സ്ത്രീകൾക്ക് ഭാവി എന്തു കൈവരുത്തും?
“പുരുഷന്മാർ സ്ത്രീകളുടെ നേരെ ആവർത്തിച്ചിട്ടുള്ള തെറ്റുകളുടെയും അതിക്രമങ്ങളുടെയും ചരിത്രമാണ് മനുഷ്യചരിത്രം.” സ്ത്രീകളോടുള്ള അനീതിക്കെതിരെ ഒരു പ്രതിഷേധമെന്നനിലയിൽ 150 വർഷംമുമ്പ് ന്യൂയോർക്കിലെ സെനിക്ക ഗ്രാമത്തിൽവെച്ച് എഴുതപ്പെട്ട പ്രഖ്യാപനം വായിക്കപ്പെടുന്നത് അങ്ങനെയാണ്.
നിസ്സംശയമായും, അതിനുശേഷം പുരോഗതികളുണ്ടായിട്ടുണ്ടെങ്കിലും ഐക്യരാഷ്ട്രങ്ങളുടെ 1995-ൽ ലോകത്തിലെ സ്ത്രീകൾ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം പറയുന്നതുപോലെ ഇനിയും ഏറെ ദൂരം മുമ്പോട്ടു പോകേണ്ടിയിരിക്കുന്നു. “ഒട്ടുമിക്കപ്പോഴും സ്ത്രീകളും പുരുഷന്മാരും ഭിന്ന ധ്രുവങ്ങളിലാണു ജീവിക്കുന്നത്,” അതു റിപ്പോർട്ടു ചെയ്യുന്നു. “വിദ്യാഭ്യാസത്തിന്റെയും തൊഴിലവസരങ്ങളുടെയും പ്രാപ്യതയിലും ആരോഗ്യം, വ്യക്തിപരമായ സുരക്ഷിതത്വം, ഒഴിവുസമയം എന്നിവയുടെ കാര്യത്തിലും ഏറെ വ്യത്യസ്തത പുലർത്തുന്ന ധ്രുവങ്ങളിൽ.”
ഇതേക്കുറിച്ചുള്ള വർധിച്ച അവബോധം നിമിത്തം രാഷ്ട്രങ്ങൾ, സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനുള്ള നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. എന്നാൽ, അനീതിയും മുൻവിധിയും വേരോടിയിരിക്കുന്ന ഹൃദയങ്ങൾക്കു മാറ്റം വരുത്താൻ നിയമങ്ങൾക്കാവില്ല. ഉദാഹരണത്തിന്, ബാലവേശ്യകളുടെ കാര്യമെടുക്കാം. സാർവദേശീയമായി നടമാടുന്ന ഈ നികൃഷ്ടപ്രവൃത്തിയെക്കുറിച്ച് ന്യൂസ്വീക്ക് പറഞ്ഞു: “കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് നിർത്തലാക്കാൻ ലക്ഷ്യംവെച്ചുള്ള നിയമങ്ങൾ സദുദ്ദേശ്യമുള്ളവയാണെങ്കിലും മിക്കപ്പോഴും ഫലപ്രദമല്ല.” സമാനമായി, നിയമംകൊണ്ടുമാത്രം അക്രമത്തെ തടുക്കാനാവില്ല. “സ്ത്രീകൾക്കു നേരെയുള്ള അക്രമം ഒരാഗോള പ്രശ്നമാണെന്നു തെളിവുകൾ പ്രകടമാക്കുന്നു,” ഹ്യൂമൻ ഡവലപ്പ്മെൻറ് റിപ്പോർട്ട് 1995 പറയുന്നു. “മിക്ക നിയമങ്ങളും അത്തരം അക്രമത്തിനു വിരാമമിടാൻ പര്യാപ്തമല്ല—ഇന്നത്തെ സാംസ്കാരികവും സാമൂഹികവുമായ മൂല്യങ്ങൾക്കു മാറ്റം വരുത്താതിരിക്കുന്നിടത്തോളം കാലം.”—ചെരിച്ചെഴുത്ത് ഞങ്ങളുടേത്.
“സാംസ്കാരികവും സാമൂഹികവുമായ മൂല്യങ്ങൾ” പൊതുവേ ആഴത്തിൽ വേരൂന്നിയ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്—മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണത്. “സ്നേഹിക്കുന്നതിനുപകരം സ്ത്രീയെ ഉപയോഗിക്കണമെന്നും പരിപാലിക്കുന്നതിനു പകരം അവളെക്കൊണ്ട് മുതലെടുക്കണമെന്നും പാരമ്പര്യം പുരുഷന്മാരെ വിശ്വസിപ്പിക്കുന്നു,” മധ്യപൂർവദേശത്തുനിന്നുള്ള ഒരു സ്ത്രീ പറയുന്നു. “തത്ഫലമായി സ്ത്രീക്ക് അഭിപ്രായസ്വാതന്ത്ര്യമില്ല, അവകാശങ്ങളില്ല, തന്റെ അവസ്ഥ മെച്ചപ്പെടുത്താനുള്ള അവസരമില്ല.”
ഭർത്താക്കന്മാരെയും പിതാക്കന്മാരെയും പ്രബോധിപ്പിക്കൽ
1995-ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന, ലോകവനിതാ സമ്മേളനത്തിൽവെച്ച് അവതരിപ്പിക്കപ്പെട്ട കർമപരിപാടി “എല്ലാവരുടെ ഭാഗത്തുനിന്നും ഒത്തൊരുമിച്ചുള്ള സത്വര നടപടി” ഉണ്ടായാൽ മാത്രമേ സ്ത്രീകളെ ആദരിക്കുന്ന, “സമാധാനവും നീതിയും മനുഷ്യത്വവും കളിയാടുന്ന ഒരു ലോകം” സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ എന്നു പ്രഖ്യാപിക്കുകയുണ്ടായി.
സ്ത്രീകളുടെ ജീവിതത്തിൽ ‘സമാധാനവും നീതിയും മനുഷ്യത്വവും’ കളിയാടണമെങ്കിൽ അതിനുവേണ്ട നടപടികൾ ആദ്യം കുടുംബത്തിൽത്തന്നെ, ഭർത്താക്കന്മാരുടെയും പിതാക്കന്മാരുടെയും ഭാഗത്തുനിന്നുതന്നെ തുടങ്ങണം. ഇക്കാര്യത്തിൽ, വിജയം വരിക്കാനുള്ള താക്കോൽ ബൈബിൾ വിദ്യാഭ്യാസമാണെന്ന് യഹോവയുടെ സാക്ഷികൾക്കു ബോധ്യമുണ്ട്. ഭാര്യമാരോടും പെൺമക്കളോടും തങ്ങൾ ആദരവോടെ പെരുമാറാൻ ദൈവം പ്രതീക്ഷിക്കുന്നതായി പുരുഷന്മാർ പഠിക്കുകയും അത് കാര്യമായെടുക്കുകയും ചെയ്യുമ്പോൾ അവർ അതനുസരിച്ചു പ്രവർത്തിക്കുന്നതായി സാക്ഷികൾ കണ്ടിട്ടുണ്ട്.
മധ്യ ആഫ്രിക്കയിൽ താമസിക്കുന്ന പേഡ്രോ, വിവാഹിതനും നാലു മക്കളുടെ പിതാവുമാണ്. അദ്ദേഹം ഇപ്പോൾ തന്റെ ഭാര്യയുടെ ആവശ്യങ്ങൾക്കു ശ്രദ്ധ നൽകുന്നു, കുട്ടികളെ നോക്കാൻ അവളെ സഹായിക്കുന്നു, വിരുന്നുകാർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുകപോലും ചെയ്യുന്നു. അത്തരമൊരു പരിഗണനാമനോഭാവം അയാളുടെ രാജ്യത്ത് തീർത്തും അസാധാരണമാണ്. തന്റെ ഭാര്യയോടു വിലമതിപ്പു പ്രകടമാക്കാനും അവളുമായി സഹകരിക്കാനും അയാൾക്കു കഴിയുന്നത് എന്തുകൊണ്ടാണ്?
“ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ഭർത്താവിന്റെ ധർമം സംബന്ധിച്ച് രണ്ട് പ്രധാന തത്ത്വങ്ങൾ ഞാൻ മനസ്സിലാക്കി,” പേഡ്രോ വിവരിക്കുന്നു. “ഞാൻ എന്റെ ഭാര്യയെ വീക്ഷിക്കുന്ന വിധത്തെ അതു ശക്തമായി സ്വാധീനിച്ചു. 1 പത്രൊസ് 3:7-ൽ പറയുന്നതാണ് ആദ്യത്തേത്. ഒരു ഭർത്താവ് ‘സ്ത്രീജനം ബലഹീനപാത്രമാണ്’ എന്നു മനസ്സിലാക്കി ഭാര്യയ്ക്ക് ആദരവു നൽകണം എന്നാണ് അതു പറയുന്നത്. എഫെസ്യർ 5:28, 29 എന്നീ വാക്യങ്ങളിൽ നൽകിയിരിക്കുന്ന രണ്ടാമത്തെ തത്ത്വം, ഭർത്താവ് ഭാര്യയെ ‘സ്വന്ത ശരീരത്തെപ്പോലെ’ കണക്കാക്കണം എന്നു പറയുന്നു. ഞാൻ ആ ബുദ്ധ്യുപദേശം പിൻപറ്റിയതിൽപ്പിന്നെ ഞങ്ങൾ കൂടുതൽ അടുത്തിരിക്കുന്നു. അതുകൊണ്ട് നമ്മൾ പുരുഷന്മാർ നാട്ടുനടപ്പിനെക്കാൾ ദൈവത്തിന്റെ ബുദ്ധ്യുപദേശത്തിനു വില കൽപ്പിക്കണം.”
സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങുന്നതിനുമുമ്പ് താൻ ഭാര്യയോട് മോശമായാണ് പെരുമാറിയിരുന്നതെന്ന് പശ്ചിമാഫ്രിക്കയിൽനിന്നുള്ള മൈക്കിൾ തുറന്നുപറയുന്നു. “ദേഷ്യം വരുമ്പോൾ ഞാൻ അവളെ അടിച്ചിട്ടുപോലുമുണ്ട്,” അയാൾ ഏറ്റു പറയുന്നു. “എന്നാൽ ഞാൻ എന്റെ രീതികൾക്കു മാറ്റം വരുത്തണമെന്ന് ബൈബിൾ എന്നെ പഠിപ്പിച്ചു. ദേഷ്യം വരുമ്പോൾ സംയമനം പാലിക്കാനും സ്വന്ത ശരീരത്തെപ്പോലെ എന്റെ ഭാര്യയെ സ്നേഹിക്കാനും ഞാൻ കഠിനമായി ശ്രമിക്കുന്നു. ഞങ്ങളിരുവരും വളരെ സന്തുഷ്ടരാണ്.” (കൊലൊസ്സ്യർ 3:9, 10, 19) അദ്ദേഹത്തിന്റെ ഭാര്യ കംഫർട്ടും അതിനോടു യോജിക്കുന്നു: “ഞങ്ങളുടെ സമുദായത്തിലെ മിക്ക ഭർത്താക്കന്മാരിൽനിന്നും വ്യത്യസ്തമായി മൈക്കിൾ കൂടുതൽ ആദരവോടും സ്നേഹത്തോടും കൂടിയാണ് ഇപ്പോൾ എന്നോടു പെരുമാറുന്നത്. ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു ഞങ്ങൾക്കു സംസാരിക്കാം. ഞങ്ങൾ ഒത്തൊരുമിച്ചു കാര്യങ്ങൾ ചെയ്യുന്നു.”
ഭാര്യമാരെ ആദരിക്കാനും പരിപാലിക്കാനും പേഡ്രോയും മൈക്കിളും പഠിച്ചു. സ്ത്രീകൾക്കുനേരെയുള്ള അനീതി നമ്മുടെ സ്രഷ്ടാവിനെ തികച്ചും അപ്രീതിപ്പെടുത്തുമെന്നു വ്യക്തമാക്കുന്ന ദൈവവചനത്തിലെ നിർദേശങ്ങൾക്ക് അവർ ചെവികൊടുത്തതാണ് അതിന്റെ കാരണം.
സ്ത്രീകളെക്കുറിച്ചുള്ള ദൈവത്തിന്റെ കരുതൽ
സ്ത്രീകളെയും അവരുടെ ക്ഷേമത്തെയുംകുറിച്ച് ദൈവം എപ്പോഴും കരുതലുള്ളവനായിരുന്നു. ആദ്യമാതാപിതാക്കളുടെ മത്സരം നിമിത്തം സ്ത്രീ ‘ഭരിക്കപ്പെടുന്നതിന്’ അപൂർണത കാരണമാകുമെന്ന് അവൻ അവരോടു പറഞ്ഞെങ്കിലും അതൊരിക്കലും ദൈവോദ്ദേശ്യമായിരുന്നില്ല. (ഉല്പത്തി 3:16) ആദാമിന് ഒരു “തുണ”യും സഹകാരിയുമായിട്ടാണ് അവൻ ഹവ്വായെ സൃഷ്ടിച്ചത്. പുരാതന ഇസ്രായേല്യർക്കു നൽകിയ മോശൈക ന്യായപ്രമാണത്തിൽ, വിധവമാരോട് മോശമായി പെരുമാറുന്നതിനെ യഹോവ വിശേഷിച്ച് കുറ്റംവിധിച്ചു. അവരോട് ദയാപൂർവം പെരുമാറാനും അവരെ സഹായിക്കാനും അവൻ ഇസ്രായേല്യർക്ക് നിർദേശം നൽകി.—പുറപ്പാടു 22:22; ആവർത്തനപുസ്തകം 14:28, 29; 24:17-22.
തന്റെ സ്വർഗീയ പിതാവിനെ അനുകരിച്ചുകൊണ്ട് യേശു, തന്റെ നാളുകളിൽ പരക്കെ വ്യാപകമായിരുന്ന, സ്ത്രീകളെ വിലകുറച്ചു കാണുന്ന സമ്പ്രദായം പിൻപറ്റിയില്ല. അവൻ സ്ത്രീകളോട്—ചീത്തപ്പേരുണ്ടായിരുന്നവരോടുപോലും—ദയാവായ്പോടെ സംസാരിച്ചു. (ലൂക്കൊസ് 7:44-50) കൂടാതെ, ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന സ്ത്രീകളെ സഹായിക്കാൻ യേശുവിന് സന്തോഷമായിരുന്നു. (ലൂക്കൊസ് 8:43-48) ഒരു സന്ദർഭത്തിൽ, തന്റെ ഏകമകന്റെ മരണത്തിൽ വിലപിച്ചുകൊണ്ടിരുന്ന ഒരു വിധവയെ കണ്ടപ്പോൾ അവൻ ഉടനടി വിലാപയാത്രയുടെ അടുക്കൽ ചെന്ന് ആ യുവാവിനെ ഉയിർപ്പിച്ചു.—ലൂക്കൊസ് 7:11-15.
യേശുവിന്റെ ആദിമ ശിഷ്യഗണത്തിൽ സ്ത്രീകളുമുണ്ടായിരുന്നു. അവന്റെ പുനരുത്ഥാനത്തിന് ആദ്യം സാക്ഷ്യം വഹിച്ചതും സ്ത്രീകൾതന്നെ. അതിഥിസത്കാരത്തിന്റെയും അനുകമ്പയുടെയും ധീരതയുടെയും മാതൃകകളെന്നനിലയിൽ ലുദിയാ, തബീഥാ, പ്രിസ്ക എന്നീ സ്ത്രീകളെക്കുറിച്ച് ബൈബിൾ വളരെ പ്രശംസിച്ചുപറയുന്നു. (പ്രവൃത്തികൾ 9:36-41; 16:14, 15; റോമർ 16:3, 4) സ്ത്രീകളോട് ആദരവു കാണിക്കാൻ ആദിമ ക്രിസ്ത്യാനികളെ പരിശീലിപ്പിച്ചിരുന്നു. “മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും” കാണാൻ അപ്പോസ്തലനായ പൗലൊസ് തന്റെ സഹമിഷനറിയായ തിമൊഥെയൊസിനോടു പറഞ്ഞു.—1 തിമൊഥെയൊസ് 5:2.
ആദരവ് കണ്ടെത്തിയ സ്ത്രീകൾ
നിങ്ങൾ ഒരു ക്രിസ്തീയ പുരുഷനാണെങ്കിൽ ഇതേ വിധത്തിലുള്ള ആദരവ് നിങ്ങൾ സ്ത്രീകളോടു കാട്ടും. സ്ത്രീകളോടു മോശമായി പെരുമാറാനുള്ള ഒഴികഴിവായി നിങ്ങൾ പാരമ്പര്യത്തെ ഉപയോഗിക്കുകയില്ല. തന്നെയുമല്ല, സ്ത്രീകളോട് ആദരവോടെ പെരുമാറുന്നത്, നിങ്ങളുടെ വിശ്വാസത്തിന് വാചാലമായ സാക്ഷ്യമായിരിക്കും. (മത്തായി 5:16) ആഫ്രിക്കയിൽനിന്നുള്ള സലീമ എന്ന ഒരു യുവതി ക്രിസ്തീയ തത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നത് നിരീക്ഷിച്ചതിൽനിന്ന് താൻ എങ്ങനെ പ്രയോജനം അനുഭവിച്ചുവെന്നു വിവരിക്കുന്നു.
“സ്ത്രീകളോടും പെൺകുട്ടികളോടും മോശമായി പെരുമാറിയിരുന്ന ഒരു ചുറ്റുപാടിലാണ് ഞാൻ വളർന്നുവന്നത്. എന്റെ അമ്മ ദിവസവും 16 മണിക്കൂർ പണിയെടുത്തിരുന്നു. എന്നാൽ അമ്മയ്ക്കു കിട്ടിയിരുന്നതോ, എന്തെങ്കിലും ചെയ്യാൻ വിട്ടുപോയതിന്റെ പേരിലുള്ള പരാതികളും. കൂടുതൽ മദ്യപിക്കുന്ന ദിവസം അച്ഛൻ അമ്മയെ തല്ലും. ഞങ്ങളുടെ പ്രദേശത്തുള്ള മറ്റു സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെ. എന്നാൽ ഇത്തരം പെരുമാറ്റം തെറ്റാണെന്നും അത് ഞങ്ങളുടെ ജീവിതത്തിൽ നിരാശയും അസന്തുഷ്ടിയും ഉളവാക്കുകയാണെന്നും എനിക്കറിയാമായിരുന്നു. എന്നാൽ ഈ സ്ഥിതിവിശേഷം മാറ്റാൻ യാതൊരു വഴിയും ഞാൻ കണ്ടില്ല.
“എന്നാൽ എന്റെ കൗമാരപ്രായത്തിൽ ഞാൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. സ്ത്രീകളോട് ആദരവോടെ പെരുമാറണമെന്ന അപ്പോസ്തലനായ പത്രൊസിന്റെ വാക്കുകൾ വായിച്ചപ്പോൾ എനിക്കു വളരെ മതിപ്പു തോന്നി. എങ്കിലും ‘ആളുകൾ ഈ ബുദ്ധ്യുപദേശം ബാധകമാക്കുമെന്നൊന്നും തോന്നുന്നില്ല, പ്രത്യേകിച്ചും ഞങ്ങളുടെ പ്രദേശത്തെ പാരമ്പര്യം വെച്ചുനോക്കുമ്പോൾ,’ ഞാൻ വിചാരിച്ചു.
“എന്നാൽ സാക്ഷികളുടെ യോഗങ്ങൾ നടക്കുന്ന രാജ്യഹാളിൽ ചെന്നപ്പോൾ പുരുഷന്മാരും സ്ത്രീകളും വളരെ ദയാവായ്പോടെയാണ് എന്നോടു പെരുമാറിയത്. അവർക്കിടയിലെ ഭർത്താക്കന്മാർ വാസ്തവമായും തങ്ങളുടെ ഭാര്യമാരോട് കരുതൽ പ്രകടമാക്കിയിരുന്നു എന്നതാണ് എന്നെ കൂടുതൽ വിസ്മയിപ്പിച്ചത്. അവിടെയുള്ള ആളുകളെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ എല്ലാ സാക്ഷികളും ചെയ്യാൻ പ്രതീക്ഷിക്കപ്പെടുന്ന ഒന്നാണ് ഇതെന്നു ഞാൻ മനസ്സിലാക്കി. എന്റേതുപോലുള്ള കുടുംബപശ്ചാത്തലത്തിൽനിന്നുള്ളവരായിരുന്നു ചില പുരുഷന്മാർ. എങ്കിലും ഇപ്പോൾ അവർ തങ്ങളുടെ ഭാര്യമാരോട് ആദരവോടെയാണു പെരുമാറുന്നത്. ഈ വലിയ കുടുംബത്തിന്റെ ഭാഗമായിരിക്കാൻ ഞാൻ ആഗ്രഹിച്ചു.”
ഒരു ശാശ്വത പരിഹാരം
സലീമ നിരീക്ഷിച്ച ആദരവ് ആകസ്മികമായിട്ടുണ്ടായതല്ല. ദൈവം ചെയ്യുന്നതുപോലെ പരസ്പരം മാനിക്കാൻ ആളുകളെ സഹായിക്കുന്ന, ദൈവവചനത്തിൽ അധിഷ്ഠിതമായ ഒരു പഠനപരിപാടിയുടെ ഫലമായിരുന്നു അത്. ഇപ്പോൾപ്പോലും എന്തു ചെയ്യാൻ കഴിയുമെന്നതിനും ദൈവരാജ്യം മുഴുഭൂമിയെയും ഭരിക്കുമ്പോൾ എന്തെല്ലാം ചെയ്യപ്പെടുമെന്നതിനുമുള്ള ഒരു സൂചന മാത്രമാണിത്. (ദാനിയേൽ 2:44; മത്തായി 6:10) സ്വർഗീയ ഗവൺമെൻറ് എല്ലാത്തരം അനീതികളും തുടച്ചുനീക്കും. ബൈബിൾ നമുക്ക് ഈ ഉറപ്പു നൽകുന്നു: “നിന്റെ [യഹോവയുടെ] ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.”—യെശയ്യാവു 26:9.
ഇപ്പോൾപ്പോലും, നീതിയിലുള്ള അഭ്യസനം ദശലക്ഷക്കണക്കിന് ആളുകളുടെ ചിന്താഗതിക്കു മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും ദൈവരാജ്യത്തിന്റെ പ്രജകളാകുമ്പോൾ ഈ വിദ്യാഭ്യാസം ഭൂഗോളമെമ്പാടും തുടരും. ആദാമ്യ പാപത്തിന്റെ അനന്തരഫലങ്ങളിലൊന്നായ, പുരുഷന്മാർ സ്ത്രീകളെ അടിച്ചമർത്തുന്ന രീതി അത് അവസാനിപ്പിക്കും. ദൈവത്തിന്റെ നിയമിത രാജാവായ യേശുക്രിസ്തു സ്ത്രീകളോടുള്ള അനീതി തന്റെ ഭരണത്തിനു കളങ്കമേൽപ്പിക്കാൻ അനുവദിക്കുകയില്ല. ക്രിസ്തുവിന്റെ ആ ഭരണത്തെ ബൈബിൾ വർണിക്കുന്നത് ഇങ്ങനെയാണ്: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.”—സങ്കീർത്തനം 72:12-14.
ഈ ലേഖനപരമ്പര സ്ത്രീകളുടെ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും അനേകം പുരുഷന്മാരും ദുഷ്പെരുമാറ്റത്തിനു വിധേയരായിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ചരിത്രത്തിലുടനീളം പ്രബലരും ദുഷ്ടരുമായ പുരുഷന്മാർ പുരുഷന്മാർക്കും സ്ത്രീകൾക്കും നേരെ കടുത്ത ക്രൂരതകൾ അഴിച്ചുവിട്ടിട്ടുണ്ട്. എന്നാൽ ചില സ്ത്രീകളും അതുതന്നെ ചെയ്തിരിക്കുന്നു. ഉദാഹരണത്തിന് ഈസേബെൽ, അഥല്യാ, ഹെരോദ്യ എന്നിങ്ങനെയുള്ള ദുഷ്ടസ്ത്രീകൾ നിർദോഷ രക്തം ചൊരിയിച്ചതായി ബൈബിൾ പറയുന്നു.—1 രാജാക്കന്മാർ 18:4, 13; 2 ദിനവൃത്താന്തം 22:10-12; മത്തായി 14:1-11.
അതുകൊണ്ട് മുഴുമനുഷ്യവർഗത്തിനും ദൈവഭരണത്തിൻ കീഴിലുള്ള പുതിയ ലോകം ആവശ്യമാണ്. താമസിയാതെ, ആ ദിവസം വരുമ്പോൾ സ്ത്രീപുരുഷ വിവേചനം ഉണ്ടാകുകയില്ല, ആരും ആരോടും മോശമായി പെരുമാറുകയില്ല. പകരം ഓരോ ദിവസവും എല്ലാവരെയും സംബന്ധിച്ചിടത്തോളം “സമാധാനസമൃദ്ധി”യുള്ള ദിവസമായിരിക്കും.—സങ്കീർത്തനം 37:11.
[13-ാം പേജിലെ ചിത്രം]
ക്രിസ്തീയ ഭർത്താക്കന്മാർ ബൈബിളിന്റെ മാർഗനിർദേശങ്ങൾ പിൻപറ്റുകയും തങ്ങളുടെ ഭാര്യമാരെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു