മതം യുവജനങ്ങളിൽ എത്രത്തോളം താത്പര്യം ഉണർത്തുന്നു?
ഫ്രാൻസിലെ ഉണരുക! ലേഖകൻ
സദസ്സിലെ 7,50,000 യുവതീയുവാക്കൾക്ക് അത് അദമ്യമായ അനുഭൂതിയുടെ ഒരു സായാഹ്നമായിരുന്നു. അവർ കൊടികൾ വീശിക്കാട്ടി, പാട്ടു പാടി, ഹർഷാരവം മുഴക്കി. വർണശബളമായ കരിമരുന്നു പ്രയോഗങ്ങൾ സന്ദർഭത്തിന് കൊഴുപ്പേകി. സംഗീതജ്ഞർ ജനക്കൂട്ടത്തെ ഹരം കൊള്ളിച്ചു. ആകെപ്പാടെ “തകർപ്പൻ ഡിസ്കോ ഡാൻസ് നടക്കുന്ന” ഒരു പ്രതീതി. ഒടുവിൽ മുഖസ്തുതികളുടെ ആരവത്തിന്റെ അകമ്പടിയോടെ അവർ കാത്തിരുന്ന ആ വ്യക്തി വേദിയിലേക്കു കടന്നുവന്നു.
ഏതെങ്കിലും റോക്ക് സംഘം ലോകപര്യടനത്തിന് തുടക്കം കുറിക്കുകയാണോ? അല്ല. കത്തോലിക്കാ ലോക യുവജന ദിനങ്ങളിലെ ഒരു കൂടിവരവായിരുന്നു അത്. ആ വ്യക്തിയാകട്ടെ, ജോൺ പോൾ രണ്ടാമൻ പാപ്പായും!
ചിലരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള മതപരമായ ഉത്സവങ്ങളിൽ യുവജനങ്ങൾക്കുള്ള താത്പര്യം വിചിത്രമായി തോന്നിയേക്കാം. എന്നാൽ യുവജനങ്ങൾക്കിടയിലെ ഒരു മത പുനരുജ്ജീവനത്തെക്കുറിച്ച് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.
ബാഹ്യഭാവങ്ങൾ
പുറമേ നോക്കിയാൽ മതം തഴച്ചു വളരുന്നതായി തോന്നും. യൂറോപ്പിലെ യുവജനങ്ങളിൽ 68 ശതമാനം തങ്ങൾ ഒരു മതത്തിൽ ഉൾപ്പെടുന്നതായി പറയുന്നു. അയർലൻഡിലെ യുവജനങ്ങളിൽ 90 ശതമാനവും ഇങ്ങനെ അവകാശപ്പെടുന്നുണ്ട്. മുൻ സോവിയറ്റ് റിപ്പബ്ലിക്കായ അർമേനിയയിൽ ഒരു കാലത്ത് പലരും മതത്തെ കഴിഞ്ഞുപോയ ഒരു യുഗത്തിന്റെ അവശിഷ്ടമായിട്ടാണ് കണക്കാക്കിയിരുന്നത്. ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്നതും എന്നാൽ ഇപ്പോൾ തിങ്ങിനിറഞ്ഞിരിക്കുന്നതുമായ പള്ളികളെപ്പറ്റി അവിടത്തെ ഒരു പുരോഹിതൻ പറയുന്നത് ഇങ്ങനെയാണ്: “മതം ഇളം തലമുറയെ ഇത്രമാത്രം ആകർഷിക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു.”
ഭക്തിപ്രസ്ഥാനങ്ങളിലും കരിസ്മാറ്റിക്ക് സംഘങ്ങളിലും യുവജനങ്ങൾ ഉൾപ്പെടുന്നതായി ഒട്ടേറെ രാജ്യങ്ങളിലെ മാധ്യമങ്ങൾ പരക്കെ പരസ്യപ്പെടുത്തിയിട്ടുണ്ട്. ആരംഭത്തിൽ പ്രതിപാദിച്ചതുപോലുള്ള മതപരമായ ഉത്സവങ്ങൾ പരക്കെ അറിയപ്പെടുന്നവയാണ്. എന്നാൽ നമ്മൾ പുറന്തോടു പൊളിച്ചാൽ എന്തായിരിക്കും കാണുക?
അടുത്തു പരിശോധിക്കൽ
അടുത്തു പരിശോധിക്കുകയാണെങ്കിൽ, 1967-ൽ ഫ്രഞ്ച് യുവജനങ്ങളിൽ 81 ശതമാനം ദൈവത്തിൽ വിശ്വസിച്ചിരുന്നതായി വെളിപ്പെടും. എന്നാൽ 1997-ൽ ഈ ശതമാനം പകുതിയിൽ കുറവായിരുന്നു. യൂറോപ്പിലൊട്ടാകെയുള്ള യുവജനങ്ങളിൽ 28 ശതമാനം മാത്രമേ വ്യക്തിഗുണമുള്ള ദൈവത്തിൽ വിശ്വസിക്കുന്നുള്ളൂ. യൂറോപ്പിലെ യുവജനങ്ങളിൽ 12 ശതമാനം മാത്രമേ കൂടെക്കൂടെ പ്രാർഥിക്കാറുള്ളൂ എന്നതിൽ അതിശയിക്കാനില്ല. യുവജനങ്ങൾ മതത്തെ വീക്ഷിക്കുന്ന വിധത്തെ ഇത് എങ്ങനെയാണ് പ്രതിഫലിപ്പിക്കുന്നത്?
ഡെന്മാർക്കിലെ യുവജനങ്ങളിൽ 90 ശതമാനം തങ്ങൾ ദേശീയ സഭയിലെ അംഗങ്ങളാണെന്ന് പറയുന്നു. എന്നാൽ 3 ശതമാനം മാത്രമേ തങ്ങളെത്തന്നെ ആ മതത്തിലെ സജീവ അംഗങ്ങളായി വിശേഷിപ്പിക്കുന്നുള്ളൂ. ഫ്രാൻസിലെ ഒരു കത്തോലിക്കാ വർത്തമാനപത്രമായ ലാ ക്രവാ 1997-ൽ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച് ഫ്രഞ്ച് യുവജനങ്ങളിൽ 70 ശതമാനവും മതം തങ്ങളുടെ ജീവിതത്തിൽ യഥാർഥത്തിൽ യാതൊരു പങ്കും വഹിക്കുന്നില്ലെന്ന് സമ്മതിച്ചു. അവരിൽ മുക്കാൽ ഭാഗവും ഒരു മതത്തിന്റെ പഠിപ്പിക്കലുകളെക്കാൾ പ്രാധാന്യം നൽകിയത് വ്യക്തിപരമായ അനുഭവങ്ങൾക്കായിരുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും അവസ്ഥ ഇതുതന്നെ.
യുവജനങ്ങൾ സഭകളിൽനിന്ന് അകന്നു പോകുന്നത് എന്തുകൊണ്ടാണ്? അവരിൽ മിക്കവരെയും സംബന്ധിച്ചിടത്തോളം മുഖ്യധാരാ മതങ്ങൾ ആത്മവിശ്വാസം പകരുന്നില്ല. ഉദാഹരണത്തിന് ഫ്രാൻസിൽ, യുവജനങ്ങളുടെ ഭൂരിഭാഗവും ലോകത്തിൽ ഭിന്നതയുണ്ടാക്കുന്ന ഒരു ഘടകമാണ് മതം എന്ന് കരുതുന്നു. സ്പെയിനിലെ ഒരു കത്തോലിക്കാ വിശ്വാസിയായ 15 വയസ്സുകാരി ജൂഡിത്തിന്റേതിനോടു സമാനമായ വീക്ഷണഗതിയുള്ള യുവജനങ്ങളെ കണ്ടെത്താൻ പ്രയാസമില്ല. അവൾ പറഞ്ഞു: “ധാർമികതയെക്കുറിച്ച് സഭ പറയുന്ന കാര്യത്തോട് എനിക്കു യോജിപ്പില്ല.” അതുപോലെ തായ്വാനിലെ 20 വയസ്സുകാരനായ ജോസഫ് മതത്തെ “അങ്ങേയറ്റം പാരമ്പര്യബദ്ധ”മായ ഒരു സംഗതിയായി കരുതുന്നു. മിക്ക യുവജനങ്ങളും സ്വന്തം മതത്തിന്റെ പഠിപ്പിക്കലുകളോട് യോജിക്കുന്നില്ലെങ്കിൽ പിന്നെ അവർ എന്തിലാണ് വിശ്വസിക്കുന്നത്?
അഭിരുചിക്കൊത്തുള്ള മതം തിരഞ്ഞെടുക്കൽ
ഒരു മെനു നോക്കി ഭക്ഷണസാധനങ്ങൾ തിരഞ്ഞെടുക്കുന്നതു പോലെയാണ് യുവജനങ്ങൾ ഇപ്പോൾ പൊതുവേ മത വിശ്വാസങ്ങൾ തിരഞ്ഞെടുക്കുന്നത്. “അഭിരുചിക്കൊത്തു തിരഞ്ഞെടുക്കുന്ന” മതം എന്നാണ് ഒരു മാസിക അതിനെ വിളിക്കുന്നത്. ഒരു കത്തോലിക്കാ മാസിക അതിനെ “മതപരമായ വിൻഡോ ഷോപ്പിങ്” എന്നു വിശേഷിപ്പിക്കുന്നു. പഴഞ്ചനായിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇപ്പോൾ ആളുകൾക്ക് ഒരു ഹരമായി മാറിയിരിക്കുന്നു. അങ്ങനെ യൂറോപ്പിൽ യുവജനങ്ങളുടെ 33 ശതമാനം ഏലസ്സുകളിൽ വിശ്വസിക്കുന്നു, ഭാവി കഥനക്കാർക്ക് ഭാവിയെക്കുറിച്ചു പ്രവചിക്കാനാകുമെന്ന് 40 ശതമാനം വിശ്വസിക്കുന്നു, നക്ഷത്രങ്ങൾ ആളുകളുടെ ജീവിതത്തെ ബാധിക്കുന്നതായി 27 ശതമാനം വിശ്വസിക്കുന്നു. പുനരവതാരം പോലുള്ള ആശയങ്ങൾ ഇപ്പോൾ യൂറോപ്പിലെ പല യുവജനങ്ങളുടെയും വിശ്വാസത്തിന്റെ ഭാഗമാണ്.
യുവജനങ്ങൾക്ക് തങ്ങളുടെ അഭിരുചിക്കൊത്ത് തിരഞ്ഞെടുക്കാവുന്ന വിധം വിവിധതരം മതവിശ്വാസങ്ങളുണ്ട്. ഒരു മതത്തിൽ മാത്രമേ സത്യമുള്ളൂ എന്നു വിശ്വസിക്കുന്ന അധികം പേരുണ്ടെന്നു തോന്നുന്നില്ല. യുവജനങ്ങൾ തങ്ങളുടെ ഇഷ്ടപ്രകാരം മതങ്ങൾ തിരഞ്ഞെടുക്കുന്നതുകൊണ്ട് അവരുടെ മതവിശ്വാസങ്ങൾ തമ്മിലുള്ള വ്യത്യാസം കുറഞ്ഞു വരികയാണ്. അതുകൊണ്ട് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ മുൻ ആചാരങ്ങളുടെ “ക്രമാനുഗതമായ തുടച്ചുനീക്ക”ലിനെക്കുറിച്ച് അല്ലെങ്കിൽ “പൊതുവായ ദ്രവീകരണത്തെ” കുറിച്ചു സംസാരിക്കുന്നു. ഈ ആത്മീയ പരിസ്ഥിതിയിൽ പരമ്പരാഗതമായ മതങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?
യുവജനങ്ങൾക്കു വേണ്ടിയുള്ള മതങ്ങളുടെ അന്വേഷണം
യുവജനങ്ങളെ ആകർഷിക്കുന്നത് ഒരു വെല്ലുവിളിയായി മതങ്ങൾ കണ്ടെത്തുന്നു. പാരീസിൽ നടന്ന കത്തോലിക്കാ ലോക യുവജന ദിനോത്സവത്തിൽ പങ്കെടുത്ത കൂട്ടത്തെ കണ്ട് ഫ്രഞ്ചുകാരനായ ഒരു പുരോഹിതൻ ചോദിച്ചു: “ഇത്രമാത്രം യുവജനങ്ങൾ എവിടെനിന്നാണ് ഒഴുകിയെത്തിയത്? എന്റെ പള്ളികളിൽ യുവാക്കളില്ല. ഞാൻ അവരെ ഒരിക്കലും കണ്ടിട്ടില്ല.” യുവജനങ്ങളെ കണ്ടെത്താനും അവരുടെ ശ്രദ്ധ പിടിച്ചു നിർത്താനും വേണ്ടി കത്തോലിക്കാ സഭ അതിന്റെ അവതരണത്തിനും പ്രതിച്ഛായയ്ക്കും മാറ്റം വരുത്തേണ്ടി വന്നിരിക്കുന്നു.
“സഭ അതിന്റെ രീതിക്ക് മാറ്റം വരുത്തുന്നു!” ല ഫിഗാറൊ എന്ന ഫ്രഞ്ച് പത്രം പ്രസ്താവിച്ചു. പാരീസിലെ 12-ാം ലോക യുവജന ദിനോത്സവത്തിന് കാര്യപരിപാടികളുടെ മേൽനോട്ടം വഹിക്കാൻ റോക്ക് സംഗീതക്കച്ചേരികൾ സംഘടിപ്പിച്ച് പരിചയമുള്ള ഏജൻസികളെ നിയമിച്ചു. 100 രാജ്യങ്ങളിൽനിന്നുള്ള യുവജനങ്ങളെ വിനോദിപ്പിക്കുന്നതിനായി 300-ലധികം പ്രദർശനങ്ങൾ നടത്തി. വൈദികന്മാർക്ക് പ്രത്യേകം ഡിസൈൻ ചെയ്ത വേഷഭൂഷാദികൾ ഉണ്ടായിരുന്നു.
ഇന്നത്തെ യുവജനങ്ങളെ മനസ്സിലാക്കാൻ ആകാത്തതുകൊണ്ടും അവരുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നതുകൊണ്ടും പല മതങ്ങളും എല്ലാ വിശ്വാസങ്ങളും സ്വീകരിക്കുന്ന ഒരു അവസ്ഥയിലാണ്. ഈ നയം, പാരീസിലെ ലോക യുവജന ദിനോത്സവത്തിന്റെ സംഘാടകനായ മീഷെൽ ഡ്യീബോ എന്ന വൈദികന്റെ പിൻവരുന്ന വാക്കുകളിൽ പ്രകടമാണ്: “മാമ്മോദീസാ സ്വീകരിച്ച ഏവരും ക്രിസ്തുവിനോടു വിശ്വസ്തരായിരിക്കാൻ തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അങ്ങനെയല്ലെങ്കിലും സഭയിൽ അവർക്ക് സ്ഥാനമുണ്ട്.”
ഉത്തരങ്ങൾക്കു വേണ്ടിയുള്ള യുവജനങ്ങളുടെ അന്വേഷണം
ഉത്തരങ്ങൾക്കു വേണ്ടിയുള്ള യുവജനങ്ങളുടെ അന്വേഷണം തീർച്ചയായും യഥാർഥമാണെന്ന് വിശേഷവത്കരിച്ചുകൊണ്ട്, ഒരു വർത്തമാനപത്രം പാരീസിലെ മതോത്സവത്തിൽ യുവജനങ്ങളുടെ പങ്കെടുക്കൽ “വിശ്വാസത്തിനു വേണ്ടിയുള്ള ഒരു മുറവിളിയായിരുന്നു അല്ലാതെ വിശ്വാസ പ്രകടനമായിരുന്നില്ല” എന്ന് വിശേഷിപ്പിക്കുന്നു. ആ മുറവിളിക്ക് കത്തോലിക്കാ സഭ ഉത്തരം നൽകിയോ?
ആ പുറന്തോടു പൊളിക്കുകയും വലിയ മതോത്സവങ്ങളുടെ “ദൃഷ്ടി ഭ്രമം” എന്ന് ഒരു കത്തോലിക്കാ വർത്തമാനപത്രം വിശേഷിപ്പിക്കുന്നതിനെ അടുത്തു പരിശോധിക്കുകയും ചെയ്യുന്നെങ്കിൽ എന്തായിരിക്കും കാണുക? അകം “വെറും പൊള്ള”യാണെന്ന് ഫ്രഞ്ച് വർത്തമാനപത്രമായ ലാ മോണ്ട് അഭിപ്രായപ്പെടുന്നു.
വിളമ്പുന്ന വിധം പ്രധാനമാണെങ്കിലും ആഹാരം പോഷകസമ്പന്നമായിരിക്കണം. ജീവിതത്തിന്റെ അർഥത്തെക്കുറിച്ചുള്ള യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് ആത്മീയമായി പോഷിപ്പിക്കുന്ന ഉത്തരങ്ങൾ ആവശ്യമാണ്. ആകർഷകമെങ്കിലും കഴമ്പില്ലാത്ത മറുപടികൾ യുവജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല.
കഴമ്പില്ലാത്ത അത്തരം മത ചടങ്ങുകൾ ഇന്ന് യുവജനങ്ങളുടെമേൽ എന്തെങ്കിലും നിലനിൽക്കുന്ന പ്രഭാവം ചെലുത്തുന്നുണ്ടോ? ഫ്രഞ്ച് സാമൂഹ്യ ശാസ്ത്രജ്ഞനായ ഡൻയെൽ എർവ്യീ-ലാഷേ അഭിപ്രായപ്പെട്ടു: “കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രകടനങ്ങൾ നിലനിൽക്കുന്ന സാമൂഹിക ഫലങ്ങൾ വളർത്തിയെടുക്കാൻ സാധ്യതയൊന്നുമില്ല.” അങ്ങനെയെങ്കിൽ യുവജനങ്ങൾക്ക് തങ്ങളുടെ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരങ്ങൾ എവിടെ കണ്ടെത്താനാകും?
തൃപ്തികരമായ ഉത്തരങ്ങൾ
1997-ൽ ലെ പ്വാൺ എന്ന മാസിക യുവജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷമതകളെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. യുവജനങ്ങൾ സാധാരണമായി ചോദിക്കാറുള്ള, ജീവിതത്തിന്റെ അർഥം സംബന്ധിച്ച ചോദ്യങ്ങൾക്കു പുറമേ അവർക്ക് കുറ്റകൃത്യത്തെയും അക്രമത്തെയും കൈകാര്യം ചെയ്യുകയും വേണം. ഇതെല്ലാം മറികടക്കാൻ സാധ്യമാണോ? മാഗസിനിലെ ലേഖനം ഇപ്രകാരം വിവരിച്ചു: “മദ്യവും മയക്കുമരുന്നും അക്രമപ്രവർത്തനങ്ങളും തന്റെ ആരോഗ്യത്തെ എത്രമാത്രം കാർന്നു തിന്നുന്നുണ്ടെന്ന് മുപ്പതാം വയസ്സിൽ ഡേവിഡ് ആകുലപ്പെടാൻ തുടങ്ങി. സ്വഭാവശുദ്ധി എങ്ങനെ കൈവരിക്കാമെന്നുള്ള അവന്റെ ചോദ്യങ്ങൾക്ക് ഉത്തരവുമായി യഹോവയുടെ സാക്ഷികൾ അവന്റെ വാതിൽക്കൽ മുട്ടി. അവൻ പഠിച്ചു. അവൻ പരിവർത്തനം വരുത്തി. ചൂതാട്ടം മൂലം വരുത്തിവെച്ച കടങ്ങളെല്ലാം അവൻ വീട്ടി. പോക്കർ കളിയുടെ സമയത്ത് തങ്ങൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയാഞ്ഞ ആളുകൾക്കു പോലും അവൻ പണം തിരികെ കൊടുത്തു. പുകവലിയും മദ്യപാനവും വഴക്കുമൊക്കെ അവൻ പാടേ നിർത്തി.”
യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിച്ചിരുന്ന മറ്റു യുവജനങ്ങളെക്കുറിച്ച് ലേഖനം ഇപ്രകാരം തുടർന്നു പറഞ്ഞു: “തങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അവർ കണ്ടെത്തിയിരിക്കുന്നു.” ഒരു യുവസാക്ഷി അതിനെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: “ബൈബിൾ കഴിഞ്ഞ രണ്ടായിരം വർഷമായി സത്യം പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മാർഗനിർദേശത്തിനായി ഞാൻ എന്തിന് മറ്റെവിടെയെങ്കിലും പോകണം?”
ദൈവവചനത്തിൽ യുവജനങ്ങൾക്കു വേണ്ടിയുള്ള ഒരു സന്ദേശം അടങ്ങിയിരിക്കുന്നു. അതിലെ പ്രായോഗിക ഉപദേശങ്ങൾ ഇന്നത്തെ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുന്നുവെന്നു മാത്രമല്ല, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഭാവിയിൽ വിശ്വസിക്കാൻ വേണ്ട ഉറച്ച അടിസ്ഥാനം നൽകുകയും ചെയ്യുന്നു. നിരന്തരം മാറ്റം വന്നുകൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ ബൈബിൾ പ്രദാനം ചെയ്യുന്ന പ്രത്യാശ, ‘ആത്മാവിന് ഒരു നങ്കൂരം ആണ്; അതു നിശ്ചയവും സ്ഥിരവും ആകുന്നു.’ അത് സ്ഥിരതയും ആശ്വാസവും നൽകുന്നു. (എബ്രായർ 6:19) യഹോവയുടെ സാക്ഷികളുമൊത്ത് വ്യക്തിപരമായി ബൈബിൾ പഠിക്കുന്നതിലൂടെ ലക്ഷക്കണക്കിനു യുവജനങ്ങൾ തങ്ങളുടെ ജീവിതത്തിന് യഥാർഥ അർഥം കണ്ടെത്തിയിരിക്കുന്നു. ബൈബിൾ കൂടുതൽ ആഴത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നത് എങ്ങനെയെന്ന് അവർ സ്വയം തിരിച്ചറിഞ്ഞിരിക്കുന്നു. ബൈബിളിന്റെ ഉത്തരങ്ങൾ സ്വീകരിക്കുകവഴി യഥാർഥ വിശ്വാസത്തിനു വേണ്ടിയുള്ള തങ്ങളുടെ അന്വേഷണത്തിന് പ്രതിഫലം ലഭിച്ചിരിക്കുന്നതായി യുവജനങ്ങൾ കണ്ടെത്തുന്നു.
[12-ാം പേജിലെ ചിത്രം]
പാരീസിലെ ആയിരക്കണക്കിന് യുവജനങ്ങളെ മതോത്സവം ആകർഷിക്കുന്നു
[13-ാം പേജിലെ ചിത്രം]
പാരീസിലെ ലോക യുവജന ദിനങ്ങൾ—ഒരു യഥാർഥ മത പുനരുജ്ജീവനമോ?