യഹോവയുടെ സാക്ഷികൾ—നാസി ഭീഷണിയിൻ മധ്യേ നിർഭയരായി
ജർമനിയിലെ ഉണരുക! ലേഖകൻ
ദൈവവചനമായ ബൈബിൾ അടുത്തു പിൻപറ്റുന്നതിൽ കേൾവി കേട്ടവരാണ് യഹോവയുടെ സാക്ഷികൾ. ഇതിനു മിക്കപ്പോഴും ധൈര്യം ആവശ്യമാണ്. തന്നെയുമല്ല, അത് നിശ്ചയമായും അവരുടെ ജീവിതത്തെയും മറ്റുള്ളവരുമായുള്ള അവരുടെ ബന്ധങ്ങളെയും ബാധിക്കുന്നു.
ഉദാഹരണത്തിന്, എല്ലാ വംശീയ, സാംസ്കാരിക പശ്ചാത്തലത്തിൽനിന്നും ഉള്ളവരോട് സാക്ഷികൾക്ക് ആഴമായ ആദരവുണ്ട്. അവർ ദൈവത്തെയും തങ്ങളുടെ അയൽക്കാരെയും സ്നേഹിക്കുന്നു. (മത്തായി 22:35-40) “ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതും ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു” എന്ന അപ്പോസ്തലനായ പത്രൊസിന്റെ പ്രസ്താവനയോട് അവർ പൂർണമായി യോജിക്കുന്നു.—പ്രവൃത്തികൾ 10:34, 35.
ക്രമസമാധാന ക്രമീകരണങ്ങളോടും ഗവൺമെന്റ് അധികാരികളോടും ഉള്ള ആദരവിനും യഹോവയുടെ സാക്ഷികൾ പേരുകേട്ടവരാണ്. അവർ ഒരിക്കലും കലാപകാരികളായിരുന്നിട്ടില്ല. ഇനിയൊട്ട് ആയിരിക്കുകയുമില്ല. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന അപ്പോസ്തലന്മാരുടെ അതേ നിലപാട് സ്വീകരിക്കുന്നതിന്റെ ഫലമായി ചില ദേശങ്ങളിൽ അവർ പീഡിപ്പിക്കപ്പെടുമ്പോൾ പോലും ഇത് സത്യമാണ്. (പ്രവൃത്തികൾ 5:29; മത്തായി 24:9) അതേസമയം, സ്വന്തം മനസ്സാക്ഷിക്ക് അനുസൃതമായി ആരാധിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ സാക്ഷികൾ ആദരിക്കുകയും ചെയ്യുന്നു.
അഡോൾഫ് ഹിറ്റ്ലറുടെ അധീനതയിലായിരുന്ന ജർമനിയിലും മറ്റു ദേശങ്ങളിലും യഹോവയുടെ സാക്ഷികൾ സ്വീകരിച്ച ധീരമായ ക്രിസ്തീയ നിലപാട് ചരിത്ര വസ്തുതയാണ്. 1933-ൽ ജർമനിയിലെ ബെർളിനിൽ നടന്ന ശ്രദ്ധേയമായ ഒരു സംഭവം അവരുടെ ധീരതയെയും ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹത്തെയും ക്രമസമാധാന ക്രമീകരണങ്ങൾ, മതസ്വാതന്ത്ര്യം എന്നിവയോടുള്ള അവരുടെ ആദരവിനെയും ദൃഷ്ടാന്തീകരിക്കുന്നു.
ഹിറ്റ്ലറുമായി യാതൊരു സന്ധിക്കുമില്ല
വർഗീയവാദവും കൊല്ലും കൊലയും നടമാടിയിരുന്ന, ഹിറ്റ്ലറുടെ 12 വർഷത്തെ കിരാത ഭരണം അവസാനിച്ചിട്ട് 50-ലധികം വർഷമായി. എങ്കിലും ആ നാസി ഭരണം മനുഷ്യരാശിക്ക് ഏൽപ്പിച്ച മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല.
ഏതാനും വിഭാഗങ്ങൾ മാത്രമേ നാസി ഭീകരതയ്ക്കെതിരെ ശബ്ദമുയർത്താൻ ധൈര്യപ്പെട്ടുള്ളൂ എന്ന് ചരിത്രം കാണിക്കുന്നു. “ഭയത്തിന്റെ പിടിയിലമർന്ന ഒരു രാഷ്ട്രത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന അക്ഷീണ [ധാർമിക] പ്രതിരോധശേഷിയുള്ള ഒരു കൊച്ചു ദ്വീപ്” എന്നു വിശേഷിപ്പിക്കപ്പെട്ട യഹോവയുടെ സാക്ഷികൾ അവരിൽ ഉൾപ്പെടുന്നു. അവരുടെ ധീരമായ നിലപാട് ആദരണീയരായ ചരിത്രകാരന്മാർ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഒരിക്കൽ യഹോവയുടെ സാക്ഷികളോടൊത്തു സഹവസിച്ചിരുന്ന ചിലർ ഉൾപ്പെടെയുള്ള ഏതാനും വിമർശകർ, സാക്ഷികൾ ആദ്യകാലങ്ങളിൽ ഹിറ്റ്ലർ ഭരണകൂടത്തോട് വിട്ടുവീഴ്ചയ്ക്കു ശ്രമിച്ചു എന്ന് കുറ്റപ്പെടുത്തുന്നു. വാച്ച് ടവർ സൊസൈറ്റിയുടെ പ്രതിനിധികൾ പുതിയ ഗവൺമെന്റിന്റെ പ്രീതി പിടിച്ചു പറ്റാൻ വൃഥാ ശ്രമിച്ചുവെന്നും അറുപതു ലക്ഷം യഹൂദന്മാർ വധിക്കപ്പെടാൻ ഇടയാക്കിയ, നാസികളുടെ വർഗീയവാദ ആശയഗതിയെ ഒരു കാലഘട്ടത്തേക്കെങ്കിലും സാക്ഷികൾ അംഗീകരിച്ചുവെന്നും അവർ വാദിക്കുന്നു.
ഗൗരവാവഹമായ ഈ ആരോപണങ്ങളെല്ലാം തികച്ചും വ്യാജമാണ്. ലഭ്യമായ രേഖകളെയും ചരിത്ര പശ്ചാത്തലത്തെയും ആസ്പദമാക്കി, ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സംഭങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ പരിശോധനയാണ് പിൻവരുന്നത്.
പിന്തിരിഞ്ഞു നോക്കുമ്പോൾ
യഹോവയുടെ സാക്ഷികൾ ജർമനിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 100-ലധികം വർഷം കഴിഞ്ഞിരിക്കുന്നു. 1933 ആയപ്പോഴേക്കും ജർമനിയിലുടനീളം, യഹോവയെ ആരാധിക്കുകയും ബൈബിൾ സാഹിത്യങ്ങളുടെ വിതരണം നടത്തുകയും ചെയ്യുന്ന ഏതാണ്ട് 25,000 സാക്ഷികളുണ്ടായിരുന്നു.
അക്കാലത്ത് ജർമൻ ഭരണഘടന കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിച്ചിരുന്നിട്ടുപോലും യഹോവയുടെ സാക്ഷികൾ കൂടെക്കൂടെ അപകീർത്തിപ്പെടുത്തുന്ന പ്രചരണങ്ങൾക്ക് പാത്രമായിട്ടുണ്ട്. മുഖ്യമായും മത ശത്രുക്കളായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത്. 1921-ൽ, അന്ന് എർണസ്റ്റെ ബിബെൽഫൊർഷെർ (ആത്മാർഥതയുള്ള ബൈബിൾ വിദ്യാർഥികൾ) എന്നു വിളിക്കപ്പെട്ടിരുന്ന സാക്ഷികൾ രാഷ്ട്രീയ അട്ടിമറി പ്രവർത്തനങ്ങളിൽ യഹൂദന്മാരുമായി കൂട്ടുചേർന്ന് പ്രവർത്തിക്കുന്നതായി ആരോപണമുണ്ടായി. ബൈബിൾ വിദ്യാർഥികളെ അപകടകാരികളായ ബോൾഷെവിക് “യഹൂദ കൃമി” എന്നു മുദ്ര കുത്തിയിരുന്നെങ്കിലും അവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു തെളിവും ഒരിക്കലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കാൾ ബാർത്ത് എന്ന സ്വിറ്റ്സർലഡുകാരനായ ഒരു ദൈവശാസ്ത്രജ്ഞൻ എഴുതി: “യഹോവയുടെ സാക്ഷികൾക്ക് കമ്മ്യൂണിസ്റ്റുകാരുമായി ബന്ധമുണ്ടെന്ന ആരോപണം അറിയാതെയോ അറിഞ്ഞുകൊണ്ടോ ഉള്ള ഒരു തെറ്റിദ്ധാരണ മാത്രമാണ്.”
സാക്ഷികൾ യഹൂദന്മാരോട് കൂട്ടുചേർന്ന് വിപ്ലവ പ്രവർത്തനങ്ങളിൽ ഗൂഢാലോചന നടത്തുന്നവരാണെന്ന് ജർമനിയിലെ ഒരു സഭാ മാസിക ആരോപിക്കുകയുണ്ടായി. ഇതിനോടുള്ള പ്രതികരണമായി സുവർണയുഗം (മുമ്പത്തെ ഉണരുക!) 1930 ഏപ്രിൽ 15 ലക്കത്തിന്റെ ജർമൻ പതിപ്പ് ഇപ്രകാരം പറഞ്ഞു: “വ്യാജമായ ഈ കുറ്റാരോപണം ഒരു അപമാനമായി ഞങ്ങൾ കണക്കാക്കുന്നില്ല. എന്തെന്നാൽ ഒരു നാമധേയ ക്രിസ്ത്യാനിയുടെ അന്തസ്സൊക്കെ ഒരു യഹൂദനുമുണ്ട്; എന്നാൽ സഭയുടെ പൈങ്കിളിപ്പത്രത്തിലെ വ്യാജ പ്രസ്താവന ഞങ്ങൾ നിഷേധിക്കുന്നത് അത് ഞങ്ങളുടെ വേലയെ താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചുള്ളതായതുകൊണ്ടാണ്. സുവിശേഷത്തിനു വേണ്ടിയല്ല യഹൂദന്മാർക്കു വേണ്ടിയാണ് ഞങ്ങൾ എല്ലാം ചെയ്യുന്നത് എന്നാണ് അതിലെ ധ്വനി.”
ചരിത്ര പ്രൊഫസറായ ജോൺ വൈസ് എഴുതി: “സാക്ഷികൾ ജർമൻ വർഗീയ ദേശീയവാദത്തിൽനിന്ന് വിമുക്തരായിരുന്നു. നൂറ്റാണ്ടുകളായിട്ടും യഹൂദന്മാരെ പരിവർത്തനം ചെയ്യാൻ സാധിച്ചിട്ടില്ലല്ലോ എന്നോർത്ത് അവർ ദുഃഖിച്ചിട്ടുമില്ല. രക്ഷാകർതൃഭാവത്തോടെ ആയിരുന്നെങ്കിലും, സാധ്യമാകുന്ന എല്ലാവരെയും പരിവർത്തനം ചെയ്ത് ക്രിസ്തുവിലേക്കു നയിക്കേണ്ടതാണെന്ന ആദിമ ക്രിസ്തീയ വിശ്വാസം അപ്പോഴും അവർ മുറുകെ പിടിച്ചിരുന്നു.”
ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ എന്തു സംഭവിച്ചു?
1933 ജനുവരി 30-ന് ജർമനിയുടെ പുതിയ ചാൻസലറായി അഡോൾഫ് ഹിറ്റ്ലർ സ്ഥാനമേറ്റു. ആരംഭത്തിൽ, ഹിറ്റ്ലറിന്റെ ഗവൺമെന്റ് അതിന്റെ ഭീകരവും തീവ്രവാദപരവുമായ സ്വഭാവം മറച്ചു പിടിക്കാൻ കഠിനമായി യത്നിച്ചു. അതുകൊണ്ട് 1933 ആരംഭത്തിൽ മറ്റ് ലക്ഷക്കണക്കിനു ജർമൻകാരെപോലെ സാക്ഷികളും നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയെ അക്കാലത്തെ നിയമാനുസൃത ഭരണകൂടമായി വീക്ഷിച്ചു. സമാധാന കാംക്ഷികളും നിയമാനുസാരികളുമായ ഈ ക്രിസ്തീയ കൂട്ടം രാഷ്ട്രത്തിന് അട്ടിമറി ഭീഷണി ഉയർത്തുന്നില്ലെന്ന് നാഷണൽ സോഷ്യലിസ്റ്റ് (നാസി) ഗവൺമെന്റ് തിരിച്ചറിയുമെന്ന് സാക്ഷികൾ പ്രതീക്ഷിച്ചു. ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുമെന്നതിനുള്ള സൂചനയല്ലായിരുന്നു ഇത്. മറ്റു രാജ്യങ്ങളിൽ നടന്നതുപോലെതന്നെ, തങ്ങളുടെ മതത്തിന്റെ യഥാർഥ രാഷ്ട്രീയേതര സ്വഭാവത്തെക്കുറിച്ച് ഗവൺമെന്റിനെ അറിയിക്കാൻ സാക്ഷികൾ ആഗ്രഹിച്ചു.
നാസികളുടെ മൃഗീയ അടിച്ചമർത്തലിന് ആദ്യം ഇരയാകുന്നവരിൽ യഹോവയുടെ സാക്ഷികൾ ഉൾപ്പെടുമെന്ന് താമസിയാതെ വെളിപ്പെട്ടു. ബോൾഷെവിക്-യഹൂദ ഗൂഢാലോചനയിൽ സാക്ഷികൾ പങ്കുകാരാണെന്ന് വീണ്ടും ആരോപണമുണ്ടായി. പീഡനങ്ങളുടെ പരമ്പര ആരംഭിച്ചു.
ഇത്തരം ഒരു കൊച്ചു മതസമുദായം പുതിയ ഭരണകൂടത്തിന്റെ രോഷത്തിന് ഇരയായത് എന്തുകൊണ്ടാണ്? ചരിത്രകാരനായ ബ്രയാൻ ഡൻ മൂന്ന് അടിസ്ഥാന കാരണങ്ങൾ തിരിച്ചറിയിക്കുന്നു: (1) സാക്ഷികളുടെ അന്താരാഷ്ട്ര പ്രവർത്തന വ്യാപ്തി, (2) വംശീയതയോടുള്ള അവരുടെ എതിർപ്പ്, (3) രാഷ്ട്രത്തോടുള്ള അവരുടെ നിഷ്പക്ഷമായ നിലപാട്. തിരുവെഴുത്തുപരമായ അവരുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ജർമൻകാരായ സാക്ഷികൾ ഹിറ്റ്ലറിന് സല്യൂട്ട് നൽകാനോ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കാനോ പിന്നീട് നാസികളുടെ സൈനിക പ്രവർത്തനങ്ങളിൽ പങ്കുചേരാനോ വിസമ്മതിച്ചു.—പുറപ്പാടു 20:4, 5; യെശയ്യാവ് 2:4; യോഹന്നാൻ 17:16.
തത്ഫലമായി സാക്ഷികൾക്ക് പൊലീസിൽനിന്നും എസ്എ-യിൽനിന്നുമുള്ള (ഹിറ്റ്ലറിന്റെ ഷ്റ്റുർമാബ്റ്റൈലുങ് എന്ന മിന്നലാക്രമണ സൈന്യങ്ങൾ, അഥവാ ബ്രൗൺഷർട്ടുകൾ) ഭീഷണികളും ചോദ്യം ചെയ്യലുകളും ഭവന പരിശോധനകളും മറ്റു പീഡനങ്ങളും നേരിടേണ്ടി വന്നു. 1933 ഏപ്രിൽ 24-ന് ഉദ്യോഗസ്ഥർ ജർമനിയിലുള്ള മേഗ്ഡെബർഗിലെ വാച്ച് ടവർ ഓഫീസ് പിടിച്ചെടുത്ത് അടച്ചുപൂട്ടി. സൂക്ഷ്മ പരിശോധനയ്ക്കു ശേഷവും കുറ്റകൃത്യത്തിന്റേതായ തെളിവുകളൊന്നും ലഭിക്കാഞ്ഞതിനാലും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽനിന്നുള്ള സമ്മർദത്താലും വസ്തുവകകൾ പൊലീസ് തിരിച്ചു നൽകി. എങ്കിലും, 1933 മേയ് മാസത്തോടെ പല ജർമൻ സംസ്ഥാനങ്ങളിലും സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടു.
സാക്ഷികൾ ധീരമായ നടപടി സ്വീകരിക്കുന്നു
തന്റെ ഭരണത്തിന്റെ ആദ്യ കാലങ്ങളിൽ പൊതുജനത്തിന്റെ മുമ്പാകെ ക്രിസ്ത്യാനിത്വത്തിന്റെ മുന്നണിപ്പോരാളി എന്ന പ്രതിച്ഛായ ഹിറ്റ്ലർ ശ്രദ്ധാപൂർവം സൃഷ്ടിച്ചെടുത്തിരുന്നു. ക്രൈസ്തവ വിഭാഗങ്ങളോട് “വസ്തുനിഷ്ഠമായ നീതിയോടെ” പെരുമാറുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിച്ഛായ മിനുക്കിയെടുക്കാൻ അദ്ദേഹം പള്ളികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജർമനിയുമായി പിന്നീട് യുദ്ധം ചെയ്ത രാജ്യങ്ങളിലെ പല ആളുകളും ഹിറ്റ്ലറുടെ നേട്ടങ്ങളോട് വിലമതിപ്പ് പ്രകടിപ്പിച്ചിരുന്ന സമയമായിരുന്നു ഇത്.
നിലനിന്നിരുന്ന സംഘർഷാവസ്ഥയെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്ന വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ് ജോസഫ് എഫ്. റഥർഫോർഡും ജർമൻ ബ്രാഞ്ചിന്റെ ഓഫീസ് മാനേജറായിരുന്ന പോൾ ബാൽറ്റ്സറൈറ്റും യഹോവയുടെ സാക്ഷികൾ ജർമൻ ജനതയ്ക്കും രാഷ്ട്രത്തിനും യാതൊരു തരത്തിലും ഭീഷണി അല്ലെന്ന് ചാൻസലർ ഹിറ്റ്ലറെയും ഗവൺമെൻറ് അധികാരികളെയും പൊതു ജനത്തെയും അറിയിക്കാനായി ഒരു പ്രചരണ പരിപാടി നടത്താൻ തീരുമാനിച്ചു. യഹോവയുടെ സാക്ഷികൾക്ക് എതിരെയുള്ള ആക്രമണങ്ങളെപ്പറ്റി ഹിറ്റ്ലർക്ക് അറിവില്ലായിരുന്നെന്നോ മത സംഘടനകൾ സാക്ഷികളെപ്പറ്റി തെറ്റായ കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നെന്നോ റഥർഫോർഡ് സ്പഷ്ടമായും വിശ്വസിച്ചിരുന്നു.
അതുകൊണ്ട് ജർമൻ പൗരന്മാരുടെ അഭ്യർഥന അവകാശം പ്രയോജനപ്പെടുത്താൻ മാഗ്ഡെബുർഗ് ഓഫീസ് ഒരു കൺവെൻഷൻ ക്രമീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 1933 ജൂൺ 25-ന് ജർമനിയിലുടനീളമുള്ള യഹോവയുടെ സാക്ഷികളെ ബെർളിനിലുള്ള വിൽമർസ്ഡോഫർ ടെന്നിഷാല്ലനിലേക്ക് ക്ഷണിച്ചു. ഏതാണ്ട് 5,000 പ്രതിനിധികളെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതികൂല സാഹചര്യത്തിൻ മധ്യേയും 7,000-ത്തിലധികം പേർ അതിൽ പങ്കെടുത്തു. പ്രതിനിധികൾ “വസ്തുതാ പ്രഖ്യാപനം” എന്ന ശീർഷകമുള്ള ഒരു പ്രമേയം സ്വീകരിച്ചു. സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾക്കെതിരെ ഈ രേഖയിൽ പ്രതിഷേധം ഉന്നയിച്ചിരുന്നു. അതിൽ അവർ തങ്ങളുടെ നിലപാട് സംബന്ധിച്ച് ഒരു വ്യക്തമായ പ്രസ്താവന നൽകുകയും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഘടകങ്ങളുമായുള്ള അട്ടിമറി ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. അത് ഇപ്രകാരം പറഞ്ഞു:
“ഞങ്ങൾക്കെതിരായി ഈ ഗവൺമെന്റിന്റെ ഭരണാധികാരികളുടെ മുമ്പിൽ നടത്തിയിരിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ് . . . ഇവിടെ അവതരിപ്പിക്കുന്ന വസ്തുതാ പ്രസ്താവന സത്യസന്ധമായും പക്ഷപാതരഹിതമായും പരിഗണിക്കാൻ ഞങ്ങൾ ഈ രാഷ്ട്രത്തിന്റെ ഭരണാധികാരികളോടും ജനങ്ങളോടും ആദരപൂർവം അഭ്യർഥിക്കുകയാണ്.”
“ഏതെങ്കിലും വ്യക്തികളോടോ മതോപദേഷ്ടാക്കന്മാരോടോ ഞങ്ങൾ തർക്കിക്കുന്നില്ല. എന്നാൽ ദൈവത്തെയും യേശുക്രിസ്തുവിനെയും പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്നവരാണ് പൊതുവേ ഞങ്ങളെ പീഡിപ്പിക്കുന്നതും ഗവൺമെന്റുകൾക്കു മുമ്പാകെ ഞങ്ങളെ മോശമായി ചിത്രീകരിക്കുന്നതും എന്ന വസ്തുതയിലേക്ക് ഞങ്ങൾ ശ്രദ്ധ ക്ഷണിക്കേണ്ടിയിരിക്കുന്നു.”
കൺവെൻഷൻ ധീരതയുടേതോ വിട്ടുവീഴ്ചയുടേതോ?
1933-ലെ ബെർളിൻ കൺവെൻഷനും “വസ്തുതകളുടെ പ്രഖ്യാപനവും” നാസി ഗവൺമെൻറിനു പിന്തുണ പ്രഖ്യാപിക്കാനും യഹൂദരോടുള്ള വിദ്വേഷം പ്രകടിപ്പിക്കാനും പ്രമുഖരായ സാക്ഷികൾ നടത്തിയ ശ്രമമായിരുന്നുവെന്ന് ചിലർ ഇപ്പോൾ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ അവരുടെ ആരോപണങ്ങൾ സത്യമല്ല. തെറ്റായ വിവരങ്ങളിലും വളച്ചൊടിക്കപ്പെട്ട വസ്തുതകളിലുമാണ് അവ അടിസ്ഥാനപ്പെട്ടിരിക്കുന്നത്.
ഉദാഹരണത്തിന് വിൽമർസ്ഡോഫർ ടെന്നിഷാല്ലനിൽ സാക്ഷികൾ സ്വസ്തികാ പതാകകൾ നാട്ടിയതായി വിമർശകർ വാദിക്കുന്നു. 1933-ലെ കൺവെൻഷൻ സമയത്ത് എടുത്ത ചിത്രങ്ങൾ ഹാളിൽ സ്വസ്തികാ പതാകകൾ നാട്ടിയതിന്റെ യാതൊരു തെളിവും നൽകുന്നില്ല. അകത്ത് യാതൊരു പതാകയും ഇല്ലായിരുന്നുവെന്ന് ദൃക്സാക്ഷികൾ തറപ്പിച്ചു പറയുന്നു.
എന്നാൽ കെട്ടിടത്തിന്റെ പുറത്ത് പതാകകൾ ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുണ്ട്. ജൂൺ 21-ന്, അതായത് കൺവെൻഷനു മുമ്പത്തെ ബുധനാഴ്ച, നാസി പോർ സൈന്യം ആ ഹാൾ ഉപയോഗിച്ചിരുന്നു. കൺവെൻഷനു തൊട്ടു മുമ്പുള്ള ദിവസം യുവജന സംഘങ്ങളും എസ്എസ്-കളും (ഷുറ്റ്സ്ഷ്റ്റാഫൽ, ആദ്യം ഹിറ്റ്ലറുടെ ബ്ലാക്ക്ഷർട്ട് അംഗരക്ഷകരായിരുന്നവർ) എസ്എ-കളും മറ്റു പലരും അവിടെ അടുത്തായി ഉത്തരായനാവസാനം ആഘോഷിച്ചിരുന്നു. അതുകൊണ്ട് ഞായറാഴ്ചത്തെ കൺവെൻഷന് വന്നെത്തിയ സാക്ഷികൾക്ക് കാണാൻ കഴിഞ്ഞത് സ്വസ്തികാ പതാകകൾ നാട്ടിയ കെട്ടിടമായിരുന്നിരിക്കും.
ഹാളിനു പുറത്തോ ഇടനാഴിയിലോ അകത്തു തന്നെയോ സ്വസ്തികാ പതാകകൾ ഉണ്ടായിരുന്നെങ്കിലും സാക്ഷികൾ ഹാൾ ഉപയോഗിക്കുമായിരുന്നു. ഇന്നുപോലും യഹോവയുടെ സാക്ഷികൾ യോഗങ്ങൾക്കും കൺവെൻഷനുകൾക്കും പൊതു കെട്ടിടങ്ങൾ വാടകയ്ക്കെടുക്കുമ്പോൾ അവർ ദേശീയ ചിഹ്നങ്ങൾ നീക്കം ചെയ്യാറില്ല. എന്നാൽ സാക്ഷികൾ സ്വയമായി ഏതെങ്കിലും പതാകകൾ നാട്ടുകയോ അവയെ വന്ദിക്കുകയോ ചെയ്തതായി യാതൊരു തെളിവുമില്ല.
സാക്ഷികൾ കൺവെൻഷൻ ആരംഭിച്ചത് ജർമൻ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണെന്ന് വിമർശകർ പറയുന്നു. വാസ്തവത്തിൽ, കൺവെൻഷൻ ആരംഭിച്ചത് സാക്ഷികളുടെ മതപാട്ടുപുസ്തകത്തിലെ “സീയോന്റെ മഹത്തായ പ്രത്യാശ” എന്ന 64-ാമത്തെ ഗീതത്തോടെയാണ്. ഈ പാട്ടിന്റെ വരികൾക്ക് 1797-ൽ ജോസഫ് ഹെയ്ഡനാണ് ഈണം നൽകിയത്. 1905 മുതലെങ്കിലും ബൈബിൾ വിദ്യാർഥികളുടെ പാട്ടുപുസ്തകത്തിൽ ഗീതം 64 ഉണ്ടായിരുന്നു. 1922-ൽ ജർമൻ ഗവൺമെൻറ്, ഹോഫ്മാൻ വൊൺ ഫാലർസ്ലേബൻ രചിച്ച ഗാനത്തിന് ഹെയ്ഡന്റെ ഈ സംഗീതം നൽകുകയും അത് തങ്ങളുടെ ദേശീയ ഗാനമായി സ്വീകരിക്കുകയും ചെയ്തു. എങ്കിലും ജർമനിയിലെയും അതുപോലെ മറ്റു രാജ്യങ്ങളിലെയും ബൈബിൾ വിദ്യാർഥികൾ അപ്പോഴും ഗീതം 64 പാടിയിരുന്നു.
സീയോനെക്കുറിച്ചുള്ള ഒരു ഗീതാലാപനം നാസികളെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന് ഒരു പ്രകാരത്തിലും വ്യാഖ്യാനിക്കാൻ കഴിയുമായിരുന്നില്ല. ശേമ്യവിരുദ്ധ നാസികളുടെ സമ്മർദത്തിന് വശംവദരായി ചില സഭകൾ “യഹൂദ,” “യഹോവ,” “സീയോൻ” എന്നീ പദങ്ങൾ തങ്ങളുടെ പ്രാർഥനാ ഗീതങ്ങളിൽനിന്നും കുർബാനക്രമങ്ങളിൽനിന്നും നീക്കം ചെയ്തു. എന്നാൽ യഹോവയുടെ സാക്ഷികൾ അതു ചെയ്തില്ല. അതുകൊണ്ട് കൺവെൻഷൻ സംഘാടകർ സീയോനെ മഹത്വപ്പെടുത്തിക്കൊണ്ടുള്ള ഒരു ഗീതം ആലപിച്ചുകൊണ്ട് ഗവൺമെൻറിന്റെ പ്രീതി പിടിച്ചുപറ്റാൻ തീർച്ചയായും പ്രതീക്ഷിച്ചില്ല. ഹെയ്ഡൻ രചിച്ച ഈ ഗാനത്തിനും ജർമനിയുടെ ദേശീയ ഗീതത്തിനും ഒരേ ഈണമായിരുന്നതുകൊണ്ട് ചില സമ്മേളന പ്രതിനിധികൾ “സീയോന്റെ മഹത്തായ പ്രത്യാശ” പാടാൻ വൈമനസ്യം കാട്ടിയിരിക്കാം.
ഉദ്ദേശ്യ പ്രഖ്യാപനം
ഗവൺമെൻറ് മാറിയതുകൊണ്ടും രാജ്യം പ്രക്ഷുബ്ധാവസ്ഥയിൽ ആയിരുന്നതുകൊണ്ടും സാക്ഷികൾക്ക് തങ്ങളുടെ നിലപാടിനെക്കുറിച്ച് സുവ്യക്തമായ പ്രസ്താവന നടത്തേണ്ടതുണ്ടായിരുന്നു. യഹൂദന്മാരുമായുള്ള സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങൾ ആ “പ്രഖ്യാപന”ത്തിൽ സാക്ഷികൾ ശക്തമായി നിഷേധിച്ചു. രേഖയിൽ ഇപ്രകാരം പ്രസ്താവിച്ചിരുന്നു:
“ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് യഹൂദന്മാരിൽനിന്ന് ധനസഹായം ലഭിച്ചതായുള്ള ഞങ്ങളുടെ ശത്രുക്കളുടെ ആരോപണം തെറ്റാണ്. ഇതിൽ ഒട്ടും സത്യമില്ല. ഈ നിമിഷംവരെ ഞങ്ങളുടെ പ്രവർത്തനങ്ങൾക്കായി യഹൂദന്മാർ ഒരു ചില്ലിക്കാശു പോലും സംഭാവന ചെയ്തിട്ടില്ല.”
പണത്തെക്കുറിച്ചു പ്രതിപാദിച്ചശേഷം “പ്രഖ്യാപനം” അവിഹിതമായ വൻബിസിനസ് ഇടപാടുകളെ കുറ്റം വിധിച്ചു. അത് ഇങ്ങനെ പറഞ്ഞു: “ബ്രിട്ടീഷ് അമേരിക്കൻ സാമ്രാജ്യത്തിലെ യഹൂദ വ്യവസായികളാണ് വിവിധ രാഷ്ട്രങ്ങളിലെ ആളുകളെ ചൂഷണം ചെയ്യുന്നതിനും അടിച്ചമർത്തുന്നതിനുമായി വൻ ബിസിനസുകൾ കെട്ടിപ്പടുക്കുകയും നടത്തുകയും ചെയ്തിട്ടുള്ളത്.”
ഈ പ്രസ്താവന യഹൂദരെ ഒന്നടങ്കം വിമർശിച്ചു കൊണ്ടുള്ളത് ആയിരുന്നില്ല. ഇത് തെറ്റിദ്ധരിക്കപ്പെടുകയോ ഏതെങ്കിലും തരത്തിലുള്ള നീരസം ഉളവാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതു സങ്കടകരമാണ്. അക്കാലത്ത് ജർമൻ സഭകളിൽ പൊതുവേ പഠിപ്പിക്കപ്പെട്ടിരുന്ന യഹൂദന്മാരോടുള്ള വിദ്വേഷം യഹോവയുടെ സാക്ഷികൾക്കും ഉണ്ടായിരുന്നതായി ചിലർ പറഞ്ഞിട്ടുണ്ട്. ഇതു പച്ചക്കള്ളമാണ്. നാസി യുഗത്തിൽ തങ്ങളുടെ സാഹിത്യങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും സാക്ഷികൾ ശേമ്യവിരുദ്ധ വീക്ഷണങ്ങളെ തള്ളിക്കളയുകയും യഹൂദന്മാരോടുള്ള നാസികളുടെ ദുഷ്പെരുമാറ്റത്തെ അപലപിക്കുകയും ചെയ്തു. തടങ്കൽപ്പാളയങ്ങളിൽ തങ്ങളുടെ അതേ അവസ്ഥയിൽ കഴിഞ്ഞിരുന്ന യഹൂദന്മാരോടുള്ള അവരുടെ ദയ തീർച്ചയായും ഈ വ്യാജ ആരോപണത്തെ ശക്തമായി ഖണ്ഡിക്കുന്നു.
“പ്രഖ്യാപനം” സാക്ഷികളുടെ വേലയെ മതപരമെന്ന് നിർവചിച്ചു. അത് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സംഘടന യാതൊരു അർഥത്തിലും രാഷ്ട്രീയമല്ല. യഹോവയാം ദൈവത്തിന്റെ വചനം ആളുകളെ പഠിപ്പിക്കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശ്യം.”
“പ്രഖ്യാപനം” ഗവൺമെന്റിനെ അതിന്റെ സ്വന്തം വാഗ്ദാനങ്ങളെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു. സാക്ഷികൾ ചില ഉന്നത ആദർശങ്ങൾ ഉയർത്തിപ്പിടിച്ചു. ജർമൻ ഗവൺമെൻറ് ഇതേ ആദർശങ്ങൾ തന്നെ പൊതുജനങ്ങളുടെ മുമ്പാകെ അംഗീകരിക്കുകയുണ്ടായി. കുടുംബ മൂല്യങ്ങളും മത സ്വാതന്ത്ര്യവും ഇവയിൽ ഉൾപ്പെടുന്നു.
ഇതു സംബന്ധിച്ച് “പ്രഖ്യാപനം” ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞങ്ങളുടെ പുസ്തകങ്ങളും സാഹിത്യങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കുകയാണെങ്കിൽ ഇപ്പോഴത്തെ ദേശീയ ഗവൺമെൻറ് മുറുകെ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അതേ ഉന്നത ആദർശങ്ങളെ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ പിന്താങ്ങുകയും ഊന്നിപ്പറയുകയും ചെയ്യുന്നതായി കാണാൻ കഴിയും. അതിനുപുറമേ, ഈ ഉന്നത ആദർശങ്ങൾ തക്ക സമയത്ത് നീതി സ്നേഹികളായ എല്ലാവർക്കും ലഭിക്കുമെന്ന് യഹോവയാം ദൈവം ഉറപ്പു വരുത്തുമെന്നും അവ കാട്ടിത്തരുന്നു.”
അതുകൊണ്ട് സാക്ഷികൾ ഒരിക്കലും നാസി പാർട്ടിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതിലുപരി, മത സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ ഭാഗമായി പരസ്യമായുള്ള പ്രസംഗവേല തുടർന്നു കൊണ്ടുപോകാൻ അവർ തീരുമാനിച്ചു.—മത്തായി 24:14; 28:19, 20.
യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകം 1974-ലെ വിവരണം അനുസരിച്ച് ജർമൻകാരായ ചില സാക്ഷികൾക്ക് ആ “പ്രഖ്യാപന”ത്തിന് ഉപയോഗിച്ച ഭാഷ ആശയം കൃത്യമായി ധ്വനിപ്പിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു. ബ്രാഞ്ച് ഓഫീസിന്റെ മാനേജറായിരുന്ന പോൾ ബൽസെറെയിറ്റ് പ്രഖ്യാപനത്തിലെ ആശയത്തിൽ വെള്ളം ചേർത്തതായിരുന്നോ? ജർമൻ പാഠവും ഇംഗ്ലീഷ് പാഠവും താരതമ്യം ചെയ്തു നോക്കിയാൽ അല്ലായിരുന്നെന്നു വ്യക്തമാകും. സ്പഷ്ടമായും തെറ്റായ ആ ധാരണ, “പ്രഖ്യാപനം” തയ്യാറാക്കുന്നതിൽ നേരിട്ട് ഉൾപ്പെടാഞ്ഞ ചിലരുടെ വസ്തുനിഷ്ഠമല്ലാത്ത അഭിപ്രായങ്ങളിൽ അധിഷ്ഠിതമായിരുന്നു. വെറും രണ്ട് വർഷത്തിനു ശേഷം ബൽസെറെയ്റ്റ് തന്റെ വിശ്വാസം ത്യജിച്ചു എന്ന വസ്തുതയും അവരുടെ അനുമാനങ്ങളെ സ്വാധീനിച്ചിരിക്കണം.
ബെർളിൻ കൺവെൻഷനു തൊട്ടു മുമ്പത്തെ ദിവസം, അതായത് 1933 ജൂൺ 24 ശനിയാഴ്ച ജർമനിയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചതായി പ്രഖ്യാപിച്ചുവെന്ന് അറിവായിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷമാണ് കൺവെൻഷൻ സംഘാടകരും പൊലീസും ഈ നിരോധനത്തെക്കുറിച്ച് അറിഞ്ഞത്. സംഘർഷാവസ്ഥയ്ക്കും നാസി ഉദ്യോഗസ്ഥരുടെ പ്രത്യക്ഷമായ ശത്രുതയ്ക്കും മധ്യേ കൺവെൻഷൻ നടത്തപ്പെട്ടു എന്നതു ശ്രദ്ധേയമാണ്. ഈ കൂടിവരവിൽ പങ്കെടുത്തുകൊണ്ട് 7,000 സാക്ഷികൾ തങ്ങളുടെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തിയെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
കൺവെൻഷനെ തുടർന്ന് സാക്ഷികൾ “പ്രഖ്യാപന”ത്തിന്റെ 2 കോടി 10 ലക്ഷം പ്രതികൾ വിതരണം ചെയ്തു. ചില സാക്ഷികളെ ഉടനടി അറസ്റ്റ് ചെയ്ത് നിർബന്ധിത തൊഴിൽ പാളയങ്ങളിലേക്ക് അയച്ചു. അങ്ങനെ നാസി ഗവൺമെൻറ് അതിന്റെ അക്രമാസക്തമായ അടിച്ചമർത്തൽ സ്വഭാവം പൂർണമായി പ്രകടമാക്കുകയും താമസിയാതെ ഈ ചെറിയ കൂട്ടം ക്രിസ്ത്യാനികളുടെ നേർക്ക് തുറന്ന ആക്രമണം അഴിച്ചു വിടുകയും ചെയ്തു.
പ്രൊഫസർ ക്രിസ്റ്റീൻ കിങ് ഇപ്രകാരം എഴുതി: “മൃഗീയ ശക്തികൊണ്ട് സാക്ഷികളെ അടിച്ചമർത്താനാകില്ലെന്ന് നാസികൾ പഠിക്കേണ്ടിയിരുന്നു.” “പ്രഖ്യാപനം” പറഞ്ഞതിനു ചേർച്ചയിലായിരുന്നു അത്: “യഹോവയാം ദൈവത്തിന്റെ ശക്തി അതുല്യമാണ്. അവനെ ചെറുക്കാൻ യാതൊരു ശക്തിക്കും കഴിയില്ല.”a
[അടിക്കുറിപ്പ്]
a ഈ ചരിത്ര രേഖയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ നൽകാൻ സ്ഥല പരിമിതി മൂലം ഞങ്ങൾക്ക് കഴിയില്ല. എന്നിരുന്നാലും ആവശ്യപ്പെടുന്ന പക്ഷം പരാമർശങ്ങളുടെ പൂർണമായ പട്ടിക ഈ മാസികയുടെ പ്രസാധകർ നൽകുന്നതാണ്. മാത്രമല്ല, യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ കാസറ്റ് ഡോക്യുമെന്ററി കാണുന്നതും വിജ്ഞാനപ്രദമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കും.
[13-ാം പേജിലെ ചിത്രങ്ങൾ]
1933-ൽ ടാനിഷാല്ലെനിൽ വെച്ച് യഹോവയുടെ സാക്ഷികൾ പങ്കെടുത്ത കൺവെൻഷന്റെ യഥാർഥ ഫോട്ടോകൾ