ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ദത്തുപുത്രന്റെ അന്വേഷണം “കോൾമയിർക്കൊള്ളിച്ച പുനസ്സംഗമം” (ഫെബ്രുവരി 22, 1997) എന്ന അനുഭവത്തിനു നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പുത്രൻ സ്വന്തം അമ്മയെ കണ്ടെത്തുകയും അവൾ തന്റെ ആത്മീയ സഹോദരികൂടിയാണെന്നു മനസ്സിലാക്കുകയും ചെയ്ത വിധത്തെക്കുറിച്ചു വായിക്കുന്നത് വാസ്തവത്തിൽ ഹൃദയസ്പർശിയായ ഒരനുഭവമായിരുന്നു!
എം. ജി. ഡി., ഇറ്റലി
ഡേന ഫോൾട്സിന്റെ ജീവിതകഥ ഞാൻ കണ്ണീരോടെയാണ് വായിച്ചത്. എന്റെ ഒരു സഹോദരനെ ദത്തു കൊടുത്തിരിക്കുകയാണ്. വലുതായപ്പോൾ അദ്ദേഹം പെറ്റമ്മയെ കണ്ടുമുട്ടാനിടയായി. അതൊരു സന്തോഷകരമായ പുനസ്സംഗമം ആയിരുന്നില്ല. അദ്ദേഹത്തിന് ഇന്നും ഞങ്ങളുടെ കുടുംബത്തോട് നിഷേധാത്മക വികാരങ്ങളുണ്ട്. അദ്ദേഹത്തോട് ക്ഷമയും സ്നേഹവും പ്രകടമാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ലേഖനം എന്നെ സഹായിച്ചു.
എം. ഡി. എൽ., അർജൻറീന
ഞാൻ നിങ്ങളുടെ മാസിക ഒരു പ്രാദേശിക ബിസിനസ്സ് സ്ഥാപനത്തിന്റെ ബാത്ത്റൂമിൽ കണ്ടെത്തി. ഞാൻ വായിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും ഹൃദയസ്പർശിയായ ഒരു വിവരണം അതിലുണ്ടായിരുന്നു! എന്നോട് പലരും ചോദിച്ചിട്ടുണ്ട്: “ബലാൽസംഗത്തിലൂടെ ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നെങ്കിലെന്ത്? അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുകയില്ലേ?” സാധ്യതയനുസരിച്ച്, ഡേന ഫോൾട്സിന്റെ കോൾമയിർക്കൊള്ളിക്കുന്ന യഥാർഥ ജീവിത നാടകത്തെക്കാളും ശക്തമായ പ്രതിവാദം അജാത ശിശുവിന്റെ ജീവനുവേണ്ടി ഉന്നയിക്കാനാവില്ല.
എം. പി., ഐക്യനാടുകൾ
സംഘടിത കുറ്റകൃത്യം ഞാൻ ഒരു സുരക്ഷിതത്വ ഉപദേഷ്ടാവും പൊലീസ്-കമ്മ്യൂണിറ്റി റിലേഷൻസ് കമ്മിറ്റി അംഗവുമാണ്. ഒരുവന്റെ കുടുംബത്തെ കുറ്റകൃത്യത്തിൽനിന്നു സംരക്ഷിക്കുന്ന വിധം സംബന്ധിച്ച നിങ്ങളുടെ നിർദേശങ്ങൾ വളരെ പ്രായോഗികവും പ്രയോജനപ്രദവുമായിരിക്കുന്നതായി ഞാൻ കണ്ടെത്തി. (1997 മാർച്ച് 8 ലക്കത്തിലെ “സംഘടിത കുറ്റകൃത്യം—അതു നിങ്ങളെ ബാധിക്കുന്ന വിധം”) ഞാൻ ആ മാസിക മറ്റ് കമ്മിറ്റി അംഗങ്ങൾക്ക് വായിക്കാനായി കൊടുത്തുകഴിഞ്ഞു. കുറ്റകൃത്യമില്ലാത്ത ഒരു ലോകം ഒരുനാൾ ആഗതമാകുമെന്നറിയുന്നത് നവോൻമേഷദായകമാണ്.
സി. ഇ. ജെ. എ., നൈജീരിയ
ആ ലേഖനങ്ങൾ പ്രത്യേകിച്ചും സഹായകമായിരുന്നു. കാരണം, കഴിഞ്ഞ 11 വർഷമായി കുറ്റകൃത്യ സംഘത്തിലെ അംഗമായി പ്രവർത്തിക്കുന്ന ഒരു മനുഷ്യനുമൊത്ത് ഞാൻ ബൈബിൾ പഠിക്കുന്നുണ്ട്. സംഘടിത കുറ്റകൃത്യവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന വിഷമതകളെക്കുറിച്ച് അവയിൽ കൃത്യമായി വിവരിച്ചിരുന്നു. മനസ്സുവെക്കുന്ന പക്ഷം യഹോവയുടെ സഹായത്തോടെ അയാൾക്കും അതിൽനിന്നു വിട്ടുപോരാൻ കഴിയും.
എ. എം., ഐക്യനാടുകൾ
പുഷ്പങ്ങൾ എനിക്കു പത്തു വയസ്സുണ്ട്. “പുഷ്പങ്ങൾ കരുതലുള്ള ഒരാളുണ്ടെന്ന് ഉദ്ഘോഷിക്കുന്നു” (മാർച്ച് 8, 1997) എന്ന ലേഖനത്തിനു നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദീർഘനേരത്തേക്കു വാടാതിരിക്കത്തക്കവണ്ണം പുഷ്പങ്ങളെ എങ്ങനെ പരിപാലിക്കണമെന്ന് അത് എന്നെ പഠിപ്പിച്ചു.
എൽ. സി., ഇറ്റലി
പുഷ്പങ്ങൾ വാടാതെ സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്നറിയാൻ ഞാൻ വർഷങ്ങളായി ആഗ്രഹിക്കുകയായിരുന്നു. കാരണം എനിക്ക് പുഷ്പങ്ങളെന്നു വെച്ചാൽ ജീവനാണ്. എന്നാൽ, അവ എപ്പോഴും വളരെ പെട്ടെന്ന് വാടിപ്പോകുമായിരുന്നു. ഉണരുക!യിലെ നിർദേശങ്ങൾ എന്നെ യഥാർഥത്തിൽ സഹായിച്ചിരിക്കുന്നു. നിങ്ങൾ ചെയ്യുന്ന പ്രവർത്തനത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ജെ. പി., മെക്സിക്കോ
നക്ഷത്രപ്പിറവി “കഴുകന്റെ ‘കൂട്ടിൽ’ നക്ഷത്രപ്പിറവി” (മാർച്ച് 8, 1997) എന്ന ലേഖനം യഹോവയാം ദൈവത്തിന്റെ മനോഹരവും നശിപ്പിക്കപ്പെടാത്തതുമായ സൃഷ്ടിയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. അത് എന്നെ ആഴത്തിൽ സ്പർശിച്ചു.
ജെ. എ., ഓസ്ട്രേലിയ
ദത്തെടുക്കൽ “ഹൃദയംഗമമായ ഒരു അഭ്യർഥന” (മാർച്ച് 8, 1997) എന്ന ലേഖനത്തിന് വാസ്തവത്തിൽ എന്റെ ജീവിതത്തോടു സാദൃശ്യമുണ്ട്. 19-ാമത്തെ വയസ്സിൽ ഞാൻ ഒരു അവിവാഹിത മാതാവായിത്തീർന്നു. എന്റെ അമ്മ വളരെ കുപിതയായിത്തീരുകയും എന്നെ അധിക്ഷേപിക്കുകയും ചെയ്തു. കുഞ്ഞിന് വീട്ടിൽ സ്വാഗതമില്ല എന്ന് അവർ എന്നെ അറിയിച്ചു. കുഞ്ഞിനെ മറ്റുള്ളവരുടെ പരിപാലനത്തിന് വിടുന്നതാണ് അവന് ഏറ്റവും മെച്ചം എന്ന് എനിക്കു തോന്നി. ഒരു ക്രിസ്ത്യാനി ആയിക്കഴിഞ്ഞപ്പോൾ അവനെ കണ്ടുമുട്ടാനിടയാക്കേണമേ എന്ന് ഞാൻ 15 വർഷക്കാലം പ്രാർഥിച്ചു. ഒടുവിൽ കുറച്ചു നാൾ മുമ്പ് എന്റെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടി, എനിക്ക് അവനെ കണ്ടുമുട്ടാനും അവനുമായി സുവാർത്ത പങ്കുവെക്കാനും കഴിഞ്ഞു. അവനെ ഉപേക്ഷിക്കുന്നതിന് എന്നെ നിർബന്ധിതയാക്കിയ സാഹചര്യങ്ങൾ അവൻ നന്നായി മനസ്സിലാക്കി. ഈ സാഹചര്യത്തിലായിരിക്കുന്ന സ്ത്രീകളോടുള്ള എന്റെ ഉപദേശം യഹോവയോടു പ്രാർഥിച്ചുകൊണ്ടിരിക്കണം എന്നതാണ്. ഒരുപക്ഷേ കുട്ടിയുമായി നിങ്ങൾക്കു വീണ്ടും ഒന്നിക്കാൻ കഴിഞ്ഞേക്കും. അഥവാ അതിനു സാധിച്ചില്ലെങ്കിൽക്കൂടി, ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്നപക്ഷം നിങ്ങൾക്കു മനശ്ശാന്തിയും ഹൃദയസമാധാനവും നൽകാൻ അവനു കഴിയും.
ജി. എസ്., ഐക്യനാടുകൾ