സ്വയം ചികിത്സ—ഗുണങ്ങളും ദോഷങ്ങളും
ബ്രസീലിലെ ഉണരുക! ലേഖകൻ
“ലോകവ്യാപകമായി സ്വയം ചികിത്സാ വിപണി വികാസം പ്രാപിക്കുകയാണ്,” ഒരു വലിയ ഔഷധ കമ്പനിയുടെ പ്രസിഡന്റ് അവകാശപ്പെടുന്നു. “ആരോഗ്യം സ്വന്ത നിയന്ത്രണത്തിൽ ആയിരിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു.” അങ്ങനെയാണെങ്കിൽത്തന്നെ ഏതെങ്കിലും അപകടങ്ങൾ സംബന്ധിച്ച് നിങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടോ?
ഔഷധങ്ങളുടെ ശരിയായ ഉപയോഗം തീർച്ചയായും രോഗം ശമിപ്പിക്കും. ഉദാഹരണത്തിന് ഇൻസുലിനും ആന്റിബയോട്ടിക്കുകളും അതുപോലെതന്നെ ചെലവു കുറഞ്ഞ, വായിൽക്കൂടി നൽകുന്ന ലളിതമായ പുനർജലീകരണ ലായനികളും നിരവധി പേരുടെ ജീവൻ രക്ഷിക്കുന്നു. ദോഷങ്ങളെക്കാൾ കൂടുതലാണോ പ്രയോജനങ്ങൾ എന്നു നിർണയിക്കുന്നതാണ് സ്വയം ചികിത്സയിലെ വെല്ലുവിളി.
ചില പ്രദേശങ്ങളിൽ അംഗീകൃത ചികിത്സാ സൗകര്യങ്ങൾ വളരെ അകലെയായിരിക്കാം അല്ലെങ്കിൽ ചെലവേറിയത് ആയിരിക്കാം. അതുകൊണ്ട് ചികിത്സാ സംബന്ധമായ വിവരങ്ങൾക്കായി പല ആളുകളും ബന്ധുമിത്രാദികളുടെ അഭിപ്രായങ്ങളെയോ സ്വാശ്രയ പുസ്തകങ്ങളെയോ ആശ്രയിക്കുന്നു. കൂടാതെ, “ആരോഗ്യം വീണ്ടെടുക്കാൻ വെറുമൊരു ഗുളിക വാങ്ങി കഴിച്ചാൽ മതി എന്ന ആശയം പ്രചരണ പരിപാടികളിലൂടെ അവതരിപ്പിക്കപ്പെടുന്നു,” ബ്രസീലിലെ സാവൊ പൗലോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഫെർണാൻഡൂ ലഫെവർ പറയുന്നു.a തത്ഫലമായി, അമിത ജോലിയുടെയും പോഷണക്കുറവിന്റെയും നിസ്സാരമായ വൈകാരിക പ്രശ്നങ്ങളുടെയും പരിണതഫലങ്ങളെ മറികടക്കാൻ പലരും മരുന്നുകളെ ആശ്രയിക്കുന്നു. ലഫെവർ കൂട്ടിച്ചേർക്കുന്നു: “ജീവിതത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനു പകരം ആളുകൾ കടകളിൽനിന്ന് മരുന്നുകൾ വാങ്ങി കഴിച്ചുകൊണ്ട് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു.” രോഗികൾ ശരിയായി രോഗനിർണയം നടത്തുന്നുണ്ടോ എന്നുപോലും ആർക്കറിയാം?
തലവേദന, ഉയർന്ന രക്ഷ സമ്മർദം, ഉദര സംബന്ധമായ ക്രമക്കേടുകൾ എന്നിവ ചികിത്സിച്ചു മാറ്റാൻ ഉപയോഗിക്കുന്നതിനു പുറമേ പലരും ഉത്കണ്ഠ, ഭയം, ഏകാന്തത എന്നിവ തരണം ചെയ്യാനും മരുന്നുകളെ ആശ്രയിക്കുന്നു. “ഒരു ഗുളിക കഴിച്ചാൽ പ്രശ്നം മാറിക്കിട്ടും എന്നു കരുതിയാണ് പലരും ഡോക്ടറുടെ സഹായം തേടുന്നത്,” ഡോ. ആൻഡ്രേ ഫൈൻഗോൾഡ് പറയുന്നു. “ആരോഗ്യ വിദഗ്ധർ പോലും മരുന്നുകൾ കുറിച്ചു കൊടുക്കാനും നിരവധി പരിശോധനകൾ ശുപാർശ ചെയ്യാനും ചായ്വു കാട്ടുന്നു. രോഗിയുടെ ചരിത്രം അറിയാൻ യാതൊരു ശ്രമവും ഉണ്ടാകാറില്ല. ഭൂരിഭാഗം കേസുകളിലും അടുക്കും ചിട്ടയുമില്ലാത്ത, സമ്മർദപൂരിതമായ, ആരോഗ്യാവഹമല്ലാത്ത ജീവിതരീതിയായിരിക്കും രോഗിയുടേത്.” സൈക്കോട്രോപ്പിക് ഔഷധ (ഗ്രഹണപ്രാപ്തിക്കോ സ്വഭാവത്തിനോ മാറ്റം വരുത്തുന്ന ഔഷധങ്ങൾ) ദുരുപയോഗ നിവാരണ ലോക സമിതിയിലെ അംഗമായ റോമിൽദാ ബ്വെനോ സമ്മതിച്ചു പറയുന്നു: “രോഗികളെ പരിശോധിക്കാനുള്ള സമയം പരിമിതമായതിനാൽ പേരിനൊരു പരിശോധന നടത്തി ഡോക്ടർ രോഗിയെ മടക്കി അയയ്ക്കുന്നു.” മരുന്നു കഴിക്കുന്നത് “സാമൂഹിക പ്രശ്നങ്ങൾ [പരിഹരിക്കുന്നതിനുള്ള] ഒരു വൈദ്യശാസ്ത്ര രീതിയാണ്. എങ്കിലും പല രോഗികൾക്കും സൈക്കോട്രോപ്പിക് ഔഷധങ്ങൾ കുറിച്ചുകൊടുക്കേണ്ടത് ആവശ്യമാണെന്നും മറ്റൊരു ഡോക്ടർ മുന്നറിയിപ്പു നൽകുന്നു.
“പ്രോസാക്ക് ഭ്രമ”ത്തെക്കുറിച്ച് ചർച്ച ചെയ്തശേഷം ബ്രസീലിയൻ ദിനപത്രമായ ഓ എസ്റ്റാഡോ ദെ സൗൻ പൗളോ ഇങ്ങനെ പറയുന്നു: “ഒരു പുതിയ ഹെയർ സ്റ്റൈലിന്റെ കാര്യത്തിൽ എന്നപോലെതന്നെ ഒരു ഔഷധം ഭ്രമമായിത്തീരുകയാണെങ്കിൽ അതു വാസ്തവത്തിൽ വളരെ വിചിത്രമാണ്.” മനശ്ശാസ്ത്രജ്ഞനായ ആർതർ കൗഫ്മാനെ ഉദ്ധരിച്ചുകൊണ്ട് അത് ഇപ്രകാരം പറയുന്നു: “ജീവിതത്തിലെ ശരിയായ കാഴ്ചപ്പാടിന്റെയും ഉദ്ദേശ്യത്തിന്റെയും അഭാവം, ഫലപ്രദമായ ഒരു പ്രതിവിധിയെ എല്ലാ രോഗങ്ങളിൽ നിന്നുമുള്ള രക്ഷാമാർഗം ആക്കിത്തീർക്കുന്ന ഒരു പ്രതിഭാസം ഉളവാക്കുന്നു.” കൗഫ്മാൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “തത്ക്ഷണ പരിഹാരങ്ങളിലുള്ള മനുഷ്യന്റെ താത്പര്യം വർധിച്ചു വരികയാണ്. അതുകൊണ്ട് തന്റെ പ്രശ്നങ്ങളുടെ കാരണങ്ങൾ കണ്ടെത്താനുള്ള താത്പര്യം നഷ്ടപ്പെട്ട അവൻ ഒരു ഗുളികകൊണ്ട് അവ പരിഹരിക്കാൻ ശ്രമിക്കുന്നു.” എന്നാൽ സ്വയം ചികിത്സ സുരക്ഷിതമാണോ?
സ്വയം ചികിത്സ—അപകടകരമോ?
“20-ാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര മേഖലയിലെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന് പുതിയ ഔഷധങ്ങളുടെ വികാസമാണ്,” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. എന്നാൽ അത് ഇങ്ങനെയും പറയുന്നു: “മറ്റു കാരണങ്ങളെക്കാൾ ഉപരി മനുഷ്യ ശരീരത്തെ കൂടുതൽ വിഷലിപ്തമാക്കുന്നത് മരുന്നുകളുടെ ദുരുപയോഗമാണ്.” സുഖപ്പെടുത്തുന്നതുപോലെ തന്നെ മരുന്നുകൾക്ക് ദോഷം ചെയ്യാനും കഴിയും. വിശപ്പിനെ തടയുന്ന അനോറെക്സിയ ഗുളികകൾ “നാഡീ വ്യവസ്ഥയെ ബാധിക്കുകയും അങ്ങനെ ഉറക്കമില്ലായ്മ, സ്വഭാവമാറ്റം എന്നു വേണ്ട ചിലപ്പോൾ മതിഭ്രമം വരെയുള്ള കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്തേക്കാം,” എഴുത്തുകാരിയായ സീലെനെ ദെ കാസ്ട്രൂ വിശദമാക്കുന്നു. അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അനോറെക്സിയ ഗുളികകൾ വെറുതെ വിശപ്പിനെ തടയുക മാത്രമേ ചെയ്യുന്നുള്ളൂ എന്നു കരുതുന്നവർ സ്വയം വിഡ്ഢികളാകുകയാണ് ചെയ്യുന്നത്. ഒരു കാപ്സ്യൂൾ കഴിക്കുന്നത്, പരസ്പരം ഫലമില്ലാതാക്കുന്ന പ്രതിവിധികളുടെ വിഷമവൃത്തം സൃഷ്ടിച്ചേക്കാം.”
സാധാരണ ഉപയോഗിക്കപ്പെടുന്ന പല മരുന്നുകളും ഉദര സംബന്ധമായ അസ്വസ്ഥത, മനംപിരട്ടൽ, ഛർദി, രക്തസ്രാവം എന്നിവ ഉളവാക്കിയേക്കാം. ചില മരുന്നുകൾ ആസക്തി ഉളവാക്കുകയോ വൃക്കയുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാക്കുകയോ ചെയ്തേക്കാം.
പ്രചാരമേറിയ ആരോഗ്യ ഉത്പന്നങ്ങൾപോലും സംശയത്തിന്റെ നിഴലിലാണ്. “വിറ്റാമിൻ ഗുളികകൾക്കു വേണ്ടിയുള്ള ഈ ഭ്രമം അത്യന്തം അപകടകരമാണ്,” ബ്രസീലിലെ ഒരു വൈദ്യശാസ്ത്ര സംഘടനയുടെ പ്രസിഡന്റായ ഡോ. എഫ്റായീങ് ഒൽഷെവെർ പറയുന്നു. “ജനങ്ങൾ സ്വയം ചികിത്സിക്കുന്നുണ്ട് എന്നതിനു പുറമേ അറിവില്ലാത്ത ചില ഡോക്ടർമാരും, ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങൾ അവഗണിച്ചുകൊണ്ട് മരുന്നുകൾ കുറിച്ചുകൊടുക്കുന്നുണ്ട്.” എന്നാൽ, ജീവകങ്ങളുടെയും മറ്റും കുറവുകൊണ്ട് ഉണ്ടാകുന്നവ ഉൾപ്പെടെയുള്ള ചില രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ ശരിയായ അളവിലുള്ള വിറ്റാമിൻ ഗുളികകൾ ആവശ്യമായേക്കാം എന്ന് മറ്റൊരു ഡോക്ടർ പറയുന്നു.
സുരക്ഷിതമായ സ്വയം രോഗാപഗ്രഥനം—എങ്ങനെ?
നമുക്ക് അസ്വസ്ഥത തോന്നുന്ന സന്ദർഭങ്ങളിലെല്ലാം ഡോക്ടറെ ചെന്നു കാണാൻ സാധിക്കാത്തതുകൊണ്ട് ആരോഗ്യ വിദ്യാഭ്യാസവും ന്യായമായ സ്വയം ചികിത്സയും നമ്മുടെ കുടുംബങ്ങൾക്കു പ്രയോജനം ചെയ്യും. എന്നാൽ, എന്തെങ്കിലും മരുന്ന് കഴിക്കുന്നതിനു മുമ്പ് ശരിയായ, ഫലപ്രദമായ രീതിയിൽ സ്വയം രോഗനിർണയം നടത്തുന്നതു മർമപ്രധാനമാണ്. വീടിനടുത്ത് ഡോക്ടർ ഇല്ലെങ്കിലോ ഡോക്ടറെ ചെന്നു കാണാൻ സാധിക്കില്ലെങ്കിലോ നല്ല ഒരു വൈദ്യശാസ്ത്ര പരാമർശ ഗ്രന്ഥം വായിച്ചു നോക്കുന്നതു മൂലം ശരിയായ വിധം രോഗനിർണയം നടത്താൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന്, അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ, 183 പേജു വരുന്ന രോഗലക്ഷണ ചാർട്ട് സഹിതം ഒരു കുടുംബ വൈദ്യശാസ്ത്ര ഗൈഡ് പ്രസിദ്ധീകരിക്കുന്നുണ്ട്. ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് രോഗിക്ക് ഉത്തരം നൽകാൻ കഴിയുന്ന ഒരു കൂട്ടം ചോദ്യങ്ങൾ അതിൽ ഉണ്ട്. രോഗലക്ഷണങ്ങൾ പരിശോധിക്കുകയും ബാധകമല്ലാത്തത് തള്ളിക്കളയുകയും ചെയ്തുകൊണ്ട് കുഴപ്പം മനസ്സിലാക്കാൻ കഴിയും.
എന്നാൽ ഡോക്ടർമാരുടെ പങ്കു സംബന്ധിച്ചെന്ത്? നാം എപ്പോഴാണ് വൈദ്യ സഹായം തേടേണ്ടത്? രോഗത്തെക്കുറിച്ച് അങ്ങേയറ്റം ഉത്കണ്ഠാകുലരോ തീരെ ഉദാസീനരോ ആകുന്നത് നമുക്ക് എങ്ങനെ തടയാനാകും? ശാരീരിക രോഗങ്ങളും മാനസിക രോഗങ്ങളും തേർവാഴ്ച നടത്തുന്ന ഒരു ലോകത്തിൽ ഒരു പരിധിവരെയുള്ള നല്ല ആരോഗ്യം നമുക്ക് എങ്ങനെ ആസ്വദിക്കാൻ കഴിയും?
[അടിക്കുറിപ്പ്]
a പല രാജ്യങ്ങളിലും, ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മാത്രം ലഭിക്കേണ്ട മരുന്നുകൾക്ക് “നേരിട്ട് ഉപഭോക്താവിന്” എന്ന പരസ്യം അടുത്തയിടെ ഗണ്യമാംവിധം വർധിച്ചിരിക്കുന്നു, പല ഡോക്ടർമാരും വൈദ്യശാസ്ത്ര സംഘടനകളും ഇതിനെതിരെ വിമർശനങ്ങൾ ഉയർത്തിയിട്ടു കൂടിയാണിത്.
[4-ാം പേജിലെ ആകർഷകവാക്യം]
“രോഗിയുടെ ചരിത്രം അറിയാൻ യാതൊരു ശ്രമവും ഉണ്ടാകാറില്ല. ഭൂരിഭാഗം കേസുകളിലും അടുക്കും ചിട്ടയുമില്ലാത്ത, സമ്മർദപൂരിതമായ, ആരോഗ്യാവഹമല്ലാത്ത ജീവിതരീതിയായിരിക്കും രോഗിയുടേത്.”—ഡോ. ആൻഡ്രേ ഫൈൻഗോൾഡ്
[4-ാം പേജിലെ ചതുരം]
ഭവന ആയുർവേദ ചികിത്സകൾ
ആയിരക്കണക്കിനു വർഷങ്ങളായി പല സംസ്കാരങ്ങളിലുംപെട്ട ആളുകൾ ആയുർവേദ ചികിത്സകൊണ്ട്, അതായത് പാടത്തുനിന്നും കാട്ടിൽനിന്നുമുള്ള സസ്യങ്ങൾ ഉപയോഗിച്ച്, രോഗങ്ങൾ ചികിത്സിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ കുഴപ്പങ്ങൾക്കു ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റാലിസ് പോലുള്ള, പല ആധുനിക ഔഷധങ്ങളും സസ്യങ്ങളിൽനിന്നാണ് ഉണ്ടാക്കുന്നത്. “സാധാരണ പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള 250-ലേറെ സുരക്ഷിത ചികിത്സാവിധികൾ—സാധാരണ ചുമ, ജലദോഷം, തലവേദന എന്നിവ തുടങ്ങി ചർമ രോഗങ്ങൾ, ദഹന ക്രമക്കേടുകൾ, കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സകൾ വരെ—ഉണ്ട്” എന്ന് ഗ്രേറ്റ് ബ്രിട്ടനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ഹെർബലിസ്റ്റ്സിലെ അംഗമായ പെനെലപി ഓഡി തന്റെ പുസ്തകത്തിൽ പറയുന്നു.
അവർ എഴുതുന്നു: “പച്ചമരുന്ന് എല്ലായ്പോഴും ‘ജനങ്ങളുടെ ഔഷധം’ എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്—ചെറിയ അസുഖങ്ങൾ മാറ്റാൻ വീട്ടിൽ ഉപയോഗിക്കാവുന്ന ലളിതമായ പച്ചമരുന്നുകളും അല്ലെങ്കിൽ സ്ഥായിയായതും ഗുരുതരവുമായ രോഗങ്ങൾക്ക് വൈദ്യശാസ്ത്ര വിദഗ്ധർ കുറിച്ചുതരുന്ന കൂടുതൽ ലളിതമായ പച്ചമരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.” അവർ തുടരുന്നു: “മിക്ക പച്ചമരുന്നുകളും സുരക്ഷിതമാണെങ്കിലും അവ ശ്രദ്ധാപൂർവം ഉപയോഗിക്കണം. നിർദിഷ്ട അളവിൽ കൂടുതൽ കഴിക്കരുത്. കൂടാതെ, രോഗം വിട്ടുമാറുന്നില്ലെങ്കിലോ വഷളാകുകയാണെങ്കിലോ രോഗം എന്താണെന്ന് പിടികിട്ടുന്നില്ലെങ്കിലോ വീട്ടിലെ ചികിത്സയിൽ ആശ്രയിക്കരുത്.”—ദ കംപ്ലീറ്റ് മെഡിസിനൽ ഹെർബൽ