ലോകത്തെ വീക്ഷിക്കൽ
ചെലവേറിയ മയക്കുമരുന്ന് ശീലം
1995-ൽ നിയമവിരുദ്ധ മയക്കുമരുന്നുകൾക്കായി അമേരിക്കക്കാർ 5,730 കോടി ഡോളർ ചെലവഴിച്ചെന്ന് യു.എസ്. ഗവൺമെൻറിന്റെ ഒരു റിപ്പോർട്ട് കണക്കാക്കുന്നു. ഈ തുകയുടെ മൂന്നിൽ രണ്ടുഭാഗം കൊക്കെയ്നുവേണ്ടിയും ബാക്കി ഹെറോയിൻ, മരിജ്വാന എന്നിവയ്ക്കും മറ്റു നിയമവിരുദ്ധ മയക്കുമരുന്നുകൾക്കും വേണ്ടിയുമാണു ചെലവഴിച്ചത്. ഈ തുകകൊണ്ട് 10 ലക്ഷം പേർക്ക് നാലുവർഷം കോളെജ് വിദ്യാഭ്യാസം നടത്താനോ വികലപോഷിത ശിശുക്കൾക്കായി 8,300 കോടി ലിറ്റർ പാൽ വാങ്ങാനോ കഴിയുമായിരുന്നെന്ന് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് നാഷണൽ ഡ്രഗ് കൺട്രോൾ പോളിസിയുടെ ഡയറക്ടറായ ബാരി മകഫ്രീ അഭിപ്രായപ്പെട്ടതായി അസ്സോസിയേറ്റഡ് പ്രസ് റിപ്പോർട്ടു ചെയ്യുന്നു. വർധിച്ച കുറ്റകൃത്യം, വ്യക്തിപരവും കുടുംബപരവുമായ ജീവിത തകർച്ച, ഹെപ്പറ്റൈറ്റിസും എയ്ഡ്സും പോലുള്ള വ്യാധികളുടെ വ്യാപനം എന്നിവ നിമിത്തമുള്ള സാമൂഹിക നഷ്ടം മേൽപ്പറഞ്ഞ തുകയിൽ ഉൾപ്പെടുന്നില്ല.
വിസ്മരിക്കപ്പെട്ട ന്യായപ്രമാണം
ബൈബിളിലെ പത്തുകൽപ്പനകളിൽ എത്രയെണ്ണം നിങ്ങൾക്ക് ഓർമയിൽനിന്നു പറയാനാകും? ഓരോ നാലു ബ്രസീലുകാരിലും ഒന്നിലധികം ആളുകൾക്ക് അവയിലൊന്നുപോലും പറയാൻ കഴിഞ്ഞില്ലെന്ന് റിയോ ഡെ ജെനിറോയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി! കുറഞ്ഞപക്ഷം ഒരു കൽപ്പന മാത്രമറിയാമായിരുന്നവരിൽ 42 ശതമാനവും പറഞ്ഞത് “കുല ചെയ്യരുത്” എന്നോ “മോഷ്ടിക്കരുത്” എന്നോ ആണ്. മറ്റുള്ളവർ അനുസ്മരിച്ചത്, “കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്” (38 ശതമാനം), “[നിന്റെ] അപ്പനെയും അമ്മയെയും ബഹുമാനിക്ക” (22 ശതമാനം), “കള്ളസ്സാക്ഷ്യം പറയരുത്” (14 ശതമാനം) എന്നീ കൽപ്പനകളായിരുന്നെന്ന് വേഴാ റിപ്പോർട്ടുചെയ്യുന്നു. “ദൈവത്തിന്റെ വിശുദ്ധനാമം വൃഥാ എടുക്കരുത്” എന്ന മൂന്നാമത്തെ കൽപ്പന അവരിൽ 13 ശതമാനം പേർക്കേ ഓർമയുണ്ടായിരുന്നുള്ളൂ.
കുട്ടികൾക്കു നേരത്തെതന്നെ ഐക്യൂ ടെസ്റ്റുകൾ
ഒരു ശിശുവിന്റെ മസ്തിഷ്കം ഏറ്റവും നിർണായകമായ വികാസങ്ങൾക്കു വിധേയമാകുന്നത് ജനനം മുതൽ മൂന്നു വയസ്സു വരെയുള്ള കാലയളവിലാണെന്ന് മനുഷ്യ ബുദ്ധിയെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കരുതുന്നു. മാനസിക ഉത്തേജനത്തോടുള്ള പ്രതികരണമെന്നനിലയിൽ, മസ്തിഷ്കത്തിൽ ശാശ്വത നാഡീബന്ധങ്ങൾ ഉരുത്തിരിയുന്നതും ഇതേ കാലഘട്ടത്തിലാണെന്നു കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഒരളവോളം മത്സരാത്മകത നേടുന്നതിനു സഹായമേകാനായി നേഴ്സറിയിൽ ചേർക്കുന്നതിനും വളരെ മുമ്പുതന്നെ അവരെ ഐക്യൂ ടെസ്റ്റുകൾക്ക് ഇരുത്താൻ തുടങ്ങിയിരിക്കുന്നു എന്ന് നവീന പക്വത (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, ഒരു “സൂപ്പർ ശിശു”വിനെ ഉണ്ടാക്കാനുള്ള ഉദ്യമത്തിൽ “തങ്ങളുടെ കുട്ടിയെ ഓരോ നിമിഷവും ‘ഉത്തേജിപ്പിക്കാൻ’ സമ്മർദം” അനുഭവിക്കുന്ന മാതാപിതാക്കളെപ്രതി ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ശിശുരോഗചികിത്സാ വിഭാഗം അധ്യക്ഷനായ ഡോ. ബാരി റ്റ്സൂകെർമാൻ ഉത്കണ്ഠ പ്രകടിപ്പിച്ചു. കുട്ടികളുടെ മനഃശാസ്ത്രത്തിൽ പ്രൊഫസറായ റിച്ചാർഡ് വീൻബെർഗ് കൂട്ടിച്ചേർക്കുന്നു: “മത്സരിക്കാനായി കുട്ടികളെ വളരെ നേരത്തെതന്നെ തള്ളിവിടുന്നത് മിക്കപ്പോഴും പ്രത്യാഘാതങ്ങൾ ഉളവാക്കുന്നു. കുട്ടികളെ തങ്ങളുടെ ശൈശവം ആസ്വദിക്കാൻ അനുവദിക്കൂ.”
ശ്രദ്ധാലുക്കളായ പകർപ്പെഴുത്തുകാർ
ബൈബിളിലെ ഗ്രീക്കുതിരുവെഴുത്തു ഭാഗങ്ങൾ പകർത്തിയെഴുതപ്പെട്ടത് അതീവ സൂക്ഷ്മതയോടെയാണെന്നും കൈമാറിവന്നത് വളരെ ശ്രദ്ധയോടെയാണെന്നും ജർമനിയിലെ മുൻസ്റ്ററിലുള്ള പുതിയ നിയമ ഗവേഷണ സ്ഥാപനത്തിന്റെ അധ്യക്ഷയായ ഡോ. ബാർബാറാ ആലൻഡ് അഭിപ്രായപ്പെടുന്നു. “പിഴവുകളോ ദൈവശാസ്ത്രപ്രേരിതമായി വരുത്തിയ മാറ്റങ്ങളോ വളരെ വിരളമാണ്” എന്ന് വെസ്റ്റ്ഫാളിഷേ നാച്ച്റിച്ച്റ്റെൻ റിപ്പോർട്ടു ചെയ്യുന്നു. 1959 മുതൽ ഈ സ്ഥാപനം മധ്യയുഗങ്ങളിലും അതിനു മുമ്പുമുള്ള 5000-ത്തിലധികം കയ്യെഴുത്തുപ്രതികൾ പരിശോധിച്ചിട്ടുണ്ട്. ഏതാണ്ട് 90 ശതമാനം കയ്യെഴുത്തുപ്രതികളും മൈക്രോഫിലിമിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പിഴവുകൾ വരുത്താതിരിക്കാൻ ബൈബിൾ പകർപ്പെഴുത്തുകാർ ഇത്ര സൂക്ഷ്മശ്രദ്ധ കൊടുത്തതെന്തുകൊണ്ട്? എന്തെന്നാൽ, അവർ “തങ്ങളെ ‘പകർപ്പെഴുത്തുകാരായിട്ടാണ്’ കണ്ടത്, അല്ലാതെ ഗ്രന്ഥകർത്താക്കളായിട്ടല്ല” എന്ന് പ്രസ്തുത വർത്തമാനപ്പത്രം പ്രസ്താവിക്കുന്നു.
വാസ്തവത്തിൽ കഫീൻ വിമുക്തമോ?
കഫീൻ ഇഷ്ടമില്ലാത്തവർ മിക്കപ്പോഴും പകരമായി അതു നീക്കംചെയ്ത പാനീയങ്ങളുപയോഗിക്കുന്നു. എന്നാൽ പൂർണമായും കഫീൻ നീക്കംചെയ്ത കാപ്പി ലഭിക്കാനുള്ള സാധ്യത സംബന്ധിച്ചെന്ത്? ദ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, മൂന്നിൽ ഒന്ന് സാധ്യത മാത്രം. യു.എസ്. ഭക്ഷ്യ, മയക്കുമരുന്നു വിഭാഗം കഫീൻ വിമുക്ത കാപ്പിയെ രണ്ടുമുതൽ അഞ്ചുവരെ മില്ലിഗ്രാം കഫീൻ അടങ്ങിയ കാപ്പി എന്നു നിർവചിക്കുന്നു. എന്നാൽ ന്യൂയോർക്ക് സിറ്റിയിലെ 18 കാപ്പിക്കടകളിൽനിന്നുള്ള കാപ്പികൾ പരിശോധിച്ചപ്പോൾ, 150 ഗ്രാമിന്റെ ഒരു കപ്പിലെ കഫീന്റെ അളവ് 2.3 മില്ലിഗ്രാം മുതൽ 114 മില്ലിഗ്രാം വരെയായിരുന്നെന്നു തെളിഞ്ഞു! ദേശീയ കാപ്പി സമിതി പ്രസ്താവിക്കുന്നതനുസരിച്ച്, ഒരു കപ്പ് സാധാരണ കാപ്പിയിൽ 60 മില്ലിഗ്രാമിനും 180 മില്ലിഗ്രാമിനും ഇടയ്ക്ക് കഫീൻ അടങ്ങിയിരിക്കുന്നു.
ലോകവ്യാപക വനനശീകരണം
“ഈ ഗ്രഹത്തിലെ മൂന്നിൽ രണ്ടുഭാഗം വനവും ഇതിനോടകംതന്നെ നശിപ്പിക്കപ്പെട്ടിരിക്കുന്നു” എന്ന് ഷോർനൽ ഡാ റ്റാർഡി റിപ്പോർട്ടു ചെയ്യുന്നു. ഭൂമിയിൽ ആദ്യമുണ്ടായിരുന്ന എട്ടുകോടി ചതുരശ്രകിലോമീറ്റർ വനത്തിന്റെ സ്ഥാനത്ത് ഇന്നുള്ളത് വെറും മൂന്നുകോടി മാത്രമാണ്. ആദ്യമുണ്ടായിരുന്ന സസ്യങ്ങളുടെ 88 ശതമാനവും നശിപ്പിക്കപ്പെട്ട ഏഷ്യാ ഭൂഖണ്ഡമാണ് വനനശീകരണത്തിന്റെ കാര്യത്തിൽ ഒന്നാമതെന്ന് ലോക വന്യജീവി ഫണ്ട് (ഡബ്ലിയുഡബ്ലിയുഎഫ്) കണ്ടെത്തിയിരിക്കുന്നു. യൂറോപ്പിലത് 62 ശതമാനവും ആഫ്രിക്കയിൽ 45 ശതമാനവും ലാറ്റിൻ അമേരിക്കയിൽ 41 ശതമാനവും വടക്കേ അമേരിക്കയിൽ 39 ശതമാനവുമാണ്. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടായ ആമസോണിയയിൽ ആദ്യമുണ്ടായിരുന്നതിന്റെ 85 ശതമാനത്തിലധികം വനവും ശേഷിക്കുന്നുണ്ട്. “മറ്റു വനങ്ങളുടെ കാര്യത്തിൽ സംഭവിച്ച പിഴവുകൾ ഒഴിവാക്കാൻ ബ്രസീലിന് അവസരമുണ്ട്” എന്ന് ഡബ്ലിയുഡബ്ലിയുഎഫിന്റെ ഡയറക്ടറായ ഗരോ ബാറ്റ്മാന്യൻ പ്രസ്താവിക്കുന്നതായി ഓ എസ്റ്റാഡോ ദെ സൗൻ പൗളൂ ഉദ്ധരിക്കുന്നു.
നിധികൾ അപഹരിക്കപ്പെടുന്നു
“1991-ലെ പേർഷ്യൻ ഗൾഫ് യുദ്ധത്തിന്റെ ഫലമായി കൂടുതൽ ആക്രമണവിധേയമായിത്തീർന്ന മെസപ്പൊട്ടേമിയൻ നിധികളിൽ അന്തർദേശീയ കുറ്റകൃത്യ സംഘങ്ങൾ കണ്ണുവെക്കുന്നു” എന്ന് കാനഡയിൽനിന്നുള്ള ഒരു സമീപകാല വാർത്താപത്രിക അറിയിച്ചതായി വേൾഡ് പ്രസ് റിവ്യൂ റിപ്പോർട്ടു ചെയ്യുന്നു. 1996-ൽ, ബാബിലോൻ മ്യൂസിയത്തിൽ കള്ളന്മാർ പട്ടാപ്പകൽ അതിക്രമിച്ചുകടക്കുകയും ക്യൂനിഫോം ലിഖിതം ആലേഖനം ചെയ്ത സ്തംഭങ്ങളും ഫലകങ്ങളും അപഹരിക്കുകയും ചെയ്തു. നെബൂഖദ്നേസർ രണ്ടാമന്റെ വാഴ്ചയുടെ കാലത്തോളം പഴക്കമുള്ളവയുൾപ്പെടെ ഏതാനും പുരാവസ്തുക്കൾക്ക് അന്തർദേശീയ കലാവസ്തു വിപണികളിൽ 7,35,000-ത്തിലധികം ഡോളർ വില വരുമെന്നു കണക്കാക്കപ്പെട്ടു. കള്ളന്മാർ ലക്ഷ്യംവെച്ചിരിക്കുന്ന മറ്റൊരു മേഖല അൽ-ഹദർ എന്ന പുരാതന നഗരമാണ്. ഇനി ശേഷിക്കുന്നവ സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഗവൺമെൻറ് ഈ പട്ടണത്തിന്റെ എല്ലാ വാതിലുകളും ഇടനാഴികളും ഇഷ്ടികയും കുമ്മായവും ഉപയോഗിച്ച് ബന്തവസ്സാക്കിയിരിക്കുന്നെന്ന് ആ മാസിക പ്രസ്താവിക്കുന്നു.
കത്തോലിക്കാ സഭ മാപ്പുചോദിക്കുന്നു
ഫ്രാൻസിലെ റോമൻ കത്തോലിക്കാ സഭ, യുദ്ധകാല വിച്ചി ഗവൺമെൻറിന്റെ നേതൃത്വത്തിൽ യഹൂദന്മാരെ പീഡിപ്പിച്ചതിനോടു പുലർത്തിയ “അനാസ്ഥയ്ക്ക്” ദൈവത്തോടും യഹൂദന്മാരോടും ക്ഷമ യാചിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക “പശ്ചാത്താപ പ്രഖ്യാപനം” പ്രസിദ്ധീകരിച്ചിരിക്കുന്നു. 1940 മുതൽ 1944 വരെ 75,000-ത്തിലധികം യഹൂദന്മാർ അറസ്റ്റുചെയ്യപ്പെടുകയും ഫ്രാൻസിൽനിന്നു നാസി മരണപ്പാളയങ്ങളിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. “ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട സകല മനുഷ്യരെയും ആദരിക്കാനുള്ള ബൈബിൾപരമായ ഉത്തരവാദിത്വം മൂടിവെക്കാൻ” തങ്ങളുടെ സ്വന്തം താത്പര്യങ്ങളെ അനുവദിച്ചിരുന്നെന്ന് ആർച്ച് ബിഷപ്പ് ഒലീവ്യ ദെ ബെറാൻഷ വായിച്ച ഒരു പ്രസ്താവനയിൽ സഭ സമ്മതിക്കുകയുണ്ടായെന്ന് ഫ്രഞ്ച് വർത്തമാനപ്പത്രമായ ലെ മോൺട് റിപ്പോർട്ടു ചെയ്യുന്നു. ഫ്രഞ്ചുകാരായ ഏതാനും പുരോഹിതന്മാർ യഹൂദന്മാരെ അനുകൂലിച്ചു സംസാരിച്ചെങ്കിലും ഭൂരിപക്ഷം പേരും വിച്ചി ഗവണ്മെൻറിനെയും അതിന്റെ നയങ്ങളെയും പിന്താങ്ങുകയാണുണ്ടായത്. ആ പ്രഖ്യാപനം ഭാഗികമായി ഇങ്ങനെ പ്രസ്താവിച്ചു: “യഹൂദന്മാരെ പീഡിപ്പിച്ചതിലും വിശേഷിച്ച്, വിച്ചി അധികൃതർ പാസ്സാക്കിയ ശേമ്യവിരുദ്ധ നിയമങ്ങളുടെ കാര്യത്തിലും അമർഷത്തെക്കാൾ അനാസ്ഥ എങ്ങും പ്രകടമായിരുന്നെന്ന് സഭ തിരിച്ചറിയേണ്ടതുണ്ട്. കൈയുംകെട്ടിയിരുന്നതല്ലാതെ പീഡനത്തിനിരയായവർക്കുവേണ്ടി കാര്യമായി ആരുംതന്നെ വാദിച്ചില്ല. . . . മൗനം ഭജിച്ചത് തെറ്റായിരുന്നുവെന്ന് നാം ഇന്ന് സമ്മതിക്കുന്നു. ഫ്രാൻസിൽ ജനത്തിന്റെ മനസ്സാക്ഷിയുടെ പ്രബോധകൻ എന്ന നിലയിലുള്ള ദൗത്യം നിറവേറ്റുന്നതിൽ സഭ പരാജയപ്പെട്ടെന്നും നാം തിരിച്ചറിയുന്നു.”
വിനാശകാരികളായ ചെള്ളുകൾ
ചെമ്പനച്ചെള്ളുകൾ അറേബ്യൻ ഉപദ്വീപിലെത്തിയിട്ട് 20-ൽ താഴെ വർഷമേ ആയുള്ളൂ. അന്നുമുതൽ ഈ കൊച്ചു പ്രാണികൾ ആയിരക്കണക്കിന് ഈന്തപ്പനകളിൽ സുഷിരങ്ങളുണ്ടാക്കുകയും അങ്ങനെ വളരെയധികം നാശനഷ്ടങ്ങൾക്കു വഴിവെക്കുകയും ചെയ്തിരിക്കുന്നു. “അറേബ്യയുടെ 5,000 വർഷം പഴക്കമുള്ള ‘ജീവഫലം’, അതായത് ഈന്തപ്പഴം, നാമാവശേഷമാകുമോ എന്നുപോലും ഭയമുണ്ട്” എന്ന് ദി ഇക്കോണമിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. വെറും രണ്ടിഞ്ചുമാത്രം നീളമുള്ള ഈ ചെള്ളുകൾ പനയുടെ തായ്ത്തടിയിൽ സുഷിരങ്ങളുടെ ഒരു നിരതന്നെ സൃഷ്ടിക്കുന്നു. അങ്ങനെ വൃക്ഷം സാവധാനം ഉണങ്ങുന്നു. ഈ പ്രാണികളുടെയടുത്ത് കീടനാശിനികളൊന്നും വിലപ്പോവുകയില്ല. മാത്രവുമല്ല ആ മേഖലയിൽ അവ പെട്ടെന്നു പെരുകുകയുമാണ്.
പ്രായംകൂടിയ തൊഴിലാളികളുടെ നേട്ടങ്ങൾ
47-ലധികം വയസ്സുള്ള ജോലിക്കാർ രാവിലെ സമയങ്ങളിൽ, പ്രായംകുറഞ്ഞ സഹജോലിക്കാരെക്കാൾ ഉണർവും കാര്യപ്രാപ്തിയുമുള്ളവരാണെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ദിവസത്തിന്റെ ശേഷിച്ച സമയങ്ങളിൽ ഇതു നേരേ തിരിച്ചാണെന്നു തോന്നുന്നു. അതുകൊണ്ട്, തൊഴിലുടമകൾ പ്രായംകൂടിയ തൊഴിലാളികളെ രാവിലെയും പ്രായംകുറഞ്ഞവരെ മധ്യാഹ്നങ്ങളിലും അപരാഹ്നങ്ങളിലും നിയമിക്കാൻ ലിവർപൂളിലെ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിലെ ടോം റൈലീ ശുപാർശചെയ്യുന്നു. സൂപ്പർ മാർക്കറ്റുകളും ഇഷ്ടാനുസരണം സാധനങ്ങൾ തിരഞ്ഞെടുക്കാൻ സൗകര്യമുള്ള കടകളും മിക്കപ്പോഴും പ്രായംകൂടിയവരെ ജോലിക്കാരായി നിയമിക്കാൻ താത്പര്യപ്പെടുന്നെന്നും ബ്രിട്ടീഷ് വൈദ്യസംഘടനയുടെ പ്രായംകൂടിയവരെക്കുറിച്ചുള്ള സമ്മേളനത്തിൽ പ്രസംഗകർ വെളിപ്പെടുത്തി. എന്തുകൊണ്ട്? എന്തെന്നാൽ അവർ ഉപഭോക്താക്കളിൽ കൂടുതൽ താത്പര്യമെടുക്കുകയും ലിഖിത നിർദേശങ്ങളില്ലാത്ത കാര്യാദികൾ എങ്ങനെ ചെയ്യണമെന്നതിൽ നല്ല അറിവു പ്രകടമാക്കുകയും ചെയ്യുന്നു. “ഒരു കമ്പനി വ്യതിചലിച്ചേക്കാമായിരുന്ന സദാചാര നിലവാരങ്ങളോട്” അവർ പറ്റിനിൽക്കുകയും ചെയ്യുന്നെന്ന് പ്രസ്തുത വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു.