ഞങ്ങളുടെ വായനക്കാരിൽനിന്ന്
മതവും യുദ്ധവും മതത്തിനു യുദ്ധത്തിലുള്ള പങ്കിനെക്കുറിച്ചു ചർച്ചചെയ്ത വിജ്ഞാനപ്രദമായ പരമ്പരയോടുള്ള വിലമതിപ്പു പ്രകടിപ്പിക്കാനാണ് ഞാനിത് എഴുതുന്നത്. (ഏപ്രിൽ 22, 1997) “ദൈവത്തിന്റെ പേരിൽ അരുംകൊല” എന്ന ആദ്യലേഖനം ശരിക്കും എന്റെ ശ്രദ്ധ പിടിച്ചുപറ്റി. അത് ഹ്രസ്വവും കുറിക്കുകൊള്ളുന്നതുമായിരുന്നു. വിശേഷിച്ചും, പുരാതന ഇസ്രായേല്യർ കനാന്യരെ കൊന്നതു യഹോവയാം ദൈവം അംഗീകരിച്ചതിന്റെ കാരണം ന്യായവാദം ചെയ്തപ്പോൾ.
എസ്. ജെ., ഐക്യനാടുകൾ
ജിഞ്ചർ ക്ലൗസിന്റെ കഥ ജിഞ്ചർ ക്ലൗസിന്റെ, “ജീവനോടിരിക്കുന്നതിൽ ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു!” (ഏപ്രിൽ 22, 1997) എന്ന അനുഭവത്താൽ ഞാൻ എത്രമാത്രം പ്രോത്സാഹിതയായെന്ന് നിങ്ങളോടു പറഞ്ഞുകൊള്ളട്ടെ. അവരെപ്പോലെ, എന്റെയും ആത്മാഭിമാനമെല്ലാം നഷ്ടമായി, വിലയില്ലാത്തവളാണെന്നും ആർക്കും എന്നോടു സ്നേഹമില്ലെന്നും എനിക്കുതോന്നി. അത്തരം വികാരങ്ങളെ തരണംചെയ്യാനാകാതെ, മരണം വരിക്കാനാഗ്രഹിക്കുന്നെന്ന് ഞാൻ ഓരോ ദിവസവും കണ്ണുനീരോടെ ദൈവത്തോടു പറഞ്ഞു. മരണത്തെ സ്വാഗതാർഹമായ ഒരു ആശ്വാസ മാർഗമായി ഞാൻ വീക്ഷിച്ചു. എന്നാൽ ഒരു ദിവസം ഞാനിങ്ങനെ പ്രാർഥിച്ചു, “ഞാൻ ജീവിക്കാനാണു തിരുഹിതമെങ്കിൽ, അതിനുള്ള പ്രോത്സാഹനംകൂടെ തരൂ.” ഇപ്രകാരം പ്രാർഥിച്ചശേഷം ഉടനെതന്നെ ഉണരുക!യുടെ പ്രസ്തുത ലക്കം എനിക്കു ലഭിച്ചു. ഈ ലേഖനം കണ്ടപ്പോൾ, ദൈവം എന്റെ പ്രാർഥനയ്ക്ക് ഉത്തരം തന്നതാണെന്ന് എനിക്കു തോന്നി. നർമബോധം നിലനിർത്തുന്നതും എനിക്കുതന്നെ അമിതപ്രാധാന്യം കൊടുക്കാതിരിക്കുന്നതും ശുഭാപ്തിവിശ്വാസം നിലനിർത്താൻ സഹായിക്കുമെന്നു ഞാൻ ജിഞ്ചറിൽനിന്നു മനസ്സിലാക്കി. ഈ ഒരൊറ്റ മാസിക എനിക്കു ജീവിക്കാൻ പ്രചോദനമേകിയെന്നു നിശ്ചയമായും പറയാനാകും.
എം. കെ., ജപ്പാൻ
ഞാൻ പ്രസ്തുത ലേഖനം ഇതിനോടകം ആറു തവണ വായിച്ചുകഴിഞ്ഞു. ഇനിയും വായിക്കും! 21 വയസ്സുള്ള ഒരു മുഴുസമയ സുവിശേഷകയാണ് ഞാൻ. വീൽച്ചെയറിനെ ആശ്രയിക്കേണ്ടിവന്നിട്ടും പ്രസംഗവേലയോടു ജിഞ്ചർ ക്ലൗസ് പ്രകടമാക്കിയ തീക്ഷ്ണതയെപ്രതി എനിക്ക് അവരോടു വലിയ ആദരവുതോന്നുന്നു. അവരുടെ അനുഭവം, യഹോവയെ സേവിക്കാൻ കഴിവിന്റെ പരമാവധി ചെയ്യാൻ എന്നെ പ്രചോദിപ്പിച്ചിരിക്കുന്നു.
എസ്. ഇസഡ്., ഇറ്റലി
ഹൃദയസ്പർശിയായ ഈ അനുഭവത്തിനു ആയിരമായിരം നന്ദി. മാംസപേശി ശോഷണം നിമിത്തം ദിവസത്തിന്റെ ഏറിയപങ്കും കിടക്കയിലാണു ഞാൻ കഴിച്ചുകൂട്ടുന്നത്. ഒരു വീൽച്ചെയറിലിരുന്ന് പ്രസംഗവേല നിർവഹിക്കുന്നതിൽ ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല. ജിഞ്ചറിന്റെ അനുഭവം എനിക്കു വളരെയധികം പ്രോത്സാഹനമേകി. കൂടാതെ, രോഗംനിമിത്തമുള്ള വിഷാദ നിമിഷങ്ങളെ അഭിമുഖീകരിക്കാനും അതെന്നെ സഹായിക്കുന്നു.
എം. ആർ., ഇറ്റലി
രോഗത്താൽ ഇത്ര കഷ്ടപ്പെടേണ്ടിവരുന്നത് എന്തുകൊണ്ട്?“യുവജനങ്ങൾ ചോദിക്കുന്നു . . .ഞാൻ രോഗത്താൽ ഇത്ര കഷ്ടപ്പെടേണ്ടിവരുന്നത് എന്തുകൊണ്ട്?” (ഏപ്രിൽ 22, 1997) എന്ന ലേഖനത്തിനു നന്ദി. സിക്കിൾ സെൽ അനീമിയയുള്ള ഒരു 21 വയസ്സുകാരിയാണു ഞാൻ. ഈ ലേഖനത്തിലെ യുവജനങ്ങളുടെ വികാരം മനസ്സിലാക്കാൻ എനിക്കു സാധിക്കുന്നുണ്ട്. ഈ ആരോഗ്യപ്രശ്നമുള്ളതിനാൽ ആരെങ്കിലും എന്നെ സ്നേഹിക്കുകയും വിവാഹംകഴിക്കുകയും ചെയ്യുമോയെന്നു ഞാൻ മിക്കപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ ലേഖനം എനിക്കു കരുത്തേകി. ഇങ്ങനെ വിചാരപ്പെടുന്ന ഏക വ്യക്തിയല്ല ഞാനെന്നു മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു.
ഡി. ആർ., ഐക്യനാടുകൾ
പിരിയാനാകാത്ത കൂട്ടുകാർ ആൻ മരീ ഏവാൾഡ്സൊനിന്റെ അനുഭവത്തിനു നന്ദി. (ഏപ്രിൽ 22,1997) വൈകല്യമുണ്ടായിരുന്നിട്ടും ഈ സഹോദരി ആത്മീയമായി മുന്നേറുന്നത് എന്നിൽ മതിപ്പുളവാക്കി. ഈ വിവരണം എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. യഹോവയുടെ സേവനത്തിൽ നമുക്ക് എന്തെല്ലാം ചെയ്യാനാകുമെന്നു മനസ്സിലാക്കാൻ നമ്മിലനേകരും പരാജയപ്പെടുന്നു. ആ സഹോദരിയെയും അവരുടെ വിശ്വസ്തയായ കൂട്ടുകാരിയെയും പ്രശംസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തൊരു ഉത്തമ മാതൃക!
ആർ. എ., ഇക്വഡോർ
അന്ധതയുള്ള ഒരാൾ ജോലിചെയ്യുന്നെന്നും വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്നെന്നും ബൈബിളധ്യയനങ്ങൾ നടത്തുന്നെന്നും എല്ലാ ആഴ്ചയിലും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നെന്നും അറിയുന്നതു വളരെ പ്രോത്സാഹജനകമാണ്. ശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട്, അതിൽ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നതു തക്കമൂല്യമുള്ളതാണെന്നു ചിന്തിക്കാൻ ഈ അനുഭവം എനിക്കു പ്രചോദനമേകി. ആത്മീയ കാഴ്ചയുടെ മൂല്യം സകലത്തെയും കവച്ചുവെക്കുന്നതാണ്. ആഴമായ സ്നേഹത്തോടും വിലമതിപ്പോടും കൂടെ ഞാൻ ആൻ മരീ ഏവാൾഡ്സൊനെ തീർച്ചയായും സ്മരിക്കും.
ജെ. ഒ., നൈജീരിയ