ദൈവനാമം ചെക്ക് വാസ്തുവിദ്യയെ അലങ്കരിക്കുന്നു
ചെക്ക് റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
ലോകത്തിന്റെ പല ഭാഗങ്ങളിലും യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടു മാത്രമേ യഹോവ എന്ന നാമം അറിയപ്പെടുന്നുള്ളൂ. ചെക്ക് റിപ്പബ്ലിക്കിലെ ചരിത്രപ്രസിദ്ധമായ നിരവധി കെട്ടിടങ്ങളിന്മേലുള്ള അലങ്കാരപ്പണികളിൽ ചതുരക്ഷരി, അതായത് യഹോവ എന്ന ദിവ്യനാമത്തെ കുറിക്കുന്ന നാല് എബ്രായ അക്ഷരങ്ങൾ (יהוה) ഉള്ളതായി അറിയുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.
ചതുരക്ഷര ദൈവനാമത്തിന്റെ ഏറ്റവും നന്നായി അറിയപ്പെടുന്ന ഉദാഹരണം ഒരുപക്ഷേ ചാൾസ് പാലത്തിന്മേലുള്ളതായിരിക്കാം. പ്രാഗിലെ ഓൾഡ് ടൗണിനരികെയുള്ള മനോഹരമായ വൾട്ടാവാ നദിക്കു കുറുകെ സ്ഥിതിചെയ്യുന്ന അത്, 1357-ലാണു പണിതത്. ആ പാലത്തിന്റെ ഇരുവശങ്ങളിലുമായി ശിൽപ്പങ്ങൾ കൊത്തിയുണ്ടാക്കിയിരിക്കുന്നു. അവയിലൊന്ന്, അതിലേ കടന്നുപോകുന്ന എല്ലാവരുടെയുംതന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നു. അത് യേശുവിന്റെ ഒരു ക്രൂശിത രൂപമാണ്. “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു വായിക്കുന്ന മിന്നുന്ന സുവർണ എബ്രായ ലിപികൾ—ചതുരക്ഷര ദൈവനാമം ഉൾപ്പെടെ—രൂപത്തിനു ചുറ്റുമുണ്ട്.
ബൈബിളിൽ യെശയ്യാവു 6:3-ൽ കാണപ്പെടുന്ന പ്രസ്തുത വാക്യം ഈ പ്രതിമയിൽ വന്നതെങ്ങനെ? അതിന്റെ ചുവട്ടിലുള്ള എഴുത്ത്, 1696-ൽ ഒരു നാൾ അതിലേ കടന്നുപോയ ഒരു യഹൂദനെക്കുറിച്ചു പറയുന്നു. അയാൾ കുരിശിനെ അധിക്ഷേപിച്ചു സംസാരിച്ചുവത്രേ. ഇക്കാരണത്താൽ അയാളെ റോയൽ കോർട്ട് ഓഫ് അപ്പീലിന്റെ മുമ്പാകെ ഹാജരാക്കി. പിഴയടയ്ക്കാനുള്ള വിധിയുണ്ടായി. തത്ഫലമായി അയാൾ, കുരിശിനു ചുറ്റും വെക്കേണ്ടതിന് മേൽപ്പറഞ്ഞ പരാമർശത്തോടു കൂടിയ, സ്വർണം പൂശിയ ഒരു വിശുദ്ധവലയം നൽകി.
അടുത്തുതന്നെയാണ് ഓൾഡ്-ന്യൂ സിനഗോഗും യൂറോപ്പിലെ ഏറ്റവും പഴക്കംചെന്ന യഹൂദ ശ്മശാനവും. ഈ സിനഗോഗിലെ, പാട്ടുപുസ്തക പീഠത്തിന്റെ വെള്ളി ഫ്രെയിമിനകത്ത് ചതുരക്ഷര ദൈവനാമം ഉണ്ട്. എന്നാൽ യഹൂദരുടെ കെട്ടിടങ്ങളിൽമാത്രമല്ല ചതുരക്ഷര ദൈവനാമം കാണാവുന്നത്. പ്രാഗിന് തെക്കുകിഴക്കായി, സാസാവ നദിക്ക് അഭിമുഖമായി നിൽക്കുന്ന ഒരു പാറയുടെ മുകളിലാണ് മധ്യകാലത്തു പണികഴിച്ച ചെസ്ക്കീ ഷ്റ്റെർബെർക്ക് കോട്ട നിലകൊള്ളുന്നത്. കോട്ടയ്ക്കകത്തുള്ള ചാപ്പലിന്റെ അൾത്താരയിൽ നാല് സ്വർണ ലിപികളുണ്ട്—ചതുരക്ഷര ദൈവനാമം. അക്ഷരങ്ങൾ കമ്പികളിൽ തൂക്കിയിട്ടിരിക്കുന്നതു മൂലം അവ വായുവിൽ തത്തിക്കളിക്കുന്നതുപോലെ തോന്നും. അവയ്ക്കു പിന്നിലായി ഒരു പ്രകാശം സ്ഫുരിക്കുന്നു—പക്ഷേ അതൊരു വിളക്കിൽനിന്നുള്ളതല്ല! അകത്തുനിന്നു നോക്കിയാൽ കാണാൻ സാധിക്കാത്ത ഒരു പ്രകാശകവാടത്തിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം, ധവളനിറത്തിലുള്ള അൾത്താരയ്ക്ക് ഇളംചുവപ്പുനിറം നൽകുന്നു. ആ അൾത്താരയ്ക്കു മുകളിലാണ് ചതുരക്ഷര ദൈവനാമം തൂങ്ങിക്കിടക്കുന്നത്.
മറ്റ് ചെക്ക് കെട്ടിടങ്ങളിലെ ചുവർച്ചിത്രങ്ങളിലും ചതുരക്ഷര ദൈവനാമം പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഇവിടെയുള്ള പലർക്കും ദൈവനാമം പരിചിതമായിരുന്നുവെന്നതിന് ഇതു കൂടുതലായ തെളിവു നൽകുന്നു. ഇന്ന്, ചെക്ക് റിപ്പബ്ലിക്കിലും 200-ലേറെ മറ്റു രാജ്യങ്ങളിലും ദിവ്യനാമം അറിയുന്നതിലും മറ്റുള്ളവരെ അതേക്കുറിച്ചു പഠിപ്പിക്കുന്നതിലും യഹോവയുടെ സാക്ഷികൾ ആനന്ദിക്കുന്നു. (യെശയ്യാവു 43:10-12) ഇതിനുപുറമേ, ദൈവത്തിന്റെ നാമം—അതുപോലെതന്നെ അവന്റെ ഗുണങ്ങൾ, ഉദ്ദേശ്യം, പ്രവർത്തനങ്ങൾ എന്നിവയും—“ഭൂമിയിൽ എല്ലാടവും പ്രസിദ്ധമാ”കുന്ന കാലത്തെക്കുറിച്ച് യെശയ്യാവു പറയുന്നു.—യെശയ്യാവു 12:4, 5.