യഹോവ ഞങ്ങളുടെ പാത നിരപ്പാക്കി
ആയിരത്തിത്തൊള്ളായിരത്തിരുപത്തിനാലിൽ സ്വിസ്സിലെ സുഗിലുള്ള ചാം പട്ടണത്തിനു സമീപമായിരുന്നു എന്റെ ജനനം. ഞങ്ങൾ 13 മക്കളാണ്, പത്ത് ആണും മൂന്നു പെണ്ണും. ഏറ്റവും മൂത്തത് ഞാനായിരുന്നു. രണ്ട് ആൺമക്കൾ നന്നേ ചെറുപ്പത്തിൽ മരിച്ചു പോയി. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ കാലയളവിൽ ഒരു കൃഷിയിടത്തിൽ താമസിച്ചിരുന്ന ഞങ്ങൾക്കെല്ലാം അടിയുറച്ച കത്തോലിക്കാ പരിശീലനം ലഭിച്ചു.
സത്യസന്ധനും സദ്സ്വഭാവിയും ആയിരുന്നെങ്കിലും ഡാഡി ഒരു മുൻകോപിയായിരുന്നു. ഒരിക്കൽ, ദുശ്ശങ്ക നിമിത്തം അന്യായമായി തന്നെ കുറ്റപ്പെടുത്തിയതിന് അദ്ദേഹം അമ്മയെ മർദിക്കുകപോലുമുണ്ടായി. അദ്ദേഹത്തിന്റെ വിശ്വസ്തതയെ സംശയിക്കുന്നതിനു കാരണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അയൽപക്കത്തുള്ള സ്ത്രീകളുമായി അദ്ദേഹം നർമസല്ലാപത്തിലേർപ്പെടുന്നത് അമ്മയ്ക്കു സഹിക്കാവതായിരുന്നില്ല. അതെന്നെ അതീവ ദുഃഖത്തിലാഴ്ത്തുമായിരുന്നു.
അമ്മ കടുത്ത അന്ധവിശ്വാസിയായിരുന്നു. എന്തിന്, നിസ്സാര സംഭവങ്ങളെപ്പോലും “ശുദ്ധീകരണസ്ഥലത്തുള്ള ദരിദ്രദേഹികളി”ൽ നിന്നുള്ള അടയാളമായി അമ്മ വ്യാഖ്യാനിക്കുമായിരുന്നു. അത്തരം അന്ധവിശ്വാസത്തെ ഞാൻ വെറുത്തിരുന്നു. എന്നാൽ പുരോഹിതരാകട്ടെ, വ്യാജമത ചിന്താഗതിക്കു വളമേകുന്ന വിവരങ്ങൾ വായിച്ചുകേൾപ്പിച്ചുകൊണ്ട് അമ്മയുടെ അന്ധവിശ്വാസങ്ങളെ പോഷിപ്പിച്ചിരുന്നു.
എനിക്കു ചോദ്യങ്ങളുണ്ടായിരുന്നു
ബാല്യംമുതൽതന്നെ ദൈവത്തെയും മനുഷ്യ ജീവന്റെ ഉദ്ദേശ്യത്തെയും സംബന്ധിച്ചുള്ള ചോദ്യങ്ങൾ എന്റെ മനസ്സിൽ തങ്ങിനിന്നിരുന്നു. യുക്തിപരമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ഞാൻ ശ്രമിച്ചു. എങ്കിലും എത്രയെത്ര വൈരുദ്ധ്യങ്ങളായിരുന്നു! വിശുദ്ധൻമാർ, അത്ഭുതങ്ങൾ അങ്ങനെ പലതിനെക്കുറിച്ചുമുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങൾ ഞാൻ വായിച്ചു. പക്ഷേ അവയൊന്നും എന്റെ യുക്തിക്ക് നിരക്കുന്നതായിരുന്നില്ല. ഞാൻ ഇരുട്ടിൽ തപ്പിത്തടയുകയാണെന്നെനിക്കു തോന്നി.
അത്തരം ചോദ്യങ്ങൾകൊണ്ട് തലപുണ്ണാക്കേണ്ടെന്നു ഞങ്ങളുടെ പള്ളിയിലെ പുരോഹിതൻ എന്നെ അനുശാസിച്ചു. സകലതും അറിയാനുള്ള ആഗ്രഹം അഹങ്കാരത്തെ ധ്വനിപ്പിക്കുന്നെന്നും ഗർവിഷ്ഠരോട് ദൈവം എതിർത്തുനിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വിശേഷിച്ചും എന്നിൽ വിരക്തിയുളവാക്കിയ പഠിപ്പിക്കൽ പാപം ഏറ്റുപറയാതെ മരിച്ച ഏതൊരുവനെയും ദൈവം നിത്യമായി അഗ്നിനരകത്തിലിട്ടു ദണ്ഡിപ്പിക്കുമെന്നതായിരുന്നു. ഭൂമുഖത്തുള്ള മിക്കവരുംതന്നെ എന്നേക്കും ദണ്ഡിപ്പിക്കപ്പെടുമെന്ന് അത് അർഥമാക്കിയതിനാൽ ഞാൻ കൂടെക്കൂടെ ഇങ്ങനെ ചിന്തിക്കുമായിരുന്നു, ‘ദൈവത്തിന്റെ സ്നേഹവുമായി ഇതെങ്ങനെ ഒത്തുപോകും?’
കത്തോലിക്കാ ആചാരമായ കുമ്പസാരത്തെയും ഞാൻ ചോദ്യം ചെയ്തു. മോശമായ ചിന്തകൾ, പുരോഹിതനോട് ഏറ്റുപറയേണ്ടതായ കൊടും പാപമാണെന്ന് കത്തോലിക്കാ സ്കൂളിൽവെച്ച് ഞങ്ങളോടു പറഞ്ഞപ്പോൾ ഞാൻ ഭയാകുലനായി. ‘ഞാൻ എല്ലാം ഏറ്റുപറഞ്ഞോ? അതോ എന്റെ കുമ്പസാരം അസാധുവും പാപങ്ങൾ അക്ഷന്തവ്യവുമാക്കത്തക്കവണ്ണം എന്തെങ്കിലും മറന്നു പോയിട്ടുണ്ടോ?, ഞാൻ ഓർത്തുനോക്കുമായിരുന്നു. അങ്ങനെ, എന്റെ ഹൃദയത്തിൽ ദൈവത്തിന്റെ കരുണയും ക്ഷമിക്കാനുള്ള സന്നദ്ധതയും സംബന്ധിച്ച് സംശയത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു.
എന്നെ ദുഃഖത്തിന്റെ പടുകുഴിയിലാക്കിയ ഇത്തരം ചിന്തകൾക്കെതിരെ മൂന്നുനാലു വർഷത്തോളം ഞാൻ പൊരുതി. ദൈവവിശ്വാസം അപ്പാടെ പരിത്യജിക്കുന്നതിനെക്കുറിച്ചുപോലും ഞാൻ ചിന്തിച്ചു. എന്നാൽ ഞാനിങ്ങനെയും ആത്മഗതം ചെയ്യുമായിരുന്നു, ‘സ്ഥിരോത്സാഹത്തോടെ അന്വേഷിക്കുന്ന പക്ഷം, ഞാൻ നിശ്ചയമായും സത്യമാർഗം കണ്ടെത്തും.’ ക്രമേണ ദൈവത്തിന്റെ അസ്തിത്വത്തിലുള്ള വിശ്വാസം വികസിപ്പിച്ചെടുത്തെങ്കിലും, മതവിശ്വാസങ്ങളെപ്പറ്റിയുള്ള അനിശ്ചിതത്വം എന്നെ വേട്ടയാടി.
എനിക്കു ലഭിച്ച ബാല്യകാല പ്രബോധനത്തിന്റെ ഫലമായി, “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്ന് യേശുക്രിസ്തു അപ്പോസ്തലനായ പത്രൊസിനോടു പറഞ്ഞപ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്നത് റോമൻ കത്തോലിക്കാ സഭയായിരുന്നുവെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. (മത്തായി 16:18) സഭയിലെ നല്ലവശങ്ങളെല്ലാം ആത്യന്തികമായി വിജയംവരിക്കുമെന്നു ഞാൻ വിശ്വസിച്ചു. അങ്ങനെ, പ്രസ്തുത ലക്ഷ്യപ്രാപ്തിക്കായി സഭയോടൊത്തു സഹകരിക്കാൻ ഞാൻ തീരുമാനിച്ചു.
വിവാഹവും കുടുംബവും
മൂത്ത മകനെന്ന നിലയിൽ പിതാവിനോടൊത്തു ഞാൻ കൃഷിപ്പണികളിലേർപ്പെട്ടു. നേരേ ഇളയ അനുജൻ എന്റെ സ്ഥാനമേറ്റെടുക്കാൻ പ്രാപ്തനായപ്പോൾ, ഞാനൊരു കത്തോലിക്കാ കാർഷിക വിദ്യാപീഠത്തിൽ ചേർന്നു. അവിടെനിന്നു ബിരുദാനന്തരബിരുദം കരസ്ഥമാക്കി. പിന്നീട്, ഞാനൊരു വിവാഹപങ്കാളിയെ തേടിത്തുടങ്ങി.
എന്റെ പെങ്ങളാണ് മരിയയെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. തനിക്ക്, നിത്യജീവനായി ഒരുമിച്ചു കിണഞ്ഞു പരിശ്രമിക്കാനാകുന്ന ഒരു ഭർത്താവിനായി അവൾ പ്രാർഥിക്കുകയായിരുന്നെന്നു ഞാൻ മനസ്സിലാക്കി. വിവാഹക്കുറിപ്പിൽ ഞങ്ങളിങ്ങനെ എഴുതി: “സ്നേഹത്തിൽ ഏകീകൃതരായി ഞങ്ങൾ സന്തുഷ്ടി തേടുന്നു, ദൈവത്തിൽ ദൃഷ്ടി പതിപ്പിക്കുന്നു. നിത്യാനുഗ്രഹം ലാക്കാക്കി ജീവിതപന്ഥാവിൽ ഒരുമിച്ചു ചരിക്കുന്നു.” 1958 ജൂൺ 26-ന് സൂറിച്ചിനടുത്തുള്ള ഫാർ ചാപ്പലിൽവെച്ച് ഞങ്ങൾ വിവാഹിതരായി.
ഞാനും മരിയയും സമാന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നു. ആഴമായ മതാവബോധമുള്ള ഒരു കുടുംബത്തിലെ ഏഴു മക്കളിൽ മൂത്തവളായിരുന്നു അവൾ. കൃഷിപ്പണി, പഠനം, പള്ളിയിൽപോക്ക് എന്നിവയൊക്കെയായി തിരക്കുള്ള ഒരു ജീവിതമായിരുന്നു അവരുടേത്. അതുകൊണ്ട് കളിച്ചുനടക്കാൻ ഒട്ടും സമയമില്ലായിരുന്നു. വിവാഹത്തെത്തുടർന്നുള്ള ആദ്യ വർഷങ്ങൾ ആയാസകരമായിരുന്നു. മതകാര്യാദികളെ ചുറ്റിപ്പറ്റിയുള്ള എന്റെ നിരവധി ചോദ്യങ്ങൾ നിമിത്തം, താൻ ശരിയായ ആളെത്തന്നെയാണോ വിവാഹം കഴിച്ചതെന്ന് മരിയ സംശയിച്ചു. സഭാപഠിപ്പിക്കലുകളെയോ, യുദ്ധത്തെയും കുരിശുയുദ്ധങ്ങളെയും മതവിചാരണകളെയും അതു പിന്താങ്ങുന്നതിനെയോ ചോദ്യം ചെയ്യാൻ അവൾ കൂട്ടാക്കിയില്ല. എന്നിരുന്നാലും ഞങ്ങളിരുവരും ദൈവത്തിൽ ആശ്രയിച്ചു. കഴിവിന്റെ പരമാവധി അവന്റെ ഹിതം നിവർത്തിക്കാൻ അശ്രാന്ത പരിശ്രമം ചെയ്യുന്നിടത്തോളം കാലം അവൻ കൈവെടിയുകയില്ലെന്നുള്ള ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു.
1959-ൽ കിഴക്കൻ സ്വിറ്റ്സർലൻഡിലെ ഹൊംബർഗിനു സമീപത്തായി ഞങ്ങൾ ഒരു കൃഷിയിടം പാട്ടത്തിനെടുത്തു. അവിടെ ഞങ്ങൾ 31 വർഷം താമസിച്ചു. 1960 മാർച്ച് 6-ന് ഞങ്ങളുടെ മൂത്ത മകൻ യോസേഫ് പിറന്നു. അവനെത്തുടർന്ന് ആറു ആൺകുട്ടികളും ഒരു പെൺകുട്ടിയും ഞങ്ങൾക്കു ജനിച്ചു. മകളുടെ പേർ റായേൽ എന്നായിരുന്നു. രൂഢമൂലമായ തത്ത്വങ്ങളോടു വിശ്വസ്തത പുലർത്തുന്ന, നീതിനിഷ്ഠയായ, മുഖപക്ഷമില്ലാത്ത ഒരു അമ്മയാണു താനെന്നു മരിയ സ്വയം തെളിയിച്ചിരിക്കുന്നു. അവൾ കുടുംബത്തിനൊരു യഥാർഥ അനുഗ്രഹമായിരുന്നിട്ടുണ്ട്.
ബൈബിൾസത്യം തേടൽ
കാലക്രമേണ മതപഠിപ്പിക്കലുകളെക്കുറിച്ചുള്ള ഞങ്ങളുടെ അജ്ഞത കൂടുതൽക്കൂടുതൽ അസഹനീയമായിത്തീർന്നു. 1960-കളുടെ അവസാനമായപ്പോഴേക്കും ഞങ്ങൾ കാത്തലിക്ക് പീപ്പിൾസ് ഹൈസ്കൂളിലെ പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ ഞങ്ങൾ മുമ്പെന്നത്തെക്കാളും ആശയക്കുഴപ്പത്തോടെയായിരുന്നു വീട്ടിലേക്കു മടങ്ങുക. തിരുവെഴുത്തുപരമായ തെളിവുകൾക്കു പകരം പ്രസംഗകർ സ്വന്തം വീക്ഷണങ്ങളാണ് കൊട്ടിഘോഷിച്ചത്. 1970-കളുടെ ആരംഭത്തിൽ, യേശുവിന്റെ പിൻവരുന്ന വാക്കുകളെപ്പറ്റി ഞാൻ ചിന്തിച്ചു: “നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. . . . അപേക്ഷിപ്പിൻ . . . നിങ്ങൾക്കു ലഭിക്കും.”—യോഹന്നാൻ 16:23, 24.
ദൈവവചനത്തിലെ മേൽപ്രസ്താവിച്ച വാഗ്ദാനം കൂടെക്കൂടെ ഇപ്രകാരം പ്രാർഥിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചു: “പിതാവേ, കത്തോലിക്കാ സഭയാണ് സത്യമതമെങ്കിൽ, അങ്ങ് ദയവായി അതെനിക്കു വ്യക്തമാക്കിത്തരേണമേ. വ്യാജമാണെങ്കിൽ അതും സ്പഷ്ടമാക്കേണമേ. ഞാനത് എല്ലാവരെയും അറിയിക്കും.” യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ, “യാചിച്ചുകൊണ്ടേയിരിപ്പിൻ” എന്ന പ്രസ്താവന മനസ്സിൽപ്പിടിച്ചുകൊണ്ട് ഞാൻ വീണ്ടുംവീണ്ടും അപേക്ഷിച്ചു.—മത്തായി 7:7 8, NW.
മരിയയുമായുള്ള എന്റെ സംഭാഷണം—പ്രത്യേകിച്ച് “വിശുദ്ധൻമാരെ” ആരാധിക്കൽ, വെള്ളിയാഴ്ച നൊയമ്പ് തുടങ്ങിയ വിഷയങ്ങളിൽ കത്തോലിക്കാ പഠിപ്പിക്കലുകളിൽ 1960-കളിൽ വന്ന മാറ്റങ്ങളെക്കുറിച്ചുള്ളവ—അവളിൽ സംശയം നാമ്പെടുക്കാനിടയാക്കി. 1970-ലെ വസന്ത കാലത്ത് ഒരുനാൾ കുർബാനയുടെ സമയത്ത് അവളിങ്ങനെ പ്രാർഥിച്ചു: “ഓ ദൈവമേ, നിത്യജീവനിലേക്കുള്ള പാത അങ്ങ് ഞങ്ങൾക്കു കാണിച്ചുതരേണമേ. ശരിയായ വഴി ഏതെന്നു ഞങ്ങൾക്കറിയില്ല. ഞാൻ എന്തുവേണമെങ്കിലും തിരുമുമ്പിൽ സമർപ്പിക്കാം. പക്ഷേ, ഞങ്ങളുടെ കുടുംബത്തിന് അങ്ങ് ശരിയായ മാർഗം കാണിച്ചു തരേണമേ.” ഞങ്ങളുടെ പ്രാർഥന ദൈവം കേട്ടിരിക്കുന്നെന്നു മനസ്സിലാക്കുന്നതുവരെ അവളുടെ പ്രാർഥന ഞാനും എന്റെ പ്രാർഥന അവളും അറിഞ്ഞിരുന്നില്ല.
ബൈബിൾ സത്യം കണ്ടെത്തുന്നു
1970-ന്റെ ആരംഭത്തിൽ ഒരു ഞായറാഴ്ച രാവിലെ പള്ളിയിൽനിന്നു മടങ്ങിയെത്തിയ ഞങ്ങൾ, വാതിലിൽ ആരോ മുട്ടുന്നതു കേട്ടു. പത്തുവയസ്സുകാരനായ മകനോടൊപ്പം വാതിൽക്കൽനിന്ന മനുഷ്യൻ യഹോവയുടെ സാക്ഷികളിൽ ഒരുവനായി സ്വയം പരിചയപ്പെടുത്തി. ഞാനൊരു ബൈബിൾ ചർച്ചയ്ക്കു സമ്മതംമൂളി. തന്റെ പക്ഷം തെറ്റാണെന്ന് അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കാൻ അനായാസം കഴിയുമെന്നാണ് ഞാൻ വിചാരിച്ചത്. എന്തെന്നാൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് എന്നോടു പറഞ്ഞിരുന്നതിൽനിന്ന് അവരത്ര അറിവുള്ളവരാണെന്നു ഞാൻ കരുതിയിരുന്നില്ല.
ഞങ്ങളുടെ ചർച്ച രണ്ടു മണിക്കൂർ ദീർഘിച്ചെങ്കിലും ആശാവഹമായ ഫലങ്ങളൊന്നുമുണ്ടായില്ല. പിറ്റേ ഞായറാഴ്ചയും അതു തന്നെയായിരുന്നു അവസ്ഥ. മൂന്നാമത്തെ ചർച്ചയ്ക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ ആ സാക്ഷി വന്നില്ല. ഈ ചർച്ചകൊണ്ട് കാര്യമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നു മരിയ പറഞ്ഞു. രണ്ടാഴ്ചയ്ക്കുശേഷം അദ്ദേഹം മടങ്ങിവന്നപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. പെട്ടെന്നു ഞാനിങ്ങനെ പറഞ്ഞു: “35 വർഷമായി നരകം സംബന്ധിച്ച് ഞാൻ ചിന്താക്കുഴപ്പത്തിലാണ്. സ്നേഹവാനായ ദൈവം തന്റെ സൃഷ്ടികളെ അങ്ങനെ ക്രൂരമായി ദണ്ഡിപ്പിക്കുമെന്ന് എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല.”
“താങ്കൾ പറഞ്ഞത് ശരിയാണ്,” സാക്ഷി പ്രതിവചിച്ചു. “നരകം ഒരു ദണ്ഡന സ്ഥലമാണെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല.” കത്തോലിക്കാ ബൈബിളിൽ മിക്കപ്പോഴും “നരകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഷീയോൾ, ഹേഡീസ് എന്നീ എബ്രായ, ഗ്രീക്കുപദങ്ങൾ പരാമർശിക്കുന്നത് കേവലം പൊതുശവക്കുഴിയെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. (ഉല്പത്തി 37:35; ഇയ്യോബ് 14:13; പ്രവൃത്തികൾ 2:31) കൂടാതെ, മാനുഷദേഹി മർത്യമാണെന്നും പാപത്തിന്റെ ശമ്പളം ദണ്ഡനമല്ല പിന്നെയോ മരണമാണെന്നും തെളിയിക്കുന്ന തിരുവെഴുത്തുകളും അദ്ദേഹം വായിച്ചുകേൾപ്പിച്ചു. (യെഹെസ്കേൽ 18:4; റോമർ 6:23) എന്റെ മുഴു ജീവിതവും വ്യാജമത പഠിപ്പിക്കലുകളാൽ അന്ധമാക്കപ്പെട്ടിരിക്കുകയായിരുന്നെന്ന് ഞാൻ വ്യക്തമായും മനസ്സിലാക്കിത്തുടങ്ങി. അതോടെ സഭയുടെ ഇതര ഉപദേശങ്ങളും തെറ്റായിരിക്കുമോയെന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി.
വീണ്ടും വഞ്ചിക്കപ്പെടാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഒരു കത്തോലിക്കാ ബൈബിൾ നിഘണ്ടുവും അഞ്ചു വാല്യങ്ങളുള്ള ഒരു പാപ്പാചരിത്രവും ഞാൻ വാങ്ങി. ഈ പ്രസിദ്ധീകരണങ്ങൾക്ക് ഇമ്പ്രിമാത്ത്, അതായത് റോമൻ കത്തോലിക്കാ എപ്പിസ്കോപ്പൽ അധികാരിയുടെ മുദ്രണാനുമതി ഉണ്ടായിരുന്നു. പാപ്പാമാരുടെ ചരിത്രം വായിച്ചപ്പോഴാണ് അവരിൽ ചിലർ ലോകത്തിലെ ഏറ്റവും നികൃഷ്ടരായ കുറ്റപ്പുള്ളികളായിരുന്നെന്നു ഞാനറിയുന്നത്! ബൈബിൾ നിഘണ്ടു പരിശോധിക്കുകവഴി ത്രിത്വം, നരകാഗ്നി, ശുദ്ധീകരണസ്ഥലം തുടങ്ങി സഭയുടെ മറ്റനേകം പഠിപ്പിക്കലുകളും ബൈബിളധിഷ്ഠിതമല്ലെന്നു ഞാൻ മനസ്സിലാക്കി.
ഇപ്പോൾ ഞാൻ സാക്ഷികളോടൊത്ത് ഒരു ബൈബിളധ്യയനത്തിനു തയ്യാറായിരുന്നു. ആദ്യമൊക്കെ മരിയ അധ്യയനത്തിനിരുന്നത് മര്യാദയെപ്രതി മാത്രമായിരുന്നെങ്കിലും പെട്ടെന്നുതന്നെ അവൾ താൻ പഠിച്ചത് ഉൾക്കൊണ്ടു. നാലു മാസത്തിനു ശേഷം ഞാൻ കത്തോലിക്കാ സഭ ഉപേക്ഷിക്കുകയും ഞങ്ങളുടെ കുട്ടികൾ മേലാൽ വേദപാഠക്ലാസ്സിൽ പങ്കെടുക്കുകയില്ലെന്നു പുരോഹിതനെ അറിയിക്കുകയും ചെയ്തു. തുടർന്നുവന്ന ഞായറാഴ്ച പുരോഹിതൻ തന്റെ ഇടവകക്കാർക്ക് യഹോവയുടെ സാക്ഷികളെക്കുറിച്ചു മുന്നറിയിപ്പ് നൽകി. ബൈബിളുപയോഗിച്ച് എന്റെ വിശ്വാസം സമർഥിക്കാൻ ഞാൻ ഒരുക്കമായിരുന്നെങ്കിലും അത്തരമൊരു ചർച്ചയ്ക്കു പുരോഹിതൻ ഒരുക്കമായിരുന്നില്ല.
അതേത്തുടർന്നു ഞങ്ങൾ ത്വരിതഗതിയിൽ പുരോഗമിച്ചു. ഒടുവിൽ, 1970 ഡിസംബർ 13-ന് ഞാനും ഭാര്യയും യഹോവയ്ക്കുള്ള ഞങ്ങളുടെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ഒരു വർഷം കഴിഞ്ഞ്, ക്രിസ്തീയ നിഷ്പക്ഷതയുടെ പ്രശ്നത്തെപ്രതി എനിക്കു രണ്ടുമാസം ജയിലിൽ കഴിയേണ്ടതായിപോലും വന്നു. (യെശയ്യാവ് 2:4) ഭാര്യയെയും എട്ടു മക്കളെയും ആ കുറച്ചു കാലത്തേക്കുപോലും പിരിഞ്ഞിരിക്കുന്നത് എളുപ്പമായിരുന്നില്ല. കുട്ടികൾക്ക് അപ്പോൾ നാലുമാസം മുതൽ പന്ത്രണ്ട് വയസ്സുവരെയേ പ്രായമുണ്ടായിരുന്നുള്ളൂ. കൂടാതെ കൃഷിയിടവും ആടുമാടുകളും ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ യഹോവയുടെ സഹായത്താൽ, എന്നെക്കൂടാതെതന്നെ കാര്യാദികൾ നോക്കിനടത്താൻ അവർ പ്രാപ്തരായി.
രാജ്യതാത്പര്യങ്ങൾ ഒന്നാമതുവെക്കൽ
സുഖമില്ലാത്തപ്പോഴല്ലാതെ ഒരിക്കലും ഞങ്ങളാരും സഭായോഗം മുടക്കുമായിരുന്നില്ല. എല്ലാ വലിയ കൺവെൻഷനുകളിലും സംബന്ധിക്കാൻ കഴിയുമാറ് ഞങ്ങൾ ഞങ്ങളുടെ ജോലിഭാരം ക്രമീകരിച്ചു. താമസിയാതെ കുട്ടികളുടെ മുഖ്യ വിനോദം തങ്ങൾ ക്രിസ്തീയ യോഗങ്ങളിൽ പഠിച്ചത് വീട്ടിലെ മുകളിലത്തെ മുറിയിൽവെച്ച് അഭിനയിക്കുന്നതായിത്തീർന്നു. ഉദാഹരണത്തിന്, അവർ പരസ്പരം വിദ്യാർഥി പ്രസംഗങ്ങൾ നിയമിച്ചു കൊടുക്കുകയും അവതരണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, ഞങ്ങളുടെ ആത്മീയ പ്രബോധനത്തോട് അവരെല്ലാവരും പ്രതികരിച്ചു. ഒരു സർക്കിട്ട് സമ്മേളനത്തിൽവെച്ച് ഞാനും ഭാര്യയുമായി ഒരു സഹോദരൻ അഭിമുഖം നടത്തിയതിന്റെ സ്മരണ ഞാനിപ്പോഴും താലോലിക്കുന്നു. ഒരേ നിരയിലിരുന്നുകൊണ്ട് ഞങ്ങളുടെ എട്ടുമക്കളും—മൂത്തകുട്ടിമുതൽ ഇളയകുട്ടിവരെ—ഉത്സാഹപൂർവം ശ്രദ്ധിക്കുകയായിരുന്നു.
ഞങ്ങളുടെ മുഖ്യതാത്പര്യം കുട്ടികളെ “കർത്താവിന്റെ [യഹോവ] ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” വളർത്തിക്കൊണ്ടുവരുന്നതിലായിരുന്നു. (എഫെസ്യർ 6:4) ടെലിവിഷൻ സെറ്റ് ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചു. തീക്ഷ്ണമതികളായ സഹക്രിസ്ത്യാനികളെ ഞങ്ങൾ കൂടെക്കൂടെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. കാരണം അവരുടെ അനുഭവങ്ങളിൽനിന്നും ഉത്സാഹത്തിൽനിന്നും കുട്ടികൾക്കു പ്രയോജനം നേടാൻ കഴിഞ്ഞിരുന്നു. മറ്റുള്ളവരെക്കുറിച്ചു പരിഗണനയില്ലാതെ സംസാരിക്കുന്നതും വിമർശിക്കുന്നതും ഒഴിവാക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ആരെങ്കിലും തെറ്റുചെയ്യുന്നപക്ഷം, ഞങ്ങൾ അതേക്കുറിച്ച് ചർച്ചചെയ്യുമായിരുന്നു. പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കുന്ന സാഹചര്യങ്ങൾക്കായി ഞങ്ങൾ നോക്കുമായിരുന്നു. ഒരു സ്ഥിതിവിശേഷം നീതിപൂർവകവും ന്യായയുക്തവുമായ വിധത്തിൽ തൂക്കിനോക്കാൻ കുട്ടികളെ സഹായിക്കുന്നതിനു ഞങ്ങൾ ശ്രമിച്ചിരുന്നു. ഞങ്ങളുടെ കുട്ടികളെ മറ്റു യുവജനങ്ങളുമായി തട്ടിച്ചുനോക്കുന്നത് ഞങ്ങൾ ശ്രദ്ധാപൂർവം ഒഴിവാക്കിയിരുന്നു. കൂടാതെ, മാതാപിതാക്കൾ കുട്ടികളെ കൊഞ്ചിച്ചു വഷളാക്കുകയോ അവരുടെ കുരുത്തക്കേടുകളുടെ ഭവിഷ്യത്തുകളിൽനിന്ന് അവരെ തടയുകയോ ചെയ്യരുതാത്തതിന്റെ പ്രാധാന്യവും ഞങ്ങൾ തിരിച്ചറിഞ്ഞു.—സദൃശവാക്യങ്ങൾ 29:21.
എന്നുവരികിലും, കുട്ടികളെ വളർത്തിക്കൊണ്ടുവന്നതിൽ പ്രശ്നങ്ങളില്ലാതിരുന്നില്ല. ദൃഷ്ടാന്തത്തിന്, ഒരിക്കൽ ഒരു കടയിൽനിന്നു പണം കൊടുക്കാതെ കൽക്കണ്ടം കീശയിലാക്കാൻ സഹപാഠികൾ അവരെ പ്രേരിപ്പിച്ചു. സംഗതി അറിഞ്ഞപ്പോൾ ആ കടയിൽ തിരികെച്ചെന്നു പണം കൊടുക്കാനും ക്ഷമ ചോദിക്കാനും ഞങ്ങൾ കുട്ടികളോടാവശ്യപ്പെട്ടു. ഇത് കുട്ടികൾക്ക് ലജ്ജാകരമായിരുന്നെങ്കിലും അവർ സത്യസന്ധതയെക്കുറിച്ച് ഒരു പാഠം പഠിച്ചു.
പ്രസംഗവേലയിൽ ഞങ്ങളെ അനുഗമിക്കാൻ കേവലം കുട്ടികളുടെമേൽ സമ്മർദം ചെലുത്തുന്നതിനു പകരം അത്തരം പ്രവർത്തനങ്ങൾക്കു മുൻഗണന നൽകിക്കൊണ്ട് ഞങ്ങൾതന്നെ മാതൃക വെച്ചു. ചെയ്തുതീർക്കേണ്ട കൃഷിപ്പണികൾക്കുമുപരിയായി ഞങ്ങൾ യോഗങ്ങളെയും വയൽശുശ്രൂഷയെയും വെച്ചിരിക്കുന്നത് കുട്ടികൾ കണ്ടു. എട്ടു മക്കളെയും യഹോവയുടെ പാതയിൽ വളർത്തിക്കൊണ്ടുവരാനുള്ള ഞങ്ങളുടെ ഉദ്യമം തീർച്ചയായും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
ഞങ്ങളുടെ മൂത്ത മകനായ യോസേഫ് ഒരു ക്രിസ്തീയ മൂപ്പനായി സേവനമനുഷ്ഠിക്കുന്നു. അവനും ഭാര്യയും അനേകവർഷങ്ങളോളം യഹോവയുടെ സാക്ഷികളുടെ സ്വിറ്റ്സർലൻഡ് ബ്രാഞ്ച് ഓഫീസിൽ സേവിച്ചിട്ടുണ്ട്. തോമസും ഒരു മൂപ്പനാണ്. അവനും ഭാര്യയും പയനിയർമാരായി, അതായത് മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്നു. സൈക്കിൾ ചാമ്പ്യനായുള്ള തന്റെ ജീവിതവൃത്തി ഉപേക്ഷിച്ച ഡാനിയൽ ഒരു മൂപ്പനാണ്. അവനും ഭാര്യയും മറ്റൊരു സഭയിൽ പയനിയർമാരാണ്. ബെനോയും ഭാര്യയും മധ്യ സ്വിറ്റ്സർലൻഡിൽ സജീവ ശുശ്രൂഷകരായി തുടരുന്നു. അഞ്ചാമനായ ക്രിസ്റ്റ്യാൻ ഞങ്ങൾ സംബന്ധിക്കുന്ന സഭയിൽ മൂപ്പനായി സേവിക്കുന്നു. വിവാഹിതനായ അവന് രണ്ടു കുട്ടികളുമുണ്ട്. ഫ്രാന്റസ്, ബേൺ സഭയിൽ ഒരു പയനിയറും മൂപ്പനുമായി സേവിക്കുന്നു. ഒരിക്കൽ സ്വിറ്റ്സർലൻഡ് ബ്രാഞ്ച് ഓഫീസിൽ സേവിച്ചിരുന്ന ഊർസ് വിവാഹിതനാണ്. അവനും ഒരു പയനിയറായി സേവിക്കുന്നു. ഞങ്ങളുടെ ഏകപുത്രിയായ റായേലും ഭർത്താവും നിരവധി വർഷങ്ങളോളം പയനിയർമാരായിരുന്നു.
കുട്ടികളുടെ മാതൃക പിൻപറ്റിക്കൊണ്ട്, 1990 ജൂണിൽ ലൗകിക ജോലിയിൽനിന്നു വിരമിച്ചതിനെത്തുടർന്നു ഞാനും ഒരു പയനിയറായി. എന്റെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ യഹോവ ഞങ്ങളുടെ പാത നിരപ്പാക്കിയിരിക്കുന്നെന്നും “സ്ഥലം പോരാതെവരുവോളം” അവൻ ഞങ്ങളുടെമേൽ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നെന്നും എനിക്കു തീർച്ചയായും പറയാൻ കഴിയും.—മലാഖി 3:10.
എന്റെ പ്രിയഭാര്യയുടെ ഇഷ്ടപ്പെട്ട ബൈബിൾവാക്യമിതാണ്: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല”. (സങ്കീർത്തനം 55:22) എന്റേത് ഇതും “യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.” (സങ്കീർത്തനം 37:4) മനോജ്ഞമായ ഈ മൊഴികളുടെ സത്യത ഞങ്ങളിരുവരും അനുഭവിച്ചറിഞ്ഞിരിക്കുന്നു. കുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പം ഞങ്ങളുടെ ദൈവമായ യഹോവയെ സകലനിത്യതയിലും സ്തുതിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.—യോസേഫ് ഹെഗ്ലി പറഞ്ഞപ്രകാരം.