പകർച്ചവ്യാധി—അന്ത്യത്തിന്റെ ഒരടയാളമോ?
നമ്മുടെ നാളിലെ പകർച്ചവ്യാധികൾ ലോകാവസാനം അടുത്തുവെന്നതിന്റെ സൂചനയാണോ? ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിനുമുമ്പ് നമുക്ക് “ലോകാവസാനം” എന്ന പദപ്രയോഗത്തിന്റെ അർഥമെന്താണെന്നു പരിചിന്തിക്കാം.
ലോകാവസാനം എന്നു പറഞ്ഞാൽ ദൈവം ഭൂമിയെയും അതിലുള്ള മുഴുജീവനെയും നശിപ്പിക്കുന്നതാണെന്നു പലരും വിശ്വസിക്കുന്നു. എന്നാൽ ‘[ഭൂമിയെ] പാർപ്പിനത്രേ നിർമ്മിച്ചത്’ എന്ന് ദൈവവചനം പറയുന്നു. (യെശയ്യാവു 45:18) തന്റെ നീതിനിഷ്ഠമായ നിലവാരങ്ങളോട് അനുരൂപപ്പെടുന്ന ആരോഗ്യമുള്ള, സന്തുഷ്ടരായ ആളുകളെക്കൊണ്ട് ഈ ഗ്രഹത്തെ നിറയ്ക്കുക എന്നതാണ് അവന്റെ ഉദ്ദേശ്യം. അതുകൊണ്ട് ലോകാവസാനം എന്നു പറഞ്ഞാൽ ഭൂമിയുടെയും അതിലെ നിവാസികളുടെയും അവസാനമെന്ന് അർഥമില്ല. മറിച്ച്, ഇന്നത്തെ വ്യവസ്ഥിതിയുടെയും ദൈവേഷ്ടം ചെയ്യാൻ വിസമ്മതിക്കുന്നവരുടെയും അവസാനത്തെയാണ് അതർഥമാക്കുന്നത്.
അപ്പോസ്തലനായ പത്രൊസ് ഇപ്രകാരം എഴുതിക്കൊണ്ട് അതു പ്രകടമാക്കി: “[നോഹയുടെ നാളിലെ] ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു.” നോഹയുടെ നാളിൽ ലോകത്തെ നശിപ്പിച്ചപ്പോൾ ദുഷ്ടന്മാരായിരുന്നു നശിച്ചത്. ഭൂമിയും നീതിമാനായ നോഹയും അവന്റെ കുടുംബവും നശിക്കാതെ അവശേഷിച്ചു. അടുത്തതായി പത്രൊസ് പറയുന്നപ്രകാരം, ദൈവം വീണ്ടും ഭാവിയിൽ ‘ഭക്തികെട്ട മനുഷ്യരുടെ നാശം’ കൊണ്ടുവരാനുള്ള നടപടി കൈക്കൊള്ളും.—2 പത്രൊസ് 3:6, 7.
മറ്റു ബൈബിൾ വാക്യങ്ങളും അതിനു ചേർച്ചയിൽ ഈ വീക്ഷണത്തെ പിന്താങ്ങുന്നു. ഉദാഹരണത്തിന്, സദൃശവാക്യങ്ങൾ 2:21, 22 പറയുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും.”—സങ്കീർത്തനം 37:9-11-ഉം കാണുക.
പകർച്ചവ്യാധികളും ലോകാവസാനവും
എന്നാൽ അത് എപ്പോഴായിരിക്കും സംഭവിക്കുക? യേശുവിന്റെ നാലു ശിഷ്യന്മാർ അവനോട് ആ ചോദ്യം ചോദിക്കുകയുണ്ടായി. അവർ ചോദിച്ചു: “അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും [അല്ലെങ്കിൽ മറ്റു ചില ബൈബിൾ പരിഭാഷകൾ പറയുന്നതുപോലെ “ലോകാവസാനത്തിന്നും”] അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറഞ്ഞാലും.” യേശു മറുപടി പറഞ്ഞു: “ജനത ജനതയ്ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും, ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഓരോരോ സ്ഥലങ്ങളിലായി ഉണ്ടായിരിക്കും. (മത്തായി 24:3, 7, NW) ലൂക്കൊസ് 21:10, 11-ലെ (NW) സമാന്തര വിവരണത്തിൽ യേശു കൂട്ടിച്ചേർത്തു: “ഓരോരോ സ്ഥലങ്ങളിലായി പകർച്ചവ്യാധികൾ ഉണ്ടായിരിക്കും, . . . ഭീതിദമായ ദൃശ്യങ്ങളും ആകാശത്തുനിന്ന് വലിയ അടയാളങ്ങളും ഉണ്ടായിരിക്കും.”
പകർച്ചവ്യാധികൾ മാത്രമായിരിക്കും അന്ത്യമടുത്തിരിക്കുന്നതിന്റെ തെളിവ് എന്ന് യേശു പറഞ്ഞില്ലെന്നത് ശ്രദ്ധിക്കുക. ഘോരയുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, ക്ഷാമങ്ങൾ എന്നിവയും അവൻ പട്ടികപ്പെടുത്തുകയുണ്ടായി. മത്തായി 24-ലും 25-ലും മർക്കൊസ് 13-ലും ലൂക്കൊസ് 21-ലും വിശദീകരിച്ചിരിക്കുന്ന പ്രവചനത്തിൽ സംഭവിക്കാനിരിക്കുന്ന മറ്റു പല കാര്യങ്ങളെക്കുറിച്ചും യേശു മുൻകൂട്ടിപ്പറഞ്ഞു. ദൈവം, ഭൂമിയിലെ ദുഷ്ടതയ്ക്ക് അറുതിവരുത്താനുള്ള നടപടി കൈക്കൊള്ളുന്നതിനുമുമ്പ് ഇവയെല്ലാം ഒന്നിച്ച് സംഭവിക്കേണ്ടതുണ്ട്. നാം ആ കാലഘട്ടത്തിലാണു ജീവിക്കുന്നത് എന്നതിനുള്ള ശക്തമായ തെളിവുണ്ട്.
വരാനിരിക്കുന്ന പറുദീസ
പകർച്ചവ്യാധിയാലോ ദൈവത്തിന്റെ കരങ്ങളാലോ മനുഷ്യരാശി ഒരിക്കലും പൂർണമായി തുടച്ചുനീക്കപ്പെടുകയില്ല. ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുമെന്ന് യഹോവയാം ദൈവം വാഗ്ദാനം ചെയ്യുന്നു. (ലൂക്കൊസ് 23:43) മറ്റു കാര്യങ്ങളോടൊപ്പം, മനുഷ്യവർഗത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളും അവൻ തുടച്ചുനീക്കും.
തന്റെ പിതാവിന്റെ ഗുണങ്ങൾ പൂർണമായ അളവിൽ പ്രതിഫലിപ്പിച്ച യേശുക്രിസ്തുവിന്റെ ശുശ്രൂഷയെക്കുറിച്ചു പരിചിന്തിക്കുമ്പോൾ നമുക്ക് അതിന്റെ ഉറപ്പു ലഭിക്കുന്നു. തന്റെ പിതാവിൽനിന്ന് അധികാരം ലഭിച്ച യേശു മുടന്തരെയും അംഗവൈകല്യമുള്ളവരെയും കുരുടരെയും ഊമരെയും സൗഖ്യമാക്കി. (മത്തായി 15:30, 31) കുഷ്ഠരോഗികളെയും സുഖപ്പെടുത്തി. (ലൂക്കൊസ് 17:12-14) രക്തസ്രാവമുണ്ടായിരുന്ന ഒരു സ്ത്രീയെയും വരണ്ട കയ്യുള്ള ഒരു മനുഷ്യനെയും മഹോദരമുള്ള ഒരു മനുഷ്യനെയും സുഖപ്പെടുത്തി. (മർക്കൊസ് 3:3-5; 5:25-29; ലൂക്കൊസ് 14:2-4) ‘അപസ്മാരരോഗികളുടെയും തളർവാതരോഗികളുടെയും’ ആരോഗ്യം പുനഃസ്ഥിതീകരിച്ചു. (മത്തായി 4:24, പി.ഒ.സി. ബൈബിൾ) മൂന്നു സന്ദർഭങ്ങളിൽ അവൻ മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു!—ലൂക്കൊസ് 7:11-15; 8:49-56; യോഹന്നാൻ 11:38-44.
അത്ഭുതാവഹമായ ഈ സൗഖ്യമാക്കലുകൾ, ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ ഒരവസ്ഥ ഭാവിയിൽ കൊണ്ടുവരുമെന്ന യഹോവയുടെ വാഗ്ദാനം വിശ്വസിക്കുന്നതിനുള്ള ഉറപ്പു നൽകുന്നു. (യെശയ്യാവു 33:24) വീണ്ടുമൊരിക്കലും പകർച്ചവ്യാധികൾ ആളുകളുടെ ആരോഗ്യവും ജീവനും കവർന്നെടുക്കുകയില്ല. രോഗവും വ്യാധികളും പൂർണമായും എന്നേക്കുമായി തുടച്ചുനീക്കാനുള്ള കഴിവും മനസ്സും സ്നേഹവാനായ നമ്മുടെ സ്രഷ്ടാവിനുണ്ടെന്നതിൽ നാം എത്ര നന്ദിയുള്ളവരായിരിക്കണം!—വെളിപ്പാടു 21:3-5എ.
[9-ാം പേജിലെ ചിത്രം]
രോഗികളെ സൗഖ്യമാക്കാൻ യേശുവിനെ ദൈവം അധികാരപ്പെടുത്തി
[10-ാം പേജിലെ ചിത്രം]
വരാനിരിക്കുന്ന ഭൗമിക പറുദീസയിൽ യഹോവ രോഗങ്ങളും വ്യാധികളും തുടച്ചുനീക്കും