ഊന്നുവടി മോടിപിടിപ്പിക്കൽ കല
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“നിങ്ങളുടെ വിനോദം ഊന്നുവടി മോടിപിടിപ്പിക്കലാണെന്നു പറയുമ്പോൾ, അതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് ആർക്കും അറിയില്ലാത്ത വലിയ പ്രദേശങ്ങൾ ബ്രിട്ടീഷ് ദ്വീപുകളിലുണ്ടെന്ന വസ്തുത എന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്” എന്ന് ഈ കലയിൽ വിദഗ്ധനായ ഒരു വ്യക്തി പ്രസ്താവിക്കുന്നു.
ഊന്നുവടി അല്ലെങ്കിൽ ഇടയന്റെ വടി അനേകർക്കും സുപരിചിതമാണ്. എന്നാൽ ഊന്നുവടി മോടിപിടിപ്പിക്കൽ ഈ സാധാരണ വസ്തുക്കളെ അസാധാരണ കലാസൃഷ്ടികളാക്കി മാറ്റുന്നു. ചേതോഹരമായ ഈ കരകൗശലവിദ്യക്കു ഗണ്യമായ വൈദഗ്ധ്യവും ഏറെ ക്ഷമയും ആവശ്യമാണെന്നു നൂറ്റാണ്ടുകൾമുമ്പുതന്നെ ഇടയന്മാരും കൃഷിപ്പണിക്കാരും മനസ്സിലാക്കി. എന്നാൽ, ഊന്നുവടി മോടിപിടിപ്പിക്കലിൽ ഉൾപ്പെട്ടിരിക്കുന്നതെന്താണ്?
തടി തിരഞ്ഞെടുക്കൽ
തടി തിരഞ്ഞെടുക്കുന്നതാണ് പ്രഥമ പടി. ബ്ലാക്ക്തോൺ, ആപ്പിൾ വൃക്ഷം, പെയർമരം എന്നിവയുടെ ശരിയായ പരുവത്തിലുള്ള തടി ഉപയോഗിക്കാവുന്നതാണ്. ഉയർന്നുനിൽക്കുന്നതും ആകർഷകവുമായ മുട്ടുകൾനിമിത്തം മിക്കപ്പോഴും ഹോളിമരം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, ഹേസൽ വൃക്ഷത്തിന്റെ തടിയുപയോഗിക്കാനാണ് ഊന്നുവടി മോടിപിടിപ്പിക്കുന്ന മിക്കവർക്കും താത്പര്യം. ചിലപ്പോൾ, ഒരു വൃക്ഷത്തിന് ശിഖരത്തിലേക്കോ വേരിലേക്കോ അൽപ്പം ചെരിഞ്ഞുവളരുന്ന ഇളങ്കൊമ്പു കണ്ടേക്കാം. അങ്ങനെയെങ്കിൽ വൃക്ഷത്തിന്റെ ഒരു ഭാഗംകൊണ്ടുതന്നെ മുഴുവടിയും അതായത്, കൈപ്പിടിയും താഴോട്ടുള്ള ഭാഗവും ഉണ്ടാക്കാവുന്നതാണ്.
ഒരു കമ്പു വെട്ടിയെടുക്കാൻ ഏറ്റവും പറ്റിയ സമയമേതാണ്? മരം സുഷുപ്തിയിലായിരിക്കുന്ന, കറയൊഴുകാത്ത സമയത്തായിരിക്കണം അതു വെട്ടിയെടുക്കുന്നത്. എങ്കിലും പെട്ടെന്ന്, മറ്റാരെങ്കിലും കണ്ടെത്തുന്നതിനുമുമ്പുതന്നെ മുറിച്ചെടുക്കണമെന്നാണ് ഊന്നുവടി മോടിപിടിപ്പിക്കുന്ന പലരുടെയും വിദഗ്ധാഭിപ്രായം! എന്തായാലും, അനുയോജ്യമായ ഒരു കമ്പ് വെട്ടിയെടുത്തുകഴിഞ്ഞാൽ, അതു പൊട്ടിപ്പോകാതിരിക്കാനായി വെട്ടിയ ഭാഗത്തു ഗ്രീസ് പുരട്ടുകയോ പെയിന്റടിക്കുകയോ ചെയ്യേണ്ടതുണ്ട്. തുടർന്ന് അത് രണ്ടോ അതിലധികമോ വർഷം ഉണക്കാനിടുന്നു. അതിനുശേഷം മാത്രമേ മോടിപിടിപ്പിക്കുന്നവർ കൊത്തുപണി ആരംഭിക്കുകയുള്ളൂ.
കൈപ്പിടി കൊത്തിയുണ്ടാക്കൽ
വെട്ടിയെടുക്കുന്ന വടിയിൽ കൈപ്പിടിയായി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഭാഗമില്ലെങ്കിൽ മോടിപിടിപ്പിക്കുന്നയാൾക്ക് പശുവിന്റെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കൊമ്പുപയോഗിച്ച് അത് ഉണ്ടാക്കാവുന്നതാണ്. വടിയുടെ കാര്യത്തിലെന്നപോലെ, കൊമ്പും സാധാരണമായി ഒരു വർഷം ഉണക്കാനിടണം. തുടർന്ന്, കൊടിൽപോലുള്ള ഒരു ഉപകരണം ഉപയോഗിച്ച് മോടിപിടിപ്പിക്കുന്നയാൾ കൊമ്പിനെ തനിക്കിഷ്ടമുള്ള ഒരു രൂപത്തിലാക്കുന്നു. കൊമ്പിനെ വഴക്കമുള്ളതാക്കാൻ ഇടയന്മാർ തലമുറകളായി, ആലകളിലുപയോഗിക്കുന്ന തീയോ തിളയ്ക്കുന്ന വെള്ളമോ ഒരുതരം കൽക്കരിക്കനലോ മണ്ണെണ്ണ വിളക്കിലെ തീനാളമോ ആണ് ഉപയോഗിച്ചിരുന്നത്. അതേത്തുടർന്ന് ഇടയന്റെ ഭാവനയും കരവിരുതുമനുസരിച്ച് അതിന് എന്തു രൂപം വേണമെങ്കിലും നൽകാം. ഉദാഹരണത്തിന്, ഒരു കോളിപ്പട്ടിയുടെയോ ഒരു പക്ഷിയുടെയോ തവിട്ടുനിറത്തിലുള്ള ഒരു പൂമീന്റെയോ വണ്ടാരക്കോഴിയുടെ തലയുടെയോ ഒരു കൊച്ചുമൃഗത്തിന്റെയോ രൂപത്തിൽ അദ്ദേഹത്തിനു കൈപ്പിടി കൊത്തിയുണ്ടാക്കാനാകും.
കൊമ്പിലെ കൊത്തുപണി കഴിഞ്ഞാൽപ്പിന്നെ, മോടിപിടിപ്പിക്കുന്നയാൾ അതീവ ശ്രദ്ധയോടെ വിശദാംശങ്ങളിലേക്കു കടക്കുകയായി. ഉദാഹരണത്തിന്, പൂമീനെയാണ് കൊത്തിയുണ്ടാക്കുന്നതെങ്കിൽ, വാലും കാൽച്ചിറകും ചുട്ടുപഴുത്ത ഒരു ഇരുമ്പുപയോഗിച്ച് കൊത്തിയെടുക്കുന്നു. വൃത്താകൃതിയിലുള്ള ഒരു കുത്തുളിയുപയോഗിച്ച് ഓരോ ചെതുമ്പലും രൂപപ്പെടുത്തുന്നു. കണ്ണുകളുണ്ടാക്കാൻ എരുമയുടെ കൊമ്പ് ഉപയോഗിക്കാവുന്നതാണ്. ശരീരഭാഗം വർണാഭമാക്കാൻ പെയിൻറിനു പകരം മഷിയുപയോഗിക്കുന്നു. ഒന്നിലധികം പ്രാവശ്യം മഷിയിടേണ്ടതുണ്ട്. പോളിഷ് ചെയ്ത പ്രതലത്തിൽ മഷിയിടുന്നത് ആയാസകരമായിരുന്നേക്കാം. ഇതിനെ ആവരണംചെയ്തുകൊണ്ട് കൊമ്പിൽ വാർണീഷ് പൂശുന്നതാണ് അവസാന മിനുക്കുപണി.
പൂർത്തിയായ ഒരു കലാസൃഷ്ടി
ഒരു സ്റ്റീൽ ബോൾട്ട്, ആണി, ഒരു മരയാണി എന്നിവയുപയോഗിച്ച് കൊമ്പ് വടിയിൽ പിടിപ്പിക്കുന്നു. അനന്തരം, മോടിപിടിപ്പിക്കുന്നയാൾ നേർത്ത സ്റ്റീൽവൂൾ ഉപയോഗിച്ച് തന്റെ കലാസൃഷ്ടി വിദഗ്ധമായി മിനുക്കുന്നു. അടുത്തതായി അദ്ദേഹം വടി പോളിഷ് ചെയ്യുകയും അതിൽ വാർണീഷ് പൂശുകയും ചെയ്യുന്നു. “ഒരു പ്രദർശനത്തിൽ സമ്മാനം നേടത്തക്കവിധം ഒരു പൂമീനെ നിർമിക്കാൻ ചിറകുകൾ വരയ്ക്കുന്നതിനും ശരീരത്തിൽ ചെതുമ്പലുകൾ പിടിപ്പിക്കുന്നതിനും ചായംപൂശി അവസാന മിനുക്കുപണികൾ നടത്തുന്നതിനുമൊക്കെയായി ഏതാണ്ടു 100 മണിക്കൂർ ചെലവഴിക്കേണ്ടിവരും,” ഊന്നുവടി മോടിപിടിപ്പിക്കുന്നതിൽ പരിചയസമ്പന്നനായ ഒരു വ്യക്തി എഴുതുന്നു.
ഊന്നുവടി മോടിപിടിപ്പിക്കൽ വളരെ ആയാസകരമായ വേലയാണെന്നതിനു സംശയമില്ല. എന്നാൽ അന്തിമോത്പന്നം ഒരു യഥാർഥ കലാസൃഷ്ടിയായിരിക്കും. അവയിൽ ചിലത് മത്സരങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്തായാലും, ഊന്നുവടി മോടിപിടിപ്പിക്കുന്നവർ തങ്ങളുടെ കലയെ കൂടുതൽ പ്രശാന്തമായ ഒരു യുഗത്തിന്റെ സ്മരണയായി, ആധുനിക ജീവിതത്തിന്റെ സമ്മർദങ്ങൾക്കും പ്രാരബ്ധങ്ങൾക്കുമുള്ള ഒരു പ്രതിവിധിയായി കണക്കാക്കുന്നു.