ബൈബിളിന്റെ വീക്ഷണം
സ്നേഹവാനായ ഒരു ദൈവത്തെ എങ്ങനെ ഭയപ്പെടാനാകും?
“യഹോവാഭയമുള്ള മനുഷ്യൻ സന്തുഷ്ടൻ.”—സങ്കീർത്തനം 112:1, “NW.”
ബൈബിൾ വർണിക്കുന്ന പ്രകാരം, “ദൈവം സ്നേഹ”മാണെങ്കിൽ അവനെ ഭയപ്പെടേണ്ടതെന്തുകൊണ്ട്? (1 യോഹന്നാൻ 4:16) സ്നേഹവും ഭയവും പൊതുവേ പരസ്പര വിരുദ്ധമായിട്ടാണു കണക്കാക്കപ്പെടുന്നത്. അപ്പോൾപ്പിന്നെ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ ഭയത്തിന് എന്തു പങ്കാണുള്ളത്? സ്നേഹവാനായ ഒരു ദൈവത്തെ ഭയപ്പെടേണ്ടതെന്തുകൊണ്ട്? “ഭയം” എന്ന പദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് എപ്രകാരമാണെന്ന് അടുത്തു പരിചിന്തിക്കുന്നത്, ഈ വിഷയം സംബന്ധിച്ച് ഒരു മെച്ചമായ ഗ്രാഹ്യം പ്രദാനം ചെയ്യുന്നു.
മിക്ക ഭാഷകളിലും ഒരു പദത്തിനു സന്ദർഭാനുസരണം വ്യത്യസ്ത അർഥങ്ങൾ കണ്ടേക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, ഒരുവൻ ഇങ്ങനെ പറഞ്ഞേക്കാം: “എനിക്ക് ഐസ്ക്രീം ഇഷ്ടമാണ്.” കൂടാതെ ഇങ്ങനെയും പറഞ്ഞേക്കാം: “എനിക്കെന്റെ കുട്ടികളെ ഇഷ്ടമാണ്.” ഇവിടെ പ്രകടിപ്പിക്കപ്പെടുന്ന ഇഷ്ടം അതിന്റെ തീവ്രതയിലും തരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെ, ബൈബിൾ വ്യത്യസ്തതരം ഭയത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ദൈവാരാധനയോടുള്ള ബന്ധത്തിൽ ബൈബിളിൽ ആ പദം ഉപയോഗിക്കുമ്പോൾ അത് ഭീതി, പേടി, ആസന്നമായ ശിക്ഷയെക്കുറിച്ചുള്ള ബോധം എന്നിവയെയല്ല പരാമർശിക്കുന്നത്. മറിച്ച്, ദൈവഭയത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ഭയഭക്തി, ഭക്ത്യാദരവ്, ആഴമായ ബഹുമാനം തുടങ്ങിയ ആരോഗ്യാവഹമായ വികാരവിചാരങ്ങളാണ്. ദൈവത്തോടുള്ള സ്നേഹം, അടുപ്പം എന്നിവയുമായി ബന്ധപ്പെട്ട ശ്രേഷ്ഠ വികാരങ്ങളാണവ. അല്ലാതെ അവനിൽനിന്ന് ഓടിയൊളിക്കാനുള്ള സഹജവാസനയല്ലിത്.
ദൈവഭയം അനാരോഗ്യകരമായ, ഭീരുത്വമാർന്ന ഭയത്തെ നീക്കം ചെയ്യുന്നു. ദൈവത്തെ ഭയപ്പെടുന്ന മനുഷ്യനെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.” (സങ്കീർത്തനം 112:7) യഹോവയോടുള്ള നമ്മുടെ ആഴമായ ബഹുമാനവും ഭക്ത്യാദരവും ഇല്ലാതാക്കാൻ ദുഷ്ടമനുഷ്യരിൽനിന്നോ സാത്താനിൽനിന്നുതന്നെയോ ഉള്ള യാതൊരു ഭീഷണിക്കും സാധ്യമല്ല. (ലൂക്കൊസ് 12:4, 5) പ്രാർഥനയിൽ ദൈവത്തെ സമീപിക്കാൻ നമുക്ക് ഭയം തോന്നേണ്ടതില്ല. പകരം, ഇക്കാര്യത്തിൽ, “സ്നേഹം, ഭയത്തെ പുറത്താക്കിക്കളയുന്നു.”—1 യോഹന്നാൻ 4:18.
ആകാശവും ദൈവത്തിന്റെ മാഹാത്മ്യവും
പുരാതന കാലത്തെ ദാവീദ് രാജാവ് ദൈവഭയമുള്ള ഒരു വ്യക്തിയായിരുന്നു. സൃഷ്ടിയുടെ മനോഹാരിതയും സങ്കീർണതകളും വിചിന്തനം ചെയ്യവേ അവൻ ഭയാദരവ് നിറഞ്ഞവനായി. അവനിങ്ങനെ ഘോഷിച്ചു: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” (സങ്കീർത്തനം 139:14) നിശാനഭസ്സിലേക്കു ദൃഷ്ടി പതിപ്പിച്ചുകൊണ്ട് അവനിങ്ങനെ ഉദ്ഘോഷിച്ചു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു.” (സങ്കീർത്തനം 19:1) ഈ അനുഭവം നിമിത്തം ദാവീദ് ഭയാകുലനായോ? അശേഷമില്ല, നേരേമറിച്ച് യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടാൻ അവൻ പ്രചോദിപ്പിക്കപ്പെട്ടു.
ആകാശത്തെക്കുറിച്ചുള്ള ഇന്നത്തെ വർധിച്ച അറിവ് ഭയാദരവ് തോന്നാൻ കൂടുതൽ ശക്തമായ കാരണം പ്രദാനം ചെയ്യുന്നു. അടുത്തകാലത്ത്, ഹബിൾ ബഹിരാകാശ ദൂരദർശിനിയുപയോഗിച്ച് ജ്യോതിശ്ശാസ്ത്രജ്ഞൻമാർ മുമ്പെന്നത്തെക്കാളും ആകാശത്തിന്റെ ആഴങ്ങളിലേക്കു ചുഴിഞ്ഞിറങ്ങിയിരിക്കുന്നു. ഭൗമസ്ഥാപിത ദൂരദർശിനികളിലൂടെ നോക്കിയപ്പോൾ ശൂന്യമായി കാണപ്പെട്ട ആകാശത്തിന്റെ ഒരു ഭാഗം തിരഞ്ഞെടുത്ത് ഒരു മണൽത്തരിയുടെയത്ര വലിപ്പമുള്ള ഒരു ഭാഗത്ത് അവർ ഹബിൾ ദൂരദർശിനി കേന്ദ്രീകരിച്ചു. ഒറ്റപ്പെട്ട നക്ഷത്രങ്ങളായിരുന്നില്ല, മറിച്ച് ശതകോടിക്കണക്കിനു നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന ആകാശഗംഗകൾ തിങ്ങിനിറഞ്ഞ ഒരു ചിത്രമായിരുന്നു അപ്പോൾ ലഭിച്ചത്. മനുഷ്യൻ മുമ്പൊരിക്കലും ദർശിച്ചിട്ടില്ലാത്തവതന്നെ!
പ്രപഞ്ചത്തിന്റെ വലിപ്പം, അതിന്റെ നിഗൂഢത, അതിലെ അത്ഭുതങ്ങൾ എന്നിവ സൂക്ഷ്മദൃക്കായ ഒരു നിരീക്ഷകനിൽ ഭയാദരവ് ഉണർത്തുന്നു. എന്നിരുന്നാലും ഇത്തരം അത്ഭുതങ്ങൾ സ്രഷ്ടാവിന്റെ മഹത്ത്വത്തിന്റെയും പ്രതാപത്തിന്റെയും പ്രതിഫലനം മാത്രമാണ്. യഹോവയാം ദൈവത്തെ ബൈബിൾ, “വെളിച്ചങ്ങളുടെ പിതാ”വെന്നു വിളിക്കുന്നു. “അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു”വെന്നും അതു നമ്മോടു പറയുന്നു.—യാക്കോബ് 1:17; സങ്കീർത്തനം 147:4.
പ്രപഞ്ചത്തിന്റെ അപാരത ആകാശ പ്രതിഭാസങ്ങളിൽനിന്നുള്ള പ്രകാശത്തിന്റെ സഞ്ചാര സമയത്തിൽനിന്നും മനസ്സിലാക്കാവുന്നതാണ്. ഹബിൾ ബഹിരാകാശ ദൂരദർശിനി ഫോട്ടോയെടുത്ത താരാപഥങ്ങളിൽനിന്നുള്ള പ്രകാശം ശൂന്യാകാശത്തിലൂടെ ശതകോടിക്കണക്കിനു വർഷങ്ങളായി സഞ്ചരിക്കുകയായിരുന്നു! ആകാശത്തിന്റെ ശാശ്വതത്ത്വത്തോടുള്ള താരതമ്യത്തിൽ നമ്മുടെ ശിശുത്വവും നിസ്സാരത്വവും നക്ഷത്രങ്ങളെ ഉണ്ടാക്കിയവനോടു നമുക്ക് ഭയാദരവും ആഴമായ ബഹുമാനവും തോന്നാൻ ഇടയാക്കേണ്ടതല്ലേ? (യെശയ്യാവു 40:22, 26) ഇവയുടെയെല്ലാം സ്രഷ്ടാവായ ദൈവം, ‘മർത്യനെ ഓർക്കുന്നെന്നും അവനെ പരിപാലിക്കുന്നെന്നും’ തിരിച്ചറിയുന്നത് അവനോടുള്ള നമ്മുടെ സ്നേഹവായ്പിനെ ആഴമുള്ളതാക്കുകയും അവനെ അറിയാനും പ്രീതിപ്പെടുത്താനും നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 8:3, 4, NW) അത്തരം ആഴമായ ബഹുമാനത്തെയും വിലമതിപ്പിനെയുമാണ് ദൈവഭയം എന്നു ബൈബിൾ വിളിക്കുന്നത്.
ക്ഷമാശീലനായ ദൈവം
നാമെല്ലാവരും അപൂർണരാണ്. ശരിയായതു ചെയ്യാൻ ശ്രമിക്കുമ്പോൾപോലും അറിയാതെതന്നെ നാം പാപം ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം ദൈവപ്രീതി നഷ്ടമാകുമെന്നു നാം ഭയപ്പെടേണ്ടതുണ്ടോ? സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും? എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.” (സങ്കീർത്തനം 130:3, 4) “സ്രഷ്ടാവ്” വളരെ കാരുണ്യവാനും ക്ഷമാശീലനുമാണെന്ന സംഗതി അവന്റെ ആരാധകരിൽ ആഴമായ വിലമതിപ്പും ആദരവും ഉളവാക്കുന്നു.—യെശയ്യാവു 54:5-8.
മോശമെന്നു ദൈവം പറയുന്നതു ചെയ്യാതെ നല്ലതു ചെയ്യാൻ ദൈവഭയം നമ്മെ പ്രചോദിപ്പിക്കുന്നു. സ്വർഗീയപിതാവുമായുള്ള നമ്മുടെ ബന്ധത്തെ സ്നേഹവാനായ ഒരു മാനുഷ പിതാവിന് കുട്ടികളോടുള്ള ബന്ധവുമായി താരതമ്യപ്പെടുത്താവുന്നതാണ്. വഴിയിൽ കളിക്കുന്നതിൽനിന്നു പിതാവ് തങ്ങളെ തടയുന്നതെന്തുകൊണ്ടെന്നു ചിലപ്പോഴൊക്കെ കുട്ടികൾ മറന്നുപോയേക്കാം. എങ്കിലും വാഹനങ്ങൾ പോകുന്ന വഴിയിലൂടെ പന്തിനു പിന്നാലെ ഓടാൻ തോന്നുമ്പോൾ പിതാവിന്റെ വിലക്കിനെക്കുറിച്ചുള്ള ചിന്ത അവരെ അതിൽനിന്നു തടയുന്നു—ചിലപ്പോൾ മരണത്തിൽനിന്ന് രക്ഷിക്കുകപോലും ചെയ്യുന്നു. അതുപോലെതന്നെ ഒരു മുതിർന്നയാളിന്റെ യഹോവാഭയം തന്റെതന്നെയും മറ്റുള്ളവരുടെയും ജീവൻ നശിപ്പിക്കുമായിരുന്ന ചെയ്തികളിൽനിന്ന് അദ്ദേഹത്തെ തടഞ്ഞേക്കാം.—സദൃശവാക്യങ്ങൾ 14:27.
ദൈവത്തിന്റെ ന്യായവിധിയെ ഭയപ്പെടൽ
നേരേമറിച്ച്, ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിൽനിന്ന് തന്നെ തടയാത്ത മനസ്സാക്ഷിയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ വ്യത്യസ്തമായ വിധത്തിൽ ഭയമുള്ളവനായിരിക്കാൻ കാരണമുണ്ട്. മാനുഷ ഗവൺമെന്റുകൾ കുറ്റപ്പുള്ളികളെ ശിക്ഷിക്കുന്നതുപോലെ, പശ്ചാത്താപമില്ലാത്ത, മനഃപൂർവ ദുഷ്പ്രവൃത്തിക്കാർക്കെതിരെ നടപടിയെടുക്കാൻ ദൈവത്തിന് അവകാശമുണ്ട്. ദുഷ്ടത തുടരാൻ ദൈവം താത്കാലികമായി അനുവദിച്ചിരിക്കുന്നത് ചിലർ അധാർമിക ഗതിയിൽ മനംതഴമ്പിച്ചവരായിത്തീരാൻ ഇടയാക്കിയിരിക്കുന്നു. എന്നാൽ പെട്ടെന്നുതന്നെ അവൻ ഭൂമിയിൽനിന്നു സകല ദുഷ്ടഘടകങ്ങളെയും നീക്കം ചെയ്യുമെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (സങ്കീർത്തനം 37:9, 10; സഭാപ്രസംഗി 8:11; 1 തിമൊഥെയൊസ് 5:24) അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാർക്ക് ദൈവശിക്ഷയെ ഭയക്കാൻ കാരണമുണ്ട്. എന്നിരുന്നാലും ബൈബിൾ ശുപാർശചെയ്യുന്നത് അത്തരം ഭയത്തെയല്ല.
പകരം, യഹോവാഭയത്തെ ബൈബിൾ ബന്ധപ്പെടുത്തുന്നത് ജീവിതത്തിലെ മനോഹര സംഗതികളുമായാണ്. ഗാനാലാപനം, സന്തോഷം, ആശ്രയത്വം, ജ്ഞാനം, ദീർഘായുസ്സ്, ധൈര്യം, ഐശ്വര്യം, പ്രത്യാശ, സമാധാനം എന്നിവ അവയിൽ ചിലതു മാത്രമാണ്.a യഹോവാഭയത്തിൽ തുടരുന്നപക്ഷം അത്തരം അനുഗ്രഹങ്ങൾ നമുക്ക് എന്നേക്കും ആസ്വദിക്കാം.—ആവർത്തനപുസ്തകം 10:12-14.
[അടിക്കുറിപ്പ്]
a പുറപ്പാടു 15:11; സങ്കീർത്തനം 34:11, 12; 40:3; 111:10; സദൃശവാക്യങ്ങൾ 10:27; 14:26; 22:4; 23:17,18; പ്രവൃത്തികൾ 9:31 എന്നിവ കാണുക.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of Anglo-Australian Observatory, photograph by David Malin