വിജയവും ദുരന്തവും
“കഴിഞ്ഞ 30 വർഷത്തെ ക്ഷയരോഗത്തിന്റെ കഥ വിജയവും ദുരന്തവും ഇടകലർന്നതായിരുന്നു—രോഗത്തെ നിയന്ത്രിക്കാനും ആത്യന്തികമായി തുടച്ചുനീക്കാനുമുള്ള മാർഗങ്ങൾ പ്രദാനംചെയ്ത ശാസ്ത്രജ്ഞന്മാരുടെ വിജയവും അവരുടെ കണ്ടുപിടിത്തങ്ങളെ ഫലകരമായി ഉപയോഗിക്കുന്നതിൽ വ്യാപകമായി പരാജയപ്പെട്ടതുമൂലമുള്ള ദുരന്തവും.”—ജെ. ആർ. ബിഗ്നോൾ, 1982.
ക്ഷയരോഗം (ടിബി) സംഹാരതാണ്ഡവമാടാൻ തുടങ്ങിയിട്ട് ദീർഘനാളായി. യൂറോപ്യൻമാർ കപ്പൽമാർഗം തെക്കേ അമേരിക്കയിലെത്തുന്നതിനു ദീർഘനാൾ മുമ്പേ അത് പെറുവിലെ ഇങ്കകളെ ക്ലേശിപ്പിച്ചിരുന്നു. ഫറവോമാർ ആഢംബരപ്രൗഢിയിൽ വാണിരുന്ന നാളുകളിൽ അത് ഈജിപ്തുകാരെ ആക്രമിച്ചിരുന്നു. ടിബി പുരാതന ബാബിലോനിലും ഗ്രീസിലും ചൈനയിലുമുള്ള ആളുകളെ വലുപ്പ-ചെറുപ്പ വ്യത്യാസമില്ലാതെ വേട്ടയാടിയിരുന്നതായി പുരാതന എഴുത്തുകൾ കാണിക്കുന്നു.
18-ാം നൂറ്റാണ്ടുമുതൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭംവരെ പാശ്ചാത്യലോകത്തെ മരണത്തിന്റെ മുഖ്യ കാരണം ടിബി ആയിരുന്നു. ഒടുവിൽ, 1882-ൽ ജർമൻ ഡോക്ടറായ റോബർട്ട് കോക്ക് രോഗകാരിയായ ബാസില്ലസ്സിന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പതിമൂന്നു വർഷം കഴിഞ്ഞ് വിൽഹെം റോൻറ്ജൻ എക്സ്റേ കണ്ടുപിടിച്ചു. ക്ഷയരോഗം മൂലം ക്ഷതമുണ്ടായിട്ടുള്ളതിന്റെ സൂചനകൾ കണ്ടുപിടിക്കുന്നതിനായി ജീവനുള്ളവരുടെ ശ്വാസകോശങ്ങൾ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാൻ അതുമൂലം സാധിച്ചു. അടുത്തതായി, 1921-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞന്മാർ ടിബി-ക്കെതിരെ ഒരു വാക്സിൻ നിർമിച്ചു. ബിസിജി (ബാസില്ലസ്സ് ക്യാമറ്റ് ഗ്വാറിൻ) എന്ന പേരിലുള്ള ആ വാക്സിന് അതു കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരുടെ പേരാണ് കിട്ടിയിരിക്കുന്നത്. ക്ഷയരോഗത്തിന് എതിരെ ലഭ്യമായ ഒരേയൊരു വാക്സിൻ അതാണ്. ഇതൊക്കെയുണ്ടായിരുന്നിട്ടും, ടിബി അസംഖ്യം ജീവൻ അപഹരിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ ഒരു പ്രതിവിധി!
ഡോക്ടർമാർ ടിബി രോഗികളെ ആരോഗ്യമന്ദിരങ്ങളിലേക്ക് (sanatoriums) അയച്ചു. ഈ ആശുപത്രികൾ സാധാരണഗതിയിൽ കുന്നുകളിലാണ് സ്ഥിതിചെയ്തിരുന്നത്, അവിടെ രോഗികൾക്ക് വിശ്രമമെടുക്കാനും ശുദ്ധവായു ശ്വസിക്കാനും കഴിയുമായിരുന്നു. പിന്നീട്, 1944-ൽ ഐക്യനാടുകളിലെ ഡോക്ടർമാർ സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചു. ടിബി-ക്കെതിരെ ഫലപ്രദമായിരിക്കുന്നതായി കണ്ടെത്തപ്പെട്ട ആദ്യത്തെ ആൻറിബയോട്ടിക്കാണ് അത്. അതിനെത്തുടർന്ന് മറ്റു ടിബി പ്രതിരോധ ഔഷധങ്ങളും ഉടൻതന്നെ വികസിപ്പിക്കപ്പെട്ടു. ഒടുവിൽ, സ്വന്തം വീടുകളിൽവെച്ചുതന്നെ ടിബി രോഗികൾക്ക് സുഖം പ്രാപിക്കാൻ കഴിയുമെന്നായി.
രോഗസംക്രമണ നിരക്ക് കുത്തനെ താഴ്ന്നപ്പോൾ ഭാവി പ്രത്യാശാനിർഭരമായി കാണപ്പെട്ടു. ആരോഗ്യമന്ദിരങ്ങൾ അടച്ചുപൂട്ടി. ടിബി ഗവേഷണത്തിനുവേണ്ടിയുള്ള ധനശേഖരവും വറ്റി. പ്രതിരോധ പരിപാടികളും ഉപേക്ഷിക്കപ്പെട്ടു. ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും പുതിയ വൈദ്യശാസ്ത്ര വെല്ലുവിളികൾ തേടിപ്പോയി.
വികസ്വര ലോകത്ത് ടിബി അപ്പോഴും അസംഖ്യം ജീവൻ അപഹരിച്ചുകൊണ്ടിരുന്നെങ്കിലും തീർച്ചയായും കാര്യങ്ങൾ മെച്ചപ്പെടുമായിരുന്നു. ടിബി ഒരു ഗതകാല സംഗതിയായിരുന്നു. അങ്ങനെയാണ് ആളുകൾ വിചാരിച്ചത്, എന്നാൽ അവർക്കു തെറ്റുപറ്റി.
മാരകമായ മടങ്ങിവരവ്
1980-കളുടെ മധ്യത്തിൽ ടിബി ഭയാനകമായ വിധത്തിൽ മരണം വിതച്ചുകൊണ്ട് മടങ്ങിവരാൻ തുടങ്ങി. അങ്ങനെ, 1993 ഏപ്രിലിൽ ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) ടിബി-യെ “ഗോളവ്യാപകമായി അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒന്ന്” ആയി പ്രഖ്യാപിച്ചു. “രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കാൻ സത്വര നടപടി കൈക്കൊള്ളാത്തപക്ഷം അത് അടുത്ത പതിറ്റാണ്ടിൽ മൂന്നു കോടിയിലധികം പേരുടെ ജീവൻ അപഹരിക്കു”മെന്ന് ഡബ്ലിയുഎച്ച്ഒ കൂട്ടിച്ചേർത്തു. ചരിത്രത്തിൽ ആദ്യമായിട്ടാണ് അത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുന്നത്.
അതിനുശേഷം, യാതൊരു “സത്വര നടപടി”യും രോഗവ്യാപനത്തിനു കടിഞ്ഞാണിട്ടിട്ടില്ല. വാസ്തവത്തിൽ, സ്ഥിതിവിശേഷം വഷളായിത്തീർന്നിരിക്കുകയാണ്. 1995-ൽ ടിബി മൂലം മരണമടഞ്ഞവരുടെ എണ്ണം ചരിത്രത്തിലെ മറ്റേതൊരു വർഷത്തിലും അതുമൂലം മരണമടഞ്ഞിട്ടുള്ളവരുടെ എണ്ണത്തെക്കാൾ കൂടുതലാണെന്ന് അടുത്തകാലത്ത് ഡബ്ലിയുഎച്ച്ഒ റിപ്പോർട്ടു ചെയ്തു. അടുത്ത 50 വർഷംകൊണ്ട് 50 കോടിവരെ ആളുകൾ ടിബി രോഗികളായിത്തീർന്നേക്കാമെന്നും ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പു നൽകി. കൂടാതെ, പലപ്പോഴും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ബഹു-ഔഷധ പ്രതിരോധശേഷിയുള്ള ടിബി പിടിപെടുന്നവരുടെ എണ്ണവും വർധിച്ചുവരും.
മാരകമായ മടങ്ങിവരവ് എന്തുകൊണ്ട്?
കഴിഞ്ഞ 20 വർഷമായി ലോകത്തിന്റെ പല ഭാഗങ്ങളിലും ടിബി നിയന്ത്രണ പരിപാടികൾ ഫലപ്രദമല്ലാതാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്തിരിക്കുന്നുവെന്നതാണ് ഒരു കാരണം. ഇതുമൂലം രോഗനിർണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനും കാലതാമസം നേരിട്ടിരിക്കുന്നു. ഇത് കൂടുതൽ മരണങ്ങൾക്കും രോഗത്തിന്റെ വ്യാപനത്തിനും ഇടയാക്കിയിരിക്കുന്നു.
ടിബി വീണ്ടും തലപൊക്കിയിരിക്കുന്നതിനുള്ള മറ്റൊരു കാരണം ജനത്തിരക്കുള്ള നഗരങ്ങളിൽ, പ്രത്യേകിച്ചും വികസ്വര ലോകത്തിലെ വൻനഗരങ്ങളിൽ കഴിയുന്ന ദരിദ്രരും വികലപോഷിതരുമായ ആളുകളുടെ എണ്ണം വർധിച്ചുവരുന്നുവെന്നതാണ്. ടിബി ദരിദ്രജനങ്ങൾക്കു മാത്രമല്ല പിടിപെടുന്നതെങ്കിലും—ടിബി ആർക്കും പിടിപെടാം—ശുചിത്വമില്ലായ്മയും ആളുകൾ തിങ്ങിപ്പാർക്കുന്നതും രോഗം എളുപ്പം പകരാൻ ഇടയാക്കുന്നു. കൂടാതെ, അവ രോഗത്തെ ചെറുത്തുനിൽക്കാൻ കഴിയാതാകുംവിധം ആളുകളുടെ പ്രതിരോധ വ്യവസ്ഥ ദുർബലമാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
എച്ച്ഐവി-യും ടിബി-യും—ഇരട്ട കുഴപ്പം
ടിബി, എയ്ഡ്സ് വൈറസായ എച്ച്ഐവി-യുമായി മാരകമായ ഒരു കൂട്ടുകെട്ട് രൂപീകരിച്ചിരിക്കുന്നുവെന്നതാണ് ഒരു പ്രധാന പ്രശ്നം. 1995-ൽ എയ്ഡ്സുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരണമടഞ്ഞതായി കണക്കാക്കപ്പെടുന്ന പത്തുലക്ഷംപേരുടെ മൂന്നിലൊന്ന് ടിബി പിടിപെട്ടായിരിക്കാം മരണമടഞ്ഞത്. ടിബി-യെ ചെറുക്കാനുള്ള ശരീരത്തിന്റെ പ്രാപ്തിയെ എച്ച്ഐവി ദുർബലപ്പെടുത്തുന്നുവെന്നതാണ് ഇതിനു കാരണം.
ക്ഷയരോഗാണുബാധ മിക്കയാളുകളിലും ഒരിക്കലും രോഗമായി വികാസംപ്രാപിക്കാറില്ല. എന്തുകൊണ്ട്? ടിബി ബാസില്ലസ്സുകൾ, ബൃഹദ്ഭക്ഷകജീവാണുക്കൾ (macrophages) എന്നു വിളിക്കപ്പെടുന്ന കോശങ്ങൾക്കുള്ളിലടയ്ക്കപ്പെടുന്നു എന്നതാണ് അതിനു കാരണം. അവിടെ അവയെ വ്യക്തിയുടെ പ്രതിരോധ വ്യവസ്ഥ, പ്രത്യേകിച്ചും ടി ലസികാണുക്കൾ അഥവാ ടി കോശങ്ങൾ തളച്ചിടുന്നു.
ഇറുകിയ മൂടിയുള്ള കൂടകൾക്കുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുന്ന മൂർഖൻ പാമ്പുകളെപ്പോലെയാണ് ടിബി ബാസില്ലസ്സുകൾ. കൂടകൾ ബൃഹദ്ഭക്ഷകജീവാണുക്കളും മൂടികൾ ടി കോശങ്ങളുമാണ്. എന്നാൽ, എയ്ഡ്സ് വൈറസ് രംഗപ്രവേശം ചെയ്യുമ്പോൾ അത് കൂടകളുടെ മൂടി തട്ടിമാറ്റുന്നു. അപ്പോൾ ബാസില്ലസ്സുകൾ രക്ഷപ്പെടുകയും ശരീരത്തിന്റെ ഏതൊരു ഭാഗത്തെയും ആക്രമിക്കാൻ തക്കവണ്ണം സ്വതന്ത്രമാകുകയും ചെയ്യുന്നു.
അതുകൊണ്ട്, ആരോഗ്യാവഹമായ പ്രതിരോധ വ്യവസ്ഥയുള്ളവരെ അപേക്ഷിച്ച് എയ്ഡ്സ് രോഗികളിൽ പ്രവർത്തനക്ഷമമായ ടിബി വികാസംപ്രാപിക്കുന്നതിനുള്ള സാധ്യത വളരെക്കൂടുതലാണ്. “എച്ച്ഐവി ബാധിതർക്ക് ടിബി പിടിപെടാൻ അങ്ങേയറ്റം സാധ്യതയുണ്ട്” എന്ന് സ്കോട്ട്ലൻഡിലെ ഒരു ടിബി വിദഗ്ധൻ പറഞ്ഞു. “ലണ്ടനിലെ ഒരു ക്ലിനിക്കിലെ ഇടനാഴിയിൽ ഇരിക്കുകയായിരുന്ന രണ്ട് എച്ച്ഐവി രോഗികളുടെ മുന്നിൽക്കൂടെ ഒരു ടിബി രോഗിയെ സ്ട്രെച്ചറിൽ കൊണ്ടുപോയപ്പോൾ അവർക്ക് രോഗം പിടിപെട്ടു.”
അങ്ങനെ എയ്ഡ്സ്, ടിബി എന്ന പകർച്ചവ്യാധി ആളിപ്പടരാൻ ഇടയാക്കിയിരിക്കുന്നു. ഒരു കണക്കനുസരിച്ച്, 2000-ാമാണ്ട് ആകുമ്പോഴേക്കും എയ്ഡ്സ് പകർച്ചവ്യാധികൊണ്ടുമാത്രം 14 ലക്ഷം ടിബി കേസുകൾ ഉണ്ടാകുന്നതായിരിക്കും. എയ്ഡ്സ് രോഗികൾക്ക് ടിബി പിടിപെടാൻ അങ്ങേയറ്റം സാധ്യതയുണ്ടെന്നതിനു പുറമേ, എയ്ഡ്സ് ഇല്ലാത്തവരുൾപ്പെടെയുള്ള ആളുകളിലേക്ക് അവർക്ക് ടിബി പകർത്താനും കഴിയുമെന്നത് ടിബി-യുടെ വർധനവിന് ഇടയാക്കുന്ന ഒരു സുപ്രധാന ഘടകമാണ്.
ബഹു-ഔഷധ പ്രതിരോധശേഷിയുള്ള ടിബി
ടിബി-ക്കെതിരെയുള്ള പോരാട്ടത്തെ ഏറെ ദുഷ്കരമാക്കിത്തീർക്കുന്ന അവസാനത്തെ ഘടകം ഔഷധ പ്രതിരോധശേഷിയുള്ള ടിബി ഇനങ്ങളുടെ ആവിർഭാവമാണ്. ശക്തിയേറിയ ഈ ഇനങ്ങൾ, ആൻറിബയോട്ടിക്കുകൾ കണ്ടുപിടിക്കുന്നതിനു മുമ്പത്തെപ്പോലെതന്നെ രോഗത്തെ വീണ്ടും ചികിത്സിച്ചുഭേദമാക്കാൻ കഴിയാത്തതാക്കിത്തീർക്കുന്നു.
വിരോധാഭാസമെന്നു പറയട്ടെ, ടിബി പ്രതിരോധ ഔഷധങ്ങൾ ഫലപ്രദമല്ലാത്ത വിധത്തിൽ ഉപയോഗിക്കുന്നതാണ് ബഹു-ഔഷധ പ്രതിരോധശേഷിയുള്ള ടിബി-യുടെ മുഖ്യ കാരണം. ടിബി-യുടെ ഫലപ്രദമായ ചികിത്സയ്ക്ക് കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരും. രോഗികൾ ക്രമംതെറ്റാതെ നാലു മരുന്നുകൾ കഴിക്കുകയും വേണം. രോഗിക്ക് ഒരു ദിവസം പന്ത്രണ്ടു ഗുളികകൾവരെ കഴിക്കേണ്ടി വന്നേക്കാം. രോഗികൾ മരുന്നുകൾ ക്രമമായി കഴിക്കാതിരിക്കുകയോ ചികിത്സ പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം ചികിത്സിച്ചുഭേദമാക്കാൻ ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആയ ഇനങ്ങളിലുള്ള ടിബി വികാസംപ്രാപിക്കുന്നു. ടിബി-ക്കെതിരെ സാധാരണ ഉപയോഗിക്കുന്ന ഏഴു മരുന്നുകളോടുവരെ പ്രതിരോധശേഷിയുള്ള ചില വകഭേദങ്ങളുണ്ട്.
ബഹു-ഔഷധ പ്രതിരോധശേഷിയുള്ള ടിബി ബാധിച്ച രോഗികളെ ചികിത്സിക്കുന്നത് ദുഷ്കരമാണെന്നു മാത്രമല്ല, ചെലവേറിയതുമാണ്. മറ്റു ക്ഷയരോഗികളെ ചികിത്സിക്കുന്നതിനാവശ്യമായതിന്റെ ഏതാണ്ട് 100 ഇരട്ടി ചെലവുണ്ട് അവരെ ചികിത്സിക്കാൻ. ഉദാഹരണത്തിന്, ഐക്യനാടുകളിൽ ഇത്തരം ടിബി-യുള്ള ഒരാളെ ചികിത്സിക്കുന്നതിന് 2,50,000 ഡോളറിലധികം ചെലവുവന്നേക്കാം!
ലോകമെമ്പാടുമായി 10 കോടിയോളം ആളുകൾക്ക് ഔഷധ പ്രതിരോധശേഷിയുള്ള ടിബി-യുടെ വകഭേദങ്ങൾ പിടിപെട്ടേക്കാമെന്ന് ഡബ്ലിയുഎച്ച്ഒ കണക്കാക്കുന്നു. അവയിൽ ചിലത് അറിയപ്പെടുന്ന ഏതെങ്കിലും ടിബി പ്രതിരോധ ഔഷധങ്ങളാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തവയാണ്. മാരകമായ ഈ വകഭേദങ്ങൾ കൂടുതൽ സാധാരണമായ വകഭേദങ്ങളുടെ അത്രയുംതന്നെ സാംക്രമികവുമാണ്.
പ്രതിരോധവും പ്രതിവിധിയും
ഗോളവ്യാപകമായ ഈ അടിയന്തിരാവശ്യത്തെ നേരിടാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ഈ രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സാംക്രമിക കേസുകളെ ആരംഭദശയിൽ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയെന്നതാണ്. അത് ഇപ്പോൾത്തന്നെ രോഗം പിടിപെട്ടിരിക്കുന്നവർക്കു സഹായകമാകുമെന്നു മാത്രമല്ല, മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയുകയും ചെയ്യുന്നു.
ചികിത്സിക്കാതിരുന്നാൽ ടിബി അതിന്റെ പകുതിയിലധികം ഇരകളെ കൊന്നൊടുക്കുന്നു. എന്നാൽ, ശരിയായ ചികിത്സ നടത്തുന്നപക്ഷം മിക്കവാറും എല്ലാ ടിബി കേസുകളും ഭേദമാക്കാവുന്നവയാണ്. ബഹു-ഔഷധ പ്രതിരോധശേഷിയുള്ള ഇനങ്ങൾ മാത്രമാണ് ഇതിന് അപവാദം.
നാം കണ്ടുകഴിഞ്ഞതുപോലെ രോഗികൾ ചികിത്സ പൂർത്തിയാക്കുന്നുവെങ്കിലേ ചികിത്സ ഫലപ്രദമാകുകയുള്ളൂ. പലപ്പോഴും അവർ അതു ചെയ്യുന്നില്ല. കാരണം? സാധാരണഗതിയിൽ ചുമയും പനിയും മറ്റുചില രോഗലക്ഷണങ്ങളും ചികിത്സ തുടങ്ങി ഏതാനും ആഴ്ച കഴിയുമ്പോൾ അപ്രത്യക്ഷമാകും. അതുകൊണ്ട്, പല രോഗികളും രോഗം ഭേദമായെന്നു വിചാരിച്ച് മരുന്നു കഴിക്കുന്നതു നിർത്തുന്നു.
ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ഡബ്ലിയുഎച്ച്ഒ ഡോട്ട്സ് എന്നു വിളിക്കപ്പെടുന്ന ഒരു പരിപാടി പ്രോത്സാഹിപ്പിക്കുന്നുണ്ട്, അതായത് “ഡയറക്റ്റ്ലി ഒബ്സേർവ്ഡ് ട്രീറ്റ്മെൻറ്, ഷോർട്ട്-കോഴ്സ്” (ഹ്രസ്വകാലത്തേക്ക് നേരിട്ട് നിരീക്ഷിച്ചുകൊണ്ടുള്ള ചികിത്സാരീതി). പേരു സൂചിപ്പിക്കുന്നതുപോലെതന്നെ, രോഗികൾ ഓരോ ഡോസ് മരുന്നും കഴിക്കുന്നുണ്ടോയെന്ന് ചികിത്സയുടെ ആദ്യത്തെ രണ്ടു മാസക്കാലത്തേക്കെങ്കിലും ആരോഗ്യപ്രവർത്തകർ നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നു. എന്നാൽ, ഇത് എല്ലായ്പോഴും എളുപ്പമല്ല. എന്തുകൊണ്ടെന്നാൽ ക്ഷയരോഗികളിൽ പലരും പരിമിതമായ ജീവിതസൗകര്യങ്ങളിൽ കഴിഞ്ഞുകൂടുന്നവരാണ്. അവരുടെ ജീവിതം പലപ്പോഴും പ്രശ്നങ്ങളും അസ്വസ്ഥതകളും നിറഞ്ഞതായതുകൊണ്ട്—ചിലർ ഭവനരഹിതർപോലുമാണ്—അവർ മരുന്നു കഴിക്കുന്നുണ്ടോയെന്നു ക്രമമായി ഉറപ്പുവരുത്തുന്നത് ഒരു വലിയ വെല്ലുവിളിയായിരിക്കാൻ കഴിയും.
അതുകൊണ്ട്, മനുഷ്യവർഗത്തെ ബാധിക്കുന്ന ഈ മഹാവ്യാധിയെ ഒടുവിൽ കീഴ്പെടുത്താൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതിന് എന്തെങ്കിലും വകയുണ്ടോ?
[5-ാം പേജിലെ ചതുരം]
ടിബി ഫാക്റ്റ് ഷീറ്റ്
വിവരണം: സാധാരണഗതിയിൽ ശ്വാസകോശങ്ങളെ ആക്രമിച്ച് അവയെ ക്രമാനുഗതമായി നശിപ്പിക്കുന്ന ഒരു രോഗമാണ് ടിബി. എന്നാൽ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും—പ്രത്യേകിച്ച് മസ്തിഷ്കം, വൃക്കകൾ, അസ്ഥികൾ എന്നിവിടങ്ങളിലേക്ക്—വ്യാപിച്ചേക്കാം.
രോഗലക്ഷണങ്ങൾ: ശ്വാസകോശങ്ങളെ ബാധിക്കുന്ന ടിബി-യുടെ ലക്ഷണങ്ങൾ ചുമ, തൂക്കംകുറയൽ, വിശപ്പില്ലായ്മ, രാത്രിയിൽ കലശലായ വിയർപ്പ്, ക്ഷീണം, ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണ്.
രോഗനിർണയ രീതികൾ: ഒരു വ്യക്തിയുടെ ശരീരത്തിൽ ബാസില്ലസ്സ് കടന്നുകൂടിയിട്ടുണ്ടോ എന്നറിയാൻ ട്യൂബർക്കുലിൻ ത്വക്ക് പരിശോധന സഹായിക്കുന്നു. നെഞ്ചിന്റെ എക്സ്റേ ശ്വാസകോശങ്ങൾക്കു ക്ഷതമുണ്ടായിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുന്നു, പ്രവർത്തനക്ഷമമായ ടിബി ഉണ്ടെന്നുള്ളതിന്റെ സൂചനയായിരിക്കാം അത്. രോഗിയുടെ കഫത്തിന്റെ ലബോറട്ടറി പരിശോധനയാണ് ടിബി ബാസില്ലസ്സുകളെ കണ്ടുപിടിക്കാനുള്ള ഏറ്റവും ആശ്രയയോഗ്യമായ മാർഗം.
പരിശോധനയ്ക്ക് വിധേയരാകേണ്ടവർ: ടിബി-യുടെ ലക്ഷണങ്ങൾ ഉള്ളവരും ടിബി രോഗിയുമായി കൂടെക്കൂടെ അടുത്തിടപഴകുന്നവരും—പ്രത്യേകിച്ചും വായുസഞ്ചാരം കുറഞ്ഞ മുറികളിൽവെച്ച്—ആണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്.
പ്രതിരോധ കുത്തിവെപ്പ്: ടിബി-ക്കെതിരെ ഒരു കുത്തിവെപ്പേ ഉള്ളൂ, ബിസിജി. അത് കുട്ടികളിൽ ഗുരുതരമായ ടിബി ഉണ്ടാകുന്നതു തടയുന്നു. എന്നാൽ യുവജനങ്ങൾക്കും മുതിർന്നവർക്കും അത് പ്രയോജനം ചെയ്യുന്നില്ല. പ്രതിരോധ കുത്തിവെപ്പ് ഏറിയാൽ ഏതാണ്ട് 15 വർഷത്തേക്ക് സംരക്ഷണം നൽകുന്നു. ബിസിജി രോഗബാധിതരല്ലാത്തവരെ മാത്രമേ സംരക്ഷിക്കുന്നുള്ളൂ; രോഗം പിടിപെട്ടിരിക്കുന്നവർക്ക് അത് പ്രയോജനകരമല്ല.
[6-ാം പേജിലെ ചതുരം]
ടിബി-യും ഫാഷനും
19-ാം നൂറ്റാണ്ടിൽ ടിബി-ക്ക് ഒരു കാൽപ്പനിക പരിവേഷം നൽകിയത് വിചിത്രമായി തോന്നിയേക്കാം. ആ രോഗത്തിന്റെ ലക്ഷണങ്ങൾ സംവേദനക്ഷമതയും കലാപരമായ അഭിരുചികളും വർധിപ്പിക്കുന്നതായി ആളുകൾ വിശ്വസിച്ചുവെന്നതാണ് അതിനു കാരണം.
ഫ്രഞ്ച് നാടകകൃത്തും നോവലെഴുത്തുകാരനുമായ അലെക്സാണ്ട്ര ഡൂമാ തന്റെ മേമ്വാറിൽ 1820-കളുടെ ആരംഭത്തെക്കുറിച്ച് എഴുതി: “നെഞ്ചുവേദന ഫാഷനായിരുന്നു; എല്ലാവർക്കും ക്ഷയരോഗമായിരുന്നു, പ്രത്യേകിച്ചും കവികൾക്ക്; മുപ്പതു വയസ്സിനു മുമ്പു മരിക്കുന്നത് ഫാഷനായി കണക്കാക്കിയിരുന്നു.”
ആംഗലേയ കവിയായ ലോർഡ് ബൈറൺ ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടു: “ക്ഷയരോഗം പിടിപെട്ട് മരിക്കാൻ എനിക്കിഷ്ടമാണ് . . . എന്തുകൊണ്ടെന്നാൽ മാന്യസ്ത്രീകളെല്ലാം പറയും, ‘പാവം ബൈറൺ, മരിക്കുമ്പോഴും അദ്ദേഹത്തെ കാണാൻ എന്തു ഭംഗിയാണ്!’”
ടിബി പിടിപെട്ടു മരിച്ചതായി പറയപ്പെടുന്ന അമേരിക്കൻ എഴുത്തുകാരനായ ഹെന്റി ഡേവിഡ് തൊറോ എഴുതി: “ജീർണനവും രോഗവും പലപ്പോഴും സുന്ദരമാണ്, ക്ഷയജ്വരതേജസ്സു . . . പോലെ.”
ടിബി-യുടെ ഈ വശ്യതയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ വന്ന ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “രോഗത്തോടുള്ള ഈ വൈരുദ്ധ്യാത്മക മമത ഫാഷൻ അഭിരുചികളിലേക്കും പടർന്നുകയറി; വിളറിവെളുത്ത് മെലിഞ്ഞുണങ്ങിയ ആകാരത്തിനുവേണ്ടി കൊതിച്ച സ്ത്രീകൾ വെളുത്ത മേക്കപ്പ് ഉപയോഗിച്ചു, മസ്ലിൻ തുണികൊണ്ടുള്ള കട്ടികുറഞ്ഞ വസ്ത്രങ്ങൾ ഇഷ്ടപ്പെട്ടു—അനോറെക്സിയ നെർവോസ ബാധിച്ചതുപോലെ കാണപ്പെടുന്ന ഇന്നത്തെ മോഡലുകൾ ആഗ്രഹിക്കുന്ന ആകാരത്തോട് വളരെ സമാനമായ ഒന്നായിരുന്നു അത്.”
[7-ാം പേജിലെ ചതുരം]
ടിബി പിടിപെടാൻ എളുപ്പമാണോ?
“ക്ഷയരോഗ ബാക്ടീരിയങ്ങളിൽനിന്ന് ഓടിയൊളിക്കാൻ ഒരിടവുമില്ല” എന്ന് ഡബ്ലിയുഎച്ച്ഒ ആഗോള ടിബി പരിപാടിയുടെ ഡയറക്ടറായ ഡോ. ആരാറ്റാ കോച്ചി മുന്നറിയിപ്പു നൽകുന്നു. “ചുമയിലൂടെയോ തുമ്മലിലൂടെയോ വായുവിലേക്കു കടന്ന ഒരു ടിബി അണുവിനെ ശ്വസനത്തിലൂടെ ഉള്ളിലേക്കെടുക്കുക വഴി ആർക്കും ടിബി പിടിപെടാം. ഈ രോഗബീജങ്ങൾക്ക് മണിക്കൂറുകളോളം, വർഷങ്ങളോളം പോലും വായുവിൽ തങ്ങിനിൽക്കാൻ കഴിയും. നാമെല്ലാം അപകടത്തിലാണ്.”
എങ്കിലും, ഒരു വ്യക്തി ക്ഷയരോഗി ആയിത്തീരുന്നതിനു മുമ്പ് രണ്ടു കാര്യങ്ങൾ സംഭവിക്കണം. ഒന്ന്, ആ വ്യക്തിയിൽ ടിബി ബാക്ടീരിയ കടന്നുകൂടണം. രണ്ട്, അണുബാധ രോഗമായി വികാസം പ്രാപിക്കണം.
ഉയർന്ന രോഗസംക്രമണ ശേഷിയുള്ള ഒരു വ്യക്തിയുമായുള്ള ഹ്രസ്വ സമ്പർക്കത്തിലൂടെ ടിബി പകരാനിടയുണ്ടെങ്കിലും സ്ഥലസൗകര്യമില്ലാത്തയിടങ്ങളിൽ തിങ്ങിഞെരുങ്ങി കഴിയുന്ന കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നതുപോലുള്ള ആവർത്തിച്ചുള്ള സമ്പർക്കത്തിലൂടെ അതു പകരാനാണ് കൂടുതൽ സാധ്യത.
ഒരു വ്യക്തി ബാസില്ലസ്സുകളെ ശ്വസനത്തിലൂടെ ഉള്ളിലേക്കെടുത്ത് അണുബാധിതനായിത്തീരുമ്പോൾ അവ അയാളുടെ നെഞ്ചിനകത്ത് പെരുകുന്നു. എന്നാൽ 10-ൽ 9 പേരുടെയും പ്രതിരോധ വ്യവസ്ഥ രോഗാണുക്കളുടെ വ്യാപനത്തെ തടയുന്നു. അതുകൊണ്ട് അണുബാധിതനായ വ്യക്തി രോഗിയായിത്തീരുന്നില്ല. എന്നാൽ, ചിലപ്പോൾ എച്ച്ഐവി, പ്രമേഹം, കാൻസറിനുള്ള രാസചികിത്സകൾ എന്നിവയാലും മറ്റു കാരണങ്ങളാലും പ്രതിരോധ വ്യവസ്ഥ വല്ലാതെ ദുർബലമായിത്തീരുന്നപക്ഷം സുഷുപ്തിയിലാണ്ട ബാസില്ലസ്സുകൾ പ്രവർത്തനക്ഷമമായിത്തീർന്നേക്കാം.
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
New Jersey Medical School—National Tuberculosis Center
[7-ാം പേജിലെ ചിത്രം]
എയ്ഡ്സ് വൈറസിനാൽ സ്വതന്ത്രമാക്കപ്പെടുന്ന ടിബി ബാസില്ലസ്സുകൾ കൂടകളിൽനിന്ന് തുറന്നുവിടുന്ന മൂർഖൻ പാമ്പുകളെപ്പോലെയാണ്