അന്തരീക്ഷസ്ഥിതിയെക്കുറിച്ചുള്ള സംസാരം
നി ങ്ങൾ എവിടെ ആയിരുന്നാലും, ആരായിരുന്നാലും അന്തരീക്ഷസ്ഥിതി നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. ലക്ഷണം കണ്ടിട്ട് നല്ല വെയിലായിരിക്കും എന്നു മനസ്സിലായാൽ നിങ്ങൾ കട്ടികുറഞ്ഞ വസ്ത്രം ധരിക്കും. തണുപ്പാണെങ്കിൽ കമ്പിളിയുടുപ്പും മഫ്ളറും എടുത്തണിയും. മഴയാണെങ്കിലോ? കുട എടുത്തുപിടിക്കും.
ചിലപ്പോൾ അന്തരീക്ഷസ്ഥിതി നമ്മെ ഉത്സാഹംകൊള്ളിക്കുന്നു; മറ്റു ചിലപ്പോഴാകട്ടെ അതു നമ്മെ നിരാശപ്പെടുത്തുന്നു. ഇടയ്ക്കിടെ അത് ചുഴലിക്കാറ്റിന്റെയോ പേമാരിയുടെയോ വരൾച്ചയുടെയോ ഹിമവാതത്തിന്റെയോ കാലവർഷത്തിന്റെയോ രൂപം കൈക്കൊണ്ട് ഒരു കൊലയാളിയായിത്തീരാറുണ്ട്. അന്തരീക്ഷസ്ഥിതി നമുക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ശരി, അതിനെ ദ്വേഷിച്ചാലും അവഗണിച്ചാലും ശരി ജനനംമുതൽ മരണംവരെ നമ്മുടെ ജീവിതത്തെ ബാധിച്ചുകൊണ്ട് അത് എപ്പോഴുമുണ്ട്.
“എല്ലാവരും അന്തരീക്ഷസ്ഥിതിയെക്കുറിച്ചു സംസാരിക്കുന്നുണ്ട് എങ്കിലും അതു സംബന്ധിച്ച് ഒന്നും ചെയ്യുന്നില്ല” എന്ന് ഒരിക്കൽ ഒരാൾ പരിഹാസദ്യോതകമായി പറയുകയുണ്ടായി. അന്തരീക്ഷസ്ഥിതിക്ക് ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തുന്നത് നമ്മുടെ കഴിവിന് അതീതമാണ് എന്നപോലെ എല്ലായ്പോഴും കാണപ്പെട്ടിട്ടുണ്ട് എന്നതു ശരിതന്നെ. എന്നാൽ മേലാൽ അങ്ങനെ വിശ്വസിക്കാത്ത ശാസ്ത്രജ്ഞന്മാരുടെ എണ്ണം വർധിച്ചുവരികയാണ്. കാർബൺ ഡൈ ഓക്സൈഡും മറ്റു വാതകങ്ങളും വായുമണ്ഡലത്തിലേക്കു പുറന്തള്ളുന്നതുമൂലം ദീർഘകാലമായി നിലവിലുള്ള അന്തരീക്ഷസ്ഥിതിക്ക്—അതായത്, കാലാവസ്ഥയ്ക്ക്—മാറ്റം വരികയാണ്.
വിദഗ്ധർ പറയുന്നതനുസരിച്ച് വരാൻ പോകുന്ന ഈ മാറ്റം എത്തരത്തിലുള്ളത് ആയിരിക്കും? കാലാവസ്ഥാ വ്യതിയാന പഠന ബഹുരാഷ്ട്ര സമിതിയുടേതായിരിക്കാം (ഐപിസിസി) ഏറ്റവും ആധികാരികമായ ഉത്തരം. 80 രാജ്യങ്ങളിൽനിന്നുള്ള 2,500-ലധികം കാലാവസ്ഥാ വിദഗ്ധരുടെയും സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും അപകട-വിശകലന വിദഗ്ധരുടെയും അഭിപ്രായത്തെ ആസ്പദമാക്കിയുള്ളതാണ് അവരുടെ ഉത്തരം. ഭൂമിയുടെ കാലാവസ്ഥ കൂടുതൽ ചൂടുള്ളത് ആയിത്തീരുകയാണെന്ന് 1995-ലെ തങ്ങളുടെ റിപ്പോർട്ടിൽ ഐപിസിസി നിഗമനം ചെയ്തു. ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ അടുത്ത നൂറ്റാണ്ടിൽ താപനിലയിൽ 3.5 ഡിഗ്രി സെൽഷ്യസ് വർധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഏതാനും ഡിഗ്രി വ്യത്യാസമൊന്നും ഒരു വ്യത്യാസമല്ല എന്നു തോന്നിയേക്കാമെങ്കിലും ആഗോള കാലാവസ്ഥയിലുണ്ടാകുന്ന നേരിയ വ്യതിയാനംപോലും വിപത്കരമായേക്കാം. അടുത്ത നൂറ്റാണ്ടിൽ പിൻവരുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന് പലരും മുൻകൂട്ടി കാണുന്നു.
അന്തരീക്ഷസ്ഥിതിയിൽ പ്രാദേശികമായി ഉണ്ടാകുന്ന വലിയ വ്യതിയാനങ്ങൾ. ചില പ്രദേശങ്ങളിൽ വരൾച്ചയുടെ ദൈർഘ്യം കൂടിയേക്കാം. മറ്റു ചിലയിടങ്ങളിലാകട്ടെ, മഴ കൂടുതൽ ശക്തമായേക്കാം. കൊടുങ്കാറ്റും വെള്ളപ്പൊക്കവും കൂടുതൽ രൂക്ഷമായേക്കാം; ചുഴലിക്കാറ്റ് കൂടുതൽ വിനാശകമായേക്കാം. വെള്ളപ്പൊക്കവും ക്ഷാമവും മൂലം ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ മരിക്കുന്നുണ്ടെങ്കിലും ആഗോളതപനം മരണനിരക്ക് വളരെ വർധിപ്പിച്ചേക്കാം.
ആരോഗ്യത്തിന് കൂടുതൽ ഭീഷണി. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളും മരണങ്ങളും വർധിച്ചേക്കാം. ലോകാരോഗ്യ സംഘടന പറയുന്നപ്രകാരം, ആഗോളതപനം നിമിത്തം മലമ്പനിയും ഡെംഗിപ്പനിയും പോലുള്ള ഉഷ്ണമേഖലാ രോഗങ്ങൾ വഹിക്കുന്ന ഷഡ്പദങ്ങളുടെ വിഹാര മണ്ഡലത്തിന്റെ വ്യാപ്തി വർധിച്ചേക്കാം. അതിനുപുറമേ, പ്രാദേശിക വർഷപാതത്തിലും ഹിമപാതത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിമിത്തം ശുദ്ധജല വിതരണം കുറഞ്ഞുപോകുന്നത് ചില ഭക്ഷ്യ-ജലജന്യ രോഗങ്ങളുടെയും പരാദങ്ങളുടെയും വർധനവിന് ഇടയാക്കിയേക്കാം.
പ്രകൃതിയിലെ ആവാസങ്ങൾ ഭീഷണിയുടെ നിഴലിൽ. കൂടിയ താപനിലകളും മഴയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങളും മൂലം നമ്മുടെ വായുവും വെള്ളവും ശുദ്ധീകരിക്കുന്ന വനങ്ങളും ആർദ്രനിലങ്ങളും അപകടത്തിലായേക്കാം. കാട്ടുതീ കൂടുതൽ ഉഗ്രമായ രൂപത്തിൽ കൂടെക്കൂടെ ഉണ്ടായേക്കാം,
ഉയരുന്ന സമുദ്രനിരപ്പുകൾ. കടൽവെള്ളം തടഞ്ഞുനിർത്താൻ ചെലവേറിയ പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കാത്തപക്ഷം താഴ്ന്ന തീരപ്രദേശങ്ങളിൽ ഉള്ളവർക്ക് താമസം മാറ്റേണ്ടിവരും. ചില ദ്വീപുകൾ പൂർണമായി വെള്ളത്തിനടിയിൽ ആയിപ്പോകും.
ഈ ഭയത്തിന് അടിസ്ഥാനമുണ്ടോ? ഭൂമിയുടെ കാലാവസ്ഥ കൂടുതൽ ചൂടുള്ളതായിത്തീരുകയാണോ? ആണെങ്കിൽ മനുഷ്യരാണോ കുറ്റക്കാർ? ഇത്രയേറെ കാരണങ്ങൾ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ട് ഈ ചോദ്യങ്ങൾ സംബന്ധിച്ച് വിദ്ഗധരുടെ ഇടയിൽ ചൂടുപിടിച്ച തർക്കം നടക്കുന്നതിൽ അതിശയിക്കാനില്ല. അടുത്ത രണ്ടു ലേഖനങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ചില പ്രശ്നങ്ങൾ പരിശോധിക്കുന്നു. കൂടാതെ, നമ്മുടെ ഗ്രഹത്തിന്റെ ഭാവിയെക്കുറിച്ച് ആകുലപ്പെടേണ്ടതുണ്ടോ എന്ന ചോദ്യം അതു ചർച്ച ചെയ്യുന്നു.