കൊച്ചുപുസ്തകങ്ങളുടെ മാസ്മര ലോകം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
അസാധാരണ കാര്യങ്ങൾ കൗതുകമുണർത്തുന്നവയാണ്—ഏറ്റവും ഉയരമുള്ള പർവതം, ഏറ്റവും ആഴമുള്ള സമുദ്രം, ഏറ്റവും ഉയരമുള്ള കെട്ടിടം, ഏറ്റവും നീളമുള്ള തുരങ്കം—അങ്ങനെയെങ്കിൽ, ഏറ്റവും ചെറിയ പുസ്തകമോ? കൊച്ചുപുസ്തകങ്ങൾ മനം കവരുന്നവയാണ്! സൂര്യനു കീഴെയുള്ള സകല വിഷയങ്ങളെക്കുറിച്ചുമുള്ള അത്തരം ലക്ഷക്കണക്കിനു പുസ്തകങ്ങൾ കുറഞ്ഞത് 20 ഭാഷകളിലെങ്കിലും അച്ചടിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾ അവയുടെ ലോകത്തിൽ ഇതുവരെ പര്യവേക്ഷണം നടത്തിയിട്ടില്ലെങ്കിൽ ഇപ്പോൾ ഒരു ഹ്രസ്വസന്ദർശനം നടത്തൂ.
ഒരു കൊച്ചുപുസ്തകത്തെ നാമെങ്ങനെയാണു നിർവചിക്കുക? നീളമോ വീതിയോ 76 മില്ലിമീറ്ററിൽ കൂടുതലില്ലാത്ത ഒരു പുസ്തകം എന്നതാണ് അംഗീകൃത മാനദണ്ഡം. ഇതിൽ ബയൻറിന്റെ അളവും ഉൾപ്പെടും. എങ്കിലും അതിശ്രദ്ധാലുക്കളായ ചില സമാഹർത്താക്കൾ പുസ്തകത്താളുകളുടെ അളവുകൾ മാത്രം ഉൾപ്പെടുത്താനിഷ്ടപ്പെടുന്നു. ഈ കൊച്ചുപുസ്തകങ്ങൾ അച്ചടിച്ചതെന്തിനാണ്?
കലയുടെ വിവിധ മുഖങ്ങൾ
പ്രതീക്ഷിച്ചേക്കാവുന്നതിൽനിന്നു വ്യത്യസ്തമായി മിക്ക കൊച്ചുപുസ്തകങ്ങളും ഒരുവിധം നന്നായി വായിക്കാവുന്ന തരത്തിലുള്ളവയാണ്. അതുകൊണ്ട്, ചെറു പഞ്ചാംഗങ്ങൾ, വിശിഷ്ടകൃതികൾ, നോവലുകൾ, നാടകങ്ങൾ, നിഘണ്ടുക്കൾ, വിശുദ്ധ ലിഖിതങ്ങൾ എന്നിവ അനായാസേന കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയും. വർഷങ്ങൾക്കു മുമ്പ് ഇത്തരം കൊച്ചുപുസ്തകങ്ങൾ സ്വന്തമാക്കുന്നതിനുള്ള ഒരു പ്രഥമ കാരണം അതായിരുന്നിരിക്കാമെങ്കിലും ആധുനിക സമാഹർത്താവിനെ കൊച്ചുപുസ്തകങ്ങളുടെ മറ്റൊരു വശമാണ് കൂടുതൽ ആകർഷിക്കുന്നത്: അത് അച്ചടിക്കുകയും ബയൻറുചെയ്യുകയും ചെയ്തവരുടെ പാടവം.
ഭൂതക്കണ്ണാടിയുടെ സഹായത്താലോ അല്ലാതെയോ വായിക്കാൻ കഴിയുന്ന മുഖപ്പോടുകൂടിയ അച്ച് രൂപകൽപ്പനചെയ്യുന്നതിനും നിർമിക്കുന്നതിനും അച്ചടിക്കാർക്ക് അനേകം സാങ്കേതിക പ്രശ്നങ്ങളെ തരണംചെയ്യേണ്ടിവന്നു. അവരുടെ പ്രവർത്തനത്തിലധികവും വളരെ ഭംഗിയുള്ള പുസ്തകങ്ങൾ ഉണ്ടാകുന്നതിൽ കലാശിച്ചു. അച്ചടിച്ച താളിന്റെ വെടിപ്പും തെളിമയും ഉറപ്പുവരുത്തുന്നതിനായി കടലാസ്, മഷി നിർമാതാക്കളും തങ്ങളുടെ വൈദഗ്ധ്യങ്ങൾ സംഭാവന ചെയ്തു.
ഒരു പുസ്തകം അച്ചടിച്ചു കഴിഞ്ഞ് അതു ബയൻറുചെയ്യുന്നു. കൊച്ചുപുസ്തകങ്ങളുടെ ബയൻറിങ്ങുകൾ അതിമനോഹരമായിരിക്കാൻ കഴിയും. ചെത്തി മിനുക്കിയ തുകൽ, ആമത്തോട്, മോടിപിടിപ്പിച്ച ഇനാമൽ ഇവയിലേതെങ്കിലുംകൊണ്ടുള്ളതോ സ്വർണക്കമ്പികളോ വെള്ളിക്കമ്പികളോകൊണ്ടുള്ള അലങ്കാരപ്പണികളോടു കൂടിയതോ ആയ കൊച്ചു പുറംചട്ടകൾ ശിൽപ്പിയുടെ വൈദഗ്ധ്യം വിളിച്ചോതുന്നവയാണ്. പട്ടോ വെൽവറ്റോ കൊണ്ടുള്ളതോ ചിത്രത്തുന്നൽചെയ്തതോ മുത്തുകളോ സീക്വിനുകളോ കൊണ്ട് അലങ്കരിച്ചതോ ആയ പുറംചട്ടകളുമുണ്ട്. ചില പുസ്തകങ്ങൾക്ക് സംരക്ഷണത്തിനായി ഉറകൾ ഉണ്ട്.
കൊത്തുപണിക്കാർ സകല വിശദാംശങ്ങളോടുംകൂടി ലോഹത്തകിടിൽ കൊത്തിയ ചിത്രങ്ങൾ മിക്കപ്പോഴും ഏഴു ചതുരശ്ര സെൻറിമീറ്റർപോലും വലുപ്പമില്ലാത്ത കടലാസിൽ പകർത്തി പുസ്തകങ്ങളെ മോടിപിടിപ്പിച്ചിരിക്കുന്നു! 1890-കളിൽ അച്ചടിച്ച 368 പേജുള്ള ബ്രൈസസ് തം ഇംഗ്ലീഷ് ഡിക്ഷ്ണറിയിലെ, ഇംഗ്ലീഷ് നിഘണ്ടുനിർമാതാവായ ഡോ. സാമുവേൽ ജോൺസണിന്റെ ചിത്രം ഇതിന് ഉദാഹരണമാണ്. 1909-ൽ ഇംഗ്ലീഷ് നടിയായ എലൻ റ്റെറിക്കു സമർപ്പിക്കപ്പെട്ട, ഷേക്സ്പിയറിന്റെ കിങ് റിച്ചർഡ് III-യുടെ ശീർഷകപേജിലെ ചിത്രമാണ് മറ്റൊന്ന്.
പാരീസിൽ പ്രസിദ്ധീകരിക്കപ്പെട്ട ബിബ്ലിയോറ്റെക് പോർറ്റാറ്റിവ് ഡ്യൂ വ്വായാഷോർ, നെപ്പോളിയൻ ബോണപ്പാർട്ട് തന്റെ സൈനിക പ്രവർത്തനങ്ങളുടെ സമയത്ത് കൊണ്ടുനടന്നിരുന്നതായി കരുതപ്പെടുന്ന ഒരു കൊച്ചു ലൈബ്രറിയാണ്. അതിലുള്ള 49 ഫ്രഞ്ച് വിശിഷ്ടകൃതികൾ തുകൽകൊണ്ടു പൊതിഞ്ഞ ഒരു പെട്ടിയിൽ അടക്കം ചെയ്തിരിക്കുന്നു. പൂട്ടിക്കഴിയുമ്പോൾ അത് 30 സെൻറിമീറ്ററിലധികം നീളമുള്ള ഒരു വലിയ പുസ്തകം പോലെയിരിക്കുന്നു.
പെരുവിരൽ ബൈബിളുകൾ (Thumb Bibles)
പെരുവിരൽ ബൈബിളുകൾ സമ്പൂർണ ബൈബിളുകൾ ആയിരിക്കണമെന്നില്ല. ചിലതിൽ “പുതിയനിയമം” മാത്രമേയുള്ളൂ. മറ്റുചിലത് ബൈബിൾ കഥകളുടെ സാരാംശം മാത്രം ഉൾക്കൊള്ളുന്നവയോ ബൈബിളിന്റെ മുഴു ചരിത്രവും ഏതാണ്ട് 7,000 വാക്കുകളിലായി സംഗ്രഹിച്ചിരിക്കുന്നവയോ ആണ്. കുട്ടികൾക്കു വായിക്കാനായി ഇംഗ്ലീഷിൽ പ്രത്യേകം തയ്യാറാക്കിയതാണ് അവ. ബൈബിൾ ചെറിയ രൂപത്തിൽ, വിശുദ്ധ ബൈബിളിന്റെ ചരിത്രം, കുട്ടിയുടെ ബൈബിൾ എന്നിങ്ങനെയുള്ള ശീർഷകങ്ങളാണ് അവയ്ക്കുള്ളത്.
പെരുവിരൽ ബൈബിളിന് ആ പേരു കിട്ടിയതെങ്ങനെയാണ്? അത്തരം ബൈബിളുകൾക്ക് മനുഷ്യന്റെ പെരുവിരലിന്റെ മുകൾഭാഗത്തെക്കാളും അൽപ്പംകൂടെ മാത്രമേ വലിപ്പമുള്ളൂ എന്നതാണ് സ്പഷ്ടമായ വിശദീകരണം. എങ്കിലും, ആ പേര് ജനറൽ ടോം തം എന്ന പേരിൽ കൂടുതലും അറിയപ്പെടുന്ന വിഖ്യാത അമേരിക്കക്കാരനായ ചാൾസ് സ്ട്രാറ്റൻ എന്ന കുള്ളനായ വ്യക്തിയുടെ ഇംഗ്ലണ്ട് സന്ദർശനത്തിനുശേഷം കണ്ടുപിടിക്കപ്പെട്ടതായിരിക്കാമെന്ന് പെരുവിരൽ ബൈബിളുകളുടെ മൂന്നു നൂറ്റാണ്ടുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം സൂചിപ്പിക്കുന്നു. ടോം തം 1844-ൽ ഇംഗ്ലണ്ട് സന്ദർശിച്ചുവെന്നും “പെരുവിരൽ ബൈബിൾ” എന്ന പദം ലണ്ടനിൽ ആദ്യം ഉപയോഗിച്ചതായി കാണപ്പെടുന്നത് 1849-ലാണെന്നും ഉള്ള വസ്തുത ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നു.
അസാധാരണ തിരുവെഴുത്തു വാല്യങ്ങൾ
ഈ നൂറ്റാണ്ടിന്റെ ആരംഭത്തോടടുത്ത് അച്ചടിക്കപ്പെട്ട കൈവിരൽ പുതിയനിയമം (ഇംഗ്ലീഷ്) കൊച്ചു ബൈബിളുകളുടെ ലോകത്തിന് ഒരു അപൂർവ സംഭാവനയായിരുന്നു. അതിന് മൂന്നു സെൻറിമീറ്റർ വീതിയും ഒമ്പതു സെൻറിമീറ്റർ നീളവുമേയുള്ളൂ, അതായത് ഒരു കൈവിരലിന്റെ നീളം. അതുകൊണ്ടാണ് അതിന് ആ പേരു ലഭിച്ചത്. എങ്കിലും, അതിന് 76 മില്ലിമീറ്ററിലധികം നീളമുള്ളതുകൊണ്ട് കൃത്യമായി പറഞ്ഞാൽ അതൊരു കൊച്ചുപുസ്തകമല്ല. എങ്കിലും, സാധാരണഗതിയിൽ അതിനെ അത്തരം ബൈബിളുകളുടെ ഗണത്തിൽ പെടുത്തുന്നു. 4 പോയിൻറിലുള്ള അച്ചുകൾ ഉപയോഗിച്ച് അച്ചടിച്ചിരിക്കുന്ന ഈ കൊച്ചു ഗ്രന്ഥത്തിലെ അക്ഷരങ്ങൾ വളരെ വ്യക്തമായി കാണാവുന്നവയാണ്, ഭൂതക്കണ്ണാടിയുടെ സഹായമില്ലാതെ പലർക്കും അവ അനായാസം വായിക്കാനും കഴിയും.
ദി ഇല്ലസ്ട്രേറ്റഡ് ബൈബിൾ അസാധാരണമായ ഒന്നാണ്. അതിൽ സ്വർഗത്തിലേക്കുള്ള റെയിൽപ്പാത (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള കവിതകളുണ്ട്. ബ്രിട്ടനിലെ റെയിൽവേയുടെ ആരംഭ കാലത്ത് 50-ലധികം വർഷം അതിന്റെ പ്രതികൾ അച്ചടിക്കപ്പെട്ടുകൊണ്ടിരുന്നു. “നിങ്ങളെ മറ്റൊരു റൂട്ടിലേക്ക് വഴികാട്ടുന്നതിന്” എന്ന ശീർഷകത്തിലുള്ള, രണ്ടു താളുകളിലായി അച്ചടിച്ചിരിക്കുന്ന ഒരു കവിത ഉപയോഗിച്ച് ഗ്രന്ഥകാരൻ റെയിൽവേയെ മുതലാക്കി. ആ മറ്റേ റൂട്ട് “യഹോവയുടെ പുത്രനായ യേശുക്രിസ്തു”വായി തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു. ആ കവിത ഇങ്ങനെ ഉപസംഹരിക്കുന്നു: “എന്റെ മകനേ, എന്നിലേക്ക് നിന്റെ ഹൃദയം ചായ്ക്കുക എന്നു ദൈവം പറയുന്നു. വേഗമാകട്ടെ—അല്ലെങ്കിൽ ട്രെയിൻ വിട്ടുപോകും.”
1900-ൽ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ പ്രഭാത ഉപദേഷ്ടാവ് (ഇംഗ്ലീഷ്) എന്ന പുസ്തകവും അസാധാരണമായ ഒന്നാണ്. ദിനവാക്യം അതിന്റെ സവിശേഷതയാണ്. മാത്രമല്ല, ഓരോ മാസത്തിന്റെയും പേരിനു മുന്നിൽ ദിവ്യനാമത്തിന്റെ ഏതെങ്കിലും ഒരു രൂപവുമുണ്ട്. ഉദാഹരണത്തിന്, ഫെബ്രുവരിക്കു പറയുന്നത് “ജെഹോവ-ഷാലോം” എന്നാണ്. നൂറു വർഷം മുമ്പ് ബ്രിട്ടനിൽ യഹോവ എന്ന ദൈവനാമം സാധാരണമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് ഈ പുസ്തകവും നേരത്തെ പരാമർശിച്ച ദി ഇല്ലസ്ട്രേറ്റഡ് ബൈബിളും കാണിക്കുന്നു.
ഏറ്റവും ചെറിയത് ഏത്?
അച്ചടിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ചെറിയ പുസ്തകത്തിനുവേണ്ടി നൂറ്റാണ്ടുകളോളം അനേകം അവകാശവാദങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. സി. ഫാൻ ലാങ്ഗയുടെ പുസ്തകമായ ബ്ലൂം-ഹൊഫ്യ 1674-ൽ തീരെ ചെറിയ അക്ഷരത്തിൽ അച്ചടിക്കപ്പെട്ടപ്പോഴായിരുന്നു സാധുവായ ആദ്യത്തെ അവകാശവാദം നടത്തപ്പെട്ടത്. കൊച്ചുപുസ്തകങ്ങൾ (ഇംഗ്ലീഷ്) അതിനെ “കൈവിരൽ നഖത്തിന്റെ വലിപ്പമുള്ളത്” എന്ന് വർണിച്ചിരിക്കുന്നു. അത് സ്ഥാപിച്ച റെക്കോർഡ് 200-ലധികം വർഷം നിലനിന്നു.
ഡാന്റെയുടെ ലാ ഡിവിനാ കൊമെഡ്യായുടെ ഒരു പ്രസിദ്ധ പതിപ്പ് 2 പോയിൻറിലുള്ള അച്ചുപയോഗിച്ചാണ് അച്ചടിക്കപ്പെട്ടത്. ഉപയോഗിക്കപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും ചെറിയ അച്ച് അതാണെന്നു കരുതപ്പെടുന്നു—അതുപയോഗിച്ച് അച്ചടിക്കപ്പെട്ട അക്ഷരങ്ങൾ നഗ്നനേത്രംകൊണ്ട് വായിക്കാനേ സാധിക്കില്ല. 1878-ൽ ഇറ്റലിയിലെ പാജവയിലാണ് ആ പുസ്തകം ഉത്പാദിപ്പിക്കപ്പെട്ടത്. 30 താളുകൾ അച്ചടിക്കാൻ ഒരു മാസമെടുത്തു. ഓരോ പുതിയ ഫോറത്തിനും പുതിയ അച്ച് ആവശ്യമായി വന്നു. എന്നിട്ടും, അതിന്റെ 1,000 പ്രതികൾ അച്ചടിക്കപ്പെട്ടു.
വലിപ്പം കുറഞ്ഞ പുസ്തകങ്ങളുടെ നിർമാണം പിന്നെയും തുടർന്നു. 1978-ൽ സ്കോട്ട്ലൻഡിലെ പെയ്സ്ലിയിലുള്ള ഗ്ലെനിഫർ പ്രസ്സിൽ അച്ചടിക്കപ്പെട്ട ത്രീ ബ്ലൈൻഡ് മൈസ് എന്ന നേഴ്സറിപ്പാട്ട് “ലോകത്തിലെ ഏറ്റവും ചെറിയ പുസ്തക”മായിത്തീർന്നു. ഇതിന്റെ കുറച്ചു പ്രതികളേ നിർമിക്കപ്പെട്ടുള്ളൂ. എന്നാൽ അതേ പ്രസ്സുകാർതന്നെ 1985-ൽ ഓൾഡ് കിങ് കോൾ! എന്ന മറ്റൊരു നേഴ്സറി പാട്ടിന്റെ 85 പ്രതികൾ ഉത്പാദിപ്പിച്ചു. ഓരോ പ്രതിക്കും ഒരു മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ വീതിയും മാത്രമേയുള്ളൂ. അതിന്റെ താളുകൾ ഒരു സൂചിയുടെ സഹായത്താൽ മറിക്കാൻ കഴിയും!
“ഏതാണ്ട് പൊടികണങ്ങളുടെയത്രയും വലിപ്പമുള്ളവ” എന്ന് ലൂയിസ് ബോണ്ടി വിശേഷിപ്പിച്ച അത്തരം തീരെ ചെറിയ പുസ്തകങ്ങൾ അവർണനീയമായ ക്ഷമയുടെയും ശിൽപ്പചാതുര്യത്തിന്റെയും തെളിവാണ്. എങ്കിലും ഈ ചെറു പുസ്തകങ്ങൾ, വായിക്കാൻകഴിയുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ പുസ്തകങ്ങൾ നിർമിക്കുകയെന്ന കൊച്ചുപുസ്തകങ്ങളുടെ ആദിമ ഉദ്ദേശ്യത്തെ മറികടക്കുന്നു.
മനോഹരങ്ങളായ ഈ കൊച്ചുപുസ്തകങ്ങളുടെ ഉത്തമ ശേഖരങ്ങൾ കാഴ്ചബംഗ്ലാവുകളിൽ കാണാൻ കഴിയും. മറ്റു ചിലത് ചില വ്യക്തികളുടെ കൈവശമുണ്ട്. നിങ്ങളെന്നെങ്കിലും കൊച്ചുപുസ്തകങ്ങളുടെ മാസ്മര ലോകത്തിലേക്ക് പ്രവേശിക്കുന്നെങ്കിൽ അവയെ വളരെ സൂക്ഷിച്ചു കൈകാര്യംചെയ്യണമെന്ന കാര്യം ഓർമിക്കുക. തീർച്ചയായും അവ കലാസൃഷ്ടികൾതന്നെയാണ്!
[14-ാം പേജിലെ ചതുരം/ചിത്രം]
ഫോട്ടോഗ്രഫിയുടെ സഹായത്താൽ കൊച്ചുപുസ്തകങ്ങൾ
നിർമിക്കപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും ചെറിയ “പുതിയനിയമം” 1895-ൽ സ്കോട്ട്ലൻഡിലെ ഗ്ലാസ്കോയിലുള്ള ഡേവിഡ് ബ്രൈസ് ഉത്പാദിപ്പിച്ചതാണ്. അതിന് കേവലം 1.9 സെൻറിമീറ്റർ നീളവും 1.6 സെൻറിമീറ്റർ വീതിയും 0.8 സെൻറിമീറ്റർ കനവുമേയുള്ളൂ! അതെങ്ങനെ അച്ചടിക്കാൻ കഴിഞ്ഞു? “ഫോട്ടോഗ്രഫിയുടെ സഹായത്താൽ, ഉത്കൃഷ്ടവും വ്യക്തവുമായ രീതിയിൽ അത് അച്ചടിക്കപ്പെട്ടു” എന്ന് മിനിയച്ചർ ബുക്ക്സിൽ ലൂയിസ് ബോണ്ടി വിശദീകരിക്കുന്നു. നൂറു വർഷംമുമ്പ് ഫോട്ടോഗ്രഫി ശൈശവ ദശയിലായിരുന്ന കാലത്ത് അത് അസാധാരണമായ ഒരു നേട്ടം തന്നെയായിരുന്നു.
ഡേവിഡ് ബ്രൈസ് ഇതേ രീതിതന്നെ ഉപയോഗിച്ച് സമ്പൂർണ പെരുവിരൽ ബൈബിളുകളുടെ അനേകം പ്രതികൾ അച്ചടിച്ചു. തീരെ ചെറിയ അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി ഓരോ ബൈബിളിന്റെയും പുറംചട്ടയ്ക്കുള്ളിൽ ചെറിയൊരു ഭൂതക്കണ്ണാടി തിരുകിവെച്ചിരിക്കുന്നു. ഭൂതക്കണ്ണാടിയുടെ സഹായത്താൽ സ്ഥിരോത്സാഹമുള്ളവർക്ക് അവ വായിക്കാൻ കഴിയും.
ഫോട്ടോഗ്രഫിയുടെ സഹായത്താൽ കൊച്ചുപുസ്തകങ്ങൾ അച്ചടിക്കുന്ന പ്രക്രിയ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളാലും പിന്നീട് കമ്മ്യൂണിസ്റ്റുകാരാലും പീഡിപ്പിക്കപ്പെട്ടപ്പോൾ യഹോവയുടെ സാക്ഷികൾ നന്നായി ഉപയോഗപ്പെടുത്തി എന്നതു ശ്രദ്ധേയമാണ്. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം ഈ രീതി ഉപയോഗിച്ച് അച്ചടിക്കപ്പെട്ട ഒരു ബൈബിൾ പഠന സഹായിയുടേതാണ്. ഒരു തീപ്പെട്ടിക്കുള്ളിലാക്കി നാസി തടങ്കൽപ്പാളയത്തിലെ സാക്ഷികൾക്ക് അതു രഹസ്യമായി എത്തിച്ചുകൊടുക്കുകയായിരുന്നു.
തീപ്പെട്ടിയിൽ കൊള്ളാൻമാത്രം വലിപ്പമുള്ള ഇത് ഒരു തടങ്കൽപ്പാളയത്തിലേക്കു രഹസ്യമായി എത്തിക്കുകയായിരുന്നു
[13-ാം പേജിലെ ചിത്രം]
തീരെ ചെറിയവയെങ്കിലും ചില പുസ്തകങ്ങൾ വായിക്കാവുന്നവയാണ്
[15-ാം പേജിലെ ചിത്രം]
കൊച്ചുപുസ്തകങ്ങളുടെ ഒരു ലൈബ്രറി