നിങ്ങൾ വാങ്ങേണ്ടത്? വറുക്കലും പൊടിക്കലുമെല്ലാം എത്ര മെച്ചമായി ചെയ്താലും ഡ്രിപ്പ് മാർഗത്തിലൂടെ യഥാർഥ എസ്പ്രെസോ തയ്യാറാക്കാൻ സാധിക്കുകയില്ല. അതിന് പ്രത്യേകം രൂപകൽപ്പന ചെയ്യപ്പെട്ട ഉപകരണംതന്നെ വേണം.
സ്റ്റൗ-ടോപ്പ് ബ്ര്യൂവറുകൾ ആണ് സാധാരണ ഏറ്റവും വില കുറഞ്ഞവ. ഇതുപയോഗിച്ച് തയ്യാറാക്കുന്ന കാപ്പിക്ക് കടുപ്പം കുറവായിരിക്കും, ക്രേമയും കാണുകയില്ല. എങ്കിലും പലരും ഇതുകൊണ്ട് തൃപ്തിയടയുന്നു. റിസർവോയറിൽ ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധയോടെ നിയന്ത്രിച്ചുകൊണ്ടോ പകുതി സമയം കഴിയുമ്പോൾ പാത്രത്തിന്റെ അടപ്പു മാറ്റി അത് സ്റ്റൗവിൽനിന്ന് ഇറക്കിവെച്ചുകൊണ്ടോ നിങ്ങൾക്ക് നല്ലൊരു എസ്പ്രെസോ തയ്യാറാക്കാനാകും.
വൈദ്യുത ആവി യന്ത്രങ്ങൾ കാപ്പിപ്പൊടിയിലൂടെ വെള്ളം ശക്തിയായി കടത്തിവിടാൻ നീരാവിയെ ഉപയുക്തമാക്കുന്നു. ഏറ്റവും നല്ല ഫലങ്ങൾ ലഭിക്കാൻ നിങ്ങൾ എന്താണു ചെയ്യേണ്ടത്? 30 മുതൽ 60 വരെ മില്ലിലിറ്റർ ലഭിച്ചശേഷം കാപ്പിയുടെ ഒഴുക്ക് നിറുത്തുക. അങ്ങനെയാകുമ്പോൾ കാപ്പിപ്പൊടിയിൽനിന്ന് അമിതമായി സത്ത് ഊറ്റിയെടുക്കപ്പെടുന്നില്ല, പാൽ പതയ്ക്കാൻ ആവശ്യമായ ആവി നഷ്ടമാകുന്നുമില്ല. അതുകൊണ്ട്, കാപ്പിയുടെ ഒഴുക്ക് നിർത്താൻ ആവശ്യമായ ഒരു സ്വിച്ചോ മറ്റെന്തെങ്കിലും ഉപാധികളോ ഉള്ള ഒരു ഉപകരണം നോക്കിവാങ്ങുക. ആവി യന്ത്രങ്ങൾക്കൊണ്ട് നല്ല ഒന്നാന്തരം കപ്പൂച്ചിനോയും ലാറ്റെയുമൊക്കെ ഉണ്ടാക്കാൻ പറ്റുമെങ്കിലും സ്റ്റൗ-ടോപ്പ് ബ്ര്യൂവറുകൾ പോലെ അവ ഉപയോഗിച്ച് നല്ല എസ്പ്രെസോ ഉണ്ടാക്കാൻ സാധിക്കുകയില്ല.
പിസ്റ്റൺ യന്ത്രങ്ങൾ പൊതുവേ ഏറ്റവും വിലകൂടിയവയാണ്. അവ ഉപയോഗിച്ച് ഒന്നാന്തരം എസ്പ്രെസോ തയ്യാറാക്കാം. ഒരു പിസ്റ്റൺ യന്ത്രം പ്രവർത്തിപ്പിക്കാൻ അതിന്റെ ഹാൻഡിൽ താഴ്ത്തിക്കൊണ്ടു മർദം പ്രയോഗിക്കണം. അപ്പോൾ, സ്പ്രിങ്ങോടുകൂടിയ പിസ്റ്റൺ അമരുകയും ചൂടുള്ള വെള്ളം കാപ്പിപ്പൊടിയിലേക്കു തള്ളിക്കയറുകയും ചെയ്യും. ചിലർ പിസ്റ്റൺ യന്ത്രം വാങ്ങാൻ താത്പര്യം കാട്ടുന്നത്, അതിന്റെ പ്രവർത്തനത്തെ കൈകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്നതിനാലും അവ കാഴ്ചയ്ക്ക് ആകർഷകമായിരിക്കുന്നതിനാലുമാണ്. അവ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും വെള്ളം ചൂടാകാൻ താമസമുണ്ടെന്നുമാണ് മറ്റു ചിലരുടെ പക്ഷം.
പമ്പ് യന്ത്രങ്ങളും നല്ല എസ്പ്രെസോ തയ്യാറാക്കാൻവേണ്ട മർദം ഉത്പാദിപ്പിക്കുന്നു. അവ പിസ്റ്റൺ യന്ത്രങ്ങളെക്കാൾ എളുപ്പത്തിലും വേഗത്തിലും പ്രവർത്തിപ്പിക്കാൻ സാധിക്കും. അതുകൊണ്ട് ഏറ്റവും നല്ല എസ്പ്രെസോ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ പൊതുവേ പമ്പ് യന്ത്രങ്ങളായിരിക്കും വാങ്ങുക. ഇവ പല തരത്തിലുണ്ട്. ചില പമ്പ് യന്ത്രങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ കാലം ഉപയോഗിക്കാനാകും. അതുകൊണ്ട് ഒട്ടേറെ കടകളിൽ തിരക്കിയശേഷം മാത്രം അവ വാങ്ങുക. യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചു കാണിക്കുന്ന കടകളിൽ ചെല്ലുകയാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും നല്ലതു നോക്കി തിരഞ്ഞെടുക്കാൻ സാധിക്കും.
നിങ്ങൾ വാങ്ങുന്ന കാപ്പിക്കുരുവും പൊടിയും
പഴകാത്ത, വറുത്ത എസ്പ്രെസോ കാപ്പിക്കുരു നോക്കി വാങ്ങുക. സൂപ്പർമാർക്കറ്റിൽ വിൽക്കുന്ന കാപ്പിക്കുരുവും പൊടിയുമെല്ലാം മിക്കപ്പോഴും പഴകിയതായിരിക്കും. അതുകൊണ്ട് കാപ്പിക്കുരുവും പൊടിയും മാത്രം വിൽക്കുന്ന ഏതെങ്കിലുമൊരു കടതന്നെ തേടിപ്പിടിക്കുക—കാപ്പിക്കുരു വറുക്കുന്നതും അവിടെത്തന്നെയാണെങ്കിൽ ഏറെ നന്ന്. കാപ്പിക്കുരു പൊടിച്ചുകഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കൊണ്ട് അതിന്റെ സ്വാദു നഷ്ടപ്പെടും. എന്നാൽ കുരുവായിത്തന്നെ സൂക്ഷിച്ചാൽ ഏതാനും ആഴ്ചകളോളം അതിന്റെ പുതുമ നിലനിൽക്കും. അതുകൊണ്ട് സാധ്യമെങ്കിൽ കാപ്പിക്കുരു വാങ്ങി ആവശ്യാനുസരണം വീട്ടിൽവെച്ചുതന്നെ പൊടിക്കുക. നേർമയായി പൊടിക്കണം. എന്നാൽ തീരെ പൊടിയാകാനും പാടില്ല. കാപ്പിപ്പൊടിയാണു വാങ്ങുന്നതെങ്കിൽ കുറച്ചു മാത്രം വാങ്ങുക, അത് വേഗം ഉപയോഗിച്ചു തീർക്കുകയും വേണം.
കാപ്പിപ്പൊടിയുടെ പുതുമ നഷ്ടപ്പെടാതിരിക്കാൻ അത് വായു കടക്കാത്ത ഒരു ടിന്നിലാക്കി സൂക്ഷിക്കുക. ഒന്നു രണ്ട് ആഴ്ചകൊണ്ട് ഉപയോഗിച്ചുതീർക്കാനാണെങ്കിൽ കാപ്പിപ്പൊടി ടിൻ തണുപ്പുള്ള, വെളിച്ചം കടക്കാത്ത സ്ഥലത്തോ ഫ്രീസറിനകത്തോ സൂക്ഷിക്കുക.
കാപ്പി കൂട്ടുന്നതിലെ വൈദഗ്ധ്യം
ഏറ്റവും നല്ല ഉപകരണവും കാപ്പിപ്പൊടിയും കൈവശമുണ്ടെങ്കിലും എസ്പ്രെസോ ഉണ്ടാക്കാനുള്ള വൈദഗ്ധ്യം നേടിയെടുക്കുകതന്നെ വേണം, അതു വാങ്ങാനാവില്ല. ഉപയോഗിക്കുന്ന യന്ത്രം അനുസരിച്ച് എസ്പ്രെസോ കൂട്ടിയെടുക്കുന്നതിലെ പടികൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് അതോടൊപ്പം ലഭിക്കുന്ന നിർദേശങ്ങൾ പിൻപറ്റുക. ആവശ്യത്തിന് കാപ്പിപ്പൊടി ഉപയോഗിക്കുക. അകത്തേക്കു കടത്തിവെക്കുന്ന ഫിൽറ്റർ നിറയാൻ മാത്രം കാപ്പിപ്പൊടി ആവശ്യമാണ്. അതോടൊപ്പം കാപ്പിപ്പൊടിക്ക് വികസിക്കാൻ അൽപ്പം സ്ഥലവും ഉണ്ടായിരിക്കണം. ഇതാണ് ശരിയായ അളവ്. രുചിയും പരിമളവും പൂർണമായ അളവിൽ ലഭിക്കത്തക്കവിധം വെള്ളം കാപ്പിപ്പൊടിയിലൂടെ സാവധാനം ഒരേപോലെ ഒഴുകാൻ ഫിൽറ്ററിൽ ശരിയായ വിധത്തിൽ കാപ്പിപ്പൊടി നിറയ്ക്കുന്നതിന് അൽപ്പം പരിചയം വേണ്ടിവരും.
ഒഴിവാക്കേണ്ട ഒരു അബദ്ധം എന്താണ്? കാപ്പിപ്പൊടിയിൽനിന്ന് ഏറെ കാപ്പി കൂട്ടിയെടുക്കുന്നത്. ഒരു കപ്പ് എസ്പ്രെസോ മാത്രം ഉണ്ടാക്കാൻവേണ്ട കാപ്പിപ്പൊടിയിൽനിന്ന് 60-ഓ 90-ഓ മില്ലിലിറ്റർ എസ്പ്രെസോ കൂട്ടിയെടുക്കാൻ ശ്രമിച്ചാൽ അത് നേർത്തതായിരിക്കുമെന്നു മാത്രമല്ല കയ്ക്കുകയും ചെയ്യും. എസ്പ്രെസോയ്ക്കു പകരം കടുപ്പമുള്ള ഡ്രിപ്പ് കാപ്പിക്കു സമാനമായ ഒരു പാനീയമായിരിക്കും നിങ്ങൾക്കു ലഭിക്കുക—അല്ലാതെ നിങ്ങൾ പ്രതീക്ഷിച്ചതായിരിക്കില്ല.
അതുകൊണ്ട് കാപ്പി കൂട്ടുന്നത് എപ്പോൾ നിറുത്തണമെന്ന് അറിഞ്ഞിരിക്കുന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഒരൊറ്റ കപ്പിൽ 30 മുതൽ 40 വരെ മില്ലിലിറ്റർ എസ്പ്രെസോയാണ് വേണ്ടതെന്നും 20 മുതൽ 25 വരെ സെക്കൻഡാണ് അത് തയ്യാറാക്കാൻ വേണ്ടതെന്നുമാണ് വിദഗ്ധ മതം. ഈ സമയംകൊണ്ട് കാപ്പിപ്പൊടിയിൽനിന്ന് സത്ത് പൂർണമായും ഊറ്റിയെടുക്കപ്പെട്ടിരിക്കും, ഉപയോഗിച്ച കാപ്പിപ്പൊടി കളയേണ്ടതാണ്.
ഡബിൾ എസ്പ്രെസോ തയ്യാറാക്കുമ്പോഴും കാപ്പിപ്പൊടിയിൽനിന്ന് “കുറച്ച് കാപ്പി ഉണ്ടാക്കുന്നതാണ് ഉത്തമം.” കൂട്ടിയെടുക്കുന്ന കാപ്പി എത്ര കുറവാണോ പാനീയം അത്രയേറെ മധുരമുള്ളതായിരിക്കും. ഡബിൾ എസ്പ്രെസോ എന്നതിനെ പലതരത്തിൽ നിർവചിക്കുന്നുണ്ടെങ്കിലും അത് ഏതാണ്ട്, രണ്ടിരട്ടി കാപ്പിപ്പൊടി ഉപയോഗിച്ച് ഇരട്ടി അളവ് എസ്പ്രെസോ പകർന്നുകൊടുക്കുന്നതാണ്.
കഫീന്റെ കാര്യമോ?
ഒരൊറ്റ കപ്പ് എസ്പ്രെസോയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് ഒരു കപ്പ് സാധാരണ കാപ്പിയിലുള്ളതിനെക്കാൾ കുറവായിരിക്കാനാണ് സാധ്യത. അതു നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? എസ്പ്രെസോ ഇത്ര കടുപ്പമേറിയതായിരുന്നിട്ടും അങ്ങനെ പറയുന്നത് എന്തുകൊണ്ടാണ്?
വറുത്ത കാപ്പിക്കുരുവിന്റെ ഇരുണ്ട നിറമാണ് ഒരു ഘടകം. വറുത്ത കാപ്പിക്കുരുവിന്റെ നിറം കൂടുതൽ ഇരുണ്ടതാണെങ്കിൽ അതിൽ കുറവ് കഫീനേ അടങ്ങിയിട്ടുണ്ടാകൂ. കൂടാതെ, പല കാപ്പിക്കടകളും ഉപയോഗിക്കുന്നത് അറബിക്ക കാപ്പിക്കുരുവാണ്. പല സൂപ്പർമാർക്കറ്റുകളിൽനിന്നും ലഭിക്കുന്ന ടിന്നിലടച്ച റോബസ്റ്റ കാപ്പിപ്പൊടിയിലുള്ളതിനെക്കാൾ കുറവ് കഫീനേ ഇതിൽ അടങ്ങിയിട്ടുള്ളൂ.
എന്നാൽ ഏറ്റവും വലിയ ഘടകം അളവാണ്. ഓരോ മില്ലിലിറ്റർ എസ്പ്രെസോയിലും സാധാരണ കാപ്പിയിലുള്ളതിനെക്കാൾ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ടെങ്കിലും വാസ്തവത്തിൽ ഒരു കപ്പ് എസ്പ്രെസോ എന്നു പറയുന്നത് തീരെ കുറവാണ്. അതുകൊണ്ട്, 180 മില്ലിലിറ്ററിന്റെ ഒരു സാധാരണ കപ്പ് കാപ്പിയിൽ 100-ഓ അതിലധികമോ മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ടായിരിക്കാമെന്നും എന്നാൽ ഒരു കപ്പ് എസ്പ്രെസോയിൽ അതിലും കുറവ് കഫീനേ ഉണ്ടായിരിക്കുകയുള്ളുവെന്നും ചില പഠനങ്ങൾ കാണിക്കുന്നു.
എന്നിരുന്നാലും പഠനത്തിന്റെ ഫലങ്ങൾ വ്യത്യസ്തമാണ്. കഫീന്റെ അളവ് ഉപയോഗിക്കുന്ന കാപ്പിക്കുരുവിനെയും എസ്പ്രെസോ തയ്യാറാക്കുന്നതിലെ ഓരോ പടിയെയും ആശ്രയിച്ചിരിക്കും. ഡബിൾ എസ്പ്രെസോയിൽ സിങ്കിൾ എസ്പ്രെസോയിലുള്ളതിനെക്കാൾ അധികം കഫീൻ അടങ്ങിയിട്ടുണ്ടാകും. കഫീന്റെ അളവ് നിർണയിക്കാൻ നിങ്ങളെ ഏറ്റവും നന്നായി സഹായിക്കുന്നത് കാപ്പി കുടിച്ചശേഷം നിങ്ങൾക്കുണ്ടാകുന്ന തോന്നലുകളായിരിക്കാം. ഉള്ളിലേക്കു ചെല്ലുന്ന കഫീന്റെ അളവ് കുറയ്ക്കണമെന്നും അതേസമയം എസ്പ്രെസോ കുടിക്കണമെന്നുമുണ്ടെങ്കിൽ ഒന്നുകിൽ നിങ്ങൾക്ക് കഫീൻ നീക്കം ചെയ്ത വറുത്ത എസ്പ്രെസോ കാപ്പിക്കുരു ഉപയോഗിക്കാം. അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന അളവിൽ കഫീൻ ലഭിക്കത്തക്കവിധം അത് സാധാരണ എസ്പ്രെസോ കാപ്പിക്കുരുവുമായി യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
എസ്പ്രെസോ സ്വന്തം അടുക്കളയിൽ തയ്യാറാക്കാൻ നിങ്ങൾ ഒരുങ്ങിക്കഴിഞ്ഞോ? നല്ല ഫലം ലഭിക്കണമെങ്കിൽ തുടർച്ചയായി ശ്രമിക്കണം. പരീക്ഷണം നിങ്ങളിൽത്തന്നെ തുടങ്ങുക—അതായത് സുഹൃത്തുക്കൾക്കു നൽകുന്നതിനു മുമ്പായി നിങ്ങൾതന്നെ ഉണ്ടാക്കി കുടിച്ചുനോക്കുക. പാൽ പതപ്പിക്കാനും ക്രേമ തയ്യാറാക്കാനും നിങ്ങൾക്ക് അനുഭവപരിചയം ആവശ്യമാണ്. എങ്കിലും നിങ്ങളുടെ നിരന്തര പരിശ്രമത്തിനു ഫലം ലഭിക്കും, നിങ്ങളുടെ പ്രദേശത്തുള്ള കാപ്പിക്കടകളിൽ ലഭിക്കുന്നവയെ വെല്ലുന്ന തരം എസ്പ്രെസോ പാനീയങ്ങൾ കൊടുത്ത് സുഹൃത്തുക്കളെ സന്തോഷിപ്പിക്കുമ്പോൾ. എസ്പ്രെസോ, കാപ്പിയുടെ സത്താണെന്നുപോലും നിങ്ങൾ സമ്മതിച്ചെന്നുവരാം.
[22-ാം പേജിലെ ചതുരം]
പാൽ പതപ്പിക്കാൻ വേണ്ട നിർദേശങ്ങൾ
കപ്പൂച്ചിനോയും ലാറ്റെയും തയ്യാറാക്കുന്നതിനായി ആവി കയറ്റി പാൽ പതപ്പിക്കാൻ നിങ്ങൾക്ക് ഒരു സ്റ്റീൽ മൊന്തയും തണുത്ത പാലും ഒരു മിൽക്ക് സ്റ്റീമറും ആവശ്യമാണ്. എസ്പ്രെസോ തയ്യാറാക്കുന്ന പാത്രത്തിന് പാൽ ആവികയറ്റി പതപ്പിക്കാനുള്ള ദണ്ഡില്ലെങ്കിൽ അതു തനിയെ വേറേ വാങ്ങാവുന്നതാണ്.
1. സ്റ്റീൽ മൊന്തയുടെ പകുതിയോളം മാത്രം തണുത്ത പാൽ നിറയ്ക്കുക.
2. ആവികയറ്റി പതപ്പിക്കാനുള്ള ദണ്ഡ് പാലിന്റെ ഉപരിതലത്തിനു തൊട്ടു താഴെയായി വെക്കുക, സ്റ്റീം വാൽവ് തുറക്കുക.
3. പാൽ പതയുമ്പോൾ മൊന്ത താഴ്ത്തുകയും അകത്തേക്ക് കൂടുതൽ വായു കടത്തിവിടുകയും ചെയ്യുക. അപ്പോഴും ദണ്ഡിന്റെ അറ്റം ഉപരിതലത്തിന് തൊട്ടു താഴെയായിരിക്കണം.
4. മൊന്ത കൈകൊണ്ടു തൊടാനാകാത്തവിധം ചൂടാകുന്നതാണ് ആവശ്യമായ താപനില.
5. സ്റ്റീം വാൽവ് അടയ്ക്കുക, മൊന്ത അതിനടിയിൽനിന്നു മാറ്റുക. അതിനുശേഷം സ്റ്റീം വാൽവ് തുറന്ന് അതിൽ പറ്റിയിരിക്കുന്ന പാലിന്റെ അംശം നനഞ്ഞ തുണികൊണ്ടു തുടച്ച് വൃത്തിയാക്കുക.
[23-ാം പേജിലെ ചിത്രങ്ങൾ]
കാപ്പിക്കുരു കാപ്പിപ്പൊടിയെക്കാൾ കൂടുതൽ നാൾ കേടുകൂടാതിരിക്കും
സ്റ്റീം എസ്പ്രസോ മേക്കർ