പടർന്നുപിടിക്കുന്ന ബാധ
കൊച്ചു റോബർട്ടിന് വയസ്സ് പതിനൊന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവൻ ഉപയോഗശൂന്യമായ ഒരു പാലത്തിനടിയിൽ കമിഴ്ന്നു കിടക്കുന്നതായി കാണപ്പെട്ടു. അവന്റെ തലയുടെ പുറകിൽ വെടിയുണ്ടകളേറ്റതിന്റെ രണ്ടു പാടുകൾ ഉണ്ടായിരുന്നു. അവൻ ഉൾപ്പെട്ട യുവ റൗഡിസംഘത്തിലെ അംഗങ്ങളാൽത്തന്നെ അവൻ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.
പതിനഞ്ചു വയസ്സുള്ള അലക്സ് റൗഡിസംഘത്തിലെ അംഗമാകാനിരിക്കുകയായിരുന്നു. ആ പോക്ക് ഒരുപക്ഷേ അവനെ അകാലമരണത്തിൽ കൊണ്ടെത്തിച്ചേനേ. എന്നാൽ തന്റെ ഒരു സുഹൃത്ത് മരണമടയുന്നതു കണ്ടപ്പോൾ അവൻ ഇങ്ങനെ വിചാരിച്ചു: ‘എനിക്ക് ആ ഗതി വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’
വ്യാപകമായി അറിയപ്പെടുന്ന ബ്ലഡ്സ് എന്നും ക്രിപ്സ് എന്നും പേരുള്ള, ലോസാഞ്ചലസ് റൗഡിസംഘങ്ങളുമായി ഒരുകാലത്ത് ബന്ധപ്പെട്ടിരുന്ന അക്രമാസക്തമായ തെരുവു റൗഡിസംഘങ്ങൾ ലോകമാസകലം വ്യാപിച്ചിരിക്കുകയാണ്. എന്നാൽ, എവിടെയായിരുന്നാലും റൗഡിസംഘങ്ങൾ അത്ഭുതകരമായ സമാനത പുലർത്തുന്നു.
ഇംഗ്ലണ്ടിലെ റ്റെഡി ബോയ്സ് 1950-കളിൽ ലോകത്തെ കിടിലംകൊള്ളിച്ചു. നിരപരാധികളായ ആളുകളെ “ഭയങ്കരമായി പരിക്കേൽപ്പിക്കുന്ന”തിന് അവർ കോടാലികളും കത്തികളും സൈക്കിൾ ചെയ്നുകളും മറ്റായുധങ്ങളും ഉപയോഗിച്ചിരുന്നതായി ലണ്ടനിലെ ദ ടൈംസ് പറഞ്ഞു. ‘അവർ കത്തിക്കുത്തുകൾ നടത്തുകയും ലഘുഭക്ഷണശാലകൾ നശിപ്പിക്കുകയും കാപ്പിക്കടകൾ തല്ലിപ്പൊളിക്കുകയും ചെയ്തു.’ കൂടാതെ ആളുകളെ പീഡിപ്പിക്കുകയും കൊള്ളയിടുകയും മർദിക്കുകയും ചിലപ്പോൾ കൊല്ലുകയും ചെയ്തു.
ഈയിടെ, “ഡിസ്കോശാലയിലേക്കോ വീട്ടിലേക്കോ പോകുന്ന” യുവജനങ്ങളെ “ബെയ്സ്ബോൾ ബാറ്റുകളും കത്തികളും തോക്കുകളും” ഏന്തിയ റൗഡിസംഘങ്ങൾ ആക്രമിക്കുന്നതായി ജർമനിയിലെ ഹാംബർഗിലുള്ള ഡീ വെൽറ്റ് റിപ്പോർട്ടുചെയ്തു. സ്കിൻഹെഡുകൾ എന്നു വിളിക്കപ്പെടുന്ന കുറ്റിമുടിക്കാരും അക്രമാസക്തരുമായ ആളുകൾ ബെർലിനിൽ “ഭവനരഹിതർ, വികലാംഗർ, റിട്ടയർമെൻറ് പ്രായം കഴിഞ്ഞ സ്ത്രീകൾ എന്നിങ്ങനെ പ്രത്യക്ഷത്തിൽ ബലഹീനരായ” ആരെയും ആക്രമിക്കുന്നതായി മ്യൂനിക്കിലെ സ്യൂററ്ഡോയിച്ച് ററ്സൈററുങ് പറഞ്ഞു.
കൗമാരപ്രായക്കാർ അംഗങ്ങളായുള്ള റൗഡിസംഘങ്ങളുടെ പ്രശ്നം സ്പെയിനിൽ തലപൊക്കിയത് അടുത്തകാലത്താണെങ്കിലും അതവിടെ വർധിച്ചുവരികയാണെന്നു സ്പെയിനിലെ ഒരു ഉണരുക! ലേഖകൻ റിപ്പോർട്ടുചെയ്തു. മാഡ്രിഡിലെ ഒരു പത്രമായ എബിസി-യുടെ മുഖ്യതലക്കെട്ട് “സ്കിൻഹെഡുകൾ—തെരുവുകളിലെ പുതിയ പേടിസ്വപ്നം” എന്നായിരുന്നു. അവർ “വിദേശ പന്നികളെയും വേശ്യകളെയും സ്വവർഗസംഭോഗികളെയും” മണത്തറിയുമെന്ന് സ്പെയിനിലെ ഒരു മുൻ സ്കിൻഹെഡ് പറഞ്ഞു. അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “അക്രമമില്ലാത്ത ഒരു രാത്രികൊണ്ട് ഒരു നേട്ടവുമില്ലാ[യിരുന്നു].”
ദക്ഷിണാഫ്രിക്കയിലെ അക്രമാസക്ത കുറ്റകൃത്യത്തിലധികവും “ഹീനമായ റൗഡിസംഘ സംസ്കാരത്തിന്റെ ഉപോത്പന്ന”മാണെന്ന് അവിടുത്തെ കേപ്പ് ടൈംസ് പ്രസ്താവിച്ചു. ദക്ഷിണാഫ്രിക്കയിലെ റൗഡിസംഘങ്ങൾ ഏറെ ദരിദ്രമായ പട്ടണങ്ങളിലെ “ഇത്തിക്കണ്ണികൾ” ആയിത്തീർന്നിരിക്കുന്നുവെന്നും അവർ “തങ്ങളുടെ സ്വന്തം സമുദായങ്ങളിൽപെട്ട ആളുകളെ കൊള്ളയടിക്കുകയും ബലാൽസംഗം ചെയ്യുകയും പ്രദേശത്തിനും വിപണികൾക്കും സ്ത്രീകൾക്കും വേണ്ടി സംഘങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്തിരിക്കുന്നു”വെന്നും കേപ് ടൗണിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകം പറയുന്നു.
ബ്രസീലിൽ റൗഡിസംഘങ്ങൾ “ഭയാനകമായ നിരക്കിൽ പെരുകുക”യാണെന്ന് അവിടുത്തെ പത്രമായ ഓ എസ്റ്റാഡോ ദെ സൗൻ പൗലൂ പ്രസ്താവിച്ചു. അവർ എതിരാളി സംഘങ്ങളെയും സമ്പന്നരായ യുവജനങ്ങളെയും മറ്റുവർഗക്കാരെയും കുടിയേറിപ്പാർക്കുന്ന ദരിദ്രരായ തൊഴിലാളികളെയും ആക്രമിക്കുന്നതായി അതു പ്രസ്താവിച്ചു. കൂടാതെ, ഒരു ദിവസം പല റൗഡിസംഘങ്ങൾ ഒരുമിച്ചുചേർന്ന് വല വിരിക്കുകയും “കടൽത്തീരത്തുണ്ടായിരുന്ന ആളുകളെ കൊള്ളയടിക്കുകയും . . . . തമ്മിൽത്തമ്മിൽ പൊരുതുകയും” റിയോ ഡി ജനിറോയിലെ ഒരു പ്രധാന വീഥിയെ “യുദ്ധ മേഖല”യാക്കിമാറ്റുകയും ചെയ്തെന്നും അതു പ്രസ്താവിച്ചു. സാവൊ പൗലോയും റിയോ ഡി ജനിറോയും പോലുള്ള വൻ നഗരങ്ങളിലും അതുപോലെതന്നെ ചെറിയ പട്ടണങ്ങളിലും റൗഡിസംഘങ്ങളുടെ എണ്ണം വർധിച്ചുവരികയാണെന്ന് ബ്രസീലിൽനിന്നുള്ള മറ്റൊരു റിപ്പോർട്ടു പറഞ്ഞു.
പൊലീസിന്റെ കണക്കുകൂട്ടലനുസരിച്ച്, കാനഡയിലെ വിനിപെഗിൽ കുറഞ്ഞത് എട്ടു സജീവ തെരുവു റൗഡിസംഘങ്ങളെങ്കിലും ഉണ്ടെന്ന് കാനഡയിലെ മാഗസിനായ മക്ലീൻസ് 1995-ൽ പ്രസ്താവിച്ചു. അമേരിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒറ്റപ്പെട്ട അമേരിക്കൻ ഇന്ത്യൻ സംവരണമേഖലകളിൽ റൗഡിസംഘത്തിന്റെ വസ്ത്രധാരണരീതിയും ഭിത്തികളിലും മറ്റും കുത്തിവരയ്ക്കുകയും എഴുതുകയും ചെയ്യുന്ന രീതിയും അവതരിപ്പിച്ച റൗഡിസംഘാംഗങ്ങളുടെ ചിത്രങ്ങൾ ഐക്യനാടുകളിലെ പത്രങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
ന്യൂയോർക്ക് നഗരത്തിൽ കഴിഞ്ഞ വർഷം റൗഡിസംഘങ്ങളുമായി ബന്ധപ്പെട്ട് അക്രമത്തിന്റെ ഒരു പരമ്പരതന്നെ നടന്നു. ആദ്യം ലോസാഞ്ചലസിൽ പ്രബലമായിരുന്ന റൗഡിസംഘങ്ങളായ ബ്ലഡ്സിലെയും ക്രിപ്സിലെയും അംഗങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നതായി പറയപ്പെട്ടു. ന്യൂയോർക്കിലെ മേയർ പറയുന്നതനുസരിച്ച്, ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയ്ക്ക് തെരുവു റൗഡിസംഘങ്ങളുമായി നേരിട്ടു ബന്ധപ്പെട്ട സംഭവങ്ങളിൽ പൊലീസ് 702 പേരെ അറസ്റ്റു ചെയ്യുകയുണ്ടായി.
പ്രശ്നം മേലാൽ വൻ നഗരങ്ങളിൽ ഒതുങ്ങിനിൽക്കുന്നില്ല. “കൗമാരപ്രായക്കാരുടെ ഇടയിലെ വർധിച്ച അക്രമത്തെയും വിപുലവ്യാപകമായ മയക്കുമരുന്നുപയോഗത്തെയും വളർന്നുവരുന്ന പ്രത്യാശാരാഹിത്യത്തെയും” കുറിച്ച് ഐക്യനാടുകളുടെ മധ്യഭാഗത്തു പ്രസിദ്ധീകരിക്കപ്പെടുന്ന ക്വാഡ്-സിറ്റി ടൈംസ് പ്രസ്താവിക്കുകയുണ്ടായി.
ഹൃദയഭേദകമായ ഒരു ബാധ
സുഹൃത്തുക്കളുടെ ഒരു സംഘമെന്നവണ്ണമായിരുന്നു ഒരു റൗഡിസംഘത്തിന്റെ തുടക്കമെന്നു പറയപ്പെടുന്നു. എന്നാൽ അതിന്റെ നേതാവിനു പേരായതോടെ അക്രമവും വർധിച്ചു. സംഘനേതാവ് അയാളുടെ മുത്തശ്ശിയുടെ വീട്ടിലാണു താമസിച്ചിരുന്നത്. ആ വീടിനുനേരെ പല പ്രാവശ്യം നിറയൊഴിക്കപ്പെട്ടു, മുത്തശ്ശി അകത്തുള്ളപ്പോൾ പോലും ഇതു സംഭവിച്ചു. ആ വീട്ടിൽ 50-ലധികം വെടിയുണ്ടകൾ തറച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നതായി ഒരു പത്രം റിപ്പോർട്ടുചെയ്തു. കൊച്ചുമകന്റെ സംഘം ചെയ്തതായി കണക്കാക്കപ്പെട്ട ചില പ്രവൃത്തികൾക്കു പ്രതികാരമായിട്ടാണ് അതു ചെയ്തതെന്നു കരുതപ്പെടുന്നു. മാത്രമല്ല, സംഘവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ ഫലമായി സംഘനേതാവിന്റെ ജ്യേഷ്ഠൻ ജയിലിലാക്കപ്പെട്ടു. ഇനിയും, അക്രമം ഒഴിവാക്കാനായി മറ്റൊരിടത്തേക്കു മാറിത്താമസിക്കുകയും ഒരു സന്ദർശനത്തിനായി മടങ്ങിയെത്തുകയും ചെയ്ത അയാളുടെ മാതൃസഹോദരീ പുത്രനെ ഓടിക്കൊണ്ടിരുന്ന ഒരു വാനിൽനിന്ന് ആരോ വെടിവെച്ചുകൊന്നു.
സംഘാംഗങ്ങൾ ലോസാഞ്ചലസിൽ ഒരു കാറിനുനേരെ നിറയൊഴിക്കുകയും നിരപരാധിയായ ഒരു മൂന്നു വയസ്സുകാരിയെ കൊല്ലുകയും ചെയ്തു. അവളുടെ അമ്മയും സുഹൃത്തും വഴിതെറ്റി ആ തെരുവിലേക്കു കയറിയതായിരുന്നു കാരണം. ഒരു വെടിയുണ്ട ഒരു സ്കൂളിനുള്ളിലേക്കു പാഞ്ഞുകയറുകയും ജീവിതം മെച്ചപ്പെടുത്തേണ്ട വിധത്തെക്കുറിച്ചു വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അധ്യാപകന്റെമേൽ കൊള്ളുകയും ചെയ്തു. റൗഡിസംഘങ്ങളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന മറ്റനേകരും അവർക്കിരയായിട്ടുണ്ട്. ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഒരു മാതാവ് തന്റെ അസാധാരണവും ശോകാർദ്രവുമായ സാഹചര്യം നിമിത്തം അയൽക്കാർക്കിടയിൽ പ്രത്യേകം ശ്രദ്ധാപാത്രമാണ്—അവളുടെ മൂന്ന് ആൺകുട്ടികളും സംഘ-അക്രമത്തിന്റെ ഫലമായി കൊല്ലപ്പെട്ടു.
യുവജന അക്രമത്തിന്റെ ഈ ലോകവ്യാപക ബാധയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്താണ്, നമ്മുടെ പ്രിയ മക്കളെ അതിൽനിന്ന് നമുക്കെങ്ങനെ സംരക്ഷിക്കാൻ കഴിയും? റൗഡിസംഘങ്ങളുടെ ആരംഭം എങ്ങനെയാണ്, വളരെയധികം യുവജനങ്ങൾ അവയിൽ ചേരുന്നതെന്തുകൊണ്ട്? ഈ ചോദ്യങ്ങൾ പിൻവരുന്ന ലേഖനങ്ങളിൽ ചർച്ചചെയ്യപ്പെടുന്നു.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Scott Olson/Sipa Press