ബൈബിളിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ സ്വവർഗരതിക്കാരെ വെറുക്കണമോ?
സ്വവർഗരതിക്കാരോടുള്ള അകാരണമായ ഭയത്തെ അല്ലെങ്കിൽ വെറുപ്പിനെ സൂചിപ്പിക്കാൻ 1969-ൽ ആംഗലേയ ഭാഷയിൽ ഒരു വാക്കിനു രൂപംനൽകുകയുണ്ടായി. “ഹോമോഫോബിയ” [സ്വവർഗരതിയോടുള്ള ഭയം] എന്നതായിരുന്നു ആ വാക്ക്. പല ഭാഷകളിലും, ഇത്ര കൃത്യമായ അർഥം ധ്വനിപ്പിക്കുന്ന ഒരു പദമില്ലെങ്കിലും ഒട്ടേറെ രാഷ്ട്രങ്ങളിലും ഭാഷകളിലുമുള്ള ആളുകൾ ആയിരക്കണക്കിനു വർഷങ്ങളായി സ്വവർഗരതിക്കാരോടുള്ള അനിഷ്ടം വ്യക്തമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
എങ്കിലും അടുത്തകാലത്ത്, ഒരു ബദൽ ലൈംഗികരീതി മാത്രമാണെന്നു പറഞ്ഞ് സ്വവർഗരതി പരക്കെ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. “സ്വവർഗരതിക്ക് പൊതുജനാംഗീകാരവും ആദരവും ലഭിക്കണമെന്ന അവകാശവാദം കൂടിക്കൂടി വരികയാണ്” എന്ന് ചരിത്രകാരനായ ജെറി. ഇസഡ്. മുള്ളർ അടുത്തകാലത്ത് എഴുതുകയുണ്ടായി. സ്വവർഗരതിക്കാർ “തങ്ങളുടെ പ്രവൃത്തിയെ പുകഴ്ത്തപ്പെടേണ്ട ഒന്നായി പ്രഖ്യാപിക്കാനും മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെടാനും ഏകീകൃതരാകുന്നതു വർധിച്ചുവരുന്നു” എന്ന് അദ്ദേഹം വിശദമാക്കി. ഇത് വിശേഷിച്ചും കാണപ്പെടുന്നത് പാശ്ചാത്യ രാജ്യങ്ങളിലാണ്. എങ്കിലും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും, കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്നതായി അറിയപ്പെടുന്ന ദേശങ്ങളിൽപ്പോലും, പലരും ഇന്നും സ്വവർഗരതിയെ കുറ്റം വിധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു.
സ്വവർഗരതിക്കാരും സ്വവർഗരതിക്കാരെന്ന് സംശയിക്കപ്പെടുന്നവരും മിക്കപ്പോഴും നിന്ദാഗർഭമായ അഭിപ്രായപ്രകടനങ്ങൾക്കും പീഡനത്തിനും അക്രമത്തിനും പാത്രമാകുന്നു. മതനേതാക്കന്മാർപോലും അത്തരം വിദ്വേഷം പ്രകടമാക്കിയിട്ടുണ്ട്. ചിലരാകട്ടെ സ്വവർഗരതിക്കാർക്കെതിരെ തങ്ങളുടേതായ യുദ്ധങ്ങൾത്തന്നെ തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് ഗ്രീക്ക് ദേശീയ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട, ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ബിഷപ്പിന്റെ അഭിപ്രായപ്രകടനങ്ങളുടെ കാര്യമെടുക്കുക. അദ്ദേഹം പറഞ്ഞു: “ദൈവം സ്വവർഗരതിക്കാരെ നരകത്തിലെ അഗ്നികുണ്ഡത്തിലിട്ട് നിത്യം ദണ്ഡിപ്പിക്കും. അവരുടെ വികടമായ വായിലൂടെ പുറപ്പെടുന്ന നിലവിളികൾ നിത്യതയിലുടനീളം മാറ്റൊലികൊള്ളും. അവരുടെ വൃത്തികെട്ട ശരീരങ്ങൾ അസഹനീയമായ ദണ്ഡനം അനുഭവിക്കും.” ഇത് വാസ്തവമാണോ? സ്വവർഗരതിക്കാരോടുള്ള ദൈവത്തിന്റെ മനോഭാവം എന്താണ്?
ദൈവത്തിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ ഭ്രഷ്ടു കൽപ്പിക്കുകയോ വെറുക്കുകയോ ചെയ്യേണ്ട ഒരു കൂട്ടമെന്ന നിലയിൽ സ്വവർഗരതിക്കാരെ ബൈബിൾ പ്രത്യേകം വേർതിരിച്ചു കാണിക്കുന്നില്ല. മാത്രമല്ല, ദൈവം സ്വവർഗരതിക്കാരെ—അല്ലെങ്കിൽ തന്റെ ഏതെങ്കിലും സൃഷ്ടികളെ—ഒരു അഗ്നിനരകത്തിൽ നിത്യം ദണ്ഡിപ്പിച്ചുകൊണ്ടു ശിക്ഷിക്കുമെന്നും അതു പഠിപ്പിക്കുന്നില്ല.—റോമർ 6:23 താരതമ്യം ചെയ്യുക.
എന്നാൽ, നമ്മുടെ സ്രഷ്ടാവിന്റെ ധാർമിക നിലവാരങ്ങൾ ഏതൊക്കെയാണെന്നു തിരുവെഴുത്തുകൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അവ ഒട്ടുമിക്കപ്പോഴും ആധുനിക ചിന്താഗതികളിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. സ്വവർഗരതി, അവിവാഹിതരായ വ്യക്തികൾ തമ്മിലുള്ള ലൈംഗികവേഴ്ച, മൃഗസംഭോഗം എന്നിവയെയെല്ലാം ബൈബിൾ കുറ്റം വിധിക്കുന്നു. (പുറപ്പാടു 22:19; എഫെസ്യർ 5:3-5) അത്തരം ലൈംഗിക നടപടികൾ നിമിത്തമാണ് ദൈവം സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചത്.—ഉല്പത്തി 13:13; 18:20; 19:4, 5, 24, 25.
സ്വവർഗരതിയെക്കുറിച്ച് ദൈവവചനം സ്പഷ്ടമായി പറയുന്നു: “ഇത് വെറുക്കത്തക്ക ഒരു കാര്യമാണ്.” (ലേവ്യപുസ്തകം 18:22, ദ ന്യൂ ജറുസലേം ബൈബിൾ) ഇസ്രായേല്യർക്കുള്ള ദൈവത്തിന്റെ ന്യായപ്രമാണം ഇങ്ങനെ നിഷ്കർഷിച്ചു: “സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരുത്തൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കേണം.” (ലേവ്യപുസ്തകം 20:13) മൃഗസംഭോഗം, നിഷിദ്ധബന്ധുവേഴ്ച, വ്യഭിചാരം എന്നിവ ചെയ്യുന്നവർക്കും ഇതേ ശിക്ഷതന്നെയായിരുന്നു നിർദേശിക്കപ്പെട്ടത്.—ലേവ്യപുസ്തകം 20:10-12, 14-17.
അപ്പോസ്തലനായ പൗലൊസ് സ്വവർഗരതിയെ “അവമാനരാഗ”ത്തിന്റേതായ പ്രകടനങ്ങളെന്നും “സ്വഭാവവിരുദ്ധ”മായ സംഗതിയെന്നും വിവരിക്കാൻ നിശ്വസ്തനായി. അവൻ എഴുതുന്നു: “അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽതന്നേ പ്രാപിച്ചു. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.”—റോമർ 1:26-28.
സ്വവർഗരതിയും വ്യഭിചാരവും പരസംഗവും എല്ലാം ദൈവത്തിന്റെ കണ്ണിൽ വെറുക്കത്തക്ക സംഗതികൾതന്നെ. അക്കാര്യത്തിൽ തിരുവെഴുത്തുകൾ യാതൊരു ഒഴികഴിവോ വിട്ടുവീഴ്ചയോ നൽകുന്നില്ല. യാതൊരു സംശയവും അവശേഷിപ്പിക്കുന്നുമില്ല. തന്മൂലം സത്യക്രിസ്ത്യാനികൾ കൂടുതൽ പ്രശസ്തരാകാനോ ആധുനിക സംസ്കാരത്താൽ കൂടുതൽ അംഗീകരിക്കപ്പെടാനോ വേണ്ടിമാത്രം, ‘അവമാനരാഗങ്ങൾ’ സംബന്ധിച്ച ബൈബിളിന്റെ നിലപാടിൽ വെള്ളം ചേർക്കുന്നില്ല. തന്നെയുമല്ല, ഒരു സാധാരണ ജീവിതരീതിയെന്ന നിലയിൽ സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന യാതൊരു പ്രസ്ഥാനങ്ങളോടും അവർ യോജിക്കുന്നുമില്ല.
“ദോഷത്തെ വെറുപ്പിൻ”
ബൈബിൾ ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ.” (സങ്കീർത്തനം 97:10) അതുകൊണ്ട്, യഹോവയുടെ നിയമങ്ങൾ ലംഘിക്കുന്ന ഏതൊരു പ്രവൃത്തിയും ക്രിസ്ത്യാനികൾ വെറുക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. ചിലർ സ്വവർഗരതിയെ പ്രകൃതിവിരുദ്ധമായ ഒരു ലൈംഗിക വികടത്തമായി വീക്ഷിച്ചുകൊണ്ട് മറ്റുതരം അധാർമിക പ്രവൃത്തികളുടെ നേർക്കുള്ളതിനെക്കാൾ വെറുപ്പോ അറപ്പോ കലർന്ന മനോഭാവത്തോടെ അതിനോടു പ്രതികരിച്ചേക്കാം. എന്നിരുന്നാലും, അത്തരം കാര്യങ്ങൾ ചെയ്യുന്നവരെ ക്രിസ്ത്യാനികൾ വെറുക്കേണ്ടതുണ്ടോ?
സങ്കീർത്തനം 139:21, 22-ൽ സങ്കീർത്തനക്കാരൻ ഈ പ്രശ്നത്തിലേക്കു വെളിച്ചം വീശുന്നു: “യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.” യഹോവയോടും അവന്റെ തത്ത്വങ്ങളോടുമുള്ള വിശ്വസ്തത, മനപ്പൂർവം യഹോവയെ എതിർക്കുന്നവരോടും അവന്റെ ശത്രുക്കളായി തീരുന്നവരോടും കടുത്ത അനിഷ്ടം നമ്മിൽ ഉളവാക്കേണ്ടതാണ്. ദൈവത്തിന്റെ ശത്രുക്കളെന്നു സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടവരാണ് സാത്താനും ഭൂതങ്ങളും. ചില മനുഷ്യരും ഈ ഗണത്തിൽപ്പെട്ടേക്കാം. എങ്കിലും ബാഹ്യലക്ഷണംകൊണ്ട് ഒരു ക്രിസ്ത്യാനിക്ക് അത്തരം ആളുകളെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായിരുന്നേക്കാം. നമുക്ക് ഹൃദയങ്ങളെ വായിക്കാനാവില്ലല്ലോ. (യിരെമ്യാവു 17:9, 10) ഒരു വ്യക്തി തെറ്റായ കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നുള്ളതിനാൽ അവൻ ദൈവത്തിന്റെ ഒരു നിത്യശത്രുവാണെന്ന് ഊഹിക്കുന്നതു തെറ്റായിരിക്കും. പലപ്പോഴും തെറ്റു ചെയ്യുന്നവർക്ക് ദൈവികനിലവാരങ്ങളെക്കുറിച്ച് അറിവില്ല.
അതുകൊണ്ട്, പൊതുവേ പറഞ്ഞാൽ ക്രിസ്ത്യാനികൾ സഹമനുഷ്യരെ വെറുക്കാൻ തിടുക്കമുള്ളവരല്ല. ചില ജീവിതരീതികളോട് അവർക്ക് കഠിനമായ വെറുപ്പുണ്ടെങ്കിലും അവർ മറ്റുള്ളവരെ വ്രണപ്പെടുത്തുന്നില്ല. അവരോട് വിദ്വേഷമോ പകയോ വെച്ചുപുലർത്തുന്നില്ല. മറിച്ച്, “സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്ന് ബൈബിൾ ക്രിസ്ത്യാനികളെ ബുദ്ധ്യുപദേശിക്കുന്നു.—റോമർ 12:9, 17-19.
“ദൈവത്തിന്നു മുഖപക്ഷമില്ല”
ഒരു വ്യക്തി ഏതുതരം അധാർമികതയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും യഥാർഥ അനുതാപമുണ്ടെങ്കിൽ യഹോവ അയാളോടു ക്ഷമിക്കും. ദൈവം ഏതെങ്കിലും തരത്തിലുള്ള ഒരു അധാർമിക പ്രവൃത്തിയെ മറ്റൊന്നിനെക്കാൾ നീചമായി വീക്ഷിക്കുന്നുവെന്നതിനു യാതൊരു തെളിവുമില്ല. “ദൈവത്തിന്നു മുഖപക്ഷമില്ല.” (പ്രവൃത്തികൾ 10:34, 35) ഉദാഹരണത്തിന്, ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യ സഭയിലെ സാഹചര്യം പരിചിന്തിക്കുക. അപ്പോസ്തലനായ പൗലൊസ് അവർക്ക് എഴുതി: “നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളൻമാർ, അത്യാഗ്രഹികൾ, മദ്യപൻമാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) എന്നിട്ട്, മുമ്പ് പരസംഗക്കാരും വ്യഭിചാരികളും സ്വവർഗരതിക്കാരും കള്ളന്മാരുമായിരുന്നവരെ കൊരിന്തിലെ ക്രിസ്തീയ സഭയിലേക്ക് സ്വീകരിച്ചതായി പൗലൊസ് സമ്മതിക്കുന്നു. അവൻ വിശദമാക്കി: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു. എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
തീർച്ചയായും, തന്റെ പൂർണതയുള്ള ധാർമിക നിലവാരങ്ങൾ തുടർച്ചയായി, മനപ്പൂർവം ലംഘിക്കുന്നത് യഹോവ പൊറുക്കുകയില്ല. തന്റെ തത്ത്വങ്ങളെ ശാഠ്യത്തോടെ നിരാകരിക്കുന്നത് അവൻ തീർച്ചയായും വെറുക്കുന്നു. എങ്കിലും അവൻ അനുരഞ്ജനത്തിനുള്ള വാതിൽ തുറന്നിടുന്നു. (സങ്കീർത്തനം 86:5; യെശയ്യാവു 55:7) ഇതിനോടു ചേർച്ചയിൽ സത്യക്രിസ്ത്യാനികൾ സ്വവർഗരതിക്കാരോടോ മറ്റാരോടെങ്കിലുമോ അനിഷ്ടം വെച്ചുപുലർത്തുന്നില്ല, അവരുടെ നേർക്ക് പരിഹാസമോ ഉപദ്രവമോ തൊടുത്തുവിടുന്നുമില്ല. സത്യക്രിസ്ത്യാനികൾ സഹമനുഷ്യരെ യേശുവിന്റെ ഭാവിശിഷ്യന്മാരായി വീക്ഷിച്ചുകൊണ്ട് ആദരവോടും ബഹുമാനത്തോടുംകൂടെ അവരോടു പെരുമാറുന്നു. ബൈബിൾ പറയുന്നു: “അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.”—1 തിമൊഥെയൊസ് 2:3, 4.
ക്രിസ്ത്യാനികൾ അനുതാപികളെ സ്വീകരിക്കുന്നു
ദൈവം ക്ഷമിക്കുന്നവനാണെന്ന് ബൈബിൾ കൂടെക്കൂടെ പ്രസ്താവിക്കുന്നു. “ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവ”മായി അത് അവനെ വർണിക്കുന്നു. (നെഹെമ്യാവു 9:17; യെഹെസ്കേൽ 33:11; 2 പത്രൊസ് 3:9) അതിലുപരി, തനിക്ക് അവകാശമായി കിട്ടിയ സ്വത്തെല്ലാം ഒരു വിദൂര ദേശത്ത് അധാർമിക പ്രവർത്തനങ്ങൾക്കായി ധൂർത്തടിച്ച മുടിയനായ പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിലെ പിതാവിനോട് ബൈബിൾ അവനെ സാദൃശപ്പെടുത്തുന്നു. സുബോധത്തിലേക്കു തിരിച്ചുവന്ന മകൻ ഒടുവിൽ അനുതപിച്ച് വീട്ടിലേക്കു മടങ്ങിവന്നപ്പോൾ അവനെ തിരികെ സ്വീകരിക്കാൻ പിതാവ് നീട്ടിയ കരങ്ങളുമായി കാത്തുനിൽപ്പുണ്ടായിരുന്നു.—ലൂക്കൊസ് 15:11-24.
അതേ, ഒരു ദുഷ്പ്രവൃത്തിക്കാരന് മാറ്റം വരുത്താൻ കഴിയും. പഴയ വ്യക്തിത്വം ഉരിഞ്ഞു കളഞ്ഞ് പുതിയത് ധരിക്കാനും ‘ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപി’ക്കാനും ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തിരുവെഴുത്തുകൾ ഇത് സമ്മതിച്ചുപറയുന്നു. (എഫെസ്യർ 4:22-24) സ്വവർഗരതിക്കാരുൾപ്പെടെ, തെറ്റായ കാര്യങ്ങൾ ചെയ്തുപോരുന്നവർക്ക് തങ്ങളുടെ ചിന്താ-പ്രവർത്തന രീതികളിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ കഴിയും. തീർച്ചയായും, അങ്ങനെ പരിവർത്തനം വരുത്തുന്നതിൽ പലരും വിജയിച്ചിട്ടുണ്ട്.a യേശുതന്നെയും അത്തരക്കാരോട് പ്രസംഗിച്ചു; അനുതാപം പ്രകടമാക്കുകവഴി അവർ അവനു സ്വീകാര്യരായിത്തീർന്നു.—മത്തായി 21:31, 32.
ക്രിസ്ത്യാനികൾ ജീവിതത്തിന്റെ നാനാ തുറകളിൽനിന്നുള്ള, അനുതാപമുള്ളവരെ സ്വീകരിക്കുന്നു. ഏതുതരത്തിലുള്ള അധാർമിക പ്രവൃത്തികളായിരുന്നാലും, അവയെ പിന്നിലുപേക്ഷിക്കുന്ന സകലർക്കും ദൈവത്തിന്റെ ക്ഷമയുടെ പ്രയോജനങ്ങൾ ആസ്വദിക്കാൻ സാധിക്കും. കാരണം “യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.”—സങ്കീർത്തനം 145:9.
സ്വവർഗരതിയുടെ ചായ്വിനോടു മല്ലിട്ടുകൊണ്ടിരിക്കുന്നവർക്കുപോലും ആവശ്യമായ ആത്മീയ പിന്തുണ നൽകാൻ ക്രിസ്ത്യാനികൾ ഒരുക്കമുള്ളവരാണ്. ദൈവംതന്നെ പ്രകടമാക്കിയ സ്നേഹത്തോടു യോജിപ്പിലാണിത്. കാരണം ബൈബിൾ ഇങ്ങനെ പറയുന്നു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.”—റോമർ 5:8.
[അടിക്കുറിപ്പുകൾ]
a 1995 മാർച്ച് 22 ലക്കം ഉണരുക!യിലെ “എനിക്ക് ഈവക വികാരങ്ങൾ എങ്ങനെ അകററിനിർത്താൻ കഴിയും?” എന്ന ലേഖനം കാണുക.
[14-ാം പേജിലെ ആകർഷകവാക്യം]
സ്വവർഗരതിയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണത്തിൽ ക്രിസ്ത്യാനികൾ വെള്ളം ചേർക്കുന്നില്ല
[13-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Punch